ആ ധര്മം നീതിപീഠങ്ങള് ഏറ്റെടുക്കില്ലേ?
സകലര്ക്കും അഛാ ദിന് വരുമെന്ന വാഗ്ദാനത്തെക്കുറിച്ച് ഇനി ബി.ജെ.പിയോടോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടോ ചോദിക്കരുത്. പണപ്പെരുപ്പവും വിലക്കയറ്റവും സകല നിയന്ത്രണങ്ങളും മറികടന്ന് കുതിക്കുകയാണ്. റിപ്പോ നിരക്ക് കൂട്ടിയതോ പെട്രോള് നികുതിയിനത്തില് ചില്ലറ സൗജന്യങ്ങള് അനുവദിച്ചതോ ആ കുതിപ്പിനെ തെല്ലും തളര്ത്തുന്നില്ല. ശ്രീലങ്കയിലേക്ക് നോക്കാനും പാഠമുള്ക്കൊള്ളാനും ഭരണാധികാരികളെ ഉണര്ത്തുന്ന എഡിറ്റോറിയലുകള് പത്രങ്ങളില് നിരന്തരം പ്രത്യക്ഷപ്പെടാന് തുടങ്ങിയിരിക്കുന്നു. ഇതില് നിന്നൊക്കെ ജനശ്രദ്ധ തിരിച്ചുവിടാന് ഒരൊറ്റ വഴിയേ സംഘ് പരിവാര് കാണുന്നുള്ളൂ. ഇന്ത്യയിലെ മുസ്ലിം സമൂഹത്തെ നിരന്തരം പൈശാചികവല്ക്കരിച്ചു കൊണ്ടിരിക്കുക, ബുള്ഡോസറുകളിറക്കി അവര്ക്ക് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുക, കള്ളക്കഥകള് മെനഞ്ഞ് നിയമ സംവിധാനങ്ങളെ വരെ വരുതിയിലാക്കി അവരുടെ ആരാധനാലയങ്ങള് കൈയേറുക. രണ്ടാം മോദി സര്ക്കാറിന്റെ നാള്വഴികള് പരിശോധിച്ചാല് വര്ഗീയ വിഷം ചുരത്തുന്ന ഇത്തരമൊരു നീക്കം നടക്കാത്ത ഒരാഴ്ച പോലും ഉണ്ടാകില്ല. പ്രത്യക്ഷത്തില് ഇതൊക്കെ ഏതെങ്കിലും തീവ്ര ഫ്രിഞ്ച് ഗ്രൂപ്പുകള് കുത്തിപ്പൊക്കുന്നതല്ലേ എന്ന് തോന്നാമെങ്കിലും അവക്ക് പിന്നില് കൃത്യമായ ആസൂത്രണവും തയാറെടുപ്പും ഉണ്ടെന്ന് ഏതൊരാള്ക്കും ബോധ്യമാവും. സാമുദായിക മൈത്രിക്ക് ഒരിടവും കൊടുക്കാതെ സാമൂഹികാന്തരീക്ഷം സദാ വര്ഗീയ, വംശീയ നീക്കങ്ങളാല് സ്ഫോടനാത്മകമായി നിലനിര്ത്തുകയാണ് ഇതിന്റെ ലക്ഷ്യം. അടുത്ത കാലത്ത് സംഘ് പരിവാര് വര്ഗീയവല്ക്കരിച്ച വിഷയങ്ങള് തന്നെ നോക്കൂ. ഹിജാബ്, ഹലാല് മീറ്റ്, ലൗ ജിഹാദ്, പള്ളിയിലെ ഉച്ചഭാഷിണി, ബാങ്ക്, മുസ്ലിം കച്ചവടക്കാരെ ബഹിഷ്കരിക്കല്, ക്ഷേത്രോത്സവങ്ങളില് മുസ്ലിംകള്ക്ക് വിലക്ക്, പലതരം ഭീഷണികള്, പൈശാചികവല്ക്കരിച്ചു കൊണ്ടുള്ള വ്യാപകമായ മീഡിയാ പ്രചാരണങ്ങള്, ഹിന്ദുക്കളോട് ആയുധമെടുക്കാനുള്ള ധര്മ സന്സദ് ആഹ്വാനങ്ങള് .... ഓരോ സംസ്ഥാനത്തും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില് അവര് കുത്തിപ്പൊക്കുന്ന എണ്ണമറ്റ പ്രാദേശിക പ്രശ്നങ്ങള് വേറെയും.
ഇതു കൊണ്ടെല്ലാം സംഘ് പരിവാര് മുഖ്യമായും ലക്ഷ്യം വെക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്: മുസ്ലിംകള് ഉള്പ്പെടെയുള്ള ന്യൂനപക്ഷ-പിന്നാക്ക സമൂഹങ്ങളെ സദാ ഭയത്തിന്റെയും ഭീഷണിയുടെയും നിഴലില് നിര്ത്തുക. രണ്ട്: സാമ്പത്തിക പ്രതിസന്ധി, ദുര്ഭരണം, അതിരൂക്ഷമായ തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ മുഖ്യ പ്രശ്നങ്ങളില് നിന്ന് ജനശ്രദ്ധ തെറ്റിക്കുക.
ഈ തനി വര്ഗീയ അജണ്ടയിലേക്ക് അവര് പുതിയ പലതും ചേര്ത്തു കൊണ്ടേയിരിക്കുകയാണ്. ഗ്യാന്വാപി മസ്ജിദ്, ഖുത്ബ് മിനാര് v/s വിഷ്ണുസ്തംഭ്, താജ് മഹല് v/s തേജു മഹാലയ, ദല്ഹി ജുമാ മസ്ജിദിന്റെ അടിഭാഗം കുഴിക്കണമെന്ന മുറവിളി എന്നിങ്ങനെ അത് അനന്തമായി നീളുന്നു. നാല്പത് വര്ഷം മുമ്പ് ഫാഷിസ്റ്റ് ഗ്രൂപ്പുകള് നുണകള് മാത്രം കുത്തിനിറച്ച് Hindu Mosques എന്ന പേരില് ഒരു പുസ്തകം ഇറക്കിയിരുന്നു. മുവ്വായിരം പള്ളികളുടെ ലിസ്റ്റുണ്ടാക്കി അവ മുമ്പ് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണ് നിര്മിച്ചിരിക്കുന്നതെന്ന അവകാശവാദമാണ് അതില് ഉന്നയിച്ചിരിക്കുന്നത്. ഇത് വെച്ചുള്ള കടന്നാക്രമണമാണ് ഇപ്പോള് നടന്നുകൊണ്ടിരിക്കുന്നത്. ബാബരിയോടെ പ്രശ്നം അവസാനിക്കില്ലെന്ന് നേരത്തെ തന്നെ പലരും ചൂണ്ടിക്കാട്ടിയതാണ്. ഗ്യാന്വാപി ബാബരിയെപ്പോലെ കൃത്യമായ കണക്ക് കൂട്ടലുകളോടെ സംഘര്ഷത്തിലേക്ക് കൊണ്ടെത്തിക്കുകയാണ്. വുദു ചെയ്യുന്ന ഭാഗത്ത് നിന്ന് കണ്ടെടുത്തത് ശിവലിംഗമല്ലെന്നും ജലധാരയുടെ അവശിഷ്ടമാണെന്നും പള്ളിയുടെ ചുമതലക്കാര് വ്യക്തമാക്കിയിട്ടുണ്ട്. അവര് കളവ് പറയുകയാണെന്ന് ഉത്തരവാദപ്പെട്ടവരൊന്നും ഇത് വരെ പറഞ്ഞിട്ടില്ല. പ്രഥമ പരിശോധനയില് തന്നെ ഹിന്ദുത്വ സംഘടനകളുടെ അവകാശ വാദം പൊളിയുമെന്നതിനാലാണത്. എന്നിട്ടും ഭരണത്തിന്റെയും മറ്റും സൗകര്യങ്ങള് ഉപയോഗപ്പെടുത്തി മസ്ജിദിനെതിരെയുള്ള നീക്കവുമായി തല്പര കക്ഷികള് മുന്നോട്ട് പോവുകയാണ്. 1991-ലെ ആരാധനാലയങ്ങളുടെ തല്സ്ഥിതി നിലനിര്ത്തുക എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണിതെന്നതൊന്നും അവര്ക്ക് പ്രശ്നമല്ല. ബാബരി മസ്ജിദ് തകര്ക്കാന് മെനഞ്ഞെടുത്ത അതേ തിരക്കഥ ചില്ലറ ഭേദഗതികളോടെ വീണ്ടും എഴുതിക്കൊണ്ട് വന്നിരിക്കുകയാണ്. ഇതിനെതിരെ എന്തെങ്കിലും ചെയ്യാനാവുക നീതിപീഠങ്ങള്ക്ക് മാത്രമാണ്. വളരെ ചരിത്ര പ്രധാനമായ ആ ധര്മം കോടതികള് നിര്വഹിക്കുമെന്ന് തന്നെയാണ് നാം പ്രതീക്ഷിക്കുന്നത്.
Comments