Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 17

3231

1443 ജമാദുല്‍ അവ്വല്‍ 12

ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച ഭാഷ

സബാഹ് ആലുവ

ഡിസംബര്‍ 18 ലോക അറബി ഭാഷാദിനം

കേവല ആശയകൈമാറ്റത്തിനപ്പുറം ഓരോ ഭാഷയുടെയും പരിണാമവും വികാസവും മനുഷ്യന്‍ ഇടപെടുന്ന മേഖലകളുമായും കണ്ടുപിടിത്തങ്ങളുമായും ബന്ധപ്പെട്ടു നില്‍ക്കുന്നു. അറിവിന്റെ കൈമാറ്റമായിരുന്നു ആദ്യകാലങ്ങളില്‍ ഭാഷയുടെ വലിയ നേട്ടമായി വിലയിരുത്തപ്പെട്ടതെങ്കില്‍, പിന്നീട് ഭാഷ ലോകത്തെ തന്നെ നിയന്ത്രിക്കുന്നവരുടെ കൈയിലെ സുപ്രധാന ആയുധമായി മാറി. ഇവിടെയാണ് അറബി ഭാഷയുടെ ഇടപെടലുകള്‍ പ്രസക്തമാകുന്നത്. അറബി ഭാഷയുടെ വികാസവും മറ്റെല്ലാ ഭാഷകളെയും പോലെ തന്നെ കൊടുക്കല്‍ വാങ്ങലുകളിലൂടെയായിരുന്നു. ഇസ്‌ലാം എത്തിപ്പെട്ട പ്രദേശങ്ങളിലൊക്കെ സാംസ്‌കാരിക ഔന്നത്യത്തിന്റെ മുദ്രയായി അറബി ഭാഷ മനസ്സിലാക്കപ്പെട്ടു. ചുരുങ്ങിയ വാക്കുകളില്‍ വലിയ ആശയങ്ങള്‍ വിശദീകരിച്ച് അറബി ഭാഷ ലോകത്തെ വിസ്മയിപ്പിച്ചു. ഇസ്‌ലാമിന്റെ സുവര്‍ണ കാലം അറബി ഭാഷയെ മറ്റൊരു തലത്തില്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു.
ഭാഷാ പ്രാവീണ്യം കേവലം അലങ്കാരത്തിനപ്പുറം അറിവന്വേഷണത്തിന്റെ പുതിയ തലങ്ങളിലേക്ക് വികസിപ്പിക്കാന്‍ മുന്‍ഗാമികളായ മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് കഴിഞ്ഞിരുന്നു.  ഭാഷാപ്രയോഗങ്ങളില്‍ അഭിരമിക്കാതെ ശാസ്ത്ര ഗവേഷണ രംഗത്തെ കണ്ടെത്തലുകളെ വിനിമയം ചെയ്യുന്ന സുപ്രധാന ടൂളുകളിലൊന്നായി അവര്‍ അറബി ഭാഷയെ ഉപയോഗിച്ചു. അറബി ഭാഷയില്‍ പ്രാവീണ്യമുള്ള മുസ്‌ലിം പണ്ഡിതര്‍ അക്കാലത്തെ പ്രധാന ഭാഷകളായ  ലാറ്റിനും ഗ്രീക്കും ചൈനീസും പഠിച്ച് ശാസ്ത്ര വിജ്ഞാനീയങ്ങളില്‍ അഗ്രഗണ്യരായി. അങ്ങനെ 8 മുതല്‍ 14 നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തില്‍ ലോകത്തെ വിജ്ഞാനത്തിന്റെ കുത്തക മുസ്‌ലിംകളുടെ കൈകളിലേക്ക് വന്നുചേര്‍ന്നു. സ്‌പെയിനിലെയും ബഗ്ദാദിലെയും മതപാഠശാലകളില്‍ വൈദ്യവും ശാസ്ത്ര വിഷയങ്ങളും പ്രധാന വിഷയങ്ങളായി മാറി. കൈറോ, അലപ്പോ, ഇറാന്‍, മധ്യേഷ്യ എന്നിവിടങ്ങളില്‍ വലിയ ലൈബ്രറി സംവിധാനങ്ങള്‍ ഉയര്‍ന്നുവന്നു. വിജ്ഞാനത്തിന്റെ ലബോറട്ടറികളും ഫത്‌വ രൂപീകരണങ്ങളെ ആഴത്തില്‍ സ്വാധീനിച്ചു. ശാസ്ത്രബോധത്തെ കാലോചിതമായി നിര്‍വചിക്കാന്‍ അന്നത്തെ മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് കഴിഞ്ഞതാണ് ഇസ്‌ലാമിക നാഗരികതയുടെ ഉയര്‍ച്ചക്ക് നിദാനമായി വര്‍ത്തിച്ചത്.
അന്നും ഇന്നും എന്നും ശാസ്ത്രത്തിന്റെ ഉടമസ്ഥാവകാശം കൈയാളുന്നവര്‍ തന്നെയാണ് ലോകത്തെ നിയന്ത്രിച്ചിട്ടുള്ളത്. ലോകം നേരിട്ട വ്യത്യസ്ത പ്രതിസന്ധി ഘട്ടങ്ങളില്‍ ശാസ്ത്രീയ കണ്ടെത്തലുകളിലൂടെ കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞിരുന്നു.  അല്‍ ഖവാരിസ്മി (780-850) അല്‍ കിന്ദി (801-873), അല്‍ ഫാറാബി (872-951) തുടങ്ങിയവരുടെ  ഗ്രന്ഥങ്ങള്‍ എഴുതപ്പെടുന്നത് അറബിയിലാണ്. മാത്രമല്ല, ശാസ്ത്രം ഇന്നുപയോഗിക്കുന്ന പല പദങ്ങളും അറബി ഭാഷയില്‍ ജന്മംകൊണ്ടവയാണ്. Chemistry, Alcohol, Alkali, Amber, Zircone, Algebra, Cipher, Zero എന്നിവ ഉദാഹരണങ്ങള്‍. എന്നാല്‍ ഇംഗ്ലീഷ് ശാസ്ത്ര ഭാഷയായി വാഴ്ത്തപ്പെട്ടതോടെ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ പോലും അറബി ഭാഷക്ക് മുകളില്‍ ഇംഗ്ലീഷ് പിടിമുറുക്കുകയാണ്.  ഈജിപ്ത്, സുഊദി അറേബ്യ എന്നിവിടങ്ങളിലെ യൂനിവേഴ്‌സിറ്റികളില്‍ പോലും അറബി ഭാഷയില്‍ എഴുതപ്പെട്ട വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ പഠിപ്പിക്കപ്പെടുന്നത് ഇംഗ്ലീഷില്‍ തന്നെയാണ്. അതിന് വിപരീതമായി നടക്കുന്ന ചില അനക്കങ്ങള്‍ ആശാവഹമാണ്. സിറിയന്‍ യൂനിവേഴ്‌സിറ്റികളില്‍ മെഡിസിന്‍ രംഗത്ത് അഡ്മിഷന്‍ ലഭിക്കുന്നതിന് അറബി ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാണെന്നതും, ഇന്ത്യയില്‍ യൂനാനി പഠനം കൊണ്ട് ശ്രദ്ധേയമായ പല യൂനിവേഴ്‌സിറ്റികളിലും അറബി ഭാഷ അടിസ്ഥാന യോഗ്യതയാണെന്നതും എടുത്തുപറയേണ്ടതാണ്. 
ഇന്ന് ഏതൊരു ഭാഷയെയും പോലെ തന്നെ അറബി ഭാഷാ പഠനവും  ജോലിസാധ്യതകളെ മുന്‍നിര്‍ത്തിയാണെന്നത് മേന്മയായി പറയാമെങ്കിലും, ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച ഒരു ഭാഷയുടെ വിശാലമായ ഭൂമിക കൃത്യമായി വായിച്ചെടുക്കാന്‍ ഭാഷാപണ്ഡിതന്മാര്‍ക്ക് സാധ്യമാവുക എന്നതാണ് ഏറ്റവും പ്രധാനം. ഭാഷാ പരിജ്ഞാനത്തോടൊപ്പം ഓരോ വിദ്യാര്‍ഥിയിലും വളര്‍ത്തിയെടുക്കേണ്ട ഗുണമാണ് നൂതന വൈജ്ഞാനിക സ്രോതസ്സുകളെ കണ്ടെത്താനുള്ള ജിജ്ഞാസ. ഭാഷാ പരിജ്ഞാനമെന്നാല്‍ ഭാഷയുടെ മാത്രം സാധ്യതകളെക്കുറിച്ച അറിവന്വേഷണമല്ല, ലോകത്തെ തന്നെ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തില്‍ ഉയര്‍ന്ന തലങ്ങളിലേക്ക് ഭാഷാ പഠനത്തെ ഉയര്‍ത്തുന്ന പ്രക്രിയയാണ്.
ശാസ്ത്രബോധത്തെയും ഭാഷാപരിജ്ഞാനത്തെയും ബന്ധപ്പെടുത്തിയുള്ള പഠനാന്തരീക്ഷമാണ് പാഠ്യപദ്ധതികളുടെ ഭാഗമാകേണ്ടത്. അതിന് കൃത്യമായ അജണ്ടയും പ്ലാനിംഗും ഉണ്ടാകേണ്ടതുണ്ട്. പുതിയ കാലത്ത് ഗവേഷണങ്ങള്‍ നടക്കേണ്ടതും ശാസ്ത്രബോധമുള്ള ഇസ്‌ലാമിക പണ്ഡിതന്മാരെ വാര്‍ത്തെടുക്കേണ്ട പാഠ്യപദ്ധതികള്‍ വിഭാവനം ചെയ്യപ്പെടേണ്ടതും ഇസ്‌ലാമിക കലാലയങ്ങളില്‍നിന്നു തന്നെയാണ്.
അറബി ഭാഷക്ക് പുറമെ ലാറ്റിനും ഗ്രീക്കും ചൈനീസും പഠിച്ച് ശാസ്ത്രവിപ്ലവം നടത്തിയവരുടെ തലമുറയില്‍നിന്ന് ഇനി വേണ്ടത് സ്വീഡിഷ് അക്കാദമിയും നോബല്‍ പ്രൈസും സ്വപ്‌നം കാണുന്ന, ചൈനീസും ഫ്രഞ്ചും സ്പാനിഷും ജര്‍മനും അറിയുന്ന  ശാസ്ത്രജ്ഞന്മാരാണ്. എങ്കിലേ കൊട്ടിഘോഷിക്കപ്പെടുന്ന 'ഇസ്‌ലാമിന്റെ സുവര്‍ണ കാല'ത്തെ നമുക്ക് തിരിച്ചെടുക്കാനാവുകയുള്ളൂ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 1-3
ടി.കെ ഉബൈദ്‌

ഹദീസ്‌

ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌
വഖ്ഫിന്റെ മഹത്വം