എം.കെ കുഞ്ഞുമൊയ്തീന്‍
ആറ് പതിറ്റാണ്ട് കാലം പ്രസ്ഥാന വഴിയില്‍ സഞ്ചരിച്ച് നമ്മോട് വിടപറഞ്ഞ വ്യക്തിത്വമാണ് മാടവന-അത്താണിയിലെ എം.കെ കുഞ്ഞുമൊയ്തീന്‍ എന്ന മന്തുരുത്തി കുഞ്ഞീന്‍ ഇക്ക. കൊടുങ്ങല്ലൂര്‍ പ്രാദേശിക ജമാഅത്ത് അംഗമായ അദ്ദേഹം പ്രസ്ഥാന വ്യാപനത്തിന് വേണ്ടിയാണ് ആയുസ്സിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചത്. ഔപചാരിക വിദ്യാഭ്യാസം അധികം നേടനായില്ലെങ്കിലും ജനങ്ങളോട് ഇടപെടുവാനും ആരുടെ മുമ്പിലും പ്രസ്ഥാനത്തെ പരിചയപ്പെടുത്തുവാനുമുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 1950-60 കാലത്ത് ജോലിയാവശ്യാര്‍ഥം തൃശൂരില്‍ താമസിക്കുമ്പോള്‍ കൊക്കാലെ മസ്ജിദിനടുത്ത് ചെറുപ്പക്കാരെ സംഘടിപ്പിച്ച് ക്ലാസുകള്‍ നടത്തുകയും ഐ.പി.എച്ച് സാഹിത്യങ്ങള്‍ വായനക്ക് നല്‍കുകയും ചെയ്തിരുന്നു. തൃശൂരിലെ പി.കെ റഹീം സാഹിബ് പ്രസ്ഥാനത്തിലേക്ക് കടന്നുവരാന്‍ നിമിത്തമായത് കുഞ്ഞീന്‍ക്ക അദ്ദേഹത്തിന് വായിക്കാന്‍ നല്‍കിയ ഇസ്‌ലാമും ജാഹിലിയ്യത്തും എന്ന പുസ്തകമാണെന്നത് അധികമാര്‍ക്കും അറിയില്ല. കര്‍ണാടകയുടെ പല ഭാഗങ്ങളിലും കച്ചവടം നടത്തിയിരുന്നപ്പോള്‍ അവിടങ്ങളിലൊക്കെ പ്രസ്ഥാനത്തിന് അനുഭാവികളെ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഐ.ആര്‍.ഡബ്ല്യു രൂപീകരിച്ച ഘട്ടത്തില്‍ തന്നെ അദ്ദേഹം അതില്‍ അംഗമായി. വാര്‍ധക്യസഹജമായ രോഗപീഡകള്‍ ഉള്ളപ്പോഴും ചെറുപ്പക്കാരന്റെ ആവേശത്തോടെ കര്‍മരംഗത്തുണ്ടായിരുന്നു. ജമാഅത്തിന്റെ അഖിലേന്ത്യാ സമ്മേളനങ്ങളിലും സംസ്ഥാന സമ്മേളനങ്ങളിലും ആവേശപൂര്‍വം പങ്കെടുത്തു. സംസ്ഥാന സമ്മേളനങ്ങളില്‍ അധികവും കാവല്‍ വകുപ്പിലാണ് വളണ്ടിയര്‍ സേവനമനുഷ്ഠിച്ചത്. ഉദാരമതികളില്‍നിന്ന് സംഭാവനകള്‍ സ്വീകരിച്ച് അവശരെയും അഗതികളെയും സഹായിക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. മാടവന ബദരിയ്യ മഹല്ല് ജമാഅത്ത്, നുസ്രത്തുല്‍ മുസ്‌ലിമീന്‍ മയ്യിത്ത് പരിപാലനസംഘം, ഐ.എം.ടി ട്രസ്റ്റ്, അത്താണി ടൗണ്‍ മസ്ജിദ്, മേത്തല പറമ്പിക്കുളം മസ്ജിദ് എന്നിവയുടെ ഭാരവാഹിയായിരുന്നു. പുല്ലൂറ്റ്, ചാപ്പാറ, വലിയ പണിക്കന്‍ തുരുത്ത് പ്രദേശങ്ങളില്‍ ഹല്‍ഖ രൂപീകരിക്കുന്നതിന് പരിശ്രമിച്ചിരുന്നു.
ആണ്‍മക്കള്‍ പ്രസ്ഥാനത്തിന്റെ ഗുണകാംക്ഷികളും ഏക മകള്‍ ഫസീല ജമാഅത്ത് അംഗവുമാണ്. മാധ്യമം ഫീല്‍ഡ് സ്റ്റാഫ് സഈദ് ജാമാതാവാണ്.
നഫീസ എടവനക്കാട്
എറണാകുളം ജില്ലയിലെ എടവനക്കാട് കൊല്ലിയില്‍ അലിക്കുഞ്ഞിയുടെ ഭാര്യ നഫീസ (60) അല്ലാഹുവിലേക്ക് യാത്രയായി. രിയാദിലെ അല്‍ റാജിഹി ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന പ്രിയതമനോടൊപ്പം സുഊദി അറേബ്യയിലെ പ്രവാസജീവിതത്തില്‍ അദ്ദേഹത്തിന്റെ പ്രസ്ഥാന ജീവിതത്തിലെ താങ്ങായിരുന്നു അവര്‍. യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് വന്ന അവര്‍ക്ക് അലിക്കുഞ്ഞി സാഹിബിലൂടെ പ്രസ്ഥാനത്തെ അടുത്തറിയാനും അതിന്റെ ഭാഗമാവാനും സാധിച്ചു.
1988-ല്‍ നഫീസത്താ രിയാദില്‍ വന്നത് മുതല്‍ എനിക്ക് അവരെ അടുത്തറിയാം. ആരുമായും പെട്ടെന്ന് തന്നെ അവര്‍ സൗഹൃദത്തിലാവും. വശ്യമായ പെരുമാറ്റവും സേവന സന്നദ്ധതയും അവരുടെ പ്രത്യേകതകളായിരുന്നു. രിയാദിലെ ബത്വ്ഹയില്‍ താമസിച്ചിരുന്ന ഈ ദമ്പതികളുടെ വീട് ഒഴിവ് ദിവസങ്ങളില്‍ ഷോപ്പിംഗിനും മറ്റും വരുന്ന പല കുടുംബങ്ങള്‍ക്കും പിഞ്ചുകുഞ്ഞുങ്ങളെ ഏല്‍പിച്ചു പോകാനുള്ള താവളമായിരുന്നു.
മക്കളെ ദീനീ തല്‍പരരായി വളര്‍ത്തുന്നതിലും പ്രസ്ഥാന മാര്‍ഗത്തില്‍ ചേര്‍ത്തു നിര്‍ത്തുന്നതിലും സഹോദരി കാണിച്ച ശുഷ്‌കാന്തി മഹനീയമാണ്. സ്വന്തം മകന്‍ നല്‍കിയ കിഡ്‌നിയുമായി പത്ത് വര്‍ഷത്തോളം പല രോഗങ്ങളോടും മല്ലിട്ട് തന്നെയാണ് മുന്നോട്ടു പോയത്. ഖുര്‍ആന്‍, പഠന പാരായണത്തിലും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുന്നതിലും അവര്‍ കാണിച്ച ശ്രദ്ധ അനുകരണീയമാണ്.
രിയാദില്‍ എത്തിയ അലിക്കുഞ്ഞ് സാഹിബ് കുടുംബത്തെ പ്രസ്ഥാനവുമായി ചേര്‍ത്തുനിര്‍ത്തി. പ്രസ്ഥാന സംഗമങ്ങളിലെല്ലാം നിത്യസാന്നിധ്യമായിരുന്നു നഫീസത്തായും കുടുംബവും.
ദീനീ അറിവാര്‍ജിക്കാനും അറിഞ്ഞവ മറ്റുള്ളവര്‍ക്ക് കൈമാറാനുമുള്ള അവരുടെ ഉത്സാഹം ഏവര്‍ക്കും പ്രചോദനമാണ്. അതിന് ഉത്തമ ഉദാഹരണമാണ് വാട്ട്‌സ് ആപ് ഗ്രൂപ്പുകളില്‍ അവര്‍ ഇടുന്ന പോസ്റ്റുകള്‍.
അങ്ങും ഇങ്ങുമുള്ള സഹോദരിമാരെ കൂട്ടിയിണക്കുന്ന ഞങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും സജീവ അംഗവും കൂടിയായിരുന്നു അവര്‍.
മക്കള്‍: നാസ്‌നീന്‍, സല്‍മാന്‍, സാബിഖ്, റയ്യാന്‍.
നജ്മ അബ്ദുല്‍ വഹാബ്,
ഫാറൂഖ് കോളേജ്
പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
Comments