ജ്വലിച്ച് കത്താനുള്ള കനലുകളുമായാണവര്‍ തിരിച്ചു നടന്നത്
സോളിഡാരിറ്റി, പ്രത്യേകിച്ചൊരു മുഖവുരയുടെ ആവശ്യമില്ലാത്ത വിധം കേരളീയ സാമൂഹിക പരിസരത്ത് കനത്തില്‍ അടയാളപ്പെട്ടു കിടക്കുന്ന സംഘം. പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു സംസ്ഥാന സമ്മേളനം നടത്തുമ്പോള്‍ ആദ്യകാല ഉള്ളടക്കത്തില്‍ നിന്നും ശൈലിയില്‍ നിന്നും ഏറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടായിരുന്നു. കാലത്തിനു മേല്‍ യുവതയുടെ വിപ്ലവ മുദ്രയെന്ന മോട്ടോ തേടുന്നത് മാറുന്ന സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള ഉള്ളടക്കങ്ങളാണല്ലോ. സംഘ് പരിവാര്‍ ഫാഷിസം നിറഞ്ഞാടുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍ മുസ്‌ലിം സമുദായത്തിന്റെ അതിജീവനവും അതിജയവും അതുവഴി ഇന്ത്യന്‍ ജനതയുടെ വിമോചനവുമല്ലാതെ മറ്റേത് അജണ്ടയാണ് ഒരു ചലനാത്മക മൂവ്‌മെന്റിന്റെ മുന്നിലുണ്ടാവുക.
'വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം' എന്ന പ്രമേയത്തെ പ്രസക്തമാക്കുന്ന രണ്ട് പ്രധാന സാഹചര്യങ്ങളുണ്ട്. വര്‍ത്തമാനകാല ഇന്ത്യ കടന്നു പോകുന്ന മുസ്‌ലിംവിരുദ്ധമായ സാമൂഹിക സാഹചര്യം പ്രതിലോമകരമായ ചില പ്രവണതകള്‍ സമുദായത്തില്‍ സൃഷ്ടിക്കുന്നുണ്ട്. വിശ്വാസവും ഐഡന്റിറ്റിയും വേട്ടയാടപ്പെടാനുള്ള കാരണമാകുമ്പോള്‍ സ്വസ്ഥമായ ജീവിതത്തിന് നല്ലത് വിശ്വാസത്തെയും ചിഹ്നങ്ങളെയുമൊക്കെ മാറ്റിവെച്ച് 'പൊതുവായി' ജീവിക്കലാണെന്ന് തീരുമാനിക്കുന്നവര്‍; നിരന്തരമായ ഇസ്‌ലാം വിമര്‍ശങ്ങളും വിദ്വേഷ പ്രചാരണങ്ങളും കേള്‍ക്കുമ്പോള്‍ ഇസ്‌ലാമിനെന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് ചേരുന്നത് ഇസ്‌ലാമിനേക്കാള്‍ മറ്റു പലതുമാണെന്നും ധരിച്ച് അപകര്‍ഷ ബോധവും മാപ്പുസാക്ഷിത്വ ചിന്തയും പേറി നടക്കുന്നവര്‍. അവര്‍ക്കിടയില്‍ കാലാതിവര്‍ത്തിയായ ദൈവിക ദര്‍ശനത്തിന്റെ സൗന്ദര്യത്തെയും കരുത്തിനെയും ഉള്‍ക്കൊണ്ട്‌കൊണ്ട് ഏതൊരാശയത്തിന്റെ പേരിലാണോ വേട്ടയാടപ്പെടുന്നത് അതേ ആശയത്തെ അഭിമാനകരമായി പ്രതിനിധാനം ചെയ്യലാണെന്ന പ്രഖ്യാപനമാണ് സോളിഡാരിറ്റി നടത്തിയത്.
സ്വതന്ത്ര ചിന്തയുടെ പേരില്‍ ദൈവനിഷേധവും ഇസ്‌ലാംവിരുദ്ധ വംശീയബോധവും പേറുന്ന, യുക്തിവാദമെന്ന് വിളിക്കപ്പെടുന്ന ഇഛാവാദങ്ങളുടെ പ്രചാരണ അതിപ്രസരണമാണ് സമ്മേളന പ്രമേയത്തെ പ്രസക്തമാക്കിയ മറ്റൊരു സാഹചര്യം. മതവും വിശ്വാസവും ലോകത്തിന് ഗുണകരമായതൊന്നും നല്‍കിയിട്ടില്ലെന്നും, മനുഷ്യര്‍ക്കിടയില്‍ സംഘര്‍ഷങ്ങളുണ്ടാക്കാനും അവരെ പിറകോട്ട് വലിക്കാനും മാത്രമാണ് അവ ഉതകിയിട്ടുള്ളതെന്നും അവര്‍ പറയുന്നു. നൂറ്റാണ്ടുകളോളം ലോകത്തിന് അറിവും വെളിച്ചവും നല്‍കി മുന്നോട്ടു നയിച്ച മുസ്‌ലിം നാഗരിക സാംസ്‌കാരിക ചരിത്രത്തിന് നേരെ കണ്ണടച്ച് മാത്രമേ അവര്‍ക്കിത്തരം ജല്‍പനം തുടരാനാകൂ എന്ന് സോളിഡാരിറ്റി സമ്മേളനം വിളിച്ച് പറഞ്ഞു.
കോവിഡും ലോക്ക്ഡൗണുമൊക്കെ സ്വാഭാവിക ജീവിതത്തിന് വിഘാതങ്ങള്‍ സൃഷ്ടിച്ച പശ്ചാത്തലത്തിലുള്ള സമ്മേളന ആലോചനകള്‍ തീര്‍ച്ചയായും അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതായിരുന്നു. കോവിഡ് ഭീതി അപ്പോഴേക്കും കഴിഞ്ഞു പോകുമെന്ന പ്രതീക്ഷയില്‍ മുന്നോട്ട് പോകാമെന്ന് തീരുമാനിച്ചപ്പോഴും ഇക്കാലത്ത് രണ്ട് ദിവസത്തെ സമ്മേളനത്തിന് ഇത്രയധികം യുവാക്കളൊക്കെ സന്നദ്ധരാകുമോ എന്ന ആശങ്കയും പങ്കുവെക്കപ്പെട്ടിരുന്നു. കലുഷിതമായ കാലത്ത് തെരുവില്‍ തുടരേണ്ട യുവത്വത്തെ രണ്ട് ദിവസത്തെ ഒരുമിച്ച് കൂടലിലേക്കെത്തിക്കാനായില്ലെങ്കില്‍ എന്ത് പോരാട്ടത്തെ കുറിച്ചാണ് നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന ചിന്തകള്‍ ആശങ്കകളെ മാറ്റി പ്രതീക്ഷയോടെ മുന്നോട്ട് പോകാനുള്ള ഊര്‍ജമേകി.
2021 ഡിസംബര്‍ 26-ന് കണ്ണൂരില്‍ സംഘടിപ്പിക്കപ്പെട്ട ക്യാമ്പും സമ്മേളന പ്രഖ്യാപനവും, പതിനായിരങ്ങള്‍ പങ്കെടുത്ത് പിരിഞ്ഞു പോരുന്ന ശക്തി പ്രകടനമല്ല സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന കൃത്യമായ സന്ദേശം പകര്‍ന്ന് നല്‍കുന്നതായിരുന്നു. തുടര്‍ന്നങ്ങോട്ട് സമ്മേളനത്തിന് മുന്നോടിയായി നടക്കേണ്ട പരിപാടികളുടെ തിരക്ക് പിടിച്ച നാളുകളായിരുന്നു. കണ്‍വെന്‍ഷനുകള്‍, യുവജന സംഗമങ്ങള്‍, കുടുംബ സംഗമങ്ങള്‍, സ്‌പോര്‍ട്‌സ് മീറ്റുകള്‍, കേഡര്‍ കോണ്‍ഫറന്‍സുകള്‍, ഏരിയാ സമ്മേളനങ്ങള്‍... ജീവിതത്തിലെ ഏറ്റവും തിരക്ക് പിടിച്ച പ്രായത്തിലും സമയത്തും ദൈവബോധവും സാമൂഹിക ബോധവും സമന്വയിപ്പിച്ച യുവാക്കളുടെ സമര്‍പ്പിത പരിശ്രമങ്ങള്‍ കേരളത്തിന്റെ ഗ്രാമാന്തരങ്ങളില്‍ ആയിരക്കണക്കിന് യുവാക്കളിലേക്ക് സമ്മേളനത്തിന്റെ ആവേശവും ആശയവും പകര്‍ന്നേകി.
റമദാനിന്റെ ആത്മീയാന്തരീക്ഷത്തില്‍ നടന്ന ഇഅ്തികാഫ് സംഗമങ്ങളില്‍ വര്‍ധിച്ച തോതിലുള്ള യുവാക്കളുടെ പങ്കാളിത്തം മനം കുളിര്‍പ്പിക്കുന്ന അനുഭവമായിരുന്നു. യുവജന ഇഫ്ത്വാറും ഖിയാമുല്ലൈലുമൊക്കെയായി നാഥന്റെ പിരിശമവര്‍ ചേര്‍ത്തു വെച്ചു.
സമ്മേളനത്തിനൊരു മാസം മുമ്പ് നടന്ന വിലയിരുത്തല്‍ സംസ്ഥാന സമ്മേളനത്തിന്റെ വലിയൊരോളം രൂപപ്പെടുത്താനുള്ള ആലോചനകള്‍ സജീവമാക്കി. പെരുന്നാള്‍ ആഘോഷങ്ങള്‍ പാതിയില്‍ നിര്‍ത്തി നേതാക്കളും സംഘാടകരും യൂത്ത് കാരവനിലേക്കെത്തി. 'ഇസ്‌ലാമോഫോബിയ കുറ്റകൃത്യമാക്കുക' എന്ന രാഷ്ട്രീയ കൃത്യതയുള്ള ആവശ്യമുന്നയിച്ച് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ കാരവന്‍ ഗംഭീരമായ പ്രതികരണങ്ങളുണ്ടാക്കി. എല്ലാ കേന്ദ്രങ്ങളില്‍ നിന്നും ആവേശകരമായ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍, പിന്നെ പൊതുസമ്മേളനങ്ങള്‍, കടന്നുപോകുന്ന വഴികളിലെല്ലാം സോളിഡാരിറ്റി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്ന ചേര്‍ത്തുപിടിക്കലുകള്‍ ഇതെല്ലാം കാരവനെ കൂടുതല്‍ കരുത്തുറ്റതാക്കി. റിയാസ് മൗലവിയുടെ ശഹാദത്ത് നടന്ന കാസര്‍കോട് ചൂരി മസ്ജിദില്‍ നിന്ന് തുടങ്ങി യു.എ.പി.എയുടെ ഇരകളാക്കപ്പെട്ടവരിലൂടെ, ആര്‍.എസ്.എസിന്റെ കൊലക്കത്തിയാല്‍ രക്തസാക്ഷികളായവരിലൂടെ, ഭരണകൂട ഭീകരത ഏറ്റുവാങ്ങേണ്ടി വന്നവരിലൂടെ കടന്നുപോയി ഒടുവില്‍ ബീമാ പള്ളിയിലെത്തുമ്പോള്‍ 'മതേതര കേരള'ത്തിന്റെ മുസ്‌ലിംവിരോധത്തിന്റെ ആഴവും പരപ്പും എത്രത്തോളമെന്ന് ബോധ്യമായി. വേട്ടയാടപ്പെട്ട സമയത്ത് സോളിഡാരിറ്റിയുടെ ചേര്‍ത്തുപിടിക്കലിനെ ഓര്‍മിച്ച് പ്രാര്‍ഥനകളോടെ ആശീര്‍വദിച്ച ഉമ്മമാര്‍ പകര്‍ന്നേകിയ കരുത്ത് ചെറുതല്ല.
കാരവന്‍ സമ്മേളനത്തിന് ആവേശം പകര്‍ന്ന് പ്രതിനിധി സമ്മേളനത്തിലേക്കുള്ള രജിസ്‌ട്രേഷനുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു. കാരവന്‍ കഴിഞ്ഞ ഉടന്‍ സമ്മേളന ഒരുക്കങ്ങള്‍ക്കായി എറണാകുളത്ത് തമ്പടിച്ച സംഘാടകര്‍ കാര്യങ്ങളൊക്കെ തകൃതിയില്‍ ഒരുക്കുമ്പോഴാണ് കോവിഡിന്റെ ആശങ്കകളൊഴിഞ്ഞ മാനത്ത് മഴക്കാറുകള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങിയത്. മഴ തുടര്‍ന്നാല്‍ എറണാകുളം നഗരത്തില്‍ താമസ സംവിധാനമടക്കമുള്ള സൗകര്യങ്ങളുള്ള പന്തലൊരുക്കല്‍ വലിയ വെല്ലുവിളിയായിരുന്നു. സംഘ് പരിവാര്‍ ഫാഷിസത്തെ അഭിമുഖീകരിക്കാന്‍ തീരുമാനിച്ചവര്‍ക്ക് മഴയെയും വെയിലിനെയും അഭിമുഖീകരിക്കാതിരിക്കാനാവില്ലല്ലോ. മഴ പെയ്താലും ഒരു തടസ്സവുമില്ലാതെ പ്രതിനിധികള്‍ക്കിരിക്കാനും ഉറങ്ങാനുമുള്ള സൗകര്യമൊരുക്കിയേ തീരൂ. നിശ്ചയിച്ച ബജറ്റുകള്‍ താളം തെറ്റിയെങ്കിലും പ്ലാറ്റ്‌ഫോമടക്കമുള്ള സംവിധാനങ്ങളാല്‍ ഗംഭീരമായ പന്തല്‍ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലുയര്‍ന്ന് പൊങ്ങി. ഓരോ വകുപ്പിലും മഴ പെയ്താല്‍ ചെയ്യേണ്ട പ്ലാന്‍ ബി സംവിധാനങ്ങള്‍ കൂടി ഒരുക്കി. പ്രതിനിധി സമ്മേളനത്തിന്റെ ആശങ്കകളെല്ലാം മറികടന്ന് സമ്മേളനത്തോടുത്തപ്പോള്‍ നിലക്കാതെ പെയ്ത മഴ പൊതുസമ്മേളനത്തിന്റെ കാര്യത്തില്‍ അങ്കലാപ്പുകള്‍ സൃഷ്ടിച്ചു.
മറൈന്‍ ഡ്രൈവിലെ തുറന്ന മൈതാനത്ത് മുപ്പതിനായിരത്തിലധികം ആളുകള്‍ മഴയത്ത് ഒരുമിച്ച് കൂടിയാലുള്ള പ്രയാസങ്ങള്‍ ചര്‍ച്ചയായി. പൊതുസമ്മേളനത്തിലെത്തേണ്ടവരുടെ ആവര്‍ത്തിച്ചുള്ള അന്വേഷണങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് കലൂര്‍ സ്റ്റേഡിയ പരിസരത്ത് തന്നെ കൂടുതല്‍ വിശാലമായ പന്തലും സൗകര്യങ്ങളുമൊരുക്കാന്‍ തീരുമാനിച്ചു. ആശങ്കകളുടെ കാര്‍മേഘങ്ങള്‍ ഇനിയും നമ്മെ അസ്വസ്ഥരാക്കേണ്ടതില്ലെന്ന സന്ദേശങ്ങള്‍ യാത്രാ ഒരുക്കങ്ങളെ തകൃതിയിലാക്കി. വെള്ളിയാഴ്ച രാത്രി തന്നെ എത്തിച്ചേര്‍ന്ന അമീറടക്കമുള്ള ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന നേതൃത്വം നല്‍കിയ ആവേശം വാക്കുകള്‍ക്കതീതമായിരുന്നു. സംഘാടകര്‍ക്കൊപ്പം ഓടി നടന്ന് കാര്യങ്ങള്‍ക്ക് മേല്‍ നോട്ടം വഹിച്ച് അസി. അമീര്‍ പി. മുജീബുര്‍റഹ്മാന്‍ സാഹിബ് നിറഞ്ഞ് നിന്നു.
ശനിയാഴ്ച പുലര്‍ച്ച മുതല്‍ പ്രതിനിധികള്‍ എത്തിത്തുടങ്ങുമ്പോള്‍ നഗരി സംവിധാനം പൂര്‍ത്തിയാവുന്നേ ഉണ്ടായിരുന്നുള്ളൂ. അന്ന് രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് ഓടി നടന്ന നേതാക്കളുള്‍പ്പെടെയുള്ള സംഘാടകര്‍ സ്വുബ്ഹി നമസ്‌കാരം കഴിഞ്ഞ് വരുന്നവരെ സ്വീകരിക്കാന്‍ ഓടി നടക്കുന്നത് കാണാമായിരുന്നു. വന്നവര്‍ക്കെല്ലാം പ്രഭാത ഭക്ഷണം നല്‍കി കൃത്യസമയത്ത് സ്റ്റേറ്റ് പ്രസിഡന്റ് പതാകയുയര്‍ത്തുമ്പോള്‍ നഗരി പ്രതിനിധികളാല്‍ നിറഞ്ഞിരുന്നു. എല്ലാവരുടെയും മുഖങ്ങള്‍ വികാരഭരിതവും പ്രസന്നവുമായിരുന്നു. ഏത് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരായാലും സമ്മേളനങ്ങള്‍ അവര്‍ക്ക് വൈകാരികമായ അനുഭവങ്ങളാണല്ലോ. ഒരേ മനസ്സ് പങ്കിടുന്നവര്‍ ഒരുമിച്ചിരുന്ന് ഉണ്ടും ഉറങ്ങിയും ഉറക്കമൊഴിച്ചും പ്രാര്‍ഥിച്ചുമൊക്കെ പങ്ക് വെക്കുന്ന മനോഹര നിമിഷങ്ങള്‍. നഗരിയുടെ ഓരങ്ങളില്‍ ഒന്നിരുന്ന് പഴങ്കഥകളുടെ കെട്ട് പൊട്ടിക്കുമ്പോഴുയരുന്ന നിറഞ്ഞ ചിരികള്‍. നേതാക്കളുടെ വാക്കുകളും സാന്നിധ്യവും നല്‍കുന്ന ആവേശം. വിവിധയിടങ്ങളില്‍ നിന്നെത്തി ഹൃദയം കൊണ്ടും ധിഷണ കൊണ്ടും അഭിസംബോധന ചെയ്യുന്ന അതിഥികള്‍. പോരാട്ട ഭൂമികളില്‍ നിന്നുള്ളവര്‍ക്കായി നല്‍കുന്ന സ്‌നേഹവും ആവേശവും നിറയുന്ന ഐക്യദാര്‍ഢ്യങ്ങള്‍. രാത്രിയേറെ വൈകിയും തീരാത്ത സൊറ പറച്ചിലിനൊടുവില്‍ ഒരു ചായ കുടിച്ച് വരാമെന്ന ആലോചനയില്‍ പുറത്തിറങ്ങി നടക്കുമ്പോഴുള്ള അനുഭൂതികള്‍. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും പരിഭവങ്ങളൊന്നുമില്ലാതെ അസൗകര്യങ്ങള്‍ക്ക് മുന്നില്‍ ബാക്കിയാകുന്ന ചെറുപുഞ്ചിരികള്‍. കൊടും വെയിലും പെരുമഴയത്തും ആവേശം ഒട്ടുമേ ചോര്‍ന്ന് പോവാതെ വീര്യത്തോടെ വിളിച്ച മുദ്രാവാക്യങ്ങള്‍.
ഇങ്ങനെ സമ്മേളനത്തിന് മാസങ്ങള്‍ക്ക് മുമ്പേ ഓട്ടം തുടങ്ങിയ സംഘാടകര്‍ക്ക് ഓര്‍ത്തെടുക്കാനുള്ള അനുഭവങ്ങള്‍ക്ക് കൈയും കണക്കുമുണ്ടാവില്ല. ഭദ്രമാണെന്ന് കരുതിയ പദ്ധതികള്‍ പാളിപ്പോകുന്ന സമയങ്ങള്‍... ഏല്‍പ്പിക്കപ്പെട്ട കാര്യങ്ങള്‍ സമയത്തിന് നടക്കാതെ പോകുമ്പോഴുള്ള ആശങ്കകള്‍... എന്തുണ്ട് പരിഹാരമെന്ന് തലപുകക്കുമ്പോള്‍ അപ്രതീക്ഷിതമായി എത്തുന്ന പടച്ചോന്റെ ഇടപെടലുകള്‍... രാവേറെ കഴിഞ്ഞിട്ടും തീരാത്ത ഇഴ കീറിയ ചര്‍ച്ചകള്‍ നടക്കുന്ന കമ്മിറ്റി മീറ്റിങ്ങുകള്‍... അവസാനം സ്വുബ്ഹി നമസ്‌കാരം കഴിഞ്ഞ് അടുത്ത ഫോണ്‍ വിളി വരുന്നതിന് മുമ്പ് കിട്ടിയ സ്ഥലത്ത് ഇത്തിരി നേരം കണ്ണടക്കുന്ന ഉറക്കത്തിന്റെ സുഖം... ഒടുവില്‍ ഉദ്ഘാടന സെഷന് തുടക്കമായി മനോഹരമായ ഖുര്‍ആന്‍ പാരയണമുയരുമ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പില്‍ നിശ്ശബ്ദമായിട്ടൊരു നിമിഷത്തെ നില്‍പ്പുണ്ട്. ഉടന്‍ തന്നെ, സമ്മേളനം കഴിയും വരേക്കുള്ള പ്ലാനുകള്‍ സമൂര്‍ത്തമാക്കാനുള്ള കാര്യങ്ങളിലേക്ക് ഓട്ടമായി.
വളന്റിയര്‍മാരുടെ മനസ്സുകളിലാണ് കയ്പ്പും മധുരവുള്ള കുറേ സമ്മേളന ഓര്‍മകള്‍ ബാക്കിയാവാറുള്ളത്. വന്നു ചേര്‍ന്ന അതിഥികള്‍ക്കായി അത് വരെ ചെയ്ത് പരിചയിച്ചിട്ടില്ലാത്ത പണികള്‍ പോലും ഓടി നടന്ന് ചെയ്യുന്ന വേളകള്‍. ക്ഷീണിക്കുന്ന നേരത്ത് ഒന്നിരുന്ന് പോയാല്‍ 'പണിയൊന്നും എടുക്കാതെ ചുമ്മാ ഇരിപ്പാണല്ലേ' എന്ന കമന്റിനെ പുഞ്ചിരി കൊണ്ട് നേരിടുന്നവര്‍... എല്ലാവരും വിശപ്പടക്കിയ ശേഷം ബാക്കിയാവുന്നത് ഒരുമിച്ചിരുന്ന് കഴിക്കുന്ന സന്തോഷം... കേള്‍ക്കാനാഗ്രഹിക്കുന്ന സെഷനുകളിലേക്ക് ഒന്ന് എത്തി നോക്കാന്‍ പോലുമാകാതെ ഏല്‍പ്പിക്കപ്പെട്ട പണികളില്‍ വ്യാപൃതരാകുന്നവര്‍... ചെയ്യുന്ന കാര്യങ്ങളോര്‍ത്ത് മനസ്സനുഭവിക്കുന്ന നിര്‍വൃതിയില്‍ പൊള്ളുന്ന വെയിലും നനയുന്ന മഴയും ആസ്വദിക്കുന്നവര്‍.
ഒടുവില്‍ എല്ലാം കഴിഞ്ഞ് മടങ്ങുന്ന നേരം ബസിന്റെ സീറ്റില്‍ തല ചായ്ച്ച് കിടക്കുമ്പോള്‍, അടയുന്ന കണ്ണുകള്‍ നിറമുള്ള അനേകം കാഴ്ചകളെ പൊതിഞ്ഞ് വെക്കും. സമ്മേളന അനുഭവങ്ങളിലേക്ക് പുതിയ അനുഭൂതികള്‍ ചേര്‍ത്ത് വെക്കാന്‍ പ്രതിനിധികളും സംഘാടകരും വളന്റിയര്‍മാരും സജ്ജരായ നേരം വേദിയില്‍ നിന്നും മനോഹരമായ ഖുര്‍ആന്‍ പാരായണമുയര്‍ന്നു.
ഉദ്ഘാടന സെഷന്‍ ആരംഭിച്ചപ്പോള്‍ തന്നെ സദസ്സ് നിറഞ്ഞിരുന്നു. സോളിഡാരിറ്റി സ്റ്റേറ്റ് പ്രസിഡന്റിന്റെ ഉജ്ജ്വലമായ അധ്യക്ഷ പ്രസംഗത്തിനും ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി. ആരിഫലി, ഹല്‍ഖാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് എന്നിവരുടെ പിതൃതുല്യമായ ഉണര്‍ത്തലുകള്‍ക്കും ശേഷം വൈജ്ഞാനികവും ആത്മീയവും സാമൂഹിക, രാഷ്ട്രീയ പ്രധാനവുമായ അവതരണങ്ങള്‍ ഗംഭീര വിരുന്നൊരുക്കി. ആദ്യ ദിനം വൈകീട്ട് നടന്ന 'മുസ്‌ലിം ഉമ്മത്ത് അസ്തിത്വവും അതിജീവനവു'മെന്ന സെഷന്‍ വ്യത്യസ്ത മുസ്‌ലിം സംഘടനാ നേതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നിശ്ചയിച്ച സമയപരിധിയില്‍ നിന്ന് ഒരു മണിക്കൂര്‍ നീണ്ടു പോയിട്ടും പ്രത്യാശയും പ്രതീക്ഷയും നല്‍കുന്ന കാമ്പുള്ള വര്‍ത്തമാനങ്ങള്‍ കൊണ്ട് നിറഞ്ഞ അവതരണങ്ങള്‍ ശ്രദ്ധയോടെ പ്രതിനിധികള്‍ കേട്ടിരുന്നു. 'ഫാഷിസത്തെ ചെറുക്കുന്ന യുവത്വം' എന്ന ശീര്‍ഷകത്തില്‍ നടന്ന യൂത്ത് മൊമന്റം സെഷനായിരുന്നു സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയമായ സെഷന്‍. മീഡിയ, കാമ്പസ്. സംഘടന, അതിജീവന കൂട്ടായ്മകള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള യുവ പോരാളികളും നേതാക്കളും ഫാഷിസ്റ്റ് പ്രതിരോധത്തിന്റെ രാഷ്ട്രീയത്തെയും വഴികളെയും കുറിച്ച പ്രത്യാശ നിറഞ്ഞ കാര്യങ്ങള്‍ പങ്കുവെച്ചു.
ആദ്യ ദിനമവസാനിച്ച് രാത്രിയില്‍ വിലയിരുത്തലിനായി ഒരുമിച്ചിരുന്നപ്പോള്‍ സംഘാടകരുടെ മുഖത്ത് നിറഞ്ഞ സന്തോഷമായിരുന്നു. ആദ്യ ദിനം ശുഭകരമായി അവസാനിച്ചിരിക്കുന്നു. പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലാതെ എത്തിച്ചേര്‍ന്ന മുഴുവന്‍ പ്രതിനിധികളെയും അക്കമഡേറ്റ് ചെയ്യാന്‍ സാധിച്ചിരിക്കുന്നു. അല്‍ഹംദുലില്ലാഹ്.... അതേ സമയം തുടക്കം മുതലേയുള്ള വലിയ ആശങ്കയുള്ള സന്ദര്‍ഭം വരാനിരിക്കുകയാണ്. പിറ്റേന്ന് രാവിലെയുള്ള ടോയ്‌ലറ്റ് ഉപയോഗവും കുളിയും. മാക്‌സിമം 120 ടോയ്‌ലറ്റാണ് 7500-ലധികം വരുന്ന ആളുകള്‍ക്ക് ഉപയോഗിക്കാനായുണ്ടായിരുന്നത്. അതിലപ്പുറം ഒരുക്കാന്‍ സാധ്യമല്ലായിരുന്നു. കുറച്ച് പേര്‍ക്ക് പള്ളികളിലും മറ്റുമായി സംവിധാനം കണ്ടു വെച്ച് പടച്ചോനില്‍ തവക്കുലാക്കി മീറ്റിംഗ് പിരിഞ്ഞു.
പിറ്റേന്ന് രാവിലെ നിശ്ചയിച്ച സമയത്ത് പരിപാടി തുടങ്ങുമ്പോള്‍ പ്രതീക്ഷിച്ചതിലും ആളുകള്‍ എല്ലാം കഴിഞ്ഞ് ഒരുങ്ങി വന്നിരുന്നു. അല്ലാഹുവിന്റെ അപാരമായ ഇടപെടലും സഹായവും അനുഭവിച്ച സന്ദര്‍ഭം. പ്രതീക്ഷിക്കപ്പെട്ട പ്രശ്‌നങ്ങളും പരിഭവങ്ങളും പ്രതിനിധികളുടെ വര്‍ത്തമാനങ്ങളില്‍ നിന്ന് കേള്‍ക്കാതിരുന്നപ്പോള്‍ സംഘാടകര്‍ പരസ്പരം അത്ഭുതത്തോടെ പറയുന്നുണ്ടായിരുന്നു. 'പടച്ചോന്റെ അപാരമായ ഇടപെടല്‍.' തുടക്കം മുതല്‍ ദൈവിക ഇടപെടലുകള്‍ കൊണ്ടനുഗൃഹീതമായിരുന്നു നഗരി. ഇടക്കിടെ പെയ്തിറങ്ങിയ മഴ പന്തലിലെ ചൂടിനെ മറികടക്കാന്‍ സഹായിച്ചു. ഇടവേളകളില്‍ മഴ മാറിനിന്നത് പുറത്തിറങ്ങാനും ഭക്ഷണം കഴിക്കാനുമൊക്കെ സഹായകരമാവുകയും ചെയ്തു.
ജമാഅത്തെ ഇസ്‌ലാമി ദേശീയ കൂടിയാലോചനാ സമിതി അംഗം ഡോ. അബ്ദുസ്സലാം അഹ്മദിന്റെയും സംസ്ഥാന ഉപാധ്യക്ഷന്‍ മുജീബുര്‍റഹ്മാന്‍ സാഹിബിന്റെയും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റിന്റെയും സംസാരങ്ങള്‍ നല്‍കിയ വെളിച്ചവും ആവേശവും സ്വീകരിച്ച് പ്രതിനിധി സമ്മേളനം അവസാനിക്കുമ്പോള്‍, വരാനിരിക്കുന്ന ഗംഭീര റാലിക്കായുള്ള ആവേശ തിരയിളക്കം മുഴുവനാളുകളുടെയും മനസ്സില്‍ പെരുമ്പറ മുഴക്കിക്കൊണ്ടിരുന്നു.
മേഘാവൃതമായ ആകാശത്തിന് കീഴില്‍ അവര്‍ അണിനിരന്നു. കോരിച്ചൊരിയുന്ന മഴ വന്നാലും റാലി മുന്നോട്ട് പോകുമെന്ന പ്രഖ്യാപനത്തെ ആവേശപൂര്‍വം യുവാക്കളേറ്റെടുത്തു. റാലി തുടങ്ങി, സോളിഡാരിറ്റിയുടെ ആശയ പ്രതിനിധാനങ്ങള്‍, പ്രചോദനങ്ങള്‍, സംഘ് പരിവാര്‍ വിരുദ്ധത, ഭരണകൂട ഭീകരത, ഇസ്‌ലാമോഫോബിയ... മുദ്രാവാക്യങ്ങളിലിതെല്ലാം നിറഞ്ഞ് നിന്നു. ഇസ്‌ലാം, ലിബറലിസം, പ്രതിരോധം, ഐക്യദാര്‍ഢ്യം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകള്‍, സമകാലിക സാഹചര്യത്തെ അടയാളപ്പെടുത്തുന്ന പ്ലോട്ടുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ കൊണ്ടെല്ലാം പ്രൗഢമായിരുന്നു റാലി. രണ്ട് മണിക്കൂര്‍ നീണ്ട് നിന്ന റാലി അവസാനിച്ചപ്പോഴാണ് മാനത്ത് മേഘങ്ങള്‍ നിറഞ്ഞത് പെയ്യാനായിരുന്നില്ല, തണലൊരുക്കാനായിരുന്നു എന്നറിഞ്ഞത്.
നിശ്ചയിച്ച സമയത്തിന് മുന്നേ പൊതുസമ്മേളനമാരംഭിച്ചു. എത്തിച്ചേര്‍ന്ന ഗസ്റ്റുകള്‍ നമ്മളേറ്റെടുത്ത പോരാട്ടങ്ങളുടെയും രാഷ്ട്രീയത്തിന്റെയും പ്രതീകങ്ങളാണെന്ന ജനറല്‍ സെക്രട്ടറി പി.പി ജുമൈലിന്റെ ആമുഖ സംസാരത്തോടെ തുടങ്ങിയ സെഷന്‍ പ്രസിഡന്റ് ഡോ. നഹാസ് മാളയുടെ ബഹുഭാഷയിലുള്ള പ്രൗഢവും ഗംഭീരവുമായ അധ്യക്ഷ പ്രസംഗത്തോടെ ആവേശക്കൊടുമുടിയിലേക്കുയര്‍ന്നു. ഫലസ്ത്വീന്‍ അംബാസഡറുടെയും ആകാര്‍ പട്ടേലിന്റെയും ഐക്യദാര്‍ഢ്യ സംസാരങ്ങള്‍ കരഘോഷങ്ങളോടെ സ്വീകരിക്കപ്പെട്ടു. പിന്നീടാണ് ഫാത്വിമ ശബരിമാല അഭിമുഖീകരിക്കാനെഴുന്നേറ്റത്. അവര്‍ തുടങ്ങി അവസാനിക്കും വരെ സദസ്സ് മുഴുവന്‍ അവരെ നിറഞ്ഞ വൈകാരികതയോടെ കേട്ടു നിന്നു. കൂടെയുണ്ടെന്ന ഐക്യദാര്‍ഢ്യ മുദ്രാവാക്യങ്ങളെ ആനന്ദക്കണ്ണീരോടെയാണ് അവര്‍ സ്വീകരിച്ചത്. നര്‍ഗീസ് ഖാലിദ് സൈഫി, നീതിക്കായി പോരാടിയതിന്റെ പേരിലാണ് തന്റെ ഭര്‍ത്താവ് ജയിലില്‍ കിടക്കുന്നതെന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ചു. ജയിലില്‍ നിന്ന് ഖാലിദ് സൈഫി നിങ്ങള്‍ക്കായി സലാം പറഞ്ഞിട്ടുണ്ടെന്ന നര്‍ഗീസ് പറയുമ്പോള്‍ കണ്ണു നിറഞ്ഞല്ലാതെ സലാം മടക്കാന്‍ സദസ്സിനായില്ല. ഐക്യദാര്‍ഢ്യങ്ങള്‍ കൊണ്ടും, പ്രത്യാശകള്‍ കൊണ്ടും, പോരാട്ടത്തിനായുള്ള ആഹ്വാനങ്ങള്‍ കൊണ്ടും മുഖരിതമായ സായാഹ്നം മുജീബുര്‍റഹ്മാന്‍ സാഹിബിന്റെ വൈകാരികമായ വാക്കുകളോടെയാണ് സമാപിച്ചത്. ഒടുവില്‍ സംസ്ഥാന സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനര്‍ ഷബീര്‍ സമ്മേളനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവനാളുകള്‍ക്കും നന്ദി പറഞ്ഞ് അവസാനിക്കുമ്പോള്‍ എല്ലാം ശരിയാക്കിത്തന്ന പടച്ച റബ്ബിനോടുള്ള സ്തുതികള്‍ എല്ലാറ്റിനും മുകളില്‍ നിറച്ച് വെച്ചു.
ആലിംഗനങ്ങളോടെ പിരിയുമ്പോള്‍ മനോഹരമായി സംവിധാനിച്ച ഈ സമ്മേളനത്തിന്റെ പേരില്‍ സോളിഡാരിറ്റിയെ എല്ലാവരും നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും കോളുകളായും മെസേജുകളായും അത്തരം പങ്കുവെക്കലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അല്‍ഹംദുലില്ലാഹ്.. വലില്ലാഹില്‍ ഹംദ്.
ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് പലരും സമ്മേളനത്തിനെത്തിയത്. ജോലി കിട്ടിയപ്പോള്‍ സമ്മേളനത്തിന് ലീവ് വേണമെന്ന ആവശ്യത്തെ മാനേജര്‍ നിരാകരിച്ചപ്പോള്‍ ജോലിക്ക് കയറുന്നില്ലെന്ന് തീരുമാനിച്ച പ്രവര്‍ത്തകന്‍, ഇപ്പോള്‍ ജോലിക്ക് കയറിയാല്‍ ലീവ് ചോദിക്കേണ്ടി വരുമല്ലോ എന്ന് കരുതി സമ്മേളനം കഴിഞ്ഞ് ജോലിക്ക് കയറാന്‍ തീരുമാനിച്ചയാള്‍, ടിക്കറ്റിനുള്ള കാശ് ഒപ്പിച്ച് സമ്മേളനത്തിനായി വന്ന് കഴിഞ്ഞ ഉടന്‍ തിരിച്ച് ഫ്‌ളൈറ്റ് കയറിയ സഹോദരന്‍, വീട്ടിലേക്ക് പോകാതെ പ്രിയപ്പെട്ടവരെ കാണും മുമ്പേ നേരിട്ട് സമ്മേളനത്തിലേക്കെത്തിയ പ്രവാസികള്‍, പെരുന്നാളിന് ലീവ് എടുക്കാതെ സമ്മേളന സമയത്തേക്ക് ലീവ് മാറ്റി വന്നവര്‍, ശാരീരിക പ്രയാസങ്ങളെ വകവെക്കാതെ എത്തിച്ചേര്‍ന്നവര്‍... സമ്മേളന വിജയത്തിനായി ദിവസങ്ങളോളം പണിയെടുത്ത വ്യത്യസ്ത വകുപ്പുകളിലുള്ളവര്‍... സമ്മേളനത്തെ അവിസ്മരണീയമാക്കിയത് ഇവരൊക്കെ കൂടിയാണ്.
എല്ലാം കഴിഞ്ഞ് പിരിഞ്ഞ് പോകുമ്പോള്‍ അവരുടെ മനസ്സില്‍ കനല്‍ കത്താന്‍ തുടങ്ങിയിരുന്നു. ആ കനലുകള്‍ അവരിനി ഊതിക്കത്തിക്കും. വിശ്വാസ ദാര്‍ഢ്യത്തിന്റെ, പോരാട്ട വീര്യത്തിന്റെ, ആത്മാഭിമാനത്തിന്റെ ജ്വാലകളാല്‍ അത് പ്രകാശിക്കും. യുവതയുടെ അഭിമാന സാക്ഷ്യത്തിന്റെ ശക്തമായ തുടര്‍ച്ചകള്‍ക്ക് സമ്മേളനം പ്രചോദനമാകും, ഇന്‍ശാ അല്ലാഹ്...
Comments