വിവാഹപ്രായം തിരുത്തുന്നവര്‍ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ കാണുന്നില്ല
രാജ്യത്ത് വലിയ സംവാദങ്ങള്‍ക്ക് കാരണമായ നിയമഭേദഗതി ചര്‍ച്ചയാണ് വിവാഹപ്രായ ഏകീകരണം. 2020 ആഗസ്റ്റിലെ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ, 'സ്ത്രീ-സംരക്ഷണ നിയമഭേദഗതി' എന്ന പേരിലാണ് ഇതേക്കുറിച്ച് പരാമര്‍ശിച്ചത്. യഥാര്‍ഥത്തില്‍ ഈ നിയമ ഭേദഗതി ലക്ഷ്യമാക്കുന്നത് അതിന്റെ ശീര്‍ഷകത്തിലുണ്ടെന്ന് തോന്നിക്കുന്ന നിഷ്‌കളങ്കമായ, നീതിയുക്തമായ ഒന്നല്ല എന്നാണ് ഇതിന്റെ അടിവേരുകള്‍ ചികയുമ്പോള്‍ മനസ്സിലാവുക.
രാജ്യമെമ്പാടുമെന്ന പോലെ കേരളത്തിലും ഈ നിയമ മാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇത് പുരോഗമനപരമാണ് എന്നവകാശപ്പെട്ടുകൊണ്ട് ഒരു വിഭാഗം രംഗത്ത് വരുമ്പോള്‍, മറുവിഭാഗം ഇതിന്റെ പിന്നിലുള്ള അനീതിയെയും നടപ്പില്‍ വരുത്തുമ്പോഴുള്ള വൈരുധ്യങ്ങളെയും തുറന്ന് കാട്ടുന്നു.
പശ്ചാത്തലം
ഇന്ത്യയില്‍ നിലനില്‍ക്കുന്ന മെജോറിറ്റി ആക്ട് പ്രകാരം പൗരന്മാര്‍ക്ക് 18 വയസ്സാവുന്നതോടു കൂടി പ്രായപൂര്‍ത്തിയായതായി കണക്കാക്കപ്പെടുന്നു. ഈ പ്രായം മുതല്‍ ഒരു പൗരന് സ്വമേധയാ തീരുമാനങ്ങളെടുക്കാനും സ്വന്തം പേരില്‍ തന്നെ കരാറുകളില്‍ ഏര്‍പ്പെടാനും വോട്ടു ചെയ്യാനും, ഏതെങ്കിലും ക്രിമിനല്‍ കുറ്റത്തിലേര്‍പ്പെട്ടാല്‍ ഒരു മുതിര്‍ന്ന പൗരനെന്ന കണക്കെ ശിക്ഷ ഏല്‍ക്കാനും പ്രായമായതായി ഇന്ത്യന്‍ നിയമം കണക്കാക്കുന്നു.
എന്നാല്‍, വിവാഹപ്രായത്തെ സംബന്ധിച്ച് മറ്റൊരു നിലപാടാണുള്ളത്. 2006 -ലെ 'ശൈശവ വിവാഹ നിരോധന നിയമ' പ്രകാരം ആണ്‍കുട്ടിക്ക് 21 വയസ്സിലും പെണ്‍കുട്ടിക്ക് 18 വയസ്സിലുമേ നിയമപ്രകാരം വിവാഹബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കുകയുള്ളൂ. അതിനു മുമ്പുള്ള വിവാഹങ്ങള്‍ ശൈശവ വിവാഹമായും അതിനാല്‍ തന്നെ നിയമസാധുത ഇല്ലാത്തവയായുമാണ് പരിഗണിക്കുക. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച ഈ നിയമത്തില്‍ ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ടാണ്.
ആണിനും പെണ്ണിനും മറ്റെല്ലാ കാര്യങ്ങളിലും നല്‍കുന്ന തുല്യത വിവാഹപ്രായത്തില്‍ നിയമം നല്‍കുന്നില്ലെന്നും അതിനാല്‍ തന്നെ സ്ത്രീ-പുരുഷ തുല്യത നടപ്പില്‍ വരുത്തുന്നതിനായി പെണ്‍കുട്ടികളുടെ വിവാഹപ്രായം ആണ്‍കുട്ടികളുടേതിനു സമാനമായി 21-ലേക്ക് ഉയര്‍ത്തണമെന്നുമാണ് ഗവണ്‍മെന്റ് മുന്നോട്ടു വെച്ച വാദം.
ഇക്കാര്യങ്ങളില്‍ വിശദമായ പഠനം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായി ജയ ജയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ 2020 ജൂണില്‍ വനിതാ ശിശു വികസന മന്ത്രാലയം ഒരു കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. പെണ്‍കുട്ടികളുടെ വിവാഹപ്രായവും അവരുടെ ആരോഗ്യാവസ്ഥകളും, പോഷകാഹാരലഭ്യതയുമൊക്കെ പഠിക്കുകയെന്നതായിരുന്നു കമ്മിറ്റിയുടെ രൂപീകരണ ലക്ഷ്യം. ഏകദേശം 16-ഓളം യൂനിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ പഠനം നടത്തി അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, കുട്ടികള്‍ 22-23 വയസ്സിലൊക്കെയേ വിവാഹം ആഗ്രഹിക്കുന്നുള്ളൂവെന്നും അതിനാല്‍ തന്നെ നിയമപ്രകാരം 21-ലേക്കെങ്കിലും പെണ്‍കുട്ടികളുടെ പ്രായപരിധി നിശ്ചയിക്കണമെന്നുമാണ് ചൂണ്ടിക്കാട്ടിയിരുന്നത്.
പക്ഷേ, ഈ റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യവും സ്വഭാവവും, ശിപാര്‍ശകള്‍ തമ്മിലെ വൈരുധ്യവും കൗതുകമുണര്‍ത്തുന്നതാണ്. ഉദാഹരണത്തിന്, സ്ത്രീകളിലെ പോഷകാഹാരക്കുറവും വിളര്‍ച്ചയും വിവാഹപ്രായവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന ഒരു ചോദ്യമുണ്ട് ഈ പഠനത്തിന്റെ ഭാഗമായി. ഈ ചോദ്യത്തിന് ഉത്തരം തേടേണ്ടത് ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന, യഥാര്‍ഥ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഗ്രാമാന്തരങ്ങളില്‍നിന്നാണ്. പക്ഷേ, ജയ ജയ്റ്റ്‌ലിയുടെ ടീം ഈ ചോദ്യത്തിന് ഉത്തരം തേടിയത് ഉന്നത വിദ്യാഭ്യാസത്തിന് അവസരം സിദ്ധിച്ച യൂനിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികളില്‍ നിന്നും, സാമൂഹികമായി ഉന്നതിയിലുള്ള, മികച്ച പ്രിവിലേജ് അനുഭവിക്കുന്ന അവരുടെ രക്ഷിതാക്കളില്‍ നിന്നും!
യഥാര്‍ഥ പ്രശ്‌നം നിലനില്‍ക്കുന്നത് സത്യത്തില്‍ ഇവര്‍ കണ്ണടച്ച അതേ വിഭാഗം മനുഷ്യരിലാണല്ലോ. പ്രൈമറി വിദ്യാഭ്യാസത്തിനപ്പുറം വിദ്യാഭ്യാസ സാധ്യതകളും സ്ഥാപനങ്ങളും ഉണ്ടെന്ന് അറിയാത്ത, പകുതിയിലധികം ആളുകളും വിളര്‍ച്ച ബാധിച്ചവരായ, സാമൂഹിക സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കാത്തതു കാരണം പെണ്‍കുട്ടികളെ പെട്ടെന്നു വിവാഹം ചെയ്ത് പറഞ്ഞയക്കേണ്ടുന്ന പരിതസ്ഥിതിയുള്ള, അതിനാല്‍ തന്നെ 18 തികയും മുമ്പേ ഗര്‍ഭിണികളും അമ്മമാരും ആവേണ്ടി വരുന്ന വലിയൊരു വിഭാഗം ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ട്.
18-ലെ വിവാഹം തന്നെ അവര്‍ക്കൊരു അധികബാധ്യതയാണ്. അവിടെയാണ് 21-ലേക്ക് നീട്ടിക്കൊണ്ടുള്ള നിയമമാറ്റത്തെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
അടിസ്ഥാന യാഥാര്‍ഥ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ തയാറാവാത്ത ഒരു റിപ്പോര്‍ട്ടിന്മേലാണ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുള്ള ഇത്തരമൊരു നിയമമാറ്റത്തിന് സര്‍ക്കാര്‍ തുനിയുന്നത് എന്നതാണ് ഇതിന്റെ വലിയ പരാജയം. ഉപരിപ്ലവമായി മാത്രം കാര്യങ്ങളെ കാണുകയാണ്. തങ്ങളുടെ ചിന്തകള്‍ അത്തരത്തില്‍ ക്രമപ്പെടുത്തിയ ശേഷം ഇതാണ് പുരോഗമനപരം എന്ന് വരുത്തിത്തീര്‍ക്കുകയാണ്. ഇങ്ങനെ ഉപരിതലത്തില്‍ ജീവിക്കുന്നവര്‍ക്ക് സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ വേരുകള്‍ സംബന്ധിച്ച ബോധ്യം ഉണ്ടാവണമെന്നില്ല, അതിന്റെ ആഴവും പരപ്പും ഒട്ടും അവരുടെ ചിന്താപരിധിയില്‍ കടന്നു വരികയേ ഇല്ല. പുരോഗമന നാട്യങ്ങള്‍ വേണ്ടത്ര ഉണ്ടാവുകയും ചെയ്യും.
കേരളത്തിലെ ഭൂരിപക്ഷം വരുന്ന, ഇടതു പൊതുബോധം പേറുന്ന മനുഷ്യര്‍ക്ക് ഇത് പുരോഗമനപരമെന്ന് തോന്നുന്നതിന്റെ കാരണമിതാണ്. അവര്‍ക്ക് ഇതൊരു ആഘോഷമാണ്. ഇന്ത്യയൊട്ടാകെ നടപ്പില്‍ വരുത്തുന്ന ഒരു വിധിയെക്കുറിച്ചോര്‍ക്കാതെ, വിവിധ സംസ്‌കാരങ്ങളും വിഭിന്ന സ്വഭാവമുള്ള മനുഷ്യരും പുലരുന്ന ഒരു മഹാരാജ്യത്തിന്റെ മണ്ണിനെകുറിച്ച് ഒട്ടും ആശങ്കയില്ലാതെ, ഈ നിയമത്തിന്റെ പ്രായോഗിക സാധ്യതകളെക്കുറിച്ചോ അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചോ ഒട്ടും വ്യാകുലപ്പെടാതെ കേവലം തങ്ങളുടെ പുരോഗമന ദാഹത്തെ ശമിപ്പിപ്പിക്കുന്നുവെന്ന വിചാരങ്ങളില്‍ നിന്നുയിര്‍ക്കുന്ന ആഘോഷമാണത്.
പെണ്ണെന്നാല്‍ ബോധമെത്തും മുമ്പേ വിവാഹക്കമ്പോളത്തില്‍ വിലയിട്ടുവെക്കേണ്ട വില്‍പ്പനച്ചരക്കല്ല എന്നും, അവളുടെ ഇഷ്ടത്തിനൊത്ത പഠനവും തൊഴിലും നിലനില്‍പ്പും തന്നെയാണു സാമൂഹികമായ ശരി എന്നുമുള്ള ബോധ്യത്തെയാണ് ഇവര്‍ ഇതിന് പരിചയാക്കുന്നത്. രാജ്യത്തെ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത ആസ്വദിക്കാനുള്ള അവകാശം അവള്‍ക്കുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തിന്റെ വ്യാപ്തിയും അതിന്റെ സാമൂഹികമായ വരും വരായ്കകളും 'സ്വാതന്ത്ര്യ'മെന്ന മനോഹരക്കുപ്പായത്തില്‍ മൂടുന്ന കാപട്യമാണ് ഇവിടെ സംഭവിക്കുന്നത്.
നമ്മുടെ നാട്ടില്‍ പഠിക്കാനുള്ള സാഹചര്യങ്ങളും സാമൂഹിക/സാമ്പത്തിക സ്ഥിരതയുമുണ്ടായപ്പോള്‍ പെണ്‍കുട്ടികളുടെ ജീവിതനിലവാരം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 18-ല്‍നിന്നും മാറിയുള്ള വിവാഹങ്ങള്‍ ഉണ്ടാവുന്നുമുണ്ട്.
അത് സാമൂഹികമായി നമ്മള്‍ എത്തിച്ചേരേണ്ട ഒരിടമാണ്. ഇഷ്ടമുള്ള വിവാഹപ്രായം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികളുടെ കൈയിലേക്ക് എത്തുന്ന ഒരു ഉയര്‍ന്ന തലം നാടിന്റെ സാമൂഹിക ഘടനയിലും മനോഭാവത്തിലുമാണുണ്ടാവേണ്ടത്; നിയമ പുസ്തകങ്ങളിലല്ല.
പക്ഷേ, ഇത് സംബന്ധിച്ച നിയമം മാറ്റി എഴുതുമ്പോള്‍ അത് ബാധിക്കുന്നത് നേരത്തേ പറഞ്ഞ വലിയൊരു ഭൂരിപക്ഷത്തെയാണ്. 21 വയസ്സിനു മുമ്പുള്ള വിവാഹങ്ങളുടെയെല്ലാം സാധുത റദ്ദാക്കുമ്പോള്‍, അത് നടത്തിയത് ഒരു ക്രിമിനല്‍ കുറ്റമായി കാണുമ്പോള്‍ അതൊരു ശാപമായി വീഴുന്നത് പാവപ്പെട്ട ഇന്ത്യക്കാരുടെ തലയിലാണ്. സാമൂഹിക സാഹചര്യങ്ങളെ ക്രമാനുഗതമായാണ് പരിവര്‍ത്തിപ്പിക്കേണ്ടത്, കൃത്രിമമായല്ല.
ഇന്ത്യയിലെ പെണ്‍കുട്ടികളെ സംബന്ധിച്ച് ആദ്യം പരിഹരിക്കപ്പെടേണ്ട വിഷയങ്ങള്‍ മറ്റു പലതുമാണ്. നല്ല വിദ്യാഭ്യാസം, അതിനുതകുന്ന സ്ഥാപനങ്ങളും അധ്യാപകരും, പോഷകാഹാര ലഭ്യത, മെച്ചപ്പെട്ട ജീവിത സാഹചര്യം എന്നിവയെല്ലാമാണ് അതില്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്നത്. ഇതൊന്നും ഒട്ടും തന്നെ തങ്ങളുടെ അജണ്ടകളില്‍ ഉള്‍ക്കൊള്ളിക്കാതെയാണ് ഇതുപോലുള്ള നീക്കങ്ങള്‍ എന്നതാണ് വിചിത്രം. അത് ഉറപ്പാക്കാനുതകുന്ന പദ്ധതികളാണ് ആദ്യം ഒരു ഗവണ്‍മെന്റില്‍ നിന്നുണ്ടാവേണ്ടത്.
അന്തര്‍ദേശീയം
അന്തര്‍ദേശീയ തലത്തില്‍ രൂപപ്പെട്ടുവന്ന പല കണ്‍വെന്‍ഷനുകളുടെയും ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള രാജ്യങ്ങളിലും നിയമങ്ങളില്‍ അഭിപ്രായ ഏകീകരണമുണ്ട്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള അന്താരാഷ്ട്ര ബില്ലും (UDHR), 1993-ലെ CEDAW (സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിനായുള്ള കണ്‍വെന്‍ഷന്‍) എന്നിവയിലൊക്കെ അംഗമായ ഇന്ത്യയുള്‍പ്പെടെ മിക്ക ലോക രാജ്യങ്ങളിലും 18 ആണ് പ്രായപൂര്‍ത്തി എത്തുന്ന പ്രായം. ആ പ്രായം തന്നെയാണ് പങ്കാളികള്‍ ഇരുവരുടെയും സമ്മതത്തോടെ വിവാഹ ഉടമ്പടിയില്‍ ഏര്‍പ്പെടാനുള്ള അടിസ്ഥാന പ്രായവും. നമ്മുടെ അയല്‍രാജ്യങ്ങളായ ചൈനയില്‍ നിലവില്‍ അത് 21-22 ഉം, നേപ്പാളില്‍ ഇരുവര്‍ക്കും 20-ഉം പോലെയുള്ള ചെറിയ കേസുകള്‍ മാറ്റി നിര്‍ത്തിയാല്‍ മിക്കവാറും പരിഷ്‌കൃത സമൂഹങ്ങള്‍ 18 എന്നതിനെ സ്ത്രീക്കും പുരുഷനും വിവാഹബന്ധത്തില്‍ ഏര്‍പ്പെടാവുന്ന പ്രായമായി കണക്കാക്കുന്നുണ്ട്. പുരുഷനും 18 എന്ന വസ്തുത ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ.
ഒരേ പ്രായമെന്നതാണ് യഥാര്‍ഥ ആവശ്യമെങ്കില്‍ ഇരുവര്‍ക്കും 18 എന്നത് യുക്തിസഹമായൊരു തീരുമാനമാണ്. മറിച്ചുള്ളത് പ്രായപൂര്‍ത്തിയായ മനുഷ്യരുടെ തെരഞ്ഞെടുപ്പിലേക്കുള്ള കൈകടത്തലാണ് എന്ന ചിന്തയാണ് യഥാര്‍ഥത്തില്‍ പുരോഗമന പരം.
അന്താരാഷ്ട്ര നിലവാര പട്ടികയുയര്‍ത്തി ഇവിടെയും ഇതുപോലെ തന്നെ വേണമെന്ന ന്യായമല്ല മുന്നോട്ട് വെക്കുന്നത്. പൊതുവിലുള്ള നിയമങ്ങളും ചട്ടങ്ങളും ഉള്‍ക്കൊണ്ടുതന്നെ ഓരോ രാജ്യത്തിന്റെയും സവിശേഷ സാഹചര്യങ്ങള്‍ അനുസരിച്ചായിരിക്കണം നിയമങ്ങളും പോളിസികളുമുണ്ടാക്കേണ്ടത്. അതിനു അവിടത്തെ അടിസ്ഥാന സാമൂഹിക യാഥാര്‍ഥ്യങ്ങളെ കുറിച്ച ബോധ്യമാണ് ആദ്യം വേണ്ടത്.
ഗവണ്മെന്റിനും ജനങ്ങള്‍ക്കും ഈ ബോധമുണ്ടാവുക എന്നതാണ് പ്രധാനം. ഇന്ത്യയൊട്ടാകെ നടപ്പില്‍ വരുത്താന്‍ പോകുന്ന ഒരു നിയമമാറ്റത്തെ, അത് എന്റെ പുരോഗമന നാട്യങ്ങളെ തൃപ്തിപ്പെടുത്തുന്നു എന്നതിനാല്‍ മാത്രം സ്വീകരിക്കാനാവില്ല. വിഷയത്തില്‍ നല്ലൊരു ഉള്‍ക്കാഴ്ച ആദ്യം ഉണ്ടാവേണ്ടതുണ്ട്. ഇവിടെ സോ കോള്‍ഡ് 'പുരോഗമന'ത്തിന് ഈ വായ്ത്താരിയല്ലാതെ മറ്റൊന്നും ചെയ്യാനുമില്ല.
ആദ്യം സ്ത്രീകളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടട്ടെ, അതിനുള്ള പോളിസികളുണ്ടാക്കട്ടെ എന്നതാവണം നമ്മുടെ പ്രധാന ആവശ്യം. ഇന്ത്യയിലെ പകുതിയിലധികം സ്ത്രീകള്‍ക്കുണ്ടാവുന്ന വിളര്‍ച്ച പരിഹരിക്കാന്‍ സാധിക്കണം. അമ്മമാര്‍ക്ക് പോഷകാഹാരമെത്തിക്കണം. പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളുകളില്‍ പോയി വിദ്യ അഭ്യസിക്കാനുള്ള സാഹചര്യമുണ്ടാവണം. അതിനുള്ള ഇടമുണ്ടാക്കിയിട്ടു മതി വിവാഹപ്രായത്തില്‍ കൈകടത്തുന്നത്.
Comments