Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 04

3238

1443 റജബ് 03

ഹദീസും ഫിഖ്ഹും

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി

ചോദ്യോത്തരം

ചോദ്യം: തഖ്‌ലീദും ഇജ്തിഹാദും സംബന്ധിച്ച് താങ്കളുടെ പുസ്തകത്തില്‍നിന്നുള്ള ചില ഉദ്ധരണികള്‍ താഴെ കൊടുക്കുന്നു. അതിനെ കുറിച്ചു താങ്കളുടെ വിശദീകരണം തേടുകയാണ്. വൈജ്ഞാനികമായ സ്ഥിരീകരണം മാത്രമേ അതുകൊണ്ടു ഉദ്ദേശിക്കുന്നുള്ളൂ. ഒരു ചര്‍ച്ച അതിന്റെ താല്‍പര്യമല്ല.
1) ''നാലു മദ്ഹബുകളും ശരിയാണെന്ന് എല്ലാ മുസ്‌ലിംകളും വിശ്വസിക്കുന്നു. എന്നാല്‍ ഏതൊരു വിഷയത്തിലും ഒരു മാര്‍ഗമേ പിന്‍പറ്റാന്‍ കഴിയൂ എന്ന് വ്യക്തം. അതിനാല്‍ മുസ്‌ലിംകള്‍ ഈ നാലു സരണികളിലൊന്ന് പിന്‍പറ്റേണ്ടതാണെന്ന് മതപണ്ഡിതന്മാര്‍ തീരുമാനിച്ചിരിക്കയാണ് (രിസാലെ ദീനിയാത്ത് (ഇസ്‌ലാം മതം) രണ്ടാം പതിപ്പ് പേ: 125). 'അപ്പോള്‍ മുഹദ്ദിസുകള്‍ പ്രബലമെന്ന് വിശേഷിപ്പിക്കുന്ന ഹദീസുകള്‍ യഥാര്‍ഥത്തില്‍ തന്നെ പ്രബലവും അന്യൂനവുമാണെന്ന് താങ്കള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? ശരിയാണെന്ന് അവര്‍ക്ക് തന്നെ ഉറപ്പില്ല. അവര്‍ക്ക് പോലും ഏറിയാല്‍ പറയാന്‍ കഴിയുക ഊഹം മികച്ചു നില്‍ക്കുന്നതാണ് ഈ ഹദീസ് എന്ന് മാത്രമാണ്. കൂടാതെ അവര്‍ക്ക് ലഭ്യമാകുന്ന ഈ ഊഹത്തിന്റെ മികവിനുള്ള ആധാരമാകട്ടെ രിവായത്ത് അഥവാ നിവേദന പരമ്പരയാണ്; ദിറായത്ത് അഥവാ ഉള്ളടക്കമല്ല. അവരുടെ വീക്ഷണ കോണ്‍ കൂടുതലും വാര്‍ത്താ സ്വഭാവ (അഖ്ബാരി)ത്തോടു കൂടിയതാണ്; ഫിഖ്ഹ് അഥവാ അവബോധം അവരുടെ അടിസ്ഥാന വിഷയമേയല്ല. അതിനാല്‍ ഫിഖ്ഹ്പരമായ വീക്ഷണത്തില്‍ ഹദീസുകളെ കുറിച്ച് അഭിപ്രായ രൂപീകരണം നടത്തുന്നതില്‍ മുജ്തഹിദുകളായ ഫുഖഹാക്കളുമായി ചേര്‍ത്ത് വെക്കുമ്പോള്‍ ബലഹീനരാണവര്‍. ഇനി അവര്‍ക്ക് പൂര്‍ണത ഉണ്ടാകാം എന്ന് സമ്മതിച്ചാല്‍ തന്നെ ഒരു കാര്യം അംഗീകരിക്കേണ്ടിവരും. അവരുടെ അന്വേഷണ പരിധിയിലുണ്ടായിരുന്ന ഹദീസുകള്‍ക്ക് രണ്ട് തരം ദൗര്‍ബല്യങ്ങളുണ്ട്; ഒന്ന് നിവേദന പരമ്പരയുമായി ബന്ധപ്പെട്ടത്. രണ്ട്, ഉള്ളടക്കത്തെ സംബന്ധിച്ച അവഗാഹത്തിന്റെ പരിഗണനയില്‍'' (തഫ്ഹീമാത്ത്, മസ്‌ലകെ ഇഅ്തിദാല്‍ (സന്തുലിത മാര്‍ഗം).
3) ''നിവേദന പരമ്പരയിലെ ആളുകള്‍ ഉത്തമരോ മോശക്കാരോ എന്ന് തീരുമാനിക്കുന്നതില്‍ മുഹദ്ദിസുകളുടെ വൈകാരികാവസ്ഥക്കും ഒരു പരിധിവരെ പങ്കുണ്ടാകാന്‍ ശക്തമായ സാധ്യതയുണ്ട്'' (തര്‍ജുമാനുല്‍ ഖുര്‍ആന്‍, വാല്യം 10, ലക്കം 110).
4) ''ഫിഖ്ഹിയായ വീക്ഷണത്തെ സംബന്ധിച്ചിടത്തോളമാണെങ്കില്‍ ഒരു പരിധിവരെ അവരുടെ വിഷയവുമായി ബന്ധമില്ലാത്തതായിരുന്നു അത്. അതിനാല്‍ അതിലധികവും അവര്‍ക്ക് ദൃഷ്ടീഭവിക്കാതെ പോയി ........ ഇക്കാരണത്താല്‍ മിക്കപ്പോഴും സംഭവിച്ചത് ഇതാണ്: ഒരു റിപ്പോര്‍ട്ടു അവര്‍ പ്രബലമാക്കും. എന്നാല്‍ ആശയതലത്തില്‍ അത് പരിഗണനീയമായിരിക്കുകയില്ല. മറ്റൊരു റിപ്പോര്‍ട്ടാകട്ടെ അതിന്റെ ശൃംഖലക്ക് അവരുടെ അടുക്കല്‍ പരിഗണന കുറവായിരിക്കും. അതേസമയം അതിന്റെ ഉള്ളടക്കത്തിലെ ആശയം ശരിയുമായിരിക്കും..... എന്നാല്‍ ശരീഅത്തില്‍ അവഗാഹമുള്ളവരെ സംബന്ധിച്ചേടത്തോളം മുഹദ്ദിസുകളുടേതായ വീക്ഷണം ഫുഖഹാക്കളുടേതായ വീക്ഷണത്തേക്കാള്‍ എത്രയോ താഴെയാണെന്ന് അജ്ഞാതമല്ല. സ്വഹീഹായ ഹദീസുകളില്‍നിന്ന് പോലും ബഹുമാന്യരായ മുഹദ്ദിസുകള്‍ നിര്‍ധാരണം ചെയ്യുന്ന വിധികളില്‍ മുജ്തഹിദുകളായ ഫുഖഹാക്കള്‍ പാലിച്ചുപോരുന്ന സന്തുലിതത്വം പാലിക്കപ്പെടാറില്ല. റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും തള്ളിക്കളയുന്നതും തെറ്റാണ്; പൂര്‍ണമായും അവലംബിക്കുന്നതും തെറ്റാണ്. രണ്ടിനും മധ്യേയാണ് ശരിയായ രീതി. മുജ്തഹിദുമാരായ ഇമാമുമാര്‍ സ്വീകരിച്ച രീതിയും ഇത് തന്നെ. ഇമാം അബൂഹനീഫയുടെ ഫിഖ്ഹില്‍ മുര്‍സലും മുഅ്ദലും മുന്‍ഖത്വിഉമായ ഹദീസുകളുടെ അടിസ്ഥാനത്തില്‍ അംഗീകരിച്ച ധാരാളം വിഷയങ്ങള്‍ (മസ്അലകള്‍) നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. നിവേദന പരമ്പര പ്രബലമായവ ഉപേക്ഷിച്ചു ദുര്‍ബലമായവ സ്വീകരിച്ചതായും അവയില്‍ കാണാം. ഹദീസുകളിലൊന്നും, ഇമാം അബൂഹനീഫയും ഹനഫീ പണ്ഡിതന്മാരും മറ്റൊന്നും പറയുന്നതും കാണാന്‍ കഴിയും.''
ഇനി ഈ ഉദ്ധരണികള്‍ മുന്നില്‍ വെച്ചു എന്റെ ചോദ്യങ്ങളിലേക്ക് വെളിച്ചം വീശിയാലും:
എ) മുസ്‌ലിംകള്‍ നാലു മദ്ഹബുകള്‍ പിന്‍പറ്റണമെന്നതിന്റെ പ്രമാണമെന്താണ്?
ബി) ഹദീസിന്റെ പരമ്പരക്കോ മുജ്തഹിദുകളുടെ അവഗാഹ(തഫഖുഹ്)ത്തിനോ ഏതിന് ഏതിനേക്കാളാണ് ശ്രേഷ്ഠതയും മുന്‍ഗണനയും?
സി) ഹദീസിന്റെ പരമ്പരക്കോ മുജ്തഹിദിന്റെ തഫഖുഹിനോ ഏതിനാണ് ഊഹ(ളന്ന്) സ്വഭാവം കൂടുതല്‍?
ഡി) മുഹദ്ദിസും മുജ്തഹിദും ഒരാള്‍ തന്നെയാകാന്‍ സാധ്യതയുണ്ടോ, ഇല്ലേ?
ഇ) ഇമാം അബൂഹനീഫ 'മത്ന്‍' (മൂലപാഠം) പരിഗണിച്ച് പ്രബല പരമ്പരയിലെ ഹദീസ് ഉപേക്ഷിച്ച് ദുര്‍ബല പരമ്പരയിലെ ഹദീസ് സ്വീകരിച്ചതിന് ഏതെങ്കിലും ഉദാഹരണം പറയാമോ?
എഫ്) തങ്ങളുടെ വിധികള്‍ക്കെതിരെ പ്രബല പരമ്പരയില്‍ ഹദീസുകളുണ്ടെങ്കില്‍ അവയാണ് സ്വീകാര്യമെന്ന് ഇമാമുമാര്‍ പറഞ്ഞിട്ടുണ്ടെന്നത് ശരിയാണോ?
ജി) ശരിയായ സനദ് ഉള്ളതോടൊപ്പം ശക്തമായ സനദുള്ള ഹദീസ് തള്ളിക്കളയുന്നതിനുള്ള 'ദിറായത്തി'ന്റെ (ആശയ സുബദ്ധത) മാനദണ്ഡമെന്താണ്? അതായത് 'ദിറായത്തി'ന്റെ ഈ മാനദണ്ഡവും ഉപാധിയും നിര്‍ണയിച്ചതിന്റെ പ്രമാണപാഠം (നസ്വ്) ഏതാണ്?
എച്ച്) ഒരു മുസ്‌ലിമിന് അല്ലാഹുവിന്റെയും റസൂലിന്റെയും ഒരു വിധി പരമാവധി ശരിയാണെന്ന് തോന്നത്തക്കവിധം കിട്ടിയെന്ന് വയ്ക്കുക. എങ്കില്‍ 'ദിറായത്തി'ന്റെ പേര് പറഞ്ഞു അതില്‍നിന്ന് ഒഴിഞ്ഞു മാറാനും തന്റെ പരിചിന്തന (തഫഖുഹ്) ത്തിന്റെ അടിസ്ഥാനത്തില്‍ അതിന് എതിര് പ്രവര്‍ത്തിക്കാനും അവന് അവകാശമുണ്ടോ? അവന്റെ പരിചിന്തനവും തെറ്റാകാന്‍ സാധ്യതയുണ്ടല്ലോ?

ഉത്തരം: എ) നാലു ഫിഖ്ഹും ശരിയാണെന്ന് പറയുന്നത് ഏതെങ്കിലും രേഖീയ പ്രമാണത്തി(നസ്വ്)ന്റെ അടിസ്ഥാനത്തിലല്ല. പ്രത്യുത, ഈ നാലു മദ്ഹബുകളും ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും വിധികള്‍ കണ്ടെത്തുന്നതില്‍ ശരീഅത്തില്‍ പഴുതും അടിസ്ഥാനവുമുള്ള തത്ത്വങ്ങള്‍ സ്വീകരിക്കുന്നു എന്നതിനാലാണ്. ശാഖാപരമായ കാര്യങ്ങളില്‍ അവയ്ക്കിടയില്‍ എത്രതന്നെ ഭിന്നതകളുണ്ടെങ്കിലും, ശാഖാപരമായ കാര്യങ്ങളില്‍ അവയോട് വിയോജിക്കാന്‍ ആര്‍ക്കും എത്രതന്നെ ന്യായമായ കാരണങ്ങളുണ്ടെങ്കിലും ശരി. എന്തായാലും അടിസ്ഥാനപരമായി വിധികള്‍ കണ്ടെത്തുന്നതിന് ഖുര്‍ആനിലും സുന്നത്തിലും സ്ഥിരീകരിക്കപ്പെട്ട വഴി തന്നെയാണ് ഈ മദ്ഹബുകള്‍ ഉപയോഗിക്കുന്നത്; എല്ലാ സ്വഹാബിവര്യന്മാരും വിധികള്‍ നിര്‍ധാരണം ചെയ്യാന്‍ സ്വീകരിച്ച അതേവഴി.
ബി) ഹദീസ് പരമ്പരയെയും മുജ്തഹിദുകളുടെ അവഗാഹ(തഫഖുഹ്)ത്തെയും സംബന്ധിച്ചേടത്തോളം ഏതെങ്കിലുമൊന്നിന് മറ്റൊന്നിനേക്കാള്‍ മേല്‍കൈ നല്‍കാന്‍ സാധ്യമല്ല. നബിതിരുമേനിയില്‍നിന്ന് നമുക്കെത്തിച്ചേര്‍ന്ന നിവേദന പരമ്പരയുടെയും അതിന്റെ വിശ്വാസ്യതയുടെയും ഒരു സാക്ഷ്യമാണ് ഹദീസുകളുടെ സനദ്. ഒരു റിപ്പോര്‍ട്ടു എത്രമാത്രം സ്വീകാര്യമാണ്, അല്ല എന്ന്, ഖുര്‍ആനിലും സുന്നത്തിലും അഗാധമായ നിരീക്ഷണത്തിനുശേഷം നിഗമനത്തിലെത്തുന്ന ഒരാളുടെ നിര്‍ണായകമായ തീരുമാന (ഖൗറഴലാലി)േ ത്തിന്റെ അടിസ്ഥാനമാണ് മുജ്തഹിദിന്റെ തഫഖുഹ്. ആ റിപ്പോര്‍ട്ടു ഉള്‍ക്കൊള്ളുന്ന ആശയം ശരീഅത്ത് വ്യവസ്ഥയില്‍ എത്രമാത്രം അനുയോജ്യമാണ്, അല്ല എന്ന് തീരുമാനിക്കുന്നത് ആ തീരുമാനത്തെ ആസ്പദിച്ചാണ്. കോടതികളില്‍ ന്യായാധിപന്റെ വിധിയും സാക്ഷ്യങ്ങളും എങ്ങനെ വേറിട്ടു നില്‍ക്കുന്നോ അതുപോലെ സ്വന്തം നിലക്ക് വേറിട്ടു നില്‍ക്കുന്നതാണ് ഇത് രണ്ടും. അതായത്, ന്യായാധിപന്റെ വിധി എപ്പോഴും സാക്ഷ്യങ്ങള്‍ക്കുപരിയാണെന്നോ സാക്ഷ്യങ്ങള്‍ ന്യായാധിപന്റെ വിധിക്കുപരി മുന്തിനില്‍ക്കുന്നതാണെന്നോ പറയാന്‍ സാധിക്കുന്നതല്ല. ഇതേ പ്രകാരം മുഹദ്ദിസിന്റെ സാക്ഷ്യത്തിനും ഫഖീഹിന്റെ ഗവേഷണാത്മക അന്വേഷണത്തിനും (ഇജ്തിഹാദീ തഹ്ഖീഖ്) നിരുപാധികം ഒന്നൊന്നിനേക്കാള്‍ മുന്‍ഗണന നല്‍കാന്‍ സാധിക്കുകയില്ല.
സി) മുജ്തഹിദിന്റെ അവഗാഹ പഠന (തഫഖുഹ്) ത്തിലും തെറ്റ്പറ്റാന്‍ സാധ്യതയുണ്ട്. ഹദീസിന്റെ സനദിലും തെറ്റ് പറ്റാന്‍ സാധ്യതയുണ്ട്. അതിനാല്‍ അറിവുള്ള ഒരാളെ സംബന്ധിച്ചേടത്തോളം മുജ്തഹിദുകളുടെ ഗവേഷണ വിവരങ്ങളും ഹദീസ് നിവേദനങ്ങളും ഒരുപോലെ പരിഗണിച്ചു വേണം ഒരു ശര്‍ഈ വിധിയില്‍ ഉറപ്പ് വരുത്താന്‍ എന്നാണ് എന്റെ പക്ഷം. എന്നാല്‍ ശര്‍ഈ വിധിയില്‍ ഗവേഷണം നടത്താന്‍ കഴിയാത്തവരെ സംബന്ധിച്ചേടത്തോളം ഏതെങ്കിലുമൊരു പണ്ഡിതനെ ആശ്രയിക്കാവുന്നതാണ്. അവലംബനീയമായ ഒരു ഹദീസ് ലഭ്യമാണെങ്കില്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുന്നതും ശരിയാണ്.
ഡി) ഒരേസമയം തന്നെ ഒരാള്‍ ഫഖീഹും മുഹദ്ദിസുമാകാവുന്നതാണ്. കേവല മുഹദ്ദിസിനെയും കേവല ഫഖീഹിനെയും അപേക്ഷിച്ചു അത്തരമൊരു വ്യക്തി തത്ത്വത്തില്‍ മുന്‍ഗണനാര്‍ഹനാണ്. എന്നാല്‍ എന്റെ ഈ മറുപടി തീര്‍ത്തും താത്ത്വിക നിലയിലുള്ളതാണ്. ഏതെങ്കിലും വ്യക്തിക്ക് അത് ബാധകമാക്കുകയാണെങ്കില്‍ ഹദീസ് മനഃപാഠത്തിലുള്ള അതേ പദവി തഫഖുഹിലും അയാള്‍ക്കുണ്ടോ എന്ന് അനിവാര്യമായും നോക്കേണ്ടതാണ്.
ഇ) താങ്കള്‍ ആവശ്യപ്പെട്ട ഉദാഹരണം ഇപ്പോള്‍ എന്റെ അടുക്കലില്ല. അത്തരം ഉദാഹരണങ്ങള്‍ സമര്‍പ്പിക്കുന്നതിലൂടെ ചര്‍ച്ച പിന്നെയും നീണ്ടുപോകും.
എഫ്) മുജ്തഹിദുകളായ ഇമാമുമാര്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്. എന്റെ അഭിപ്രായവും അത് തന്നെയാണ്. എന്നാല്‍ സ്വഹീഹായ സനദോടു കൂടിയുള്ള ഹദീസ് അതിലെ പാഠം (ഠലഃ)േ പരിഗണിക്കുമ്പോള്‍ ദുര്‍ബലമായിരിക്കും പലപ്പോഴും. ഖുര്‍ആനില്‍നിന്നും ഇതര ഹദീസുകളില്‍നിന്നും നമുക്ക് ലഭ്യമായ വിവരങ്ങളുമായി അത് പൊരുത്തപ്പെടുകയില്ല. ഇത്തരം സാഹചര്യത്തില്‍ ഒന്നുകില്‍ അത് വ്യാഖ്യാനിക്കുകയോ അല്ലെങ്കില്‍ തള്ളിക്കളയുകയോ ചെയ്യാതെ നിവൃത്തിയുണ്ടാവുകയില്ല. ഞാന്‍ എഴുതിയിട്ടുള്ളതിന്റെ താല്‍പര്യം ഇത് മാത്രമാണ്.
ജി) ഖുര്‍ആനില്‍ 'ഹിക്മത്ത്' എന്ന് വ്യവഹരിച്ചിട്ടുള്ള ദീനിനെക്കുറിച്ചുള്ള അവഗാഹമാണ് 'ദിറായത്തി'ന്റെ വിവക്ഷ. വൈദ്യകലയിലെ സര്‍ഗനൈപുണ്യത്തിന്റെ അതേപദവിയാണ് ശരീഅത്ത് ശരിയായി പിന്തുടരുന്നതില്‍ ഈ 'ഹിക്മത്തി'നുള്ളത്. അതിന്റെ വിഹിതം കമ്മിയായവര്‍ക്കും അതിന്റെ നിലയും വിലയും അറിയാത്തവര്‍ക്കും നല്ലത് എങ്ങനെയാണോ എഴുതപ്പെട്ടിരിക്കുന്നത് അതനുസരിച്ചു പ്രവര്‍ത്തിക്കലാണ്. എന്നാല്‍ അതില്‍ എന്തെങ്കിലും വിഹിതം ലഭിച്ചിട്ടുള്ളവര്‍ അല്ലാഹുവിന്റെ ആ അനുഗൃഹീത ഉള്‍ക്കാഴ്ചയിലൂടെ ഖുര്‍ആനിലും ഹദീസിലും കണ്ടെത്തിയതനുസരിച്ചു പ്രവര്‍ത്തിക്കാത്ത പക്ഷം അവര്‍ കുറ്റക്കാരായിരിക്കുമെന്നാണ് എന്റെ പക്ഷം.
ഒരാള്‍ക്ക് ദീനീഗ്രാഹ്യത(ഫഹ്‌മെ ദീന്‍)യുടെയും ആന്തര ജ്ഞാന(ഹിക്മത്ത്) ത്തിന്റെയും അവഗാഹ(ഫിഖ്ഹ്)ത്തിന്റെയും എത്ര അളവ് കിട്ടിയിട്ടുണ്ടെന്ന് താങ്കള്‍ക്ക് തൂക്കിനോക്കാന്‍ പറ്റുന്ന വിധം അതിന്റെ മാനദണ്ഡം താങ്കള്‍ക്ക് വിവരിച്ചു തരാനുള്ള ഒരു മാര്‍ഗവും എന്റെ അടുക്കലില്ല. ഇത് തീര്‍ത്തും ഒരു ഭിഷഗ്വരന്റെ നൈപുണിപോലെ, മുത്തുരത്‌നാദികളുടെ മൂല്യം തിട്ടപ്പെടുത്തുന്ന ആളുടെ സാമര്‍ഥ്യം പോലെ, അല്ലെങ്കില്‍ അത്‌പോലുള്ള കലാകാരന്മാരുടെ കലാവൈദഗ്ധ്യം പോലെ അളന്നു തൂക്കാന്‍ പറ്റാത്ത, മാനദണ്ഡമില്ലാത്ത ഒന്നത്രെ. എന്നാല്‍, അതിന്റെ പരിധികള്‍ നിര്‍ണയിക്കാന്‍ കഴിയില്ല എന്നതിനര്‍ഥം അങ്ങനെ ഒന്നേ ഇല്ലെന്നോ ശരീഅത്തില്‍ അതിന് യാതൊരു സ്ഥാനവുമില്ലെന്നോ അല്ല.
എച്ച്) ഇതിന്റെ മറുപടി മുന്‍ മറുപടികളുണ്ട്. 'ദിറായത്തി'ന്റെ പ്രയോഗത്തില്‍ തെറ്റുപറ്റാന്‍ സാധ്യതയുണ്ടെന്നതില്‍ സംശയമില്ല എന്ന് മാത്രമേ കൂടുതലായി പറയാനാകൂ. പക്ഷേ, ആ ഒരു സാധ്യത ഏതെങ്കിലും ഹദീസിനെക്കുറിച്ചു സ്വഹീഹോ ദഈഫോ മൗദൂഓ എന്ന് പറയുന്നതിലും നിലനില്‍ക്കുന്നുണ്ട്. ഒരു മുസ്‌ലിം 'ദിറായത്ത്' പ്രയോഗിക്കുന്നതില്‍ തെറ്റുവരുത്തി കുറ്റവാളിയാകുമെന്നുണ്ടെങ്കില്‍ ഹദീസുകളുടെ പദവി നിര്‍ണയിക്കുന്നതിലും അതേ തെറ്റ് വരുത്തി കുറ്റവാളിയാകുന്നതാണ്. പക്ഷേ, മനുഷ്യന്റെ സന്നദ്ധതയുടെയും സാധ്യതകളുടെയും പരിധികള്‍ക്കുള്ളിലേ അവനെ ശരീഅത്ത് ഭാരം വഹിപ്പിക്കുന്നുള്ളൂ. ആ പരിധിക്കകം മാത്രമേ അവനെ അതിന്റെ ഉത്തരവാദിയുമാക്കുന്നുള്ളൂ. (തര്‍ജുമാനുല്‍ ഖുര്‍ആന്‍, ജൂലൈ-ഒക്‌ടോബര്‍ 1944) 
വിവ: വി.എ.കെ
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 28-31
ടി.കെ ഉബൈദ്‌

ഹദീസ്‌

വഴിതെറ്റിക്കുന്ന ദേഹേഛകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ഹദീസ്‌

വഴിതെറ്റിക്കുന്ന ദേഹേഛകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌