Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 04

3238

1443 റജബ് 03

ലൈംഗിക വിപ്ലവം സൊറോകിനെ വീണ്ടും വായിക്കുമ്പോള്‍

എ.ആര്‍

റഷ്യയില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ വിഖ്യാത സാമൂഹിക ശാസ്ത്രജ്ഞനും ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപക പ്രഫസറുമായ അലക്സ്രാന്റോവിച്ച് സൊറോക്കിന്‍ (1889-1968) ആറ് പതിറ്റാണ്ട് മുമ്പ് എഴുതിയ ലഘുകൃതിയാണ് Sane Sex Order (പവിത്രമായ ലൈംഗിക ക്രമം). പ്രസ്തുത പുസ്തകത്തില്‍ അദ്ദേഹം ആധുനിക ലോകത്തിലെ ലൈംഗികാരാജകത്വത്തെക്കുറിച്ച് പ്രകടിപ്പിച്ച ഉത്കണ്ഠകളും ആശങ്കകളും പാശ്ചാത്യ സമൂഹങ്ങളില്‍ നേരത്തെത്തന്നെ സത്യമായി പുലര്‍ന്നപ്പോള്‍ നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ഇന്നേറ്റവും പിപത്കരവും വിനാശകരവുമായ പ്രവണതയായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു അതെന്ന് കണ്ണുള്ളവര്‍ക്കൊക്കെ കാണാനാവും. പുസ്തകത്തെ ഉപജീവിച്ചു പരേതനായ കെ.എം അബ്ദുര്‍റഹീം പ്രബോധനം പാക്ഷികത്തില്‍ (1962 ജൂലൈ 15, ആഗസ്റ്റ് ഒന്ന് ലക്കങ്ങള്‍) 'ലൈംഗിക വൃത്തിയില്‍ ഒരു മഹാ വിപ്ലവം' എന്ന തലക്കെട്ടിലെഴുതിയ പ്രൗഢമായ ലേഖനത്തില്‍നിന്നുള്ള താഴെ കൊടുക്കുന്ന ഭാഗങ്ങളാണ് ഇത്തവണ അകക്കണ്ണില്‍: 
''അതിരുകവിഞ്ഞ ഭോഗലാലസയും മാംസതൃഷ്ണകളില്‍ മദിച്ചു പുളക്കാനുള്ള ലൈംഗികാവേശവും ജീവിതത്തെ മൂടി നില്‍ക്കുന്നു. ഭ്രൂണഹത്യകളും ജാരസന്തതികളും എവിടെയും വര്‍ധിക്കുകയാണ്. ലൈംഗിക സ്വാതന്ത്ര്യമെന്ന മധുരാഭിധാനം ജീവിതത്തിന്റെ വൈരൂപ്യങ്ങളെ മറച്ചുവെക്കാന്‍ ഉപകരിക്കില്ല. ലൈംഗിക സമ്പ്രദായങ്ങളില്‍ വന്നുചേര്‍ന്ന ക്രമരാഹിത്യത്തിന്റെ ഈ തേര്‍വാഴ്ച സര്‍വവ്യാപകമായ പ്രതികരണങ്ങളാണുളവാക്കിയത്. ശരീരശാസ്ത്രപരവും മനശ്ശാസ്ത്രപരവുമായ കഴിവുകളില്‍ അത് പരിവര്‍ത്തനം വരുത്തി. ലൈംഗിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചു നിര്‍ത്തിയ മനശ്ശാസ്ത്ര വിലക്കങ്ങള്‍ തെറിച്ചുപോയതുകൊണ്ടോ, ശരീരഗ്രന്ഥികളില്‍ വിഷയാസക്തിയുടെ വര്‍ധനമൂലമുണ്ടായ മാറ്റങ്ങളാലോ ലൈംഗികതൃഷ്ണ ഉദ്വിഗ്നമാനമായിത്തീര്‍ന്നിരിക്കുകയാണ്. ലൈംഗിക വികാരങ്ങള്‍ക്കും രതിക്രീഡകള്‍ക്കും ലഭിച്ചുവരുന്ന അംഗീകാരം പല കാലങ്ങളായി നിലനിന്നുവന്ന ധാര്‍മിക നിയന്ത്രണങ്ങളെ പ്രക്ഷീണങ്ങളാക്കിയിരിക്കുന്നു.
ആദര്‍ശാത്മകമായ സംസ്‌കാരത്തിന്റെ സ്ഥാനത്ത് സുഖേഛാപരമായ സംസ്‌കാരം വളര്‍ന്നുവരുന്നു. സംസ്‌കാരത്തിന്റെ രൂപഭാവങ്ങളെ പരിവര്‍ത്തിപ്പിക്കുന്നതില്‍ ലൈംഗിക മനോഭാവത്തില്‍ വന്ന മാറ്റം ഗണനീയമായ സ്വാധീനമാണ് ചെലുത്തുന്നത്. ഏത് മാര്‍ഗത്തിലൂടെയായാലും ലൈംഗികാഭിലാഷങ്ങള്‍ സംതൃപ്തമാക്കുന്നത് മനുഷ്യന്റെ മാനസികവും ശാരീരികവും ആയ ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് ശാസ്ത്രത്തിന്റെ പേരില്‍ പ്രഖ്യാപിക്കപ്പെടുന്നു. നൈരാശ്യത്തിനും അനാരോഗ്യങ്ങള്‍ക്കും കുറ്റവാസനക്കും പ്രധാന കാരണം ലൈംഗികവിഷയത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങളാണെന്നത്, വിദഗ്ധന്മാരുടെ അഭിപ്രായമാണ്. ചാരിത്ര്യശുദ്ധി പഴഞ്ചന്മാരുടെ കാപട്യമായി അപഹസിക്കപ്പെടുന്നു. മാതൃസ്‌നേഹത്തിനും പിതൃവാത്സല്യത്തിനും പിഞ്ചുപൈതങ്ങളുടെ അകളങ്കമായ സ്‌നേഹവായ്പിനു പോലും ലൈംഗികമായ വ്യാഖ്യാനങ്ങളുണ്ട്. നമ്മുടെ സമൂഹത്തിലെ സ്ഥാപനങ്ങളെയും സമകാലികരുടെ വ്യക്തിത്വങ്ങളെയും ഐന്ദ്രിയഭോഗേഛ അത്യഗാധമായി സ്വാധീനിച്ചിരിക്കുന്നു.
രണ്ട് ശതസംവത്സരങ്ങളായി, മനുഷ്യന്റെ സാംസ്‌കാരിക മേഖലകളെ ലൈംഗികവൃത്തി ആക്രമിച്ചു തുടങ്ങിയിട്ട്. പരസ്പര സ്‌നേഹം നഷ്ടപ്പെട്ട ഭാര്യാ ഭര്‍ത്താക്കളുടെ തകര്‍ന്ന കുടുംബങ്ങള്‍, പരിത്യക്തരായ സന്തതികളുടെ വീര്‍പ്പുമുട്ടുന്ന ജീവിതാന്തരീക്ഷം, വേശ്യകളുടെ രതിരഹസ്യങ്ങള്‍, കൗമാരപ്രായം പിന്നിട്ടിട്ടില്ലാത്തവര്‍ ലൈംഗിക വൈകൃതങ്ങളിലേക്ക് വഴുതിവീഴുന്ന ദൃഷ്ടാന്തങ്ങള്‍... ജീവിതത്തിലെ ഇത്തരം ദാരുണദൃശ്യങ്ങള്‍ വരഞ്ഞു വെക്കാനുള്ള ഒരു പ്രവണത ആധുനിക പാശ്ചാത്യ സാഹിത്യത്തില്‍ പ്രകടമായിക്കാണാം. പ്രേമാനുഭവങ്ങളുടെ ചിത്രീകരണത്തിലും അതിപ്രധാനമായ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്. പവിത്രവും അഭിജാതവുമായ പ്രേമത്തെ ശോകത്തിന്റെ നേര്‍ത്ത വര്‍ണങ്ങളില്‍ മനോഹരമായി ചിത്രണം ചെയ്യുന്നത് ഒരു പഴയ കഥയാണ്. ആഭാസമയങ്ങളായ രതിവൈകൃതങ്ങളും ലൈംഗിക സാഹസികതകളും നിറഞ്ഞവയാണ്, സാഹിത്യത്തിലെ ഇന്നത്തെ പ്രേമങ്ങള്‍. അനുഭവങ്ങളുടെ സാധാരണ സീമകളെ അതിവര്‍ത്തിക്കുന്ന പ്രേമരംഗങ്ങള്‍, അശ്ലീലമായി വരഞ്ഞുവെക്കണമെന്ന് പുതിയ എഴുത്തുകാര്‍ക്ക് നിര്‍ബന്ധമുണ്ട്. മനുഷ്യന്റെ ലോലവികാരങ്ങളെ വ്യവസായ മനസ്ഥിതിയോടെ ചൂഷണം ചെയ്യാനുള്ള ഈ നാഗരികതയുടെ പരിശ്രമങ്ങള്‍ പ്ലാറ്റോവിന്റെയും അരിസ്‌റ്റോട്ടിലിന്റെയും വാക്കുകളില്‍, മനുഷ്യനെ 'വന്യമൃഗങ്ങളിലെ നീചതരമായ ജന്തു'വാക്കി മാറ്റിയിരിക്കുന്നു.
പ്രതിമാ നിര്‍മാണത്തിലും ചിത്രകലയിലും ലൈംഗിക സ്വാധീനം വര്‍ധിച്ച തോതില്‍ പ്രത്യക്ഷമായത്, വ്യക്തമായ സ്ഥിതിവിവരങ്ങള്‍ കൊണ്ട് സൊറോക്കിന്‍ സമര്‍ഥിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തില്‍പരം ചിത്രങ്ങളും പ്രതിമാ മാതൃകകളും ശേഖരിച്ച് അവയിലെ അശ്ലീലാംശത്തെ പരിശോധിച്ചു നോക്കുമ്പോള്‍, ചിത്രകലയിലും പ്രതിമാ നിര്‍മാണത്തിലും ലൈംഗികൗത്സക്യം അഞ്ചു ശതാബ്ദങ്ങളായി ക്രമത്തില്‍ വര്‍ധിച്ചുവന്നതായി കാണുന്നു. പ്രാചീന സംസ്‌കാരങ്ങളുടെ ക്ഷയോന്മുഖമായ കാലഘട്ടങ്ങളിലാണ് ഈ പ്രവണത ദൃശ്യമായിരുന്നത്. ഗ്രീക്ക്-റോമ സംസ്‌കാരങ്ങളില്‍ കലാരംഗത്ത് നഗ്നതയും രതിക്രിയാപരങ്ങളായ ആഭാസങ്ങളും പ്രത്യക്ഷമായത്, അവ തളര്‍ന്നു നശിക്കാന്‍ തുടങ്ങിയപ്പോഴാണ്. നാഗരികതകള്‍ തകരാനടുത്ത അവസരങ്ങളിലാണ്, ചിത്രകലയില്‍ സ്ത്രീയുടെ മുഖസൗന്ദര്യവും അംഗലാവണ്യവും പ്രാമുഖ്യം കരസ്ഥമാക്കിയത്. ചുറ്റുപാടുകള്‍ വിലയിരുത്തി, പാശ്ചാത്യ ലോകത്തെ ഗൗരവബുദ്ധികള്‍ ചോദിക്കുകയാണ്: ആധുനിക ഭൗതിക സംസ്‌കാരം നാശമടയുകയായോ?
കീര്‍ത്തനങ്ങളുടെയും ഭക്തിപരങ്ങളായ സ്‌തോത്രങ്ങളുടെയും സുന്ദരവാഹിനിയായി, ഒരുകാലത്ത് സംഗീതം ജീവിതത്തെ ആലാപമധുരമാക്കിയിരുന്നു. മതഭാവനകളെ പുളകമണിയിച്ച ആ ഗാനങ്ങളുടെ നാദപ്രവാഹം നേര്‍ത്തു നേര്‍ത്തുവരുന്നു. അപവിത്രങ്ങളായ ലൈംഗിക വികാരങ്ങളുടെ ആലാപ വിലാപങ്ങള്‍ അന്തരീക്ഷത്തെ മുഖരിതമാക്കിക്കൊണ്ടിരിക്കുകയാണ്. 16-ാം നൂറ്റാണ്ടില്‍ സംഗീത സാഹിത്യത്തിന്റെ 47 ശതമാനത്തില്‍ മാത്രമായിരുന്നു ഭോഗലാലസയുടെ ദുര്‍ബല വികാരങ്ങള്‍ പ്രതിഫലിച്ചു കണ്ടത്. ഇന്ന് ആ അനുപാതം 95 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. സംഗീതത്തിലെ ഈ പുതിയ പ്രവണത റേഡിയോവിലൂടെ ലോകത്തെല്ലാടവും മുഴങ്ങിക്കേള്‍ക്കാം.
ചലച്ചിത്ര മേഖലയെ ലൈംഗികവൃത്തി എത്രകണ്ട് സ്വാധീനിച്ചുവെന്ന് ആദ്യമായി പരിശോധിച്ചത് 1930-ലാണെന്ന് തോന്നുന്നു. അന്ന് വ്യക്തമാവുകയുണ്ടായി, ചലച്ചിത്രങ്ങളിലെ പ്രതിപാദ്യങ്ങളില്‍ 45 ശതമാനം ലൈംഗിക വിഷയങ്ങളെ സംബന്ധിച്ചവയാണെന്ന്. ലൈംഗിക ജീവിതവുമായി ബന്ധമുള്ള കുറ്റകൃത്യങ്ങളെ പരാമര്‍ശിക്കുന്നവയായിരുന്നു 28 ശതമാനം സിനിമകള്‍. ആഭിജാത്യപൂര്‍ണമായ സ്‌നേഹത്തെ കലാവിദഗ്ധമായി ചിത്രീകരിച്ച അപൂര്‍വം സിനിമകള്‍ മാറ്റിനിര്‍ത്തിയാല്‍ ചലന ചിത്രങ്ങളത്രയും തരളിതമായ മനുഷ്യത്വത്തിന്റെ ചാപല്യങ്ങള്‍ നഗ്നമായി പകര്‍ത്തി വെക്കുകയാണ് ചെയ്തത്....
.... പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ലൈംഗികവൃത്തിയിലെ പുത്തന്‍ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നു. ഭാവനാമയങ്ങളും ഭാവനയെ ക്ഷോഭിപ്പിക്കുന്നതുമായ മൈഥുനകഥകള്‍ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ വഴി വിപുലമായി പ്രചരിക്കുന്നുണ്ട്. ഫ്രോയ്ഡിയന്‍ ചിന്തയെ ശാസ്ത്രത്തിന്റെ ഭാവരൂപങ്ങളണിയിക്കുന്ന ലേഖനങ്ങള്‍ മിക്ക മാസികകളും പ്രസിദ്ധീകരിക്കാറുണ്ട്. ലൈംഗികമായി സ്വേഛാവൃത്തി സ്വീകരിച്ച ഹെന്റി എട്ടാമനെപ്പോലുള്ള വ്യക്തികളെക്കുറിച്ച് പ്രകീര്‍ത്തനപരങ്ങളായ പ്രബന്ധങ്ങള്‍ വെളിക്ക് വരുന്നു. സന്താന നിയന്ത്രണം, വന്ധീകരണം, ഗര്‍ഭനിരോധനത്തിന്റെ വിവിധ മാര്‍ഗങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച്, ആകര്‍ഷണീയമായ ആലേഖ്യങ്ങള്‍... ഏതൊരു സാധാരണ വായനക്കാരന്റെയും കൈകളില്‍ എത്തിച്ചേരുന്നു.
പരസ്യങ്ങളില്‍ 'സെക്‌സ്അപ്പീല്‍' അനുപേക്ഷണീയ ഘടകമാണ്. സ്‌നാനവസ്ത്രവുമണിഞ്ഞ് ചുമരുകളുടെ ഉയരത്തില്‍ നില്‍ക്കുന്ന സുന്ദരികളുടെ ചിത്രങ്ങള്‍ സൗന്ദര്യ സംവര്‍ധക വസ്തുക്കള്‍ മാത്രമല്ല, കാറും വിമാനവും ആഹാരപദാര്‍ഥങ്ങളും എല്ലാമെല്ലാം വാങ്ങാന്‍ ശിപാര്‍ശ  ചെയ്യുന്നുണ്ട്. പത്രങ്ങളും മറ്റു പ്രസിദ്ധീകണങ്ങളും മറിച്ചു നോക്കുക. പരസ്യങ്ങളുടെ വികാരോദ്ദീപകത്വം വളരെ പ്രത്യക്ഷമാണ്. അമ്പത് കൊല്ലങ്ങള്‍ക്ക് മുമ്പ് ഇത്തരം പരസ്യങ്ങള്‍ ബഹുജനവികാരങ്ങളെ ശക്തിയായി ക്ഷോഭിപ്പിക്കുേമായിരുന്നു.
കലകളെ മാത്രമല്ല നമ്മുടെ ശാസ്ത്രങ്ങളെയും ലൈംഗികവൃത്തി കടന്നാക്രമിച്ചിരിക്കുന്നു. മനശ്ശാസ്ത്രത്തിലും സമുദായ ശാസ്ത്രത്തിലും ഈ പ്രവണത വളരെ പ്രകടമാണ്. ലൈംഗിക സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ച് അവയുടെ അടിസ്ഥാനത്തില്‍ സമൂഹത്തിനും സംസ്‌കാരങ്ങള്‍ക്കും ചരിത്രത്തിനും വ്യാഖ്യാനങ്ങള്‍ നല്‍കുന്നു. വിദ്യാഭ്യാസം, വ്യാപാരം ആദിയായ പ്രായോഗിക മേഖലകളെയും ഇത്തരം സിദ്ധാന്തങ്ങള്‍ വലിയ അളവില്‍ സ്വാധീനിച്ചുകഴിഞ്ഞു.
..... ലൈംഗിക ഊര്‍ജം കൊണ്ട് ചലിക്കുന്ന ഒരു യന്ത്രമായി മനുഷ്യനെ പരിഗണിക്കുന്ന ഫ്രോയിഡിന്റെ വീക്ഷണമാണ്, വിദ്യാഭ്യാസ വിചാരത്തെയും സമുദായ ശാസ്ത്രത്തെയും മനോവിജ്ഞാനത്തെയും ആകൃതിപ്പെടുത്തിയിരിക്കുന്നത്. മാനസിക ചികിത്സക്ക് ഫ്രോയ്ഡിയന്‍ സമ്പ്രദായം അംഗീകരിച്ചിരിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി ജീവിതത്തിന്റെ നാനാ രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞ ക്രമശൈഥില്യത്തിന്റെ ശോചനീയത സൊറോക്കിന്‍ വിശദമായി വരച്ചുവെച്ചിട്ടുണ്ട്.
'പരമാവധി ആനന്ദ'ത്തെ അത്യുന്നത മൂല്യമായി സങ്കല്‍പിക്കുന്ന പുതിയ സദാചാരം ചാരിത്ര്യ സംശുദ്ധിയിലും പാതിവ്രത്യത്തിലും യുക്തിരാഹിത്യം ദര്‍ശിക്കുകയാണ്. ആന്ദക്ഷമമായ ലൈംഗിക സുഖം ലഭിക്കുന്നത് വേശ്യയില്‍നിന്നായാലും, ധാര്‍മികമായി ശരിയാണെന്നതാണ് ഭൗതിക കാലഘട്ടത്തിന്റെ അന്ധവിശ്വാസം. സ്ഥിതിവിവരക്കണക്കുകളുടെ ആധികാരിക പിന്‍ബലത്തോടും ശാസ്ത്രീയ പ്രതിപാദനത്തിന്റെ ശബ്ദാരവത്തോടും കൂടെ ഈ പുതിയ സദാചാരം പ്രചരിച്ചുവരുന്നു. കന്യകയായിരിക്കുമ്പോഴുള്ള വൈഷയീകതയെയും, സഭര്‍തൃകയിരിക്കുന്ന അവസരത്തിലെ പരപുരുഷ വേഴ്ചയെയും ഗുരുതരമായ കുറ്റകൃത്യങ്ങളായി സമുദായം ഇന്ന് ഗണിക്കുന്നില്ല. വിഷയലമ്പടന്മാരുടെ സാഹസികതകളോട് പുതിയ സൊസൈറ്റിക്കുള്ള മനോഭാവം, അപദാനപരമായ ആദരവിന്റേതാണ്. ലൈംഗികവൃത്തിയിലെ അനാരോഗ്യകരമായ പ്രവണതയെ വ്യക്തമാക്കുന്ന മറ്റൊരു ധാര്‍മിക പ്രമാദമാണ് സ്വവര്‍ഗമൈഥുനം. പുതിയ സദാചാരത്തെ വിമര്‍ശിക്കുന്ന ഗ്രന്ഥങ്ങളും ലേഖനങ്ങളും പഴഞ്ചനും അശാസ്ത്രീയവുമെന്ന് അധിക്ഷേപിക്കപ്പെടുകയാണ്. പണ്ട് ധര്‍മക്ഷയമെന്നപലപിക്കപ്പെട്ട കൃത്യങ്ങള്‍ നവമായ സ്വാതന്ത്ര്യമെന്നും സദാചാരാഭ്യുന്നതിയെന്നും വാഴ്ത്തപ്പെടുന്നേടത്തോളം ഈ വിപ്ലവം സമൂഹത്തെ സ്വാധീനിച്ചിരിക്കുന്നു.
മതാവലംബികളെത്തന്നെ ഭോഗലാലസയുടെ ഈ മതം കീഴ്‌പ്പെടുത്തിയിരിക്കുകയാണ്. ഞായറാഴ്ചകളില്‍ കനീസകളില്‍ വെച്ച് ക്രിസ്ത്യാനികളുടെ അധരചലനങ്ങള്‍ നമ്മെ ഗിരിപ്രഭാഷണം കേള്‍പ്പിക്കും. 'സ്ത്രീയെ മോഹിക്കേണ്ടതിനു അവളെ നോക്കുന്നവരെല്ലാം ഹൃദയം കൊണ്ട് അവളോട് വ്യഭിചാരം ചെയ്തുപോയി', പത്തു കല്‍പനകള്‍ ആവര്‍ത്തിച്ച്അവര്‍ പ്രഖ്യാപിക്കും: 'വ്യഭിചാരം ചെയ്യരുത്, നിന്റെ കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുത്.' എന്നാല്‍ വാരാന്തങ്ങളില്‍ അവര്‍ പുതിയ സംസ്‌കാരത്തിന്റെ 'കല്‍പനകളും' 'പ്രഭാഷണങ്ങളും' ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുക. 'സുരയും സുന്ദരിയും, ഗാനവാഹിനിയും'; 'തിന്നുക, കുടിക്കുക, ഉല്ലസിക്കുക, നാളെ നാം മരിക്കുകയായി' - ഭൗതിക നാഗരികതയുടെ പ്രമാണ വാക്യങ്ങള്‍ ഇതെല്ലാമാണ്. മത തത്ത്വവീക്ഷണത്തെ ഫ്രോയിഡിയന്‍ ചിന്താരീതിക്കൊത്ത് വ്യാഖ്യാനിക്കുന്ന ഒട്ടധികം കൃതികള്‍ അടുത്തകാലത്തായി ക്രൈസ്തവ പുരോഹിതന്മാരും യഹൂദ ആചാര്യന്മാരും രചിക്കുകയുണ്ടായി. ഇതിന്റെ ഫലമായി ഫ്രോയിഡിയന്‍ ചിന്തയുടെ അതിപ്രസരത്തിനു വിധേയമായ പുത്തന്‍ 'മതധര്‍മ'ങ്ങളാണ് ജനങ്ങള്‍ അഭ്യസിച്ചുവരുന്നത്.
..... സൗന്ദര്യ മത്സരങ്ങളും മാദകത്വം തിങ്ങിനില്‍ക്കുന്ന വിവിധ തരം ഉത്സവങ്ങളും, എക്‌സിബിഷനുകളും എല്ലാ ദേശങ്ങളിലും പെരുകുകയാണ്. ഉദ്യോഗലബ്ധിക്കും ചിലപ്പോള്‍ ഔദ്യോഗിക ജീവിതത്തിലെ ഉയര്‍ച്ചക്കും മാംസള സൗന്ദര്യം ഒരു യോഗ്യതയായിത്തീര്‍ന്നിരിക്കുന്നു. വസ്ത്രധാരണത്തിന്റെ പരിഷ്‌കൃത ശൈലികള്‍ ശരീരത്തിന്റെ മാംസളഭാഗങ്ങളെ അധികമധികം അനാവരണം ചെയ്യുന്നു. വസ്ത്രത്തിന്റെ ലോലനൈര്‍മല്യം അവയവങ്ങളെ കൂടുതല്‍ ആകര്‍ഷണീയതയോടെ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നത്. ടെലിവിഷന്‍, നാടകം, ചലച്ചിത്രം, റേഡിയോ, സംഗീത സദസ്സുകള്‍ ഇവയില്‍നിന്നെല്ലാം വായുവില്‍ അലിഞ്ഞു ചേരുന്ന ശബ്ദധാരയുടെ ഗണ്യമായ ഭാഗം, മനുഷ്യന്റെ ലോല വികാരങ്ങളില്‍ മുഴക്കമുണ്ടാക്കുന്ന തരത്തിലുള്ളതാണ്. എന്തിനേറെ ഉല്ലാസാവസരങ്ങളിലെ ഫലിതഭാഷണങ്ങള്‍ പോലും ലൈംഗിക വൃത്തിയെ കേന്ദ്രീകരിച്ചു നില്‍ക്കുന്നു.
......  കോംടെയുടെയും സ്‌പെങ്ഗ്ലറുടെയും സമശീര്‍ഷനെന്നു പ്രഖ്യാതനായ പ്രഫസര്‍ സൊറോക്കിന്റെ നിരീക്ഷണൗത്സുക്യത്തിനും അപഗ്രഥനപാടവത്തിനും ഉത്തമ ദൃഷ്ടാന്തങ്ങള്‍ ഗ്രന്ഥത്തില്‍ ധാരാളമുണ്ട്. നിര്‍ബാധമായും നിയന്ത്രണമുക്തമായും ലൈംഗിക ജീവിതത്തിനു അവസരവും അനുവാദവും നല്‍കുന്നതാണ് ആരോഗ്യദായകമായ ഒരു സമുദായത്തിന്റെ ലക്ഷണമെന്ന ശാസ്ത്ര പണ്ഡിതന്മാരുടെ വാദം ദുര്‍ബലമാണെന്ന് സൊറോക്കിന്‍ അനിഷേധ്യമാം വിധം തെളിയിച്ചിരിക്കുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ലൈംഗിക ജീവിതത്തിലെ സ്വേഛാവൃത്തിയാണ് പ്രോത്സാഹകമെന്ന് പുതിയ ശാസ്ത്രത്തിന്റെ ദന്തഗോപുരത്തിലിരുന്നു വാദിക്കുന്നവരോട് അനുഭവസത്യങ്ങളുടെ സമതലങ്ങളിലേക്കിറങ്ങിവരാന്‍ ഗ്രന്ഥകര്‍ത്താവ് ദൃഢസ്വരത്തില്‍ ആവശ്യപ്പെടുന്നു. അനുഭവങ്ങളുമായി പൊരുത്തപ്പെടാത്ത ശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് നിലനില്‍ക്കാനര്‍ഹതയില്ല.
റോമാ ചക്രവര്‍ത്തിമാര്‍, ബൈസാന്റിയന്‍ സാമ്രാട്ടുകള്‍, തുര്‍ക്കി സുല്‍ത്താന്മാര്‍, സാര്‍ ചക്രവര്‍ത്തിമാര്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഓസ്ട്രിയ, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക് എന്നീ രാഷ്ട്രങ്ങളിലെ മഹാ രാജാക്കന്മാര്‍... ജീവിതം സുഖോല്ലാസങ്ങള്‍ക്ക് അവസരം നല്‍കിയ ഭാഗ്യശാലികളായിരുന്നു അവര്‍. ആരോഗ്യസംരക്ഷണത്തിനനുകൂലമായ സര്‍വവിധ സുഖസൗകര്യങ്ങളുടെയും നടുവില്‍ അവര്‍  ജനിച്ചു, ജീവിച്ചു, മരിച്ചു. മുകളില്‍ ചേര്‍ത്ത രാജവംശങ്ങളിലെ, 332 സൗഭാഗ്യവാന്മാരുടെ ജീവിതരേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായ പരമാര്‍ഥം നമ്മുടെ കാലഘട്ടം ചെവി താഴ്ത്തി കേള്‍ക്കേണ്ടതാണ്. ശാരീരികമായ ദൗര്‍ബല്യത്തിനും അകാലവാര്‍ധക്യത്തിനും വിധേയരായി, അവരില്‍ ബഹുഭൂരിഭാഗവും വര്‍ണശബളമായ ജീവിതത്തിന്റെ ചിത്രവേദിയില്‍നിന്നും ചെറു പ്രായത്തില്‍തന്നെ തിരോധാനം ചെയ്തു. ലൈംഗികമായ നിയന്ത്രണരാഹിത്യം ശാരീരികവും മാനസികവും ആയ ആരോഗ്യത്തിനു കാരണമാകുമെന്ന് വാദിക്കുന്നവര്‍ മാംസതൃഷ്ണകളുടെ ഇഷ്ടദാസ്യത്തിനു ജീവിതമര്‍പ്പിച്ച ആ തമ്പുരാക്കന്മാരുടെ ജീവിതാധ്യായങ്ങള്‍ ഒരാവര്‍ത്തി പാരായണം ചെയ്യേണ്ടതാണ്.
മറുവശത്ത്, ജനസഹസ്രങ്ങളുടെ സംസ്‌കരണത്തിനും സമുദായത്തിന്റെ ധാര്‍മികമായ ഉല്‍ക്കര്‍ഷത്തിനും വിയര്‍പ്പും രക്തവുമൊഴുക്കി പടപൊരുതിയ പുണ്യാത്മാക്കളുടെ ജീവിതേതിഹാസങ്ങള്‍ നിവര്‍ത്തിവെച്ച് വായിക്കുക. ദാരുണമായ അനുഭവങ്ങള്‍ക്കോ ശോകശോണിതമായ പീഡനങ്ങള്‍ക്കോ ആ തേജസ്വികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സ്പര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. 3090 പുണ്യവാളന്മാരുടെ ജീവിതത്തെ സംബന്ധിച്ച വസ്തുതകള്‍ ക്രോഡീകരിച്ചുകൊണ്ട് സൊറോക്കിന്‍ ലൈംഗിക ജീവിതത്തിന്റെ നിയന്ത്രണമാണ്, നിയന്ത്രണരാഹിത്യമല്ല ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനു പ്രോത്സാഹകമെന്ന് സമര്‍ഥിച്ചിരിക്കുന്നു.''
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 28-31
ടി.കെ ഉബൈദ്‌

ഹദീസ്‌

വഴിതെറ്റിക്കുന്ന ദേഹേഛകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ഹദീസ്‌

വഴിതെറ്റിക്കുന്ന ദേഹേഛകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌