റിപ്പോര്‍ട്ടര്‍മാരും നിവേദന ശൃംഖലയും
ഹദീസ് പഠനം /
ഏതൊരു രിവായത്തും (റിപ്പോര്‍ട്ട്) പരിശോധിക്കുമ്പോള്‍ സര്‍വപ്രധാനമായി അന്വേഷിക്കേണ്ടത് ആ റിപ്പോര്‍ട്ട് ഏതെല്ലാം ആളുകളുടെ ശൃംഖലയിലൂടെയാണ് വന്നത്, ആ ആളുകള്‍ എങ്ങനെയുള്ളവരാണ് എന്നതാണ്. ആ പരമ്പരയില്‍ നിരവധി നിലകളിലൂടെ ഓരോരോ റിപ്പോര്‍ട്ടറെ സംബന്ധിച്ചും പരിശോധന നടത്തും. റിപ്പോര്‍ട്ടുകള്‍ വിവരിക്കുന്നതില്‍ അവരില്‍ സൂക്ഷ്മതയില്ലായ്മയുണ്ടോ? അധര്‍മിയോ വിശ്വാസം പിഴച്ചവനോ ആയിക്കൂടേ? മനഃപാഠം കുറഞ്ഞവനും ഊഹിച്ചു പറയുന്നവനുമാണോ? കളവ് പറയുന്നവനാണോ? അയാള്‍ അറിയപ്പെടുന്നവനാണോ അതോ അജ്ഞാതനോ? എന്താണ് അയാളുടെ അവസ്ഥകള്‍? റിപ്പോര്‍ട്ടര്‍മാരുടെ ഈ അവസ്ഥകളെല്ലാം കൂലങ്കഷമായി പരിശോധിച്ച് മഹാന്മാരായ മുഹദ്ദിസുകള്‍ 'അസ്മാഉര്‍രിജാല്‍' എന്ന പേരില്‍ റിപ്പോര്‍ട്ടര്‍മാരുടെ വിശദമായ ജീവചരിത്ര കുറിപ്പുകളടങ്ങിയ മഹത്തായൊരു വിജ്ഞാന ശാഖ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് അങ്ങേയറ്റം അമൂല്യമാണെന്നതില്‍ സംശയമില്ല.
എന്നാല്‍, അബദ്ധത്തിന് സാധ്യതയില്ലാത്ത എന്താണ് അവയിലുള്ളത്? ഒന്നാമതായി, റിപ്പോര്‍ട്ടര്‍മാരുടെ ജീവിതം, മനഃപാഠ സിദ്ധി, അവരുടെ ഇതര ആന്തരിക സിദ്ധികള്‍ എന്നിവയെക്കുറിച്ചും തീര്‍ത്തും ശരിയായ ജ്ഞാനം ലഭ്യമാക്കുക എന്നത് ദുഷ്‌കരമാണ്. രണ്ടാമതായി, അവരെ സംബന്ധിച്ച് അഭിപ്രായ രൂപീകരണം നടത്തിയ വ്യക്തികളും മാനുഷിക ദൗര്‍ബല്യങ്ങളില്‍നിന്ന് മുക്തരല്ല. ഓരോരുത്തരുടെയും മാനസികാവസ്ഥയും പരിഗണിക്കേണ്ടതുണ്ട്. വ്യക്തികളെ സംബന്ധിച്ച് നല്ലതോ ചീത്തയോ ആയ അഭിപ്രായ രൂപീകരണത്തില്‍ ഓരോരുത്തരുടെയും വ്യക്തിപരമായ പ്രവണതകള്‍ ഏതോ വിധത്തില്‍ സ്വാധീനം ചെലുത്താന്‍ ബലമായ സാധ്യതയുണ്ട്. ഈ സാധ്യത കേവലം ബുദ്ധിപരമായ സാധ്യതയല്ല; പ്രത്യുത ആ സാധ്യത പലപ്പോഴും ഫലത്തില്‍ സംഭവിച്ചതായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ഹമ്മാദിനെപ്പോലുള്ള ഒരു മഹാനെക്കുറിച്ച്, ഹിജാസിലെ എല്ലാ ഉലമാക്കളും അദ്ദേഹത്തിന് വിവരമില്ലെന്നും നിങ്ങളുടെ കുട്ടികള്‍ പോലും അദ്ദേഹത്തേക്കാള്‍ വിവരമുള്ളവരാണെന്നും അഭിപ്രായപ്പെടുകയുണ്ടായി. അത്വാഅ്, ത്വാഊസ്, മുജാഹിദ് തുടങ്ങിയ ശ്രേഷ്ഠ വ്യക്തിത്വങ്ങളെ സംബന്ധിച്ചും ഇതേ അഭിപ്രായമാണ് അവര്‍ക്കുള്ളത്. ആരാണ് ഈ ഹമ്മാദ് എന്നറിയുമോ? ഇമാം അബൂഹനീഫയുടെ ഗുരുവും ഇബ്‌റാഹീം അന്നഖഇയുടെ ശിഷ്യനുമാണ് അദ്ദേഹം. ഇമാം സുഹ്‌രിയെ നോക്കുക. തന്റെ കാലത്തെ മക്കാ നിവാസികളെക്കുറിച്ച് അദ്ദേഹം പറയുന്നത് കേള്‍ക്കുക: ''മാ റഅയ്ത്തു ഖൗമന്‍ അന്‍ഖള് ലി ഉറല്‍ ഇസ്‌ലാം മിന്‍ അഹ്‌ലി മക്ക.'' 'മക്കക്കാരെക്കാള്‍ ഇസ്‌ലാമിക പാശത്തെ ശിഥിലമാക്കിയ ഒരു കൂട്ടരെയും ഞാന്‍ കണ്ടിട്ടില്ല' എന്നര്‍ഥം. മഹത്തുക്കളില്‍നിന്നും ഉത്തമ സത്തുക്കളില്‍നിന്നും മക്ക ശൂന്യമായിട്ടില്ലാത്ത ഒരു കാലമായിരുന്നു അതെന്നോര്‍ക്കണം. ശഅബിയും ഇബ്‌റാഹീം നഖഇയും അക്കാലത്ത് ജീവിച്ചിരുന്ന മഹാന്മാരാണ്. അവര്‍ പരസ്പരം കടന്നാക്രമിക്കുന്നത് കാണുക: ''ഇബ്‌റാഹീം നഖഇ രാത്രി നമ്മോട് 'മസ്അലകള്‍' ചോദിച്ചു പകല്‍ സ്വന്തം അഭിപ്രായമെന്നോണം അവ ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കുന്നു.'' അതേസമയം ശഅബിയെക്കുറിച്ച് ഇബ്‌റാഹീം നഖഇ പറുന്നതോ? ''അദ്ദേഹം പെരുംകള്ളനായ മസ്‌റൂഖില്‍നിന്ന് ഹദീസുകള്‍ ഉദ്ധരിക്കുന്നു; മസ്‌റൂഖിനെയാണെങ്കില്‍ അദ്ദേഹം കണ്ടിട്ടുപോലുമില്ല.'' ഇനി ദഹ്ഹാക്കിനെ നോക്കുക. ഒരിക്കല്‍ ഒരു വിഷയത്തിന്റെ വിവരണത്തെ തുടര്‍ന്ന് ബഹുമാന്യരായ സ്വഹാബികളെ കുറിച്ച് അദ്ദേഹം പറയുകയാണ്: ''അവരെക്കാള്‍ കൂടുതല്‍ നമുക്കറിയാം.'' സഈദുബ്‌നു ജുബൈറിനെപ്പോലെ മഹാനും സൂക്ഷ്മാലുവുമായ ഒരു പണ്ഡിതന്‍ ഒരു പ്രശ്‌ന വിഷയത്തില്‍ ശഅബിയുടെ മേല്‍ വ്യാജം ആരോപിച്ചതായി കാണാം. ഇക്‌രിമയെക്കുറിച്ച് തന്റെ ഭൃത്യനോട് അദ്ദേഹം പറയുകയാണ്: ''ഇബ്‌നു അബ്ബാസിനെ ക്കുറിച്ച് ഇക്‌രിമ കള്ളം പറഞ്ഞ പോലെ എന്നെ കുറിച്ച് നീ കള്ളം പറയരുത് (ലാ തക്ദിബ് അലയ്യ കമാ കദിബ ഇക്‌രിമ അലാ ഇബ്‌നി അബ്ബാസ്). മഹാനായ ഇമാം മാലിക്, മുഹമ്മദുബ്‌നു ഇസ്ഹാഖിനെ പോലുള്ള ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞത് എന്തെന്നോ- ദാലിക ദജ്ജാലുദ്ദജാജില- (പെരുംകള്ളന്മാരിലൊരു പെരുംകള്ളനാണയാള്‍). ഇറാഖിലെ സമസ്ത പണ്ഡിതന്മാരെയും കുറിച്ച് അദ്ദേഹം പറഞ്ഞതാണ് ഇതിനേക്കാളെല്ലാം ഏറെ അത്ഭുതകരം. അവരെ കഠിനമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: ''അവര്‍ക്ക് വേദക്കാരുടെ സ്ഥാനം നല്‍കിയാല്‍ മതി. അവരെ വിശ്വസിക്കാനോ തള്ളാനോ പോകേണ്ടതില്ല (അന്‍സിലൂഹും മന്‍സിലത്ത അഹ്‌ലില്‍ കിതാബ്. ലാ തുസ്വദ്ദിഖൂഹും വലാ തുകദ്ദിബൂഹും). എത്ര മാത്രം ബഹുമാന്യനും സൂക്ഷ്മാലുവുമായ നിയമജ്ഞനാണ് ഇമാം അബൂ ഹനീഫ. ഒരിക്കലും റമദാനിലെ നോമ്പ് നോല്‍ക്കുകയോ സ്ത്രീ സംസര്‍ഗം നടത്തിയാല്‍ കുളിക്കുകയോ ചെയ്യാത്ത ആളാണെന്നാണ് അഅ്മശിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അല്‍മാഉ മിനല്‍ മാഅ് (ഇന്ദ്രിയ സ്ഖലനം സംഭവിച്ചാലേ കുളിക്കേണ്ടതുള്ളൂ) എന്ന് പറഞ്ഞതും, ഹുദൈഫയുടെ ഹദീസ് പ്രകാരം പ്രഭാതത്തോടടുപ്പിച്ച് റമദാനില്‍ അത്താഴം കഴിച്ചതും മാത്രമാണ് ഈ ആരോപണത്തിന് കാരണം. എത്ര മാത്രം വിശ്വസ്തനായ മഹാനാണ് അബ്ദുല്ലാഹിബ്‌നു മുബാറക്! ഒരിക്കല്‍ അദ്ദേഹവും വികാരവിക്ഷുബ്ധനായി. ഇമാം മാലികിനെക്കുറിച്ച് 'അയാളെ ഞാന്‍ പണ്ഡിതനായി കരുതുന്നില്ലെ'ന്ന് പറഞ്ഞുപോയി. യഹ്‌യ ബ്‌നു മഈന്‍ വിശ്വസ്തരായ പല മഹാന്മാരിലും വ്യാജാരോപണം നടത്തിയതായി കാണാം. സുഹ്‌രി, ഔസാഇ, അബൂ ഉസ്മാനുല്‍ ഹിന്ദി, ത്വാഊസ് തുടങ്ങി അക്കാലത്തെ വലിയ വലിയ പണ്ഡിതന്മാരൊക്കെ അദ്ദേഹത്തിന്റെ ആക്ഷേപ പാത്രമായവരാണ്. എത്രത്തോളമെന്നാല്‍ ഇമാം ശാഫിഈയെ കുറിച്ച് പോലും വിശ്വസ്തനല്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇതിനേക്കാളൊക്കെ അമ്പരപ്പുളവാക്കുന്നത് സ്വഹാബികള്‍ പോലും ചിലപ്പോള്‍ മാനുഷിക ദൗര്‍ബല്യങ്ങള്‍ക്ക് വിധേയരായിപ്പോകാറുണ്ടെന്നുള്ളതാണ്. അവരും പരസ്പരം വ്യാജാരോപണങ്ങള്‍ നടത്തിയിട്ടുണ്ട്. അബൂ ഹുറയ്‌റ വിത്ര്‍ നമസ്‌കാരം നിര്‍ബന്ധമില്ലെന്നാണ് കരുതുന്നതെന്ന് കേട്ട ഇബ്‌നു ഉമറിന്റെ പ്രതികരണം 'അബൂഹുറയ്‌റ കളവ് പറയുകയാണെ'ന്നായിരുന്നു. അനസ്, അബൂസഈദില്‍ ഖുദ്‌രി എന്നിവരെ കുറിച്ച് ഒരിക്കല്‍ ആഇശ പറഞ്ഞത് അവര്‍ക്ക് നബിയുടെ ഹദീസുകളെ കുറിച്ച് എന്തറിയാം എന്നായിരുന്നു. അക്കാലത്ത് അവര്‍ ചെറിയ കുട്ടികളായിരുന്നുവെന്നാണ് ആഇശക്ക് ചൂണ്ടിക്കാട്ടാനുണ്ടായിരുന്നത്. ഹസ്രത്ത് ഹസന്‍ ഇബ്‌നു അലിയോട് ഒരിക്കല്‍ ഖുര്‍ആനിലെ 'വ ശാഹിദിന്‍ വ മശ്ഹൂദ്' എന്ന വാക്യത്തിന്റെ വിവക്ഷ എന്താണെന്ന് ചോദിച്ചപ്പോള്‍ അതിന്റെ വ്യാഖ്യാനം അദ്ദേഹം പറഞ്ഞുകൊടുത്തു. തദവസരത്തില്‍ ഇബ്‌നു ഉമറും ഇബ്‌നു സുബൈറും നല്‍കിയ വിശദീകരണം ഇന്നിന്ന പ്രകാരമാണെന്ന് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഇരുവരും പറയുന്നത് കളവാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹസ്രത്ത് മുഗീറത്തുബ്‌നു ശുഅ്ബ വ്യാജനാണെന്ന് ഒരിക്കല്‍ ഹസ്രത്ത് അലി ആരോപിക്കുകയുണ്ടായി. ഒരു പ്രശ്‌ന വിഷയം വിശദീകരിക്കെ ഹസ്രത്ത് ഉബാദത്തുബ്‌നു സ്വാമിത്ത് ഒരിക്കല്‍ മസ്ഊദുബ്‌നു ഔസ് അന്‍സ്വാരിയില്‍ വ്യാജാരോപണം നടത്തിയതായി കാണാം. മസ്ഊദാകട്ടെ ബദ്‌റില്‍ പങ്കെടുത്ത സ്വഹാബിയാണ് താനും.1
അവരും മനുഷ്യര്‍ തന്നെ
'അസ്മാഉര്‍രിജാലി'ലെ മുഴുവന്‍ വിവരങ്ങളും തെറ്റാണെന്ന് തെളിയിക്കലല്ല ഈ ഉദാഹരണങ്ങള്‍ ഇവിടെ സമര്‍പ്പിച്ചത്‌കൊണ്ടുള്ള നമ്മുടെ ഉദ്ദേശ്യം. റിപ്പോര്‍ട്ടര്‍മാരുടെ അവസ്ഥകളെ വിമര്‍ശന നിരൂപണങ്ങള്‍ക്ക് വിധേയരാക്കിയവരും ഒടുവില്‍ മനുഷ്യര്‍ തന്നെയാണെന്ന് തെളിയിക്കുക മാത്രമേ ഉദ്ദേശ്യമുള്ളൂ. മാനുഷികമായ ദൗര്‍ബല്യങ്ങള്‍ അവര്‍ക്കും ബാധകമാണ്. അതിനാല്‍, അവര്‍ വിശ്വസ്തരാണെന്ന് പറഞ്ഞവരെ മുഴുവന്‍ തീര്‍ത്തും വിശ്വസ്തരായി അംഗീകരിക്കുകയും അവരുടെ റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ വിശ്വസനീയമാക്കുകയും, അവര്‍ വിശ്വസനീയരല്ലെന്ന് പറഞ്ഞവരെ മുഴുവന്‍ തീര്‍ത്തും അവിശ്വസിക്കുകയും അവരുടെ റിപ്പോര്‍ട്ടുകള്‍ അത്രയും തള്ളിക്കളയുകയും ചെയ്യേണ്ട ആവശ്യം പിന്നെ എന്തിരിക്കുന്നു! കൂടാതെ ഓരോരോ റിപ്പോര്‍ട്ടറുടെയും ഓര്‍മശക്തി, ഉദ്ദേശ്യ ശുദ്ധി, കൃത്യത തുടങ്ങിയ അവസ്ഥകളെ കുറിച്ച് പൂര്‍ണമായും ശരിയായ വിവരങ്ങള്‍ ലഭ്യമാക്കുക എന്നതും മറ്റൊരു പ്രശ്‌നമാണ്. ഇതിനേക്കാളെല്ലാം പ്രയാസകരമായ മറ്റൊരു പ്രശ്‌നവുമുണ്ട്. എല്ലാ ഓരോ റിപ്പോര്‍ട്ടറും ഉദ്ധരിക്കുന്ന വിവരണത്തില്‍ പ്രശ്‌നങ്ങള്‍ നിര്‍ധാരണം ചെയ്യുന്നതില്‍ നിയമജ്ഞന്മാരുടെ വീക്ഷണത്തില്‍ പ്രാധാന്യമുള്ള എല്ലാ വശങ്ങളും ഇവര്‍ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്ന പ്രശ്‌നമാണത്.
നിവേദന ശൃംഖല
ഇത്രയും പറഞ്ഞത് റിപ്പോര്‍ട്ടര്‍മാരുടെ വിഷയം. നിവേദന ശൃംഖലയാണ് അതിനു ശേഷമുള്ള പ്രധാന സംഗതി. ഓരോ ഹദീസും റിപ്പോര്‍ട്ടര്‍മാര്‍ ആരില്‍നിന്നാണോ റിപ്പോര്‍ട്ട് ചെയ്യുന്നത് അയാള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആളുടെ സമകാലികനാണോ അല്ലേ എന്ന് മുഹദ്ദിസുകള്‍ ഉറപ്പുവരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. സമകാലികനാണെങ്കില്‍ അയാളെ റിപ്പോര്‍ട്ടര്‍ കണ്ടിട്ടുണ്ടോ ഇല്ലേ? കണ്ടിട്ടുണ്ടെങ്കില്‍ ആ പ്രത്യേക ഹദീസ് അയാളില്‍നിന്ന് നേരിട്ട് കേട്ടതാണോ അതോ കേട്ട മറ്റു വല്ലവരില്‍നിന്നും കേട്ടു അയാളെ പരാമര്‍ശിക്കാതെ വിട്ടതാണോ? ഈ കാര്യങ്ങളൊക്കെ മനുഷ്യ സാധ്യമായ അളവില്‍ മുഹദ്ദിസ് അന്വേഷിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ടാകും. എന്നാല്‍ എല്ലാ ഓരോ റിപ്പോര്‍ട്ടിലും ഇക്കാര്യങ്ങളൊക്കെ ശരിക്കും മുഹദ്ദിസിന് അറിഞ്ഞുകൊള്ളണമെന്നത് അനിവാര്യമൊന്നുമല്ല. പരമ്പര കണ്ണി ചേര്‍ന്നതാണെന്നും (മുത്തസ്വില്‍) അയാള്‍ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് കണ്ണിയറ്റതാകാനും (മുന്‍ഖത്വഅ്), ഇടക്ക് അവസ്ഥകള്‍ അറിയപ്പെടാത്തവനും അവിശ്വസനീയനുമായ ഒരു റിപ്പോര്‍ട്ടര്‍ വിട്ടുപോകാനും വളരെയേറെ സാധ്യതയുണ്ട്. അപ്രകാരം തന്നെ, മുര്‍സലോ (നബിയുടെ കാലക്കാരനല്ലാത്ത താബിഈ നബി പറഞ്ഞതായി ഉദ്ധരിക്കുന്ന ഹദീസ്), മുഅ്ദലോ (നിവേദന പരമ്പരയില്‍ രണ്ടോ കൂടുതലോ പേര്‍ അനുക്രമം അറ്റുപോയ ഹദീസ്), മുന്‍ഖത്വഓ (പരമ്പരയുടെ തുടക്കത്തിലല്ലാതെ ഒരിടത്തോ ഒന്നിലധികം ഇടങ്ങളിലോ സ്വഹാബിക്ക് മുമ്പുള്ള ഒരു റിപ്പോര്‍ട്ടര്‍ കൊഴിഞ്ഞുപോയ ഹദീസ്) ആയ, പരിഗണന കുറഞ്ഞതായി മനസ്സിലാക്കപ്പെടുന്ന ശൃംഖലയില്‍ തന്നെ വിശ്വസ്തരായ ചില റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടാകാനും അതിനാല്‍ തന്നെ തീര്‍ത്തും ശരിയാകാനുമുള്ള സാധ്യതയുമുണ്ട്.
ഇതിന്റെയും ഇതുപോലുള്ള മറ്റു പല സംഗതികളുടെയും അടിസ്ഥാനത്തില്‍ നിവേദന പരമ്പര (ഇസ്‌നാദ്), റിപ്പോര്‍ട്ടര്‍മാരെക്കുറിച്ചുള്ള വിമര്‍ശന നിരൂപണങ്ങള്‍ (ജുര്‍ഹ് വ തഅ്ദീല്‍) എന്നീ വിജ്ഞാനീയങ്ങളും തീര്‍ത്തും കുറ്റമറ്റതല്ലെന്ന് മനസ്സിലാക്കപ്പെടുന്നു. പ്രവാചക ചര്യയും സ്വഹാബികളുടെ നടപടികളും (ആസാര്‍) അന്വേഷിച്ച് ഉറപ്പ് വരുത്തുന്നതിന് സഹായകമാണ് എന്ന പരിധിയോളം ഈ സംഗതികളൊക്കെ തീര്‍ച്ചയായും അവലംബനീയം തന്നെ. ആ അളവില്‍ അവ സംഗതവും പരിഗണനീയവുമാണ്. എന്നാല്‍ പൂര്‍ണമായും അതിനെ മാത്രം ആശ്രയിക്കുക എന്ന അളവില്‍ അവയെ പരിഗണിക്കാന്‍ പറ്റുകയില്ല.
അഖ്ബാരീ വീക്ഷണവും ഫിഖ്ഹീ വീക്ഷണവും
നാം മുകളില്‍ പറഞ്ഞ പ്രകാരം മുഹദ്ദിസുമാരുടെ (അല്ലാഹുവിന്റെ അനുഗ്രഹം അവരില്‍ ഉണ്ടാകട്ടെ) വിശേഷാല്‍ വിഷയം വൃത്താന്തങ്ങളും (അഖ്ബാര്‍) സ്വഹാബികളുടെ നടപടികളും (ആസാര്‍) അന്വേഷിച്ച് ഉറപ്പ് വരുത്തി റിപ്പോര്‍ട്ട് ചെയ്യുക എന്നതത്രെ. അതിനാല്‍ അവരില്‍ വാര്‍ത്താ പ്രധാനമായ വീക്ഷണത്തിനാണ് കൂടുതല്‍ സ്വാധീനം. റിപ്പോര്‍ട്ടുകള്‍ അവലംബനീയമാണോ അല്ലേ എന്നാണ് അവരുടെ നോട്ടം. നിവേദന പരമ്പര (ഇസ്‌നാദ്)യുടെയും റിപ്പോര്‍ട്ടര്‍മാരുടെയും അടിസ്ഥാനത്തില്‍ അവ എങ്ങനെ എന്നത് മാത്രമാണ് അവര്‍ ഏറിയാല്‍ നോക്കുക. നിയമജ്ഞന്റേതായ (ഫഖീഹ്) വീക്ഷണം (അതായത് ഹദീസിന്റെ 'മത്‌ന്' അഥവാ പ്രമേയ മൂലപാഠത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ച് അത് സ്വീകാര്യയോഗ്യമാണോ അല്ലേ എന്ന് അഭിപ്രായപ്പെടുന്നത്) അവരുടെ വിശേഷാല്‍ വിഷയവുമായി ഒരു പരിധിയോളം ബന്ധമില്ലാത്തതാണ്. അതിനാല്‍, മിക്കപ്പോഴും അത് അവരുടെ ദൃഷ്ടിപഥത്തില്‍നിന്ന് ഗോപ്യമാകുന്നു. റിപ്പോര്‍ട്ടുകള്‍ ആ ഒരു വീക്ഷണത്തിലൂടെ അവര്‍ നോക്കുന്നത് അപൂര്‍വമാണ്. അക്കാരണത്താലാണ് പലപ്പോഴും ആശയപരമായി കൂടുതലായി പരിഗണനീയമല്ലാത്ത ഒരു റിപ്പോര്‍ട്ട് അവര്‍ പ്രബലമെന്ന് വിധിക്കുന്നത്. അതേസമയം മറ്റൊരു റിപ്പോര്‍ട്ടിന് അവരുടെ ദൃഷ്ടിയില്‍ പരിഗണന കമ്മിയായിരിക്കും. അതാണെങ്കില്‍ ആശയപരമായി ശരിയുമായിരിക്കും. ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇത് വിസ്തരിക്കാന്‍ ഇവിടെ അവസരമില്ല. എന്നാല്‍, മുഹദ്ദിസുകളുടേതായ വീക്ഷണം പല സന്ദര്‍ഭങ്ങളിലും ഫഖീഹുകളുടെ വീക്ഷണവുമായി ഇടയുന്നതായി ശരീഅത്തിനെ കുറിച്ച് അവഗാഹമുള്ളവരെ സംബന്ധിച്ചേടത്തോളം ഗോപ്യമായൊരു കാര്യമല്ല. പ്രശ്‌നങ്ങള്‍ പ്രബലമായ ഹദീസുകളെ ആസ്പദമാക്കി വിശകലനം ചെയ്യുന്നതിലും വിധികള്‍ കണ്ടെത്തുന്നതിലും ഗവേഷണ ബുദ്ധികളായ ഫുഖഹാക്കള്‍ പാലിക്കുന്ന സന്തുലിതത്വം പാലിക്കാന്‍ മഹാന്മാരായ മുഹദ്ദിസുകള്‍ക്ക് സാധിക്കാറില്ല.
(വിവ: വി.എ.കെ)
1. ഇവിടെ ഉദാഹരണാര്‍ഥം ഉദ്ധരിച്ച വിവരങ്ങളത്രയും അല്ലാമാ ഇബ്‌നു അബ്ദില്‍ ബര്‍റിന്റെ 'ജാമിഉ ബയാനില്‍ ഇല്‍മ്' എന്ന ഗ്രന്ഥത്തില്‍ നിന്നെടുത്തതാണ്.
Comments