സ്ത്രീ സുരക്ഷയുടെ മറവില്‍ വിവാഹപ്രായം വര്‍ധിപ്പിക്കുമ്പോള്‍
2020-ാമാണ്ടിന്റെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍, രാജ്യത്ത് പോഷകാഹാരക്കുറവും നവജാത ശിശുക്കളുടെ മരണനിരക്ക് വര്‍ധനയും പെണ്‍കുട്ടികള്‍ ചെറുപ്രായത്തില്‍ അമ്മമാരാകുന്നതിന്റെ ഫലമാണെന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുകയാണ് അതിന് പരിഹാരം എന്ന് നിര്‍ദേശിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ജയാ ജയറ്റ്‌ലിയുടെ അധ്യക്ഷതയില്‍ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും നിര്‍ദേശിച്ചു.
2021 ഡിസംബര്‍ 16-ന് ചേര്‍ന്ന കേന്ദ്ര കാബിനറ്റ്, പെണ്‍കുട്ടികളുടെ സുരക്ഷയും ഉന്നത വിദ്യാഭ്യാസവും ലക്ഷ്യംവെച്ച് അവരുടെ വിവാഹപ്രായം 18-ല്‍ നിന്ന് 21 ആക്കാനുള്ള ശിപാര്‍ശക്ക് അംഗീകാരം നല്‍കുകയുണ്ടായി. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ തയാറെടുത്തു കൊണ്ടിരിക്കുകയാണ്. ദല്‍ഹി വനിതാ കമീഷന്‍, സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അനാരോഗ്യത്തിന് കാരണം ചെറുപ്രായത്തിലെ വിവാഹമാണെന്നും, പോഷകാഹാരക്കുറവ് പരിഹരിക്കലും ഗര്‍ഭാവസ്ഥയിലും ശൈശവത്തിലുമുള്ള മരണങ്ങള്‍ കുറച്ചു കൊണ്ട് വരലുമാണ് ബില്ലിന്റെ ഉദ്ദേശ്യമെന്നും വിശദീകരിക്കുകയും ചെയ്തിരിക്കുന്നു.
സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഇങ്ങനെയൊരു നിയമം നിര്‍മിക്കുമ്പോള്‍ മറ്റു നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ, രാഷ്ട്രീയേതര സംഘടനകളും വനിതാ കൂട്ടായ്മകളും അതിനെതിരെ ശബ്ദം ഉയര്‍ത്തിക്കഴിഞ്ഞു. പ്രശ്‌ന പരിഹാരത്തിന് വേണ്ടി നടപ്പിലാക്കാന്‍ പോകുന്ന ഈ നിയമം സ്വയം തന്നെ വലിയ പ്രശ്‌നമായി മാറുമെന്നാണ് എല്ലാവരുടെയും ആശങ്ക.
1978-ലാണ് ഇന്ത്യയില്‍ ആണ്‍കുട്ടികളുടെ വിവാഹപ്രായം 18-ല്‍നിന്ന് 21 ആയും പെണ്‍കുട്ടികളുടേത് 15-ല്‍ നിന്ന് 18 ആയും ഉയര്‍ത്തിയത്. അത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കൈയേറ്റവും മനുഷ്യാവകാശ ലംഘനവും ആണെന്നതിനാല്‍ ലോ കമീഷന്‍ ഓഫ് ഇന്ത്യ 2018-ല്‍ പുരുഷന്മാരുടെ നിയമപരമായ വിവാഹപ്രായം18 ആക്കാന്‍ നിര്‍ദേശിക്കുകയുണ്ടായി. പക്ഷേ അത് നടപ്പിലായില്ല. വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളില്‍ ഗവണ്‍മെന്റും നിയമവും ഇടപെടാതിരുന്നാലും സ്വയം നിയന്ത്രിക്കപ്പെടുന്നു എന്നാണ് ഇന്ത്യയിലെ വിവാഹങ്ങളുടെ കണക്കുകള്‍ തെളിയിക്കുന്നത്.
പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം നിലവില്‍ 18 ആയിരിക്കെ തന്നെ 18-നും 21-നും ഇടക്ക് നടന്ന വിവാഹങ്ങളുടെ എണ്ണം കുറഞ്ഞു വരികയും അതോടൊപ്പം ശരാശരി വിവാഹപ്രായം കൂടുകയും ചെയ്യുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
മഹത്തായ പാരമ്പര്യം
ഇന്ത്യയുടെ പാരമ്പര്യത്തിലും സംസ്‌കാരത്തിലും സ്ത്രീകള്‍ക്ക് മഹത്തായ സ്ഥാനമുണ്ട്. പക്ഷേ പ്രായോഗിക ജീവിതത്തില്‍ ഒട്ടും ആശാവഹമല്ല കാര്യങ്ങള്‍. എത്രത്തോളമെന്നാല്‍, അവരുടെ വേഷഭൂഷാദികള്‍ വരെ തീരുമാനിക്കുന്നത് പുരുഷമേധാവിത്വമാണ്. ഒരുകാലത്ത് വരേണ്യ വര്‍ഗം സ്ത്രീകളെ മാറുമറയ്ക്കാന്‍ അനുവദിച്ചിരുന്നില്ല. കീഴാളസ്ത്രീകള്‍ കുപ്പായമിടുന്നത് അക്കാലത്ത് വലിയ അപരാധമായി കണക്കാക്കിയിരുന്നു. അവര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. വിധവകളെ അപശകുനമായി കാണുകയും അവരുടെ പുനര്‍വിവാഹം തടയുകയും ചെയ്തു. ഈ അടുത്ത കാലത്താണ് സതി എന്ന ഗുരുതരമായ ദുരാചാരം പൂര്‍ണമായും അവസാനിപ്പിച്ചത്.
സ്ത്രീകളെ ഉപഭോഗവസ്തുവായി കാണുന്ന പുരുഷന്റെ മാനസിക നിലപാടില്‍ വലിയ മാറ്റമൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ല. ദല്‍ഹി പോലീസിന്റെ ക്രൈം റിക്കോര്‍ഡില്‍ 2020-ലേതിനെ അപേക്ഷിച്ച് 2021-ല്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ 43 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2020 ജനുവരി മുതല്‍ ജൂണ്‍ വരെ ദല്‍ഹിയില്‍ മാത്രം 580 ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2021-ലെ അതേ കാലയളവില്‍ 833 ആയി വര്‍ധിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ മൊത്തം 30 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. തട്ടിക്കൊണ്ടുപോകുന്ന സ്ത്രീകളുടെ എണ്ണം 44-ല്‍നിന്ന് 159 ആയും സ്ത്രീധന പീഡനം 47ല്‍നിന്ന് 54 ആയും വര്‍ധിച്ചതായി കാണാം. ഇതൊക്കെ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ വളരെയേറെ ആശങ്കാകുലരാക്കുന്നു. സ്വാഭാവികമായും തങ്ങളുടെ പെണ്‍മക്കളെ എത്രയും വേഗം നല്ലൊരു പുരുഷനെ ഏല്‍പ്പിക്കുക എന്നതാണ് അവര്‍ പരിഹാരമായി കാണുക.
ഈ നിയമത്തെ എതിര്‍ക്കുന്നവരുടെ മറുചോദ്യം ഇതാണ്: 18 വയസ്സുള്ള പെണ്‍കുട്ടിക്ക് ഭരണാധികാരികളെ തെരഞ്ഞെടുക്കാന്‍ ഈ ജനാധിപത്യ സമ്പ്രദായത്തില്‍ അവകാശമുണ്ട്, അവള്‍ക്ക് കരാറുകളില്‍ ഒപ്പിടാന്‍ അര്‍ഹതയുണ്ട്. ആവശ്യമെങ്കില്‍ ജോലി ചെയ്തു സമ്പാദിക്കാം. അത് ബാലവേലയുടെ ഗണത്തില്‍ പെടില്ല. എങ്കില്‍ സ്വന്തം ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നതിന് മൂന്നു വര്‍ഷം കൂടി കാത്തിരിക്കണമെന്ന് പറയുന്നത് ഏത് അടിസ്ഥാനത്തിലാണ്?
പരിഹാരം
പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും സന്തുലിതമായ വിതരണവും ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്. സ്ത്രീകളുടെ അനാരോഗ്യവും നവജാതശിശുക്കളുടെ മരണവും ഇല്ലാതാക്കാന്‍ ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലും വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്ന ആശുപത്രികള്‍ ആദ്യം സജ്ജമാക്കണം.
ഇന്ത്യയില്‍ ഇന്നേറെ സങ്കീര്‍ണവും പ്രയാസകരവുമാണ് സ്വന്തം പെണ്‍മക്കളെ വിവാഹം ചെയ്തയക്കുകയും അതുവരെ അവരെ സുരക്ഷിതരായി വളര്‍ത്തുകയും ചെയ്യുക എന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ പല രക്ഷിതാക്കളും കണ്ടെത്തിയ മാര്‍ഗം, പെണ്‍കുട്ടികളെ ഗര്‍ഭത്തില്‍ നിന്നു തന്നെ അവസാനിപ്പിക്കുക എന്നതാണ്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്രം നടത്താന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ ബലാത്സംഗത്തിനിരയാകാതെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ മാത്രം ഇവിടെ നിയമവാഴ്ച ഉണ്ടോ എന്നത് സംശയകരമാണ്. ഈയടുത്ത കാലത്തായി വര്‍ത്തമാനപത്രങ്ങളും ഇലക്‌ട്രോണിക് മാധ്യമങ്ങളും കൊച്ചു കുഞ്ഞുങ്ങള്‍ വരെ പീഡനത്തിനിരയാകുന്ന വാര്‍ത്തകളുമായാണ് പുറത്തിറങ്ങുന്നത്. അവര്‍ക്ക് വീടകങ്ങള്‍ പോലും സുരക്ഷിതമല്ല എന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ നാം പകച്ചു നില്‍ക്കുന്നു. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തിയാല്‍ എന്ത് സംരക്ഷണമാണ് അവര്‍ക്ക് ലഭിക്കുക എന്നതും ഉത്തരം ലഭിക്കേണ്ട ചോദ്യമാണ്.
വിദഗ്ധര്‍ പറയുന്നത്
ഹാദിയ ഇ-മാഗസിന്‍ ചില പ്രമുഖ വ്യക്തികളുമായി നടത്തിയ അഭിമുഖത്തില്‍നിന്ന് വ്യക്തമായ കാര്യങ്ങള്‍ കൂടി പങ്കു വെക്കാം. ഔറംഗാബാദിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അപേക്ഷ ഹാഡ്‌വെ പറയുന്നു: ''ഈ കാലഘട്ടത്തില്‍ 15-നും 16-നും പകരം പത്ത് പന്ത്രണ്ട് വയസ്സാകുമ്പോഴേക്കും പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തി എത്തുകയും 21 വയസ്സു വരെ വിവാഹത്തിനു വേണ്ടി കാത്തിരിക്കേണ്ടി വരികയും ചെയ്യുമ്പോള്‍ അവരുടെ വൈകാരികവും ശാരീരികവും മാനസികവുമായ വളര്‍ച്ചയും, പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്ന ഹോര്‍മോണുകളും വികാരങ്ങളെ അടിച്ചമര്‍ത്താനുള്ള നിര്‍ദേശങ്ങളും തീര്‍ച്ചയായും അവരെ പ്രതികൂലമായി ബാധിക്കും. നമ്മുടെ ഇന്നത്തെ ജീവിത ശൈലി പെണ്‍കുട്ടികളുടെ ബോധത്തെയും അറിവുകളെയും വളരെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കുകയും അത് അവരെ വളരെ വേഗം പക്വത നേടാന്‍ സഹായിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും വിവാഹപ്രായം വര്‍ധിപ്പിക്കുന്നതോടെ, അവര്‍ ശാരീരിക കാമനകളുടെ പൂര്‍ത്തീകരണത്തിനായി സോഷ്യല്‍ മീഡിയ അറിവുകള്‍ നല്‍കുന്ന അനാശാസ്യമായ വഴികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അതിന്റെ ഫലം കുടുംബത്തിന്റെ ശൈഥില്യവും സമൂഹത്തിന്റെ അസന്തുലിതാവസ്ഥയുമായിരിക്കും. ഒരുപക്ഷേ പഠനത്തില്‍ വ്യാപൃതരായി നഗരങ്ങളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ സംബന്ധിച്ചേടത്തോളം ഈ നിയമം വലിയ പ്രയാസം ഉണ്ടാക്കില്ലെങ്കിലും ഗ്രാമാന്തരീക്ഷത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും.''
മുംബൈയിലെ പ്രശസ്ത സാമൂഹിക പ്രവര്‍ത്തക അഡ്വക്കറ്റ് നിലോഫര്‍ സഈദ് പറയുന്നു: ''ഭാരതത്തിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് ഈ നിയമം ഒരിക്കലും പരിഹാരമല്ല. കാരണം ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലും ഉള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഇതല്ല. ആരോഗ്യ പരിരക്ഷയും ആഹാരത്തിന്റെ ലഭ്യതയുമാണ് പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍. ഭരണകൂടം ഇതിന് യഥാര്‍ഥ പരിഹാരം ആഗ്രഹിക്കുന്നുവെങ്കില്‍ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും ചികിത്സക്കുമുള്ള സംവിധാനമാണ് ഒരുക്കേണ്ടത്. ഈ നിയമം രക്ഷിതാക്കള്‍ക്ക് പെണ്‍കുട്ടികളുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഗര്‍ഭിണികളായ സ്ത്രീകളുടെ പൂര്‍ണമായ ഉത്തരവാദിത്തം ഗവണ്‍മെന്റാണ് വഹിക്കേണ്ടത്. ഈ കോവിഡ് കാലത്ത് പെട്ടെന്നുണ്ടായ ലോക്ഡൗണ്‍ കാരണം നാട്ടിലേക്ക് തിരിച്ചുപോകാന്‍ കഴിയാതെ ഇന്ത്യയില്‍ അകപ്പെട്ടുപോയ ഗര്‍ഭിണിയായ ഒരു അമേരിക്കന്‍ വനിതയുടെ ചികിത്സ, ഭക്ഷണം, താമസം തുടങ്ങിയ സംവിധാനങ്ങളെക്കുറിച്ചായിരുന്നു അവിടത്തെ ഒരു ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍നിന്ന് ടെലിഫോണ്‍ കോള്‍ വന്നത്. വികസിത രാജ്യങ്ങളിലൊക്കെ ഗര്‍ഭിണികളായ സ്ത്രീകളുടെ എല്ലാ ചികിത്സയും ക്ഷേമ സൗകര്യങ്ങളും സൗജന്യമാണ്.''
ഈ നിയമവുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെ 'ദഅ്‌വത്ത്' വീക്കിലി കോളേജ് വിദ്യാര്‍ഥികളുമായി സംവദിച്ചപ്പോള്‍, ഭൂരിപക്ഷവും പറഞ്ഞത് ഇങ്ങനെയാണ്: ഉന്നത വിദ്യാഭ്യാസം പെണ്‍കുട്ടികളുടെ സ്വപ്‌നമാണ്. അത് തീര്‍ച്ചയായും സാക്ഷാത്കരിക്കേണ്ടതുണ്ട്. എന്നാല്‍ 18 വയസ്സിനു ശേഷവും അവിവാഹിതരായി പഠനം നിര്‍വഹിക്കണം എന്നില്ല. ഞങ്ങള്‍ക്കൊപ്പമുള്ള ഭൂരിഭാഗം വിദ്യാര്‍ഥികളും പഠനസമയത്ത് തന്നെ വിവാഹിതരാവുകയും അവരുടെ ഭര്‍ത്താക്കന്മാര്‍ ഉപരിപഠനം പൂര്‍ത്തീകരിക്കാനുള്ള എല്ലാ സൗകര്യങ്ങളും നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അപൂര്‍വം ചില കുടുംബങ്ങളില്‍ ഉപരി പഠനം നിര്‍ത്തേണ്ടി വരുന്ന അനുഭവങ്ങളുമുണ്ട്. വികസിത രാജ്യങ്ങളിലും നിരവധി സ്ത്രീകള്‍ വിവാഹ ശേഷവും പഠനം തുടരുന്നത് കാണാം.
മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വനിതാവിഭാഗം അധ്യക്ഷ അസ്മാ സുഹ്‌റ പറയുന്നു: ''ഭാരതീയ സമൂഹം പുരാതനകാലം മുതല്‍ക്കുതന്നെ ശക്തമായ കുടുംബ വ്യവസ്ഥിതിക്ക് വലിയ പ്രാധാന്യം നല്‍കി പോന്നിട്ടുണ്ട്. എല്ലാ മതക്കാരുടെയും കുടുംബ വ്യവസ്ഥയില്‍ ഈ ശ്രദ്ധ നമുക്ക് കാണാനാവും. ഇന്ത്യയില്‍ സ്ത്രീകളുടെ സുരക്ഷിതത്വവും ലിംഗവിവേചനവുമാണ് ഏറ്റവും വലിയ പ്രശ്‌നം. ലിംഗവിവേചനം കാരണം പലപ്പോഴും പെണ്‍കുട്ടികളുടെ ജനിക്കാനുള്ള അവകാശം പോലും ഹനിക്കപ്പെടുന്നു. ഗ്രാമങ്ങളില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ് മറ്റൊരു പ്രശ്‌നം. ഈ കാര്യങ്ങളില്‍ ഒന്നും ചെയ്യാത്ത ഭരണകൂടമാണ് ഇപ്പോള്‍ അവരുടെ ഏറ്റവും വലിയ പ്രശ്‌നമായി വിവാഹപ്രായത്തെ കാണുന്നത്.
നിരവധി പെണ്‍കുട്ടികള്‍ അത്യാചാരങ്ങള്‍ക്കും ക്രൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയാവുന്നു. എന്നാല്‍ ഒരു പ്രതി പോലും ശിക്ഷിക്കപ്പെടുന്നില്ല. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകളോടെയാണ് എഫ്.ഐ.ആര്‍ തയാറാക്കപ്പെടുന്നത് പോലും.
സ്ത്രീധനത്തിന്റെ കാര്യവും ഏട്ടിലെ പശുവാണ്. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ മാത്രമേ സ്ത്രീകളുടെ അന്തസ്സും സമ്പത്തും ജീവനും രക്ഷപ്പെടുത്താനാവൂ.
പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിക്ക് ധന്യമായ ദാമ്പത്യജീവിതം നിഷേധിക്കുക എന്നത് വളരെ ക്രൂരമാണ്. രാജ്യത്തെ ധര്‍മബോധമുള്ള എല്ലാവരും നീതിക്കും ധാര്‍മികതക്കും വിരുദ്ധമായ ഈ നിയമത്തെ എതിര്‍ത്തേ മതിയാവൂ. ഇത് ന്യൂനപക്ഷത്തെയോ ഏതെങ്കിലും മത വിഭാഗത്തെയോ ബാധിക്കുന്ന പ്രശ്‌നമല്ല. സ്ത്രീകളെ ആദരിക്കുന്ന ഭാരതീയ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന, രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും പ്രശ്‌നമായി ഇതിനെ കാണേണ്ടതുണ്ട്.''
ചുരുങ്ങിയ വിവാഹപ്രായം
ഇന്ത്യയിലും വിദേശങ്ങളിലും
ഇന്ത്യയില്‍ വിവാഹിതരാകുന്നവരുടെ ശരാശരി പ്രായം 22.1 ആണ്. 18-ാം വയസ്സില്‍ വിവാഹിതരാകുന്നവര്‍ 27 ശതമാനം മാത്രമാണ്. ഇവരില്‍ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. ബാക്കി ബഹുഭൂരിപക്ഷവും 22 വയസ്സിനു ശേഷമാണ് വിവാഹിതരാവുന്നത് എന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ഭൂരിപക്ഷ സമുദായത്തില്‍ സന്താനോല്‍പ്പാദനം കുറയാന്‍ ഇത് കാരണമാകുന്നു എന്നതും ന്യൂനപക്ഷങ്ങളുടെ എണ്ണം വര്‍ധിക്കുന്നു എന്ന ആശങ്കയും നിയമനിര്‍മാണത്തിന് പിന്നില്‍ ഉണ്ടെന്ന് കരുതുന്നവരും ഉണ്ട്.
2012-ലെ പോക്‌സോ നിയമപ്രകാരം 18 വയസ്സ് വരെ മാത്രമേ, സ്ത്രീയും പുരുഷനും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമാകുന്നുള്ളൂ. 18 വയസ്സ് പൂര്‍ത്തിയായ ശേഷം ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധം ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ കുറ്റകരമല്ല. എന്നാല്‍ പുതിയ നിയമനിര്‍മാണത്തിന് ശേഷം, 18-നും 21-നുമിടക്ക് വിവാഹിതരായാല്‍ ആ ദമ്പതികള്‍ കുറ്റവാളികളായിത്തീരും. വ്യഭിചാരമല്ല, വിവാഹമാണ് കുറ്റം എന്ന അധാര്‍മികതയാണ് ഈ നിയമത്തെ പരിഹാസ്യമാക്കുന്നത്.
വിവാഹ പ്രായം ഉയര്‍ത്തുന്നതോടെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി, വിവാഹം രജിസ്റ്റര്‍ ചെയ്യാതെ ബന്ധപ്പെടാനും അശാസ്ത്രീയമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അവലംബിക്കാനും സാധ്യതയേറും. ഗര്‍ഭഛിദ്രം വര്‍ധിക്കും. അത് സ്ത്രീകള്‍ക്ക് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ കൂട്ടാനേ ഉപകരിക്കൂ. ഇതാണ് മറ്റൊരു പ്രത്യാഘാതം.
ഇനി മറ്റു രാജ്യങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം എത്രയാണെന്ന് നോക്കാം. അഫ്ഗാനിസ്താനിലും പാകിസ്താനിലും ആണ്‍കുട്ടികളുടേത് 18-ഉം പെണ്‍കുട്ടികളുടേത് 16-ഉമാണ്. ബംഗ്ലാദേശില്‍ യഥാക്രമം ഇരുപത്തിയൊന്നും പതിനെട്ടും. ശ്രീലങ്കയില്‍ 18 ആണെങ്കിലും മുസ്ലിംകള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയോടെ 18 വയസ്സിനു മുമ്പേ വിവാഹം കഴിക്കാം.
ഇനി സാക്ഷാല്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ചുരുങ്ങിയ വിവാഹപ്രായം എത്രയാണെന്ന് നോക്കാം. അമേരിക്കയിലെ 50 സ്റ്റേറ്റുകളില്‍ അലാസ്‌കയില്‍ 14 വയസ്സ് ആയാല്‍ 'ആണി'നും 'പെണ്ണി'നും വിവാഹം കഴിക്കാം. മെരിലാന്‍ഡ്, കന്‍സാസ്, ഹവായ് സംസ്ഥാനങ്ങളില്‍ 15-ാം വയസ്സിലും 22 സംസ്ഥാനങ്ങളില്‍ 16-ാം വയസ്സിലും 9 സ്റ്റേറ്റുകളില്‍ 17-ാം വയസ്സിലും വിവാഹിതരാകാം. കാലിഫോര്‍ണിയ, മിച്ചിഗണ്‍, വാഷിംഗ്ടണ്‍ തുടങ്ങിയ 9 സ്റ്റേറ്റുകളില്‍ ചുരുങ്ങിയ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. രക്ഷിതാക്കളുടെയോ കോടതിയുടെയോ സമ്മതത്തോടെ വിവാഹിതരാകാം. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി തുടങ്ങി ആറു സംസ്ഥാനങ്ങളില്‍ മാത്രമാണ് മിനിമം 18 വയസ്സ് എന്ന പ്രായപരിധി നിശ്ചയിച്ചിട്ടുള്ളൂ.
ബ്രിട്ടന്‍, കാനഡ, വെയില്‍സ് തുടങ്ങിയ നാടുകളില്‍ 17 വയസ്സും മെക്‌സിക്കോയില്‍ 16 വയസ്സും ആണ് കുറഞ്ഞ പ്രായപരിധി. എങ്കിലും രക്ഷിതാക്കളുടെ സമ്മതം ഉണ്ടെങ്കില്‍ 14 വയസ്സുകാര്‍ക്ക് വരെ വിവാഹിതരാകാന്‍ സാധിക്കും. അര്‍ജന്റീനയില്‍ പുരുഷന്‍മാരുടേത് 18-ഉം സ്ത്രീകളുടേത് 16-ഉം ആണ്. എസ്റ്റോണിയയില്‍ 15 വയസ്സാണ് ഏറ്റവും ചുരുങ്ങിയ വിവാഹപ്രായം.
ഈ പറഞ്ഞ നാടുകള്‍ വിദ്യാഭ്യാസത്തിലോ സമ്പന്നതയിലോ പിന്നിലാണെന്ന് ആരും പറയില്ല. ജനാധിപത്യം, മതേതരത്വം, ഫെഡറലിസം തുടങ്ങിയ മൂല്യങ്ങളോട് പ്രതിബദ്ധതയില്ലാത്ത ഒരു ഭരണകൂടം പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി രാജ്യത്തെ പൗരന്മാര്‍ക്ക് ഒട്ടും അനുകൂലമല്ലാത്ത നിയമങ്ങള്‍ ചുട്ടെടുക്കുകയാണ് ചെയ്യുന്നത്. മുസ്ലിം സ്ത്രീകളുടെ സംരക്ഷണത്തിനുവേണ്ടി പാസ്സാക്കിയ മുത്തലാഖ് നിരോധന നിയമം പോലെ തന്നെ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുകയാണത്രേ വിവാഹ പ്രായപരിധി നിര്‍ണയത്തിലൂടെ മോദി സര്‍ക്കാര്‍ ചെയ്യുന്നത്. മുത്തലാഖിന്റെ ഇരകള്‍ മുസ്ലിം ചെറുപ്പക്കാര്‍ ആയിരുന്നെങ്കില്‍ ഈ നിയമത്തിന്റെ ഇരകള്‍ ആരുമാകാം എന്നേയുള്ളൂ. (അവലംബം ദഅ്‌വത്ത് വാരിക ജനുവരി 2, 2022, ഹാദിയ ഇ.മാഗസിന്‍ 2022 ജനുവരി)
Comments