Prabodhanm Weekly

Pages

Search

2022 ജൂലൈ 29

3261

1443 ദുല്‍ഹജ്ജ് 30

മുഹമ്മദ്  ബൂസ്ദാഗ് പ്രതിഭാശാലിയായ  ടര്‍ക്കിഷ്  സംവിധായകന്‍

മുഹമ്മദ് മുഖ്താര്‍ ശന്‍ഖീത്വി

ദിരിലിസ് എര്‍തുറുള്‍ (എര്‍തുറുള്‍ ഉയര്‍ന്നേല്‍പ്പ്), കുര്‍ലുസ് ഉസ്മാന്‍ (സ്ഥാപകന്‍ ഉസ്മാന്‍) തുടങ്ങിയ പ്രശസ്ത ടര്‍ക്കിഷ് ചരിത്ര സീരിയലുകളുടെ തിരക്കഥാകൃത്തും സംവിധായകനുമായ മുഹമ്മദ് ബൂസ്ദാഗിന്റെ ക്ഷണം ലഭിക്കുകയുണ്ടായി എനിക്ക് രണ്ടാഴ്ച മുമ്പ്. ഈ ചെറുപ്പക്കാരനെ ഒരു ടര്‍ക്കിഷ് പ്രതിഭ എന്ന് തന്നെ ഞാന്‍ വിശേഷിപ്പിക്കട്ടെ. ദശലക്ഷക്കണക്കിന് പ്രേക്ഷകരുടെ മനസ്സില്‍ സ്വന്തം കൈയൊപ്പ് ചാര്‍ത്തിയ സംവിധായകന്‍. ഇസ് ലാമിനെക്കുറിച്ചും അതിന്റെ സംസ്‌കൃതിയെക്കുറിച്ചും പ്രേക്ഷകമനസ്സില്‍ ഈ സീരിയലുകള്‍ സൃഷ്ടിക്കുന്ന അഭിമാനബോധം പലരും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഉസ്മാനിയാ സാമ്രാജ്യത്തിന്റെ തായ്‌വേരുകളില്‍ നിന്നാണ് ഈ രണ്ട് കഥകളും അദ്ദേഹം കണ്ടെടുക്കുന്നത്. വേറെയും ചരിത്ര സീരിയലുകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 'മെന്‍ദര്‍മാന്‍ ജലാലുദ്ദീന്‍' ആണ് അതിലൊന്ന്. ഉസ്‌ബെകിസ്താന്‍ ഗവണ്‍മെന്റിന്റെ ധനസഹായത്തോടെ നിര്‍മിച്ച ഈ ചരിത്ര സീരിയലില്‍, മധ്യേഷ്യയില്‍ മംഗോളിയന്‍ കൊടുങ്കാറ്റില്‍ തകര്‍ന്നുപോയ ഖുവാറസ്മി ഭരണകൂടത്തിന്റെ അവസാന നാളുകളാണ് ചിത്രീകരിക്കുന്നത്. 'യൂനുസ് എംറ' ആ പേരിലുള്ള ഒരു ടര്‍ക്കിഷ് സ്വൂഫി കവി (1238-1328) യുടെ കഥ പറയുന്നു. 'കൂത്തുല്‍ ഇമാരെ' ഇറാഖിലെ 'കൂത്ത്' നഗരത്തില്‍ വെച്ച് ഉസ്മാനികള്‍ ബ്രിട്ടീഷ് സൈന്യത്തെ ഉപരോധിച്ച് കീഴ്‌പ്പെടുത്തിയ സംഭവത്തിന്റെ ആവിഷ്‌കാരമാണ്.
ഇസ്തംബൂള്‍ പ്രാന്തത്തിലുള്ള കാടുകളില്‍ മുഹമ്മദ് ബൂസ്ദാഗ് പഴയ ചരിത്രനഗരങ്ങളുടെയും എടുപ്പുകളുടെയും മറ്റും കൂറ്റന്‍ സെറ്റുകള്‍ നിര്‍മിച്ചുവെച്ചിട്ടുണ്ട്. ചരിത്ര സീരിയലുകള്‍ ആ സെറ്റുകളിലാണ് ചിത്രീകരിക്കുക. തുര്‍ക്കി ഗോത്രങ്ങളുടെ ടെന്റുകള്‍, മംഗോള്‍ സൈനിക ആസ്ഥാനങ്ങള്‍, കുരിശ് സൈനികരുടെ കോട്ടകള്‍ ഇവയുടെയൊക്കെ സെറ്റുകള്‍ കാണാം. എര്‍തുറുൡന്റെയും ഉസ്മാന്റെയും ടെന്റുകളിലും 'അല്‍കായി' ഗോത്രപരിസരങ്ങളിലും സല്‍ജൂഖി-ഖവാറസ്മി കോട്ടകളിലും (എല്ലാം സെറ്റുകള്‍) ഞാന്‍ ചുറ്റി നടന്നു. അത് ചരിത്രത്തിലേക്കുള്ള ഒരു മാസ്മരിക യാത്ര തന്നെയായിരുന്നു. 'സുന്നി-ശീഈ ബന്ധങ്ങളില്‍ കുരിശു യുദ്ധങ്ങളുണ്ടാക്കിയ സ്വാധീനം' എന്ന ചരിത്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തെ ആസ്പദിച്ചുള്ള എന്റെ പുസ്തകം താന്‍ ശ്രദ്ധയോടെ വായിച്ചുവെന്നും അത് തന്റെ എഴുത്തിന് ദിശാബോധം നല്‍കിയെന്നും ബൂസ്ദാഗ് പറഞ്ഞപ്പോള്‍ അത് എന്നെ വളരെയേറെ സന്തോഷിപ്പിച്ചു.
ഉസ്മാനി ഭരണ സ്ഥാപകന്‍ ഉസ്മാന്റെ 'കായി' ഗോത്ര ടെന്റുകളാണ് സെറ്റുകളില്‍ ഏറ്റവും ആകര്‍ഷകം. അതിന്റെ മൗലികതയും സ്വാഭാവിക നൈര്‍മല്യവും എന്നെ ഭാവനയുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എനിക്കും ഒരു ബദവി പശ്ചാത്തലമുള്ളതു കൊണ്ടാവാം ഈ ആകര്‍ഷണം. സുലൈമാന്‍ ഷായുടെ 'നേതാവിന്റെ തമ്പ്' പ്രത്യേകതകളുള്ളതാണ്. മകന്‍ എര്‍തുറുളും പൗത്രന്‍ ഉസ്മാനും അവിടെയാണ് വളരുന്നത്. അവിടെ തൂക്കിയിട്ട പഴയ വാളുകള്‍ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതാദരങ്ങളോടെ, ചരിത്രത്തില്‍ ചിരപ്രതിഷ്ഠരായ നമ്മുടെ പൂര്‍വികരെ ഓര്‍ത്തു. മനസ്സും ഭാവനയും ഹിജ്‌റ ആറും ഏഴും നൂറ്റാണ്ടുകളില്‍ ജീവിച്ച ഇസ്‌ലാമിക സമൂഹങ്ങളിലേക്ക് പാറിപ്പറന്നു. അതൊരു ജീവന്‍മരണ പോരാട്ടമായിരുന്നു. കിഴക്ക്‌നിന്ന് മംഗോളുകള്‍, പടിഞ്ഞാറ്‌നിന്ന് കുരിശ് സൈനികര്‍, പിന്നെ അകത്ത് തന്നെയുള്ള നിരവധി ഒറ്റുകാര്‍... എല്ലാം സങ്കല്‍പിച്ചുനോക്കി.
എല്ലാം നടന്നു കണ്ടതിന് ശേഷം ഞാന്‍ ഈ ചരിത്ര ഡ്രാമകളുടെ കര്‍ത്താവായ മുഹമ്മദ് ബൂസ്ദാഗിനൊപ്പമിരുന്നു. അദ്ദേഹം തന്റെ കാഴ്ചപ്പാടുകളും വലിയ വലിയ ആഗ്രഹങ്ങളും പങ്ക് വെച്ചു. നമ്മുടെ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സാംസ്‌കാരിക യുദ്ധങ്ങളെക്കുറിച്ച് അദ്ദേഹം ആഴത്തില്‍ പഠിച്ചിട്ടുണ്ട്. തന്റെ സര്‍ഗാത്മക പ്രതിഭയിലൂടെ ഇസ്‌ലാമിക സംസ്‌കൃതിയെയും മൂല്യങ്ങളെയും ലോകദൃശ്യാവിഷ്‌കാര മണ്ഡലത്തില്‍ ഉയര്‍ന്ന സ്ഥാനത്ത് തന്നെ പ്രതിഷ്ഠിക്കുമെന്ന നിശ്ചയദാര്‍ഢ്യം ആ വാക്കുകളില്‍ മുഴങ്ങുന്നുണ്ടായിരുന്നു. സ്വന്തം സാംസ്‌കാരിക സ്വത്വത്തില്‍ അഭിമാന പുളകിതനുമാണ് അദ്ദേഹം. ആ ഒരു ആത്മവിശ്വാസത്തില്‍ നിന്നാണല്ലോ ഇത്തരം സര്‍ഗസൃഷ്ടികള്‍ ജന്‍മം കൊള്ളുന്നത്. അപ്പോള്‍ ഞാന്‍ ഓര്‍ത്തത് മഹാകവി അല്ലാമാ ഇഖ്ബാലിന്റെ വാക്കുകള്‍: ''കവിതയുടെ പച്ചപ്പിനോട് ഏറ്റുമുട്ടാന്‍ തര്‍ക്കശാസ്ത്രത്തിന്റെ വരണ്ടുണക്കത്തിന് പ്രാപ്തിയില്ല.''
മുഹമ്മദ് ബൂസ്ദാഗ് പാശ്ചാത്യ കലാ അക്കാദമികളില്‍ പഠിക്കുകയോ അവിടെനിന്ന് ബിരുദമെടുക്കുകയോ ചെയ്തിട്ടില്ല. ടര്‍ക്കിഷ് ഭാഷ മാത്രമേ അദ്ദേഹം സംസാരിക്കൂ. തുര്‍ക്കിയിലെ സ്വഖാരിയ യൂനിവേഴ്‌സിറ്റിയില്‍നിന്നാണ് ബിരുദമെടുത്തത്. അതും സാമൂഹിക ശാസ്ത്രത്തില്‍. പിന്നെയാണ് തന്റെ സമൂഹത്തിന്റെ ദീര്‍ഘ ചരിത്രത്തെ പ്രമേയമാക്കി ഇത്തരം കലാവിഷ്‌കാരങ്ങളിലേക്ക് തിരിയുന്നത്. പൈതൃകത്തോടുള്ള ഇഷ്ടവും കൂറും നമുക്കവിടെ കാണാം. പാശ്ചാത്യരില്‍ ഭ്രമിച്ചു പോയിരുന്നെങ്കില്‍ വ്യതിരിക്തമായ യാതൊന്നും അദ്ദേഹത്തിന് സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ അദ്ദേഹത്തെ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. എര്‍തുറുള്‍ പരമ്പരയെക്കുറിച്ച് ഒരിക്കല്‍ ഉര്‍ദുഗാന്‍ പറഞ്ഞു: ''തുര്‍ക്കി ജനതയെയും അവരുടെ കഴിവുകളെയും വില കുറച്ച് കാണുന്നവര്‍ക്കുള്ള മറുപടിയാണിത്.''
ദിരിലീസ് എര്‍തുറുള്‍, കുര്‍ലുസ് ഉസ്മാന്‍ സീരിയലുകള്‍ വലിയൊരു സാംസ്‌കാരിക വിപ്ലവം തന്നെ സൃഷ്ടിച്ചുവെന്ന് പറയുന്നത് അതിശയോക്തിയല്ല. എര്‍തുറുള്‍ 25 ഭാഷകളിലേക്കാണ് വിവര്‍ത്തനം ചെയ്യപ്പെട്ടത്. എണ്‍പതിലധികം രാജ്യങ്ങളിലെ ടെലിവിഷന്‍ ചാനലുകള്‍ അത് സംപ്രേഷണവും ചെയ്തു. ബില്യന്‍ കണക്കിനാണ് യുട്യൂബില്‍ അതിന്റെ റേറ്റിംഗ്. ഈ കലാസൃഷ്ടികള്‍ ആധാരമാക്കിയ ചരിത്ര ഘട്ടങ്ങളില്‍ അന്നത്തെ ഇസ്‌ലാമിക സമൂഹം നേരിട്ട വെല്ലുവിളികളോട് സദൃശമാണ് ഇന്ന് മുസ്‌ലിം ലോകം നേരിടുന്ന വെല്ലുവിളികള്‍. അതുകൊണ്ട് തന്നെയാവാം അറബ് നാടുകളിലും ആഫ്രിക്കയിലും തെക്കനേഷ്യയിലും മധ്യേഷ്യയിലുമൊക്കെ അതിന് ദശലക്ഷക്കണക്കിന് പ്രേക്ഷകരുണ്ടായത്.
പാക് എഴുത്തുകാരി ഫാത്വിമ ഭൂട്ടോ 'ഫോറിന്‍ പോളിസി' (2020 സെപ്റ്റംബര്‍) യില്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് 'തുര്‍ക്കിയുടെ സോഫ്റ്റ് പവര്‍ പാകിസ്താനെ എങ്ങനെ കടന്നാക്രമിക്കുന്നു' എന്നാണ്. 'നെറ്റ്ഫ്‌ളിക്‌സി'ല്‍ രേഖപ്പെടുത്തിയ എര്‍തുറുളിന്റെ മൂന്ന് ബില്യന്‍ പ്രേക്ഷകരില്‍ നാലിലൊന്നും പാകിസ്താനില്‍ നിന്നാണെന്ന് അവര്‍ എഴുതുന്നു. ഇത്തരത്തില്‍ ചരിത്ര ഡ്രാമകള്‍ സൃഷ്ടിച്ചുകൊണ്ട് തുര്‍ക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാംസ്‌കാരിക യുദ്ധത്തില്‍ വിജയം നേടുമെന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.
മുഹമ്മദ് ബൂസ്ദാഗിന്റെ പ്രശസ്തി മുസ്‌ലിം ലോകവും കടന്ന് ലാറ്റിനമേരിക്കയില്‍ വരെ എത്തിയിരിക്കുന്നു. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും തന്റെ ഉടമസ്ഥതയിലുള്ള ബൂസ്ദാഗ് ഫിലിം കമ്പനിയോട് വെന്‍സ്വേലന്‍ ഇതിഹാസ നായകന്‍ സൈമണ്‍ ബൊളിവറെ (1783-1830)ക്കുറിച്ച് ഒരു ചരിത്ര സീരിയല്‍ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടുവെന്നും മുഹമ്മദ് ബൂസ്ദാഗ് വെളിപ്പെടുത്തുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-45-47
ടി.കെ ഉബൈദ്‌

ഹദീസ്‌

ജീവിതത്തെ മനോഹരമാക്കുന്ന ഊഷ്മള ബന്ധങ്ങള്‍
സി.കെ മൊയ്തു, മസ്‌ക്കറ്റ്