Prabodhanm Weekly

Pages

Search

2022 ജൂണ്‍ 03

3254

1443 ദുല്‍ഖഅദ് 03

ആ മുപ്പതിനായിരം ഇവിടെയുണ്ട്!

മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

 

ചരിത്രം /

മദീനയിലെ വിശ്രുത പണ്ഡിതനും ഇമാം മാലികിന്റെ ഗുരുനാഥനും താബിഉകളില്‍ പ്രമുഖനുമായിരുന്നു റബീഅത്തുബ്‌നു ഫര്‍റൂഖ്. അബുല്‍ അബ്ബാസിന്റെ ഭരണകാലത്തു അദ്ദേഹം ന്യായാധിപനുമായിരുന്നു. മസ്ജിദുന്നബവിയിലെ അദ്ദേഹത്തിന്റെ വിജ്ഞാന സദസ്സില്‍ ഇമാം മാലിക്, ഇമാം ഔസാഇ, ഹസന്‍ ബസ്വരി, ശുഅബ, ലൈസ് മിസ്‌രിയെപോലുള്ള മഹാപണ്ഡിതര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യരായതില്‍ അവര്‍ അഭിമാനിച്ചിരുന്നു. 'ഇമാം റബീഅയുടെ മരണശേഷം ഫിഖ്ഹ് പഠനത്തിന്റെ ഹരം നഷ്ടപ്പെട്ടിരിക്കുന്നു' എന്നാണ് തന്റെ ഗുരുവിന്റെ വിയോഗത്തിനു ശേഷം ഇമാം മാലിക് പ്രതികരിച്ചത്.
ഒരിക്കല്‍ ഇമാം മാലിക് തന്റെ ശിഷ്യഗണങ്ങള്‍ക്ക് അതീവ ഹൃദ്യമായ ഒരു സംഭവം കേള്‍പ്പിച്ചു... ഇമാം റബീഅയുടെ പിതാവ് ഫര്‍റൂഖ് ഒരു പട്ടാളക്കാരനായിരുന്നു. ഒരിക്കല്‍ ഖുറാസാനിലേക്ക് യാത്ര പോകുന്ന അദ്ദേഹം തന്റെ പത്‌നിക്ക് മുപ്പതിനായിരം അശ്‌റഫീ ദീനാര്‍ കൈമാറി. അന്ന് അവര്‍ ഗര്‍ഭിണിയായിരുന്നു. മാസങ്ങള്‍ക്കു ശേഷം റബീഅ ഭൂജാതനായി. അങ്ങേയറ്റം വിശ്വാസദാര്‍ഢ്യവും ഭയഭക്തിയുമുള്ള സ്ത്രീയായിരുന്നു അവര്‍. മതവിജ്ഞാനീയത്തില്‍ അതീവ താല്‍പര്യമുള്ള അവര്‍ തന്റെ മകന്‍ വൈജ്ഞാനിക നഭസ്സില്‍ സൂര്യനെപ്പോലെ പ്രശോഭിച്ചു നില്‍ക്കണമെന്ന് ആശിച്ചു. അതിനായി ലളിതജീവിതം ശീലമാക്കി തന്റെ കൈയിലുള്ള പണമെല്ലാം മകന്‍ റബീഅയുടെ വിദ്യാഭ്യാസത്തിനായി വ്യയം ചെയ്തു. ദൈവഹിതത്താല്‍ റബീഅ ഫിഖ്ഹിലും ഹദീസിലും അഗാധ പാണ്ഡിത്യം ആര്‍ജിച്ചു. പില്‍ക്കാലത്ത് ലോക പ്രശസ്തി നേടിയ പലര്‍ക്കും വിജ്ഞാനം പകര്‍ന്നു നല്‍കാന്‍ അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിച്ചു.
റബീഅയുടെ പിതാവിന്റെ ഖുറാസാന്‍ യാത്ര യാദൃഛികമായി വളരെ നീണ്ടു പോയി. ഇരുപത്തിയേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരിച്ചു വന്നത്. സഹധര്‍മ്മിണിയോട് കുടുംബ കാര്യങ്ങള്‍ ആരാഞ്ഞു. സംസാരത്തിനിടയില്‍ താന്‍ ഏല്‍പിച്ച മുപ്പതിനായിരം ദീനാറില്‍ വല്ലതും ബാക്കിയുണ്ടോ എന്നും ചോദിച്ചു.
'നിങ്ങള്‍ അതെപ്പറ്റി ആകുലനാകേണ്ടതില്ല. അതെല്ലാം സുരക്ഷിതമായുണ്ട്. ഞാനത് ഭൂമിയില്‍ കുഴിച്ചിട്ടിരിക്കുകയാണ്. ആദ്യം താങ്കള്‍ പള്ളിയില്‍ പോയി വരിക. എന്നിട്ട് കാര്യങ്ങള്‍ വിശദമാക്കിത്തരാം' ഉമ്മു റബീഅ പറഞ്ഞു.
അബൂ റബീഅ മസ്ജിദുന്നബവിയിലെത്തി നമസ്‌കരിച്ചു. നമസ്‌കാരാനന്തരം മുതിര്‍ന്ന പണ്ഡിതന്മാരടക്കം ധാരാളമാളുകള്‍ തിങ്ങിവിങ്ങിയിരിക്കുന്ന സദസ്സ് അദ്ദേഹം ശ്രദ്ധിച്ചു. അതിനു മധ്യത്തില്‍ വിജ്ഞാനപീഠത്തില്‍ തന്റെ മകന്‍ റബീഅ ഇരിക്കുന്നു. അദ്ദേഹം അതിരറ്റ് ആനന്ദിച്ചു. വളരെ വേഗത്തില്‍ വീട്ടിലെത്തി താന്‍ കണ്ട കാഴ്ച തന്റെ പത്‌നിയോട് ആശ്ചര്യത്തോടെ വിവരിച്ചു. ഇരുവരും ഒരുപാട് നേരം അല്ലാഹുവിനെ സ്തുതിക്കുകയും നന്ദി  രേഖപ്പെടുത്തുകയും ചെയ്തു. അബു റബീഅയോട്  ഉമ്മു റബീഅപറഞ്ഞു: 'അബൂ റബീഅഃ! താങ്കളുടെ മുപ്പതിനായിരം ദീനാറോ അതോ വിലമതിക്കാനാവാത്ത മകനോ താങ്കള്‍ക്ക് ഏറെ പ്രിയപ്പെട്ടത്?'
'ഉമ്മു റബീഅ! മുപ്പതിനായിരം അശ്‌റഫീ നാണയങ്ങളോ? ലോകത്തുള്ള സര്‍വതും പകരം കൊടുത്താലും ഇതുപോലൊരു സന്തതിയെ കിട്ടുകയില്ല.' ആനന്ദക്കണ്ണീര്‍ പൊഴിച്ച്  ഇബ്‌നു ഫര്‍റൂഖ് പറഞ്ഞു.
ഉമ്മു റബീഅയുടെ മുഖം സന്തോഷാധിക്യത്താല്‍ വെട്ടിത്തിളങ്ങി. 'താങ്കളുടെ മുപ്പതിനായിരം ഞാന്‍  നിക്ഷേപിച്ച ഭൂമിയാണ് താങ്കളുടെ മകന്‍.'
('റോഷന്‍ സിതാരെ' എന്ന കൃതിയില്‍ നിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുര്‍ റഷീദ് അന്തമാന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് 17-21
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്ത്രീകള്‍ക്ക് ആദരവ്, പരിഗണന
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌