Prabodhanm Weekly

Pages

Search

2022 ജൂണ്‍ 24

3257

1443 ദുല്‍ഖഅദ് 24

പുതിയ മാനങ്ങള്‍ ക@െത്തിയ പ്രസ്ഥാന പ്രവര്‍ത്തകന്‍

എ.ആര്‍, ടി.കെ ഉബൈദ്

അമ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഥവാ 1964 ജൂണില്‍ പ്രബോധനത്തില്‍ സഹപത്രാധിപര്‍ ട്രെയ്‌നിയായി ഞാന്‍ പത്രപ്രവര്‍ത്തന രംഗത്തേക്ക് കാല്‍ വെച്ചതില്‍ പിന്നെ അധിക നാള്‍ കഴിയും മുമ്പേ ആരംഭിച്ചതാണ്, 2022 ജൂണ്‍ അഞ്ചിന് നിര്യാതനായ എം.എ അഹ്മദ് കുട്ടി സാഹിബുമായുള്ള ബന്ധം. പ്രസിദ്ധമായ കൊയപ്പെത്തൊടി കുടുംബാംഗമായ തന്റെ മാതാവിന്റെ നാടായ വാഴക്കാട്ട് മേച്ചേരി വീട്ടില്‍ 1928-ല്‍ ജനിച്ച അഹ്മദ് കുട്ടി വാഴക്കാട് ഗവ. സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും പിന്നീട് പ്രസിദ്ധമായ ദാറുല്‍ ഉലൂമില്‍ മതപഠനവും നടത്തി; 1949-ല്‍ കോഴിക്കോട് സെന്റ് ജോസഫ് യൂറോപ്യന്‍  ഹൈസ്‌കൂളില്‍നിന്ന് പത്താം തരവും പാസ്സായി. തുടര്‍ന്ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഗണിത ശാസ്ത്രത്തില്‍ ഡിഗ്രി ക്ലാസ്സില്‍ ചേര്‍ന്നെങ്കിലും ബാപ്പ കൊയിലാണ്ടി തിക്കോടിയിലെ മുസ്‌ലിയാരകത്ത് ഹംസ മുസ്‌ലിയാരുടെ മരണം മൂലം കോളേജ് പഠനം മുഴുമിക്കാനായില്ല. 1952-'53  കാലത്ത് മദിരാശിയിലെ ഒരു കമ്പനിയില്‍ ജോലിക്കാരനായി ചേര്‍ന്ന എം.എ, അക്കാലത്ത് മുസ്‌ലിം ലീഗ് നേതാവും പാര്‍ലമെന്റംഗവുമായിരുന്ന ബി. പോക്കര്‍ സാഹിബുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ജോലി ആവശ്യാര്‍ഥം കാസര്‍കോട്ടേക്ക് മാറേണ്ടിവന്ന അദ്ദേഹം ഒരു മരക്കമ്പനിയില്‍ ജീവനക്കാരനും പിന്നീടതിന്റെ പാര്‍ട്ണറുമായി മാറിയ ശേഷം അമ്പതുകളുടെ അവസാനത്തില്‍ വാഴക്കാട്ടേക്ക് മടങ്ങി; ടി.സി മമ്മിക്കുട്ടി സാഹിബിന്റെ മകള്‍ കെ.പി ജമീലയെ വിവാഹം ചെയ്തു സ്ഥിരവാസമുറപ്പിക്കുകയും ചെയ്തു. 1960-കളില്‍ വാഴക്കാട്ട് വേരുറപ്പിക്കാന്‍ തുടങ്ങിയ മുജാഹിദ് പ്രസ്ഥാനത്തില്‍ എം.എ ആകൃഷ്ടനാവാതിരുന്നില്ല. നേരത്തെ ദാറുല്‍ ഉലൂമില്‍ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി, കെ.സി അബ്ദുല്ലാ മൗലവി, എം.ടി അബ്ദുര്‍റഹ്മാന്‍ മൗലവി തുടങ്ങിയ പ്രമുഖ ഉല്‍പതിഷ്ണു പണ്ഡിതന്മാരുടെ ശിഷ്യത്വം കൈവരിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നല്ലോ. അതേസമയം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രസിഡന്റ് വാഴക്കാട്ടുകാരനായ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുമായി അടുത്ത ബന്ധം സ്ഥാപിക്കാനും എം.എക്ക് സാധിച്ചിരുന്നു.
അമ്പതുകളില്‍ കോഴിക്കോട് മദ്‌റസത്തുല്‍ മുഹമ്മദിയ ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന കമ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനുമായി എം.എ ബന്ധം സ്ഥാപിച്ചതാണ് എടുത്തു പറയേണ്ട ഒരു സംഭവം. മുതലാളിത്തത്തോടുള്ള കലശലായ വിരോധവും തൊഴിലാളി വര്‍ഗത്തോടുള്ള അനുഭാവവുമാണ് ഇടതുപക്ഷ പ്രസ്ഥാനത്തോട് തന്നെ അടുപ്പിച്ചതെന്ന് എം.എ അനുസ്മരിക്കുന്നുണ്ട്. നിലമ്പൂര്‍, എടവണ്ണ പ്രദേശങ്ങളില്‍ തൊഴില്‍ സംബന്ധമായി താമസിക്കേണ്ടിവന്നപ്പോള്‍ തൊഴിലാളി നേതാവ് സഖാവ് കുഞ്ഞാലിയുമായി അടുപ്പമുണ്ടായിരുന്നതും ഇതിനൊരു കാരണമാണ്. എന്നാല്‍, 1961-ല്‍ വാഴക്കാട് ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള മദ്‌റസയില്‍ അധ്യാപകനായിരുന്ന കടന്നമണ്ണ അബ്ദുര്‍റഹ്മാന്‍ മൗലവി മുഖേന ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെടാന്‍ ലഭിച്ച അവസരം എം.എയുടെ ജീവിതത്തില്‍ വഴിത്തിരിവായി. അദ്ദേഹം സജീവ പ്രവര്‍ത്തന രംഗത്തിറങ്ങിയ കാലത്താണ് പ്രബോധനത്തില്‍ സബ് എഡിറ്റേഴ്‌സായിരുന്ന ഒ. അബ്ദുല്ലാ സാഹിബുമായും ഞാനുമായും അദ്ദേഹം ബന്ധം സ്ഥാപിക്കുന്നത്. മുസ്‌ലിം ലീഗ്-മുജാഹിദ് നേതാക്കളും പണ്ഡിതന്മാരും നടത്തിവന്ന ജമാഅത്ത് വിരുദ്ധ പ്രസംഗങ്ങള്‍ക്ക് മറുപടി പറയാനാണ് ഞങ്ങളുടെ സേവനം അദ്ദേഹത്തിന് തേടേണ്ടിവന്നത്. ഞങ്ങളത് സസന്തോഷം ഏറ്റെടുക്കുകയും ചെയ്തു. മറുപടിക്ക് മറുപടി പറയാന്‍ പോലും ചിലപ്പോള്‍ ഞങ്ങള്‍ വാഴക്കാട്ടേക്ക് തോണിയാത്ര ചെയ്യേണ്ടിവന്നിട്ടുണ്ട്. പക്ഷേ, സ്വന്തം നാട്ടില്‍ ജമാഅത്തിന്റെ ഘടകം സജീവവും പ്രവര്‍ത്തനക്ഷമവുമാക്കാന്‍ ഇതിലൂടെ എം.എക്കും കൂട്ടുകാര്‍ക്കും കഴിഞ്ഞു.
ക്രമേണ എം.എയുടെ പ്രവര്‍ത്തന വൃത്തം വികസിച്ചു. സമുദായത്തിനു പുറത്ത് വിപുലമായ സുഹൃദ് ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ സമര്‍ഥനായ അദ്ദേഹത്തിന്റെ സേവനം പ്രസ്ഥാനത്തിന് വലിയ അളവില്‍ പ്രയോജനപ്പെടുകയുണ്ടായി. മലപ്പുറം ജില്ലാ സമിതിയിലും ഇസ്‌ലാമിക് ഗൈഡന്‍സ് ബ്യൂറോയിലും കോഴിക്കോട് ജില്ലാ സമിതിയിലും ഒടുവില്‍ സംസ്ഥാന ശൂറായിലുമൊക്കെ അദ്ദേഹം അംഗമായി (1974-ലാണ് അദ്ദേഹം ജമാഅത്തില്‍ അംഗമാവുന്നത്). ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റ്, കാലിക്കറ്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ്, അല്‍ മദീന ചാരിറ്റബ്ള്‍ ട്രസ്റ്റ് തുടങ്ങി പ്രാസ്ഥാനിക പശ്ചാത്തലമുള്ള  ഒട്ടേറെ ബോഡികളില്‍ അദ്ദേഹം അംഗമായി. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ അസോസിയേഷനിലും ദീര്‍ഘകാലം അംഗത്വമുണ്ടായിരുന്നു എം.എക്ക്. ഐ.എസ്.ടിയുടെയും പ്രബോധനത്തിന്റെയും മാനേജറായിരുന്നു എം.എ. 1987-ല്‍ മാധ്യമം ദിനപത്രം ആരംഭിച്ചപ്പോള്‍ അതിന്റെ പി.ആര്‍.ഒ ആയി സ്ഥാനമേറ്റു. തുടക്കത്തില്‍ പത്രം നേരിട്ട പ്രയാസത്തിന്റെ നാളുകളില്‍ മര്‍ഹൂം കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിനോടൊപ്പം അഭ്യുദയകാംക്ഷികളെ ചെന്നു കാണാനും സര്‍ക്കാര്‍ ഓഫീസുകളില്‍ ചെന്ന് കയറാനുമൊക്കെ എം.എ ഉണ്ടായിരുന്നു. പത്രം ബാലാരിഷ്ടതകളില്‍നിന്ന് ഒരുവക കയറിത്തുടങ്ങവെയാണ്, 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തീവ്ര ഹിന്ദുത്വര്‍ തകര്‍ത്തു തരിപ്പണമാക്കിയപ്പോള്‍ പി.വി നരസിംഹറാവു സര്‍ക്കാര്‍ ആര്‍.എസ്.എസിനെ നിരോധിക്കുന്നത്. ബാബരി മസ്ജിദിനെ നിലനിര്‍ത്താനും സംരക്ഷിക്കാനും സമുദായ സംഘടനകളോടൊപ്പം അക്ഷീണ യത്നത്തിലേര്‍പ്പെട്ട ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെക്കൂടി, തൂക്കമൊപ്പിക്കാന്‍ റാവു സര്‍ക്കാര്‍ നിരോധിച്ചു. നിരോധ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യവെ പ്രമുഖ മലയാള പത്രം ജമാഅത്തിനോടാഭിമുഖ്യം പുലര്‍ത്തുന്ന ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയും പേര്‍ വിവരം കൂടി പ്രസിദ്ധീകരിക്കാന്‍ മറന്നില്ല. ഏറ്റവും ഒടുവില്‍ ചേര്‍ത്തത് മാധ്യമം പ ുറത്തിറക്കുന്ന ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ പേരാണ്. അപകടം മണത്തറിഞ്ഞ ഞാനും എം.എ അഹ്മദ് കുട്ടിയും ചേര്‍ന്ന് കേരള ഹൈക്കോടതിയെ മുന്‍കൂറായി സമീപിക്കാന്‍ പരിപാടിയിട്ടു. കെ.സി അബ്ദുല്ലാ മൗലവിയുടെ അനുവാദത്തോടെ ഞങ്ങള്‍ എറണാകുളത്തേക്ക് പുറപ്പെട്ടു. പ്രമുഖ അഭിഭാഷകനായ എം.എന്‍ സുകുമാരന്‍ നായരെയാണ് ഞങ്ങള്‍ സമീപിച്ചത്. സംസാരിച്ചു തുടങ്ങിയപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയെ അദ്ദേഹം കേട്ടിട്ടേയില്ലെന്ന് ബോധ്യമായി. എന്നാല്‍, മാധ്യമം പത്രം അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ചുരുക്കി വിവരിച്ചു കൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: സംഘടനയുടെ നിരോധം പത്രത്തിന് ബാധകമല്ല. അത് ഐ.പി.ടി അല്ലേ നടത്തുന്നത്? പത്രം നിരോധിക്കണമെങ്കില്‍ വേറെ തന്നെ ഉത്തരവ് വേണം. അതിന് സാധ്യത കാണുന്നില്ല. എങ്കിലും അര്‍ധരാത്രിയാണ് വിലക്ക് വരുന്നതെങ്കില്‍ പോലും നിങ്ങള്‍ എന്നെ വിളിച്ചോളൂ, ഞാന്‍ സ്‌റ്റേ വാങ്ങിത്തരാം.' ഞങ്ങള്‍ക്ക് സമാധാനമായി. 'പക്ഷേ' സുകുമാരന്‍ നായരുടെ തുടര്‍ ചോദ്യം: 'നിങ്ങള്‍ക്ക് എന്തുകൊണ്ട് സംഘടനയുടെ നിരോധം തന്നെ കോടതിയില്‍ ചോദ്യം ചെയ്തുകൂടാ?' ഞങ്ങള്‍ ചോദിച്ചു: 'അത് സാധ്യമാണോ? കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവല്ലേ?' സുപ്രീം കോടതിയെ അല്ലേ സമീപിക്കേണ്ടത്?' എന്തുകൊണ്ടില്ല? ഹൈക്കോടതിയിലും ചോദ്യം ചെയ്യാം. നിങ്ങള്‍ ഒരു കാര്യം ചെയ്യൂ. സംഘടനയുടെ ഭരണഘടനയുടെ ഒരു കോപ്പി തരൂ; മറ്റു രേഖകളുണ്ടെങ്കില്‍ അതും. ഞാന്‍ ഒരു ഹരജി ഡ്രാഫ്റ്റ് ചെയ്യാം. വൈകീട്ട് വരൂ. കോപ്പി നിങ്ങളെ കാണിക്കാം. ജമാഅത്ത് ഭരണഘടനയുടെയും പോളിസി-പ്രോഗ്രാമിന്റെയും കോപ്പികള്‍ വക്കീലിന് നല്‍കി ഞങ്ങള്‍ സ്ഥലം വിട്ടു. വൈകീട്ട് സുകുമാരന്‍ നായരുടെ ഓഫീസില്‍ ചെന്നപ്പോള്‍ ഡ്രാഫ്റ്റ് റെഡി. അതിലൂടെ കണ്ണോടിച്ചപ്പോള്‍ ഞങ്ങള്‍ സ്തബ്ധരായിപ്പോയി എന്നു തന്നെ പറയണം. തീര്‍ത്തും സമാധാനപരമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമി എന്ന മത സംഘടനയെ നിരോധിച്ച നടപടി നിലനില്‍ക്കുന്നതല്ലെന്നും നിരോധം ഉടനെ റദ്ദാക്കണമെന്നും ഏതാനും വരികളില്‍ തെളിവ് സഹിതം അതിസമര്‍ഥമായി അദ്ദേഹം കുറിച്ചിരിക്കുന്നു! ഞങ്ങള്‍ പൂര്‍ണ സംതൃപ്തരായി കോഴിക്കോട്ടേക്ക് മടങ്ങി. ജസ്റ്റിസ് കെ.ടി തോമസിന്റെ ബെഞ്ചിലാണ് നിരോധം റദ്ദാക്കാനുള്ള ഹരജി പരിഗണനക്ക് വന്നത്. കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധിക്ക് പറയാനുള്ളത് മുഴുവന്‍ കേട്ട ശേഷവും സുകുമാരന്‍ നായര്‍ നിരത്തിയ ന്യായങ്ങളാണ് ജഡ്ജിക്ക് സ്വീകാര്യമായി തോന്നിയത്. പിറ്റേന്ന് പത്രത്തിലൂടെ വെണ്ടക്ക നിരത്തിയത്: ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധം കേരള ഹൈക്കോടതി റദ്ദാക്കി! മാളത്തിലൊളിച്ചിരുന്നവരടക്കം ആഹ്ലാദഭരിതരായി പുറത്ത് വന്നു. എം.എയും ഞാനും പടച്ച തമ്പുരാനെയും പിന്നെ  ജസ്റ്റിസ് തോമസിനെയും എം.എന്‍ സുകുമാരന്‍ നായരെയും വാഴ്ത്തി. പക്ഷേ, അങ്കലാപ്പിലായ റാവു സര്‍ക്കാര്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. കെ.ടി.എസ് തുളസിയെ അയച്ച് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്കി വിധി റദ്ദാക്കിയെടുത്തു. പിന്നീട് സുപ്രീം കോടതിയാണ് സോളി സൊറാബ്ജി മുഖേന ജമാഅത്ത് സമര്‍പ്പിച്ച അപ്പീലിന്മേല്‍ നിരോധം റദ്ദാക്കിയത്.
ഇത്രത്തോളം പ്രമാദമല്ലെങ്കിലും ജമാഅത്തിന് വേണ്ടി മറ്റു ചില കേസുകളും എം.എ മുന്‍കൈയെടുത്ത് വിജയിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ലുലു മസ്ജിദ് പണിയാന്‍ താമസം നേരിട്ടപ്പോള്‍ സ്ഥലം വിറ്റ ഭൂഉടമ വില്‍പന റദ്ദാക്കി തിരിച്ചെടുക്കാന്‍ നടത്തിയ ശ്രമം കോടതിയില്‍ വിഫലമായത് എം.എ മുന്‍കൈയെടുത്ത് കേസ് നടത്തിയപ്പോഴായിരുന്നു. പള്ളിക്ക് വേണ്ടി നേരത്തെ ലെവി സിമന്റിനായി സമര്‍പ്പിച്ച അപേക്ഷ ജില്ലാ കലക്ടര്‍ അനുവദിച്ച രേഖ യഥാസമയം ഹാജരാക്കിയതാണ് നിര്‍ണായകമായത്. കോഴിക്കോട്ടെ അല്‍ ഹറമൈന്‍ സ്‌കൂളിനായി കെട്ടിടം പണിയാന്‍ ശ്രമിച്ചപ്പോള്‍ നേരിട്ട ഉടക്കുകളും രാഷ്ട്രീയക്കാരുടെ കുത്തിത്തിരിപ്പുകളും വിജയകരമായി അതിജീവിക്കാന്‍ സാധിച്ചതും എം.എ ടീമിന്റെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ്. അങ്ങനെ ഏഴു പതിറ്റാണ്ടോളം കാലം പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വൈവിധ്യവും പുതിയ മാനങ്ങളും ഊര്‍ജവും നല്‍കിയ ധന്യ ജീവിതമാണ് മൂഴിക്കല്‍ താമസമാക്കിയ വാഴക്കാട്ടുകാരന്‍ എം.എ അഹ്മദ് കുട്ടി സാഹിബിന്റെ വിരഹത്തോടെ അവസാനിച്ചത്. അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗീയ ജീവിതം പ്രദാനം ചെയ്യുമാറാകട്ടെ. മക്കള്‍: അസ്‌റ, ശരീന, സുമയ്യ, ശഫീഖ, ത്വാഹിറ, തസ്‌നീം, ത്വുഫൈല്‍ അഹ്മദ്, ഇര്‍ഫാന്‍, മഖ്ബൂല്‍. 


എം.എ
നിശ്ശബ്ദനായ നേതാവ്

ടി.കെ ഉബൈദ്

1973-ല്‍ പെരിന്തല്‍മണ്ണയില്‍ അന്നുണ്ടായിരുന്ന ശാന്തപുരം ലോഡ്ജിലാണ് മര്‍ഹൂം എം.എ അഹ്മദ് കുട്ടി സാഹിബിനെ ആദ്യം കണ്ടുമുട്ടിയത്. ശാന്തപുരം ഇസ്‌ലാമിയാ കോളേജും അതിന്റെ ശാന്തപുരം ലോഡ്ജ് ഉള്‍പ്പെടെയുള്ള വസ്തുവഹകളും നിയന്ത്രിക്കുന്ന ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനാണ് അദ്ദേഹം - കൂടെ മര്‍ഹൂം ഒ. മുഹമ്മദ് സാഹിബും മറ്റൊരാളും ഉണ്ടായിരുന്നുവെന്നാണോര്‍മ- അവിടെ എത്തിയത്. ഒറ്റനോട്ടത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഫിഗര്‍. കുലീനവും ശാന്തവുമായ പെരുമാറ്റം. ഒരിക്കല്‍ കണ്ടാല്‍ പെട്ടെന്നു മറക്കില്ല. ആരാണിദ്ദേഹമെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു: എം.എ അഹ്മദ്കുട്ടി സാഹിബ്. ബിസിനസുകാരനായ ജമാഅത്ത് പ്രവര്‍ത്തകന്‍. മലബാറിലെ അറിയപ്പെടുന്ന മുസ്‌ലിം കുടുംബങ്ങളിലൊന്നായ കൊയപ്പത്തൊടി തറവാട്ടില്‍ അംഗം.
പിന്നീട് എം.എയെ കാണുന്നത് 1977-ല്‍ മേരിക്കുന്നിലെ ജമാഅത്ത് ഓഫീസിലാണ്. അതിനു തൊട്ടുമുമ്പ് രണ്ടുവര്‍ഷക്കാലം ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നുവല്ലോ. നിരോധനം നീങ്ങിയപ്പോള്‍ പ്രസ്ഥാനത്തിനു മുന്നില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു: കേരള ഓഫീസിന്റെ പുനഃസംഘാടനം, പത്ര-പ്രസിദ്ധീകരണങ്ങളുടെ പുനരുജ്ജീവനം, അവയുടെ നെറ്റുവര്‍ക്കുകളുടെ പുനഃസ്ഥാപനം, ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റിന്റെ ആസ്തി-വരുമാന സംരക്ഷണം, ഓഫീസ് കെട്ടിടത്തിന്റെ പുനരുദ്ധാരണം മുതല്‍ തുടങ്ങേണ്ടിയിരുന്നു. ഗവണ്‍മെന്റുമായി ബന്ധപ്പെട്ട കുറെ പ്രശ്‌നങ്ങള്‍. കോടതി വ്യവഹാരങ്ങള്‍ വേറെയും. ഇപ്പോള്‍ കോഴിക്കോട് സിറ്റിയില്‍ കെ.എസ്.ആര്‍.ടി.സി സ്‌റ്റേഷനടുത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ലുഅ്‌ലുഅ് മസ്ജിദിന്റെ ഭൂമി വരെ വ്യവഹാരത്തിലകപ്പെട്ടിരുന്നു. ഈ ഏടാകൂടങ്ങളെല്ലാം വിജയകരമായി കൈകാര്യം ചെയ്യാന്‍ ജമാഅത്ത് കണ്ടെത്തിയ വ്യക്തിത്വമായിരുന്നു എം.എ അഹ്മദ് കുട്ടി സാഹിബ്. താനതിനു യോഗ്യനാണെന്ന് അദ്ദേഹം പ്രവര്‍ത്തനംകൊണ്ട് തെളിയിക്കുകയും ചെയ്തു. എവിടെയും സങ്കോചമില്ലാതെ കയറിച്ചെല്ലാനും സ്വന്തം ആവശ്യങ്ങള്‍ യുക്തിയുക്തമായി ബോധിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. യുവാവായിരുന്നപ്പോള്‍ കോഴിക്കോട്ടെ ഉദ്യോഗസ്ഥ പ്രമുഖരുമായും സാംസ്‌കാരിക പ്രവര്‍ത്തകരുമായും ഇടപഴകിയുള്ള പരിചയവും, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനവും അതിനദ്ദേഹത്തിന് ഏറെ സഹായകമായി. കെട്ടിടനിര്‍മാണമായാലും ട്രസ്റ്റിന്റെ ആസ്തി-വരുമാനങ്ങളുടെ വികസനമായാലും കോടതി വ്യവഹാരമായാലും എങ്ങനെ കൈകാര്യം ചെയ്യണമെന്നും ആരുടെയൊക്കെ സേവനം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹത്തിന് നന്നായറിയാമായിരുന്നു.
എം.എ മതപണ്ഡിതനായിരുന്നില്ല. വാഗ്മിയുമായിരുന്നില്ല. അറബിക്കോളേജുകളില്‍ അധ്യാപകരാവാത്തവരും പ്രഭാഷണ വേദികളില്‍ സ്ഥിരസാന്നിധ്യമല്ലാത്തവരും ഇസ്‌ലാമിക സംഘടനകളില്‍ അറിയപ്പെടുകയും നേതൃപദവികളിലേക്കുയര്‍ത്തപ്പെടുകയും അപൂര്‍വമാണല്ലോ. അതുകൊണ്ടാവാം കോഴിക്കോട്-മലപ്പുറം ജില്ലകള്‍ക്കപ്പുറം എം.എ അധികം അറിയപ്പെടാതിരുന്നത്. എന്നാല്‍, കേരള ജമാഅത്ത് ശൂറാ അംഗം, ഐ.എസ്.ടി സെക്രട്ടറി, പ്രബോധനം മാനേജര്‍ തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ വഹിച്ചിട്ടുള്ള എം.എ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഒരു നേതാവ് തന്നെയായിരുന്നു. കര്‍മനിരതനായ എന്നാല്‍ നിശ്ശബ്ദനായ നേതാവ്. നേതൃപരിഗണന പിടിച്ചുപറ്റാനും പ്രസിദ്ധനാവാനും അദ്ദേഹം ശ്രമിച്ചിട്ടില്ല. മൂഴിക്കല്‍ ജുമാ മസ്ജിദ്, ഐ.സി.ടി പബ്ലിക് സ്‌കൂള്‍, കോഴിക്കോട് അല്‍ഹറമൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മാധ്യമം ദിനപത്രം തുടങ്ങിയ പ്രാസ്ഥാനിക സംരംഭങ്ങളുടെ സംസ്ഥാപനത്തില്‍ അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.
മേരിക്കുന്നിലെത്തുന്നതിനു മുമ്പ് എം.എ ബിസിനസിലായിരുന്നു. ആ രംഗത്ത് പിടിച്ചുനിന്നിരുന്നുവെങ്കില്‍ സാമ്പത്തികമായി കുറെ ഉയരത്തിലെത്താമായിരുന്നു. അടിയന്തരാവസ്ഥക്കുശേഷം ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ ജീവിതം പ്രസ്ഥാനത്തിനു സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. സേവന സൗകര്യം പരിഗണിച്ച് അദ്ദേഹം മേരിക്കുന്നിനടുത്ത് മൂഴിക്കല്‍ വീടുവാങ്ങി കുടുംബ സമേതം താമസിക്കുകയായിരുന്നു. സല്‍ക്കാര പ്രിയനായ എം.എ ഈ വീട്ടില്‍, ഞങ്ങള്‍ പ്രബോധനം പ്രവര്‍ത്തകരെ ഉദാരമായി സല്‍ക്കരിച്ചിട്ടുള്ളതോര്‍ക്കുന്നു.
മേരിക്കുന്നില്‍ ഐ.എസ്.ടി വക ഏതാനും ക്വാര്‍ട്ടേഴ്‌സുകളുണ്ട്. ഈ ക്വാര്‍ട്ടേഴ്‌സുകളിലൊന്നില്‍ കുറച്ചുകാലം ഞാനും കുടുംബവും താമസിച്ചിരുന്നു. അന്നു ഞങ്ങള്‍ക്ക് അദ്ദേഹം ചെയ്തുതന്നിട്ടുള്ള സഹായങ്ങള്‍ മറക്കാനാവാത്തതാണ്. ഐ.എസ്.ടി സെക്രട്ടറിയായിരുന്ന എം.എയോട് ക്വാര്‍ട്ടേഴ്‌സ് ആവശ്യപ്പെട്ടപ്പോള്‍ സസന്തോഷം അനുവദിച്ചു. ക്വാര്‍ട്ടേഴ്‌സില്‍ സജ്ജമാക്കേണ്ട സൗകര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പ്രത്യേകം തൊഴിലാളികളെ ഏര്‍പ്പെടുത്തി എല്ലാം ഒരുക്കിത്തന്നു.
സ്വതവെ ശാന്തശീലനായിരുന്ന എം.എ എന്നാല്‍ ക്ഷോഭിക്കേണ്ടിടത്ത് നന്നായി ക്ഷോഭിക്കാനും കഴിയുമായിരുന്നു. ഐ.എസ്.ടി ക്വാര്‍ട്ടേഴ്‌സുകള്‍ ഓഫീസ് ജീവനക്കാര്‍ക്ക് ആവശ്യമില്ലാത്തപ്പോള്‍ പുറത്തുള്ളവര്‍ക്ക് വാടകക്ക് കൊടുക്കാറുണ്ട്. ഞാന്‍ താമസിച്ചിരുന്നതിന് തൊട്ടടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസം അങ്ങനെയൊരു വാടകക്കാരനായിരുന്നു. അയാള്‍ ദീര്‍ഘകാലം വാടക കുടിശ്ശിക വരുത്തി. അതിനിടെ ക്വാര്‍ട്ടേഴ്‌സ് ഓഫീസ് ജീവനക്കാര്‍ക്കു തന്നെ ആവശ്യമായി വരികയും ചെയ്തു. കുടിശ്ശിക തീര്‍ക്കാനും വീടൊഴിയാനും മര്യാദയുടെ ഭാഷയില്‍ അയാളോട് പലവട്ടം ആവശ്യപ്പെട്ടു. അയാള്‍ രണ്ടിനും കൂട്ടാക്കിയില്ല. ഒരു ദിവസം ഉറങ്ങുകയായിരുന്ന ഞാന്‍ തൊട്ടടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍നിന്ന് എം.എയുടെ അത്യുച്ചത്തിലുള്ള ആക്രോശം കേട്ടുകൊണ്ട് ഞെട്ടിയുണര്‍ന്നു. വാടകക്കാരന്‍ അസഭ്യങ്ങള്‍ നിര്‍ലോഭം പുലമ്പുന്നു. വീടൊഴിയാനോ വാടക കുടിശ്ശിക തീര്‍ക്കാനോ തല്‍ക്കാലം തയാറല്ല എന്നായിരുന്നു അയാളുടെ നിലപാട്. നിന്നെ എനിക്ക് ഒഴിപ്പിക്കാനറിയാം എന്നു ഭീഷണിമുഴക്കിയിട്ടാണ് എം.എ സ്ഥലം വിട്ടത്. ഒന്നു രണ്ടു മാസങ്ങള്‍ക്കകം കോടതി മുഖേന ആ ഭീഷണി യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ആ കുലീന സാന്നിധ്യം മാഞ്ഞുപോയി. എഴുത്തുകാരനല്ലാത്ത എം.എയുടെ ജീവിതം അവസാന കാലത്ത് ഓര്‍മകള്‍ മങ്ങിത്തുടങ്ങിയപ്പോഴാണ് സദ്‌റുദ്ദീന്‍ വാഴക്കാട് പകര്‍ത്തിയെഴുതി പ്രബോധനത്തില്‍ (2021 ജനുവരി 1) പ്രസിദ്ധീകരിച്ചത്. ആ നിസ്വാര്‍ഥ സേവകന് അല്ലാഹു സൗഭാഗ്യകരമായ പാരത്രിക ജീവിതമരുളുമാറാകട്ടെ. അദ്ദേഹത്തിന്റെ സന്തപ്ത കുടുംബത്തിന് ക്ഷമയും സമാശ്വാസവും പ്രദാനം ചെയ്യട്ടെ - ആമീന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-30-32
ടി.കെ ഉബൈദ്‌

ഹദീസ്‌

തെറ്റു ചെയ്തവരെ നന്നാവാന്‍ സഹായിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി