അബ്ദുല്‍ ഖാദിര്‍
എടത്തറ, പറളി പ്രദേശങ്ങളില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും അതിന്റെ വളര്‍ച്ചക്ക് കഠിനാധ്വാനം നടത്തുകയും ചെയ്തവരില്‍ ഒരാളായിരുന്നു, ജമാഅത്ത് അംഗമായിരുന്ന അബ്ദുല്‍ ഖാദിര്‍ സാഹിബ്. തന്റെ സതീര്‍ത്ഥ്യരും സുഹൃത്തുക്കളും നാട്ടില്‍ പണിയെടുക്കുമ്പോള്‍ വിദേശത്ത് തൃപ്
തിയില്ലാത്ത ജോലിയില്‍ പ്രതികൂലമായ സാഹചര്യത്തില്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു അദ്ദേഹം. പക്ഷെ മനസ്സ് മുഴുവന്‍ നാട്ടിലെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലായിരുന്നു. പ്രദേശത്തെ രണ്ട് പള്ളികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിര്‍മാണത്തിലും മറ്റും അദ്ദേഹത്തിന്റെ സാമ്പത്തിക പിന്തുണ വളരെ വലുതായിരുന്നു.
സാമ്പത്തിക കാര്യങ്ങളില്‍ കണിശക്കാരനായിരുന്നു അബ്ദുല്‍ ഖാദിര്‍ സാഹിബ്. ദുന്‍യാവിലെ സൗകര്യങ്ങള്‍ വാരിക്കൂട്ടുന്നതിനേക്കാള്‍ പരലോകത്തേക്കുള്ള ഈടുവെപ്പുകള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ധനം വ്യയം ചെയ്തത്. എടത്തറ, പറളി പ്രദേശത്തെ പ്രവര്‍ത്തകരുടെ ചിരകാലാഭിലാഷമായിരുന്ന ഖബ്‌റിസ്ഥാനും മഹല്ല് സംവിധാനവും യാഥാര്‍ഥ്യമാക്കുന്നതില്‍ അബ്ദുല്‍ ഖാദിര്‍ സാഹിബിന്റെ ജാരിയായ സ്വദഖക്ക് വലിയ പങ്കുണ്ട്. ചരിത്രം ഓര്‍ത്തു വെക്കാനെന്ന പോലെ അവസാന കാലത്ത് കിടപ്പിലായിരിക്കെയാണ് അദ്ദേഹത്തെ നൂറുല്‍ഹുദ എന്ന മഹല്ലിലെ ആദ്യ മെമ്പറായി പേര് ചേര്‍ത്തത്. ഏറെ കഠിനാധ്വാനത്തിലൂടെ അനുമതി നേടിയെടുത്ത ഖബ്‌റിസ്ഥാനിലെ ആദ്യ പ്രവേശകനാവാനും അദ്ദേഹത്തെ തന്നെയാണ് റബ്ബ് തെരഞ്ഞെടുത്തത്.
ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിലെ സമ്പാദ്യങ്ങള്‍ കൊണ്ട് സാധാരണ ഗള്‍ഫ്കാരന്റെ മോഹങ്ങള്‍ പൂവണിയിക്കാനല്ല അബ്ദുല്‍ ഖാദിര്‍ സാഹിബ് ശ്രമിച്ചത്. അശരണരും, ആലംബഹീനരുമായ മനുഷ്യരെ കണ്ടറിഞ്ഞ് സഹായിക്കാനായിരുന്നു. അഞ്ചാം മൈല്‍ മസ്ജിദുന്നൂറിന് കീഴില്‍ പലിശ രഹിത വായ്പാ സംരംഭം ആരംഭിക്കുന്നത് അദ്ദേഹം നല്‍കിയ 10,000 രൂപ കൊണ്ടായിരുന്നു. സ്വന്തം കുടുംബത്തെ അദ്ദേഹം ലളിത ജീവിതം ശീലിപ്പിച്ചു. പ്രസ്ഥാന സാഹിത്യങ്ങളുടെ, പ്രത്യേകിച്ച് തഫ്ഹീമുല്‍ ഖുര്‍ആന്റെ വായന അദ്ദേഹത്തിന് ഹരമായിരുന്നു. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവത നിലനിര്‍ത്തി. വേണ്ടത്ര ആരോഗ്യം ഇല്ലാത്ത അവസ്ഥയിലാണ് 2015-ല്‍ ഹൈദരാബാദില്‍ നടന്ന ജമാഅത്ത് അംഗങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്തത്. കിടപ്പിലാവും വരെ പള്ളിയിലും യോഗങ്ങളിലും മുടക്കമില്ലാതെ പങ്കെടുത്തു.
ഭാര്യയും മകനും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തെ ബാക്കിയാക്കി യാത്ര തിരിക്കുമ്പോള്‍ ബാധ്യതകളുടെ ഭാരമൊട്ടുമില്ലാതെ ചെല്ലുന്നിടത്തേക്ക് ആവശ്യമായത് ഒരുക്കിയിട്ടുണ്ട് എന്ന സംതൃപ്തി അദ്ദേഹത്തിനുണ്ടാവും.
Comments