പരമ സത്യം ഖുര്‍ആന്‍ തന്നെ....
ശാസ്ത്രം പരമസത്യമോ എന്ന അഭിമുഖത്തില്‍ (ലക്കം: 3229) ബുദ്ധിയോട് സംവദിച്ച യുവ ശാസ്ത്രജ്ഞന്‍ ഡോ. സയ്യൂബിന് അഭിനന്ദനങ്ങള്‍. മറ്റു ജീവികളില്‍നിന്ന് വ്യത്യസ്തമായി വിശേഷബുദ്ധി നല്‍കി അനുഗ്രഹിക്കപ്പെട്ട ഏക ജീവിവര്‍ഗം മനുഷ്യനാണ്. അവനില്‍ ശരീരം മാത്രമല്ല, മനസ്സ് കൂടി സന്നിവേശിപ്പിച്ചിരിക്കുന്നു.
ശാസ്ത്രരംഗത്തെ കണ്ടുപിടിത്തങ്ങള്‍ ഇവിടെ പറുദീസ പണിയുമ്പോഴും മനുഷ്യന്‍ പരക്കം പായുന്നത് ആ മനസ്സില്‍ ഇത്തിരി ശാന്തത തേടിയാണ്. ഇവിടെയാണ് ഖുര്‍ആന്‍ എന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ പ്രസക്തി. അത് ദൈവിക ഗ്രന്ഥമാണെന്നത് മുന്‍വിധിയില്ലാത്ത ഏതു മനസ്സിനും എളുപ്പത്തില്‍ ബോധ്യപ്പെടുന്ന വസ്തുതയാണ്. എംബ്രിയോളജിയോ ആസ്‌ട്രോണമിയോ ഒന്നും വികസിക്കാത്ത ഒരു കാലത്ത് അത്തരം സത്യങ്ങള്‍ വിളിച്ചു പറഞ്ഞ ഒരു ഗ്രന്ഥം എന്ന ഒരൊറ്റ തെളിവ് മാത്രം മതി ഇത് ബോധ്യപ്പെടാന്‍.
ശാസ്ത്രം ആത്യന്തിക സത്യമല്ലെന്ന് അഭിമുഖത്തില്‍ പറയുന്നു. ഇവിടെ ഉള്ള ഒന്ന് കണ്ടെത്തുക മാത്രമാണ് മനുഷ്യന്‍ ചെയ്യുന്നത്. മനുഷ്യന്‍ തീ കണ്ടുപിടിച്ചത് പ്രകൃതിയില്‍നിന്നാണ്. സമുദ്രാന്തര്‍ ഭാഗത്തെ പ്രകാശരശ്മികള്‍ക്ക് സംഭവിക്കുന്ന വ്യതിയാനങ്ങള്‍ തുടങ്ങി പാഠങ്ങളുടെ ഒരു കലവറ മനുഷ്യന് കിട്ടുന്നത് പ്രകൃതി എന്ന മഹാ പുസ്തകത്തില്‍നിന്നു തന്നെ. പ്രകൃതിയില്‍ ഇതെല്ലാം ഒരുക്കി വെച്ചത് ഇന്നും ഇന്നലെയുമല്ലല്ലോ. മനുഷ്യന്‍ അവ കണ്ടുപിടിച്ചത് ഈയടുത്തകാലത്താണെന്നു മാത്രം. പ്രകൃതിയുമായി തട്ടിച്ചുനോക്കുമ്പോള്‍ മനുഷ്യന്‍ കണ്ടെത്തിയത് വളരെ തുഛം മാത്രമെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍ പ്രപഞ്ചസത്യങ്ങള്‍ സൂചിപ്പിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥം ചര്‍ച്ചചെയ്യപ്പെടുക തന്നെ വേണം.
ഇങ്ങനെയുള്ള കണ്ടെത്തലുകള്‍ മനുഷ്യന്‍ അവതരിപ്പിക്കുന്നത് തന്റെ ഇന്ദ്രിയങ്ങള്‍ കൊണ്ട് നേടിയ അനുഭവങ്ങളുടെ 'ഠ' വട്ടത്തിലാണ്. ഇത്തിരിയായ മനുഷ്യന്‍ പരമമായ സത്യത്തെ വിലയിരുത്തുന്ന വങ്കത്തം, അല്ലെങ്കില്‍ ഗതികേട്. അപ്പോള്‍ പരിമിതികള്‍ സ്വാഭാവികം. ഇത്തിരിപ്പോന്ന ഈ മനുഷ്യന്റെ കണ്ടുപിടിത്തങ്ങള്‍ തന്നെ നമ്മെ അതിശയിപ്പിക്കുന്ന (അതിനേക്കാളേറെ അലോസരപ്പെടുത്തുന്ന) ഈ ഉത്തരാധുനിക കാലവും നമ്മെ ബോധ്യപ്പെടുത്തുന്ന ഒന്നുണ്ട്. മനുഷ്യന് ഇത്രയും ആവാമെങ്കില്‍ അവനെ പടച്ച ദൈവം അപാരനത്രെ (ആ അപാരത സൂചിപ്പിക്കാനുള്ള വാക്കു പോലും ഭാഷയില്‍ ഇല്ല).
അവനെ അംഗീകരിക്കാം, അവനെ മാത്രം വാഴ്ത്താം. അവന്റെ ഗ്രന്ഥം കൂടുതല്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാം. അതിലെ സത്യങ്ങള്‍ പുലരാന്‍ വേണ്ടിയുള്ളൂ ഗവേഷണങ്ങള്‍ക്ക് മൂര്‍ച്ച കൂടട്ടെ. അതിന് ലേഖകനെ പോലുള്ള യുവാക്കള്‍ക്ക് കഴിയട്ടെ.
ചങ്കുപൊള്ളുന്ന യാഥാര്‍ഥ്യം
സരിന്‍ തവളമ്മേല്‍, കേച്ചേരി, തൃശൂര്‍
പ്രബോധനം ലക്കം 26-ല്‍ പ്രസിദ്ധീകരിച്ച 'പാദം തിരയുന്ന (വാര്‍) ചെരിപ്പുകള്‍' പ്രമേയം കൊണ്ടും താളഭംഗി കൊണ്ടും വായനയെ പുഷ്‌കലമാക്കി. കവിതക്ക് നല്‍കിയ ശീര്‍ഷകത്തില്‍ തന്നെ ദൃശ്യപ്പെടുന്നുണ്ട് അളന്നെടുക്കാനാവാത്ത ആഴം. അധിനിവേശം മനുഷ്യരാശിക്കു മേല്‍ ഒരു സുപ്രഭാതത്തില്‍ സംഭവിക്കുന്ന വിപത്തല്ല. അതിനു പിന്നില്‍ കാലങ്ങളുടെ ഗൂഢാലോചനകളും ആയുധ സംഭരണവും വംശീയതയും പൈശാചികവത്കരണവും കൃത്യമായ അളവില്‍ ചേരുവയാകുന്നുണ്ട്. ഇരകള്‍ അധികവും സ്ത്രീകളും കുട്ടികളുമാണ് എന്നത് അതിന്റെ ഭയാനകത വര്‍ധിപ്പിക്കുന്നു. നികത്താനാകാത്ത ദുരന്തമാണ് 'ആധുനികത' ദരിദ്ര രാഷ്ട്രങ്ങള്‍ക്കു മേല്‍ യുദ്ധം (വാര്‍) എന്ന പേരിലും ബഹിഷ്‌കരണം എന്ന പേരിലും ചൊരിയുന്നത്.
മുറത്തിലിട്ട് ചേറ്റും ധാന്യമണികളില്‍
ഉതിര്‍ന്നുവീഴുന്നൂ വെടി-
ച്ചുള
വെടിയുണ്ടകള്‍ക്ക് പകരം
ധാന്യമണികള്‍ തരൂ:
കാളുന്ന വയറിന്‍ പെരു-
മ്പറ
ഈ വരികളില്‍ നിസ്സഹായത നിഴലിച്ചു കിടക്കുന്നതു കാണാം.
കവിതയിലെ മുഴുവന്‍ വരികളിലും ചങ്കു പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ കനലു പോലെ തിളങ്ങുന്നു. ഒറ്റ വായനയില്‍ നിര്‍ത്തേണ്ട ഒന്നല്ല ഈ കവിത. ധ്യാനാത്മകമായി വായിക്കേണ്ടതും തുടര്‍വായനക്ക് പ്രേരിപ്പിക്കുന്നതുമാണ് വാര്‍ കവിത. അഭിനന്ദനങ്ങള്‍, പ്രബോധനത്തിനും കവിക്കും. ഇനിയും ഇത്തരം സര്‍ഗാത്മകമായ പോരിന് വാരികയുടെ പേജുകള്‍ നീക്കിവെക്കുമെന്ന് പ്രതീക്ഷിക്കട്ടെ.
ഹലാല്‍ വിവാദത്തിന്റെ ഗുണവശങ്ങള്‍
ഇസ്മാഈല്‍ പതിയാരക്കര
'മന്ത്രിച്ചൂതല്‍ ആഗോള തീവ്രവാദത്തിന്റെ തൂഫാന്‍ ആകുമ്പോള്‍' എന്ന 'പ്രതിവിചാര'ത്തിന് (ലക്കം 3229) അനുബന്ധമാണ് ഈ കുറിപ്പ്.
ഭൂമിക്ക് ചുവട്ടിലെ സകല വിഷയങ്ങളിലും വര്‍ഗീയത കലര്‍ത്തി സാമൂഹിക അന്തരീക്ഷം കലുഷിതമാക്കി, ആ കലങ്ങിയ വെള്ളത്തില്‍നിന്ന് പരല്‍ മീനെങ്കിലും പിടിക്കാന്‍ പറ്റുമോയെന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന സംഘ് പരിവാര്‍ ശക്തികളുടെ ഏറ്റവും പുതിയ ഹലാല്‍ കോലാഹലങ്ങള്‍ പെട്രോ ഡോളറിന്റെ മായാ വലയത്തില്‍ മാംസക്കയറ്റുമതി പൊടിപൊടിക്കുന്ന ഉത്തരേന്ത്യന്‍ വ്യവസായികളുടെ ഉറ്റ തോഴന്മാരായ കേന്ദ്ര സര്‍ക്കാര്‍ തന്നെ ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയില്‍ എറിയുമെന്നതില്‍ രണ്ടഭിപ്രായമില്ല. ഈ വിവാദത്തിന്റെ പോസിറ്റീവ് വശം എന്താണെന്നു വെച്ചാല്‍, അറുക്കുന്നതില്‍ മാത്രമേ ഹലാല്‍ ഉള്ളൂ എന്ന് വിശ്വസിച്ചുപോന്നിരുന്ന സാധാരണക്കാരായ വലിയൊരു വിഭാഗം സമുദായാംഗങ്ങള്‍ക്ക് ജീവിതത്തെ മുച്ചൂടും പൊതിഞ്ഞു നില്‍ക്കുന്ന നന്മയുടെ വെള്ളിവെളിച്ചമാണ് ഹലാല്‍ എന്ന മഹത്തായ തിരിച്ചറിവ് ഈ വിവാദം നല്‍കി എന്നതാണ്. ഇസ്‌ലാമിന്റെ സൂക്ഷ്മവും സൗന്ദര്യാത്മകവുമായ ജീവിത കാഴ്ചപ്പാടുകളും പൊതു ബോധത്തില്‍ ചൂടേറിയ ചര്‍ച്ചയായി എന്നതും നിസ്സാര കാര്യമല്ല.
Comments