ആ ബുള്‍ഡോസറുകള്‍ തകര്‍ക്കുന്നത് മുസ്‌ലിം ഭവനങ്ങളെയല്ല!
ഉത്തര്‍പ്രദേശിലെ ആദിത്യനാഥ് സര്‍ക്കാര്‍, നബിനിന്ദക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ അതിക്രൂരമായ പോലീസ് അതിക്രമങ്ങളാണ് അഴിച്ചുവിട്ടത്. എതിര്‍ ശബ്ദങ്ങളൊന്നും അനുവദിക്കില്ല എന്ന ധാര്‍ഷ്ട്യം മാത്രമേ ഈ ജനാധിപത്യ വിരുദ്ധ നടപടികളില്‍ കാണാനുള്ളൂ. പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും കസ്റ്റഡിയിലെടുത്ത ശേഷം അവരുടെ വീട് യാതൊരു നിയമ നടപടികളും പൂര്‍ത്തിയാക്കാതെ ആദിത്യനാഥിന്റെ ബുള്‍ഡോസര്‍ ഇടിച്ചുനിരത്തി. ഭരണഘടനയെയും നിയമസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി മാറ്റിയാണ് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് വിളയാട്ടങ്ങള്‍. എല്ലാം പച്ചക്കള്ളങ്ങളുടെ അകമ്പടിയോടെ. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ നായക സ്ഥാനത്തുണ്ടായിരുന്ന അഫ്രീന്‍ ഫാത്വിമയുടെ പിതാവാണ് ജാവേദ് മുഹമ്മദ്. വീട് ഇടിച്ചുനിരത്തി അതിലുള്ള കലിപ്പ് തീര്‍ക്കുകയായിരുന്നു ഫാഷിസ്റ്റുകള്‍. വീട് അനധികൃത നിര്‍മിതിയാണെന്നും ഒരു മാസം മുമ്പ് തന്നെ ജാവേദ് മുഹമ്മദിന് നോട്ടീസ് നല്‍കിയിരുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്. വീട്ടുകാര്‍ ഇങ്ങനെയൊരു വിവരമേ അറിഞ്ഞിട്ടില്ല. ഈ വീട് ജാവേദ് മുഹമ്മദിന്റെ പേരിലല്ല, അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലാണ്. അപ്പോള്‍ നോട്ടീസ് കൊടുക്കേണ്ടത് അതിന്റെ ഉടമസ്ഥയായ അവര്‍ക്കല്ലേ? അതിനര്‍ഥം, വീട് ആരുടെ പേരിലാണെന്ന് പോലും നോക്കാതെ ധൃതി പിടിച്ച് പൊളിക്കാനിറങ്ങിയതാണ് എന്നല്ലേ? മാത്രമല്ല, യാതൊരു വാറന്റുമില്ലാതെയാണ് ജാവേദ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. രാത്രി പന്ത്രണ്ട് മണിയായപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതും നിയമവിരുദ്ധമാണ്. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റില്‍നിന്ന് അനുവാദം വാങ്ങിയ ശേഷമേ ഈ അസമയത്ത് സ്ത്രീകളെ കസ്റ്റഡിയിലെടുക്കാവൂ എന്ന് 46(4) പോലീസ് നിയമം അനുശാസിക്കുന്നുണ്ട്. അതും ഇവിടെ പാലിക്കപ്പെട്ടില്ല. എന്നിട്ട് രായ്ക്ക് രാമാനം ജാവേദിന്റെ വീടിന്റെ ചുമരില്‍, പൊളിക്കുകയാണെന്ന് അറിയിച്ച് ഒരു നോട്ടീസും പതിച്ചു. ഒരു കാര്യത്തിലും ഒരു നടപടിക്രമവും പാലിച്ചിട്ടില്ല. സത്യം വിളിച്ചു പറയുന്നവരുടെ വായ് മൂടിക്കെട്ടുക മാത്രമാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിയാന്‍ ഇതിലപ്പുറം തെളിവെന്തു വേണം?
2019-ല്‍ മോദി രണ്ടാമതും അധികാരമേറ്റതിന് ശേഷം സത്യം വിളിച്ചു പറയുന്നവരെ നിശ്ശബ്ദരാക്കാനുള്ള പലതരം നിയമവിരുദ്ധ നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ലോക വേദികളിലും പാര്‍ലമെന്റിലും ചെന്ന് മനുഷ്യാവകാശ സംരക്ഷകരാണ് തങ്ങളെന്ന് ഇവര്‍ വീമ്പിളക്കുകയും ചെയ്യും. 2019-ല്‍ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഒരു മനുഷ്യാവകാശ ഭേദഗതി നിയമം അവതരിപ്പിച്ചിരുന്നു; മനുഷ്യാവകാശങ്ങള്‍ക്കത് ശക്തി പകരും എന്ന് അവകാശപ്പെട്ടുകൊണ്ട്. പക്ഷേ, രാജ്യത്ത് നടന്നുകൊണ്ടിരുന്നത് അതിന് തീര്‍ത്തും വിരുദ്ധമായ നീക്കങ്ങളല്ലേ? സുധാ ഭരദ്വാജ്, നതാഷ നര്‍വാള്‍, ദേവംഗന കലിത, ആസ്വിഫ് ഇഖ്ബാല്‍ തന്‍ഹ, സഫൂറ സര്‍ഗര്‍, ഉമര്‍ ഖാലിദ്, ഖാലിദ് സൈഫി തുടങ്ങി അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയ എത്രയെത്ര ആക്ടിവിസ്റ്റുകളാണ് തുറുങ്കിലടക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തത്.
ശരിയാണ്, ബുള്‍ഡോസറുകള്‍ പൊളിച്ചു നീക്കുന്നതായി നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് മുസ്‌ലിം ഭവനങ്ങളെയാണ്. അതിലൊക്കെ നമുക്കെന്ത് കാര്യം എന്ന് ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും കാണാതിരിക്കില്ല. യഥാര്‍ഥത്തില്‍ മുസ്‌ലിം ഭവനങ്ങളെയല്ല, ഇന്ത്യന്‍ ഭരണഘടനയെയും ഇവിടത്തെ നിയമവ്യവസ്ഥയെയും മറ്റു ജനാധിപത്യ സ്ഥാപനങ്ങളെയുമാണ് ഫാഷിസ്റ്റ് ബുള്‍ഡോസറുകള്‍ ഇടിച്ചു തകര്‍ക്കുന്നതെന്ന തിരിച്ഛറിവാണ് ഓരോ പൗരനും ഉണ്ടാകേണ്ടത്. ഒരു രാഷ്ട്ര സംവിധാനത്തെയാകെ തകിടം മറിക്കാന്‍ നോക്കുകയാണ്. ഇതിന്റെ ഭവിഷ്യത്ത് മുസ്‌ലിംകള്‍ മാത്രമല്ല, എല്ലാ പൗരന്മാരും അനുഭവിക്കേണ്ടിവരും. അതിനാല്‍, പ്രശ്‌നത്തെ സാമുദായികമോ വൈകാരികമോ ആയി സമീപിക്കാതെ എല്ലാ ജനവിഭാഗങ്ങളെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ഒരു ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റം ഇവിടെ സംഭവിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ തകരുന്നത് മുസ്‌ലിംകള്‍ മാത്രമല്ല, രാജ്യം തന്നെയായിരിക്കും.
Comments