അബുല്‍ ബുശ്റാ മൗലവി വിനയവും ഗാംഭീര്യവും മേളിച്ച പണ്ഡിതവര്യന്‍
സ്മരണ
തെക്കന്‍ കേരളത്തിലെ വിജ്ഞാന ഗോപുരമെന്നു വിശേഷിപ്പിക്കാവുന്ന പണ്ഡിതനാണ് ചേലക്കുളം ഉസ്താദ് എന്ന് ശിഷ്യഗണങ്ങളും സാധാരണക്കാരും സ്‌നേഹത്തോടെ വിളിക്കുന്ന മര്‍ഹൂം അബുല്‍ബുശ്‌റാ മൗലവി. ഇക്കഴിഞ്ഞ ജനുവരി 23-നാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. 86 വയസ്സായിരുന്നു.
കേരളത്തിലെ ഉലമാക്കളും സാധാരണക്കാരും ഒരു പോലെ അംഗീകരിച്ചാദരിക്കുന്ന ഒരു മഹാജ്ഞാനിയാണ് പൊന്നാനിപ്പളളിയില്‍ ദര്‍സു നടത്താറുണ്ടായിരുന്ന പുതിയാപ്പിള അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍. ഇഹ്യാ ഉലൂമിദ്ദീന്‍, ഇര്‍ശാദുല്‍യാഫിഈ തുടങ്ങിയ തസ്വവ്വുഫിന്റെ കൃതികളായിരുന്നു അധികപക്ഷവും പാഠ്യവിഷയം.
അദ്ദേഹത്തിന്റെ ദര്‍സുകള്‍ പ്രതീക്ഷിച്ചു കൊണ്ട് കേരളത്തിന്റെ പല ദിക്കുകളില്‍ നിന്നും പഠിതാക്കളെത്തുമായിരുന്നു. സാദാ വിദ്യാര്‍ഥികളായിരുന്നില്ല, വലിയ വലിയ മുദര്‍രിസുമാരും ഉലമാക്കളുമായിരുന്നു അവിടത്തെ പഠിതാക്കള്‍. അതില്‍ പ്രധാനിയാണ് ദിവംഗതനായ അബുല്‍ബുശ്‌റാ മൗലവി.
തന്റെ മാതാപിതാക്കള്‍ തനിക്കു നല്‍കിയ മുഹമ്മദ് എന്ന പേരിനു പകരം തന്റെ ഗുരുവര്യനായ ഇടപ്പളളി അബൂബക്കര്‍ മുസ്ലിയാര്‍ നല്‍കിയ അബുല്‍ബുശ്‌റാ എന്ന ചെല്ലപ്പേരില്‍ കേരളക്കരയില്‍ വിശ്രുതനായ മഹാപണ്ഡിതന്‍. പെരുമ്പാവൂരിനടുത്തുളള ചേലക്കുളത്താണ് മൗലവിയുടെ വീട്. ബുശ്‌റാ അദ്ദേഹത്തിന്റെ ആദ്യസന്തതിയുടെ പേരാണ്.
തെക്കന്‍ കേരളത്തിലെ ആദ്യ മൂന്നു ബാഖവിമാരില്‍ ഒരാള്‍. 1936 ജനുവരി അഞ്ചിനാണ് അദ്ദേഹം ഭൂജാതനാവുന്നത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുളള വല്ലം എന്ന പ്രദേശമാണു ജന്മനാട്. തലമുറകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന മഹാനായ പണ്ഡിതനാണ് വിടപറഞ്ഞ മര്‍ഹൂം ചേലക്കുളം അബുല്‍ ബുഷ്റാ മൗലവി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും തിരുവനന്തപുരം വലിയ ഖാദിയുമായിരുന്ന, 'സൈനുല്‍ ഉലമാ' എന്ന് ശിഷ്യഗണങ്ങള്‍ ബഹുമാനപൂര്‍വം വിശേഷിപ്പിച്ച, നൂറുക്കണക്കിന് പണ്ഡിതന്മാരുടെ ഗുരുവര്യന്‍.
യാത്രയിലും സഹവാസത്തിലുമാണ് വ്യക്തികളെ ശരിക്ക് തിരിച്ചറിയാന്‍ സാധിക്കുക. മൗലവിയോടൊപ്പം യാത്ര ചെയ്യാനും ദിവസങ്ങളോളം ഒരേ വീട്ടില്‍ ഒരുമിച്ച് താമസിക്കാനും അവസരമുണ്ടായിട്ടുണ്ട്. മുംബൈക്കടുത്ത് വച്ച് നടന്ന ഇമാം ശാഫിഈ ഉലമാ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ഒന്നിച്ച് യാത്ര ചെയ്തത് ഓര്‍ക്കുന്നു.
എന്തൊരു ബഹുമാനത്തോടെയായിരുന്നു പേരക്കുട്ടിയുടെ പ്രായമുള്ള ഈയുള്ളവനോട് ആ മഹാനുഭാവന്‍ പെരുമാറിയിരുന്നത്! വിനയത്തില്‍ ഒളിപ്പിച്ചു വച്ച ആ പാണ്ഡിത്യഗരിമയില്‍ അസൂയ തോന്നിയിട്ടുണ്ട്. എന്റെ പിതാവിന്റെ പ്രായമുള്ള പണ്ഡിതന്മാരായ ചിലരും സഹയാത്രികരായുണ്ടായിരുന്നു. അവരില്‍ പലരും ചേലക്കുളം ഉസ്താദിന്റെ ശിഷ്യന്മാരായിരുന്നു. അവരൊക്കെ ഉസ്താദിനോട് കാണിച്ചിരുന്ന ബഹുമാനാദരവുകള്‍ എന്നെ ഏറെ അതിശയപ്പെടുത്തി.
ഞാനും അദ്ദേഹവും പല വിഷയങ്ങളും താമസ സ്ഥലത്തു വച്ച് സംസാരിച്ചതും അതിലൊക്കെ അദ്ദേഹത്തിന്റെ അപാരമായ അറിവും ബുദ്ധിസാമര്‍ഥ്യവും ശരിക്കും ബോധ്യപ്പെട്ടതും ഓര്‍ത്തു പോകുന്നു.
നമ്മുടെ കാലം അപൂര്‍വമായി സമ്മാനിച്ച പണ്ഡിത ശ്രേഷ്ഠരില്‍ ഒരാളായിരുന്നു അബുല്‍ ബുശ്റാ മൗലവി. തെക്കന്‍ കേരളത്തിന്റെ വൈജ്ഞാനിക നവോത്ഥാന ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത നാമമാണത്. അര നൂറ്റാണ്ടുകാലത്തോളം പ്രഭ പരത്തിയ ആ അനുഗൃഹീത ഗുരു പ്രതിഭാധനരായ അനേകം ശിഷ്യഗണങ്ങളെ സമൂഹത്തിന് സമ്മാനിച്ചു.
ഖിബ്‌ല നിര്‍ണയം, ഇല്‍മുല്‍ ഫലക് തുടങ്ങിയ സങ്കീര്‍ണ വിഷയങ്ങളാണ് അദ്ദേഹത്തിനേറെ പഥ്യം. താല്‍പര്യമുള്ള വിഷയം ഫലകും മീഖാത്തുമൊക്കെയാണെങ്കിലും, അദ്ദേഹം മികച്ചൊരു മുഹദ്ദിസും മുസ്‌നിദും കൂടിയാണ്.
മരണം വരെയും ദീനീ പ്രബോധനവും വിജ്ഞാന പ്രചാരണവും ജീവിതനിയോഗമായി തിരിച്ചറിയുകയും ആ പന്ഥാവില്‍ സ്വജീവിതം സമര്‍പ്പിച്ച് കഠിനാധ്വാനം നടത്തുകയും, ഒടുവില്‍ ആ മഹത്തായ പാതയില്‍തന്നെ അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് യാത്രയാവുകയും ചെയ്ത യുഗപുരുഷനാണ് മര്‍ഹൂം ചേലക്കുളം ഉസ്താദ്. ആ വിയോഗം തീര്‍ത്ത വിടവ് മുസ്ലിം കേരളത്തിന് പൊതുവെയും തെക്കന്‍ കേരളത്തിന് വിശേഷിച്ചും നികത്താനാവാത്തതാണ്. ഒരുപാട് നന്മകള്‍ നട്ടു പിടിപ്പിച്ച് വളര്‍ത്തി വലുതാക്കി അദ്ദേഹം ദിവ്യകാരുണ്യത്തിലേക്ക് യാത്രയായി.
സ്വന്തം ആദര്‍ശത്തില്‍ കടുകിട വ്യതിചലിക്കാതെ ഉറച്ചു നിന്നപ്പോഴും ഇതര സംഘടനകളോടും അവയുടെ നേതാക്കളോടും പണ്ഡിതന്മാരോടുമെല്ലാം ആദരവും ബഹുമാനവും വച്ചു പുലര്‍ത്തുന്നതില്‍ യാതൊരു പിശുക്കും കാണിച്ചില്ല എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വഭാവ ഗുണം. എല്ലാവരുടെയും ഉസ്താദ് എന്ന സ്ഥാനം അദ്ദേഹത്തിന് നേടാനായതും അതു കൊണ്ട് തന്നെ. ഇത്തരം വിശാലമനസ്‌കരും സഹിഷ്ണുതയുള്ളവരുമായ പണ്ഡിതന്മാരുടെ വിയോഗം ചില്ലറ നഷ്ടമൊന്നുമല്ല ഉമ്മത്തിന് ഉണ്ടാക്കുന്നത്.
അബ്ദുല്ലാഹിബ്‌നു അംറില്‍നിന്ന് നിവേദനം. നബി (സ) പറഞ്ഞു: 'അല്ലാഹു ജനങ്ങളില്‍നിന്ന് വിജ്ഞാനം ഒറ്റയടിക്ക് ഊരിയെടുക്കുകയല്ല ചെയ്യുക. മറിച്ച്, പണ്ഡിതന്മാരെ തിരിച്ചു വിളിച്ചുകൊണ്ടാണ് വിജ്ഞാനത്തെ പിടിക്കുക. ഒടുവില്‍ ഒരു പണ്ഡിതനും അവശേഷിക്കാതെ വരുമ്പോള്‍ ജനങ്ങള്‍ വിവരമില്ലാത്തവരെ നേതാക്കന്മാരായി സ്വീകരിക്കും. അവരോട് ചോദിക്കുകയും അറിവില്ലാത്ത കാര്യത്തില്‍ അവര്‍ ഫത്‌വ നല്‍കുകയും ചെയ്യും. അങ്ങനെ അവര്‍ വഴിതെറ്റുകയും മറ്റുള്ളവരെ വഴിതെറ്റിക്കുകയും ചെയ്യും' (ബുഖാരി, മുസ്‌ലിം).
നമ്മെ വിട്ടുപിരിഞ്ഞ അബുല്‍ ബുശ്‌റാ മൗലവിക്ക് അല്ലാഹു കാരുണ്യം ചൊരിയുകയും തന്റെ ജന്നാതുല്‍ ഫിര്‍ദൗസില്‍ ഇടം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.
Comments