Prabodhanm Weekly

Pages

Search

2022 ജൂണ്‍ 24

3257

1443 ദുല്‍ഖഅദ് 24

സ്വര്‍ണക്കടത്തിലെ 'ചെമ്പ്'

ബശീര്‍ ഉളിയില്‍

 

പ്രതിവിചാരം / 

കുറിയേടത്ത് താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരത്തെ കുറിച്ച് 1905 ജൂണ്‍ 7-നു ഇറങ്ങിയ 'മലയാള മനോരമ'യില്‍ വന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു: ''65 ആളുകള്‍ക്കും സാധനത്തിനെ നേരിട്ട് ചോദ്യം ചെയ്യാനുള്ള അവസരം ലഭിച്ചു. അവള്‍ ഒരു ബാരിസ്ടരെ പോലെ എല്ലാവര്‍ക്കും മറുപടി കൊടുത്തു.'' ഇതിലെ 'സാധനം' താത്രി എന്ന പതിമൂന്നാം വയസ്സില്‍ വിവാഹിതയായ, 65-ഓളം പുരുഷന്മാരുമായി ലൈംഗിക ബന്ധം പുലര്‍ത്തി എന്നതിന്റെ പേരില്‍ ഭ്രഷ്ട് കല്‍പിക്കപ്പെട്ട പെണ്‍കുട്ടിയാണ്. സ്മാര്‍ത്ത വിചാരം കഴിഞ്ഞിട്ട് ഒരു നൂറ്റാണ്ടിലേറെയായിട്ടും താത്രിക്കുട്ടി ഇന്നും കേരള ചരിത്രത്തില്‍ പലവിധത്തിലും ആവര്‍ത്തിക്കപ്പെടുകയാണ്. 1964-ല്‍ ഐക്യ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്, സംസ്ഥാന ആഭ്യന്തര മന്ത്രി തുടങ്ങിയ പദവികള്‍ അലങ്കരിച്ച പി.ടി ചാക്കോ ആണ് 'കാമിനി'ക്കേസില്‍ കുടുങ്ങുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവ്. സമൂഹമാധ്യമങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന കാലത്തിനു മുമ്പുള്ള ഈ കേസ് പിടിക്കപ്പെട്ടത് മലയാളിയുടെ 'ഒളിഞ്ഞു നോട്ട'ത്തിന്റെ ഫലമായിട്ടായിരുന്നു. ഒരു യാത്രക്കിടെ പി.ടി ചാക്കോയുടെ ഔദ്യോഗിക കാര്‍ അപകടത്തില്‍പ്പെടുകയും അതില്‍  പൊട്ടുകുത്തിയ ഒരു സ്ത്രീയെ നാട്ടുകാര്‍ കണ്ടതുമാണ് വിവാദമായത്. അന്നത്തെ കാലത്ത് ഹിന്ദു സ്ത്രീകള്‍ മാത്രമാണ് പൊട്ടുകുത്തിയിരുന്നത്.  ചാക്കോയോട് കോണ്‍ഗ്രസുകാര്‍ നെറികേട് കാണിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ അനുയായികളായ 16 എം.എല്‍.എമാര്‍ സഭയില്‍ മാറിയിരിക്കുകയും പിന്നീട് ഇവര്‍ കേരള കോണ്‍ഗ്രസ് രൂപീകരിക്കുകയും ചെയ്തുവെന്നത് ചരിത്രം.
അതായത്, ഐക്യ കേരളത്തിലെ ആദ്യത്തെ ലൈംഗികക്കേസിന്റെ പാര്‍ശ്വഫലം (side effect) കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിറവിയായിരുന്നു. പിന്നീട് ഏറക്കാലം കഴിഞ്ഞ് 1996-ലാണ് പി.ജെ കുര്യന്‍ പ്രതിയായ  സൂര്യനെല്ലി കേസിലൂടെ കേരളത്തില്‍ 'കാമിനി മൂലമുള്ള കലഹം' പുനരാരംഭിക്കുന്നത്. തുടര്‍ന്നിങ്ങോട്ട്  നിരവധി 'വിഷയ സുഖ' വാര്‍ത്തകള്‍ പുതുമ നഷ്ടപ്പെട്ട ഒരാചാരം പോലെ കേരള രാഷ്ട്രീയത്തില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. 'കാമിനി'മാര്‍ സര്‍ക്കാരുകളുടെ പതനത്തിനും മന്ത്രിമാരുടെ രാജിക്കും ഹേതുഭൂതങ്ങളായി. താത്രിക്കുട്ടി അന്തര്‍ജനത്തില്‍ നിന്ന് പുതിയ അവതാരങ്ങളിലേക്ക് കേരളം 'വികസിക്കു'മ്പോള്‍ കാമിനിക്കൊപ്പം കനകവും കൂടി കടന്നുവരുന്നു എന്നതാണ് കൗതുകകരമായ കാഴ്ച.   
2020 ജൂലൈ മാസത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ മേല്‍വിലാസത്തില്‍ വന്ന നയതന്ത്ര ബാഗേജില്‍ നിന്ന് 30 കിലോഗ്രാമില്‍ അധികം സ്വര്‍ണം കസ്റ്റംസ് പിടികൂടിയതോടെയാണ് പുതിയ സ്വര്‍ണ വിലാസം ആട്ടക്കഥ ആരംഭിക്കുന്നത്.  തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്‌ന സുരേഷ് ആണ് ഇതില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെയാണ് കടത്ത് നടന്നത് എന്നും ഇത് ആദ്യത്തേതല്ല എന്നുമായിരുന്നു സ്വപ്‌നയുടെ മൊഴി. തുടര്‍ന്ന് കേസ് എന്‍.ഐ.എ അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.  കേസ് എന്‍.ഐ.എക്കു വിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി വഴിവിട്ട അടുപ്പത്തിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഏജന്‍സി സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു കേസിന്റെ ആദ്യകാലത്ത് സ്വപ്‌ന പറഞ്ഞിരുന്നത്. എന്നാല്‍, ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം  സ്വപ്‌ന തിരുത്തി. ഇപ്പോള്‍ വീണ്ടും മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന രംഗത്ത് വന്നിരിക്കുന്നു. അടുത്തിടെ എം. ശിവശങ്കറിന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന അനുഭവ കഥയില്‍  സ്വപ്ന സുരേഷിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരായ വൈകാരിക പ്രതികരണത്തിലാണ് സ്വപ്‌ന  മുഖ്യമന്ത്രിയെ ആദ്യമായി ആക്രമിക്കാന്‍ തുടങ്ങിയത്. മുഖ്യമന്ത്രി മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ കൂടി ചാക്കില്‍ കയറ്റിയാണ് സ്വപ്‌ന 'മല' കയറുന്നത്. കേസും വിചാരണയും ജയിലുമെല്ലാം തളര്‍ത്തിയ സ്വപ്‌ന ഇപ്പോള്‍ വര്‍ധിത വീര്യത്തോടെ 'ഇപ്പൊ ശരിയാക്കിത്തരാം' എന്ന മട്ടില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിവര്‍ന്നു നില്‍ക്കാന്‍ തുടങ്ങിയത് ആര്‍.എസ്.എസ് അനുകൂല എന്‍.ജി.ഒ സംഘടനയായ ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി(എച്ച്.ആര്‍.ഡി.എസ്)യില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സബിലിറ്റി ഡയറക്ടറായി ചുമതലയേറ്റതോടെയാണ്.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിക്കപ്പെടുന്ന പുതിയ ആരോപണങ്ങളില്‍ 'ബിരിയാണിച്ചെമ്പി'ലെ സ്വര്‍ണക്കിലുക്കത്തെയും ബ്രീഫ്കേസിലെ കറന്‍സികളെയും കുറിച്ച് സ്വപ്‌ന വാചാലയാവുന്നുണ്ട്. പക്ഷേ, അന്ന് വന്ന 30 കിലോ സ്വര്‍ണം ചിത്രത്തില്‍ എവിടെയുമില്ല! സ്വര്‍ണം കൊണ്ടുവന്ന നയതന്ത്ര ബാഗുകള്‍ വിട്ടു കൊടുക്കാന്‍ കസ്റ്റംസില്‍ സമ്മര്‍ദം ചെലുത്തിയത് സംഘ് പരിവാര്‍ ബന്ധമുള്ള ക്ലിയറിംഗ് ഏജന്റായിരുന്നു. തൊട്ടുടനെ, സ്വര്‍ണം വന്നത് നയതന്ത്ര ബാഗുകളിലല്ല എന്ന് ധൃതിപ്പെട്ട് പ്രസ്താവനയിറക്കിയത് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരനും! അതിനു പിന്നാലെയാണ് കുറ്റാരോപിതനായ യു.എ.ഇ അറ്റാഷെ തിരുവനന്തപുരത്തുനിന്ന് ദല്‍ഹിയില്‍ എത്തി യു.എ.ഇയിലേക്ക് വിമാനം കയറിയത്. സ്വര്‍ണം കൊടുത്തയച്ചവരെ ഇതുവരെ പിടിച്ചിട്ടില്ല. സ്വര്‍ണം ആരയച്ചു, ആര്‍ക്ക് വേണ്ടി അയച്ചു എന്നിത്യാദി ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരോട് 'സ്വര്‍ണം തൂക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യം' എന്നാണ് മുരളീധരന്‍ മന്ത്രിയുടെ നിലപാട്. നയതന്ത്ര ബാഗുകളെ കുറിച്ച അജ്ഞത ആവശ്യത്തിലധികമുള്ള ഭരണ - പ്രതിപക്ഷ കക്ഷികള്‍ പലവട്ടം പരസ്പരം ഉണ്ടയില്ലാ വെടികള്‍ ഉതിര്‍ത്തുകൊണ്ടേയിരിക്കുന്നു. 
സംസ്ഥാന സര്‍ക്കാറുകള്‍ക്ക് യാതൊരു വിധ നിയന്ത്രണവുമില്ലാത്ത, വിദേശകാര്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നയതന്ത്ര ബാഗുകള്‍ കൈകാര്യം ചെയ്യപ്പെടുന്നത്. നയതന്ത്ര ദൗത്യങ്ങളില്‍ തങ്ങളുടെ രാജ്യത്തോ അല്ലെങ്കില്‍ മറ്റൊരു രാജ്യത്ത് നിന്നോ ഔദ്യോഗിക രേഖകള്‍ കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിക്കുന്ന നിയമ പരിരക്ഷയുള്ള ബാഗാണ് നയതന്ത്ര ബാഗ്. 1961-ലെ വിയന്ന കണ്‍വെന്‍ഷന്‍ അനുസരിച്ച് ബാഗ് പരിശോധനക്ക് വിധേയമാക്കാന്‍ പാടില്ല. ബാഗ് അയക്കുമ്പോള്‍, അയക്കുന്ന ഓഫീസറുടെ പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. ആര്‍ക്കാണോ അയക്കുന്നത് ആ ഓഫീസറുടെ എല്ലാ വിവരങ്ങളും ഒപ്പം അയക്കണം. കപ്പലിലാണെങ്കില്‍ ക്യാപ്റ്റനും വിമാനത്തിലാണെങ്കില്‍ പൈലറ്റിനും ഇതിന്റെ പകര്‍പ്പ് നല്‍കണം. സംശയകരമായ സാഹചര്യങ്ങളില്‍ പോലും നയതന്ത്ര ബാഗുകള്‍ തുറന്ന് പരിശോധിക്കാന്‍ പാടുള്ളതല്ല എന്നാണ് നിയമം; അത്യനിവാര്യമായ ഘട്ടങ്ങളിലല്ലാതെ! ഡിപ്ലോമാറ്റിക്ക് കൊറിയറിനെ (നയതന്ത്ര ബാഗിനെ അനുഗമിക്കുന്ന വ്യക്തി) അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്നൊെക്കയാണ് ഇതു സംബന്ധമായ വിയന്ന കണ്‍വെന്‍ഷനിലെ പരാമര്‍ശങ്ങള്‍ എന്ന് നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ട ആര്‍ക്കുമറിയുന്ന കാര്യങ്ങളാണ്.
അണിയറയിലെ മര്‍മരങ്ങളില്‍ നേരുണ്ടെങ്കില്‍ നയതന്ത്ര ബാഗുകളില്‍ പലവട്ടം കടന്നു വന്ന സ്വര്‍ണക്കട്ടികളില്‍ ഒന്ന് മാത്രമാണ് പിടിക്കപ്പെട്ടത്. 'ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റി' ഉള്ള ബാഗിന്റെ പുറത്ത് രേഖപ്പെടുത്തിയതിനെക്കാള്‍ അധികം ഭാരം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പ്രത്യേക അനുമതി തേടി ബാഗ് തുറന്ന് നോക്കുകയായിരുന്നു. കയറ്റിവിട്ടവരുടെ അത്യാര്‍ത്തിയോ തൂക്കം എഴുതിയപ്പോള്‍ സംഭവിച്ച അശ്രദ്ധയോ കൊണ്ട് മാത്രമാണ് ഇത്തവണ സ്വര്‍ണക്കടത്തിലെ 'ചെമ്പ്' പുറത്തായത് എന്ന് ചുരുക്കം. നയതന്ത്ര കാര്യാലയങ്ങളും വിദേശകാര്യ മന്ത്രാലയവും നേരിട്ട് കക്ഷികളാകുന്ന ഈ ഇടപാടിന്റെ ഗുണഭോക്താക്കള്‍ 'കേന്ദ്രന്‍സ്' തന്നെയാണ് എന്ന യാഥാര്‍ഥ്യമാണ് ഈ കളികള്‍ക്കിടയില്‍ മറച്ചുവെക്കപ്പെടുന്നത്. 
2020-ല്‍ ആകാശം വഴി വന്ന സ്വര്‍ണം ആവിയായിപ്പോയപ്പോള്‍ അതിനും നാല് വര്‍ഷം മുമ്പുള്ള ചെമ്പാണ് ഇപ്പോള്‍ തിളച്ചു മറിയുന്നത്. 2016-ല്‍ മുഖ്യമന്ത്രിയുടെ വിദേശ യാത്രാവേളയില്‍ കറന്‍സി കടത്തിയെന്നും യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍നിന്ന് നിരവധി തവണ ബിരിയാണി ചെമ്പുകള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തു വിട്ടിരുന്നു എന്നും ആ ചെമ്പുകളില്‍ ബിരിയാണി മാത്രമല്ല, 'ലോഹങ്ങളും' ഉണ്ടായിരുന്നു എന്നുമൊക്കെയാണ് സ്വപ്‌നയുടെ ഒടുവിലത്തെ വെളിപ്പെടുത്തലുകള്‍. അതേസമയം, ഇടതുപക്ഷ സര്‍ക്കാര്‍ കടത്തിലാണ്, കടത്തിലാണ് എന്ന് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് പറഞ്ഞത്  ഈ 'കടത്തി'നെ കുറിച്ചാണ് എന്ന ഫലിതം അവഗണിച്ചാല്‍ തന്നെ, പല കാര്യങ്ങളിലും സമകാലിക കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന 'കേന്ദ്ര - സംസ്ഥാന' ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ ഭാഗമായി ചെമ്പും സ്വര്‍ണവും വെച്ച് മാറുകയാണോ ചെയ്യാന്‍ പോകുന്നത് എന്ന്  കാത്തിരുന്നു കാണാം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-30-32
ടി.കെ ഉബൈദ്‌

ഹദീസ്‌

തെറ്റു ചെയ്തവരെ നന്നാവാന്‍ സഹായിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി