Prabodhanm Weekly

Pages

Search

2022 ജൂണ്‍ 24

3257

1443 ദുല്‍ഖഅദ് 24

സ്‌പെയിന്‍  മൂര്‍ സാമ്രാജ്യത്തിന്റെ ഉദയവും അസ്തമയവും

ജുഷ്‌ന ഷഹിന്‍

സെവിയ്യയിലെ റോയല്‍ അല്‍കസാര്‍ അല്ലെങ്കില്‍ മൂറുകളുടെ 'ദാറുല്‍ ഇമാറ'യില്‍ തൂണുകള്‍ക്ക് പോലും ചരിത്രമെഴുതാനുണ്ട്. ചുമരുകള്‍ക്ക് പറയാനേറെ കഥകളുണ്ട്. ഒട്ടനേകം നവീകരണ, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷവും സി.ഇ 913 മുതലിങ്ങോട്ട് അന്തലൂസിയന്‍ നഗരത്തില്‍ അംബര ചുംബിയായി നില കൊള്ളുന്നുണ്ടത്.
2020 ജനുവരിയില്‍ ഒരു തണുത്ത വെളുപ്പാന്‍ കാലത്താണ് കോട്ടയുടെ വാതിലുകള്‍ ഞങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നു തന്നത്. അതിന്റെ രാജകീയ കവാടം തന്നെ നമ്മെ വിസ്മയഭരിതരാക്കും. ഒരു കാലത്ത് 'മൂറിഷ്' നഗരമായി അറിയപ്പെട്ടത്, ജൂതരുടെ പുറന്തള്ളപ്പെടലിനു സാക്ഷിയായത്, തുടര്‍ന്നു നടന്ന ക്രിസ്ത്യന്‍ അധിനിവേശവും ഭരണവും... അങ്ങനെയങ്ങനെ ഒരു പാട് കഥകള്‍ പങ്കു വെക്കാനുണ്ട് ഈ കോട്ടക്കും നഗരത്തിനും..
'മുജേദാര്‍' വാസ്തു കലയില്‍ നിര്‍മിക്കപ്പെട്ട അല്‍കസാര്‍, കത്തീഡ്രല്‍, മുമ്പ് പള്ളി മിനാരമായിരുന്ന ഇന്ന് ജിരാല്‍ഡയില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഭീമന്‍ പള്ളി മണിയാക്കി മാറ്റിയ നിര്‍മിതിയുമൊക്കെ പലതും പറഞ്ഞു വെക്കുന്നുണ്ട്. ജിരാല്‍ഡക്കു മുകളിലെത്തിയാലും താഴെ കാണുന്ന കാഴ്ചകളെ ഏകോപിപ്പിക്കാന്‍ ഒരാള്‍ക്ക് കഴിഞ്ഞു കൊള്ളണമെന്നില്ല. പിന്നെ സെവിയ്യ നഗരം, അതിന്റെ നാഡീഞരമ്പുകള്‍ എന്നോണം ഒഴുകുന്ന ഗാദല്‍ക്വിവര്‍ നദി. ഉമവി ഭരണാധികാരി അബ്ദുര്‍റഹ്മാന്‍ രണ്ടാമന്റെ കാലത്തുണ്ടാക്കിയ ഈ കൊട്ടാരമാണ് യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള, വാസ യോഗ്യമായ രാജകീയ വസതി എന്നു പറയാം.
മുഹമ്മദ് നബി (സ) യുടെ വിയോഗാനന്തരം നൂറോളം വര്‍ഷങ്ങള്‍ക്കു ശേഷം ബഗ്ദാദ് പൂര്‍ണമായും അബ്ബാസിയ വംശം കൈയടക്കുകയും ഉമവി ഭരണവംശത്തിലെ ഓരോരുത്തരായി  കൊല്ലപ്പെടുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ കൊലയാളികളില്‍ നിന്ന് രക്ഷപ്പെട്ട് വടക്കനാഫ്രിക്കയില്‍ തന്റെ ഉമ്മയുടെ ഗോത്രമായ 'ബെര്‍ബെര്‍സി'ല്‍ അഭയം തേടിയ ഉമവീ വംശത്തിലെ കിരീടാവകാശിയായിരുന്നു അബ്ദുര്‍റഹ്മാന്‍ ഒന്നാമന്‍.
സി.ഇ 755-ല്‍ അദ്ദേഹം സ്പാനിഷ് അതിര്‍ത്തി കടന്ന് നഗരത്തിനു വടക്കേ അറ്റത്ത് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഉമവി ഭരണത്തിന്റെ തുടര്‍ച്ച പ്രഖ്യാപനം ചെയ്തു. മക്കയിലെ ഖുറൈശി ഗോത്രത്തില്‍ വേരുകളുള്ള ഉമവി ഭരണകൂടം സ്‌പെയിനിലെ പ്രധാന നഗരങ്ങളായ കൊര്‍ദോവയും ഗ്രാനഡയും കേന്ദ്രീകരിച്ചാണ് ഖിലാഫത്ത് സ്ഥാപിച്ചത്. സി.ഇ 756 മുതല്‍ അബ്ദുറഹ്മാന്‍ ഒന്ന്, രണ്ട്, മൂന്ന് എന്നിവരുടെ നേതൃത്വത്തില്‍ ഇസ്‌ലാം സ്‌പെയിനില്‍ പടര്‍ന്നു പന്തലിച്ചു. എന്നാല്‍, അതിനുമെത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് സി.ഇ 711-ല്‍ തന്നെ സ്‌പെയിനില്‍ ഇസ്‌ലാമിക ഭരണം ആരംഭിച്ചിട്ടുണ്ട്.
ടാന്‍ജിയറി (മൊറോക്കോ)ല്‍ നിന്ന് ത്വാരിഖുബ്‌നു സിയാദും സൈന്യവും സ്‌പെയിനില്‍ എത്തുകയും 'വിസിഗോഥിക്' രാജാവ് ഡോണ്‍ റോഡ്രിഗോയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. മുസ്‌ലിംകള്‍ ആദ്യമായി കാലു കുത്തിയ സ്ഥലത്ത് ഒരു പാറക്കല്ല് കണ്ടെത്തിയെന്നും ത്വാരിഖുബ്‌നു സിയാദിനോടുള്ള ബഹുമാന സൂചകമായി അതിനെ 'ജബലുത്ത്വാരിഖ്' എന്ന് വിളിച്ചുവെന്നും അത് പിന്നീട് ജിബ്രാള്‍ട്ടര്‍ ആയി മാറിയെന്നും പറയപ്പെടുന്നു.
മത നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്ന, ഒപ്പം ശാസ്ത്രത്തില്‍ അതീവ തല്‍പരനായിരുന്ന അബ്ദുര്‍റഹ്മാന്‍ രണ്ടാമന്റെ കാലമാണ് സ്‌പെയിനിലെ ഇസ്ലാമിക ഭരണത്തിന്റെ സുവര്‍ണ കാലമായി അറിയപ്പെടുന്നത്. കൊര്‍ദോവയിലെ കൊട്ടാരത്തിലേക്ക് പണ്ഡിതരെ, കവികളെ, ചരിത്രകാരന്മാരെ, തത്ത്വചിന്തകരെ ഒക്കെ അദ്ദേഹം ക്ഷണിക്കാറുണ്ടായിരുന്നു. മുസ്‌ലിമെന്നോ ക്രിസ്ത്യനെന്നോ ജൂതനെന്നോ ഭേദമില്ലാതെ കൊട്ടാരത്തിന്റെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരുന്നു അദ്ദേഹം. പുതിയ ചിന്തകളുടേയും കണ്ടെത്തലുകളുടേയും കലയുടേയും വാസ്തുവിദ്യയുടേയും കാലമായിരുന്നു അത്. വ്യോമ ശാസ്ത്രവും കൃഷിയും വൈദ്യശാസ്ത്രവുമൊക്കെ വളര്‍ന്നു വന്ന കാലം. അതുകൊണ്ട് തന്നെയാണ് സ്‌പെയിന്‍ചരിത്രത്തിലെ സുവര്‍ണ കാലം എന്ന് ഈ കാലഘട്ടം അറിയപ്പെടുന്നത്.
800 വര്‍ഷത്തോളം ഇബേറിയന്‍ ഉപദ്വീപ് മുഴുവനായും മുസ്‌ലിംകള്‍ ഭരിച്ചു. സ്‌പെയിന്‍ ചരിത്രത്തിലെ ജ്ഞാനോദയ കാലഘട്ടം എന്നു വേണമെങ്കില്‍ ഈ കാലത്തെ വിശേഷിപ്പിക്കാം. ജ്യാമിതീയ രൂപങ്ങള്‍ക്കും അറബിക് കലിഗ്രഫിക്കും പ്രാധാന്യം നല്‍കുന്ന ഇസ്ലാമിക കലയുടെയും വാസ്തു വിദ്യയുടെയും ശേഖരങ്ങള്‍ നമുക്കിവിടെ കാണാം. കവിതക്കും ശാസ്ത്രത്തിനും വളരെയധികം പ്രാധാന്യം കൊടുത്ത അമീറുമാരുടേയും ഖലീഫമാരുടേയും കാലത്ത് ചിന്തകരും കവികളും ധാരാളമായി വളര്‍ന്നു വന്നു. ഇന്ന് അന്തലൂസിയ എന്നറിയപ്പെടുന്ന അല്‍ അന്തലൂസ് ആയിരുന്നു മൂറുകളുടെ കേന്ദ്രം. നവീനമായ വാസ്തു രീതികളും വൈദ്യശാസ്ത്ര കണ്ടുപിടിത്തങ്ങളും ഇബ്‌നു അറബി, അലിയ്യുബ്‌നു ഹസം പോലെയുള്ള പ്രഗത്ഭരുടെ നേതൃത്വത്തില്‍ ഇന്നു കാണുന്ന സ്‌പെയിന്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ മൂറുകള്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷി.
ലോക നാഗരികതയുടെ കേന്ദ്രമായിരുന്നു അല്‍ അന്തലൂസ്. അതിന്റെ തലസ്ഥാനം കൊര്‍ദോവയായിരുന്നു - യൂറോപ്പിലെ തന്നെ ഏറ്റവും വലിയ നഗരം. സ്‌പെയിനിലെ ഇസ്ലാമിക പാരമ്പര്യത്തിന്റെ കേന്ദ്രം അന്തലൂസിയ, ഗ്രാനഡ, കൊര്‍ദോവ എന്നിവയായിരുന്നു. സി.ഇ 785-ല്‍ അബ്ദുര്‍റഹ്മാന്‍ സ്വയം അമീര്‍ ആയി പ്രഖ്യാപിക്കുകയും സെന്റ് വിന്‍സന്റ് ചര്‍ച്ച് പ്രാദേശിക ക്രൈസ്തവ സമൂഹത്തില്‍നിന്ന് പണം കൊടുത്തു വാങ്ങിക്കുകയും ചെയ്തു. മുസ്‌ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും പങ്കാളിത്തമുള്ള ഒന്നാക്കി അതിനെ മാറ്റി. റോമന്‍ ദേവാലയ പരിധിയില്‍ തന്നെ കൊര്‍ദോവയിലെ ഗ്രേറ്റ് മോസ്‌ക് സ്ഥാപിച്ചു. ഇസ്‌ലാമിക ഭരണത്തിന്റെ മികച്ച ശേഷിപ്പുകളില്‍ ഒന്നായി ഇന്നും നിലനില്‍ക്കുന്ന ഒന്നാണ് 'ഗ്രേറ്റ് മോസ്‌ക്'. മുസ്‌ലിം - ജൂത- ക്രൈസ്തവ സമുദായ സൗഹാര്‍ദത്തെ സൂചിപ്പിക്കുന്ന സവിശേഷമായ വാസ്തു രീതിയാണ് അതിന്റെ നിര്‍മാണത്തില്‍ അവലംബിക്കപ്പെട്ടത്.
കേവല സൗഹാര്‍ദത്തിനപ്പുറത്ത് മതങ്ങളുടെ, സംസ്‌കാരങ്ങളുടെ സര്‍ഗാത്മകവും സാമൂഹികവുമായ കൈമാറ്റങ്ങളാണ് നടന്നിരുന്നത്. സഹവര്‍ത്തിത്വത്തിന്റെ സംസ്‌കാരം എന്നര്‍ഥം വരുന്ന Convivencia Period എന്നാണ് ഈ കാലഘട്ടം അറിയപ്പെട്ടിരുന്നത്. ഹിസ്പാനോ - വിസ്‌ഗോഥിക് ക്രൈസ്തവരുടെ മേല്‍ ഒരിക്കലും ഇസ്‌ലാം അടിച്ചേല്‍പ്പിക്കപ്പെടാതിരിക്കാനും, അവര്‍ക്ക് വിശ്വാസവും സമ്പത്തും സംരക്ഷിക്കുന്നതിനുള്ള സ്വാതന്ത്ര്യമൊരുക്കുന്നതിനും ഭരണാധികാരികള്‍ ശ്രദ്ധിച്ചിരുന്നു. ഇസ്‌ലാമിക നാഗരികതയും വിശ്വാസവും ശാസ്ത്രവും ഭക്ഷണ രീതിയും മറ്റും ഇതര മതസ്ഥരെ ആകര്‍ഷിച്ചിരുന്നു എന്ന് മനസ്സിലാക്കാം. സി.ഇ 822-ലും അതിനു ശേഷവും അബ്ദുര്‍റഹ്മാന്‍ രണ്ടാമന്റെ കാലത്ത് കാര്‍ഷിക അഭിവൃദ്ധിയിലൂടെ സെവിയ്യയും അന്തലൂസിയയുമൊക്കെ കിഴക്കന്‍ ഇസ്‌ലാമിക സാമ്രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജനശ്രദ്ധ നേടിയെടുക്കുന്നതില്‍ വിജയിച്ചിരുന്നു. അബ്ദുര്‍റഹ്മാന്‍ മൂന്നാമന്റെ കാലത്ത് പുതിയ ചിന്തകളുടെ കേന്ദ്രമായിത്തീര്‍ന്നു ഉമവി കൊട്ടാരം. കൊര്‍ദോവ അതിപ്രശസ്തമായ കോസ്‌മോ പൊളിറ്റന്‍ തലസ്ഥാനമായി. അതിന്റെ പ്രാന്ത പ്രദേശത്ത് 'മദീനത്തു സഹ്‌റാ' എന്ന നഗരം സ്ഥാപിതമായി.
കൊര്‍ദോവയിലെ കൊട്ടാര സമുച്ചയം പല രീതിയില്‍ പ്രധാനപ്പെട്ടതാണ്. ഖലീഫയുടേയും കുടുംബാംഗങ്ങളുടേയും അസംഖ്യം മന്ത്രിമാരുടേയും വാസസ്ഥലവും, ആഡംബര വസ്തുക്കളായ പട്ടു വസ്ത്രങ്ങളുടെയും വര്‍ണശബളമായ പാത്രങ്ങളുടെയും ആയുധങ്ങളുടെയും പണിപ്പുരയും കൂടിയായിരുന്നു 'മദീനത്തു സഹ്‌റാ.' സ്‌പെയിനില്‍, സെവിയ്യയിലെ റോയല്‍ അല്‍കസാര്‍, ടോളിഡോയിലെ ക്രിസ്‌റ്റോഡിലാലുസ് പള്ളി, സര്‍ഗോസയിലെ അല്‍ ജാഫറ തുടങ്ങിയ നിര്‍മിതികള്‍ പണി കഴിപ്പിക്കപ്പെട്ടത് ഈ കാലത്താണ്. മറ്റു സാംസ്‌കാരിക സഞ്ചാര കേന്ദ്രങ്ങളെ പ്പോലെ തന്നെ മുസ്‌ലിം സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രങ്ങള്‍ തന്നെയാണ് കൊര്‍ദോവയും ഗ്രാനഡയും.
സമ്പത്തിന്റെയും സാംസ്‌കാരിക അഭിവൃദ്ധിയുടെയും കഥകള്‍ക്കപ്പുറത്ത് ഭരണാധികാരികള്‍ തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണമായി സ്‌പെയിനിലെ ഇസ്‌ലാമിക ഭരണകൂടത്തിന് വളരെക്കാലം നിലനില്‍ക്കാനായില്ല. ഒരൊറ്റ കുടുംബത്തിന്റെ പിന്തുടര്‍ച്ചാവകാശമായി ഖിലാഫത്തിനെ കൊണ്ടുപോയി എന്നതു കൊണ്ട് തന്നെ കൊര്‍ദോവന്‍ ഖിലാഫത്ത്, ഉമവി ഭരണകൂടം എന്നിങ്ങനെ രണ്ടു ചേരികളായി മാറിയത് തടയാന്‍ കഴിഞ്ഞില്ല. ഈ രണ്ടു മുസ്‌ലിം ഭരണകൂടങ്ങള്‍ തമ്മിലുള്ള നിലക്കാത്ത പോരാട്ടങ്ങള്‍ ഹിസ്പാനോ - ക്രൈസ്തവ വിഭാഗങ്ങള്‍ക്ക്, തങ്ങളുടേതായിരുന്നു എന്ന് അവര്‍ വിശ്വസിക്കുന്ന സ്വത്തുവകകളൊക്കെയും വീണ്ടെടുക്കുന്നതിന് സഹായകമായി. കൊര്‍ദോവയും ഗ്രാനഡയും സെവിയ്യയും പിടിച്ചെടുത്ത് മൂര്‍ ഭരണം അവസാനിക്കുന്നത് വരെ ഇത് തുടര്‍ന്നുകൊണ്ടിരുന്നു.
1491 ജനുവരി 2-നു അവസാനത്തെ മൂര്‍ ഭരണാധികാരിയും സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. സ്‌പെയിനിലെ മുസ്‌ലിം ഭരണം എന്ന അധ്യായത്തിനു തിരശ്ശീല വീണു. തീരെ പ്രസക്തമല്ലാത്ത ഒന്നായി സ്‌പെയിനിലെ മുസ്‌ലിംജനത മാറി. സ്‌പെയിനില്‍ ഇന്നു ബാക്കിയുള്ളത് മൊറോക്കോയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ഈജിപ്തില്‍ നിന്നുമെത്തിയ അറിയപ്പെടാത്ത ചില മുസ്‌ലിംകളും തീര്‍ത്തും മറവിക്ക് വിട്ടുകൊടുക്കാനാവാത്ത ചരിത്രവും മാത്രമാണ്.
സ്‌പെയിനിലെ സാംസ്‌കാരിക വൈവിധ്യ കേന്ദ്രമായ കാറ്റലൂണിയ എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളുന്ന പ്രദേശമാണ്. 6 ലക്ഷത്തോളം മുസ്ലിംകള്‍ ഇവിടെ ജീവിക്കുന്നുണ്ട്. മൂന്ന് ലക്ഷത്തോളം മാത്രമാണ് അന്തലൂസിയയിലെ മുസ്‌ലിം ജനസംഖ്യ. പുതുതായി ഇസ്‌ലാമിലേക്ക് വരുന്ന പുരുഷന്മാരും സ്ത്രീകളും സ്‌പെയിന്‍ പൗരത്വം സ്വീകരിച്ച വിദേശികളുമടക്കം സ്‌പെയിനില്‍ 2.1 മില്യണ്‍ ജനസംഖ്യയുണ്ട് മുസ്‌ലിംകള്‍ക്ക്; ഒപ്പം വിവിധ പള്ളികളും സാംസ്‌കാരിക കേന്ദ്രങ്ങളും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-30-32
ടി.കെ ഉബൈദ്‌

ഹദീസ്‌

തെറ്റു ചെയ്തവരെ നന്നാവാന്‍ സഹായിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി