ജേതാക്കള്‍ രചിക്കുന്ന ചരിത്രം ഇങ്ങനെയാണ്
'ചരിത്രം ജേതാക്കളാല്‍ രചിക്കപ്പെടുന്നു' - വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റേതായി പറയപ്പെടുന്ന ഒരു ഉദ്ധരണിയാണിത്. സംസ്‌കാരങ്ങളുടെ ഉത്ഥാനപതനങ്ങളുടെ ചരിത്രം പഠിക്കുന്ന ഗവേഷണ വിദ്യാര്‍ഥിക്ക് ഈ ഉദ്ധരണി പലപ്പോഴും സത്യമായി ബോധ്യപ്പെടാറുണ്ട്. ഒരുപക്ഷേ, നൂറ്റാണ്ടുകള്‍ക്ക് ശേഷം ഈ മിഥ്യകള്‍ പൊളിച്ചെഴുതപ്പെട്ടേക്കാം. എന്നാല്‍, അത് ഗവേഷകരുടെ ഇടയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നവയായിരിക്കും. സാധാരണക്കാരുടെ മനസ്സില്‍ അപ്പോഴും ആ പഴയ മിഥ്യകള്‍ തന്നെയായിരിക്കും വാഴുക. സ്‌കൂള്‍ പുസ്തകങ്ങളിലും അത് തന്നെയായിരിക്കും പഠിപ്പിക്കപ്പെടുക. ഗൂഗ്ള്‍ സെര്‍ച്ചുകളിലും ആ പഴയ ചരിത്രം തന്നെയായിരിക്കും മിക്കവാറും ലഭിക്കുക.
പാശ്ചാത്യ നവോത്ഥാനത്തിന്റെ കാരണങ്ങള്‍ പരതുന്ന ചരിത്ര വിദ്യാര്‍ഥിക്ക് ലഭിക്കുന്ന ഉത്തരങ്ങളിലും ജേതാക്കളുടെ ഈ ചരിത്രരചനാ സ്വാധീനം അനുഭവപ്പെടാതിരിക്കില്ല. നവോത്ഥാനവുമായി ബന്ധപ്പെട്ട്, മധ്യകാല പാശ്ചാത്യ ചരിത്രകാരന്മാരുടെ സിദ്ധാന്തങ്ങള്‍ വളരെ വിചിത്രങ്ങളാണ്. അത് നമുക്കിങ്ങനെ വായിക്കാം: ''ബി.സി അറുനൂറോടെ ഗ്രീസില്‍ ശാസ്ത്രം ഉദയം ചെയ്യുകയും ബി.സി 146-ല്‍ റോമക്കാര്‍ ഗ്രീക്കുകാരെ കീഴടക്കുന്നത് വരെ അത് തഴച്ച് വളരുകയും, പിന്നീട് സി.ഇ 1500-ല്‍ പാശ്ചാത്യ നവോത്ഥാന കാലത്ത് അത് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് വരെ മൃതാവസ്ഥയിലാവുകയും ചെയ്തു.'' ഇതാണ് ശാസ്ത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച പാശ്ചാത്യ സിദ്ധാന്തം. ഇത് എത്രത്തോളം വാസ്തവ വിരുദ്ധവും പരിഹാസ്യവുമാണെന്ന് ഡിക് തെരേസി തന്റെ 'ലോസ്റ്റ് ഡിസ്‌കവറി' എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു: ''ശാസ്ത്രം ഗ്രീക്ക് മണ്ണില്‍ ആദ്യമായി പൊട്ടിമുളക്കുകയും എന്നിട്ട് നവോത്ഥാന കാലം വരെ (ഏതാണ്ട് ആയിരത്തി അഞ്ഞൂറ് വര്‍ഷം) അത് അപ്രത്യക്ഷമാവുകയും ചെയ്തു എന്ന സിദ്ധാന്തം, ചുരുക്കിപ്പറഞ്ഞാല്‍ വിഡ്ഢിത്തവും പരിഹാസ്യവുമാണ്.''1
ഈ വാദത്തിലൂടെ രണ്ട് കാര്യങ്ങളാണ് വാദിച്ചുറപ്പിക്കുന്നത്:
ഒന്ന:് ബി.സി 600-ന് മുമ്പ് ലോകത്തെവിടെയും ഒരു ശാസ്ത്രീയ മുന്നേറ്റവും ഉണ്ടായിട്ടില്ല. രണ്ട്: ഗ്രീക്ക് പതനം മുതല്‍ കോപ്പര്‍ നിക്കസ് വരെയുള്ള ആയിരത്തി അഞ്ഞൂറ് വര്‍ഷത്തിനിടയില്‍ യാതൊരുവിധ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും ലോകത്തെവിടെയും ഉണ്ടായിട്ടില്ല. കോപ്പര്‍ നിക്കസിന്റെ കാലമായപ്പോഴേക്കും, മൃതാവസ്ഥയിലായിരുന്ന ഗ്രീക്ക് ശാസ്ത്രം ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ഒരു വിഭാഗം 'ചരിത്രകാരന്മാര്‍' നവോത്ഥാനത്തിന് മുസ്‌ലിംകളുടെ പങ്ക് ഭാഗികമായി അംഗീകരിക്കുന്നുണ്ട്. അവര്‍, ഗ്രീക്ക് ശാസ്ത്രം പാശ്ചാത്യര്‍ക്ക് പകര്‍ന്ന് നല്‍കുക മാത്രമാണ് ചെയ്തതെന്നും മുസ്‌ലിംകളുടേതായ യാതൊരു സംഭാവനകളും അതില്‍ ഉണ്ടായിരുന്നില്ലെന്നും വാദിക്കുന്നു.
ഈ വാദങ്ങളെല്ലാം തീര്‍ത്തും ചരിത്രവിരുദ്ധങ്ങളാണ്. ബി.സി 600-ന് മുമ്പ് ഈജിപ്ത്, ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ ശാസ്ത്ര മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട് എന്നത് അനിഷേധ്യ ചരിത്ര സത്യമാണ്. ഗ്രീക്കുകാര്‍ക്ക് ഈജിപ്തുമായി വ്യാപാര ബന്ധങ്ങളുണ്ടായിരുന്നുവെന്നും, ആ ബന്ധങ്ങളില്‍ നിന്ന് വൈജ്ഞാനിക കൈമാറ്റം നടന്നിട്ടുണ്ടെന്നും ഗ്രീക്കുകാര്‍ തന്നെ സമ്മതിക്കുന്ന കാര്യവുമാണ്. ''ഗ്രീക്കുകാര്‍ അവരുടെ സമകോണം ഉണ്ടാക്കുന്നതിന് മുമ്പുതന്നെ ഗണിതശാസ്ത്രം ലോകത്ത് നിലനിന്നിട്ടുണ്ട്........ ഗ്രീക്കുകാര്‍ തന്നെ - ഡെമോക്രാറ്റിസ്, ഹെരഡോട്ടസ്, അരിസ്റ്റോട്ടില്‍ എന്നിവര്‍ - ഈജിപ്തുകാരെ അവരുടെ ഗണിതശാസ്ത്ര ഗുരുക്കന്മാരായി വളരെയധികം പുകഴ്ത്തിയിട്ടുണ്ട്.''2
സി.ഇ 1500-ല്‍ പാശ്ചാത്യ നവോത്ഥാനം തുടങ്ങുന്ന കാലത്ത് ഗ്രീക്ക് ശാസ്ത്രം മൃതാവസ്ഥയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നാണല്ലോ രണ്ടാമത്തെ വാദം. ഈ 'ഉയിര്‍ത്തെഴുന്നേല്‍പ്പ്' നടന്നതെങ്ങനെ എന്നാണ് പരിശോധിക്കേണ്ടത്. ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഒരു കാരണം ഉണ്ടായിരിക്കണമല്ലോ. എന്നാല്‍, മധ്യകാല ചരിത്രകാരന്മാരാരും തന്നെ അത്തരം ഒരു കാരണവും വിശദീകരിക്കുന്നില്ല. ഇറ്റലിയിലാണ് നവോത്ഥാനം തുടങ്ങിയതെന്നും ഗ്രീക്ക് പൈതൃകമാണ് അതിന്റെ സ്രോതസ്സെന്നും മാത്രമാണ് അവര്‍ പറഞ്ഞു വെക്കുന്നത്. നഷ്ടപ്പെട്ട തങ്ങളുടെ പൈതൃകം കണ്ടെത്തി എന്നാണ് അവര്‍ അവകാശപ്പെടുന്നത്. 'നഷ്ടപ്പെട്ട പൈതൃകം' എന്ന പ്രയോഗം തന്നെ തെറ്റാണ്. യഥാര്‍ഥത്തില്‍ അവ നഷ്ടപ്പെടുകയല്ല ചെയ്തത്. ബോധപൂര്‍വം നഷ്ടപ്പെടുത്തുകയായിരുന്നു. മതമൗലികവാദത്തിന്റെ പേരില്‍ അരിസ്റ്റോട്ടിലിന്റെ ഗ്രന്ഥങ്ങള്‍ നിരോധിക്കുകയും അക്കാദമികള്‍ അടച്ചുപൂട്ടുകയും തത്ത്വചിന്തകരെയും ശാസ്ത്രജ്ഞരെയും പീഡിപ്പിക്കുകയും, ജീവനോടെ ചുട്ടു കൊല്ലുകയും ശേഷിച്ചവരെ നാടുകടത്തുകയും ചെയ്തു കൊണ്ട് ഗ്രീക്ക് പൈതൃകത്തെ അവര്‍ നിര്‍ദാക്ഷിണ്യം നാടുകടത്തുകയായിരുന്നു. ഈ വിഷയം മാര്‍ക്ക് ഗ്രഹാം സംഗ്രഹിക്കുന്നത് ഇങ്ങനെയാണ്: ''പൊതു ധാരണക്ക് വിരുദ്ധമായി
പാശ്ചാത്യര്‍ക്ക് ഗ്രീക്ക് വിജ്ഞാനങ്ങള്‍ നഷ്ടപ്പെടുകയല്ല ചെയ്തത്. മതമൗലിക വാദത്തിന്റെ പേരില്‍ അവ ബോധപൂര്‍വം നാട് കടത്തപ്പെടുകയായിരുന്നു.''3
ഗ്രീക്ക് ശാസ്ത്രവും തത്ത്വചിന്തയും സഭക്ക് എന്നും തലവേദനയായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ടോളിഡോയില്‍ നവോത്ഥാനത്തിന് കാരണമായ രണ്ടാം പരിഭാഷാ പ്രക്രിയ അരങ്ങ് തകര്‍ക്കുമ്പോഴും പശ്ചിമ യൂറോപ്പ് ശാസ്ത്രത്തോട് മുഖം തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. നവോത്ഥാന പണ്ഡിതന്മാര്‍ വര്‍ഷങ്ങളുടെ കഷ്ടപ്പാടിനൊടുവില്‍ അറബിയില്‍ നിന്ന് ലാറ്റിനിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗ്രീക്ക് പൈതൃകവുമായി നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ പരവതാനി വിരിച്ച് സ്വീകരിക്കാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല. പകരം അവരില്‍ പലര്‍ക്കും ലഭിച്ചത് മതഭ്രഷ്ടും പുറത്താക്കല്‍ ഭീഷണിയുമാണ്. എന്തിനേറെ പറയുന്നു, പതിനേഴാം നൂറ്റാണ്ടില്‍ പോലും മതനിന്ദയുടെ പേരില്‍ ഗലീലിയോവിനെ വീട്ട് തടങ്കലിലാക്കുകയും പത്ത് വര്‍ഷത്തെ നരകയാതനക്ക് ശേഷം അദ്ദേഹം അവിടെക്കിടന്ന് തന്നെ മരിക്കുകയുമാണുണ്ടായത്. ബ്രൂണോയെ അവര്‍ ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്തു. മറുഭാഗത്ത്, ജനങ്ങളില്‍ ശാസ്ത്രീയാവബോധം വര്‍ധിക്കാന്‍ തുടങ്ങി എന്നതും യാഥാര്‍ഥ്യമാണ്. ഒടുവില്‍ സഭ അവരുമായി സമരസപ്പെടാന്‍ നിര്‍ബന്ധിതരായി- ഇതാണ് പൈതൃക സ്‌നേഹത്തിന്റെ കഥ.
അടുത്ത ചോദ്യം, പൈതൃകം എങ്ങനെ കണ്ടെത്തി എന്നതാണ്. സി.ഇ 1500-ന് മുമ്പുള്ള 800 വര്‍ഷത്തെ മുസ്‌ലിംചരിത്രം മറച്ചുവെച്ചുകൊണ്ടാണ് കണ്ടെത്തലിന്റെ അത്ഭുത കഥ അവര്‍ അവതരിപ്പിക്കുന്നത്. അതിന്റെ കാരണം വില്യം ഡ്രേപ്പര്‍ സൂചിപ്പിച്ചത് പോലെ തന്നെ, മതവിരോധവും സങ്കുചിത ദേശീയ താല്‍പര്യങ്ങളുമായിരുന്നു. ''മുഹമ്മദീയരോടുള്ള നമ്മുടെ കടപ്പാട് വ്യവസ്ഥാപിതമായ രീതിയില്‍ മറച്ചുവെച്ച പാശ്ചാത്യ സാഹിത്യരചനകളെ ഞാന്‍ അപലപിക്കുന്നു. തീര്‍ച്ചയായും അത് അധികനാള്‍ മൂടിവെക്കാന്‍ കഴിയുകയില്ല. മതവിരോധത്തിന്റെയും പൊങ്ങച്ച ദേശീയതയുടെയും അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ആ അനീതി എന്നെന്നും നിലനില്‍ക്കുകയുമില്ല.''4
മോണ്ട്‌ഗോമറി വാറ്റ് ഈ വിഷയത്തെ കാണുന്നത് ഇങ്ങനെയാണ്: ''ഇസ്‌ലാമിനോടുള്ള എതിര്‍പ്പ് മൂലം പാശ്ചാത്യര്‍, മുസ്‌ലിംകളുടെ സ്വാധീനം കുറച്ചു കാണിക്കുകയും ഗ്രീക്ക്-റോമന്‍ പൈതൃകങ്ങളോടുള്ള അവരുടെ വിധേയത്വം പെരുപ്പിച്ച് കാണിക്കുകയും ചെയ്തു. അതുകൊണ്ട് നമ്മുടെ ഇപ്പോഴത്തെ പ്രധാന കര്‍ത്തവ്യം, അവരുടെ തെറ്റായ ഈ ഊന്നലിനെ തിരുത്തുകയും, അറബികളോടും ഇസ്‌ലാമിക ലോകത്തോടുമുള്ള നമ്മുടെ കടപ്പാട് പൂര്‍ണമായി അംഗീകരിക്കുകയും ചെയ്യുക എന്നതാണ്.''5
ചരിത്ര തമസ്‌കരണത്തിന്റെ ലക്ഷ്യം
ചരിത്ര തമസ്‌കരണത്തിലൂടെ അവര്‍ ലക്ഷ്യമിട്ടത് മുസ്‌ലിം സമൂഹത്തിന്റെ ആത്മവീര്യം ചോര്‍ത്തിക്കളയുകയും അവരെ നിഷ്‌ക്രിയരാക്കുകയും അവരില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നത് കൂടിയായിരുന്നു. വിശുദ്ധ ഖുര്‍ആനിന്റെ വികലമായ പരിഭാഷയിലൂടെ ഇസ്‌ലാമിനെ അപരിഷ്‌കൃതവും ശാസ്ത്ര വിരുദ്ധവും സ്ത്രീവിരുദ്ധവുമായ മതമായി ചിത്രീകരിക്കുകയും ചെയ്തു. അക്രമവും മൗലികവാദവും അതിന്റെ മുഖമുദ്രയാക്കി മാറ്റി. സ്വന്തം ന്യൂനതകളെ മറ്റുള്ളവരില്‍ ആരോപിക്കുന്ന 'പ്രൊജക്ഷന്‍' എന്ന ഒരുതരം വികല മാനസികാവസ്ഥയായി വാറ്റ് ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. 'ഹിസ്റ്റോറിക്കല്‍ എഞ്ചിനീയറിംഗ്' എന്നാണ് മാര്‍ക്ക് ഗ്രഹാം ഇതിനെ വിളിക്കുന്നത്. അതായത്, ചരിത്രത്തെ ഇഛാനുസരണം മാറ്റിമറിക്കല്‍. എഡ്വേഡ് സെയ്ദിന്റെ 'ഓറിയന്റലിസം' എന്ന ഗ്രന്ഥം ഈ വിഷയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ എഞ്ചിനീയറിംഗ് തന്ത്രം ഇപ്പോഴും പയറ്റിക്കൊണ്ടിരിക്കുന്നു എന്നത് ഏറെ ഖേദകരം തന്നെയാണ്. എന്നാല്‍ മറുവശത്ത്, ഈ ചരിത്ര ധ്വംസകരെ തൊലിയുരിച്ച് കാണിക്കാന്‍ ധൈര്യമുള്ള, നിഷ്പക്ഷമതികളായ ചരിത്രകാരന്മാര്‍ എഴുന്നേറ്റ് നില്‍ക്കുന്നു എന്നത് ആശ്വാസകരമാണ്. സത്യത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ച കുറേ സുമനസ്സുകളും കൂടെയുണ്ട് എന്നതും.
എണ്ണൂറ് വര്‍ഷത്തെ മുസ്‌ലിം ശാസ്ത്ര ചരിത്രം തമസ്‌കരിക്കപ്പെട്ടതിന്റെ കാരണമാണ് മുകളില്‍ വിവരിച്ചത്. ഈ അനീതി എന്നെന്നും മൂടിവെക്കാന്‍ സാധിക്കുകയില്ലെന്നും അതിനാല്‍, ഇസ്‌ലാമിക ലോകത്തോടുള്ള കടപ്പാട് പൂര്‍ണമായി അംഗീകരിക്കണമെന്നുമാണ് അവര്‍ പറഞ്ഞു വെച്ചത്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതും. വാറ്റ് തുടരുന്നു: ''മധ്യകാല ക്രിസ്ത്യന്‍ എഴുത്തുകാര്‍ പല കാര്യങ്ങളിലും ഇസ്‌ലാമിന്റെ വികൃത ചിത്രം സൃഷ്ടിച്ചു എന്നത് കുറച്ച് കാലമായി അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നാല്‍, കഴിഞ്ഞ നൂറ്റാണ്ടിലെ പണ്ഡിതന്മാരുടെ ശ്രമഫലമായി (ഇസ്‌ലാമിനെക്കുറിച്ച) വസ്തുനിഷ്ഠമായ ഒരു ചിത്രം പാശ്ചാത്യരുടെ മനസ്സില്‍ രൂപം പ്രാപിച്ച് വരുന്നുണ്ട്.''6
മൂന്നാമതൊരു വിഭാഗം 'ചരിത്രകാരന്മാര്‍' നവോത്ഥാന പൂര്‍വ കാലത്തെ മുസ്‌ലിംകളുടെ സ്വാധീനത്തെ ഭാഗികമായി അംഗീകരിക്കുന്നുണ്ട് എന്ന് സൂചിപ്പിച്ചുവല്ലോ. അവര്‍ പറയുന്നത്, മുസ്‌ലിംകള്‍ ഗ്രീക്ക് ശാസ്ത്രം പാശ്ചാത്യര്‍ക്ക് പകര്‍ന്ന് നല്‍കുക മാത്രമാണ് ചെയ്തതെന്നാണ്; അവരുടേതായ യാതൊരുവിധ സംഭാവനകളും ഇല്ലാതെ. ഈ വാദവും നിലവില്‍ ലഭ്യമായ ചരിത്ര രേഖകള്‍ക്ക് വിരുദ്ധമാണ്. ഈ വാദത്തെ ഒരു ചരിത്രകാരന്‍ ഹാസ്യരൂപേണ വിവരിക്കുന്നത് ഇങ്ങനെയാണ്: ''ഗ്രീക്ക് മഹാസാഹിത്യങ്ങള്‍ ഉള്ള ഒരു രഹസ്യ ഗ്രന്ഥശാലയില്‍ മുസ്‌ലിംകള്‍ വെറുതെയങ്ങ് പ്രവേശിച്ച് അഞ്ച് നൂറ്റാണ്ടുകളോളം തലയും ചൊറിഞ്ഞുകൊണ്ട് അവയെ തുറിച്ച് നോക്കിക്കൊണ്ടിരിക്കുകയായിരുന്നില്ല അവര്‍.''7 അദ്ദേഹം തുടരുന്നു: ''മുസ്‌ലിംകള്‍ വിദേശ വിജ്ഞാനീയങ്ങളുടെ നിഷ്‌ക്രിയരായ ഗ്രാഹകര്‍ മാത്രമായിരുന്നില്ല. അവരായിരുന്നു സി.ഇ 641-ല്‍ അലക്‌സാന്‍ഡ്രിയയിലെ ഗ്രീക്ക് വിജ്ഞാന കേന്ദ്രം അനന്തരമെടുത്തത്. പ്ലേറ്റോയുടെ കൃതികള്‍ മാത്രമായിരുന്നില്ല അവര്‍ പ്രയോജനപ്പെടുത്തിയത്. അരിസ്റ്റോട്ടിലിന്റെ ലഭ്യമായ എല്ലാ കൃതികളും അവര്‍ പ്രയോജനപ്പെടുത്തിയിരുന്നു.''8
''അറബികളുടെ പരീക്ഷണങ്ങളും ചിന്തകളും എഴുത്തുകളും പൂര്‍ണരൂപത്തില്‍ ഉള്‍ക്കൊള്ളുന്ന ഒരാള്‍ക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും: അറബികളുടെ സ്വാധീനം ഇല്ലായിരുന്നെങ്കില്‍ പാശ്ചാത്യ ശാസ്ത്രവും തത്ത്വശാസ്ത്രവും ഇന്ന് കാണുന്ന രീതിയില്‍ പുരോഗതി പ്രാപിക്കുമായിരുന്നില്ല. ഗ്രീക്ക് ചിന്തയുടെ വെറുമൊരു പ്രസരണ യന്ത്രമായിരുന്നില്ല അറബികള്‍. അവര്‍ അതിന്റെ യഥാര്‍ഥ വാഹകരായിരുന്നു. അവര്‍ അതിനെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയുമുണ്ടായി.''9
''ലോകമെമ്പാടുമുള്ള സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ദീപവാഹകരായിരുന്നു അറബികള്‍. മാത്രമല്ല, അവര്‍ മുഖേനെയായിരുന്നു പൗരാണിക ശാസ്ത്രങ്ങളും തത്ത്വചിന്തകളും വീണ്ടെടുക്കപ്പെട്ടതും പരിപോഷിപ്പിക്കപ്പെട്ടതും. പശ്ചിമ യൂറോപ്യന്‍ നവോത്ഥാനം സാധ്യമാകത്തക്ക രീതിയില്‍ അവര്‍ അത് പാശ്ചാത്യര്‍ക്ക് പകര്‍ന്ന് നല്‍കുകയും ചെയ്തു.''10
മുസ്‌ലിംകള്‍ ഗ്രീക്ക് ശാസ്ത്രത്തിന്റെ വെറും സൂക്ഷിപ്പുകാര്‍ മാത്രമായിരുന്നു എന്ന വാദത്തെ ഡിക്ക് തെരേസി ഖണ്ഡിക്കുന്നത് മൂന്ന് കാരണങ്ങളാലാണ.് ഒന്ന്: അറബികള്‍ ഗ്രീക്ക് ആള്‍ജിബ്രയും ട്രിഗ്‌ണോമെട്രിയും സംരക്ഷിച്ചു എന്ന് എങ്ങനെ പറയാനാകും, പൗരാണിക ഗ്രീക്കുകാര്‍ക്ക് അങ്ങനെയൊരു വിജ്ഞാന ശാഖ ഇല്ലാതിരിക്കെ? രണ്ട്: അറബി ഗണിതത്തിന്റെ അടിസ്ഥാനം പൂജ്യം മുതല്‍ ഒന്‍പത് വരെയുള്ള ഇന്ത്യന്‍ അക്കങ്ങളായിരുന്നു, റോമന്‍ അക്കങ്ങളായിരുന്നില്ല എന്ന വസ്തുത ഈ സാങ്കല്‍പ്പിക സിദ്ധാന്തക്കാര്‍ പറ്റെ അവഗണിക്കുന്നു. മൂന്ന:് വെറും പകര്‍ത്തുകാര്‍ എന്നതിലുപരി അറബികള്‍ അവരുടേതായ ഗണിതശാസ്ത്രം വികസിപ്പിക്കുകയായിരുന്നു.11
അറബികളുടെ സംഭാവനകളെക്കുറിച്ച് ബാരല്‍ ക്യാരാ ഡി വോക്‌സ,് ലെഗസി ഓഫ് ഇസ്‌ലാമില്‍ ഇങ്ങനെ പറയുന്നു: ''അറബികള്‍ ശാസ്ത്രമേഖലയില്‍ വളരെയധികം മൂല്യവത്തായ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. പാശ്ചാത്യരെ അറബി അക്കങ്ങള്‍ പഠിപ്പിച്ചത് അവരാണ്; അവരല്ല അത് കണ്ടുപിടിച്ചതെങ്കിലും. ദൈനംദിന ജീവിതത്തിന് ആവശ്യമായ അംഗഗണിതത്തിന് അടിത്തറ പാകിയതും അവരാണ്. ആള്‍ജിബ്ര ഒരു യഥാര്‍ഥ ശാസ്ത്രമാക്കി വികസിപ്പിച്ചതും അനാലിറ്റിക്കല്‍ ജ്യോമട്രിക്ക് അടിത്തറ പാകിയതും അവര്‍തന്നെയായിരുന്നു. ഗ്രീക്കുകാരുടെ കാലത്ത് ഇല്ലാതിരുന്ന പ്ലെയിന്‍, സ്‌ഫെരിക്കല്‍ ട്രിഗ്‌ണോമെട്രിക്ക് അടിസ്ഥാന ശിലയിട്ടതും സംശയലേശമന്യേ അവര്‍തന്നെയായിരുന്നു. ഗോളശാസ്ത്രത്തിലും ഒട്ടനവധി മൂല്യവത്തായ നിരീക്ഷണങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്.''12
നവോത്ഥാനകാല പണ്ഡിതന്മാര്‍
അംഗീകരിക്കുന്നു
ഇനി, മുസ്‌ലിം ശാസ്ത്രജ്ഞരെക്കുറിച്ച് നവോത്ഥാനകാല പാശ്ചാത്യ എഴുത്തുകാര്‍ എന്തുപറയുന്നു എന്ന് പരിശോധിക്കാം. മുന്‍ഗാമികളുടെ കണ്ടുപിടിത്തങ്ങള്‍ അവരെ എത്രത്തോളം സ്വാധീനിച്ചിരുന്നു എന്നതിന് പ്രസക്തി ഏറെയാണല്ലോ. കോപ്പര്‍ നിക്കസ്, താന്‍ അറബി ജ്യോതിശാസ്ത്രജ്ഞരായ സര്‍ഖാലി, അല്‍ ബത്താനി, അല്‍ ബിത്‌റൂജി, ഇബ്‌നു റുശ്ദ്, സാബിത് ഇബ്‌നു ഖുര്‍റ എന്നിവരുടെ നിരീക്ഷണങ്ങളും സിദ്ധാന്തങ്ങളും ഉപയോഗപ്പെടുത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.13 അല്‍ ബത്താനിയുടെ പേരാകട്ടെ അദ്ദേഹം 23 പ്രാവശ്യം പരാമര്‍ശിക്കുന്നു. സൂര്യന്റെ ഉത്തര-ദക്ഷിണ അയനങ്ങള്‍ ഗോളശാസ്ത്രജ്ഞരെ അതിശയിപ്പിച്ച പ്രതിഭാസമായിരുന്നുവല്ലോ. ഈ വിഷയത്തെ ആദ്യമായി ശാസ്ത്രീയമായി വിവരിച്ചത് നസ്വീറുദ്ദീന്‍ അത്ത്വൂസിയായിരുന്നു (മ. 1274). അത്ത്വൂസി കപ്പിള്‍ എന്ന് അറിയപ്പെടുന്ന ഈ സിദ്ധാന്തം, പേര് പരാമര്‍ശിക്കാതെ കോപ്പര്‍ നിക്കസ് തന്റെ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതു പോലെത്തന്നെ അല്‍ ഉര്‍ദിയുടെ 'ഉര്‍ദി ലെമ്മ' എന്ന സിദ്ധാന്തവും അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റോജര്‍ ബേക്കണിന്റെ 'ഓപ്പസ് മാജസ്' എന്ന ഗ്രന്ഥത്തില്‍ മുസ്‌ലിം ശാസ്ത്രജ്ഞരായ ഇബ്‌നുല്‍ ഹൈത്തം, ഇബ്‌നു സീന, ഇബ്‌നു റുശ്ദ്, അല്‍ ഫാറാബി, അബൂ മശ്അറില്‍ ഫലക്, അല്‍കിന്ദി, അല്‍ ഫര്‍ഗാനി, അല്‍ ബത്താനി എന്നിവര്‍ പരാമര്‍ശിക്കപ്പെട്ടതായി കാണുന്നു. ഏറ്റവും കൂടുതല്‍ പ്രാവശ്യം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത് ഇബ്‌നുല്‍ ഹൈത്തമിന്റെ പേരാണ് (മുപ്പത്തി എട്ടോളം പ്രാവശ്യം).
ഓപ്പസ് മാജസിന്റെ മുഖവുരയില്‍ ജോണ്‍ ഹെന്‍ട്രി ബ്രിഡ്ജസ്, ഇബ്‌നുല്‍ ഹൈത്തമിന്റെ സ്വാധീനത്തെക്കുറിച്ച് ഇങ്ങനെ പ്രസ്താവിക്കുന്നു: ''ഒറ്റ നോട്ടത്തില്‍ ബേക്കണിന്റെ ഓപ്പസ് മാജസിലെ പ്രകാശ ശാസ്ത്രം എന്ന ഭാഗം ഇബ്‌നുല്‍ ഹൈത്തമിന്റെ ഒപ്റ്റിക്‌സിന്റെ ഏതാണ്ടൊരു സംഗ്രഹത്തിലും അല്‍പം കൂടുതലാണെന്ന് തോന്നിയേക്കാം.'' ഈ പ്രസ്താവനയുടെ അടിക്കുറിപ്പില്‍ അദ്ദേഹം ഇത്രയും കൂടിയെഴുതി: ''ബേക്കണ്‍ ഇബ്‌നുല്‍ ഹൈത്തമില്‍ നിന്ന് വ്യത്യസ്തനായപ്പോഴെല്ലാം നേട്ടം ബേക്കണെതിരായിരുന്നു എന്ന് കാണാം.''14 കാഴ്ചയുടെ കാര്യത്തില്‍ ടോളമിയുടെയും യൂക്‌ളിഡിന്റെയും സിദ്ധാന്തങ്ങള്‍ ഇബ്‌നുല്‍ ഹൈത്തം തിരുത്തുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞനായ മൈക്കള്‍ ചാസ്‌ലസ്, ഇബ്‌നുല്‍ ഹൈത്തമിന്റെ ഗവേഷണങ്ങളെ ഇങ്ങനെ വിശേഷിപ്പിച്ചിട്ടുണ്ട്: ''പ്രകാശ ശാസ്ത്രത്തില്‍ നാം എത്തിച്ചേര്‍ന്ന എല്ലാറ്റിന്റെയും സത്തും അടിസ്ഥാനവുമായിരുന്നു അവ'' (ബെഗോവിച്ച്-നവോത്ഥാന ചിന്തകള്‍, പേ. 16)
ചോസറിന്റെ 'കാന്റര്‍ബറി കഥകള്‍' എന്ന കവിതയുടെ ആമുഖത്തില്‍, തീര്‍ഥാടനത്തിന് പോകുന്ന മുപ്പത് പേരുടെ സംഘത്തില്‍ ഒരാളായ ഒരു ഡോക്ടറുടെ വിജ്ഞാനത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഗുരുക്കന്മാരുടെ കൂട്ടത്തില്‍ ഗ്രീക്ക് ഭിഷഗ്വരന്മാരോടൊപ്പം മുസ്‌ലിം ഡോക്ടര്‍മാരായ റാസി, ഇബ്‌നു സീന, ഇബ്‌നു റുശ്ദ്, അലി ഇബ്‌നു രിദ്‌വാന്‍ മിസ്‌രി എന്നിവരെയും പരാമര്‍ശിക്കുന്നുണ്ട്.15 ഇന്‍ഡോ അറബി അക്കങ്ങള്‍ യൂറോപ്പില്‍ പ്രചരിപ്പിച്ച ഗ്രന്ഥങ്ങളിലൊന്നായ ഫിബോനാക്‌സിയുടെ ലൈബര്‍ അബാസി എന്ന ഗ്രന്ഥത്തിന്റെ മുഖവുരയില്‍, അറബികളുടെ സ്വാധീനം അംഗീകരിക്കുന്നതായി അദ്ദേഹം രേഖപ്പെടുത്തിയതായി കാണാം.
സെന്റ് തോമസ് അക്വിനാസ് (1225-1274) തന്റെ സുമ്മ തിയോളജിക്ക എന്ന ഗ്രന്ഥത്തില്‍ അറബി എഴുത്തുകാരെക്കുറിച്ച് പഠനം നടത്തിയതായും അവരോടുള്ള കടപ്പാട് അംഗീകരിക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയം മാര്‍ഗരറ്റ് സ്മിത്ത് തന്റെ അല്‍ ഗസ്സാലി ദ മിസ്റ്റിക്ക് എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.16 സെന്റ് തോമസ് അക്വിനാസ് അറബി ഗ്രന്ഥകാരന്മാരെക്കുറിച്ച് പഠിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു. അക്കാലത്ത് യൂറോപ്പില്‍ ആഞ്ഞടിച്ച ആവറോയിസത്തെ (ഇബ്‌നു റുശ്ദിന്റ അരിസ്റ്റോട്ടലിയന്‍ വ്യാഖ്യാനം) പ്രതിരോധിക്കാന്‍ വേണ്ടിയായിരുന്നു അത്. പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ ഏതാണ്ട് നാല് നൂറ്റാണ്ടുകളോളം യൂറോപ്പിലെ പ്രധാന ചിന്താധാരയായി നിലനിന്ന ആവറോയിസം സഭാവിശ്വാസങ്ങളെ ചെറുതായിട്ടൊന്നുമല്ല പിടിച്ചുലച്ചത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയാണ് സെന്റ് തോമസ് മുസ്‌ലിം എഴുത്തുകാരിലേക്ക് തിരിഞ്ഞത്. മുസ്‌ലിം ലോകമാകട്ടെ ഈ പ്രശ്‌നം നേരത്തെ തന്നെ അഭിമുഖീകരിച്ചിരുന്നതാണ്. അതുകൊണ്ടുതന്നെ പൗരാണിക യവന യുക്തിചിന്തയെ ഏക ദൈവ വിശ്വാസവുമായി സമന്വയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. അതിന്റെ ഫലമായി സ്‌കൊളാസ്റ്റിസിസം എന്ന ഒരു പുതിയ മത തത്ത്വശാസ്ത്ര ശാഖ തന്നെ രൂപംകൊള്ളുകയുണ്ടായി. അല്‍ കിന്ദി, അല്‍ ഫാറാബി, ഇബ്‌നു സീന, അല്‍ ഗസ്സാലി എന്നീ തത്ത്വചിന്തകരായിരുന്നു ഇതിന്റെ ആദ്യകാല ഉപജ്ഞാതാക്കള്‍. അവര്‍ വിശ്വാസത്തെയും യുക്തിയെയും, മതത്തെയും ശാസ്ത്രത്തെയും സമന്വയിപ്പിച്ചുകൊണ്ടാണ് യൂറോപ്പിന് കൈമാറിയത്. ഇത് ബഗ്ദാദിലെയും സ്‌പെയിനിലെയും മുസ്‌ലിംകളുടെ ശാശ്വതമായ മഹത്വത്തിന് കാരണമായ ഒരു സംഭവമായി പി.കെ ഹിറ്റി വിലയിരുത്തുന്നുണ്ട്.
സെന്റ് തോമസ് പ്രധാനമായും ആശ്രയിച്ചത് അല്‍ ഗസ്സാലിയുടെ കൃതികളെയായിരുന്നു. അദ്ദേഹത്തെക്കൂടാതെ ഡാന്റെ, റെയ്മണ്ട് മാര്‍ട്ടിന്‍, ബ്ലെയിസ് പാസ്‌ക്കല്‍ എന്നിവരും മുസ്‌ലിം എഴുത്തുകാരുടെ ഗ്രന്ഥങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഉയിര്‍ത്തെഴുന്നേല്‍പ് സിദ്ധാന്തം
നിഷേധിക്കുന്നത്
കൂരിരുട്ടില്‍ സുഖനിദ്രയിലായിരുന്ന പാശ്ചാത്യരെ തട്ടിയുണര്‍ത്തിയത് കിഴക്ക് ഉദിച്ചുയര്‍ന്ന വിജ്ഞാന സൂര്യന്റെ തീക്ഷ്ണ കിരണങ്ങളായിരുന്നു. ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്ന അവര്‍ ഒറ്റക്കും കൂട്ടായും പ്രകാശം കണ്ട ഭാഗത്തേക്ക് പ്രയാണമാരംഭിച്ചു. പത്താം നൂറ്റാണ്ടോടു കൂടിത്തന്നെ ഈ പ്രവാഹം തുടങ്ങിയിരുന്നു. പന്ത്രണ്ട്-പതിമൂന്ന് നൂറ്റാണ്ടായപ്പോഴേക്കും അതൊരു പുഴയായി രൂപാന്തരപ്പെട്ടിരുന്നു. അവരില്‍ വിജ്ഞാനദാഹികളും സുഖാന്വേഷകരുമുണ്ടായിരുന്നു. അവരുടെ യാത്രകള്‍ സ്‌പെയിന്‍, ബഗ്ദാദ്, സിറിയ, മൊറോക്കോ വരെയും നീണ്ടു. അവരില്‍ പലരും അറബി ഭാഷ പഠിച്ച,് അറബി ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങള്‍ക്കും പരിഭാഷകള്‍ക്കും ഗവേഷണങ്ങള്‍ക്കുമൊടുവില്‍ വിജ്ഞാന ഭാണ്ഡങ്ങളുമായി അവര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങി. ആ ഭാണ്ഡങ്ങളില്‍ ഗ്രീക്ക് വിജ്ഞാനീയങ്ങളുടെ പരിഭാഷകളുണ്ടായിരുന്നു, ഗ്രീക്ക് ഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളുണ്ടായിരുന്നു, മുസ്‌ലിംകളുടെ നൂതന കണ്ടുപിടിത്തങ്ങളുണ്ടായിരുന്നു. മത തത്ത്വശാസ്ത്രമെന്ന പുതിയൊരു ചിന്താധാരയുമുണ്ടായിരുന്നു. എല്ലാറ്റിലുമുപരി ഇസ്‌ലാമിക സംസ്‌കാരവുമുണ്ടായിരുന്നു.
ഈ വിജ്ഞാനീയങ്ങളും ഇസ്‌ലാമിക സംസ്‌കാരവും പാശ്ചാത്യന്‍ മണ്ണിലേക്ക് കുറേശ്ശെ അരിച്ചിറങ്ങാന്‍ തുടങ്ങി. ക്രമേണ അതൊരു അനര്‍ഗള പ്രവാഹമായി മാറി. ആയിരത്തി അഞ്ഞൂറുകളുടെ തുടക്കത്തിലും ആ പ്രവാഹം തുടര്‍ന്നുകൊണ്ടേയിരുന്നു. അതിന്റെ കൈവഴികള്‍ ഇന്ത്യയിലും ചൈനയിലും ചെന്നെത്തുകയുണ്ടായി. യൂറോപ്പിലെ വരണ്ട ഭൂപ്രദേശങ്ങള്‍ ഫലഭൂയിഷ്ഠമായി. അവിടെ പ്രാഥമിക വിദ്യാകേന്ദ്രങ്ങള്‍ പൊട്ടിമുളക്കാന്‍ തുടങ്ങി. അവയില്‍ ചിലത് വളര്‍ന്ന് പ്രശസ്തമായ കലാലയങ്ങളായി മാറി. ഇറ്റലിയിലെ ബൊലോഗ്ന, നേപ്പിള്‍സ്, പാദുവ, ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോഡ്, കേംബ്രിഡ്ജ് തുടങ്ങിയവ കൊര്‍ദോവ മോഡലില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട കലാലയങ്ങളില്‍ ചിലത് മാത്രം. പ്രസ്തുത കലാലയങ്ങളിള്‍ ഖവാരിസ്മിയുടെ അല്‍ ജബര്‍, അംഗഗണിതം, റാസിയുടെ അല്‍ മന്‍സൂരി, ഇബ്‌നു സീനയുടെ അല്‍ ഖാനൂന്‍, ഇബ്‌നു റുശ്ദിന്റെ അരിസ്റ്റോട്ടില്‍ വ്യാഖ്യാനങ്ങള്‍, സഹ്‌റാവിയുടെ അത്തസ്‌രീഫ്, ഇബ്‌നുല്‍ ഹൈത്തമിന്റെ പ്രകാശ ശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങള്‍ നൂറ്റാണ്ടുകളോളം പാഠപുസ്തകങ്ങളായും റഫറന്‍സ് ഗ്രന്ഥങ്ങളായും ഉപയോഗിക്കപ്പെട്ടിരുന്നു. കൊര്‍ദോവയില്‍ നിന്ന് ബിരുദമെടുത്ത മിക്ക പണ്ഡിതന്മാരും സ്വന്തം നാടുകളില്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയും പലരും അവിടെത്തന്നെ അധ്യാപകരായി ജോലി ചെയ്യുകയും ചെയ്തു. പില്‍ക്കാലത്ത് പോപ്പായിത്തീര്‍ന്ന ഗെര്‍ബര്‍ട്ട് സ്വന്തം നാട്ടില്‍ സ്‌കൂള്‍ സ്ഥാപിക്കുകയും, കൊര്‍ദോവയില്‍ നിന്ന് കൊണ്ടുവന്ന ഗ്ലോബ്, ഭൂമിശാസ്ത്ര പഠനത്തിനായി ആ സ്‌കൂളില്‍ ഉപയോഗിക്കുകയും ചെയ്തു.17 മുസ്‌ലിം ശാസ്ത്രജ്ഞരുടെ ലാറ്റിനീകരിച്ച പേരുകളും ഉദ്ധരണികളും നിരവധി പാശ്ചാത്യ ഗ്രന്ഥങ്ങളില്‍ പരന്ന് കിടക്കുന്നു.
അനേകം ഗ്രന്ഥങ്ങളില്‍ മുസ്‌ലിം സ്വാധീനങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. പില്‍ക്കാല ശാസ്ത്രജ്ഞന്മാര്‍ അവ ഉപയോഗപ്പെടുത്തിയതായും രേഖപ്പെട്ടു കിടക്കുന്നു. അറബി മൂലത്തില്‍ നിന്ന് രൂപം കൊണ്ട വളരെയധികം വാക്കുകള്‍ നിഘണ്ടുക്കളില്‍ ചിതറിക്കിടക്കുന്നു. നവോത്ഥാനപൂര്‍വ പണ്ഡിതന്മാര്‍ അറബി കയ്യെഴുത്ത് പ്രതികള്‍ മൂലഭാഷയില്‍ തന്നെ വായിച്ച് മനസ്സിലാക്കുന്നു എന്നതിന്റെ തെളിവുകളും പകല്‍ പോലെ വ്യക്തം.
ഈ ചരിത്ര സത്യങ്ങളെയാണ് പാശ്ചാത്യര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് സിദ്ധാന്തത്തിലൂടെ നിഷേധിക്കാന്‍ ശ്രമിക്കുന്നത്. ഇനി വാദത്തിന് വേണ്ടി ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ് സിദ്ധാന്തം അംഗീകരിക്കുന്നു എന്ന് വെക്കുക. എങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് നമുക്കൊന്ന് പരിശോധിക്കാം:
830-ല്‍ ബഗ്ദാദില്‍ തുടങ്ങിയ ഗ്രീക്ക് ഗ്രന്ഥ പരിഭാഷാ യജ്ഞവും ഗ്രീക്ക് കൈയെഴുത്ത് പ്രതികളുടെ പകര്‍ത്തിയെഴുത്തും ഒട്ട് മിക്ക ഗ്രീക്ക് ഗ്രന്ഥങ്ങളെയും സംരക്ഷിച്ചു എന്ന് വളരെയധികം ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
''മധ്യകാലഘട്ടത്തിന്റെ അവസാനത്തോടെ പാശ്ചാത്യന്‍ ഗ്രന്ഥപ്പുരകളില്‍ നിന്ന് ഗ്രീക്ക് വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ അപ്രത്യക്ഷമായിരുന്നു. മുസ്‌ലിംകളുടെ പരിഭാഷകളില്‍ നിന്നാണ് അവ വീണ്ടെടുക്കപ്പെട്ടത്.''18
''പുരാതന ഗ്രീക്ക് വിജ്ഞാനങ്ങളും വിവേകവും സംരക്ഷിച്ചുകൊണ്ടാണ് പ്രഗത്ഭരായ തത്ത്വചിന്തകരും ശാസ്ത്രജ്ഞരും ബഗ്ദാദിനെ മധ്യ കാലഘട്ടത്തിലെ, നൂറ്റാണ്ടുകളോളം നിലനിന്ന ഒരു വൈജ്ഞാനിക കേന്ദ്രമാക്കി മാറ്റിയത്. അല്ലായിരുന്നെങ്കില്‍ അവ (ഗ്രീക്ക് ഗ്രന്ഥങ്ങള്‍) അപ്രത്യക്ഷമായേനെ.''19
''(ബഗ്ദാദില്‍ അരങ്ങേറിയ) ഗ്രീക്ക്-അറബി പരിഭാഷാ പ്രക്രിയ, നഷ്ടപ്പെട്ടുപോയ ഗ്രീക്ക് ഗ്രന്ഥങ്ങളെയും, ലഭ്യമായതും വിശ്വസനീയമായതുമായ ഗ്രീക്ക് കൈയെഴുത്ത് പ്രതികളെയും, അറബി വിവര്‍ത്തനങ്ങളിലൂടെ വരും തലമുറക്കായി സംരക്ഷിച്ച് നിര്‍ത്തുകയുണ്ടായി. ഗ്രീക്ക് കയ്യെഴുത്ത് പ്രതികളുടെ പകര്‍ത്തിയെഴുത്തിലൂടെ അവ (ഗ്രീക്ക് ഗ്രന്ഥങ്ങള്‍) ഗ്രീക്ക് ഭാഷയില്‍ തന്നെ സംരക്ഷിക്കപ്പെട്ടു എന്നതും ഈ പരിഭാഷാ പ്രക്രിയയുടെ മറ്റൊരു സംഭാവനയാണ്.''20
''ഈ പകര്‍ത്തിയെഴുത്തും പരിഭാഷയും വളരെയധികം യവനേതിഹാസങ്ങളെ സംരക്ഷിച്ച് നിലനിര്‍ത്തിയിട്ടുണ്ട്. അല്ലായിരുന്നുവെങ്കില്‍ അവ നഷ്ടപ്പെട്ടുപോകുമായിരുന്നു.'21
മുസ്‌ലിംകള്‍, പുരാതന ഗ്രീക്കുകാര്‍ക്കും മധ്യകാല പാശ്ചാത്യര്‍ക്കുമിടയിലെ നവോത്ഥാന പ്രക്രിയയിലെ പ്രധാന കണ്ണിയായിരുന്നു എന്നാണ് ഈ ഉദ്ധരണികളില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നത.്
ഈ സുപ്രധാന കണ്ണി അറ്റുപോയിരുന്നെങ്കില്‍ പാശ്ചാത്യന്‍ നവോത്ഥാനം ഒരിക്കലും പതിനഞ്ചാം നൂറ്റാണ്ടില്‍ നടക്കുമായിരുന്നില്ല. കാരണം, ഗ്രീക്ക് ശാസ്ത്രഗ്രന്ഥങ്ങള്‍ അറബി പരിഭാഷയിലൂടെയാണ് സംരക്ഷിക്കപ്പെട്ടത് എന്ന യാഥാര്‍ഥ്യം പല ചരിത്രകാരന്മാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മതവിരോധത്തിന്റെ പേരില്‍ മാത്രമാണ് പാശ്ചാത്യര്‍ ഈ സത്യം നിഷേധിക്കുന്നതെന്ന് ആധുനിക ഓറിയന്റലിസ്റ്റുകളും അംഗീകരിക്കുന്നുണ്ട്. ജെബറിന്റെ കൃതികള്‍ എന്ന ഗ്രന്ഥത്തിന്റെ മുഖവുരയില്‍ ഇ.ജെ ഹോള്‍മിയാര്‍ഡ് പറഞ്ഞതു പോലെ, രാഷ്ട്രീയമായി ശത്രുക്കളായിരുന്നെങ്കിലും വൈജ്ഞാനിക വിഷയങ്ങളില്‍ അവര്‍ മിത്രങ്ങളായിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ സാംസ്‌കാരിക കൈമാറ്റം നടന്നതും.
മോണ്ട്‌ഗോമറി വാറ്റ് ഈ വിഷയത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്: അറബികളുടെ പരീക്ഷണങ്ങളും ചിന്തകളും എഴുത്തുകളും പൂര്‍ണരൂപത്തില്‍ മനസ്സിലാക്കുന്ന ഒരാള്‍ക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും: അറബികളുടെ സ്വാധീനം ഇല്ലായിരുന്നെങ്കില്‍ പാശ്ചാത്യ ശാസ്ത്രവും തത്ത്വശാസ്ത്രവും ഇന്ന് കാണുന്ന രീതിയില്‍ പുരോഗതി പ്രാപിക്കുമായിരുന്നില്ല.22
നവോത്ഥാനം എന്നത് ഏകമുഖ പ്രവര്‍ത്തനമല്ല. അതിന് മറ്റു സംസ്‌കാരങ്ങളുമായി കൊടുക്കല്‍- വാങ്ങലിന്റെ ചരിത്രമുണ്ട്. ബഹുമുഖ പ്രതിഭകളുടെ കൂട്ടായ പരിശ്രമങ്ങളുടെ ചരിത്രമുണ്ട്. ഗ്രീക്ക് നാഗരികതയുടെ വേരുകള്‍ തന്നെ ആഫ്രിക്കയിലും ഏഷ്യയിലുമായിരുന്നു എന്ന് ഡിക് തെരേസി എഴുതുന്നു. ഗ്രീക്ക് ശാസ്ത്രങ്ങള്‍ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിലും, മുസ്‌ലിം സംഭാവനകള്‍ യൂറോപ്പിലേക്കും ഇന്ത്യയിലേക്കും ചൈനയിലേക്കും പ്രസരിപ്പിക്കുന്നതിലും അനേകം പണ്ഡിതന്മാരുടെ അശ്രാന്ത പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവരില്‍ ക്രിസ്ത്യാനികളും ജൂതന്മാരും ഹിന്ദുക്കളും പാര്‍സികളും മുസ്‌ലിംകളുമൊക്കെയുണ്ടായിരുന്നു. ജാതി, മത, ദേശ, ഭാഷാ, വര്‍ഗ, വര്‍ണ ചിന്തകള്‍ക്കതീതമായ ഒരു കൂട്ടായ്മ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ഥ നവോത്ഥാനം സാധ്യമാകുന്നത്. ലോക ചരിത്രം ഇതിന് സാക്ഷ്യം വഹിക്കുന്നു.
References:
1. Dick Theresi, ‘Lost Discoveries’, P. 6
2. Ibid P. 32-33
3. Mark Graham, ‘How Islam created the Modern World’, P. 52
4. William Draper, History of the Intellectual Development of Europe, V- II, P. 57-58
5. Montgomery Watt, The influence of Islam on Medieval Europe, P. 84
6. Ibid P. 1 and 2
7. Mark Graham, How Islam created the Modern world
8. Ibid P. 98
9. Montgomery Watt, The influence of Islam on Medieval Europe, P.43
10. P K Hitti, History of the Arabs, P.557
11. Dick Theresi, 'Lost Discoveries', P. 71
12. Montgomery Watt, The influence of Islam on Medieval Europe, P. 30
13. John Freely, Light from the East, P. 179
14. Roger Bacon, The Opus Majus, Introduction- lxxii
15. Chaucer, The Canturberry Tales, P. 31
16. Margaret Smith, Al- Gazzali, the Mystic, P.55
17. William Draper, History of the Intellectual Development of Europe, V- II, P. 57
18. J T Aitken, The influence of Christians in Medicine, P. 34-37 ( Retief F P, The influence of Christianity on Graeco Roman Medicine upto the Renaissance, P. 273)
19. How Arabic Translators Helped preserve Greek Philosophy .... and Classical Traditions, Open Culture.com, June 15, 2017.
20. Dimitri Gutas, Greek Thought, Arabic Culture, P. 192
21. Dirk J Struk, A concise History of Mathematics, P. 92
22. Montgomery Watt, The influence of Islam on Medieval Europe, P.43
Comments