Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 04

3238

1443 റജബ് 03

ഔദാര്യത്തിന്റെ നിസ്തുല മാതൃക

മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

ചരിത്രം 


പ്രശസ്ത ഹദീസ് പണ്ഡിതനായ അബ്ദുല്ലാഹിബ്‌നു മുബാറക് ശാമിലേക്ക് ധാരാളമായി വൈജ്ഞാനിക യാത്രകള്‍ നടത്താറുണ്ടായിരുന്നു. വഴിമധ്യേ രിഖ്ഖഃ പ്രദേശത്തുള്ള ഒരു സത്രത്തിലാണ് പലപ്പോഴും താമസിച്ചിരുന്നത്. അവിടെ ഇബ്‌നു മുബാറകിനെ നിസ്വാര്‍ഥമായി പരിചരിച്ചിരുന്ന ഒരു യുവാവ് ഉണ്ടായിരുന്നു. ഇബ്‌നു മുബാറകും യുവാവിനോടു സ്‌നേഹവാത്സല്യത്തോടെ പെരുമാറുകയും അവന് ഹദീസ് പഠിപ്പിക്കുകയും ചെയ്തിരുന്നു.
ഒരിക്കല്‍ സത്രത്തിലെത്തിയപ്പോള്‍ ആ യുവാവിനെ കണ്ടില്ല. അസ്വസ്ഥനായി മറ്റുള്ളവരോട് അവനെക്കുറിച്ച് അന്വേഷിച്ചു. അവന്‍ ജയിലിലാണെന്നും തിരിച്ചടക്കാന്‍ കഴിയാത്ത കടബാധ്യത ഉണ്ടെന്നും അവര്‍ അറിയിച്ചു. കടം കൊടുത്തവന്‍ മറ്റൊരു മാര്‍ഗവുമില്ലാതെ അവനെ ജയിലിലിടാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇബ്‌നു മുബാറക് കടം കൊടുത്ത വ്യക്തിയെ തിരക്കി അദ്ദേഹത്തിന്റെ വീട്ടിലെത്തി. അയാളെ സ്വകാര്യമായി കണ്ട് ജയിലിലായ സത്രത്തിലെ യുവാവ് എത്ര സംഖ്യ തരാനുണ്ടെന്ന് ചോദിച്ചു. 'ആ കടം മുഴുവന്‍ തിരിച്ചടക്കാം. അവനെ ജയിലില്‍ നിന്ന് പുറത്തിറക്കണം. ഈ രഹസ്യം മറ്റാരോടും പറയരുത് എന്ന് അല്ലാഹുവിനെ സാക്ഷി നിര്‍ത്തി അപേക്ഷിക്കുന്നു.' കടം കൊടുത്തവന്‍ സസന്തോഷം ഇബ്‌നു മുബാറകിന്റെ അഭ്യര്‍ഥന സ്വീകരിച്ചു. രഹസ്യം സൂക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. കടബാധ്യതയുള്ള സംഖ്യ ഉടന്‍ കൈമാറി ഇബ്‌നു മുബാറക് മടങ്ങി.
ജയില്‍ മോചിതനായ യുവാവ് വീണ്ടും സത്രത്തിലെത്തി. അപ്പോഴാണ് ഇബ്‌നു മുബാറക് അവിടെ വന്നിരുന്നുവെന്നും അവന്റെ വിവരങ്ങളന്വേഷിച്ചിരുന്നുവെന്നും അറിഞ്ഞത്. യുവാവിന് നില്‍ക്കപ്പൊറുതിയുണ്ടായില്ല. അദ്ദേഹത്തെ നേരില്‍ കണ്ടേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തോടെ ഇറങ്ങിത്തിരിച്ചു.
നിരവധി രാപ്പകലുകള്‍ നീണ്ട യാത്രക്ക് ശേഷം അവസാനം ഇബ്‌നുമുബാറകുമായി സന്ധിച്ചു. യുവാവിനെ വീും കാണാന്‍ കഴിഞ്ഞതില്‍ അദ്ദേഹവും ഏറെ ആഹ്ലാദിച്ചു. അവന്റെ വിവരങ്ങള്‍ അന്വേഷിക്കുകയും ക്ഷേമൈശ്വര്യത്തിനായി ദീര്‍ഘമായി പ്രാര്‍ഥിക്കുകയും ചെയ്തു. യുവാവ് തന്റെ ജയില്‍വാസത്തിന്റെയും മോചനത്തിന്റെയും കഥ അദ്ദേഹത്തെ കേള്‍പ്പിച്ചു. അവന്‍ പറഞ്ഞു: 'ദയാലുവായ ഒരു മനുഷ്യന്‍ സത്രത്തിലെത്തിയിരുന്നു. എന്റെ ജയില്‍വാസത്തെക്കുറിച്ചറിഞ്ഞ അദ്ദേഹം എന്റെ കടം മുഴുവന്‍ തിരിച്ചടച്ചു. അതിനാലാണ് ജയില്‍ മോചിതനായത്.' യുവാവിന്റെ സംസാരം ഇബ്‌നു മുബാറക്  സാകൂതം ശ്രവിച്ചു. ഏതു വിപത് സന്ധിയില്‍ നിന്നും രക്ഷിക്കുന്നവന്‍ അല്ലാഹുവാണെന്നും സദാ അവനോട് കൃതജ്ഞത കാണിക്കണമെന്നും അദ്ദേഹം യുവാവിനെ ഉണര്‍ത്തി.
ഇബ്‌നു മുബാറകിന്റെ മരണ ശേഷം മാത്രമാണ് കടം കൊടുത്തവന്‍ ഇബ്‌നു മുബാറകാണ് കടം വീട്ടിയത് എന്ന രഹസ്യം യുവാവിനെ അറിയിച്ചത്.

***    ***    ***

താങ്ങാനാവാത്ത ജീവിത ക്ലേശങ്ങളാല്‍ പട്ടിണിയും പ്രാരാബ്ധങ്ങളുമായി കഴിഞ്ഞിരുന്ന ഒരാളുണ്ടായിരുന്നു. കൂനിന്മേല്‍ കുരുവെന്ന പോലെ എഴുന്നൂറു ദിര്‍ഹം കടബാധ്യതയും വന്നു ചേര്‍ന്നു. വിഷയം ആരോ ഇമാം അബ്ദുല്ലാഹിബ്‌നു മുബാറകിന്റെ ശ്രദ്ധയില്‍ പെടുത്തി. ഉടനെത്തന്നെ തന്റെ കാര്യസ്ഥന് ഒരു കുറിപ്പെഴുതി ആ കുറിപ്പ് ആവശ്യക്കാരന്റെ കൈയില്‍ കൊടുത്തുകൊണ്ടു പറഞ്ഞു: 'ഇതിലെഴുതിയ സംഖ്യ കൈപ്പറ്റി കടം വീട്ടുക.'
അയാള്‍ കുറിപ്പു സസന്തോഷം ഇബ്‌നു മുബാറകിന്റെ കാര്യസ്ഥനു കൈമാറിക്കൊണ്ട് പറഞ്ഞു: 'എനിക്ക് വലിയ ഒരു കടബാധ്യതയുണ്ട്. എന്റെ കൈയില്‍ ഒന്നുമില്ല. കടം തന്നയാള്‍ തിരിച്ചടക്കാനായി നിര്‍ബന്ധിക്കുകയാണ്. എഴുന്നൂറു ദിര്‍ഹം കൈമാറാന്‍ സന്മനസ്സു കാണിച്ച ആ മഹാത്മാവിനു അല്ലാഹു എന്നും സന്തുഷ്ടി പ്രദാനം ചെയ്യട്ടെ.'
കാര്യസ്ഥന്‍: താങ്കള്‍ക്ക് എത്രയാണ് കടമുള്ളത്?
ആവശ്യക്കാരന്‍: എഴുന്നൂറു ദിര്‍ഹം. അതിലെഴുതിയ മുഴുവന്‍ സംഖ്യയും നല്‍കാന്‍ പറഞ്ഞിരിക്കുന്നു.
കാര്യസ്ഥന്‍: താങ്കള്‍ അല്‍പം കാത്തിരിക്കുക. ഞാന്‍ അദ്ദേഹത്തോട് ഒരു കാര്യം ചോദിച്ചറിയട്ടെ.
ആവശ്യക്കാരന്‍: സംഖ്യ കുറഞ്ഞു പോയോ?
കാര്യസ്ഥന്‍: അങ്ങനെയല്ല. ഏഴായിരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എഴുന്നൂറിനു പകരം ഏഴായിരം എന്നെഴുതിയതു മറവികൊണ്ടാണോ എന്നെഴുതിയ കുറിപ്പ് കാര്യസ്ഥന്‍ ഇബ്‌നു മുബാറകിനു കൊടുത്തയച്ചു.
അതേ കുറിപ്പിന്റെ മറുപുറത്തു അദ്ദേഹം മറുപടി കുറിച്ചു: ആവശ്യക്കാരനു പതിനാലായിരം കൊടുക്കുക.
ഇത്രയും ധാരാളിത്തത്തോടെ ദാനം നല്‍കിയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഖജനാവ് കാലിയാവും എന്ന് രേഖപ്പെത്തിയ മറ്റൊരു കുറിപ്പ് കാര്യസ്ഥന്‍ ഇബ്‌നു മുബാറകിനു കൈമാറി.
കുറിപ്പ് വായിച്ച ഇബ്‌നു മുബാറകിന്റെ മനസ്സ് ഏറെ നൊമ്പരപ്പെട്ടു. കാര്യസ്ഥനു മറുപടി എഴുതി: ആവശ്യക്കാരനു ഞാന്‍ കുറിച്ച പതിനാലായിരം കൊടുക്കുക. അതെ, ഞാന്‍ ഐഹിക സമ്പത്ത് വാരി വിതറി പരലോകം നേടിയെടുക്കാനാണ് ചിന്തിക്കുന്നത്. ഒരു പക്ഷെ താങ്കള്‍ പ്രവാചകന്റെ ആ മഹാവചനം കേട്ടിട്ടുണ്ടാവില്ല. 'ആരെങ്കിലും തന്റെ വിശ്വാസിയായ സഹോദരനെ ആകസ്മികമായി സന്തോഷിപ്പിക്കുകയാണെങ്കില്‍ അല്ലാഹു അവന്റെ പാപങ്ങള്‍ പൊറുത്തു കൊടുക്കും.' നിസ്സാരമായ പതിനാലായിരം കൊണ്ട് പരലോക സൗഖ്യം നേടാനാണ് ഞാനാഗ്രഹിക്കുന്നത്. നശ്വരസുഖം വിറ്റ് അനശ്വര ആനന്ദം വിലക്കു വാങ്ങുന്നത് നഷ്ടക്കച്ചവടമാണോ?
('റോഷന്‍ സിതാരെ' എന്ന കൃതിയില്‍ നിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുര്‍റഷീദ്, അന്തമാന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 28-31
ടി.കെ ഉബൈദ്‌

ഹദീസ്‌

വഴിതെറ്റിക്കുന്ന ദേഹേഛകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ഹദീസ്‌

വഴിതെറ്റിക്കുന്ന ദേഹേഛകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌