Prabodhanm Weekly

Pages

Search

2022 ജൂണ്‍ 24

3257

1443 ദുല്‍ഖഅദ് 24

ആഇശയുടെ വിവാഹപ്രായം നബിനിന്ദകരോട് പറയാനുള്ളത്

എം.എം അക്ബര്‍

ഇണകളായി ജീവിക്കുന്ന രണ്ടുപേരെ നോക്കി  ഒരാള്‍, ഇവര്‍  മാതൃകാ ദമ്പതികളാണെന്ന് പരിചയപ്പെടുത്തിയാല്‍ അതില്‍ നിന്ന് കേള്‍വിക്കാരന്‍ മനസ്സിലാക്കുന്നത് എന്തായിരിക്കും? അവര്‍ക്ക് ഒരേ പ്രായമായിരിക്കുമെന്നാണോ? പുരുഷന്‍ പ്രായക്കൂടുതലും സ്ത്രീ പ്രായക്കുറവുമുള്ളവരാണെന്നാണോ? സ്ത്രീ  പ്രായക്കൂടുതലും പുരുഷന്‍ പ്രായക്കുറവുമുള്ളവരാണെന്നാണോ? ഇതൊന്നുമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. മാതൃകാ ദമ്പതികളാണെന്ന് പരിചയപ്പെടുത്തുക സംതൃപ്തവും മാതൃകാപരവുമായ ജീവിതം നയിക്കുന്ന ഇണകളെയായിരിക്കും. സ്‌നേഹവും കാരുണ്യവും പരസ്പരം നല്‍കിക്കൊണ്ടും സ്ത്രീ പുരുഷനിലും, തിരിച്ചും ശാന്തി കണ്ടെത്തുകയും ചെയ്തുകൊണ്ടുള്ള ജീവിതത്തെക്കുറിച്ചാണ് മാതൃകാ ദാമ്പത്യമെന്ന്  പറയുന്നത്. മുഹമ്മദ് നബി(സ)യും ആഇശയും നയിച്ച ദാമ്പത്യജീവിതം അവസാന നാളുവരെയുള്ള മനുഷ്യര്‍ക്കെല്ലാം മാതൃകയായ ദാമ്പത്യജീവിതമാണെന്ന് പറയുന്നത് ഈ മാനകങ്ങളുടെ അടിസ്ഥാനത്തിലാണ്.
ഇണയുമൊത്തുള്ള തന്റെ ജീവിതത്തെക്കുറിച്ച് മധുരമൂറുന്ന പദങ്ങളുപയോഗിച്ച്, ഇണ മരണപ്പെട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞ ശേഷവും ഒരാള്‍ അനുസ്മരിക്കുന്നുണ്ടെങ്കില്‍ അതിനര്‍ഥം അയാള്‍ അനുഭവിച്ച ദാമ്പത്യജീവിതം അത്രത്തോളം സംതൃപ്തവും സ്‌നേഹ-കാരുണ്യങ്ങള്‍ നിറഞ്ഞതുമായിരുന്നുവെന്ന് തന്നെയാണ്. ആഇശ (റ) മരണപ്പെടുന്നത് 67-ാം വയസ്സിലാണ്. നബി (സ) മരണപ്പെടുമ്പോള്‍ അവര്‍ക്ക് വയസ്സ് 18. അര നൂറ്റാണ്ടോളം കാലം അവര്‍ ചെയ്ത സേവനമെന്തായിരുന്നുവെന്നതിനുള്ള ഉത്തരം ഹദീസ് ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ഏതൊരാള്‍ക്കും ലഭിക്കും. തന്റെ മടിയില്‍ കിടന്ന് ഇഹലോകവാസം വെടിഞ്ഞ അന്തിമ ദൂതന്റെ ജീവിതത്തില്‍ താന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ അടുത്ത തലമുറക്ക് പകര്‍ന്നുകൊടുക്കുകയെന്ന മഹാദൗത്യമാണ് ഇക്കാലമത്രയും അവര്‍ നിര്‍വഹിച്ചത്. മുഹമ്മദ് നബിയുമൊത്തുള്ള തന്റെ ദാമ്പത്യജീവിതത്തിന്റെ സൂക്ഷ്മാംശങ്ങള്‍ പോലും അവസാന നാളുവരെയുള്ള മനുഷ്യര്‍ക്ക് മാതൃകയായിത്തീരുന്ന വിധത്തില്‍, അവര്‍ തന്റെയടുത്തെത്തുന്നവര്‍ക്ക് പറഞ്ഞുകൊടുത്തു. അവരില്‍ നിന്ന് ഈ ഹദീസുകളില്‍ പലതും നിവേദനം ചെയ്തവരുമായുള്ള സമ്പര്‍ക്കത്തെയും അവരുപയോഗിച്ച ഭാഷയെയും സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ ഈ സംപ്രേഷണം കൂടുതലായി നടന്നത് അവരുടെ ജീവിതത്തിന്റെ അവസാനത്തെ രണ്ട് പതിറ്റാണ്ടുകളിലായിരുന്നുവെന്ന് മനസ്സിലാവും.
നബിയോടോപ്പമുള്ള ആഇശ(റ)യുടെ  ദാമ്പത്യം എത്രമാത്രം സംതൃപ്തവും സ്‌നേഹസുരഭിലവുമായിരുന്നുവെന്ന് മനസ്സിലാക്കാന്‍, ജീവിതസായാഹ്നത്തില്‍ പോലും നബിജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ അവരുടെ വാക്കുകളിലൂറുന്ന മധുരം മാത്രം പഠനവിധേയമാക്കിയാല്‍ മതി. ഈ സംതൃപ്തി തന്നെയാണ് മറ്റു ഇണകളുമായുള്ള ദാമ്പത്യജീവിതത്തിന്റെ കാര്യത്തിലെന്ന പോലെത്തന്നെ നബി-ആഇശ ദാമ്പത്യത്തിന്റെയും മാതൃക; പൂര്‍ണാര്‍ഥത്തിലുള്ള സ്‌നേഹ-കാരുണ്യങ്ങളുടെ പാരസ്പര്യം വഴി സമാധാനപൂര്‍ണവും സംതൃപ്തവുമായ ദാമ്പത്യം എങ്ങനെ സാധിക്കാമെന്നതിന് ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള മാതൃക.
തന്നോട് ഇഷ്ടമുള്ള സന്ദര്‍ഭമാണോ ദേഷ്യമുള്ള അവസരമാണോ എന്ന് ഇണയുടെ വാക്കുകള്‍ മാത്രം പരിശോധിച്ച് മനസ്സിലാക്കുന്ന പ്രവാചകന്റെ പാടവത്തെക്കുറിച്ച് അനുസ്മരിക്കുന്ന ആഇശയുടെ വാക്കുകള്‍ (സ്വഹീഹുല്‍ ബുഖാരി) എത്രമേല്‍ മധുരമുള്ള ദാമ്പത്യത്തെയാണ് അടയാളപ്പെടുത്തുന്നതെന്ന് അവ പരിശോധിച്ചാല്‍ ബോധ്യമാകും. താന്‍ രണ്ട് തവണ പ്രവാചകനോടൊപ്പം ഓട്ടപ്പന്തയം നടത്തിയിട്ടുണ്ടെന്നും ആദ്യ തവണ താന്‍ ജയിച്ചുവെന്നും രണ്ടാം തവണ താന്‍ പരാജയപ്പെട്ടുവെന്നും തന്നെ പരാജയപ്പെടുത്തിയപ്പോള്‍  'ഇത് മുമ്പത്തേതിനുള്ള മറുപടിയാണ്' എന്ന് പ്രവാചകന്‍ പറഞ്ഞുവെന്നുമുള്ള ആഇശ(റ)യുടെ ഓര്‍മകളില്‍ (അബൂദാവൂദ് സ്വഹീഹായ സനദോടെ നിവേദനം ചെയ്തത്) വെളിപ്പെടുന്നത് കളിയും തമാശയുമെല്ലാം വഴി ദാമ്പത്യത്തെ സുരഭിലമാക്കിയ നബിയെ അവര്‍ വല്ലാതെ  ഇഷ്ടപ്പെട്ടിരുന്നുവെന്ന സത്യമാണ്. 'ഞാന്‍ കുടിച്ചു വെച്ച പാനപാത്രത്തില്‍ നിന്ന് അതിന്റെ ബാക്കി പ്രവാചകന്‍ കുടിച്ചപ്പോള്‍ ഞാന്‍ എവിടെയാണോ ചുണ്ട് വെച്ചത് അവിടെത്തന്നെ ചുണ്ട് വെച്ചാണ് തിരുമേനി കുടിച്ചത്' എന്നും, 'ഒരു എല്ലിന്‍ കഷണത്തിലുണ്ടായിരുന്ന ഇറച്ചിക്കഷണങ്ങള്‍ ഞാന്‍ തിന്ന ശേഷം അതിന്റെ ബാക്കി നബി തിന്നപ്പോള്‍ ഞാന്‍ തിന്നിടത്ത് നിന്ന് തന്നെ തിരുമേനി തീറ്റയാരംഭിച്ചു'വെന്നും ആഇശ (റ) പറയുമ്പോള്‍ (നസാഈ  സ്വഹീഹായ സനദോടെ നിവേദനം ചെയ്തത്) തീറ്റയിലും കുടിയിലുമെല്ലാം സ്വീകരിച്ച ചെറിയ ചെറിയ ശ്രദ്ധകള്‍ വഴി, എത്ര സമര്‍ഥമായാണ് പ്രവാചകന്‍ ദാമ്പത്യത്തെ ആസ്വദിച്ചതും ആസ്വദിപ്പിച്ചതുമെന്ന മഹാമാതൃക അനുവദനീയമായ  ഇണജീവിതത്തിലൂടെയാകണം ലൈംഗികാസ്വാദനമാകേണ്ടതെന്ന് കരുതുന്നവര്‍ക്കെല്ലാം ലഭിക്കുന്നുണ്ട്.
വീടുകളിലെത്തിയാല്‍ ഇണകളെ ഗാര്‍ഹികജോലികളില്‍ സഹായിക്കാനാണ് പ്രവാചകന്‍ സമയം ചെലവഴിച്ചിരുന്നതെന്ന ആഇശ(റ)യുടെ സാക്ഷ്യം (സ്വഹീഹുല്‍ ബുഖാരി) ആണ്‍കോയ്മയുടെ ലാഞ്ഛന പോലുമേശാതെയാണ് അന്തിമപ്രവാചകന്‍ ജീവിച്ചതെന്നതിനുള്ള ഇണയുടെ സാക്ഷ്യത്തോടൊപ്പം തന്നെ അത്തരമൊരു ജീവിതത്തില്‍ നിന്ന് ഇണകള്‍ എത്രത്തോളം ആശ്വാസവും സംതൃപ്തിയുമനുഭവിച്ചിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. ലൈംഗികവൃത്തികള്‍ അനുവദിക്കപ്പെട്ടിട്ടില്ലാത്ത വ്രതാനുഷ്ഠാനത്തിന്റെ പകലുകളില്‍ പോലും സ്‌നേഹപ്രകടനമെന്നവണ്ണം  ഇണകളെ ചുംബിക്കുന്ന പ്രവാചകന്റെ ചിത്രം അനുയായികള്‍ക്ക് നല്‍കുന്ന ഹസ്രത്ത് ആഇശ (സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്‌ലിം) പ്രവാചകന്റെ സ്‌നേഹപ്രകടനങ്ങള്‍ വഴി  ഇണകള്‍ക്ക് സ്‌നേഹവും സംതൃപ്തിയും സമാധാനവും എത്രത്തോളം ലഭിച്ചിരുന്നുവെന്ന് മനസ്സിലാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്.
ഇണകള്‍ക്ക് ആര്‍ത്തവമുള്ള സന്ദര്‍ഭത്തില്‍ പോലും യോനീസുരതമൊഴിച്ചുള്ള ലൈംഗികചേഷ്ടകളെല്ലാം അവരുമായി പ്രവാചകന്‍ നടത്തുമായിരുന്നുവെന്ന് സാക്ഷീകരിക്കുന്ന ആഇശ (സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്‌ലിം) രജസ്വലകളായിരിക്കുമ്പോള്‍ പോലും തങ്ങള്‍ക്ക് നബിസ്‌നേഹവും സഹവാസവും  നിഷേധിക്കപ്പെട്ടിരുന്നില്ലെന്ന് വ്യക്തമാക്കുക മാത്രമല്ല, സ്വാഭാവികമായ ആ സ്ത്രീപ്രക്രിയ അവളുടെ വിസര്‍ജ്യസ്ഥലമൊഴികെ മറ്റു ശരീരഭാഗങ്ങളെയൊന്നും അശുദ്ധമാക്കുന്നില്ലെന്ന് അന്ന് ജീവിച്ചിരുന്നവരും ഇന്ന് ജീവിക്കുന്നവരും   നാളെ ജീവിക്കാനിരിക്കുന്നവരുമായ മുഴുവന്‍ സ്ത്രീ-പുരുഷന്മാരെയും ബോധ്യപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. ആര്‍ത്തവകാലത്തുപോലും ഇണകളോടൊപ്പം തിന്നുകയും കുടിക്കുകയും മാത്രമല്ല, അവരുപയോഗിച്ച ഭക്ഷണപാനീയങ്ങളുടെ ബാക്കി അതേ പാത്രങ്ങളില്‍ നിന്ന് തന്നെ ഉപയോഗിക്കുകയും സഹശയനം നടത്തുകയുമെല്ലാം  ചെയ്തിരുന്ന നബിയെക്കുറിച്ച് വാചാലമാകുന്ന ആഇശ (നസാഈ  സ്വഹീഹായ സനദോടെ നിവേദനം ചെയ്തത്), വൈകാരികപ്രശ്‌നങ്ങളാല്‍ പ്രയാസപ്പെടുന്ന പെണ്‍നാളുകളില്‍  പോലും നബിസ്‌നേഹത്തിന്റെ ശീതളിമയും ആഴങ്ങളുമനുഭവിച്ചപ്പോഴുള്ള സംതൃപ്തി വെളിപ്പെടുത്തുന്നതോടൊപ്പം തന്നെ മറ്റു പല സംസ്‌കാരങ്ങളിലെയും പോലെ, രജസ്വലയെ മൊത്തം അശുദ്ധയായും അസ്പൃശ്യയായും  കാണുകയും വൈയക്തിക വ്യവഹാരങ്ങളില്‍ നിന്ന് പോലും മാറ്റിനിര്‍ത്തുകയും ചെയ്യുന്നത് വഴിയുള്ള മനഃസംഘര്‍ഷമോ അപകര്‍ഷതാബോധമോ അനുഭവിക്കേണ്ട ദൗര്‍ഭാഗ്യമൊന്നും പ്രവാചകാനുചരികളായ വനിതകള്‍ക്കില്ലെന്ന് വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്.

പ്രായമല്ല, പൊരുത്തമാണ് പ്രധാനം

അമ്പത് കഴിഞ്ഞ നബി (സ) ഒമ്പതുകാരിയായ ആഇശ (റ)യോടൊപ്പം ദാമ്പത്യജീവിതമാരംഭിച്ചതില്‍ എന്ത് മാതൃകയാണുള്ളതെന്ന് ചോദിക്കുന്നവരോട് ആ പ്രായവ്യത്യാസത്തിലൂടെ തന്നെയാണ് നബിജീവിതം വലിയൊരു സന്ദേശം മാനവരാശിക്ക് നല്‍കുന്നത് എന്ന്  തന്നെയാണ് ഉത്തരം. പ്രായമല്ല, പൊരുത്തമാണ് ദാമ്പത്യവിജയത്തിന്റെ അടിത്തറയെന്ന സന്ദേശം നല്‍കുന്നതാണ് ആ ദാമ്പത്യത്തിന്റെ പത്ത് വര്‍ഷങ്ങള്‍. ഇരുപത്തിയഞ്ചുകാരനായിരിക്കുമ്പോള്‍ നാല്‍പതുകാരിയോടൊപ്പം ദാമ്പത്യമാരംഭിക്കുകയും  പരസ്പരം മധുരം നല്‍കിക്കൊണ്ട് ജീവിക്കുകയും കാല്‍ നൂറ്റാണ്ടുകാലം ആവോളം സ്‌നേഹം നല്‍കുകയും വാങ്ങുകയും  ചെയ്ത് യഥാര്‍ഥ ഇണകളും തുണകളുമായിത്തീരുകയും ചെയ്ത  മുഹമ്മദ്-ഖദീജ ദമ്പതികള്‍ സംതൃപ്ത ദാമ്പത്യത്തിന് പെണ്‍പ്രായം കൂടുതലാണെന്നത് തടസ്സമേയല്ലെന്ന് മാനവതയെ പഠിപ്പിച്ചത് പോലെയുള്ള മഹാമാതൃക. ഇതിനര്‍ഥം എക്കാലഘട്ടങ്ങളിലെയും എല്ലാ മനുഷ്യര്‍ക്കും ഈ പ്രായവ്യത്യാസം തുടരാന്‍ കഴിയുമെന്നോ കഴിയണമെന്നോ അല്ല, പ്രത്യുത പ്രായവ്യത്യാസമല്ല സംതൃപ്ത ദാമ്പത്യത്തിന്റെ മാനകമെന്ന സത്യം മനുഷ്യരെ പഠിപ്പിക്കുകയാണ് നബി തന്റെ വിവാഹങ്ങളിലൂടെയെല്ലാം ചെയ്തത് എന്ന് മാത്രമാണ്. ഇണകള്‍ ഏത് പ്രായത്തിലുള്ളവരാണെങ്കിലും പരസ്പരം സ്‌നേഹം നല്‍കാനും ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും കഴിയുമെങ്കില്‍ സംതൃപ്തിയുടെ കൊടുമുടിയിലെത്താന്‍ സാധിക്കുമെന്ന വലിയ പാഠമാണ് നബിവിവാഹങ്ങളെല്ലാം മാനവരാശിക്ക് നല്‍കുന്നത്.
ഒമ്പതുകാരിയുമായി ദാമ്പത്യജീവിതമാരംഭിച്ച മുഹമ്മദ് നബിയെ ശിശുകാമിയെന്നും പെഡോഫൈലെന്നും വിളിച്ച് ആക്ഷേപിക്കുന്നവരോട് വിനീതമായി പറയാനുള്ളത്, അങ്ങനെയെങ്കില്‍ നിങ്ങളും ഞാനുമെല്ലാം പെഡോഫൈലുകളുടെ മക്കളും പേരമക്കളുമാണെന്നാണ്. ഇന്ത്യയിലെ സ്ത്രീകളുമായി  ലൈംഗികബന്ധത്തിലേര്‍പ്പെടണമെങ്കില്‍  പന്ത്രണ്ട് വയസ്സെങ്കിലുമാകണമെന്ന നിയമം (The Indian Criminal Law Amendment Act, 1891) ബ്രിട്ടീഷ് സര്‍ക്കാര്‍  കൊണ്ടുവന്നപ്പോള്‍ അതിനെതിരെ നമ്മുടെ മുത്തഛന്മാര്‍ സമരം ചെയ്തിട്ട് ഒന്നേകാല്‍ നൂറ്റാണ്ട് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. പത്ത് വയസ്സുകാരികളെ വിവാഹം ചെയ്തുകൊടുക്കാനും അവരുമായി രതിയിലേര്‍പ്പെടാനുമുള്ള തങ്ങളുടെ മതപരമായ അവകാശം അനുവദിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്തവര്‍ക്ക് മുന്നിലുണ്ടായിരുന്നത്, ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബാലഗംഗാധര തിലകനായിരുന്നുവെന്ന സത്യം നമ്മുടെയെല്ലാം മുത്തഛന്മാര്‍ പെഡോഫൈലുകളാണെന്നാണോ വ്യക്തമാക്കുന്നതെന്ന് പറയാന്‍ ആഇശാ വിവാഹത്തിന്റെ പേരില്‍ നബിയെ തെറി പറയാന്‍ ധൃഷ്ടരാകുന്നവര്‍ക്ക് ബാധ്യതയുണ്ട്. മതപരവും സാമൂഹികവുമായ തങ്ങളുടെ രീതികളെ ചോദ്യം ചെയ്യുന്ന യാതൊരുവിധ ഇടപെടലുകളും നടത്താന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ബാലവിവാഹത്തെയും രതിയെയും നിരോധിച്ചുകൊണ്ടുള്ള ബില്ലിനെതിരെ പോരാടാന്‍ ജനങ്ങളെ തിലകന്‍ പ്രചോദിപ്പിച്ചതെന്ന് മീര കൊസാംബി  Economic and Political Weekly (1991 ആഗസ്റ്റ് 3-10)യില്‍ എഴുതിയ 'Girl-Brides and Socio-Legal Change: Age of Consent Bill (1891) Controversy' എന്ന പ്രബന്ധത്തില്‍ നിരീക്ഷിക്കുന്നുണ്ട്. 1891 മാര്‍ച്ച് 19-ന് മുമ്പ് നമ്മുടെ മുത്തഛന്മാരില്‍ പലരും പെഡോഫൈലുകളായിരുന്നുവെന്നാണോ ഇതെല്ലാം അര്‍ഥമാക്കുന്നതെന്ന് വ്യക്തമാക്കേണ്ടത് തിലകന്‍ മുന്നോട്ടു വെച്ച ദേശീയസങ്കല്‍പത്തിന്റെ പേരില്‍ അഭിമാനിക്കുകയും ഒപ്പം നബിയെ തെറി പറയാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കുകയും ചെയ്യുന്നവരാണ്.

ഇവരൊക്കെ പെഡോഫൈലുകളോ?

ഭാരതീയതയില്‍ അഭിമാനിക്കുന്നവരാണ് തങ്ങളെന്ന് ആണയിട്ടുകൊണ്ട് നബി(സ)യെ തെറിപറയുന്നവര്‍ വാല്‍മീകി രാമായണമെങ്കിലും വായിക്കാന്‍ സന്നദ്ധമായാല്‍ പ്രവാചകപ്രഭുവിനെതിരെയുള്ള അവരുടെ കാര്‍ക്കിച്ച് തുപ്പലുകള്‍ അവരുടെ തന്നെ മുഖത്ത് വന്നു വീഴുന്നതാണ് നമുക്ക് കാണാനാവുക. സമ്പൂര്‍ണ പുരുഷനും മാതൃകാ ഭര്‍ത്താവുമായി രാമായണം അവതരിപ്പിക്കുന്ന ശ്രീരാമന്‍ സീതയെ വിവാഹം ചെയ്യുന്നത് അദ്ദേഹത്തിന്  പതിമൂന്ന്  വയസ്സും സീതക്ക് ആറ് വയസ്സുമുള്ളപ്പോഴാണെന്നാണ് വാല്‍മീകി രാമായണം, ആരണ്യകാണ്ഡത്തിന്റെ നാല്‍പത്തേഴാം സര്‍ഗത്തിലെ വ്യത്യസ്ത ശ്ലോകങ്ങള്‍ വായിച്ചാല്‍ ആര്‍ക്കും  മനസ്സിലാവുക. ഇതിന്റെ അടിസ്ഥാനത്തില്‍ ആരെങ്കിലും ശ്രീരാമനെ പെഡോഫൈല്‍ എന്ന് വിളിച്ചാല്‍ നമുക്ക് അവരോട് പറയേണ്ടി വരിക രാമായണത്തിലെ ആദ്യത്തെ വചനത്തിന്റെ തുടക്കത്തിലെ നിര്‍ദേശം മാത്രമാണ്. 'മാ നിഷാദ' (അരുത് കാട്ടാളാ). ഇന്നത്തെ സാമൂഹിക മാനദണ്ഡങ്ങള്‍ വെച്ചുകൊണ്ട് പുരാതനകാലത്തെ മഹാവ്യക്തിത്വങ്ങളെ അപഗ്രഥിക്കുകയും അവരെ തെറി പറയുവാന്‍ കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നവരെ കാട്ടാളന്മാര്‍ എന്ന് വിളിച്ചാല്‍ കാട്ടുമൂപ്പന്മാര്‍ നമ്മെ വിചാരണ ചെയ്ത് ശിക്ഷിക്കുമോയെന്ന് ഭയപ്പെടണം!
എന്നു മുതല്‍ക്കാണ് നാം ഇന്ത്യക്കാര്‍ക്ക് ചെറിയ പ്രായത്തിലുള്ളവരുമായുള്ള വിവാഹം പെഡോഫീലിയയായി അനുഭവപ്പെടാന്‍ തുടങ്ങിയത്? ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ വിവരമുള്ള ആരെങ്കിലും ഇത്തരം വൃത്തികേടുകള്‍ പറയുമോ? ആധുനിക ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തെക്കുറിച്ച് പറയുമ്പോള്‍ ആരുടെയും മനസ്സിലുദിക്കുന്ന ചിത്രം വിവേകാനന്ദ സ്വാമികളുടേതാണ്. കുസൃതിക്കുറുമ്പനായ നരേന്ദ്രനില്‍ നിന്ന് ലോകമതസമ്മേളനത്തിലെ ക്ഷണിതാവായ വിവേകാനന്ദനിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ചാലകമായി വര്‍ത്തിച്ചത് അദ്ദേഹത്തിന്റെ ആത്മീയഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസനായിരുന്നു. ആധുനിക ഭാരതത്തിലെ ആത്മീയാചാര്യന്മാരില്‍ പ്രമുഖനായ ശ്രീരാമകൃഷ്ണ പരമഹംസര്‍ തന്റെ  ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് അഞ്ച് വയസ്സുകാരിയായ ശാരദാ ദേവിയെ വിവാഹം ചെയ്തത്. ശ്രീരാമകൃഷ്ണ മിഷനിലുള്ളവര്‍ അമ്മയെന്ന് വിളിക്കുന്ന ശാരദാ ദേവിയെ പരമഹംസര്‍ വേള്‍ക്കുന്നത് 1859-ലാണെന്ന് നാം മനസ്സിലാക്കണം. അന്നത്തെ ഇന്ത്യയിലുണ്ടായിരുന്ന വിവാഹരീതിയെയല്ലാതെ മറ്റൊന്നും ഇത് അടയാളപ്പെടുത്തുന്നില്ലെന്ന് ആര്‍ക്കാണറിയാത്തത്? പരമഹംസനോടുള്ള ആദരവിനെയോ ശാരദാദേവിയോടുള്ള ഭക്തിയെയോ ബാധിക്കുന്ന കാര്യമായി അവരുടെ വിവാഹപ്രായത്തെ വേദാന്തികളൊന്നും മനസ്സിലാക്കുന്നില്ലെങ്കില്‍ പിന്നെ മുഹമ്മദ് നബിയെ ഭര്‍ത്സിക്കാന്‍ ഇണയുടെ പ്രായമെങ്ങനെയാണ് നിമിത്തമായിത്തീരുന്നത്?
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഹൈന്ദവ  നവോത്ഥാനത്തിന്റെ മുഖമായിരുന്നു മഹാദേവ് ഗോവിന്ദ് റാനഡെ. സമൂഹത്തില്‍ പൊതുവെ നിരോധിക്കപ്പെട്ടിരുന്ന വിധവാ വിവാഹം അനുവദിക്കുന്നതിനുവേണ്ടിയുള്ള സമരത്തില്‍ മുന്നില്‍ നിന്നയാള്‍; ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണയോഗത്തില്‍ പങ്കെടുത്ത ഇന്ത്യക്കാരിലൊരാള്‍. അദ്ദേഹത്തിന്റെ ആദ്യഭാര്യ മരണപ്പെട്ടപ്പോള്‍ തന്റെ  മുപ്പത്തിയൊന്നാമത്തെ വയസ്സില്‍ രണ്ടാമതായി വിവാഹം ചെയ്തത് പതിനൊന്നുകാരിയായ  രമാഭായിയെന്ന കന്യകയെയാണ്. നമ്മുടെ രാഷ്ട്രപിതാവായ  ഗാന്ധിജി തന്റെ  പതിമൂന്നാത്തെ  വയസ്സിലാണ്  പതിനാല് വയസ്സുള്ള കസ്തൂര്‍ബായെ വിവാഹം ചെയ്തത്. ഇന്ത്യന്‍  ഭരണഘടനയുടെ ശില്‍പിയായ അംബേദ്കര്‍ 1906-ല്‍ തന്റെ പതിനഞ്ചാം വയസ്സില്‍  രമാ ഭായിയെ വിവാഹം ചെയ്യുമ്പോള്‍ അവര്‍ക്ക് ഒമ്പത് വയസ്സായിരുന്നു. ലോകപ്രശസ്തനായ ഇന്ത്യന്‍ ഗണിത  ശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജ അയ്യങ്കാര്‍ 1909-ല്‍ തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍  ജാനകി അമ്മാളിനെ വിവാഹം ചെയ്യുമ്പോള്‍ അവര്‍ക്ക് പത്ത്  വയസ്സാണുള്ളത്. ഭാരതീയ ഭൗതികശാസ്ത്രജ്ഞരില്‍ അഗ്രഗണ്യനായ  സത്യേന്ദ്രനാഥ് ബോസ് തന്റെ ഇരുപതാമത്തെ  വയസ്സില്‍  ഉഷാപതി ഘോഷ് എന്ന പതിനൊന്നുകാരിയെ  വിവാഹം ചെയ്യുന്നത്  1914-ലാണ്. പ്രവാചകനെ തെറി പറയുവാന്‍ ധൃഷ്ടരാവുന്നവരുടെ മാനദണ്ഡങ്ങള്‍ പ്രകാരം പരിശോധിച്ചാല്‍  ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഇന്ത്യ നിറയെ പെഡോഫൈലുകളായിരുന്നു  ജീവിച്ചിരുന്നതെന്ന് പറയേണ്ടി വരും. നമ്മുടെ നാടിന് സ്വാതന്ത്ര്യം നേടിത്തരികയും കാര്യമായ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്തവരെല്ലാം അവരുടെ കണ്ണില്‍ പെഡോഫൈലുകളാണ്. 'ഹാ പെഡോഫീലിയ; എത്ര നല്ല കാര്യം' എന്ന് പറയേണ്ടി വരുമോ!

വെറുപ്പുല്‍പ്പാദകര്‍ ഈ ചരിത്രം കൂടി വായിക്കണം

ഇസ്‌ലാമുമായുള്ള ആദര്‍ശസമരത്തില്‍ പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നതിന്റെ കെര്‍വ് തീര്‍ക്കാന്‍ നബിയെ തെറി പറഞ്ഞ് ആസ്വദിക്കുകയും ആശ്വസിക്കുകയും ചെയ്യുന്ന ചിലരും ഇതിനിടയില്‍ വര്‍ധിതമായ ആവേശത്തോടെ പെഡോഫീലിയ ആരോപണവുമായി രംഗത്തുണ്ട്. അവരോടും വിനീതമായി പറയാനുള്ളത് തങ്ങളുടെ കൈയിലുള്ള വേദഗ്രന്ഥം ഇടയ്‌ക്കെങ്കിലുമൊന്ന് വായിക്കുന്നതും ചരിത്രമെല്ലാം ഓര്‍ക്കുന്നതും നല്ലതാണെന്നാണ്. ബൈബിളിലെ ഉല്‍പത്തി പുസ്തകത്തില്‍ വിവിധ ഇടങ്ങളിലായി പരാമര്‍ശിച്ചിരിക്കുന്ന പലരുടെയും പ്രായങ്ങള്‍ താരതമ്യം ചെയ്താല്‍, അബ്രഹാമിന്റെ രണ്ടാമത്തെ മകനായ ഇസ്ഹാക്ക് റബേക്കയെ വിവാഹം ചെയ്യുമ്പോള്‍ അവര്‍ക്ക് മൂന്ന് വയസ്സായിരുന്നുവെന്നാണ് മനസ്സിലാവുക. എന്നാല്‍ ഇരുപത്തിനാലാം അധ്യായത്തിന്റെ തുടക്കത്തിലെ റബേക്കയെക്കുറിച്ച പരാമര്‍ശങ്ങള്‍ പത്തില്‍ കുറയാത്ത പ്രായമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ഇത്തരം പൊരുത്തക്കേടുകള്‍ ബൈബിളില്‍ സാധാരണവുമാണ്. ഈ വിഷയത്തില്‍ കൃത്യമായ വിവരം നല്‍കുന്നത് അപ്പോക്രിഫാ ഗ്രന്ഥമായ യാഷെറിന്റെ പുസ്തകമാണ്. വിവാഹ സമയത്ത് റബേക്കക്ക്  പത്ത് വയസ്സായിരുന്നു പ്രായമെന്നാണ് യാഷെറിന്റെ പുസ്തകം പറയുന്നത് (24:40). പുസ്തകം വായിക്കണമെന്നുള്ളവര്‍  https://www.sacred-texts.com/chr/apo/jasher/index.htm എന്ന ലിങ്കില്‍ പരതിയാല്‍ മതി. ആഇശാ വിവാഹത്തിന്റെ പേരില്‍ മുഹമ്മദ് നബി(സ)യെ തെറി പറയാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ ആദ്യമായി പെഡോഫൈല്‍ എന്ന് വിളിക്കേണ്ടി വരിക യേശുവിന്റെ മുതുമുത്തഛനെയായിരിക്കുമെന്നര്‍ഥം.
യോസേഫ് എന്ന തച്ചനുമായി വിവാഹ നിശ്ചയം കഴിഞ്ഞ ശേഷമാണ് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച സന്തോഷവാര്‍ത്തയുമായി മാലാഖമാര്‍ യേശുമാതാവായ മര്‍യക്കടുത്തെത്തിയതെന്ന് സംഹിതസുവിശേഷങ്ങള്‍ പറയുന്നുണ്ടെങ്കിലും അവരുടെ രണ്ട് പേരുടെയും വയസ്സിനെക്കുറിച്ച് അവയിലൊന്നുമില്ല. എന്നാല്‍, പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ചില അപ്പോക്രിഫാ ഗ്രന്ഥങ്ങളില്‍ അവരുടെ പ്രായത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്ന് കാത്തലിക്ക് എന്‍സൈക്ലോപീഡിയയില്‍ പറയുന്നുണ്ട്. വിശുദ്ധ യോസേഫിന് നാല്‍പത് വയസ്സുള്ളപ്പോഴാണ് അദ്ദേഹം സലോമിയെ വിവാഹം ചെയ്തത്; 49 വര്‍ഷം  നീണ്ടു നിന്ന അവരുടെ വൈവാഹികജീവിതം അവസാനിച്ചത് സലോമിയുടെ മരണത്തോടെയാണ്. അതു കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് പന്ത്രണ്ടുകാരിയായ മര്‍യയുമായുള്ള (പന്ത്രണ്ടിനും പതിനാലിനുമിടയിലായിരുന്നു മര്‍യയുടെ പ്രായം) വിവാഹനിശ്ചയം നടന്നത്. ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് കാത്തലിക് എന്‍സൈക്ലോപീഡിയയുടെ https://www.newadvent.org/cathen/08504a.htm എന്ന ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്. പന്ത്രണ്ടുകാരിയെ വിവാഹം കഴിക്കാനൊരുമ്പെട്ട തൊണ്ണൂറുകാരനായ പെഡോഫൈലായിരുന്നു കത്തോലിക്കാ സഭ വിശുദ്ധനായി വാഴ്ത്തുന്ന യോസേഫെന്നാണ് നബിനിന്ദക്ക് വേണ്ടി മാത്രം വായ തുറക്കുന്ന ചില മിഷനറിമാരുടെ അളവുകോലുപയോഗിച്ചാല്‍ പറയേണ്ടി വരിക.
അല്ലെങ്കിലും സഭക്കെന്നാണ് ചെറിയ പ്രായത്തിലുള്ളവരുടെ വിവാഹം വിലക്കപ്പെട്ടതായിരുന്നത്? നാലും അഞ്ചും വയസ്സുള്ളവരുടെ എത്രയെത്ര വിവാഹകൂദാശകളാണ്  മാര്‍പ്പാപ്പമാര്‍  മുതല്‍ വികാരിയച്ചന്മാര്‍ വരെ നടത്തിയിരിക്കുന്നത്.  സ്‌കോട്‌ലന്‍ഡ് രാജാവായിത്തീര്‍ന്ന  ഡേവിഡ് രണ്ടാമന്  അദ്ദേഹത്തിന്റെ നാലാം വയസ്സില്‍ ഏഴ് വയസ്സുകാരിയായ ജോനിനെ (Joan of the Tower) വിവാഹം ചെയ്തു കൊടുത്തത് ആരായിരുന്നു? പ്രസിദ്ധ സ്‌കോട്ടിഷ് അധിപതിയായിരുന്ന റോബര്‍ട്ട് ഒന്നാമന്റെയും എലിസബത്തിന്റെയും മകനായ ഡേവിഡ് രണ്ടാമനും ഇംഗ്ലണ്ട് രാജാവായിരുന്ന എഡ്വേര്‍ഡ് രണ്ടാമന്റെയും ഫ്രാന്‍സിലെ പ്രസിദ്ധയായ ഇസബെല്ലയുടെയും മകളായ ജോനും 1328 ജൂലൈ പതിനേഴിന് വിവാഹിതരായപ്പോള്‍ ഇല്ലാത്ത എന്തെങ്കിലും പുതിയ കാനോനുകള്‍ മുഹമ്മദ് നബിയെ ഭര്‍ത്സിക്കാന്‍ വേണ്ടി മാത്രമായി ചര്‍ച്ചിന് ലഭിച്ചിട്ടുണ്ടോയെന്നറിയില്ല. എപ്പോഴോ ഒരിക്കല്‍ മാത്രം സംഭവിച്ചതൊന്നുമല്ല ഇത്. ഇംഗ്ലണ്ടിലും ഫ്രാന്‍സിലുമെല്ലാം ഇത്തരം വിവാഹങ്ങള്‍ സര്‍വസാധാരണമായിരുന്നുവെന്ന് രാജവംശങ്ങളുടെ ചരിത്രം വായിച്ചാല്‍ മനസ്സിലാവും. ഫ്രാന്‍സിലെ രാജാവായിരുന്ന ചാള്‍സ് ആറാമന്റെ മകള്‍ ഇസബെല്ല ഇംഗ്ലണ്ട് രാജാവായിരുന്ന റിച്ചാര്‍ഡ് രണ്ടാമന്റെ രണ്ടാം ഭാര്യയാകുമ്പോള്‍ അവര്‍ക്ക് ഏഴ് വയസ്സായിരുന്നു. 1396 നവംബര്‍ നാലിന് കാലായിസിലെ സെന്റ് നിക്കോളാസ് ചര്‍ച്ചില്‍ വെച്ച്  അവരുടെ വിവാഹ കൂദാശ നടത്തുമ്പോള്‍ ലഭിച്ചിട്ടില്ലാത്ത വെളിപാടുകളെന്തെങ്കിലും പുതുതായി ഉണ്ടായിട്ടുണ്ടോയെന്ന് പറയേണ്ടത് നബിനിന്ദക്കായി മാത്രം സോഷ്യല്‍ മീഡിയ തുറന്നുവെച്ചിരിക്കുന്ന വെറുപ്പുല്‍പ്പാദകരാണ്. സഭയുടെ ആശീര്‍വാദത്തോടെ നടന്ന എത്രയോ ബാലവിവാഹങ്ങള്‍! അത് ചൂണ്ടി പെഡോഫീലിയ അനുവദിക്കുകയാണ് സഭ ചെയ്തതെന്ന് പറയണമെങ്കില്‍ ചരിത്രത്തെക്കുറിച്ച ചെറിയ അജ്ഞതയൊന്നും പോരാ. ആഡംബരഭ്രമത്താല്‍ ഇസ്ലാംവിരോധത്തിന്റെ പൊട്ടക്കിണറ്റില്‍ പെട്ട്  കരഞ്ഞുകൊണ്ടിരിക്കുന്നവരുടെ സ്ഥിതിയതാണ്.  
പാശ്ചാത്യന്‍ സഭകള്‍ക്ക് മാത്രമൊന്നുമല്ല ചെറിയ പ്രായത്തിലുള്ളവരുടെ വിവാഹങ്ങള്‍ തിന്മയാണെന്ന് ഇപ്പോള്‍ ചില വെറുപ്പുതീനികള്‍ക്ക് മാത്രം ലഭിച്ച വെളിപാട് ലഭിക്കാതിരുന്നത്; കേരളത്തിലെ സഭകള്‍ക്കും അത് ലഭിച്ചിരുന്നില്ലെന്നതിന് നമ്മുടെയെല്ലാം ചുറ്റും തന്നെ നിരവധി ഉദാഹരണങ്ങള്‍ കാണാനും വായിക്കാനും കഴിയും. മലയാള മനോരമയുടെ മാമ്മന്‍ മാപ്പിള ഏത് പ്രായത്തിലാണ് മാമ്മിയെ വിവാഹം ചെയ്തതെന്നറിയണമെങ്കില്‍ മകന്‍ കെ.എം മാത്യുവിന്റെ 'എട്ടാമത്തെ മോതിരം' എന്ന ആത്മകഥ വായിച്ചാല്‍ മതി. 1888-ല്‍ അവരുടെ വിവാഹം നടക്കുമ്പോള്‍ അദ്ദേഹത്തിന് പതിനഞ്ച് വയസ്സും അവര്‍ക്ക് പത്ത് വയസ്സുമായിരുന്നു പ്രായം.  അന്നൊന്നുമില്ലാത്ത പെഡോഫീലിയാ ആരോപണം ഇന്ന് കൂര്‍പ്പിച്ചെടുക്കുന്നത് നാടിന്റെ ബഹുസ്വരതയെ  തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഊര്‍ജം നല്‍കാന്‍ വേണ്ടിയാണെങ്കില്‍ ലൂക്കോസ് (23:34) ഉദ്ധരിച്ച യേശുവചനം മാത്രമേ അവര്‍ക്കായി നമുക്ക് പറയാനുള്ളൂ: ''കര്‍ത്താവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്ക് തന്നെ അറിയില്ല; ഇവര്‍ക്ക് നീ പൊറുത്തു കൊടുക്കേണമേ.''
നബിനിന്ദക്ക് അവസരങ്ങള്‍ കാത്തിരിക്കുന്നവരും ലഭിക്കുന്ന അവസരങ്ങള്‍  പാഴാക്കാത്തവരും  വെറുപ്പുല്‍പ്പാദനം മാത്രം ജീവിത സപര്യയായി സ്വീകരിച്ചിരിക്കുന്നവരുമായ ചില നാസ്തികന്മാരാണ് കേരളത്തില്‍ നബി(സ)യെ ഭര്‍ത്സിക്കാന്‍ മുന്നിലുള്ളത്. ആസക്തിയാണ് സംതൃപ്തിയെന്ന് തെറ്റിദ്ധരിച്ച ചില 'സാധു'ക്കളുടെ വര്‍ത്തമാനങ്ങള്‍ കേട്ടാല്‍  തങ്ങള്‍ക്ക് ലഭിക്കാത്ത സംതൃപ്ത ദാമ്പത്യം അനുഭവിക്കുകയും അക്കാര്യത്തില്‍ ലോകത്തിന് മാതൃക കാണിക്കുകയും ചെയ്ത പ്രവാചകനോടുള്ള അസൂയയും വിരോധവുമാണോ അവരുടെ എല്ലില്ലാത്ത നാവിനെ പ്രവര്‍ത്തിപ്പിക്കുന്നത് എന്ന് തോന്നിപ്പോകും. മനുഷ്യരുടെ സ്വാഭാവിക ജൈവികപ്രക്രിയയായ ലൈംഗികതയുടെ ആസ്വാദനത്തിന് വിവാഹം വരെ പോലും കാത്തിരിക്കരുതെന്ന് യുവാക്കളെ പഠിപ്പിക്കുന്നവര്‍ക്ക് പക്ഷേ പ്രവാചകന്റെ ദാമ്പത്യജീവിതം മാത്രം ചതുര്‍ഥിയാകുന്നതിന്റെ മനഃശാസ്ത്രം, അസൂയയും വിരോധവുമല്ലാതെ മറ്റെന്താണ്? തങ്ങള്‍ക്ക് വഴികാണിച്ച നേതാക്കളില്‍ പലരെയും പെഡോഫീലുകളാക്കിക്കൊണ്ടല്ലാതെ അവര്‍ക്കും പ്രവാചകനെ തെറി പറയാന്‍ കഴിയില്ല. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ നിരീശ്വരവാദികളിലൊരാളായ  പെരിയാര്‍ രാമസ്വാമി നാഗമ്മയെ വിവാഹം ചെയ്തത് അവര്‍ക്ക് പതിമൂന്ന് വയസ്സുള്ളപ്പോഴായിരുന്നുവെന്ന സത്യം നിഷേധിക്കാന്‍ ആര്‍ക്കാണ് കഴിയുക?  കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യന്മാരിലൊരാളായ എ.കെ ഗോപാലന്‍ പിന്നീട് തന്റെ ജീവിതസഖിയാക്കിത്തീര്‍ത്ത സുശീലാഗോപാലനുമായി പ്രേമബന്ധമാരംഭിക്കുന്നത് അവര്‍ക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചാല്‍ മനസ്സിലാകും. അവരൊന്നും പെഡോഫീലുകളായിരുന്നുവെന്ന് വെളിവുള്ള ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല; ഈ വെളിവില്ലായ്മയാണ് നബിനിന്ദകരുടെ കാര്യമായ കൈമുതല്‍.
നബിജീവിതം വിമര്‍ശിക്കപ്പെട്ടതു പോലെ മറ്റൊരാളുടെയും ജീവിതം തലമുടി നാരിഴ കീറി വിമര്‍ശിക്കപ്പെട്ടിട്ടില്ല. നബി ജീവിച്ച കാലം മുതല്‍ ഇന്നു വരെ ആ വിമര്‍ശനങ്ങള്‍ അഭംഗുരം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. എന്നാല്‍, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ വിമര്‍ശകരാരും തന്നെ ആഇശയുമായുള്ള നബിദാമ്പത്യത്തിന്റെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിച്ചതായി കാണാന്‍ കഴിയില്ല. തന്റെ അമ്പത് വയസ്സിന് ശേഷം ഒമ്പതുകാരിയുമായി ദാമ്പത്യബന്ധത്തിലേര്‍പ്പെട്ടത് അദ്ദേഹം പ്രവാചകനല്ലെന്നതിന് തെളിവായി ജൂതന്മാരോ ക്രൈസ്തവരോ ആയ വിമര്‍ശകരാരെങ്കിലും ഇരുപതാം നൂറ്റാണ്ടിന് മുമ്പ് പറഞ്ഞതായി രേഖകളൊന്നുമില്ല. നബി(സ)യുടെ അധാര്‍മികത സ്ഥാപിക്കാനായി ഇക്കാലയളവില്‍ ജീവിച്ച നാസ്തികരായ വിമര്‍ശകരൊന്നും തന്നെ മുഹമ്മദ്- ആഇശ ദാമ്പത്യത്തെ ചൂണ്ടിക്കാട്ടിയിട്ടില്ല. ഇതിനര്‍ഥമെന്താണ്? ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ അത്തരം ദാമ്പത്യങ്ങള്‍ സര്‍വസാധാരണമായിരുന്നുവെന്ന് തന്നെ. അതില്‍ ഒരു തെറ്റും ആരും കണ്ടിരുന്നില്ല; അത്തരം ദാമ്പത്യങ്ങളിലേര്‍പ്പെട്ടവരുടെ പ്രായക്കുറവോ പ്രായവ്യത്യാസമോ അവരുടെ ദാമ്പത്യവിജയത്തെയോ സംതൃപ്തിയെയോ ബാധിച്ചിരുന്നുവെന്നതിന് തെളിവുകളൊന്നുമില്ല.
പുതിയ കാലത്തെ സാഹചര്യങ്ങളില്‍ അത്തരം വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ എന്നുതന്നെയാണ് എല്ലാവരുടെയും അഭിപ്രായം. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഒരു വിവാഹത്തിന്റെ പേരില്‍ പ്രവാചകനില്‍ ശിശുരതിക്കാരനെ തെരയുന്നവര്‍ ആത്മാര്‍ഥതയുള്ളവരാണെങ്കില്‍ ചെയ്യേണ്ടത്, ഇരുപതാം നൂറ്റാണ്ടിന് മുമ്പ് ഇസ്ലാം വിമര്‍ശനങ്ങളുടെ കാര്യത്തില്‍ തങ്ങളുടെ മുന്‍ഗാമികളായ ആരെങ്കിലും പ്രവാചകനെ ഇവ്വിഷയകമായി വിമര്‍ശിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്. ഇല്ലെന്ന സത്യം ബോധ്യപ്പെട്ടിട്ടും ഇതേ വിമര്‍ശനവുമായി പ്രവാചകനിന്ദ നടത്താനാണ് പുറപ്പാടെങ്കില്‍ അവരെ വിളിക്കേണ്ടത് വെറുപ്പുല്‍പ്പാദന കേന്ദ്രങ്ങളെന്നാണ്; അവര്‍ പാദസേവ ചെയ്യുന്നത് പിശാചിനാണ്; സകല തിന്മകളെയും ഇളക്കിവിട്ട് മനുഷ്യരെ ദ്രോഹിക്കുന്ന പിശാചിനെ. ഇന്നല്ലെങ്കില്‍ നാളെ അതിന്റെ ദുഷ്ടഫലം അവര്‍ അനുഭവിക്കുക തന്നെ ചെയ്യും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-30-32
ടി.കെ ഉബൈദ്‌

ഹദീസ്‌

തെറ്റു ചെയ്തവരെ നന്നാവാന്‍ സഹായിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി