ഇസ്‌ലാമും മുസ്‌ലിം ഐഡന്റിറ്റിയും
അതിജീവനത്തെക്കുറിച്ച ആലോചനകള്‍-2
ദഅ്‌വത്തും മനുഷ്യ വിമോചനവും, സാമൂഹിക തിന്മകള്‍ക്കെതിരായ ധീരമായ നിലപാടുകളും അധികാരശക്തികളുമായുള്ള പല തരം ഇടപെടലുകളും ചേര്‍ന്നതായിരുന്നു പ്രവാചകന്‍മാരുടെ ജീവിത മാതൃകകള്‍. ഏത് പ്രതികൂല സാഹചര്യത്തിലും ഇസ്‌ലാമിന്റെ പ്രതിനിധാനം ഏറ്റവും പ്രധാനപ്പെട്ട ദൗത്യമായി അവര്‍ ഏറ്റെടുത്തിരുന്നു. അതിന്റെ പേരിലാണ് അവരും അവരുടെ അനുയായികളും വേട്ടയാടപ്പെട്ടതും മര്‍ദ്ദനപീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതും. പ്രവാചകന്മാര്‍ ഏറ്റെടുത്ത ദൗത്യം ഇക്കാലത്ത് പൂര്‍ണാര്‍ഥത്തില്‍ നിര്‍വഹിക്കപ്പെടുന്നില്ലെങ്കില്‍ പോലും ലോകമെമ്പാടും മുസ്‌ലിംകള്‍ വേട്ടയാടപ്പെടുന്നതും അപരവല്‍ക്കരിക്കപ്പെടുന്നതും അവര്‍ മുസ്‌ലിംകളായി എന്നത് കൊണ്ട് തന്നെയാണ്. ഇസ്‌ലാമും ഇന്ത്യന്‍ സമൂഹവും തമ്മിലുള്ള ഇടപെടലിന്റെ ദീര്‍ഘമായ ഒരു ചരിത്രമുണ്ട്. അതിന്റെ ഒരു തുടര്‍ച്ചയായിട്ടാണ് ഇപ്പോഴത്തെ മുസ്‌ലിം പ്രശ്‌നത്തെയും കാണേണ്ടത്. ഇസ്ലാമില്‍ നിന്ന് അന്യമോ അതിനെ നിരാകരിക്കുന്നതോ ആയ ഒരു ഐഡന്റിറ്റി മുസ്‌ലിംകള്‍ക്ക് ഉണ്ടാവുക സാധ്യമല്ല. ഇസ്‌ലാമിനെ വിശ്വാസപരമായി നിരാകരിച്ച മതവിരുദ്ധര്‍ പോലും അവരുടെ മുസ്‌ലിം പേരിന്റെ പേരില്‍ വംശീയവാദികളാല്‍ വേട്ടയാടപ്പെടുന്നുവെങ്കില്‍ അതിന്റെ അര്‍ഥം അവര്‍ ആഗ്രഹിക്കാതെ തന്നെ ഇസ്‌ലാം അവര്‍ക്ക് ഒരു ബാധ്യതയായി മാറുന്നു എന്നാണ്. മുസ്‌ലിം എന്ന സാമുദായിക നാമത്തിന്റെയും അതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായ പൊതുബോധ നിര്‍മിതിയുടെയും പ്രശ്‌നമാണത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ അവരുടെ മതവും സംസ്‌കാരവും കൈയൊഴിച്ച് സംഘ്പരിവാര്‍ വിഭാവനം ചെയ്യുന്ന ദേശീയ സംസ്‌കൃതിയില്‍ ലയിച്ചു ചേരുകയാണ് അവര്‍ക്ക് നിലനില്‍ക്കാനുള്ള വഴി എന്ന് ഹിന്ദുത്വത്തിന്റെ താത്വികാചാര്യന്‍മാര്‍ നേരത്തെ പറഞ്ഞു വെച്ചിട്ടുള്ളതാണല്ലോ. ഇതിന് തയ്യാറല്ല എന്നതാണ് മുസ്‌ലിംകള്‍ ഉന്മൂലന ഭീഷണി നേരിടാനുള്ള കാരണം. ഫാഷിസ്റ്റുകള്‍ മുസ്‌ലിം മത സാംസ്‌കാരിക ചിഹ്നങ്ങളെ അദൃശ്യമാക്കാനും ഇല്ലാതാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ അര്‍ഥം യഥാര്‍ഥ പ്രശ്‌നം ഇസ്‌ലാം തന്നെയാണ് എന്നാണല്ലോ. ഇത് തിരിച്ചറിഞ്ഞു കൊണ്ട് ഇസ്‌ലാമിന്റെ ഇസ്സത്ത് ഉയര്‍ത്തിപ്പിടിക്കുകയും തങ്ങള്‍ക്ക് കൈവന്ന മുസ്‌ലിം ജീവിതത്തെ കൂടുതല്‍ കൂടുതല്‍ ഇസ്‌ലാമികമാക്കുകയും ചെയ്യുക എന്നതാണ് മുസ്‌ലിംകള്‍ക്ക് അതിജീവനത്തിന്റെയും ശാശ്വത വിജയത്തിന്റെയും വഴി.
''അല്ലാഹുവിങ്കലേക്കു ക്ഷണിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും, ഞാന്‍ മുസ്ലിംകളില്‍ പെട്ടവനാകുന്നു എന്നു പ്രഖ്യാപിക്കുകയും ചെയ്തവന്റെ വചനത്തേക്കാള്‍ ഉല്‍കൃഷ്ടമായ വചനം ആരുടേത്?
''പ്രവാചകാ, നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതുമല്ല. നിനക്ക് പൈശാചികമായ വല്ല പ്രേരണയും അനുഭവപ്പെട്ടാല്‍, അല്ലാഹുവില്‍ ശരണം തേടിക്കൊള്ളുക. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ'' (ഹാമീം അസ്സജദ: 33-36).
'തിന്മയെ ഏറ്റവും ഉല്‍കൃഷ്ടമായ നന്മ കൊണ്ട് തടുക്കുക' എന്ന സൂക്തഭാഗത്തിന്റെ വിശദീകരണത്തില്‍ സയ്യിദ് മൗദൂദി പറയുന്നത് ശ്രദ്ധേയമാണ്:
''ഈ നിര്‍ദേശത്തിന്റെ പൊരുള്‍ പൂര്‍ണമായി മനസ്സിലാക്കുന്നതിന് നബി(സ)ക്കും അദ്ദേഹം മുഖേന അവിടത്തെ ശിഷ്യന്മാര്‍ക്കും ഈ അധ്യാപനം നല്‍കപ്പെട്ട പശ്ചാത്തലം മനസ്സിലാക്കിയിരിക്കേണ്ടതാകുന്നു. ആ സന്ദര്‍ഭം ഇതായിരുന്നു: സത്യപ്രബോധനത്തോടുള്ള സമീപനം തികച്ചും ധര്‍മവിരുദ്ധവും അക്രമാസക്തവുമായ എതിര്‍പ്പിന്റെ രൂപം പ്രാപിച്ചിരുന്നു. ധര്‍മത്തിന്റെയും നീതിയുടെയും മാന്യതയുടെയും മനുഷ്യത്വത്തിന്റെയും എല്ലാ അതിരുകളും ഭേദിച്ചുകൊണ്ടായിരുന്നു അതിന്റെ മുന്നേറ്റം. തിരുമേനിയെയും സഖാക്കളെയും കുറിച്ച് എന്തു കള്ളവും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. അവിടത്തെയും ശിഷ്യന്മാരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഏതായുധവും ഉപയോഗിക്കപ്പെട്ടു. എന്താരോപണവും അദ്ദേഹത്തിന്റെ മേല്‍ ചുമത്തപ്പെട്ടു. എതിര്‍പ്രചാരവേലക്കാരുടെ ഒരു വന്‍പട അദ്ദേഹത്തെക്കുറിച്ച് ജനമനസ്സുകളില്‍ തെറ്റിദ്ധാരണകളും സന്ദേഹങ്ങളും ഉണര്‍ത്തിക്കൊണ്ടിരുന്നു. തിരുമേനിയുടെയും സഖാക്കളുടെയും നേരെ നടത്തിക്കൂടാത്ത ഒരു ദ്രോഹവും ഉണ്ടായിരുന്നില്ല. അതുമൂലം നല്ലൊരു വിഭാഗം മുസ്ലിംകള്‍ ജന്മദേശം വെടിഞ്ഞ് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. അദ്ദേഹത്തിന്റെ പ്രബോധനം തടസ്സപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി ഒരു സംഘം ബഹളക്കാര്‍ സദാ അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരുന്നു. അദ്ദേഹം സത്യപ്രബോധനാര്‍ഥം വാ തുറന്നാലുടനെ അതാര്‍ക്കും കേള്‍ക്കാനാവാത്തവിധം ബഹളം കൂട്ടുകയായിരുന്നു അവരുടെ പരിപാടി. പ്രത്യക്ഷത്തില്‍ പ്രബോധന മാര്‍ഗങ്ങളെല്ലാം കൊട്ടിയടക്കപ്പെട്ടതായി തോന്നുന്ന, മനംതളര്‍ത്തുന്ന ഒരവസ്ഥയായിരുന്നു അത്. ആ സന്ദര്‍ഭത്തിലാണ്, എതിര്‍പ്പുകള്‍ തരണംചെയ്യാന്‍ തിരുമേനിക്ക് ഈ ഉപദേശം നല്‍കുന്നത്.
''ആദ്യമായി പറയുന്നതിതാണ്: നന്മ-തിന്മകള്‍ തുല്യമല്ല. അതായത്, ശത്രുക്കളുടെ തിന്മകള്‍ പ്രത്യക്ഷത്തില്‍ എത്ര ഭീകരമായ പ്രളയമായി ഉയര്‍ന്നുവരുകയും അതിനെതിരില്‍ നന്മ തികച്ചും അവശവും അശക്തവുമായി തോന്നുകയും ചെയ്താലും തിന്മ ഒടുവില്‍ വിനാശകരമായി പര്യവസാനിക്കുക എന്ന ദൗര്‍ബല്യം അത് സ്വയം ഉള്‍ക്കൊള്ളുന്നുണ്ട്. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ മനുഷ്യനായിരിക്കുന്നേടത്തോളം കാലം അവന്റെ പ്രകൃതി തിന്മയെ വെറുക്കാതെ വയ്യ. തിന്മയുടെ കൂട്ടുകാരന്‍ മാത്രമല്ല, ധ്വജവാഹകന്‍ പോലും താന്‍ വ്യാജനും അക്രമിയും സ്ഥാനമോഹങ്ങള്‍ക്കുവേണ്ടി ധര്‍മവിരോധം പ്രവര്‍ത്തിക്കുന്നവനുമാണെന്ന് അവന്റെ അന്തരാളത്തില്‍ അറിയുന്നുണ്ട്. ഈ സംഗതികള്‍ മറ്റുള്ളവരുടെ മനസ്സില്‍ തന്നോട് ആദരവ് ഉണ്ടാക്കുന്നത് പോകട്ടെ, തന്നില്‍ത്തന്നെ അവജ്ഞ ജനിപ്പിക്കുന്നതായും അവന്നറിയാം. എതിര്‍ത്തുകൊണ്ട് മുന്നേറുമ്പോള്‍, തന്റെ നിശ്ചയദാര്‍ഢ്യത്തെയും ആത്മവീര്യത്തെയും അകത്തുനിന്നുതന്നെ അടിച്ചമര്‍ത്തുന്ന ഒരു കള്ളന്‍ തന്റെ മനസ്സിനുള്ളില്‍ ഇരിക്കുന്നതായി അവന്ന് തോന്നുന്നുമുണ്ട്. ഈ തിന്മയെ അപേക്ഷിച്ച് നന്മ എത്ര അവശമാണെന്ന് തോന്നിയാലും നിരന്തരമായ പ്രവര്‍ത്തനത്തിലൂടെ അവസാനം അത് വിജയത്തിലെത്തുന്നു. കാരണം, പ്രഥമമായി തിന്മയെ അപേക്ഷിച്ച് നന്മക്ക് ജനഹൃദയങ്ങളെ കീഴടക്കാനുള്ള സവിശേഷമായ ശക്തിയുണ്ട്. എത്ര ദുഷിച്ച മനുഷ്യന്റെയും മനസ്സിന് അതിന്റെ മൂല്യം ബോധ്യപ്പെടാതിരിക്കുകയില്ല. പിന്നെ, നന്മ-തിന്മകള്‍ നേരിട്ടേറ്റുമുട്ടുകയും രണ്ടിന്റെയും ധാതു തികച്ചും പ്രകടമാവുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഒരു കാലയളവിലെ സംഘട്ടനത്തിനുശേഷം തിന്മയെ വെറുക്കുകയും നന്മയില്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യാതെ വളരെക്കുറച്ച് ആളുകളേ അവശേഷിക്കുകയുള്ളൂ.
''രണ്ടാമതായി അരുളുന്നത്, തിന്മയെ കേവലം നന്മകൊണ്ട് നേരിടുക എന്നല്ല; പ്രത്യുത, വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള നന്മകൊണ്ട് നേരിടുക എന്നതാണ്. അതായത്, ഒരാള്‍ നിങ്ങളോട് തിന്മ ചെയ്യുകയും നിങ്ങള്‍ അയാള്‍ക്ക് മാപ്പുകൊടുക്കുകയുമാണെങ്കില്‍ അത് വെറുമൊരു നന്മയാണ്. നിങ്ങളോട് ദുഷിച്ച രീതിയില്‍ പെരുമാറിയ ആളോട് നിങ്ങള്‍ക്ക് അവസരം കിട്ടുമ്പോള്‍ ഏറ്റം ശ്രേഷ്ഠമായ രീതിയില്‍ പെരുമാറുക എന്നുള്ളതാണ് ഉന്നത നിലവാരത്തിലുള്ള നന്മ. ബദ്ധശത്രു പോലും പിന്നീട് ആത്മമിത്രമായിത്തീരുന്നു എന്നതാണ് അതിന്റെ ഫലമായി പറഞ്ഞിട്ടുള്ളത്. എന്തുകൊണ്ടെന്നാല്‍, അതാണ് മനുഷ്യപ്രകൃതി. ശകാരത്തിന്റെ മുമ്പില്‍ നിങ്ങള്‍ മൗനം പാലിച്ചാല്‍ തീര്‍ച്ചയായും അതൊരു നന്മയാണ്. പക്ഷേ, അതുകൊണ്ട് ശകാരക്കാരന്റെ നാവടക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, ശകാരത്തിന് മറുപടിയായി ശകാരിക്കുന്നവന്നുവേണ്ടി പ്രാര്‍ഥിക്കുകയാണെങ്കില്‍ ഏറ്റം നിര്‍ലജ്ജനായ വൈരിപോലും ലജ്ജിച്ചു പോകും. പിന്നെ വളരെ പ്രയാസത്തോടുകൂടിയേ നിങ്ങളെ പുലഭ്യം പറയാന്‍ അയാള്‍ക്ക് വാ തുറക്കാന്‍ കഴിയൂ. ഒരാള്‍ നിങ്ങളെ ദ്രോഹിക്കാന്‍ കിട്ടുന്ന ഒരവസരവും കൈവിടാതിരിക്കുകയും നിങ്ങള്‍ അയാളുടെ അതിക്രമങ്ങള്‍ എല്ലാം നിശ്ശബ്ദം സഹിച്ചുപോരുകയും ചെയ്താല്‍, അയാള്‍ തന്റെ ദുഷ്ടതകളില്‍ കൂടുതല്‍ ഉത്സുകനായി എന്നുവരാം. പക്ഷേ, അവന്ന് കഷ്ടത നേരിടുന്ന ഒരവസരം വരുമ്പോള്‍ നിങ്ങള്‍ അവനെ രക്ഷിക്കുകയാണെങ്കില്‍ അവന്‍ നിങ്ങളുടെ കാല്‍ക്കീഴില്‍ വരും. കാരണം, ആ നന്മയെ എതിരിടുക ഏത് ദുഷ്ടതക്കും നന്നെ പ്രയാസകരമാകുന്നു. എന്നാല്‍, ഉന്നത നിലവാരത്തിലുള്ള നന്മകൊണ്ട് ഏത് ശത്രുവും ആത്മമിത്രമായിത്തീരുക അനിവാര്യമാണെന്ന് ഈ പൊതുതത്ത്വത്തിന് അര്‍ഥം കല്‍പിക്കുന്നത് ശരിയായിരിക്കുകയില്ല. ഈ ലോകത്ത് ദുഷ്ടമനസ്സായ ചില ആളുകള്‍ ഇങ്ങനെയുമുണ്ട്: അവരുടെ അതിക്രമങ്ങള്‍ പൊറുക്കുന്നതിലും തിന്മക്ക് നന്മകൊണ്ടും ശ്രേഷ്ഠതകൊണ്ടും മറുപടി കൊടുക്കുന്നതിലും നിങ്ങള്‍ എത്രതന്നെ പൂര്‍ണത കാണിച്ചാലും അവരുടെ വിഷസഞ്ചിയില്‍ അണുഅളവ് കുറവുണ്ടാവുകയില്ല. എങ്കിലും ഇത്തരം ദുഷ്ടതയുടെ പ്രതിരൂപമായ ആളുകള്‍, നന്മയുടെ പ്രതിരൂപമായ ആളുകളോളംതന്നെ വിരളമായേ കാണപ്പെടൂ'' (തഫ്ഹീമുല്‍ ഖുര്‍ആന്‍).
പ്രതീക്ഷ നല്‍കുന്ന യുവത്വം
മുസ്‌ലിം അതിജീവനവുമായി ബന്ധപ്പെട്ട് പല തിയറികളും നിലവിലുണ്ട്. പ്രതിരോധത്തിന്റെ കര്‍മശാസ്ത്രം മുതല്‍ വിധേയത്വത്തിന്റെ ദൈവശാസ്ത്രം വരെ. കേരളത്തിന്റെ താരതമ്യേന സുരക്ഷിതമായ അന്തരീക്ഷത്തിലാണ് ഈ തിയറികള്‍ അധികവും രൂപം കൊള്ളുന്നത്. ഓരോ സംഘടനയും ആ സംഘടനക്കകത്ത് തന്നെയുള്ള വ്യക്തികളും ഗ്രൂപ്പുകളും അവരുടേതായ സിദ്ധാന്തങ്ങളില്‍ അഭിരമിച്ച് കാലം കഴിക്കുന്നതാണ് കാണുന്നത്. മുസ്‌ലിം ഐക്യത്തെക്കുറിച്ച ആഹ്വാനങ്ങള്‍ ഫലപ്രാപ്തിയില്‍ എത്താത്തതിനാല്‍ ആവര്‍ത്തന വിരസതയുളവാക്കുന്നു. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഒരു കര്‍മപരിപാടി ആവിഷ്‌കരിക്കുക എന്ന മിനിമം അജണ്ടയില്‍ മുസ്‌ലിം സംഘടനകള്‍ ഒരുമിച്ചിരിക്കേണ്ട കാലം ഒരുപാട് വൈകിയിരിക്കുന്നു.
കനം വെച്ച് വരുന്ന നിസ്സംഗതയുടെയും ആശയക്കുഴപ്പത്തിന്റെയും പുറംതോട് പൊട്ടിക്കാന്‍ സാധിക്കുക വളര്‍ന്നു വരുന്ന മുസ്‌ലിം യുവതക്കാണ്. എല്ലാവരും അറച്ചു നില്‍ക്കുന്നേടത്ത് ചില കുതിപ്പുകള്‍ അനിവാര്യമായിത്തീരും. ഭയത്തിന്റെയും മൗനത്തിന്റെയും കരിമ്പടം എടുത്തു മാറ്റാന്‍ അത് കൂടിയേ തീരൂ. പൗരത്വ സമരകാലത്തും ഏറ്റവുമൊടുവില്‍ കര്‍ണാടകയിലെ ഹിജാബ് സമരത്തിലും നാം അത് കണ്ടതാണ്. അക്രമത്തിനും അനീതിക്കും നേരെയുള്ള ചെറുപ്പത്തിന്റെ ധീരമായ വിരല്‍ ചൂണ്ടലുകള്‍ക്ക് ഇന്നത്തെ കാലത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. സമര രംഗത്ത് മാത്രമല്ല മുസ്‌ലിം യുവത്വത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാവുന്നത്. സമുദായത്തിന്റെ ബുദ്ധിപരമായ നേതൃത്വം ഇപ്പോള്‍ ഏറക്കുറെ യുവാക്കളുടെ കൈയിലാണ്. മുസ്‌ലിം സമൂഹത്തിനകത്ത് പലതരം ധൈഷണിക സംവാദങ്ങള്‍ക്കും തിരികൊളുത്തുന്നത് അവരാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ വലിയ ശതമാനം വരുന്ന വിദ്യാര്‍ഥി, യുവ സമൂഹവുമായുള്ള ക്രിയാത്മകമായ ഇടപെടലുകളിലൂടെ പോരാട്ടത്തിന്റെയെന്ന പോലെ, സഹവര്‍ത്തിത്വത്തിന്റെയും പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയും. വര്‍ഗീയതയെയും വംശീയതയെയും അതിജയിക്കുന്ന സൗഹൃദ ബന്ധങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും ആശയസംവാദങ്ങള്‍ക്കും ധാരാളം ഇടമുള്ള ഇടങ്ങളാണ് കാമ്പസുകള്‍. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരെ പുതിയ ജനകീയമുന്നേറ്റങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ പുതിയ തലമുറക്കാണ് സാധിക്കുക. ഈമാനിന്റെ കരുത്തും ഇസ്‌ലാമികമായ ദിശാബോധവുമുള്ള യുവത്വമാണ് ചരിത്രത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ പ്രതീക്ഷയും അവരിലാണ്.
ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇന്നോ നാളെയോ ഇല്ലാതായിപ്പോവുന്ന ഒരു സമൂഹമല്ല. അവരുടെ നിലനില്‍പ്പിനും പുരോഗതിക്കും അടിയന്തര സ്വഭാവത്തിലുള്ളതും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ പരിപാടികള്‍ ആവശ്യമുണ്ട്. മുസ്‌ലിംകളുടെ മുന്‍കൈയില്‍ ഒരു ജനകീയ, ജനാധിപത്യ രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ഫാഷിസം ഉയര്‍ത്തുന്ന ഉന്മൂലന ഭീഷണിയെ നേരിടാന്‍ സര്‍വതലസ്പര്‍ശിയായ സ്ട്രാറ്റജികള്‍ ആവശ്യമുണ്ട്. പൗരത്വ സമരം പോലെയുള്ള ജനകീയ പ്രക്ഷോഭങ്ങളിലേക്ക് ഏത് നിമിഷവും മുസ്‌ലിംകള്‍ ഇനിയും എടുത്തെറിയപ്പെട്ടേക്കും. പരീക്ഷണത്തിന്റെ തീക്ഷ്ണനാളുകളാണ് വരാനിരിക്കുന്നത്. കഴിഞ്ഞകാല അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കൂടുതല്‍ കരുത്തോടെയും ശ്രദ്ധയോടെയും ക്ഷമയോടെയും ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും എല്ലാറ്റിലുമുപരി അചഞ്ചലമായ ഈമാനോടെയും മുന്നോട്ട് പോവുകയല്ലാതെ മുസ്‌ലിംകളുടെ മുമ്പില്‍ അതിജീവനത്തിന് എളുപ്പ വഴികളില്ല.
തിന്മയില്‍ അധിഷ്ഠിതമായ ഏത് ഐഡിയോളജിയും അന്തിമമായി തകരാനുള്ളതാണ്. ചരിത്രം മുന്നില്‍ വെച്ചു കൊണ്ട് ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യമാണിത്. ഫാഷിസത്തിന്റെ ചരിത്രവും ഇത് തന്നെയാണ് തെളിയിക്കുന്നത്. ഒരു ഐഡിയോളജി എത്രമാത്രം മനുഷ്യ വിരുദ്ധവും ഹിംസാത്മകവുമായിത്തീരുന്നുവോ, അതനുസരിച്ച് തകര്‍ച്ചയുടെ ആക്കം വര്‍ധിക്കും. യൂറോപ്യന്‍ ഫാഷിസത്തിന് ഇല്ലാത്ത ചില പ്രത്യേകതകള്‍ ഇന്ത്യന്‍ ഫാഷിസത്തിനുണ്ട് എന്ന് കൂടി തിരിച്ചറിയേണ്ടതാണ്. ഹിന്ദുത്വ എന്ന പൊളിറ്റിക്കല്‍ ഐഡിയോളജിക്ക് ശക്തമായ ഒരു തിയോളജിയുടെ പിന്‍ബലമുണ്ട്. ഹൈന്ദവ വേദങ്ങളെയും പുരാണേതിഹാസങ്ങളെയും വിശ്വാസാചാരങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് സംഘ് പരിവാര്‍ നിര്‍മിച്ചെടുത്തതാണ് ആ തിയോളജി. രാമനും കൃഷ്ണനും ശിവനും അവര്‍ക്ക് വംശീയ രാഷ്ട്രീയത്തിന്റെ ശക്തമായ ആയുധങ്ങളാണ്. അയോധ്യയിലും മഥുരയിലും വരാണസിയിലും ആ രാഷ്ട്രീയമാണ് ജയിച്ചു കൊണ്ടിരിക്കുന്നത്. ഗാന്ധിജിയുടെ രാമനും സംഘ് പരിവാറിന്റെ രാമനും വ്യത്യസ്തമാവുന്നതെങ്ങനെ എന്ന ചര്‍ച്ചക്ക് ഇന്നത്തെ ഇന്ത്യയില്‍ വലിയ പ്രസക്തിയുണ്ട്. പക്ഷെ, ഗാന്ധിജിക്ക് ഇന്ത്യയില്‍ തുടര്‍ച്ചകളില്ല എന്നതും സംഘ് പരിവാര്‍ മുന്നോട്ടു വെക്കുന്ന ഹിന്ദുത്വത്തിന് പകരം നില്‍ക്കാന്‍ കഴിയുന്ന ഒരു ആശയധാര ഹിന്ദു സമൂഹത്തിനകത്ത് നിന്ന് ഉയര്‍ന്ന് വരുന്നില്ല എന്നതും ഇന്ത്യ അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയാണ്. പറഞ്ഞു വരുന്നത്, യൂറോപ്യന്‍ ഫാഷിസത്തേക്കാള്‍ പതിന്‍മടങ്ങ് ആകര്‍ഷണീയതയും ആന്തരികമായ കരുത്തും ജനസ്വാധീനവുമുള്ളതാണ് ഇന്ത്യന്‍ ഫാഷിസം. പക്ഷെ, വെറുപ്പും വിദ്വേഷവും ഹിംസയും മാത്രം ഉല്‍പാദിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ഐഡിയോളജി തകരാതെ നിവൃത്തിയില്ല. അതിനകത്ത് തന്നെ അതിന്റെ അനിവാര്യമായ തകര്‍ച്ചയുടെ വിത്തുകള്‍ ഒളിഞ്ഞു കിടപ്പുണ്ട്. അതെങ്ങനെയാണ് എപ്പോഴാണ് മുളച്ചുപൊന്തുക എന്ന് മാത്രമേ കാണേണ്ടതായിട്ടുള്ളൂ.
(അവസാനിച്ചു)
Comments