Prabodhanm Weekly

Pages

Search

2022 ജൂലൈ 29

3261

1443 ദുല്‍ഹജ്ജ് 30

നയിക്കുന്നത്  ഇസ്രായേലായിരിക്കും 

അലി ഹുസൈന്‍ ബാകീര്‍

ഇസ്രായേല്‍ അറബ് രാഷ്ട്രങ്ങളുമായുള്ള അതിന്റെ ബന്ധങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, യുദ്ധത്തില്‍ പരാജയപ്പെട്ട ശേഷം ഇസ്രായേലുമായി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാന്‍ ചില അറബ് രാഷ്ട്രങ്ങള്‍ നിര്‍ബന്ധിതമായിരുന്നു. വീണ്ടും യുദ്ധം ചെയ്യാനുള്ള കോപ്പോ ഒരു ബദല്‍ സ്ട്രാറ്റജിയോ കൈവശമില്ലാത്തതിനാല്‍ ഇതല്ലാതെ അവര്‍ക്ക് മുമ്പില്‍ മറ്റൊരു മാര്‍ഗമില്ലായിരുന്നു. എന്നാലിന്ന് ഇത്തരം നിര്‍ബന്ധിതാവസ്ഥകളൊന്നുമില്ലാതെ ചില അറബ് രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. എന്നാല്‍, തങ്ങള്‍ മുന്നോട്ടുവെച്ച ഉപാധികള്‍ പാലിച്ചാലല്ലാതെ ഇസ്രായേലുമായി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കില്ലെന്ന് ഈ രാഷ്ട്രങ്ങളൊക്കെ തീരുമാനമെടുത്തതുമാണ്. സമാധാനത്തിന് പകരമായി ഇസ്രായേല്‍ ഭൂമി വിട്ടുകൊടുക്കുക എന്നതാണ് ആ തീരുമാനം. 2002-ലെ ബൈറൂത്ത് ഉച്ചകോടിയില്‍ അന്നത്തെ സുഊദി രാജാവ് അബ്ദുല്ലയാണ് ഈ ആശയം മുന്നോട്ടു വെച്ചത്. എല്ലാ അറബ് രാഷ്ട്രങ്ങളും അത് അംഗീകരിക്കുകയും ചെയ്തു.
എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നു? അതിന്റെ മറുപടി മാത്രം പറയാം: ഇസ്രായേല്‍ മുമ്പത്തെക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണിപ്പോള്‍; അറബ് രാഷ്ട്രങ്ങള്‍ മുമ്പത്തെക്കാള്‍ മോശപ്പെട്ട അവസ്ഥയിലും. നിലവിലുള്ള അറബ് ഭരണകൂടങ്ങള്‍ക്ക് ആന്തരികമായി അവയുടെ നിയമാനുസൃതത്വവും ജനസമ്മതിയും നഷ്ടമായിരിക്കുന്നു. അതിനാല്‍, കഴിയുന്നത്ര കാലം അധികാരത്തില്‍ തുടരുക എന്ന അജണ്ട മാത്രമേ ഭരണാധികാരികള്‍ക്ക് മുമ്പിലുള്ളൂ. ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികളില്‍ നിന്ന് അപ്പോള്‍ ജനത്തെ ആരു സംരക്ഷിക്കും എന്ന ചോദ്യത്തിന് ഉത്തരമില്ല. അറബ് വസന്തത്തോടെ ഈ നിയമാനുസൃതത്വ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. ആഭ്യന്തര സ്ഥിതിഗതികള്‍ മോശമായതിനെത്തുടര്‍ന്നുള്ള പ്രതികരണമായിരുന്നല്ലോ ആ പ്രക്ഷോഭങ്ങള്‍. ചില ഭരണകൂടങ്ങള്‍ അതുമായി പൊരുത്തപ്പെടുകയും ചില മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തു. മിക്ക ഭരണകൂടങ്ങളും ആ ജനകീയ മുന്നേറ്റങ്ങളെ ചെറുക്കുകയും അട്ടിമറിക്കുകയുമാണുണ്ടായത്.
മേഖലയില്‍ വിപ്ലവ ഭീഷണി തല്‍ക്കാലത്തേക്ക് ഒഴിഞ്ഞുപോയെങ്കിലും, ഭരണകൂടം നിയമാനുസൃതമാണോ എന്ന ചോദ്യം മുമ്പത്തെക്കാളേറെ ശക്തമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുയര്‍ത്തുന്ന ഭീതിക്ക് ഇപ്പോള്‍ ഏക സമാശ്വാസം പുറം സഹായം മാത്രമാണ്. അല്ലെങ്കില്‍ പുറംനാടുകളില്‍ നിന്ന്, പ്രത്യേകിച്ച് അമേരിക്കയില്‍ നിന്ന് വാങ്ങിച്ചെടുക്കുന്ന 'നിയമാനുസൃതത്വം' ആണ്. പക്ഷേ, ഒബാമയുടെ കാലം മുതല്‍ അമേരിക്കന്‍ വിദേശ നയത്തില്‍ കാര്യമായ വ്യതിയാനമുണ്ടായി. പശ്ചിമേഷ്യയെ വിട്ട്, ചൈനയെ പ്രതിരോധിക്കുന്നതിലായി അവരുടെ കാര്യമായ ഊന്നല്‍. അറബ് ഭരണകൂടങ്ങളെ സംരക്ഷിക്കുക എന്നത് വാഷിംഗ്ടണിന്റെ മുഖ്യ അജണ്ടയല്ലാതായി. എന്ത് വില കൊടുത്താണെങ്കിലും ഇറാനുമായി താന്‍ ആണവക്കരാറുണ്ടാക്കുമെന്ന വ്യക്തിപരമായ നിലപാടുമായി ഒബാമ മുന്നോട്ടു പോവുകയും ചെയ്തു. ഇറാനുമായി കരാറുണ്ടാക്കാന്‍ അമേരിക്ക ഗള്‍ഫ് നാടുകളെ കൈയൊഴിയുന്നു എന്ന പ്രതീതിയാണ് ഇത് സൃഷ്ടിച്ചത്. മാത്രമല്ല ഒബാമയും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ മറ്റുള്ളവരും അറേബ്യന്‍ ഭരണകൂടങ്ങളെ ഒരു തരം പുഛത്തോടെയാണ് കണ്ടിരുന്നത്. അവയൊക്കെ വാഷിംഗ്ടണിന് ഒരു 'ഭാരം' ആണെന്ന് കരുതുകയും ചെയ്തു. ഈ ഭരണകൂടങ്ങളെ ഒബാമ ഒരു അഭിമുഖത്തില്‍ 'വണ്ടിയില്‍ ഓസിക്ക് കയറുന്നവര്‍' എന്നു വരെ പരിഹസിച്ചിരുന്നു.
ട്രംപ് വന്നപ്പോഴും ഈ അമേരിക്കന്‍ നിലപാടിന് മാറ്റമുണ്ടായില്ല. ഈ ഭരണകൂടങ്ങളെ, പ്രത്യേകിച്ച് സുഊദി അറേബ്യയെ പൊതു ചടങ്ങുകളില്‍ വരെ നേര്‍ക്കുനേരെ പേരെടുത്തു പറഞ്ഞ് കൊച്ചാക്കാനുള്ള ശ്രമവുമുണ്ടായി. ഈ അറബ് ഭരണകൂടങ്ങള്‍  അമേരിക്കയിലേക്ക് തുറക്കാനുള്ള താക്കോലായി കണ്ടത് ഇസ്രായേലിനെയാണ്. അറബ് ഭരണകൂടങ്ങള്‍ അമേരിക്കയുമായി സുഖത്തിലല്ലെന്ന് മനസ്സിലാക്കിയ ഇസ്രായേല്‍, അമേരിക്കയുടെ ഇഷ്ടവും 'നിയമാനുസൃതത്വ'വും നേടിത്തരാന്‍ തങ്ങള്‍ ഇടനില നില്‍ക്കാമെന്ന് അവര്‍ക്ക് വാക്ക് കൊടുത്തു. അതിന് പകരമായി തങ്ങളുമായുള്ള ബന്ധങ്ങള്‍ നോര്‍മലാക്കണമെന്നും ഇസ്രായേല്‍ വ്യവസ്ഥ വെച്ചു. ഇതാണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്! 'ഇറാന്‍ ഭീഷണിക്കെതിരെ സുരക്ഷാ സഖ്യം' എന്ന പുകമറ സൃഷ്ടിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നു മാത്രം.
ഒരു ചോദ്യം ഇവിടെ ഉത്ഭവിക്കുന്നുണ്ട്: ഇങ്ങനെയൊരു സുരക്ഷാ സഖ്യമുണ്ടാക്കിയിട്ട് ഈ ഭരണകൂടങ്ങള്‍ക്ക് എന്തെങ്കിലുമൊരു ഭീഷണി വന്നാല്‍ ഇസ്രായേല്‍ സഹായിക്കുമോ? ഇല്ല എന്നും അതെ എന്നുമാണ് ഒരേസമയത്തെ ഉത്തരം. ഈ ഭരണകൂടങ്ങളെ സംരക്ഷിക്കാന്‍ ഇസ്രായേല്‍ ഒന്നും ചെയ്യില്ല എന്നു പറയാന്‍ കാരണം, ഇസ്രായേല്‍ ഈ സുരക്ഷാ സഖ്യം കൊണ്ട് ഉദ്ദേശിക്കുന്നത് അവരുടെ സുരക്ഷയല്ല, സ്വന്തം സുരക്ഷയാണ് എന്നതാണ്. അതേസമയം തന്നെ ഈ ഭരണകൂടങ്ങള്‍ നിലനില്‍ക്കാന്‍ വേണ്ടതെല്ലാം ഇസ്രായേല്‍ ചെയ്യാതിരിക്കുകയുമില്ല. കാരണം, അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഈ ഭരണകൂടങ്ങള്‍ നിലനിന്നേ മതിയാവൂ. അങ്ങനെയൊരു നിലപാടെടുക്കാന്‍ ഇസ്രായേല്‍ അമേരിക്കയെ സമ്മര്‍ദത്തിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യും. ഈജിപ്തിലെ സംഭവ വികാസങ്ങള്‍ ഇതിന് മതിയായ തെളിവാണ്. പക്ഷേ, ഇസ്രായേല്‍ ഇങ്ങനെ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം ആ ഭരണകൂടങ്ങള്‍ തകര്‍ന്നു വീഴാതിരിക്കുകയൊന്നുമില്ല. ഇസ്രായേലിന്റെ നിലപാട് ആ തകര്‍ച്ചക്ക് ആക്കം കൂട്ടിയെന്നും വരാം.
ചിലര്‍ ചോദിക്കാറുണ്ട്: ഇസ്രായേലുമായി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കിയാല്‍ എന്താണ് കുഴപ്പം? തുര്‍ക്കിയെ പോലുള്ള രാജ്യങ്ങളും അതു തന്നെയല്ലേ ചെയ്യുന്നത്? പല കാരണങ്ങളാല്‍ ഈ താരതമ്യം തെറ്റിദ്ധാരണകളുണ്ടാക്കുന്നതും വഴി തെറ്റിക്കുന്നതുമാണ്. തുര്‍ക്കി ഒരിക്കലും രഹസ്യമായി ഇസ്രായേലുമായി ബന്ധങ്ങള്‍ ഉണ്ടാക്കുകയോ എന്നിട്ടതിന് കൃത്യമല്ലാത്ത ന്യായങ്ങള്‍ ചമക്കുകയോ ചെയ്യുന്നില്ല. തുര്‍ക്കി ഇസ്രായേലുമായി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുന്നത് ഇസ്രായേലില്‍ നിന്നേറ്റ സൈനിക പരാജയത്തിന്റെ പശ്ചാത്തലത്തിലുമല്ല. ഭരണകൂടത്തിന് ആഭ്യന്തരമായി 'നിയമാനുസൃതത്വം' നഷ്ടപ്പെട്ടതു കൊണ്ടുമല്ല. ഈ നിലകളിലെല്ലാം തുല്യ ശക്തി എന്ന പരിഗണനയിലേ ഇസ്രായേലിന് തുര്‍ക്കിയെ കാണാന്‍ കഴിയൂ. ബന്ധം നോര്‍മലാക്കുമ്പോഴും തുര്‍ക്കിക്ക് പാശ്ചാത്യ സഹായവും ആയുധങ്ങളും  മേഖലയില്‍  മേധാവിത്വവും കിട്ടാതിരിക്കാന്‍ ഇസ്രായേല്‍ കിണഞ്ഞു ശ്രമിക്കുന്നത് അതുകൊണ്ടാണ്.
ഇനി അറബ് ഭരണകൂടങ്ങളുടെ കാര്യം നോക്കൂ: അവ ഒന്നും ഉല്‍പ്പാദിപ്പിക്കുന്നില്ല; കയറ്റി അയക്കുന്നുമില്ല. തിന്നുന്നത് സ്വന്തം നിലക്ക് കൃഷി ചെയ്തിട്ടല്ല. സ്വയം പ്രതിരോധത്തിന് ഒരു ഉപകരണവും അവക്ക് ഉണ്ടാക്കാനറിയില്ല. ജനസമ്മതിയോ നിയമാനുസൃതത്വമോ ഇല്ല. ആയതിനാല്‍, തുര്‍ക്കിയെപ്പോലെ ഇവക്ക് ഒരു നിലക്കും ഇസ്രായേലിന് കിടനില്‍ക്കാനാവില്ല. സംഭവിക്കുന്നത് ഇതു മാത്രം: ഈ ഭരണകൂടങ്ങള്‍ നല്‍കുന്ന സൗജന്യ തുറവിയിലൂടെ ഫലസ്ത്വീനികളെ ഒറ്റപ്പെടുത്താന്‍ ഇസ്രായേലിന് സാധിക്കുന്നു. ഇരു രാഷ്ട്ര തിയറി എന്ന ബാധ്യതയില്‍ നിന്ന് അവര്‍ക്ക് അങ്ങനെ തടിയൂരാം. മേഖലയില്‍ തങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ മേധാവിത്വം ഉറപ്പിക്കാം. പെട്രോളിന്റെ പങ്ക് പറ്റാം. തങ്ങളുടെ ആയുധങ്ങളും മറ്റു നിരീക്ഷണ ഉപകരണങ്ങളും ഈ ഭരണകൂടങ്ങള്‍ക്ക് വില്‍പ്പന നടത്താം. ഇസ്‌ലാമിക ലോകത്ത് ഒറ്റപ്പെടല്‍ മാറ്റിയെടുക്കാം. കാര്യങ്ങള്‍ ഇങ്ങനെയാണ് പോകുന്നതെങ്കില്‍ അതിന്റെ നേതൃത്വവും ഇസ്രായേലിന് ആയിരിക്കുമല്ലോ. ഒരു ചോദ്യം കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം: എങ്ങോട്ട്? ആരുടെ ചെലവില്‍? 
(ഖത്തറിലെ ഇബ്‌നു ഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷകനാണ് ലേഖകന്‍)

 

 

ബുര്‍ഹാനും കുരുട്ടു വിദ്യകളും 

ജഅ്ഫര്‍ അബ്ബാസ്


സുഡാനിലെ  അബ്ദുല്‍ ഫത്താഹ് ബുര്‍ഹാന്‍, സുഡാന്‍ പ്രസിസന്റ് ഉമറുല്‍ ബശീറിനെ പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തിന് ശേഷം രൂപപ്പെട്ട അരക്ഷിതാവസ്ഥയെ ശരിക്കും ചൂഷണം ചെയ്യുകയായിരുന്നു. ആദ്യം അയാള്‍ ഭരണ സമിതിയുടെ തലവനും പിന്നെ സര്‍വ സൈന്യാധിപനുമായി ചുമതലയേറ്റു. ജനകീയ പ്രക്ഷോഭത്തില്‍ ബുര്‍ഹാന്ന് ഒരു പങ്കും ഉണ്ടായിരുന്നില്ല. എന്നല്ല, തുടര്‍ന്നുള്ള ജനകീയ സമരങ്ങളെ കൊന്നും അടിച്ചൊതുക്കിയും തടവിലിട്ടും അയാള്‍ രക്തത്തില്‍ കുളിപ്പിക്കുകയും ചെയ്തു. ജനകീയ ഭരണം വേണമെന്ന ആവശ്യത്തോട് അയാള്‍ മുഖം തിരിച്ചിട്ടേയുള്ളൂ. പക്ഷേ, ജനകീയ സമ്മര്‍ദം തടുക്കാനാവാതെ വന്നപ്പോള്‍ ഒരു സിവില്‍ ഭരണകൂടത്തിന് അനുമതി കൊടുക്കേണ്ടി വന്നു. ഒപ്പം സകല മണ്ഡലങ്ങളിലും ആ ജനകീയ ഭരണം പരാജയമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇയാളും കൂടെയുള്ള ജനറല്‍മാരും ചെയ്യാവുന്നതൊക്കെ ചെയ്തു. ക്ഷമ നശിച്ച ബുര്‍ഹാന്‍ 2021 ഒക്ടോബര്‍ 25-ന് സിവില്‍ ഭരണകൂടത്തെ മറിച്ചിട്ടു.
സൈനിക തലവനെന്ന നിലക്ക് താന്‍ ഭരണകൂടത്തെ പിരിച്ചുവിടുന്നതും മന്ത്രിമാരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുന്നതും പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവരെ വെടിവെച്ചിടുന്നതും തീരുമാനങ്ങളൊക്കെ താനൊറ്റക്ക് തന്നെ എടുക്കുന്നതും സൈനിക അട്ടിമറിയല്ല എന്നാണ് ബുര്‍ഹാന്‍ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. കഴിഞ്ഞ ജൂണ്‍ 30-ന്, ഒരു ജനകീയ സംവിധാനത്തിന് അധികാരം കൈമാറുമെന്ന പ്രതീക്ഷ അയാള്‍ അവശേഷിപ്പിക്കുകയും ചെയ്തു. വാക്ക് പാലിക്കാതായപ്പോള്‍ രാഷ്ട്രീയ, ഭരണഘടനാ തലങ്ങളില്‍ ബുര്‍ഹാന്‍ തുടരുന്നതിനെതിരെയുള്ള പ്രക്ഷോഭ സുനാമി സുഡാനിലെ 47 നഗരങ്ങളെ ഇളക്കിമറിച്ചു. ഇനി ബുര്‍ഹാനുമായി ചര്‍ച്ചയില്ലെന്നും പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചു. അയാളും സൈനിക സംഘവും രാഷ്ട്രീയത്തില്‍ നിന്ന് പുറത്തുകടന്ന് ബാരക്കുകളിലേക്ക് തിരിച്ചുപോകണമെന്നാണ് ജനങ്ങളുടെ ആവശ്യം. ബുര്‍ഹാനെ ഏറ്റവും ഭയപ്പെടുത്തിയ കാര്യം, ദാര്‍ഫോര്‍ മേഖല മുഴുവന്‍ പട്ടാള ഭരണത്തിനെതിരെ രംഗത്തുവന്നു എന്നതാണ്. തന്റെ ഭരണത്തിന് ജനകീയ മുഖം നല്‍കാന്‍ ദാര്‍ഫോറിലെ നേതാക്കളെ അയാള്‍ ഭരണ സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തന്നെക്കാള്‍ ജനങ്ങളില്‍ നിന്ന് അകന്നവരാണ് ആ നേതാക്കളെന്ന് ഈ പ്രക്ഷോഭത്തോടെ ബുര്‍ഹാന് മനസ്സിലായിട്ടുണ്ട്.
തെരുവില്‍ പ്രക്ഷോഭകരെ കൊല്ലുക, എന്നിട്ട് ആ രക്തസാക്ഷികളുടെ ജനാസയെ അനുഗമിച്ചു കണ്ണീരൊഴുക്കുക പോലുള്ള നാടകങ്ങളാണ് ബുര്‍ഹാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജൂലൈ നാലിന് സൈന്യം പറഞ്ഞത്, സിവില്‍ ഭരണം രൂപകല്‍പ്പന ചെയ്യുന്നതില്‍ തങ്ങള്‍ ഇടപെടുകയേ ഇല്ലെന്നാണ്. എല്ലാം ജനകീയ രാഷ്ട്രീയ കൂട്ടായ്മകളെ ഏല്‍പ്പിക്കും. ഇത് സൈനിക ഭരണം പരാജയമാണെന്ന ഏറ്റുപറച്ചിലാണ്. ഭരണത്തില്‍ സൈന്യത്തിന്റെ ഒരു തരത്തിലുള്ള പങ്കാളിത്തവും ജനം ആഗ്രഹിക്കുന്നില്ല എന്ന് ജനറല്‍മാര്‍ മനസ്സിലാക്കിയിട്ടുമുണ്ട്. പക്ഷേ, ഉമറുല്‍ ബശീര്‍ പുറത്താക്കപ്പെട്ടതിനു ശേഷം പലതരത്തില്‍ അധികാരം തന്നിലേക്കൊതുക്കുകയും എന്നിട്ട്  കളവുകള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചു പോരുകയുമാണ് ബുര്‍ഹാന്‍. സൈനിക ഹെഡ്ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ സിവില്‍ ഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരെ താന്‍ ഒന്നും ചെയ്യില്ല എന്ന് ബുര്‍ഹാന്‍ പ്രഖ്യാപിച്ചിരുന്നു. പിന്നെ കാണുന്നത് വലിയൊരു സൈനിക വ്യൂഹം വന്ന് പ്രക്ഷോഭകരെ വകവരുത്തുന്നതാണ്.
രാഷ്ട്രീയ ഉദ്ബുദ്ധതയോ ഉള്‍ക്കാഴ്ച്ചയോ ഇല്ലാത്ത ഈ അബ്ദുല്‍ ഫത്താഹ് ഈജിപ്തിലെ അബ്ദുല്‍ ഫത്താഹി(സീസി)നെപ്പോലെ ജനങ്ങളെ കൊച്ചാക്കിയും പുഛത്തോടെയും കാണുകയാണ്. സീസിയെപ്പോലെ ഇയാളും ഒരു സൈനിക കൗണ്‍സില്‍ ഉണ്ടാക്കിയിട്ടുണ്ട്. രാഷ്ട്രത്തിന്റെ അധികാരവും സമ്പത്തുമെല്ലാം അതിന്റെ കീഴിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ആഭ്യന്തര സുരക്ഷ, നീതിന്യായം, പൊതുഭരണം, രാജ്യ രക്ഷ ഒക്കെ അതിന്റെ കീഴില്‍. സെന്‍ട്രല്‍ ബാങ്കിനെയും അതിന്റെ വരുതിയിലേക്ക് കൊണ്ടുവരുന്നു (സുഡാന്റെ സാമ്പത്തിക സ്രോതസ്സുകളില്‍ 80 ശതമാനവും ബുര്‍ഹാന്റെ സൈന്യം പിടിയിലൊതുക്കിയിരിക്കുന്നു എന്നോര്‍ക്കുക). ഉമറുല്‍ ബശീറിന്റെ പതനശേഷം 2019 ഏപ്രില്‍ മുതല്‍ 2019 ആഗസ്റ്റ് വരെ ഭരണം സൈന്യത്തിന്റെ മാത്രം പിടിയിലായിരുന്നപ്പോള്‍ വ്യോമയാനം, വാര്‍ത്താ വിനിമയം എന്നീ വകുപ്പുകളും സൈന്യത്തിന് കീഴിലാക്കിയിരുന്നു. അതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജല വിതരണവും തീരദേശ കാര്യവും പ്രതിരോധ വകുപ്പിന് കീഴിലാക്കി (റഷ്യക്ക് ഒരു സൈനിക കേന്ദ്രവും യു.എ.ഇക്ക് ചെങ്കടല്‍ തീരത്ത് പുതിയൊരു തുറമുഖവും നിര്‍മിക്കാന്‍ അനുവാദവും നല്‍കിയിട്ടുണ്ട്).
പൊതുവ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി ജനകീയ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും അതൊരു അലങ്കാരം മാത്രമാണ്. ഈ സമിതിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ചു പേരെ പുറത്താക്കിയത് അവരെ അപമാനിക്കുന്ന വിധത്തിലാണ്. പുറത്താക്കിയ വിവരം ഓഫീസിലെ ക്ലര്‍ക്കുമാര്‍ വിളിച്ചുപറയുകയായിരുന്നുവത്രെ! എന്നിട്ടും മധുര ഭാഷണത്തിന് ഒരു കുറവുമില്ല. കഴിഞ്ഞ ജൂലൈ നാലിന് ഇയാള്‍ പറഞ്ഞത്, അധികാരത്തോട് താന്‍ തീര്‍ത്തും വിരക്തനാണ് എന്നായിരുന്നു. ഇങ്ങനെയൊക്കെ വര്‍ത്തമാനം പറഞ്ഞാല്‍ തന്റെ മനസ്സിലിരിപ്പ് ജനം മനസ്സിലാക്കില്ല എന്നാണോ ഇയാള്‍ കരുതിയിരിക്കുന്നത്? പേരിനെങ്കിലുമുള്ള സിവില്‍ ഭരണ സംവിധാനത്തെ പല വിധത്തില്‍ തടസ്സപ്പെടുത്താനാണ് ബുര്‍ഹാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ജനത്തോട് ഇങ്ങനെ പറയാമല്ലോ: ഞങ്ങള്‍ സിവില്‍ ഭരണത്തിന് അവസരം കൊടുത്തു. കണ്ടില്ലേ, അവരത് നഷ്ടപ്പെടുത്തി. ഇനി അടുത്ത തെരഞ്ഞെടുപ്പ് വരെ സൈന്യം കാര്യങ്ങള്‍ നോക്കുകയല്ലാതെ നിവൃത്തിയില്ല!
ബുര്‍ഹാന്‍ സൈന്യത്തിന്റെ കൈകാര്യം ഏല്‍പ്പിച്ചിരിക്കുന്നത് പ്രാഗത്ഭ്യവും പരിചയവുമുള്ള സൈനികരെ തഴഞ്ഞ്, കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കുന്ന മുഹമ്മദ് ഹമദാന്‍ ദഖ്‌ലു എന്ന 'ഹമീദത്തീ'യെ ആണ്. അയാളെയും അയാളുടെ സൈനിക ദളത്തെയും മിലിട്ടറി കൗണ്‍സിലില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം വ്യവസ്ഥാപിത സുഡാനി സൈന്യത്തോടുള്ള അവഹേളനമാണ്. 
(സുഡാനി എഴുത്തുകാരനും കോളമിസ്റ്റുമാണ് ലേഖകന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-45-47
ടി.കെ ഉബൈദ്‌

ഹദീസ്‌

ജീവിതത്തെ മനോഹരമാക്കുന്ന ഊഷ്മള ബന്ധങ്ങള്‍
സി.കെ മൊയ്തു, മസ്‌ക്കറ്റ്