യേശുവിന്റെയും മുഹമ്മദിന്റെയും ഇസ്‌ലാം
ഇസ്‌ലാം - ക്രൈസ്തവ മത താരതമ്യപഠനത്തിന് പ്രയോജനപ്പെടുന്ന പുസ്തകമാണ് സൈമണ്‍ ആള്‍ഫ്രഡ്രോ കാരബല്ലോ എഴുതിയ My Great Love for Jesus Led Me to Islam എന്ന പുസ്തകം. ഹുബ്ബീ അല്‍ അളീം ലില്‍ മസീഹ് ഖാദനീ ഇലല്‍ ഇസ്‌ലാം എന്ന പേരില്‍ അറബിയിലും ലഭ്യമായ പുസ്തകം 'യേശുവിനെ സ്‌നേഹിച്ച് ഞാന്‍ ഇസ്‌ലാമിലെത്തി' എന്ന പേരില്‍ അശ്‌റഫ് കീഴൂപറമ്പ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നു. ഐ.പി.എച്ചാണ് പ്രസാധകര്‍. വെനസ്വേലയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച സൈമണ്‍ ആള്‍ഫ്രഡ്രോ കാരബല്ലോ എന്ന കത്തോലിക്കാ വിശ്വാസിയായ വിദ്യാര്‍ഥി തന്റെ തുടര്‍പഠനത്തിനായി അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിപ്പെടുന്നതോടെ ജീവിതത്തില്‍ സംഭവിക്കുന്ന ഗതിമാറ്റങ്ങള്‍ പറഞ്ഞുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്.
തന്റെ മനസ്സില്‍ കത്തോലിക്കാ വിശ്വാസം ആഴത്തില്‍ വേരുറപ്പിക്കാനുണ്ടായ സാഹചര്യം ഒന്നാമത്തെ അധ്യായത്തില്‍ ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നുണ്ട്. 1977-ല്‍ ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കന്‍ ഐക്യനാടുകളിലെത്തിയ സൈമണിന് പക്ഷേ ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം ഇല്ലാത്തതിനാല്‍ അത് പഠിക്കാന്‍ പോയ സ്ഥലത്ത് തന്റെ റൂമിലുണ്ടായിരുന്ന സുഊദി അറേബ്യയില്‍ നിന്നുള്ള ബിരുദ വിദ്യാര്‍ഥിയായ ഫുആദിന്റെ ജീവിത ശൈലികളും ക്രമങ്ങളും ആരാധന നിഷ്ഠകളും നേരില്‍ കാണാനുള്ള അവസരമുണ്ടായി. അത് തന്നില്‍ കൗതുകമുണര്‍ത്തിയതായും പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. ആദ്യമായാണ് അദ്ദേഹം തന്റെ ജീവിതത്തില്‍ പ്രാര്‍ഥിക്കുന്ന മുസ്‌ലിനെ കാണുന്നത്. അവസരം കിട്ടുമ്പോള്‍ ഇടക്കിടെയുള്ള മസ്ജിദ് സന്ദര്‍ശനങ്ങളും ആരോ അയച്ചു കൊടുക്കുന്ന ഇസ്‌ലാം - ക്രൈസ്തവ താരതമ്യ ലഘുലേഖകളും പുസ്തകങ്ങളും സൈമണിന്റെ ഇസ്‌ലാമിലേക്കുള്ള തിരിഞ്ഞ് നടത്തത്തിന് നിമിത്തമാവുകയായിരുന്നു. ബൈബിള്‍ സുവിശേഷങ്ങളില്‍ കടന്നുകൂടിയ വൈരുധ്യങ്ങള്‍ അദ്ദേഹം പരിശോധിക്കുന്നുണ്ട്. ഒപ്പം ഖുര്‍ആന്റെയും ഹദീസിന്റെയും ആധികാരത ആഴത്തില്‍ പഠിച്ച് സമര്‍ഥിക്കുകയും ചെയ്യുന്നു. 1400-ലധികം വര്‍ഷമായിട്ടും ഖുര്‍ആനില്‍ യാതൊരുവിധ കൈകടത്തലുകളോ വെട്ടിച്ചുരുക്കുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഇല്ല എന്നതും ബൈബിളില്‍ വ്യക്തിതാല്‍പര്യങ്ങള്‍ക്കുവേണ്ടി പലവിധ കൈകടത്തലുകള്‍ ഉണ്ടായി എന്നതും അദ്ദേഹത്തെ വിസ്മയിപ്പിക്കുകയും ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്തു.
തന്റെ ജീവിതാന്വേഷണത്തിനിടെ യേശു ക്രിസ്തുവും മുഹമ്മദ് നബിയും പ്രബോധനം ചെയ്ത ദര്‍ശനം ഒന്നാണെന്നും ഇരുവരും ഏകദൈവ വിശ്വാസത്തിലേക്കാണ് ജനങ്ങളെ ക്ഷണിച്ചതെന്നും ഖുര്‍ആനിലെ ആയത്തുകളും ബൈബിള്‍ സുവിശേഷങ്ങളും വെച്ച് സമര്‍ഥിക്കുന്നു. ബൈബിളിലും ഖുര്‍ആനിലുമുള്ള ഈസാ നബിയെ കുറിച്ച പരാമര്‍ശങ്ങള്‍ മുന്നില്‍ വെച്ച് സത്യാന്വേഷണ പാതയിലൂടെ കടന്നുപോകുന്ന സൈമണ്‍, മുഹമ്മദ് നബിയെ കുറിച്ച് വളരെയധികം വാചാലനാകുന്നുണ്ട്. മുഹമ്മദ് നബിയുടെ ആഗമനത്തെ കുറിച്ച് ബൈബിള്‍ പരാമര്‍ശങ്ങളെ അദ്ദേഹം കണ്ടെടുക്കുന്നു. ക്രിസ്തു മതത്തിലെ തത്ത്വങ്ങളും സുവിശേഷങ്ങളും മുന്‍നിര്‍ത്തിക്കൊണ്ടുതന്നെ ഏകദൈവ വിശ്വാസമാണ് ശരി എന്ന് ബോധ്യപ്പെടുന്ന ഗ്രന്ഥകാരന്‍ യേശുവിന് അഥവാ ഈസാ നബിക്ക് ലഭിച്ച 'ദിവ്യത്വം' അഥവാ അമാനുഷികത ദൈവിക ദൃഷ്ടാന്തമല്ലാതെ മറ്റൊന്നുമല്ലെന്നും മനുഷ്യര്‍ക്ക് ദൈവമാകാന്‍ കഴിയില്ല എന്നും സമര്‍ഥിക്കുന്നുണ്ട്. അടിയുറച്ച ഈ കത്തോലിക്ക വിശ്വാസി യേശു പ്രബോധനം ചെയ്ത യഥാര്‍ഥ സത്യസന്ദേശം തന്നെയാണ് തന്റെ മനസ്സ് മാറ്റിയത് എന്ന് എഴുതുന്നുണ്ട്. സൂറത്തുന്നിസാഇലെ 157-ാം സൂക്തം, യേശുവിനെ കുരിശിലേറ്റി കൊന്നു എന്ന ക്രൈസ്തവ വിശ്വാസത്തെ റദ്ദ് ചെയ്യുന്നുണ്ടെന്നും യേശു ക്രിസ്തു കുരിശിലേറ്റപ്പെട്ടു എന്നത് ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ തെറ്റാണെന്നും ഖുര്‍ആനില്‍ വായിച്ചപ്പോഴാണ് തനിക്ക് മാനസാന്തരമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പുസ്തകത്തിന്റെ അവസാനം ദൈവശാസ്ത്ര വിഷയങ്ങളും വിശ്വാസ കാര്യങ്ങളും അടക്കമുള്ള വിവിധ വിഷയങ്ങള്‍ ബൈബിളും ഖുര്‍ആനും വെച്ച് താരതമ്യം ചെയ്യുന്നുണ്ട്.
യേശുവിനെ സ്‌നേഹിച്ച് ഞാന്‍ ഇസ്‌ലാമിലെത്തി
സൈമണ്‍ ആള്‍ഫ്രഡോ കാരബല്ലോ
പ്രസാധനം : ഐ.പി.എച്ച്
മൊഴിമാറ്റം : അശ്‌റഫ് കീഴുപറമ്പ്
മുഖവില : 130
Comments