യുവതയുടെ അഭിമാന സാക്ഷ്യമായി സോളിഡാരിറ്റി സംസ്ഥാന സമ്മേളനം
വിശ്വാസത്തിന്റെ കരുത്തും ആദര്‍ശ പാതയില്‍ യുവതയുടെ അഭിമാന സാക്ഷ്യവുമായി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കേരളയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് ആവേശോജ്ജ്വലമായ പരിസമാപ്തി. ഇസ്‌ലാമിക വിപ്ലവ യുവത്വത്തിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ വളരെ സുപ്രധാനമായ ചുവടുവെപ്പായി രണ്ടാം സംസ്ഥാന സമ്മേളനം മാറി. ഉയര്‍ത്തിയ മുദ്രാവാക്യം കൊണ്ടും കുറ്റമറ്റ സംഘാടനം കൊണ്ടും ഇസ്‌ലാമിക പ്രസ്ഥാന ചരിത്രത്തില്‍ അവിസ്മരണീയമായ അധ്യായമായി ഈ സമ്മേളനം അടയാളപ്പെടുത്തുമെന്ന് ഉറപ്പ്. ഹിന്ദുത്വ ഫാഷിസം അതിന്റെ പ്രഖ്യാപിത അജണ്ടകള്‍ ഓരോന്നായി നടപ്പിലാക്കുന്ന പ്രതിസന്ധികള്‍ നിറഞ്ഞ വര്‍ത്തമാന ഇന്ത്യയില്‍ ആത്മ വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും വിശ്വാസ ദാര്‍ഢ്യത്തിന്റെയും കരുത്ത് പകരുന്നത് കൂടിയായിരുന്നു സമ്മേളനം.
ഇസ്‌ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക എന്ന തലക്കെട്ടുയര്‍ത്തി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാളയുടെ നേതൃത്വത്തില്‍ നടത്തിയ യൂത്ത് കാരവന്‍ ശ്രദ്ധേയമായിരുന്നു. ഭരണകൂടത്തിന്റെയും നിയമ സംവിധാനങ്ങളുടെയും പ്രത്യേക സഹായത്തോടെയും മൗനാനുവാദത്തോടെയും നടന്നുകൊണ്ടിരിക്കുന്ന ഈ മുസ്ലിംവിരുദ്ധ വംശീയ രാഷ്ട്രീയത്തോട് ഒത്തുതീര്‍പ്പുകളില്ലാത്ത സമരം പ്രഖ്യാപിച്ചു കൊണ്ടുകൂടിയാണ് യൂത്ത് കാരവന്‍ സംസ്ഥാനത്ത് ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ സഞ്ചരിച്ചത്.
തുടര്‍ന്ന് മേയ് 21, 22 തീയതികളിലായി എറണാകുളം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപം പ്രത്യേകം തയാറാക്കിയ നഗരിയില്‍ സംസ്ഥാന സമ്മേളനം. പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും രണ്ടു ദിവസങ്ങളിലായി നടന്ന പ്രതിനിധി സമ്മേളനത്തിലും തുടര്‍ന്ന് പൊതുസമ്മേളനത്തിലുമായി അന്തര്‍ദേശീയ ദേശീയ അതിഥികള്‍ ഉള്‍പ്പെടെ പതി
നായിരക്കണക്കിനാളുകളാണ് സമ്മേളനത്തിന് സാക്ഷികളായത്. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ വംശഹത്യ നടത്തി ഉന്മൂലനം ചെയ്ത് കളയാമെന്നുള്ളത് സംഘ് പരിവാറിന്റെ ദിവാസ്വപ്‌നം മാത്രമാണെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ ടി. ആരിഫലി പറഞ്ഞു. ഈ രാജ്യത്തിന്റെ സാമൂഹിക രൂപീകരണത്തിലും നവോത്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലുമെല്ലാം നിര്‍ണായക പങ്കുവഹിച്ചവരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. ഈ രാജ്യം മുസ്‌ലിംകളുടേത് കൂടിയാണ്. വിശ്വാസവും പോരാട്ടചരിത്രവും നിലനില്‍ക്കുന്നിടത്തോളം മുസ്‌ലിം ഉന്മൂലനം അസാധ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്ത് മതം പിന്തിരിപ്പനാണെന്ന് നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ ഇസ്‌ലാമിക വിശ്വാസം അഭിമാനമാണെന്നും വിമോചന പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നതാണ് ഇസ്‌ലാമിന്റെ ചരിത്രമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. നഹാസ് മാള പറഞ്ഞു. ഭരണഘടന നല്‍കുന്ന ഉറപ്പ് പൗരന്‍മാരില്‍ ഒരു വിഭാഗത്തിന് നിഷേധിക്കപ്പെട്ടാല്‍ അല്ലെങ്കില്‍ നഷ്ടപ്പെട്ടാല്‍ പിന്നെ രാജ്യമില്ല. ഭരണഘടനയും, ഭരണനിര്‍വഹണ സംവിധാനവും, നിയമവാഴ്ചയും തോറ്റുപോയ രാജ്യമാണ് ഇന്ത്യ. ഭരണഘടനാപരമായ ഉറപ്പുകള്‍ സാമൂഹിക കരാറിന്റെ സ്ഥാനത്താണ്. ആ കരാര്‍ വ്യവസ്ഥകള്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ ഇവിടെ ലംഘിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ബാബരീ മസ്ജിദിന്റെ തകര്‍ച്ച അത് ലംഘിക്കപ്പെട്ടതിന്റെ പ്രധാന അടയാളമാണ്. മസ്ജിദ് തകര്‍ച്ചയേക്കാള്‍ വലിയ ദുരന്തമാണ് മസ്ജിദ് വിഷയത്തിലെ സുപ്രീം കോടതി വിധി. ഈ വിധി പ്രദാനം ചെയ്ത ധൈര്യത്തിന്റെ പുറത്താണ് കീഴ്‌കോടതി ഇന്ന് ഗ്യാന്‍വാപിയെ കടന്നാക്രമിച്ചിരിക്കുന്നത്.
സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചത് ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖ അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. തിന്മയെ ഏറ്റവും വലിയ നന്മകൊണ്ട് പ്രതിരോധിക്കുക. ഏതു വലിയ പ്രതിസന്ധിയെയും പരമാവധി ആസൂത്രണത്തോടെ മറികടന്ന് ഈ ലോകത്ത് നമ്മുടെ നിര്‍വഹണ മാര്‍ഗത്തില്‍ മുന്നോട്ടുപോകാം. മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ആലോചനകള്‍ തന്നെയാണ്. അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ പഠന ചര്‍ച്ചാ സെഷനുകളിലായി, ഇസ്ലാം ആശയവും ജീവിതവും, ഇസ്ലാം അടിസ്ഥാന പ്രമാണങ്ങള്‍, അതിരുകള്‍ ജീവിതത്തിന്റെ സൗന്ദര്യം, ഇസ്ലാം വിശ്വാസം നാഗരികത സംസ്‌കാരം, വിജയകരമായ സാമ്പത്തിക ജീവിതം, ഇസ്ലാം അതിജീവനത്തിന്റെ ഖുര്‍ആനിക പാഠങ്ങള്‍, അതിജീവനത്തിന്റെ ചരിത്രവും വര്‍ത്തമാനവും, നന്മയില്‍ മുന്നേറുക, ആരാധനകളുടെ അകവും പുറവും, ഖുര്‍ആന്‍ ആസ്വാദനം, ഇസ്ലാമോഫോബിയ : ഹിന്ദുത്വയും ഇന്ത്യന്‍ മുസ്‌ലിംകളും, ഈമാന്‍ ഇസ്ലാം ശഹാദത്ത് എന്നീ വിഷയങ്ങളില്‍ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ (ജന. സെക്രട്ടറി, ജ.ഇ കേരള), യുസുഫ് ഉമരി (ശൂറ അംഗം, ജ.ഇ കേരള), സലീം മമ്പാട് (പ്രസി., ജ.ഇ മലപ്പുറം), ഡോ.ബദീഉസ്സമാന്‍ (സി.ഇ.ഒ, ഐ.ഇ.സി.ഐ), കെ.എം അശ്‌റഫ് (അസി. റെക്ടര്‍, അല്‍ജാമിഅ അല്‍ ഇസ്ലാമിയ ശാന്തപുരം), ശിഹാബ് പൂക്കോട്ടൂര്‍ (സെക്രട്ടറി, ജ. ഇ കേരള), ഡോ. വി.എം സാഫിര്‍, നൗഷാദ് സി.എ (സെക്രട്ടറി, സോളിഡാരിറ്റി കേരള), ഡോ ആര്‍ യൂസുഫ്, സി. ദാവൂദ്, ടി.മുഹമ്മദ് വേളം, ഡോ. അബ്ദുസ്സലാം വാണിയമ്പലം (ശൂറ അംഗം, ജ. ഇ കേരള), അബ്ദുല്‍ ഹകീം നദ്‌വി (സെക്രട്ടറി, ജ.ഇ കേരള) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു.
ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് യുവ നേതാക്കളുടെ സംഗമം
ഹിന്ദുത്വ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രത്യക്ഷമായി നടന്നുകൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധ വംശീയ വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരായ പ്രക്ഷോഭ പോരാട്ടങ്ങള്‍ക്ക് വഴിയും ഊര്‍ജവും പകരുന്ന വേദിയായി 'യൂത്ത് മൊമൊന്റ്' ചര്‍ച്ചാ സംഗമം.
പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി ശഹീന്‍ ബാഗ് സ്‌ക്വയര്‍ എന്ന് നാമകരണം ചെയ്ത വേദിയിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കിയ വിവിധ സംഘടനാ ഭാരവാഹികളും സാമൂഹിക പ്രവര്‍ത്തകരും വിദ്യാര്‍ത്ഥി നേതാക്കളും ഒരുമിച്ചിരുന്നത്.
ഭരണകൂട ഫാഷിസത്തിന് എതിരായി ശക്തമായ പ്രതിരോധങ്ങളും, മറവിക്കെതിരെ ഓര്‍മകളുടെ സമരവുമായി യോജിച്ച വിദ്യാര്‍ഥി യുവജന പ്രക്ഷോഭങ്ങള്‍ ഇനിയും തുടരേണ്ടതുണ്ടെന്ന് സംഗമം വിലയിരുത്തി.
സംഗമത്തില്‍ ആദിത്യ മേനോന്‍ (ദ ക്വിന്റ്), മോങ് തെയ്ന്‍ ശ്വീ (ഫ്രീ റോഹിങ്ക്യ സമിതി), റിജാഉല്‍ കരീം (എ.എ.എം.എസ്.യു), ദല്‍ഹിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആസിഫ് മുജ്തബ വലി റഹ്മാനി,
സല്‍മാന്‍ അഹ്മദ് (പ്രസിഡന്റ്, എസ്.ഐ.ഒ ഇന്ത്യ), ശംസീര്‍ ഇബ്‌റാഹീം (അഖിലേന്ത്യാ പ്രസിഡന്റ്, ഫ്രറ്റേണിറ്റി), ലബീദ് ശാഫി (പ്രസിഡന്റ്, സോളിഡാരിറ്റി കര്‍ണാടക), റാസിഖ് റഹീം (സാമൂഹിക പ്രവര്‍ത്തകന്‍), നിദ പര്‍വീന്‍ (സ്റ്റുഡന്റ് ആക്ടിവിസ്റ്റ്), സമര്‍ അലി (സെക്രട്ടറി, ജി.ഐ.ഒ), അന്‍വര്‍ സലാഹുദ്ദീന്‍ (ജന. സെക്രട്ടറി, എസ്.ഐ.ഒ കേരള), ശഹീന്‍ അബ്ദുല്ല (മക്തൂബ് മീഡിയ) എന്നിവര്‍ സംസാരിച്ചു.
ഐക്യ വേദിയായി മില്ലി കോണ്‍ഫറന്‍സ്
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ 'മുസ്‌ലിം ഉമ്മത്ത്: അസ്തിത്വം, അതിജീവനം' എന്ന പ്രമേയത്തിലെ മില്ലി കോണ്‍ഫറന്‍സ് സമുദായത്തിന്റെ അതിജീവനത്തിന് മുസ്‌ലിം സംഘടനകളുടെ ഐക്യ വേദിയായി.
സമുദായത്തിന്റെ അതിജീവനം മുസ്‌ലിം കൂട്ടായ്മകളുടെ മുഖ്യ അജണ്ടയാകണമെന്ന് മില്ലി സമ്മേളനം ഉദ്ഘാടനം ചെയ്ത് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി തങ്ങള്‍ പറഞ്ഞു. ഒന്നിച്ചിരുന്ന് മുസ്‌ലിം ഉമ്മത്തിനെ കുറിച്ച് ആലോചിക്കേണ്ട കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. രാഷ്ട്രീയ അതിജീവനം പ്രധാന അജണ്ടയാകേണ്ട സന്ദര്‍ഭമാണിത്. ബഹുസ്വര സമൂഹത്തില്‍ സംവാദത്തിന്റെ സാധ്യതകള്‍ വികസിപ്പിക്കണം. സംവാദത്തിന്റെ സാധ്യതകളെ പോലും ഇല്ലാതാക്കുന്ന സംഘ് പരിവാര്‍ ശക്തികളെ പൊതുസമൂഹം ഒരുമിച്ച് നിന്ന് എതിര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഹിന്ദുത്വ ഫാഷിസത്തെ അഭിമുഖീകരിക്കാന്‍ നിലവിലെ അജണ്ടകള്‍ മാറ്റേണ്ട കാലമാണിതെന്ന് അധ്യക്ഷ പ്രസംഗം നിര്‍വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. നഹാസ് മാള പറഞ്ഞു. ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍ അബ്ദുശ്ശുകൂര്‍ ഖാസിമി, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറി സലാഹുദ്ദീന്‍ മദനി, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അശ്‌റഫ്, ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് കേരള ജനറല്‍ സെക്രട്ടറി അലിയാര്‍ ഖാസിമി, കേരള മുസ്‌ലിം യൂത്ത്‌ഫെഡറേഷന്‍ പ്രസിഡന്റ് ഇലവുപാലം ശംസുദ്ദീന്‍ മന്നാനി, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന് തുടങ്ങിയവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ശിഹാബ് ഖാസിം സ്വാഗതവും വൈസ് പ്രസിഡന്റ് സി.ടി സുഹൈബ് സമാപന സംസാരവും നടത്തി.
പതിനായിരത്തിലധികം ആളുകള്‍ പങ്കെടുത്ത റാലി എറണാകുളം നഗരത്തെ അക്ഷരാര്‍ഥത്തില്‍ പ്രകമ്പനം കൊള്ളിച്ചു. ചിട്ടയായ ആസൂത്രണം കൊ് കാലാവസ്ഥയുടെ പ്രതികൂലതകള്‍ ബാധിക്കാതെ സമ്മേളന റാലി ഐതിഹാസിക അടയാളപ്പെടുത്തലായി മാറി.
രാജ്യത്ത് മതസൗഹാര്‍ദ്ദവും സഹവര്‍ത്തിത്വവും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടങ്ങള്‍ക്കുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനി പറഞ്ഞു. ഫലസ്ത്വീന്‍ അംബാസഡര്‍ അദ്നാന്‍ അബുല്‍ ഹൈജ മുഖ്യാതിഥിയായിരുന്നു.
അധിനിവേശവും അധിനിവേശവിരുദ്ധ പോരാട്ടവും ലോകത്ത് അസാനിച്ചിട്ടില്ല. ഫലസ്ത്വീനില്‍ ആ പോരാട്ടം ഇന്നും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഫാത്വിമ ശബരിമാല ആഹ്ലാദത്തിന്റെ കണ്ണീര്‍ നനവുള്ള തമിഴില്‍ പറഞ്ഞ വാക്കുകളും, കള്ളക്കേസില്‍ ജയിലിലടക്കപ്പെട്ട ഖാലിദ് സൈഫിയുടെ ഭാര്യയുടെ സംസാരങ്ങളും പരിഭാഷ ആവശ്യമില്ലാത്ത വിധം ഹൃദ്യവും വികാരനിര്‍ഭരവുമായിരുന്നു.
ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ പ്രസിഡന്റ് ആകാര്‍ പട്ടേല്‍, ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി. ആരിഫലി, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, ദ ക്വിന്റ് എഡിറ്റര്‍ ആദിത്യ മേനോന്‍, സി.എ.എ സമര പ്രക്ഷോഭങ്ങളുടെ ഭാഗമായി കള്ളക്കേസില്‍ ജയിലിലടക്കെപ്പെട്ട ദല്‍ഹിയിലെ ഖാലിദ് സൈഫിയുടെ ഭാര്യ നര്‍ഗീസ്, ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ മുജീബ് റഹ്മാന്‍, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുല്‍ത്താന, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.എം അംജദ് അലി, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി സുഹൈബ് എന്നിവര്‍ സംസാരിച്ചു.
സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ജുമൈല്‍ സ്വാഗതവും സംസ്ഥാന സമ്മേളന ജനറല്‍ കണ്‍വീനര്‍ സി.കെ ഷബീര്‍ നന്ദിയും പറഞ്ഞു.
Comments