പ്രവര്‍ത്തന വീഥിയില്‍ ഒറ്റയാളായി ഫാത്വിമ ഉമര്‍
അടിയന്തരാവസ്ഥയുടെ നാളുകള്‍. ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രസ്ഥാന പ്രവര്‍ത്തകരായ പിതാവിനെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. 'അവരുടെ കുറ്റം അവര്‍ ജമാഅത്തെ ഇസ്‌ലാമിക്കാരാണ് എന്നാണെങ്കില്‍ എന്നെയും അറസ്റ്റ് ചെയ്യുക, ഞാനും ജമാഅത്തെ ഇസ്‌ലാമിക്കാരിയാണ്' എന്നു പറഞ്ഞ് പോലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന ഫാത്വിമ ഉമര്‍, പൊന്നാനിയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ നട്ടുവളര്‍ത്തിയ ധീര വനിതയാണ്. കഴിഞ്ഞ നവംബര്‍ 26-നാണ് അവര്‍ വിടവാങ്ങിയത്.
ഹാജി സാഹിബിന്റെ പൊന്നാനി സന്ദര്‍ശനത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസുകാരനായ പിതാവ് എ.പി.എം കുഞ്ഞിമുഹമ്മദും മുസ്‌ലിം ലീഗുകാരനായ ഭര്‍ത്താവ് സി.വി ഉമറും ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരാവുന്നത്. ജമാഅത്തുകാര്‍ എന്ന നിലക്ക് സമൂഹം 'പുത്തന്‍ മതക്കാര്‍' ആയി മുദ്രകുത്തിയ നാളുകളില്‍ ഇവര്‍ തമ്മിലുള്ള പ്രാസ്ഥാനിക ബന്ധം വഴിയാണ് 1953-ല്‍ ഫാത്വിമ, സി.വി ഉമറിന്റെ പത്‌നിയാകുന്നത്. അനാചാരങ്ങളും മാമൂലുകളും നിറഞ്ഞാടുന്ന വിവാഹാഘോഷങ്ങള്‍ കണ്ട് ശീലിച്ച നാട്ടുകാര്‍ക്ക് ഈ ആര്‍ഭാടരഹിത വിവാഹം പുതിയ അനുഭവമായിരുന്നു. വിവാഹത്തോടെ ഫാത്വിമ ഉമര്‍ മുഴുസമയ ജമാഅത്ത് പ്രവര്‍ത്തകയായി. സ്ത്രീകള്‍ക്ക് പൊതുരംഗം വിലക്കപ്പെട്ടിരുന്ന കാലത്ത് ശക്തമായ എതിര്‍പ്പിനെ തൃണവല്‍ഗണിച്ചാണ് ഫാത്വിമ ഉമര്‍ ഒറ്റയാള്‍ പ്രവര്‍ത്തനം കാഴ്ചവെക്കുന്നത്.
അന്ധവിശ്വാസവും അനാചാരവും കൊടികുത്തി വാണിരുന്ന, അജ്ഞത ഇരുള്‍ പരത്തിയ 1950-കളില്‍ വീടുകളില്‍ വനിതകള്‍ക്കായി അവര്‍ നടത്തിക്കൊണ്ടിരുന്ന ക്ലാസ്സുകള്‍ ശ്രദ്ധിക്കപ്പെട്ടു. കാര്യമായ ഔപചാരിക വിദ്യാഭ്യാസമൊന്നും നേടിയില്ലെങ്കിലും ഐ.പി.എച്ച് പ്രസിദ്ധീകരണങ്ങള്‍ അവര്‍ക്ക് മുതല്‍ക്കൂട്ടായി. ഏത് സ്ഥാപനത്തിലാണ് പഠിച്ചത് എന്ന് ചോദിച്ചാല്‍ ഐ.പി.എച്ച് എന്നായിരിക്കും അവരുടെ മറുപടി!
സാമൂഹികരംഗത്ത് ഒരു വനിത ഇടപെടുന്നു എന്നതിന്റെ പേരില്‍ എതിര്‍പ്പ് വളരെ ശക്തമായിരുന്നെങ്കിലും കര്‍ശനമായ മതചിട്ടയും പറയുന്നതിലെ ശരിയും തിരിച്ചറിഞ്ഞ് ക്ലാസ് കേള്‍ക്കാനെത്തുന്ന വനിതകളുടെ എണ്ണം വര്‍ധിച്ചു. ആദ്യമാദ്യം ടൗണിലെ പ്രവര്‍ത്തകരുടെ വീടുകളിലായിരുന്നു ക്ലാസ്സുകള്‍. പിന്നീട് പള്ളികളിലും ക്ലാസ്സുകള്‍ നടന്നു. ഒപ്പം ആശുപത്രി സന്ദര്‍ശനം, രോഗി സന്ദര്‍ശനം, മഊനത്തുല്‍ ഇസ്‌ലാം സഭയില്‍ പോയി പുതുവിശ്വാസികളുമായി ബന്ധം സ്ഥാപിക്കല്‍ തുടങ്ങിയ പതിവു പ്രവര്‍ത്തനങ്ങളും. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ അവരുടെ ജീവിതചര്യയുടെ ഭാഗമായിരുന്നു. മയ്യിത്ത് നമസ്‌കാരം തന്നെ അറിഞ്ഞുകൂടാതിരുന്ന സ്ത്രീകള്‍ക്ക് അവര്‍ മയ്യിത്ത് നമസ്‌കാരം ചെയ്തു കാണിച്ചു കൊടുത്തു; മയ്യിത്ത് കുളിപ്പിക്കുന്നതും അവരെ പഠിപ്പിച്ചു. ഇതെല്ലാം വലിയൊരു മാറ്റത്തിന് തുടക്കമാവുകയായിരുന്നു.
പൊന്നാനി ഐ.എസ്.എസ് (ഇസ്‌ലാമിക് സര്‍വീസ് സൊസൈറ്റി) കേന്ദ്രീകരിച്ച് നടത്തിയ നിരവധി ക്ലാസ്സുകളിലൂടെ വനിതാ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിച്ചു. വനിതാ പ്രഭാഷക എന്ന നിലക്ക് ശ്രദ്ധിക്കപ്പെട്ടതോടെ കേരളത്തില്‍ പല പ്രസംഗവേദികളിലും അവര്‍ സ്ഥിര സാന്നിധ്യമായി. കുറ്റ്യാടിയില്‍ വലിയ സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കവെ, ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട് സംസാരം തുടരാന്‍ കഴിയാതിരുന്ന സന്ദര്‍ഭത്തില്‍ കൂടെയുണ്ടായിരുന്ന മകള്‍ ശഹര്‍ ബാന്‍ വേദിയില്‍ വന്ന് പ്രഭാഷണം ഏറ്റെടുത്തത് ഏവരെയും വിസ്മയിപ്പിച്ചു. അന്ന് ചേന്ദമംഗല്ലൂര്‍ വിദ്യാര്‍ഥിനിയായിരുന്നു മകള്‍.
പില്‍ക്കാലത്ത് ജമാഅത്തെ ഇസ്‌ലാമിയില്‍ സജീവരായ നിരവധി വനിതാ രത്‌നങ്ങളെ പൊതുവേദികളിലേക്ക് കൊണ്ടുവരുന്നതില്‍ ഫാത്വിമ ഉമറിന്റെ നിതാന്ത പ്രയത്‌നമുണ്ട്. ശരീഅത്ത് വിവാദ കാലത്ത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള വേദികളില്‍ അവര്‍ പ്രഭാഷകയായി. സൈനബുല്‍ ഗസ്സാലി, കമലാ സുറയ്യ, നഫീസത്ത് ബീവി തുടങ്ങിയവരുമായി വേദി പങ്കിട്ടു.
1974-ലായിരുന്നു ജമാഅത്തില്‍ അംഗത്വമെടുക്കുന്നത്. പൊന്നാനി വണ്ടിപ്പേട്ടയായിരുന്നു ജമാഅത്ത് പ്രവര്‍ത്തനത്തിന്റെ ആസ്ഥാനം. വെള്ളിയാഴ്ചകളില്‍ സ്വുബ്ഹിനു ശേഷം നടക്കുന്ന 'ഇജ്തിമാഅ്' യോഗത്തില്‍ പത്ത് പന്ത്രണ്ടു പേര്‍ ഉണ്ടാകും. ഭര്‍ത്താവ് സി.വി ഉമര്‍ ആയിരുന്നു പ്രാദേശിക അമീര്‍. അക്കാലത്ത് പള്ളിയില്‍ നടക്കുന്ന വാരാന്തയോഗത്തില്‍ ഒരു മറക്കപ്പുറമിരുന്നാണ് ഏക വനിതാ അംഗം എന്ന നിലക്ക് യോഗത്തില്‍ പങ്കെടുക്കുക. കുറേകാലം വനിതാ പ്രവര്‍ത്തക എന്ന നിലക്ക് ഒറ്റക്കായിരുന്നുവെങ്കില്‍ പിന്നീട് സഹപ്രവര്‍ത്തകരും അനുഭാവികളുമായി വനിതകളുടെ എണ്ണം വര്‍ധിച്ചു. വണ്ടിപ്പേട്ട മസ്ജിദുല്‍ ഹുദായില്‍ ജുമുഅ നമസ്‌കാരത്തിനും തറാവീഹിനും പങ്കെടുക്കുന്ന ഏക വനിതയും ഏറെക്കാലം ഫാത്വിമയായിരുന്നു.
പൊന്നാനിയില്‍ സ്ത്രീകള്‍ക്ക് ഒറ്റക്ക് പുറത്തേക്കു പോകാനുള്ള സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്തു തന്നെ ഡ്രൈവിംഗ് പഠിച്ച് ചരിത്രം സൃഷ്ടിച്ചു. ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്ന ആദ്യ മുസ്‌ലിം വനിത; അതും മുഖമക്കന ധരിച്ച സ്ത്രീ എന്ന് നാട്ടുകാര്‍ അതിശയം പറഞ്ഞു. ബസ് സൗകര്യമില്ലാത്ത വഴികളിലും പ്രാസ്ഥാനിക കാര്യങ്ങള്‍ക്കു പുറമെ നാട്ടുകാര്‍ക്ക് ചികിത്സ, പ്രസവം തുടങ്ങിയ ആവശ്യങ്ങള്‍ക്കും അംബാസഡര്‍ കാറും ഡ്രൈവിംഗും ഏറെ ഉപകരിച്ചു. രാത്രി വാഹനം കിട്ടാതെ പ്രയാസമനുഭവിച്ചിരുന്ന നിരവധി രോഗികള്‍ക്ക് തുണയായിട്ടുണ്ട് ഈ വനിതാ ഡ്രൈവര്‍. അര്‍ഹരായവര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍, വിധവാ പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, റേഷന്‍ കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ക്ക് രേഖകള്‍ ശരിയാക്കുന്നതില്‍ ഫാത്വിമ ഉമര്‍ ഓഫീസുകള്‍ കയറിയിറങ്ങി. കടല്‍ക്ഷോഭം, മഴക്കെടുതി എന്നിവ തീരദേശവാസികളില്‍ ദുരിതം വിതക്കുമ്പോള്‍ അരിയായും പണമായും സ്വന്തം നിലക്ക് സഹായം നല്‍കുക പതിവായിരുന്നു. പ്രദേശത്തെ തമിഴ് നാടോടി സ്ത്രീയുമായുള്ള ബന്ധം അവര്‍ക്ക് വീട് ലഭ്യമാക്കുന്നതിന് സഹായകമായി എന്നത് വലുപ്പച്ചെറുപ്പമില്ലാതെ, ജാതിമതഭേദമന്യേ ഏവരെയും ചേര്‍ത്തു നിര്‍ത്തിയതിന്റെ സാക്ഷ്യമാണ്.
നല്ലൊരു ആതിഥേയയുമായിരുന്നു ഫാത്വിമ ഉമര്‍. മുന്‍ തലമുറയിലെ പ്രസ്ഥാന നേതാക്കളില്‍ മിക്കവരെയും സ്വന്തം വസതിയായ സി.വി മന്‍സിലില്‍ അവര്‍ വിരുന്നൂട്ടിയുണ്ട്. വെള്ളിയാഴ്ചകളില്‍ ഉച്ചഭക്ഷണത്തിന് സി.വി ഉമര്‍ സാഹിബിന്റെ കൂടെ വണ്ടിപ്പേട്ട മസ്ജിദില്‍നിന്നുള്ള ഖത്വീബുമാരോ പ്രസ്ഥാന സഹയാത്രികരോ ഇല്ലാത്ത ദിവസങ്ങള്‍ ഉണ്ടാകാറില്ല.
അടിയന്തരാവസ്ഥയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജമാഅത്ത് കോണ്‍ഗ്രസിനെതിരെ വോട്ട് വിനിയോഗിക്കാന്‍ തീരുമാനിച്ചു. ഇടതുമുന്നണിക്കു വേണ്ടിയുള്ള ഇലക്ഷന്‍ പ്രചാരണത്തില്‍ മുന്‍നിരയില്‍ ഫാത്വിമയുമുണ്ടായിരുന്നു. ഫലം വന്നപ്പോള്‍ ഇടതുപക്ഷം തോറ്റു. യു.ഡി.എഫിന്റെ വിജയാഹ്ലാദ പ്രകടനം ഫാത്വിമയുടെ വീടിനു മുന്നിലെത്തിയപ്പോള്‍ 'അജിതപ്പെണ്ണ് എവിടെപ്പോയി, അറബിക്കടലില്‍ മുങ്ങിപ്പോയോ' എന്ന മുദ്രാവാക്യമാണ് മുഴങ്ങിയത്. വീടിനു മുന്നില്‍ തമ്പടിച്ച സംഘത്തിനു നേരെ ഞാന്‍ ഇവിടെ തന്നെയുണ്ട് എന്നു പറഞ്ഞ് ഇറങ്ങിയ ഇവരെ കുടുംബാംഗങ്ങള്‍ തടയുകയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് നിരോധിക്കപ്പെട്ട പ്രസ്ഥാനം എന്ന നിലക്ക് ഭീതിയോടെ ആളുകള്‍ വീക്ഷിച്ചിരുന്ന വേളയിലും ധീരമായി പ്രവര്‍ത്തകരുടെ വീടുകളില്‍ പോകാനും സേവനങ്ങളില്‍ മുഴുകാനും ഫാത്വിമ ഉമര്‍ മുന്നിലുണ്ടായിരുന്നു. അന്ന് അറസ്റ്റ് ചെയ്യപ്പെട്ട് അഞ്ച് ദിവസത്തിനു ശേഷം വിട്ടയച്ച പിതാവിനും ഭര്‍ത്താവിനും വേണ്ടി ജാമ്യം നിന്നതും ഫാത്വിമ ഉമര്‍ തന്നെ.
പൊന്നാനിയില്‍ ഇസ്‌ലാമിക് സര്‍വീസ് സൊസൈറ്റി സ്ഥാപിക്കുന്നതിലും ഫാത്വിമ ഉമറിന്റെ കൈയൊപ്പുണ്ട്. കേവലം എട്ട് പെണ്‍കുട്ടികളുമായി തുടങ്ങി മൂവ്വായിരത്തിലേറെ വിദ്യാര്‍ഥികളുള്ള സ്ഥാപനമായി വളര്‍ന്ന ഐ.എസ്.എസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയിലെ (ഏക വനിതാ) അംഗമായിരുന്നു അവര്‍. വിദേശത്തായിരിക്കുമ്പോള്‍ ഒഴിച്ച് വര്‍ക്കിം
ഗ് കമ്മിറ്റി യോഗത്തില്‍ മുടങ്ങാതെ പങ്കെടുക്കുകയും ചര്‍ച്ചകളിലും തീരുമാനങ്ങളിലും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുമായിരുന്നു.
പ്രസ്ഥാനത്തിന് അകത്തും പുറത്തും വലിയൊരു സൗഹൃദവലയമുണ്ടായിരുന്നു ഫാത്വിമ ഉമറിന്. പൊന്നാനി മഹിളാ സമാജത്തില്‍ അംഗം കൂടിയായ ഇവര്‍ ജാതിമതഭേദമന്യേ ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചു. മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ജി.എം ബനാത്ത്‌വാല മുതല്‍ നിരവധി പ്രമുഖര്‍ അവരുടെ വസതിയില്‍ സന്ദര്‍ശകരായി എത്തിയിട്ടുണ്ട്. സമയം ലഭിക്കുമ്പോഴെല്ലാം സൗഹൃദം പുതുക്കാന്‍ മാത്രമായി വീടുകള്‍ സന്ദര്‍ശിക്കലും ഫാത്വിമ ഉമറിന്റെ പതിവുകളിലൊന്നായിരുന്നു. വിവിധ മേഖലയില്‍ സ്ത്രീകള്‍ നേട്ടം കൈവരിക്കുമ്പോള്‍ അവരെ തുറന്ന് അഭിനന്ദിക്കുമായിരുന്നു. ഒരു വിദേശ യാത്രയില്‍ പൈലറ്റ് വനിതയാണെന്നറിഞ്ഞപ്പോള്‍ എയര്‍പോര്‍ട്ടില്‍ കാത്തിരുന്ന് അവരെ പ്രത്യേകം അഭിനന്ദിച്ചത് ഉദാഹരണം. മക്കളിലൊരാള്‍ ലണ്ടനിലായിരിക്കവെ ഒറ്റക്ക് യാത്ര ചെയ്തതും ഭാഷ അറിയാതെ തന്നെ അറബികള്‍ ഉള്‍പ്പെടെയുള്ളവരുമായി നാട്ടിലെയും മറ്റും സാമൂഹികാവശ്യങ്ങള്‍ക്കായി മടിയില്ലാതെ ഇടപെടാന്‍ കഴിഞ്ഞതും ആ വ്യക്തിത്വത്തിന്റെ മികവാണ്.
ജമാഅത്തില്‍ എത്തുന്നതിനു മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു ഉപ്പ എ.പി.എം കുഞ്ഞിമുഹമ്മദ്. ഖിലാഫത്ത് പ്രവര്‍ത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന അമ്മാവന്‍ എ.പി.എം അബ്ദുല്‍ അസീസ് വാഗണ്‍ ട്രാജഡി ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടയാളായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ബാലികയായിരുന്ന ഫാത്വിമ കൊടി പിടിച്ച് ജാഥയില്‍ പങ്കാളിയായിട്ടുണ്ട്.
പ്രസ്ഥാന വഴിയിലെ ഏറ്റവും ആഹ്ലാദം നിറഞ്ഞ വേള കുറ്റിപ്പുറം വനിതാ സമ്മേളനമായിരുന്നുവെന്ന് പറയാറുണ്ട്. ഒരുകാലത്ത് വിരലിലെണ്ണാവുന്ന വനിതകള്‍ മാത്രമുണ്ടായിരുന്ന പ്രസ്ഥാനത്തിന്റെ ബാനറില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ അണിനിരന്നതു കണ്ട് അവര്‍ നിര്‍വൃതി കൊണ്ടു.
കൃഷിയിലും സജീവമായിരുന്നു. നിരന്തരമായ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രാസവളം ഉപയോഗിക്കാതെ സ്വന്തം പാടത്തും പറമ്പിലും കൃഷിചെയ്യാന്‍ സമയം കണ്ടെത്തി. ഒരിക്കല്‍ പൊന്നാനി കൃഷിഭവന്‍ ആദരിച്ച അഞ്ച് കര്‍ഷകരില്‍ ഏക വനിത ഫാത്വിമ ഉമര്‍ ആയിരുന്നു. വിദേശവാസത്തിനിടയിലും സാധ്യമായ കൃഷികള്‍ ചെയ്ത് അറബിനാട്ടില്‍ വിളവെടുത്തതും ലണ്ടനിലെ വഴിയരികില്‍ മരം നട്ടതും പ്രകൃതിയോടുള്ള പ്രണയം വ്യക്തമാക്കുന്നു.
അക്ഷരങ്ങളെ സ്‌നേഹിച്ച ഫാത്വിമ ജീവിതാവസാനം വരെയും വായന കൈവിട്ടില്ല. പ്രായാധിക്യം ശരീരത്തെ തളര്‍ത്തിയപ്പോഴും മക്കളെക്കൊണ്ട് ദിനപത്രങ്ങളും ആനുകാലികങ്ങളും വായിച്ചു കേള്‍പ്പിച്ചാണ് അവസാന നാളുകളില്‍ ചെലവഴിച്ചത്. കരകൗശല ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിലും പ്രത്യേക പാടവമുണ്ടായിരുന്നു. പൊന്നാനി ഐ.എസ്.എസ് വിദ്യാര്‍ഥികള്‍ക്ക് ഏതാനും വര്‍ഷം ക്രാഫ്റ്റ് ടീച്ചറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രാസ്ഥാനിക രംഗത്ത് താങ്ങും പ്രചോദനവുമായിരുന്ന ഭര്‍ത്താവ് സി.വി ഉമര്‍ 1990-ലാണ് മരിക്കുന്നത്. ഭര്‍ത്താവിന്റെ മരണവേളയില്‍ പോലും ആ മഹിളാ രത്‌നം ഒട്ടും പതറിയില്ല. മരണാസന്നനായ ഭര്‍ത്താവിന്റെ ചെവികളില്‍ ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തും ഇനി സ്വര്‍ഗത്തില്‍ കാണാം എന്നു പറഞ്ഞ് സലാം ചൊല്ലിയും പ്രിയതമനെ യാത്രയാക്കിയതിന് മക്കള്‍ സാക്ഷി. പ്രസ്ഥാനരംഗത്ത് സന്തതസഹചാരിയായിരുന്ന ഭര്‍ത്താവിന്റെ വേര്‍പാടോടെ സജീവ പ്രവര്‍ത്തനത്തിന് തിരശ്ശീല വീഴുകയായിരുന്നു. ആറ് മക്കളും വിദേശത്തായിരുന്നതിനാല്‍ പിന്നീടുള്ള നാളുകള്‍ മക്കളോടൊപ്പം ചെലവഴിക്കുകയായിരുന്നു. വിദേശ വാസത്തിനിടയിലും പ്രവാസി ഹല്‍ഖകളില്‍ സജീവ സാന്നിധ്യമായി. മക്കളായ ശഹര്‍ബാന്‍, അശ്‌റഫ്, അസ്‌ലം, സൗദ, സല്‍മ, സാബിറ എന്നിവരും മരുമക്കളും അടങ്ങുന്ന കുടുംബം പ്രസ്ഥാന രംഗത്ത് സജീവമാണ്.
Comments