സുള്ളി ഡീല്‍സ് മുതല്‍ കപ്പ്ള്‍ സ്വാപ്പിങ്ങ് വരെ ... സ്ത്രീ വിമോചന കേസരികള്‍ക്ക് മിണ്ടാട്ടമില്ല!
പൊതു ഇടങ്ങളില്‍ ആണ്‍ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവ് പെണ്ണിനും ബാധകമാണെന്നും അതിനു വിഘാതം നില്‍ക്കുന്ന ആറാം നൂറ്റാണ്ടിലെ 'പ്രാകൃത' ഗോത്രാചാരങ്ങളെ തച്ചുടക്കണമെന്നുമുള്ള ലിബറല്‍ - ഫെമിനിസ്റ്റ് മുറവിളികളാല്‍ പ്രകമ്പിതമാണ് ഏറെക്കാലങ്ങളായി കേരളത്തിന്റെ തെരുവുകളും സൈബറിടങ്ങളും. പതിനെട്ടാം നൂറ്റാണ്ടില്‍ മലയാളി മങ്കമാര്‍ മാറ് മറക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് സമരം ചെയ്തതെങ്കില്‍ വത്തക്ക 'നെഞ്ചിലേറ്റി' 'മാറ് തുറക്കല്‍' സമരം ചെയ്ത് കൊണ്ടാണല്ലോ നവകേരള മഹിളാമണികള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പൂമുഖത്തിരുന്ന് കാമ്പസുകളെ രോമാഞ്ചമണിയിച്ചത്. 'ഹൂറന്മാരില്ലാത്ത സ്വര്‍ഗത്തിന് വേണ്ടി നീയെന്തിനാണ് പെണ്ണേ കറുത്ത തുണിയില്‍ മൂടിക്കെട്ടിക്കഴിയുന്നത്' എന്ന് കവിത രചിച്ച് മതരക്തമേതും സിരകളിലൊഴുകാത്ത 'പുരോഗമന വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാന'വും പെണ്‍കൊടികളുടെ കൂട്ടിരിപ്പിന് വന്നു.
എന്നാല്‍ സ്ത്രീസുരക്ഷക്കും ലിംഗസമത്വത്തിനും വേണ്ടി കണ്ണിലെണ്ണ ഒഴിച്ച് സമൂഹ മാധ്യമങ്ങളില്‍ സദാസമയം സമരസജ്ജരായി നില്‍ക്കുന്ന ഈ വിമോചനപ്പോരാളികളുടെ കാഴ്ചവട്ടത്ത് പെടാതെ പോയ രണ്ട് കെണികളാണ് മുസ്ലിം സ്ത്രീകളെ 'ചരക്കു'കളാക്കി വില്‍പന നടത്താന്‍ അടുത്ത കാലത്ത് തുടങ്ങി വെച്ച സുള്ളി ഡീല്‍സ്, ബുള്ളി ബായ് എന്നീ ആപ്പുകള്‍. ബുള്ളി ബായ്, സുള്ളി ഡീല്‍ ആക്രമണങ്ങള്‍ക്കെതിരെ 'ദ മുസ്ലിം റെസിസ്റ്റന്‍സ്' എന്ന ബാനറില്‍ കോഴിക്കോട് നഗരത്തില്‍ ജി.ഐ.ഒ സംഘടിപ്പിച്ച വനിതാ സംഗമം, പക്ഷേ സ്ത്രീ ശാക്തീകരണം തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ എഴുതിവെക്കുകയും 'സ്ത്രീപക്ഷ കേരളം' കാമ്പയിന്‍ നടത്തുകയും ചെയ്തവരുടെ മുഖപത്രങ്ങളില്‍ പെട്ടിക്കോളം വാര്‍ത്ത പോലുമായില്ല.
അറബികളുടെ 'സാംസ്‌കാരിക ഭാണ്ഡ'(Cultural Baggage)ത്തെ ഇസ്ലാമായി തെറ്റിദ്ധരിക്കുന്നവരാണ് മുസ്ലിംകളില്‍ അധിക പേരും (പര്‍ദയുടെ രാഷ്ട്രീയം - ഹമീദ് ചേന്ദമംഗല്ലൂര്‍) എന്ന് അനുതപിക്കുന്ന സ്ത്രീ വിമോചന കേസരികളും പുതിയ ഡീലുകളെ കുറിച്ച് 'കമാ' എന്നുരിയാടിയിട്ടില്ല. ലിങ്ക്ഡ്ഇന്‍, ട്വിറ്റര്‍ തുടങ്ങിയ സൈറ്റുകളില്‍നിന്ന് സമൂഹത്തിന്റെ ഉന്നത ശ്രേണികളിലുള്ള മുസ്ലിം സ്ത്രീകളുടെ ഫോട്ടോകള്‍ മോഷ്ടിക്കുകയും ഗിറ്റ്ഹബ് (GitHub) പ്ലാറ്റ്ഫോമില്‍ 'ബുള്ളി ബായ്' എന്ന ആപ്പ് ഉണ്ടാക്കുകയും ഈ ആപ്പിലൂടെ 'നിങ്ങളുടെ ബുള്ളി ബായ് ഓഫ് ദ ഡേ' (Your Bulli Bai of the Day) എന്ന അടിക്കുറിപ്പോടെ സ്ത്രീകളുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത കുറ്റത്തിന് ശ്വേത സിംഗ്, മായങ്ക് റാവത്ത് എന്നിവരെ മുംബൈ പോലീസ് അറസ്റ്റു ചെയ്തപ്പോള്‍ മാത്രമാണ് വാര്‍ത്തകളില്‍ ചെറുതായെങ്കിലും 'ബുള്ളി ബായ്' ഇടം പിടിച്ചത്. ഇരയാക്കപ്പെട്ട സ്ത്രീകളുടെ നിരന്തരമായ പോരാട്ടത്തിനൊടുവിലാണ് പേരിനെങ്കിലും അറസ്റ്റ് പോലും സംഭവിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ രാജകീയ വരവേല്‍പ്പ് ഏറ്റുവാങ്ങി പാര്‍ലമെന്റില്‍ ഇരിപ്പിടം തേടുന്നത് എപ്പോഴാണെന്നേ ഇനി അറിയാനുളളൂ.
കഴിഞ്ഞ വര്‍ഷം മുസ്ലിം സ്ത്രീകളെ ലേലത്തിനുവെച്ച 'സുള്ളി ഡീല്‍സ്' ആപ്പ് നിര്‍മിച്ച ഓംകരേശ്വര്‍ താക്കൂര്‍ എന്നയാളെ ദല്‍ഹി പോലീസ് അടുത്തിടെ അറസ്റ്റു ചെയ്തതും കണ്ണില്‍ പൊടിയിടല്‍ തന്ത്രത്തിന്റെ ഭാഗമായി തന്നെ. മധ്യപ്രദേശിലെ ഇന്ദോറിലെ ഐ.പി.എസ് അക്കാദമിയില്‍നിന്ന് ബി.സി.എ പൂര്‍ത്തിയാക്കിയ ആളാണ് സുള്ളി ഡീല്‍സ് കേസിലെ പ്രധാന സൂത്രധാരന്‍ ഓംകരേശ്വര്‍ താക്കൂര്‍. മുസ്ലിം - ദലിത് സമൂഹം പൊതുവിലും അവരിലെ സ്ത്രീജനങ്ങള്‍ വിശേഷിച്ചും ആര്‍ക്കും പാഞ്ഞു കയറാന്‍ പറ്റിയ ചാഞ്ഞ മരമായ 'മോഡി'ഫൈഡ് ഇന്ത്യയില്‍ ഇത്തരം ഡീലുകളോട് 'സോകോള്‍ഡ്' പൊതുസമൂഹത്തിന് ഒരുതരം നിസ്സംഗ ഭാവം ശീലമായിപ്പോയിരിക്കുന്നു.
'പര്‍ദക്കുള്ളില്‍ ശ്വാസം മുട്ടി'ക്കഴിയുന്ന മുസ്ലിം സ്ത്രീകളെ ചൊല്ലി മുഖ്യധാരാ മാധ്യമങ്ങളിലും ക്ലബ് ഹൗസ് പോലുള്ള സൈബറിടങ്ങളിലും അനര്‍ഗളം വാക്ശരങ്ങളെയ്തും കവലകളിലും പെരുവഴികളിലും ഫ്ളാഷ് മോബുകള്‍ സംഘടിപ്പിച്ചും വിമോചന കാഹളം മുഴക്കിക്കൊണ്ടിരിക്കുന്ന ഇടത് - ലിബറല്‍ ആങ്ങളമാരുടെയും മാമന്മാരുടെയും ഇരട്ടത്താപ്പ് വെളിപ്പെട്ട മറ്റു ചില പെണ്‍വിഷയങ്ങള്‍ 'പ്രബുദ്ധകേരള'ത്തിലും അടുത്ത കാലത്തായി അരങ്ങേറി. സിനിമാ താരം ദിലീപുമായി ബന്ധപ്പെട്ട, നടി ആക്രമിക്കപ്പെട്ട കേസും ഫ്രാങ്കോ മുളയ്ക്കല്‍ എന്ന ക്രൈസ്തവ വൈദികന്റെ കന്യാസ്ത്രീ പീഡന കേസുമാണ് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ 'പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ട്' പ്രഖ്യാപിച്ച ദൈവത്തിന്റെ സ്വന്തം നാട് മസാലപ്പടം കാണുന്ന ലാഘവത്തോടെ ആസ്വദിച്ചുകൊണ്ടിരിക്കുന്നത്. ശരീരം മൂടുന്ന വസ്ത്രത്തിനുള്ളില്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന 'അസ്വാതന്ത്ര്യ'ത്തെ കുറിച്ച് വേപഥു കൊള്ളുന്ന ഇടത് - വലത് - സഭാ സന്നാഹങ്ങള്‍ സ്ത്രീ സമൂഹത്തോട് കാണിക്കുന്ന 'ആദരവുകള്‍'ക്ക് മികച്ച രണ്ട് ദൃഷ്ടാന്തങ്ങളാണ് മേല്‍ പറഞ്ഞ സംഭവങ്ങള്‍.
2017 ഫെബ്രുവരിയില്‍ തൃശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രാ മധ്യേ ആണ് മലയാളത്തിലെ പ്രശസ്ത നടി ആക്രമണത്തിനിരയാകുന്നത്. മിമിക്രിയിലൂടെ മലയാള സിനിമാ ലോകത്തെത്തുകയും ചുരുങ്ങിയ കാലം കൊണ്ട് വെള്ളിത്തിരയില്‍ 'റിംഗ് മാസ്റ്ററാ'യും 'വില്ലാളി വീരനാ'യും 'കൊച്ചിരാജാവാ'യും വിലസുകയും ചെയ്ത 'ജനപ്രിയ' നായകനാണ് പീഡന തിരക്കഥയുടെ സംവിധായകന്‍. സിനിമാ ലോകത്തെ തന്റെ അപ്രമാദിത്വത്തെ ചെറുതായൊന്ന് തടസ്സപ്പെടുത്താന്‍ ശ്രമിച്ച നടിയെ നാണം കെടുത്തി അവരുടെ കരിയര്‍ ജീവിതം അവസാനിപ്പിക്കുക എന്ന 'ചെറിയ' ലക്ഷ്യമേ പീഡനനാടകത്തിന് ഉണ്ടായിരുന്നുള്ളൂ. അക്രമി സംഘം നടിയുമായി കാറില്‍ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങിയിരുന്നു. ഇതിനിടെ അവര്‍ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു എന്നാണ് കേസ്. ആക്രമിക്കപ്പെട്ടാലും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയാലും നടി അതു പുറംലോകത്തെ അറിയിക്കില്ലെന്നായിരുന്നു ക്വട്ടേഷന്‍ നല്‍കിയ 'ഉന്നത'രുടെ ധൈര്യമെങ്കിലും അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി സംഭവത്തെക്കുറിച്ചു പരാതി നല്‍കാന്‍ പെണ്‍കുട്ടി തയാറായി.
കോളിളക്കം സൃഷ്ടിച്ച ഈ സംഭവം നടന്നിട്ട് നാലു വര്‍ഷം തികഞ്ഞെങ്കിലും 'താരമൂല്യ'മുള്ള കേസായതിനാല്‍ അനേകം ട്വിസ്റ്റുകളും ക്ലൈമാക്‌സുകളും കൊണ്ട് അന്ത്യമില്ലാത്ത സീരിയല്‍ പോലെ ഇഴഞ്ഞു നീങ്ങുകയാണ് കേസ്. അറസ്റ്റ്, മുന്‍കൂര്‍ ജാമ്യം, ചോദ്യം ചെയ്യല്‍, വിട്ടയക്കല്‍, കേസിന്റെ ഗതിമാറല്‍ തുടങ്ങിയ പതിവാചാരങ്ങള്‍ക്കിടയില്‍ കുറ്റാരോപിതനായ താരം വെള്ളിത്തിരയില്‍ പലവട്ടം മിന്നിത്തിളങ്ങി. 'ജനപ്രിയ നട'ന്റെ താരത്തിളക്കത്തില്‍ താരസംഘടനയായ 'അമ്മ' പോലും, പീഡിപ്പിക്കപ്പെട്ട നടിയുടെ കാര്യത്തില്‍ അമ്മായിയമ്മയായി. 'അവള്‍ക്കൊപ്പം' (#Avalkkoppam) എന്ന ഹാഷ്ടാഗുമായി സിനിമാ ലോകത്തെ ആണധികാര - സ്ത്രീവിരുദ്ധ ചേരിക്കെതിരെ പട നയിച്ച വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് പിന്തുണയുമായി എത്തിയതോടെ നടി നിയമപോരാട്ടത്തിന്റെ വഴിയില്‍ തിരിച്ചെത്തിയെങ്കിലും ഹൈ സസ്‌പെന്‍സ് ത്രില്ലര്‍ മൂവിയെ അനുസ്മരിപ്പിക്കുമാറ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ കുറ്റാരോപിതനായ താരം ഗൂഢാലോചന നടത്തി എന്ന ട്വിസ്റ്റിലാണ് ഏറ്റവുമൊടുവില്‍ കേസ് എത്തിനില്‍ക്കുന്നത്. കഠിനശിക്ഷ ലഭിച്ചേക്കാവുന്ന അതിക്രൂരമായ സ്ത്രീ പീഡനക്കേസ് തെളിവില്ലാതെ തള്ളിപ്പോകാനിടയുള്ള 'വധഭീഷണി'ക്കേസായി മാറുന്ന കോമിക് ട്വിസ്റ്റ്! കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി നീതി കാത്തുകഴിയുന്ന എണ്ണായിരത്തോളം സ്ത്രീപീഡന കേസുകളുള്ള ഭൂമിമലയാളത്തില്‍ ഈ പീഡിതയായ പെണ്‍കുട്ടിക്കും നീതി കിട്ടുമോ എന്ന് കണ്ട് തന്നെ അറിയണം.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസിലെ വിധിയാണ് കേരളം സാകൂതം കാതോര്‍ത്തിരിക്കുകയും വിധി കേട്ടപ്പോള്‍ കാത് പൊത്തുകയും ചെയ്ത രണ്ടാമത്തെ സംഭവം. 2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വെച്ച് ജലന്തര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നതാണ് കേസ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത മതവിഭാഗമായ കത്തോലിക്കാ സഭയിലെ ഒരുന്നത വൈദികനെതിരെ നീതി തേടി 'ദൈവത്തിന്റെ മാലാഖമാര്‍' 13 ദിവസമാണ് തെരുവില്‍ സമരം ചെയ്തത്. പീഡനപരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും 'മൃദു ഭാവേ, ദൃഢ കൃത്യേ' എന്ന ആപ്തവാക്യം ആസ്ഥാനങ്ങളില്‍ ഉല്ലേഖനം ചെയ്ത കേരള പോലീസ് ഒരു നടപടിയും എടുക്കാത്ത സാഹചര്യത്തിലാണ് മഠത്തിന്റെ മതില്‍ക്കെട്ടിന് പുറത്ത് കന്യാസ്ത്രീകളുടെ പ്രതിഷേധം ഉയര്‍ന്നത്. സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ അഞ്ച് പേര്‍ തെരുവില്‍ സമരത്തിനിറങ്ങി. സഹപ്രവര്‍ത്തക അനുഭവിച്ച ക്രൂരപീഡനത്തിന് കാരണക്കാരനായ ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നതായിരുന്നു ആവശ്യം. ഒരു കൂട്ടായ്മയുടെയോ സംഘത്തിന്റേയോ പിന്തുണയില്ലാതെ നിഷ്പക്ഷ സമൂഹത്തിന്റെ മനസ്സാക്ഷിയില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ടായിരുന്നു കന്യാസ്ത്രീകളുടെ പോരാട്ടം. ക്രൈസ്തവ സഭയിലെ നീതിനിഷേധങ്ങള്‍ക്കെതിരെയും പീഡനങ്ങള്‍ക്കെതിരെയും സഭക്കുള്ളില്‍ നിന്ന് തന്നെ ശബ്ദം ഉയര്‍ത്തുന്ന വൈദികരുടെ പിന്തുണയോടെ SAVE OUR SISTERS എന്ന സംഘടനയും കൂട്ടിനെത്തി. പ്രത്യക്ഷ സമരം തുടങ്ങിയതോടെ നടപടികളുമായി ജലന്തര്‍ രൂപതയും രംഗത്തെത്തി. പീഡനം നേരിട്ട കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ടായിരുന്നു പ്രതികാരം.
അറസ്റ്റെന്ന ആവശ്യം ശക്തമായതോടെ ബിഷപ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. പരാതിയില്‍ നിന്ന് പിന്തിരിയാന്‍ സഹോദരനെ കള്ളക്കേസില്‍ കുടുക്കിയും സമൂഹമാധ്യമങ്ങളിലൂടെ കന്യാസ്ത്രീയെ സ്വഭാവഹത്യ നടത്തിയും വേട്ടക്കാര്‍ പരസ്യമായി വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും അവര്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇരയായ കന്യാസ്ത്രീയെ 12 ദിവസമാണ് വിസ്തരിച്ചത്. 122 പ്രമാണങ്ങളും 4 തൊണ്ടിമുതലുകളും ഹാജരാക്കി. കേരളത്തിന്റെ സഹകരണ മന്ത്രിയുടെ കണ്ണില്‍ 'വലിയ പണ്ഡിത'നായ 'നാര്‍കോട്ടിക്ക് ജിഹാദ് ഫെയിം' പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ അന്വേഷണം നേരിടുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലബാര്‍ സഭ കുടിയേറ്റ കമീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ തുടങ്ങിയവരും 25 കന്യാസ്ത്രീകളും, 11 വൈദികരും, രഹസ്യ മൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാരും, വൈദ്യ പരിശോധന നടത്തിയ ഡോക്ടറും, ബിഷപ്പിന്റെ ഡ്രൈവറും അടക്കം ആകെ 83 സാക്ഷികളുള്ള വൈദിക പീഡനക്കേസില്‍ 2000 പേജുള്ള കുറ്റപത്രം വായിച്ച കോടതി 'പ്രതിയെ വെറുതെ വിട്ടിരിക്കുന്നു' എന്നാണ് ഒറ്റ വരിയില്‍ വിധി പറഞ്ഞത്.
നാടകീയവും നിര്‍ണായകവുമായ മുഹൂര്‍ത്തങ്ങള്‍ക്കും വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കുമൊടുവില്‍ മല എലിയെ പ്രസവിച്ച അവസ്ഥയാണ് 'വിശുദ്ധ പീഡന'ത്തിനു സംഭവിച്ചത് എന്ന് ചുരുക്കം. അംഗീകരിക്കാന്‍ പറ്റാത്ത വിധിയാണ് കോടതിയില്‍ നിന്നുണ്ടായതെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതി പിരിഞ്ഞ ശേഷം വിധി പറഞ്ഞു. എന്നാല്‍ പരസ്പരം കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത സാക്ഷിമൊഴികളും ദുര്‍ബലമായ കുറ്റപത്രവും കാരണമാണ് നിയമത്തിന്റെ താക്കോല്‍ദ്വാര പഴുതിലൂടെ ബിഷപ്പ് വിദഗ്ധമായി രക്ഷപ്പെട്ടത് എന്നാണ് പ്രോസിക്യൂഷനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണം. എല്ലാ സ്ത്രീ പീഡനക്കേസുകള്‍ക്കും സംഭവിക്കുന്ന ഗതികേട് തന്നെ. ഇത്രയധികം സങ്കീര്‍ണമായ നിയമ പ്രക്രിയയിലൂടെ കടന്നുപോയ ഒരു കേസില്‍ ഒന്നര വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള 'ഒറ്റവരി വിധി' പുറത്ത് വന്നത്. 'ഞാന്‍ സഹായത്തിനായി നിലവിളിച്ചു; പക്ഷേ എനിക്കു നീതി കിട്ടിയില്ല '(ഇയ്യോബ് 19:7) എന്ന് പീഡിതയായ കന്യാസ്ത്രീ വിലപിക്കുമ്പോള്‍ വിധികേട്ട ഫ്രാങ്കോ കര്‍ത്താവായ ദൈവത്തിന് സ്‌തോത്രമര്‍പ്പിച്ച് ആനന്ദാതിരേകത്താല്‍ പൊട്ടിപ്പൊട്ടിക്കരയുകയായിരുന്നു.
കോടതി വിധിയില്‍ 'സാംസ്‌കാരിക' കേരളം മാമൂലനുസരിച്ച് ഔപചാരികമായി ഞെട്ടിയെങ്കിലും വത്തക്ക വലുപ്പത്തിലുള്ള പ്രതിഷേധങ്ങള്‍ക്കൊന്നും തെരുവുകള്‍ സാക്ഷ്യം വഹിച്ചില്ല. 'ജീര്‍ണലു'കളില്‍ അരമനകളിലെ അവിഹിതങ്ങളെ കുറിച്ച് വെണ്ടയ്ക്ക നിരന്നില്ല. ഒന്നാം നൂറ്റാണ്ടിലെ 'പ്രാക്യത' പൗരോഹിത്യത്തിനെതിരെ മുഖപ്രസംഗമെഴുതിയില്ല. കേസിന്റെ നാള്‍വഴികളില്‍ ഒരിക്കല്‍ പോലും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളിലൊന്നു പോലും കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കുകയോ ബിഷപ്പിനെതിരെ ശബ്ദമുയര്‍ത്തുകയോ ചെയ്തില്ല. കാമ്പസുകളില്‍ 'മുഖമക്കന'യുടെ ധിക്കാരത്തെ കായികമായി നേരിടുകയും 'ഉടുവസ്ത്രത്തിന്റെ സദാചാരം' ചര്‍ച്ച ചെയ്യാന്‍ കമ്മിറ്റി കൂടുകയും ചെയ്ത കുട്ടിസഖാക്കളും കന്യാസ്ത്രീയെ പീഡിപ്പിച്ച 'പൗരോഹിത്യം തുലയട്ടെ' എന്ന് ചുവരെഴുതിയില്ല. സംഘി - ക്രിസംഘി പ്ലാറ്റ്ഫോമുകളില്‍നിന്ന് 'ജലന്തര്‍ തിരുമേനി'ക്ക് നേരെ സൈബര്‍ അറ്റാക്ക് ഉണ്ടായില്ല.
മലയാളി സമൂഹത്തില്‍ നാളിതുവരെ കേട്ടു കേള്‍വി പോലുമില്ലാത്ത നാണം കെട്ട മറ്റൊരു വാര്‍ത്തയാണ് കപ്പ്ള്‍ സ്വാപ്പിങ്ങ് എന്ന ഭാര്യമാരെ കൈമാറ്റം ചെയ്യുന്ന സമ്പ്രദായം. പഴയ കാലത്തെ ചരക്ക് കൈമാറ്റ വ്യവസ്ഥയെ അനുസ്മരിപ്പിക്കുന്നു ഇത്! ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക വേഴ്ച നിയമപരമായി കുറ്റകരമല്ലാത്ത നമ്മുടെ രാജ്യത്ത് കപ്പ്ള്‍ സ്വാപ്പിങ്ങ് എന്ന അതിനീചമായ അത്യാചാരം ഉന്നത ശ്രേണിയിലുള്ള ആളുകള്‍ക്കിടയില്‍ സാര്‍വത്രികമാണ് എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് നിര്‍വികാരതയോടെ സാംസ്‌കാരിക കേരളം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. 'എന്റെ ഭാര്യ നിനക്കും നിന്റെ ഭാര്യ എനിക്കും' എന്ന മട്ടിലുള്ള ഈ ഏര്‍പ്പാട് ലൈം ലൈറ്റില്‍ വന്നത് ചങ്ങനാശ്ശേരി സ്വദേശിനിയുടെ വെളിപ്പെടുത്തലിലൂടെയാണെങ്കിലും പതിറ്റാണ്ടുകളായി മലയാളികള്‍ക്കിടയില്‍ നിലനിന്ന് പോരുന്ന 'ഹൈടെക്' ഏര്‍പ്പാടായിരുന്നുവത്രേ അത്. കപ്പ്ള്‍ സ്വാപ്പിങ്ങ് ക്ലബ്ബുകള്‍ പോലും കേരളത്തില്‍ നിലവിലുണ്ടായിരുന്നു എന്നാണ് പുതിയ വിവരം. മെട്രോ നഗരങ്ങളിലെ വന്‍കിട ക്ലബുകളിലും ഇന്ത്യന്‍ നേവി റിക്രിയേഷന്‍ ക്ലബുകളിലും നയതന്ത്ര ലോകത്തും വൈഫ് സ്വാപ്പിങ്ങ് ഒരു സാദാ സംഭവമാണത്രെ!
2013-ല്‍ കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഉണ്ടായ സംഭവമാണ് കേരളത്തില്‍ ഇത്തരത്തിലൊന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തന്നെ ഭര്‍ത്താവ് മേലുദ്യോഗസ്ഥര്‍ക്ക് കാഴ്ചവെച്ചുവെന്ന പരാതിയുമായി ലഫ്റ്റനന്റ് കേണലിന്റെ ഭാര്യ രംഗത്തെത്തിയത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇവരുടെ പരാതി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കുകയും പത്തുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല.
പാശ്ചാത്യരാജ്യങ്ങളില്‍ പുതുമയുള്ള കാര്യമല്ല വൈഫ് സ്വാപ്പിങ്ങ് എന്ന ഭാര്യമാരെ കൈമാറല്‍ സമ്പ്രദായം. പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ 'ആത്മീയ ഗുരുക്കന്മാരും' 'നിഗൂഢ മാന്ത്രികരുമായ' ജോണ്‍ ഡീയും എഡ്വേര്‍ഡ് കെല്ലിയുമാണ് ആദ്യമായി ഇത്തരത്തില്‍ പങ്കാളികളെ പരസ്പരം വെച്ചുമാറിയത്. പ്രത്യേക ഉടമ്പടി എഴുതിയായിരുന്നു ഈ വെച്ചുമാറല്‍. ലൈംഗികത ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും പൂര്‍ണ സ്വാതന്ത്ര്യം ഈ ഉടമ്പടി അനുവദിച്ചിരുന്നു. 'ഇരുണ്ട യുഗ'ത്തിലെ ഇസ്ലാമല്ല, പരിഷ്‌കൃത പടിഞ്ഞാറിനെ നിയന്ത്രിക്കുന്ന ക്രൈസ്തവത തന്നെയാണ് ഈ രണ്ടു പേരുടെയും ആദര്‍ശ പശ്ചാത്തലം.
രണ്ടാം ലോക യുദ്ധത്തിന് ശേഷം അമേരിക്കയില്‍ വൈഫ് സ്വാപ്പിങ്ങ് ഒരു ജനപ്രിയ സംവിധാനമായി മാറി. യുദ്ധത്തില്‍ കൊല്ലപ്പെട്ട പൈലറ്റുമാരുടെ ഭാര്യമാരെ ജീവിച്ചിരിക്കുന്ന പൈലറ്റുമാര്‍ 'സംരക്ഷിക്കുക' എന്ന ചടങ്ങിലൂടെയാണ് ഇത് തുടങ്ങിയത്. പ്രണയം (മവദ്ദഃ), കാരുണ്യം (റഹ്മഃ) പ്രശാന്തി (സകീനഃ) എന്നീ അടിത്തറകളില്‍ സുസ്ഥാപിതമാവേണ്ടുന്ന ദാമ്പത്യമെന്ന സ്ഥാപനം കേവലമായ ശാരീരികാനന്ദം പ്രദാനം ചെയ്യുന്ന രതി വ്യവസായമാവുമ്പോള്‍ സംഭവിക്കുന്ന അപഭ്രംശമാണ് കപ്പ്ള്‍ സ്വാപ്പിങ്ങ് പോലുള്ള വൈകൃതങ്ങളിലൂടെ വെളിവാകുന്നത്. ചരിത്രാതീത കാലം നിലനിന്നിരുന്ന അടിമ വ്യവസ്ഥിതിയെ അനുക്രമം ഇല്ലാതാക്കുകയും ഒരു തലമുറയോടെ അടിമത്തത്തിന്റെ വേരറുക്കുന്നതിനുവേണ്ടി ദാസിമാരെ ജീവിത പങ്കാളികളായി സ്വീകരിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്ത ഇസ്ലാമിനെ 'വെപ്പാട്ടി' സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്ന മതം എന്ന് ലിബറല്‍ - നാസ്തിക പ്ലാറ്റുഫോമുകളില്‍നിന്ന് ഒരൊറ്റ കോറസില്‍ അലറിപ്പാടുന്ന കാലത്താണ് സ്ത്രീത്വത്തെ അങ്ങേയറ്റം അപമാനിക്കുന്ന ഇത്തരം ചെയ്തികള്‍ അരങ്ങേറുന്നതും ആഭിജാത്യത്തിന്റെ അടയാളങ്ങളായി കൊണ്ടാടപ്പെടുന്നതും. അഗമ്യഗമനം (Incest) നിയമവിധേയമാക്കിയതും ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയതും വലതുപക്ഷ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ ഫ്രാന്‍സാണ്. പ്രായപൂര്‍ത്തിയായാല്‍ മാതാപിതാക്കളെന്നോ മക്കളെന്നോ വ്യത്യാസമില്ലാതെ ആരുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന 1791-ലെ ഇന്‍സെസ്റ്റ് നിയമം ഫ്രാന്‍സ് നിര്‍ത്തലാക്കിയത് ഈയടുത്ത കാലത്താണ്.
സ്ത്രീ കേവലം ഒരു ഭോഗയന്ത്രമാണ് എന്ന പ്രാകൃത കാഴ്ചപ്പാടിന് പൊതുസമൂഹവും ഭരണകൂടവും ഒരു വേള നീതിപീഠം പോലും മൗനാംഗീകാരം നല്‍കുന്ന അവസ്ഥയാണ് 'പുരോഗമന മതേതര' സമൂഹത്തില്‍ നിലനില്‍ക്കുന്നത് എന്നതിലേക്കാണ് ഈ സംഭവവികാസങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ലിംഗസമത്വം കൗമാരകാലത്ത് തന്നെ പരിശീലിപ്പിക്കാന്‍ വേണ്ടി ജെന്‍ഡര്‍ ന്യുട്രല്‍ യൂനിഫോം നടപ്പിലാക്കുന്ന വിദ്യാഭ്യാസ വകുപ്പും 'കപട സദാചാരത്തിന്റെ കൈകള്‍ ബന്ധിക്കാം' എന്ന മുദ്രാവാക്യമുയര്‍ത്തി സ്വവര്‍ഗ പ്രണയം പോലും പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടാനുകൂല 'വിപ്ലവ' വിദ്യാര്‍ഥി പ്രസ്ഥാനവും അരങ്ങുവാഴുന്ന കേരളത്തില്‍ തന്നെയാണ് സാമാന്യ നീതിബോധത്തെ കൊഞ്ഞനം കുത്തിക്കൊണ്ട് ലൈംഗികപീഡനക്കേസുകളും ഇണക്കൈമാറ്റ ഇടപാടുകളും നടക്കുന്നത്. 'സമൂഹത്തിന്റെ എതിര്‍ വര്‍ഗ ലൈംഗിക സ്വാഭാവികതാ പൊതുബോധത്തിന്റെ (heteronormative) പ്രതീക്ഷകളുടെ ഭാരത്താല്‍ തടസ്സപ്പെടാത്ത ഒരു സ്വതന്ത്ര അന്തരീക്ഷത്തില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള പ്രവേശന മാര്‍ഗം തുറന്നു കൊടുക്കാനാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം' എന്ന് 'ക്ലിഷ്ടസുന്ദര'മായി ട്വീറ്റ് ചെയ്ത വിദ്യാഭ്യാസ മന്ത്രിയുടെ കണ്‍വെട്ടത്ത് തന്നെയുള്ള കാമ്പസുകളില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ വെര്‍ബല്‍ റേപ്പും ശാരീരിക കൈയേറ്റങ്ങളും നടക്കാത്ത ഒരൊറ്റ ദിവസം പോലുമില്ല.
നടിയുമായി ബന്ധപ്പെട്ട കേസ് സ്വതന്ത്ര ലൈംഗികതക്കു അനിയന്ത്രിത സാധ്യത നിലനില്‍ക്കുന്ന സിനിമാ ലോകത്ത് സ്വാഭാവികമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണെങ്കില്‍ മനുഷ്യന്റെ അടിസ്ഥാനപരമായ ജൈവിക ചോദനയായ ലൈംഗികത്വത്തെ അടിച്ചമര്‍ത്തുമ്പോള്‍ സംഭവിക്കുന്ന അപഭ്രംശമാണ് ക്രൈസ്തവ സഭകളില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളുടെ ഹേതു. സ്ത്രീപുരുഷ ഇടപഴകലുകളിലെ അതിര്‍വരമ്പുകളില്‍ അകലം കുറയുന്ന സിനിമാ ലോകത്ത് പണ്ട് പണ്ടേയുള്ള ലൈംഗികാതിക്രമങ്ങളുടെ എണ്ണമറ്റ കഥകള്‍ ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നത് 'മീ ടൂ' പോലെയുള്ള തുറന്നുപറച്ചിലുകളെ തുടര്‍ന്നാണ്. അതേസമയം വൈദിക അരമനകളിലെ ലൈംഗിക ചൂഷണങ്ങള്‍ക്കും ചൂഷകരായ വൈദികരെയും മെത്രാന്മാരേയും സംരക്ഷിക്കുന്ന സമ്പ്രദായത്തിനും ക്രൈസ്തവസഭയോളം തന്നെ പഴക്കമുള്ള ചരിത്രമുണ്ട്. വൈദികബ്രഹ്മചര്യത്തെ സൈദ്ധാന്തികമായി ന്യായീകരിക്കുന്ന കത്തോലിക്കാ സഭയാകട്ടെ പലപ്പോഴും ഇത്തരം ലൈംഗികചൂഷണങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും ചൂഷകരെ സംരക്ഷിക്കുകയുമാണ്. മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ മ്യൂണിക് ആര്‍ച്ച് ബിഷപ്പായിരിക്കേ കുട്ടികള്‍ക്കുനേരെ നടന്ന ലൈംഗികാതിക്രമക്കേസില്‍ പ്രതികളായ പുരോഹിതര്‍ക്കെതിരെ നടപടി പോലുമെടുത്തില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നത് അടുത്തിടെയാണ്.
അഭയ മുതല്‍ അതിജീവിത വരെയുള്ള സന്യസ്തകന്യകകളും സൂര്യനെല്ലി മുതല്‍ വാളയാര്‍ വരെയുള്ള നിഷ്‌കളങ്ക ബാല്യങ്ങളും പിച്ചിച്ചീന്തപ്പെട്ടതില്‍ സ്ത്രീ സ്വാതന്ത്ര്യം ഉദ്ഘോഷിക്കുന്ന, ഹിംസാത്മക പുരുഷാധിപത്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സകല ഭൗതിക പ്രസ്ഥാനങ്ങളും തുല്യപങ്കാളികളാണ്. ഇസ്ലാമിനെ അപരസ്ഥാനത്ത് പ്രതിഷ്ഠിച്ച് സ്ത്രീവിരുദ്ധതയുടെയും അസഹിഷ്ണതയുടെയും പ്രതിഛായ കല്‍പിച്ച് 'സ്വതന്ത്ര ചിന്ത'യുടെ മറവില്‍ അരാജക - ലിബറല്‍ ജീവിത സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ചില വിദ്യാര്‍ഥി യുവജന സംഘടനകള്‍ കൂടി നടേ പറഞ്ഞ സംഘങ്ങളില്‍ കണ്ണി ചേരുന്ന സാഹചര്യത്തിലാണ് രതിവൈകൃതങ്ങളുടെ നാണിപ്പിക്കുന്ന കഥകള്‍ അനുദിനം പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പഠനത്തോടൊപ്പം പോരാട്ടവും സര്‍ഗാത്മകതയും സമന്വയിപ്പിച്ച് ഇന്ത്യന്‍ കാമ്പസുകളെ പ്രതീക്ഷകളുടെ പുതുപുലരിയിലേക്ക് നയിച്ചുവെന്ന് ആത്മപ്രശംസ നടത്തുന്ന ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനം ഇന്നിപ്പോള്‍ കാമ്പസുകളെ അരാഷ്ട്രീയവത്കരിക്കുകയും, പ്രണയവും സ്വതന്ത്ര ലൈംഗികതയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലാണ് ശ്രദ്ധയൂന്നിയിട്ടുള്ളത്. കേരളത്തിലെ കാമ്പസുകളില്‍ അധീശത്വ വ്യവഹാരം നടത്തുന്ന ഇവര്‍ക്ക് സംഘ് ഫാസിസമല്ല, ധാര്‍മിക - സദാചാര മൂല്യങ്ങള്‍ പാലിക്കുകയും സാഹോദര്യ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന സംഘടനകളാണ് മുഖ്യശത്രുക്കള്‍.
ആണിന്റെ അനുവാദമുണ്ടെങ്കില്‍ മാത്രം ജീവിക്കാം അല്ലെങ്കില്‍ സ്ത്രീ മണ്ണില്‍ കുഴിച്ചു മൂടപ്പെടേണ്ടവളാണ് എന്ന് വിശ്വസിച്ചു പോന്ന പ്രാകൃത സമൂഹത്തോട് 'ആണുങ്ങളുടെ കൂടപ്പിറപ്പുകള്‍ (ശഖാഇഖ്) ആണ് പെണ്ണുങ്ങള്‍' എന്നും, മാതൃപാദങ്ങള്‍ക്കടിയിലാണ് സ്വര്‍ഗമെന്നും പഠിപ്പിച്ച പ്രവാചകനാണ് ഇമ്മാതിരിയുള്ള സകലമാന ജെന്‍ഡര്‍ ഈക്വലന്മാര്‍ക്കും സ്ത്രീ ശാക്തീകരണ വിഭൂഷണന്മാര്‍ക്കും പ്രാകൃതമായ വിശ്വാസാചാരങ്ങളുടെ വിധാതാവ്!
Comments