എനിക്കും നിങ്ങള്‍ക്കും വേ@ി ജയിലില്‍ പോയവരെ നിങ്ങള്‍ മറക്കരുത്
അസ്സലാമു അലൈക്കും. ഇത് എന്റെ മാത്രം സലാമല്ല, ഖാലിദ് സൈഫി, ഗുല്‍ഷിഫ, മീരാന്‍ ഹൈദര്‍, ഉമര്‍ ഖാലിദ് തുടങ്ങി ജയിലില്‍ കഴിയുന്ന ധാരാളം ആളുകളുടെ ജയിലില്‍ നിന്നുള്ള സലാമാണ്. അത് വിപ്ലവത്തിന്റെ സലാമാകുന്നു.
ഖാലിദ് സൈഫിയെ നിങ്ങളില്‍ പലര്‍ക്കും അറിയുമായിരിക്കും. അദ്ദേഹം അറിയപ്പെട്ട സാമൂഹിക പ്രവര്‍ത്തകനായിരുന്നു. 2020 ഫെബ്രവരി 26-നാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇന്നേക്ക് 28 മാസമായി അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഞാന്‍. ഈ പോരാട്ടത്തില്‍ ഞാനും എന്റെ മക്കളും അദ്ദേഹത്തിന്റെ മാതാപിതാക്കളും അനുഭവിച്ചുകൊണ്ടിരിക്കുന്നത് എനിക്ക് നല്‍കപ്പെട്ട 20 മിനിറ്റിനുള്ളില്‍ പറഞ്ഞു തീര്‍ക്കുക അസാധ്യമാണ്. എന്നാലും ഞാന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയങ്ങളിലേക്കിറങ്ങിച്ചെല്ലുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ കൂടെയുണ്ട് എന്ന ധൈര്യമുള്ളത് കൊണ്ടാണ് എനിക്കിവിടെ ഇങ്ങനെ സംസാരിക്കാന്‍ സാധിക്കുന്നത്.
സി.എ.എ വിഷയത്തില്‍ സമരം നടത്തിയതിനാണ് ഖാലിദ് അറസ്റ്റ് ചെയ്യപ്പെടുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം അവര്‍ അദ്ദേഹത്തെ ഉപദ്രവിച്ചു. 8-10 പോലീസുകാര്‍ മണിക്കൂറുകളോളം അദ്ദേഹത്തെ നിരന്തരമായി ഉപദ്രവിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തെ കാണാന്‍ ഞങ്ങളെ അനുവദിച്ചിരുന്നില്ല. പോലീസ് സ്റ്റേഷനിലേക്ക് നടന്നു പോയ ഖാലിദ് സൈഫിയെ പിറ്റേന്ന് രാവിലെ ഞാന്‍ കാണുമ്പോള്‍ അദ്ദേഹം വീല്‍ ചെയറിലാണ്.
അദ്ദേഹത്തിന്റെ കൈകാലുകള്‍ ഒടിഞ്ഞിരുന്നു. കൈകളില്‍ ലാത്തി കൊണ്ട് അടിച്ചതിന്റെ പാടുകള്‍ കാണാമായിരുന്നു. താടിയും മുടിയും വലിച്ചു പറിച്ചുകളഞ്ഞതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ ഉപദ്രവിക്കുമ്പോള്‍ അവര്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി അവഹേളിച്ചു. ആ അവസ്ഥയിലും ഖാലിദ് പുഞ്ചിരിക്കുകയായിരുന്നു, അദ്ദേഹം എന്നോട് പറഞ്ഞു, 'കരയരുത് ധൈര്യമായിട്ട് മുന്നോട്ട് പോകണം, പോരാടണം, ഈ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല.' അവിടെ നിന്ന് തുടങ്ങിയതാണ് ഞാനീ യാത്ര. ഖാലിദിനു ധൈര്യം നല്‍കി ഞാന്‍ കൂടെയുണ്ട്. ഞാന്‍ തളര്‍ന്നു പോയില്ല, കരഞ്ഞില്ല. ഒറ്റക്കായി പോയിട്ടുണ്ട് പലപ്പോഴും. ഇന്ത്യയിലെ വലിയ അന്വേഷണ ഏജന്‍സികള്‍ നിങ്ങളെ വേട്ടയാടാന്‍ തുടങ്ങുമ്പോള്‍ ചില നല്ല മനുഷ്യരൊക്കെ നിങ്ങളെ കൈവെടിയും. ആളുകള്‍ എന്റെ വീട്ടില്‍ വരാന്‍ മടിച്ചു, കുടുംബം പോലും ഞങ്ങളില്‍ നിന്ന് അകന്നു.
ആ ദിവസങ്ങളില്‍ ഞാനും എന്റെ കുട്ടികളും ഒറ്റപ്പെട്ടു. എങ്ങനെയൊക്കെയോ ഞങ്ങള്‍ അതിജീവിച്ചു. ദിവസങ്ങള്‍ക്കു ശേഷമാണ് ഖാലിദിനു മേല്‍ ചാര്‍ത്തപ്പെട്ടിട്ടുള്ളത് യു.എ.പി.എ എന്ന, തീവ്രവാദികള്‍ക്കെതിരെ ചുമത്തുന്ന നിയമമാണ് എന്നറിഞ്ഞത്. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചു നിന്നു. എവിടെ നിന്ന് ജാമ്യം കിട്ടും? ജാമ്യം കിട്ടുമോ? ഇത്തരം ചോദ്യങ്ങളായിരുന്നു എന്റെ മനസ്സില്‍. ഇന്നും അത് തുടരുകയാണ്. ഖാലിദിനെതിരെ നിലവില്‍ മൂന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഞാനെന്റെ കുട്ടികളെയും കൊണ്ട് കോടതിയിലും ജയിലിലും മാറി മാറി കയറിയിറങ്ങുന്നു. നിങ്ങളെ പോലുള്ള സഹോദരന്മാരുടെ സ്‌നേഹവും ഐക്യദാര്‍ഢ്യവുമാണ് എനിക്ക് പ്രതീക്ഷയും ധൈര്യവും നല്‍കുന്നത്. നിങ്ങള്‍ കൂടെയുണ്ടാകും എന്ന ധൈര്യത്തിലാണ് ഞാനിന്ന് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. സോളിഡാരിറ്റിയോടും ഡോ. നഹാസ് മാളയോടും എന്റെ നന്ദി അറിയിക്കുന്നു, എന്റെ വാക്കുകള്‍ നിങ്ങളിലേക്കെത്താന്‍ സഹായിച്ചതിന്.
ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. എനിക്കും നിങ്ങള്‍ക്കും വേണ്ടി ജയിലില്‍ പോയവരെ നിങ്ങള്‍ മറക്കരുത്. നമ്മളെക്കാളേറെ ബുദ്ധിമുട്ടിലാണ് അവരുള്ളത്. ജയിലൊരു നരകമാണ്. ദല്‍ഹിയിലെ പൊള്ളുന്ന ചൂടില്‍ ജയില്‍ ഒരു തീക്കുണ്ഡമാണെന്ന് തോന്നിപ്പോവും. നാലു ഭാഗത്തു നിന്നും കത്തിക്കൊണ്ടിരിക്കുന്ന തീക്കുണ്ഡം. വെള്ളമില്ല, ഭക്ഷണമില്ല, രോഗം വന്നാല്‍ ചികിത്സ ലഭ്യമാവണമെങ്കില്‍ കോടതി വഴി മാസങ്ങളുടെ പ്രയത്‌നം വേണം.
ഈ അടുത്തുണ്ടായ ഒരു സംഭവം ഞാന്‍ പറയാം. ഖാലിദിനു ഒരു ചെരുപ്പ് വേണമായിരുന്നു. അതിനു വേണ്ടി ഒരു മാസത്തോളം ഞങ്ങള്‍ കോടതി കയറിയിറങ്ങി. അവസാനം കോടതി അനുവദിച്ചതിനു ശേഷവും ഖാലിദിനു ആ ചെരുപ്പ് നല്‍കിയില്ല. ഇത് ഖാലിദ് ജയിലിലായതുകൊണ്ട് മാത്രമല്ല. എന്തു കൊണ്ടാണ് ഖാലിദ് പോലീസിന്റെയും സര്‍ക്കാരിന്റെയും ശത്രു ആകുന്നത്?
ഖാലിദ് വിദ്യാഭ്യാസമുള്ള മുസ്ലിമാണ്. മാത്രമല്ല അദ്ദേഹം താടിയുള്ള, തൊപ്പി ധരിക്കുന്ന മുസ്‌ലിമാണ്. അപ്പോള്‍ തീവ്രവാദിയാക്കല്‍ എളുപ്പമായി. ഖാലിദിനെ മാധ്യമ വിചാരണ നടത്തല്‍ എളുപ്പമായി. ഖാലിദിനെതിരെ മാധ്യമങ്ങള്‍ അഴിച്ചുവിട്ട വിദ്വേഷ പ്രചാരണങ്ങള്‍ എന്റെ മക്കളെ വല്ലാതെ ബാധിച്ചു. എന്റെ മകള്‍ക്കിപ്പോള്‍ എട്ടു വയസ്സാണ്. ഖാലിദ് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അവള്‍ക്ക് ആറു വയസ്സാണ്. ആറു വയസ്സുകാരിയായ അവള്‍ എന്നോട് ചോദിച്ചു, 'ഉമ്മാ എന്താണ് തീവ്രവാദി' എന്ന്!
നിങ്ങള്‍ പറയൂ ഞാനെന്തുത്തരം നല്‍കണം അവള്‍ക്ക്? ഖാലിദ് വീട്ടില്‍ പോലും മക്കളോട് ഒന്ന് ഉറക്കെ സംസാരിക്കുക പോലുമില്ലായിരുന്നു. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വായിച്ചു നോക്കൂ. അദ്ദേഹം ദീപാവലി ആഘോഷിച്ചും ഖീര്‍ പങ്കുവെച്ചും ഒക്കെ വളരെ ആക്റ്റീവ് ആയി സമൂഹത്തില്‍ ഇടപെട്ടിരുന്നു. അദ്ദേഹത്തെയാണ് കലാപം നയിച്ചു എന്ന് ആരോപിച്ച് ജയിലിലടച്ചത്.
ഖാലിദിനു വേണ്ടിയുള്ള ഈ കാത്തിരിപ്പ് എളുപ്പമല്ല. മാസങ്ങളായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. 2020 ഫെബ്രുവരി 26-നു ഖാലിദ് 'ഇപ്പോള്‍ വരാം' എന്നെന്നോട് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതാണ്. ഇതുവരെ തിരിച്ചു വന്നിട്ടില്ല.
എനിക്കറിയില്ല ഇനിയെന്ന് തിരിച്ചു വരുമെന്ന്. ഓരോ റമദാനും ഓരോ പെരുന്നാളും എന്റെ മക്കള്‍ കാത്തിരിക്കുകയാണ് അവരുടെ അബ്ബു തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ച്. റമദാനും പെരുന്നാളുമൊക്കെ ആഘോഷങ്ങളില്ലാതെ ഞങ്ങളുടെ വീട്ടില്‍ നിന്ന് വിടപറയുന്നു. വീടിനടുത്തുള്ള കുട്ടികള്‍ അവരുടെ വാപ്പമാരോടൊപ്പം പള്ളിയില്‍ പോകുമ്പോള്‍ എന്റെ മക്കള്‍ അത് കണ്ട് വീട്ടിലിരിക്കുകയാണ്. ഞാന്‍ അവരെ ഒറ്റക്ക് വിടാറില്ല. എവിടേക്കും വിടാറില്ല. എന്റെ കൂടെയുണ്ട് എപ്പോഴും എന്റെ മക്കള്‍.
ഈ പോരാട്ടത്തില്‍ നിങ്ങള്‍ ഞങ്ങളുടെ കൂടെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഈ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. ഞാനും എന്റെ കുടുംബവും ഇന്ന് അനുഭവിക്കുന്നത് നാളെ നിങ്ങളുടെ കുടുംബത്തിന് സംഭവിക്കാതിരിക്കാന്‍ കൂടിയാണ് ഈ പോരാട്ടം. അത് തടയാനാണ് അവര്‍ ജയിലില്‍ പോയത്. ഉമര്‍ ഖാലിദ് ജയിലിലാണ്. എന്ത് തെറ്റാണ് ഉമര്‍ ചെയ്തത്? എന്ത് തെറ്റാണ് ഖാലിദും ഷര്‍ജീല്‍ ഇമാമും ചെയ്തത്? സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി, സമുദായത്തിന് വേണ്ടി സംസാരിക്കുന്നത് തെറ്റാണെങ്കില്‍ ഇവിടെയിരിക്കുന്ന എല്ലാവരും ഇപ്പോള്‍ ജയിലിലാവണമല്ലോ. നിങ്ങളിന്ന് ഇവിടെ ഇരിക്കുന്നത് ചെറുപ്പത്തിന്റെ, നീതിയുടെ ശബ്ദമായിക്കൊണ്ടാണ്. അത് തന്നെയാണ് ഞങ്ങളും ചെയ്തത്. ഞങ്ങള്‍ക്ക് അതിനു ലഭിച്ചത് ജയിലാണ്. പ്രിയപ്പെട്ടവരെ കാണാന്‍ പോലും അനുവാദമില്ലാത്ത ജയില്‍. മക്കള്‍ ജയിലില്‍ കാണാന്‍ പോകുമ്പോള്‍ 'സുരക്ഷാ പ്രശ്‌നം' പറഞ്ഞുകൊണ്ടാണ് അവര്‍ തടയുന്നത്. സ്വന്തം മക്കള്‍ ഒരു പിതാവിന് സുരക്ഷാ ഭീഷണിയാണോ? നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കെട്ടിപ്പിടിക്കുന്നില്ലേ, അത് നിങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയാണോ? നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പോലും കഴിയാത്തത്ര ബുദ്ധിമുട്ടുകളിലൂടെയാണ് ഞങ്ങള്‍ കടന്ന് പോകുന്നത്. നന്ദി. ഇന്‍ക്വിലാബ് സിന്ദാബാദ്.
(യു.എ.പി.എ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ഖാലിദ് സൈഫിയുടെ പത്‌നി നര്‍ഗീസ് ഖാലിദ് സൈഫി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമ്മേളന വേദിയില്‍ നടത്തിയ പ്രസംഗം. വിവ: അലിഫ് ശുകൂര്‍)
Comments