Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 17

3231

1443 ജമാദുല്‍ അവ്വല്‍ 12

ക്രിയാത്മക ചിന്തകളും ശുഭാപ്തി വിശ്വാസവും

ഇ.എം ഹസൈനാര്‍, കോതമംഗലം

The positive thinker sees the invisible, feels the intangible, and achieves the impossible. - Winston Churchill.
(ശുഭചിന്തകന്‍ അദൃശ്യമായത് കാണുന്നു, ദുര്‍ഗ്രഹമായത് അനുഭവിക്കുന്നു, അസാധ്യമായത് നേടുന്നു). 
ജീവിതവഴിയില്‍ നേരിടുന്ന ഏതു പ്രതിസന്ധിയെയും അപ്രതീക്ഷിത തിരിച്ചടികളെയും അവിചാരിത പ്രതിബന്ധങ്ങളെയും  ശുഭചിന്തകള്‍കൊണ്ടും ക്രിയാത്മക സമീപനംകൊണ്ടും നിസ്സംശയം മറികടക്കാനും അവയെ വിജയപാതകളാക്കി മാറ്റിയെടുക്കാനും കഴിയും.  മനസ്സിനെയും ചിന്താമണ്ഡലങ്ങളെയും അതിനനുസരിച്ച് പരുവപ്പെടുത്തിയെടുക്കണമെന്ന് മാത്രം.
I have not failed. I've just found 1000 ways that won't work-Thomas Edison (ഞാന്‍ തോറ്റിട്ടില്ല. പ്രവര്‍ത്തനക്ഷമമല്ലാത്ത ആയിരം വഴികള്‍ കണ്ടെത്തുക മാത്രമായിരുന്നു). 
ശുഭചിന്തയുടെയും ആത്മവിശ്വാസത്തിന്റെയും കനത്ത മുഴക്കമാണ് നാം 'മെന്‍ലോ പാര്‍ക്കിലെ മാന്ത്രികന്‍' തോമസ് എഡിസന്റെ വാക്കുകളില്‍ കേള്‍ക്കുന്നത്. മനുഷ്യജീവിതത്തെ അപ്പാടെ മാറ്റിമറിച്ച അനേകം കണ്ടുപിടുത്തങ്ങളുടെ ഉടമയായ എഡിസണ്‍, ഫിലമെന്റ് നിര്‍മാണത്തിനായി ആയിരം മൂലകങ്ങളെ പരീക്ഷണവിധേയമാക്കി പരാജയപ്പെട്ട ശേഷമാണ് ടംഗ്സ്റ്റണ്‍ എന്ന മൂലകം അതിന് പറ്റിയതാണെന്ന് കണ്ടെത്തിയത്. ഓരോ പരാജയത്തിലും അദ്ദേഹത്തിന്റെ അന്തരാളങ്ങളില്‍ ആര്‍ത്തലച്ച ശുഭചിന്തകള്‍ (Positive Thoughts) ആയിരുന്നു വിജയത്തിലേക്ക് നയിച്ച ഊര്‍ജം.
ഈ മഹാമാരിക്കാലത്ത്  വലിയൊരു വിഭാഗമാളുകള്‍  നിരാശയിലും അശുഭ  ചിന്തകളിലും (Negative Thoughts) ആഴ്ന്നു പോയി പ്രജ്ഞാശൂന്യരായി കാണപ്പെടുന്നു. ഭാവിയെക്കുറിച്ച്  സ്വപ്നം പോലും കാണാന്‍ കഴിയാതെ ഇനിയൊരു ഉയിര്‍ത്തെഴുന്നേല്‍പ് അസാധ്യമെന്ന് കരുതി കഴിഞ്ഞുകൂടുന്നവരും കൂട്ടത്തിലുണ്ട്. വാസ്തവത്തില്‍ അതിജീവനത്തിന്റെ അവശേഷിക്കുന്ന കരുത്തും കൂടി നഷ്ടപ്പെടുത്താന്‍ മാത്രമേ അതുപകരിക്കൂ. ജീവിതോപാധികള്‍ നഷ്ടപ്പെട്ട്, ബിസിനസ്സ് തകര്‍ന്ന്, വരുമാനം നിലച്ച്, തൊഴിലവസരങ്ങള്‍ ഇല്ലാതായി, വേണ്ടപ്പെട്ടവര്‍ വിടപറഞ്ഞ്, ബാങ്കുകള്‍ പിടിമുറുക്കി നിലയില്ലാ ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്പോഴും പക്ഷേ നാം പിടിച്ചുകയറാന്‍ കച്ചിത്തുരുമ്പെങ്കിലും കണ്ടെത്തിയേ തീരൂ. ആത്മവിശ്വാസവും ക്രിയാത്മക ചിന്തകളും ശുഭപ്രതീക്ഷകളും കൈവിടാതെ,  ഈ കാലവും കടന്നുപോകും, ഇതും അതിജയിക്കാന്‍ എനിക്ക് കഴിയും എന്നിങ്ങനെ  ഓരോ വ്യക്തിയും സ്വയം ഉറച്ചു വിശ്വസിക്കേണ്ടിയിരിക്കുന്നു. പ്രകൃതി ദുരന്തങ്ങളും മഹാമാരികളും ലോകത്ത് ആദ്യമായിട്ടല്ലല്ലോ സംഭവിക്കുന്നത്. പ്ലേഗ്, എബോള, സ്പാനിഷ് ഫ്ളൂ, ഡെങ്കിപ്പനി, എലിപ്പനി, പന്നിപ്പനി, നിപ്പ തുടങ്ങി ഒട്ടനേകം മാരക രോഗങ്ങളെ ഈ  ലോകം നേരിട്ടിട്ടുള്ളതാണ്. അതിനു ശേഷവും സൂര്യനുദിക്കുകയും അസ്തമിക്കുകയും സാധാരണ ജീവിതം മുന്നോട്ടു നീങ്ങുകയും ചെയ്തിട്ടുണ്ടല്ലോ. 
ഇമാം ശാഫിഈ പാടി:
വലാ ഹുസുനുന്‍ യദൂമു വലാ സുറൂറുന്‍
വലാ ബുഉസുന്‍ അലൈക വലാ റഖാഉ
(ദുഃഖവും ദാരിദ്ര്യവും സമൃദ്ധിയും സമ്പന്നതയും ഒന്നും ശാശ്വതമല്ല). മനംമടുപ്പും നിരാശയും വിശ്വാസിയുടെ സ്വഭാവമേയല്ല; അത് അവിശ്വാസികളുടെ സ്വഭാവമാണ് താനും. ''അല്ലാഹുവിന്റെ കാരുണ്യത്തെ പ്രതി നിരാശരാവാതിരിക്കൂ. സത്യനിഷേധികളായ ജനമല്ലാതെ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവുകയില്ല'' (12:87). ഭാവിയെ കുറിച്ച് നല്ല പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും അഭാവം നിരാശയിലേക്കും ഒരുവേള ആത്മഹത്യയിലേക്കും നയിച്ചേക്കും.
Tetra - amelia syndrome (കൈകാലുകള്‍ ഇല്ലാതെ ജനിക്കേണ്ടിവരുന്ന അവസ്ഥ) ബാധിച്ച് ജനിച്ചയാളാണ് നിക് വൂയിചെച്.  പ്രസിദ്ധ അമേരിക്കന്‍- ആസ്ട്രേലിയന്‍ ഇവാഞ്ചലിസ്റ്റ് മോട്ടിവേഷന്‍ പ്രഭാഷകനായ ഇദ്ദേഹം രണ്ടു കാലും രണ്ടു കൈയുമില്ലാതെയാണ് ജനിച്ചുവീണത്. എന്നാല്‍ കടുത്ത വെല്ലുവിളികള്‍ ചങ്കൂറ്റത്തോടെ നേരിട്ട് അദ്ദേഹം ജീവിത വഴിയിലെ ഓരോ ഘട്ടവും വിജയകരമായി തരണം ചെയ്ത് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു.  ലോകമെമ്പാടും സഞ്ചരിച്ച് മോട്ടിവേഷണല്‍ ക്ലാസ്സുകളെടുക്കുന്ന നിക്കിന് പതിനായിരക്കണക്കിന് ശിഷ്യഗണങ്ങള്‍ക്ക് പുറമെ Life Without Limbs എന്ന ഒരു വലിയ നെറ്റ് വര്‍ക് ശൃംഘലയുമുണ്ട്.  ഇദ്ദേഹത്തിന്റെ മനക്കരുത്തും കഠിനപ്രയത്നവും പ്രവര്‍ത്തനങ്ങളും നമുക്ക് വലിയ പ്രചോദനവും പ്രേരണയുമാണ്.
വിശ്വാസികളുടെ മാതാവും മുത്ത്നബിയുടെ ജീവിത പങ്കാളിയുമായ ഖദീജ (റ) മികച്ച മോട്ടിവേറ്ററും ശുഭാപ്തിവിശ്വാസത്തിന്റെ ഉടമയുമായിരുന്നു. ആദ്യ ദിവ്യബോധനം സ്വീകരിച്ചു പരിഭ്രാന്തിയോടും തെല്ല് ഭയവിഹ്വലതയോടും കൂടി വന്ന തിരുനബിയോട് 'അല്ലാഹുവാണ, അവന്‍ താങ്കളെ ഒരിക്കലും അവഹേളിക്കില്ല. താങ്കള്‍ കുടുംബ ബന്ധം ചേര്‍ക്കുന്നവനും അതിഥികളെ ആദരിക്കുന്നവനും പാവങ്ങളുടെ ഭാരങ്ങള്‍ ഏറ്റെടുക്കുന്നവനും കാലവിപത്തുകളില്‍ ജനങ്ങളെ സഹായിക്കുന്നവനുമാകുന്നു' എന്ന അവരുടെ വാക്കുകള്‍ നബി തിരുമേനിക്കും പിന്നീട് മുഴുവന്‍ ഉമ്മത്തിനും വലിയ തോതില്‍ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.
തോമസ് എഡിസണ്‍ പഠനത്തില്‍ കാര്യമായ ശ്രദ്ധയില്ലാത്ത കുട്ടിയായിരുന്നു.  അധ്യാപകര്‍ക്കും അവനെ കുറിച്ച് മതിപ്പുമുണ്ടായിരുന്നില്ല. ഒരു ദിവസം അധ്യാപകന്‍ എഡിസണ്‍ വശം അമ്മക്കൊരു കത്ത് കൊടുത്തയച്ചു. 'ദയവു ചെയ്ത് ഇവനെ നാളെ മുതല്‍ സ്‌കൂളിലേക്കയക്കരുത്.  ഇവന്‍ ബുദ്ധിയില്ലാത്തവനാണ്.' 
ഉള്ളടക്കം കണ്ട് ഒരു നിമിഷം അമ്പരന്ന അമ്മയോട് കാര്യം തിരക്കിയ എഡിസണെ നോക്കി അമ്മ പറഞ്ഞ വാക്കുകള്‍: 'എന്റെ മോന്‍ വലിയ ബുദ്ധിയുള്ള ആളാണ്. അതിനാല്‍ മോനെ പഠിപ്പിക്കാന്‍ സൗകര്യമുള്ള സ്‌കൂളല്ല അത്. അതിനു പറ്റിയ അധ്യാപകരും അവിടെയില്ല. അതുകൊണ്ട് മോനെ അമ്മതന്നെ പഠിപ്പിക്കണമെന്ന്.'
അമ്മയുടെ കീഴില്‍ പഠനം തുടര്‍ന്ന എഡിസണ്‍ ചുരുങ്ങിയ കാലംകൊണ്ട് ആയിരത്തോളം യു.എസ് പേറ്റന്റും മറ്റനേകം ഇന്റര്‍നാഷ്നല്‍ പേറ്റന്റും നേടി വന്‍ ബിസിനസ്സ്  സാമ്രാജ്യത്തിനുടമയായി മാറി.  കൂടാതെ ഗ്രാമൊഫോണ്‍,  വൈദ്യുതി ബള്‍ബ്, മൂവിക്യാമറ തുടങ്ങി അനവധി കണ്ടുപിടുത്തങ്ങളും നടത്തി. എഡിസണ്‍ വലിയ ആളായ ശേഷം ഏതോ പഴയ ഫയലുകള്‍ തപ്പുന്നതിനിടയില്‍ അധ്യാപകന്‍ അമ്മക്കെഴുതിയ കത്ത് കൈയില്‍ കിട്ടി വായിച്ചത് ചരിത്രം.
വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പോസിറ്റീവ് ചിന്തകളുടെ പ്രഭവകേന്ദ്രങ്ങളാണ്. മനുഷ്യന്റെ മനോഘടനയെ തന്നെ മാറ്റിപ്പണിയാനാണവ ആഹ്വാനം ചെയ്യുന്നത്. 'ഹദീസുല്‍ ഇഫ്ക്' (ആഇശാ ബീവിക്കെതിരിലുള്ള കള്ളപ്രചാരണം) സംഭവത്തെ നിരുപണം ചെയ്തപ്പോള്‍ ഖുര്‍ആന്‍ ചോദിക്കുന്ന ഒരു ചോദ്യം  മനോഘടന മാറ്റിപ്പണിയേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്നു. ''ആ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ സത്യവിശ്വാസികളായ സ്ത്രീ-പുരുഷന്മാര്‍ക്ക് സ്വന്തം ആളുകളെപ്പറ്റി നല്ലത് വിചാരിക്കാമായിരുന്നില്ലേ?  ഇതു തികഞ്ഞ അപവാദമാണെന്ന് അവര്‍ പറയാതിരുന്നതെന്തുകൊണ്ട്?'' (24:12).  കാര്യങ്ങളെ പ്രത്യക്ഷത്തില്‍ വിലയിരുത്തണമെന്നും ദുരുദ്ദേശ്യത്തോടെ വിഷയങ്ങളെ സമീപിക്കരുതെന്നും ചൂഴ്ന്നന്വേഷണം പാടില്ലെന്നും വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞുതരുന്നുമുണ്ട്. ഉറച്ച കോട്ട പോലെ ദൈവമാര്‍ഗത്തില്‍ അണിചേര്‍ന്ന ഏകോദര സഹോദരങ്ങളിലൊരാളെ കുറിച്ച് അശുഭകരമായ വല്ലതും കേള്‍ക്കാന്‍ ഇടയായാല്‍ ഒരു വിശ്വാസിയുടെ അന്തരംഗം എങ്ങനെ പ്രതികരിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ കൃത്യമായി വരച്ചിടുന്നു.
പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് വാങ്ങിയ കുട്ടിയെ  നമുക്ക് രണ്ടു രൂപത്തില്‍ സമീപിക്കാം. നിനക്ക് അമ്പതേ കിട്ടിയുള്ളോ എന്ന് ചോദിക്കാം. അല്ലെങ്കില്‍, ആഹാ മോന്‍ അമ്പത് മാര്‍ക്ക് നേടിയല്ലോ എന്ന് അഭിനന്ദിക്കാം.  രണ്ടിനും രണ്ടുതരം പ്രതിഫലനങ്ങളാണ് ഉണ്ടാവുകയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ലോകം കണ്ട ഏറ്റവും വലിയ ശുഭചിന്തയുടെ ഉടമയായിരുന്നു അന്ത്യപ്രവാചകന്‍. അന്ത്യദിനം ആസന്നമായിരിക്കെ ഒരു വൃക്ഷത്തൈ ഒരാളുടെ പക്കലുണ്ടെങ്കില്‍ അതവന്‍ നട്ടുകൊള്ളട്ടെ എന്ന പ്രസതാവനയോളം വലുതല്ല ലോകത്തിലെ ഏത് പോസിറ്റീവ് ചിന്തയും. ത്വാഇഫ് ജനതയെ ശിക്ഷിക്കാനനുവാദം ചോദിച്ച ജിബ്രീല്‍ മാലാഖയോട് അരുതെന്ന് പറഞ്ഞ തിരുനബി (സ) ഭാവിയില്‍ അവരുടെ സന്തതികളില്‍ പെട്ടവര്‍ സന്മാര്‍ഗികളായേക്കാമെന്ന ശുഭപ്രതീക്ഷ പങ്കുവെക്കുകയും ചെയ്തു.  
ജീവിതകുതിപ്പില്‍ നമ്മോടൊപ്പം എപ്പോഴും  ഉണ്ടായിരിക്കേണ്ടതാണ് ശുഭചിന്തകളും ശുഭാപ്തി വിശ്വാസവും.  പ്രതിസന്ധികളുടെ കാര്‍മുകില്‍ കനക്കുമ്പോള്‍, ജീവിതവഴിയില്‍ അന്ധകാരം കരിമ്പടം മൂടുമ്പോള്‍ അതിജീവനത്തിന്റെ അത്താണിയും ആശ്രയവുമാണ് ഇവ രണ്ടും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 1-3
ടി.കെ ഉബൈദ്‌

ഹദീസ്‌

ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌
വഖ്ഫിന്റെ മഹത്വം