തണല്‍ മരങ്ങള്‍ ജീവനൊടുക്കുമ്പോള്‍
വെയിലു കൊള്ളാതിരിക്കാന്‍
റോഡരികില്‍ കുഴിച്ചിട്ട
തണല്‍ മരങ്ങളൊക്കെയും
ചോദിക്കാതെ, പറയാതെ
ജീവനൊടുക്കി.
ചിലത്
വീട്ടുവളപ്പില്‍ മുളപ്പിച്ചുണ്ടാക്കിയതാണ്
വേറെ ചിലത്
അന്യദേശത്തു നിന്ന്
നാടുകടത്തിക്കൊണ്ടുവന്നത്
ചങ്ങാതിയുടെ
പുസ്തക ബാഗില്‍നിന്ന്
അവനറിയാതെ
കട്ടെടുത്തതാണ് മറ്റു ചിലത്.
കൊടുങ്കാറ്റ് വന്നിട്ടും
മലവെള്ളം കേറിയിട്ടും
തരിയിളകാത്ത
തണല്‍ മരങ്ങളാണ്
വെയിലിന് ശക്തിയേറുന്ന
അത്യുഷ്ണ നേരത്ത്
ചോദിക്കാതെ, പറയാതെ
ജീവനൊടുക്കിയത്.
വെട്ടാന്‍ വന്നവന്റെ
മുഖത്തു നോക്കി
വടി ന്യായം പറഞ്ഞുനിന്നവ
പിഴുതെടുക്കലിനെ തടുക്കാന്‍
ഒരുപാടു മക്കളെപ്പെറ്റ്
പ്രതിരോധിച്ചവ
കാടിളക്കാന്‍ വന്ന കാട്ടാളനോട്
കയര്‍ത്തു നിന്നവ
മണ്ണ് നന്നല്ല
വളമിട്ടില്ല
വേണ്ടത്ര പരിചരണം കൊടുത്തില്ല
പറഞ്ഞു നില്‍ക്കാന്‍
കാരണങ്ങളേറെയുണ്ടെങ്കിലും
തണലു തീര്‍ന്നവനേ
വേദനയുടെ
ആഴമളക്കാനാവുകയുള്ളൂ..
Comments