ചര്‍ച്ചകള്‍ പുരോഗമിക്കട്ടെ, സംഘര്‍ഷങ്ങള്‍ക്ക് അയവു വരും
രാഷ്ട്രീയത്തില്‍ നിതാന്ത സൗഹൃദമില്ല, നിതാന്ത ശത്രുതയുമില്ല എന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്ന നയതന്ത്ര നീക്കങ്ങളാണ് ഏതാനും മാസങ്ങളായി പശ്ചിമേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ നീക്കങ്ങളില്‍ ഏറ്റവും അവിശ്വസനീയം എന്ന് പറയാവുന്നത് അബൂദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സാഇദ് ആല്‍ നഹ്‌യാന്റെ തുര്‍ക്കി സന്ദര്‍ശനമാണ്. ഔദ്യോഗികമായി വലിയ വരവേല്‍പ്പാണ് അദ്ദേഹത്തിന് അവിടെ ലഭിച്ചത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി അദ്ദേഹം വിശദമായ കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തു. പത്ത് കരാറുകളിലും ധാരണാപത്രങ്ങളിലുമാണ് അവര്‍ ഒപ്പു വെച്ചത്. അവയില്‍ പത്ത് ബില്യന്‍ ഡോളറിന്റെ വ്യാപാര കരാറുകളും പെടും. സാമ്പത്തിക പരിഗണനകളും താല്‍പ്പര്യങ്ങളും തന്നെയാണ്, കഴിഞ്ഞ പത്തു വര്‍ഷമായി മോശപ്പെട്ട നിലയിലായിരുന്ന ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇരു രാജ്യങ്ങള്‍ക്കും മുഖ്യപ്രേരണ എന്ന കാര്യത്തില്‍ സംശയമില്ല. തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുന്ന രാജ്യങ്ങളിലൊന്നായിരുന്നു യു.എ.ഇ. ബന്ധം വഷളായപ്പോള്‍ അത് ഇരു രാജ്യങ്ങളെയും പ്രതികൂലമായി ബാധിച്ചു. അതിനാലാണ് രാഷ്ട്രീയ ഭിന്നതകള്‍ നിലനില്‍ക്കെ തന്നെ സാമ്പത്തികവും നയതന്ത്രപരവുമായ ബന്ധങ്ങള്‍ പഴയ പടിയിലാക്കാന്‍ അവര്‍ തീരുമാനമെടുക്കുന്നത്. ഏതാണ്ട് ഇതേ സമയത്തു തന്നെ ബഹ്‌റൈന്‍ വിദേശകാര്യമന്ത്രിയും സുഊദി വാണിജ്യകാര്യ മന്ത്രിയും തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. മറുവശത്ത് തുര്‍ക്കിയും ഈജിപ്തും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.
മേല്‍പ്പറഞ്ഞ അറബ് രാഷ്ട്രങ്ങളും തുര്‍ക്കിയും തമ്മില്‍ ഏതാനും വര്‍ഷങ്ങളായി ഒട്ടും സുഖത്തിലായിരുന്നില്ല. രാഷ്ട്രീയ ഭിന്നതകള്‍ തന്നെ കാരണം. തങ്ങളുടെ ദേശസുരക്ഷ കൂടി മുന്നില്‍ വെച്ച് സിറിയയിലെയും ഇറാഖിലെയും ലിബിയയിലെയുമൊക്കെ പ്രശ്‌നങ്ങളില്‍ തുര്‍ക്കിക്ക് സ്വന്തമായ നിലപാടുണ്ട്. അത് പല അറബ് രാഷ്ട്രങ്ങളുടെയും നിലപാടുകളുമായി പലപ്പോഴും ഏറ്റുമുട്ടുന്നു. അവക്ക് പെട്ടെന്ന് പരിഹാരമായില്ലെങ്കിലും ചില ശുഭസൂചനകള്‍ ഇരുപക്ഷത്തും കാണാനുണ്ട്. ഇതിന്റെ ഭാഗമായാണ് യു.എ.ഇ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ടര്‍ക്കിഷ് ബിസിനസ്സുകാരനെ വിട്ടയക്കുന്നത്. ചാരവൃത്തി നടത്തി എന്നാരോപിച്ച് അറസ്റ്റ് ചെയ്തിരുന്ന യു.എ.ഇ പൗരനെ തുര്‍ക്കിയും വിട്ടയച്ചു. വിവിധ വിഷയങ്ങളില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്ന ഇരുപക്ഷവും ഇനി ശൈലി മയപ്പെടുത്തുമെന്നതാണ് ഈ സംഭവവികാസങ്ങളുടെ ഗുണകരമായ ഒരു വശം. വ്യാപാര ബന്ധങ്ങള്‍ പൂര്‍വസ്ഥിതിയിലോ അതിനേക്കാള്‍ മെച്ചപ്പെട്ട നിലയിലോ ആയിത്തീരാന്‍ കാര്യമായ തടസ്സങ്ങളൊന്നുമില്ല എന്നതാണ് മറ്റൊരു ഗുണകരമായ വശം.
ഈജിപ്തുമായാണ് തുര്‍ക്കി നയതന്ത്ര ചര്‍ച്ചകള്‍ തുടങ്ങിവെച്ചതെങ്കിലും അതിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ മൂന്ന് രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മുഖ്യമായും വിഘാതമാകുന്നുണ്ടെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഒന്ന്: മധ്യധരണ്യാഴിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്രാതിര്‍ത്തി തര്‍ക്കം. രണ്ട്: ലിബിയയിലെ തുര്‍ക്കി സൈനിക സാന്നിധ്യം തങ്ങളുടെ ദേശസുരക്ഷയെ ബാധിക്കുമെന്ന ഈജിപ്തിന്റെ ആശങ്ക. മൂന്ന്: ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ അടക്കമുള്ള പ്രതിപക്ഷത്തിന് അഭയം നല്‍കുന്നത് തുര്‍ക്കിയാണെന്ന ആരോപണം. ഇത്തരം വിഷയങ്ങളില്‍ കൂട്ടായ ചര്‍ച്ചകളിലൂടെ ചില സമവായങ്ങളിലും ധാരണകളിലും എത്തിച്ചേരുകയെന്നത് അസാധ്യമായ കാര്യമൊന്നുമല്ല. പശ്ചിമേഷ്യയിലെ പല തലങ്ങളിലുള്ള സംഘര്‍ഷങ്ങളുടെ കാഠിന്യം കുറക്കാനെങ്കിലും ആ ചര്‍ച്ചകള്‍ പ്രയോജനപ്പെടാതിരിക്കില്ല.
Comments