Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 17

3231

1443 ജമാദുല്‍ അവ്വല്‍ 12

വേദങ്ങള്‍ എന്തുകൊണ്ട് പ്രവാചകന്മാര്‍ മുഖേന?

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി

എല്ലാറ്റിനും മുമ്പേ ചിന്തിക്കേണ്ട കാര്യം ഖുര്‍ആനും പൂര്‍വ വേദങ്ങളും അല്ലാഹു എന്തുകൊണ്ട് പ്രവാചകന്മാര്‍ മുഖേന ഇറക്കി എന്നതത്രെ. ലിഖിത ഗ്രന്ഥങ്ങള്‍ പൊടുന്നനെ ഇറക്കുകയും അവയുടെ ഓരോ കോപ്പി വീതം മനുഷ്യരാശിയിലെ ഓരോ വ്യക്തിക്കും എത്തിച്ചുകൊടുക്കുകയും ചെയ്യാന്‍ പടച്ച തമ്പൂരാന് സാധിക്കുമായിരുന്നില്ലേ? സാധിക്കില്ല എന്നാണെങ്കില്‍ അവന്‍ ദുര്‍ബലനാണെന്നാണ് അര്‍ഥം. പിന്നെ അവനെ ദൈവമായി അംഗീകരിക്കേണ്ട ആവശ്യം എന്തുള്ളൂ. ഇനി അവന്‍ അതിന് ശക്തനാണെങ്കില്‍- തീര്‍ച്ചയായും ശക്തന്‍ തന്നെ- പ്രബോധനത്തിനും പ്രചാരണത്തിനും അവന്‍ ഈ വഴി സ്വീകരിച്ചതെന്തിനാണ്? മറ്റേ വഴി സ്വീകരിക്കുകയാണെങ്കിലും പ്രത്യക്ഷത്തില്‍ സന്മാര്‍ഗം കാണിക്കാനുള്ള വഴിയാകാന്‍ തീര്‍ച്ചയായും അതിന് സാധിക്കുമായിരുന്നു. കാരണം, വ്യക്തമായും പ്രകൃത്യാതീതമായ ആ അത്ഭുതം കണ്ടിട്ട് സന്മാര്‍ഗം കാണിക്കാനായി ദൈവത്തിങ്കല്‍നിന്ന് വന്നതാണ് അതെന്ന് ഓരോ വ്യക്തിയും സമ്മതിക്കുമായിരുന്നു. പക്ഷേ, ദൈവം അങ്ങനെ ചെയ്തില്ല. എപ്പോഴും പ്രവാചകന്മാര്‍ മുഖേനത്തന്നെ അവന്‍ വേദങ്ങള്‍ അയച്ചുകൊണ്ടിരുന്നു. കൂടാതെ ഈ പ്രവാചകദൗത്യം നിര്‍വഹിക്കാന്‍ അവന്‍ മാലാഖമാരോടോ മറ്റ് മനുഷ്യേതര അസ്തിത്വങ്ങളോടോ കല്‍പിച്ചതുമില്ല. സദാ മനുഷ്യരെത്തന്നെ അതിനായി തെരഞ്ഞെടുത്തുകൊണ്ടിരുന്നു. ഞങ്ങള്‍ക്ക് എന്തെങ്കിലും സന്ദേശം എത്തിച്ചു തരേണ്ടതുണ്ടെങ്കില്‍ എന്തുകൊണ്ട് ദൈവം അതിന് മാലാഖമാരെ തെരഞ്ഞെടുത്തില്ല എന്ന് എല്ലാ കാലത്തെയും സത്യനിഷേധികള്‍ ചോദിച്ചുകൊണ്ടിരുന്നിട്ടുണ്ട്. എങ്കില്‍ അത് ദൈവത്തിങ്കല്‍നിന്നുള്ള സന്ദേശമാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പിക്കാമായിരുന്നല്ലോ എന്ന് അവര്‍ പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, അത്തരം ചോദ്യങ്ങള്‍ക്കൊക്കെ ഈയൊരു മറുപടിയായിരുന്നു അല്ലാഹു നല്‍കിക്കൊണ്ടിരുന്നത്; ''മാലാഖമാരെ അയക്കുകയാണെങ്കിലും നാം അവരെ മനുഷ്യരാക്കിയാണ് അയക്കുമായിരുന്നത്'' (ഖുര്‍ആന്‍, അല്‍അന്‍ആം 9).
''ഭൂമിയില്‍ വസിക്കുന്നത് മാലാഖമാരായിരുന്നെങ്കില്‍ അവരുടെ സന്മാര്‍ഗത്തിന് നാം അയക്കുക മാലാഖമാരെയാകുമായിരുന്നു'' (ബനീ ഇസ്രാഈല്‍ 95).
വേദഗ്രന്ഥങ്ങള്‍ ഇറക്കുന്നതിന് അല്ലാഹു എന്തുകൊണ്ട് പ്രവാചകന്മാരെ മാധ്യമമാക്കി? പ്രവാചകത്വത്തിന് ഇതര സൃഷ്ടിജാലങ്ങളെയൊക്കെ ഒഴിവാക്കി എന്തുകൊണ്ട് മനഷ്യരെത്തന്നെ തെരഞ്ഞെടുത്തു? ഇതാണ് ചോദ്യം. അതിന്റെ മറുപടി അല്ലാഹു തന്നെ നല്‍കുന്നുണ്ട്. ദൈവം അയച്ചിട്ടുള്ള സമസ്ത പ്രവാചകന്മാരുടെയും നിയോഗലക്ഷ്യം ദൈവികോത്തരവുകള്‍ അനുസരിച്ച് വിധികള്‍ നല്‍കുകയും ജനം ആ വിധികള്‍ അനുസരിക്കുകയും ചെയ്യുക എന്നതാണെന്ന് അല്ലാഹു നമുക്ക് വിശദീകരിച്ചു തരുന്നു. ജനങ്ങള്‍ ദൈവിക നിയമങ്ങളനുസരിച്ചായിരിക്കണം ജീവിതം നയിക്കേണ്ടത്. ലോകര്‍ ഈ പ്രവാചകന്മാരുടെ മാതൃക നോക്കിക്കൊണ്ടായിരിക്കണം ആ വിധികള്‍ പിന്‍പറ്റേണ്ടത്. ''അല്ലാഹുവിന്റെ അനുജ്ഞപ്രകാരം അനുസരിക്കപ്പെടാനല്ലാതെ ഒരു പ്രവാചകനെയും നാം അയച്ചിട്ടില്ല'' (അന്നിസാഅ്: 64). പ്രവാചകന്മാര്‍ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു. അവരൊക്കെയും പറഞ്ഞുകൊണ്ടിരുന്നു: ''ദൈവത്തെ സൂക്ഷിച്ചു ജീവിക്കുക. എന്നെ പിന്‍പറ്റുക'' (അശ്ശുഅറാഅ് 110). നബിതിരുമേനിയോടു പറയാന്‍ കല്‍പിച്ചു: ''നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ അനുസരിക്കുക. അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും'' (ആലുഇംറാന്‍: 31). ''ദൈവദൂതനില്‍ നിങ്ങള്‍ക്ക് ഉത്തമമാതൃകയുണ്ടെന്നും വിശ്വാസികളോട് പറയപ്പെട്ടിരിക്കുന്നു (അല്‍അഹ്‌സാബ് 21). ദൈവത്തിന്റെ വേദഗ്രന്ഥം മാത്രം ഇറങ്ങുകയും അവന്റെ ദൂതന്മാരൊന്നും വരാതിരിക്കുകയും ചെയ്തു എന്ന് സങ്കല്‍പിക്കുക. എങ്കില്‍ വേദസൂക്തങ്ങളുടെ അര്‍ഥനിര്‍ണയത്തില്‍ ആളുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയും ഒരു തീര്‍പ്പിലെത്താന്‍ സാധിക്കാതെ വരുകയും ചെയ്യുമായിരുന്നു. ഈ ആവശ്യം പൂര്‍ത്തീകരിക്കാന്‍ ഒരു പരിധിവരെ മാലാഖമാര്‍ക്കും സാധിക്കുമായിരുന്നു. പക്ഷേ, പവിത്രത, വിശുദ്ധി, ദൈവഭക്തി എന്നിവയുടെ വിധികള്‍ കര്‍മജീവിതത്തില്‍ പാലിക്കുക മനുഷ്യസാധ്യമല്ലെന്ന ചിന്ത ആളുകള്‍ക്കുണ്ടാകും. കാരണം, മാനുഷിക വികാരങ്ങളില്‍നിന്ന് ശൂന്യരാണ് മാലാഖമാര്‍. മനുഷ്യന്റെ ആവശ്യങ്ങളില്‍നിന്ന് നിരാശ്രയരാണ്. ഭക്തിജീവിതം നയിക്കുക അവര്‍ക്ക് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. അപ്പോള്‍ മാനുഷിക ദൗര്‍ബല്യങ്ങളുള്ളതോടൊപ്പം എങ്ങനെ നമുക്ക് അവരെ പിന്തുടരാന്‍ സാധിക്കും? അതിനാല്‍ ഈ വികാരങ്ങളും ചോദനകളും അത്തരം എല്ലാ കഴിവുകളും മാനുഷിക പരിമിതികളും ഉള്ളതോടൊപ്പം ഒരു മനുഷ്യന്‍ തന്നെ ഭൂലോകത്ത് ആഗതനാവുകയും ദൈവിക നിയമങ്ങള്‍ക്കനുസൃതമായി ജീവിതം നയിച്ച്, ഇപ്രകാരം മനുഷ്യന് ദൈവനിര്‍ദിഷ്ടമായ വഴിയിലൂടെ കര്‍മജീവിതം നയിക്കാന്‍ സാധിക്കുമെന്ന് കാണിച്ചുതരികയും ചെയ്യേണ്ടതുണ്ടായിരുന്നു. മനുഷ്യന് അഭിമുഖീകരിക്കേണ്ടിവരുന്ന എല്ലാ ജീവിത വ്യവഹാരങ്ങളും അദ്ദേഹവും അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. ആ ഇടപാടുകളിലെല്ലാം സാധാരണ മനുഷ്യരോടൊപ്പം അദ്ദേഹവും പങ്കെടുക്കേണ്ടതുണ്ടായിരുന്നു. പ്രായോഗികമായിത്തന്നെ പങ്കെടുക്കുകയും ഓരോ ചുവടുവെപ്പിലും അവര്‍ക്ക് വാഗ്‌രൂപേണയും കര്‍മമാതൃകകളിലൂടെയും മാര്‍ഗദര്‍ശനം നല്‍കേണ്ടതുണ്ടായിരുന്നു. അവര്‍ക്ക് ശിക്ഷണം നല്‍കേണ്ടതുണ്ടായിരുന്നു. ജീവിതത്തിന്റെ സങ്കീര്‍ണ വഴികളില്‍നിന്ന് രക്ഷപ്പെട്ട് എങ്ങനെ സത്യത്തിന്റെയും നന്മയുടെയും നേര്‍വഴിയിലൂടെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് അവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് നമുക്ക് ഖുര്‍ആന്‍ മാത്രം പോരാ എന്ന് അല്ലാഹു തആലാ തീരുമാനിച്ചത്, ദൈവദൂതനെ പിന്‍പറ്റുകയും അവിടുത്തെ ഉത്തമമാതൃക പിന്‍പറ്റുകയും ചെയ്യേണ്ടത് അനിവാര്യമാക്കിയത്.

അനുസരിക്കേണ്ട മൂന്ന് കാര്യങ്ങള്‍
വിശുദ്ധ ഖുര്‍ആനില്‍ മൂന്ന് കാര്യങ്ങള്‍ അനുസരിക്കണമെന്ന് വിധിയുണ്ട്. ഒന്ന്, അല്ലാഹുവിന്റെ കല്‍പന. രണ്ട്, ദൈവദൂതന്റെ വിധികള്‍. മൂന്ന്, മുസ്‌ലിം ഭരണകര്‍ത്താക്കളുടെ കല്‍പനകള്‍. ''അല്ലാഹുവിനെയും ദൈവദൂതനെയും നിങ്ങളുടെ ഭരണാധികാരികളെയും നിങ്ങള്‍ അനുസരിക്കുക'' (അന്നിസാഅ് 59). ഖുര്‍ആന്‍ മാത്രം അനുസരിച്ചാല്‍ മതിയാകുമായിരുന്നുവെങ്കില്‍ തിരുദൂതരെയും ഭരണാധികാരികളെയും(ഉലൂല്‍ അംറ്) അനുസരിക്കാനുള്ള കല്‍പനയേ നല്‍കുമായിരുന്നില്ല. ഖുര്‍ആന്റെ വിധികള്‍ക്കല്ലാതെ ദൈവദൂതന്റെയും ഭരണാധികാരികളുടെയും കല്‍പനകള്‍ക്ക് ഒരു പ്രാധാന്യവുമില്ലെന്നാണെങ്കില്‍ പിന്നെ, മറ്റ് രണ്ടു കൂട്ടരെയും അനുസരിക്കണമെന്ന് വേറിട്ടു പറഞ്ഞത് നിരര്‍ഥകമായി ഭവിക്കും. മൂന്ന് വിഭാഗങ്ങളെയും അനുസരിക്കണമെന്ന് വെവ്വേറെ പറഞ്ഞതില്‍നിന്ന് ഒരു കാര്യം സ്പഷ്ടമാകുന്നു. അല്ലാഹു ഖുര്‍ആനില്‍ നേരിട്ടു നല്‍കുന്ന വിധികള്‍ക്കു പുറമെ ദൈവദൂതന്‍ നല്‍കുന്ന വിധികളും അനുസരിക്കേണ്ടത് നിര്‍ബന്ധമാണ്. അല്ലാഹുവിനെ അനുസരിക്കുന്നതു പോലെത്തന്നെയാണ് അവന്റെ ദൂതനെ അനുസരിക്കുന്നതും. ''ആര്‍ ദൈവദൂതനെ അനുസരിക്കുന്നോ അവന്‍ അല്ലാഹുവെ അനുസരിച്ചു'' (അന്നിസാഅ് 80). ഇനി ഇവ കൂടാതെ മുസ്‌ലിംകളില്‍നിന്നുള്ള ഭരണകര്‍ത്താക്കളെ അനുസരിക്കുക എന്നതും അനിവാര്യമാകുന്നു; അവരുടെ വിധികള്‍ അല്ലാഹുവിന്റെയും തിരുദൂതരുടെയും വിധികളുമായി പൊരുത്തപ്പെടുന്നതായിരിക്കണം എന്നു മാത്രം. വിരുദ്ധമാകുന്ന പക്ഷം അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും മാര്‍ഗദര്‍ശനത്തിലേക്ക് മടങ്ങേണ്ടത് നിര്‍ബന്ധമത്രെ. ''ഏതെങ്കിലും വിഷയത്തില്‍ നിങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍ അതിനെ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും നിങ്ങള്‍ മടക്കുക'' (അന്നിസാഅ് 59).
അല്ലാഹുവിന്റെ വേദഗ്രന്ഥം മാത്രം മതിയാകില്ലെന്ന് ഇതില്‍നിന്ന് മനസ്സിലായി. അതോടൊപ്പം പ്രവാചകത്വത്തിന്റെ കണ്ണിയും മുറിയാതെ നിലനില്‍ക്കുന്നുണ്ട്. അല്ലാഹുവിന്റെ വേദഗ്രന്ഥത്തിലെ വിധികള്‍ അനുസരിക്കേണ്ടത് എപ്രകാരം ബാധ്യസ്ഥമാണോ അതേപ്രകാരം ബാധ്യസ്ഥമാണ് ദൈവദൂതന്റെ വിധികള്‍ അനുസരിക്കുകയും മാതൃക പിന്‍പറ്റുകയും ചെയ്യുക എന്നതും. ഞങ്ങള്‍ അല്ലാഹുവിന്റെ വിധികള്‍ മാത്രമേ സ്വീകരിക്കൂ, റസൂലിന്റെ വിധികളും മാതൃകകളും കൈക്കൊള്ളുന്നതല്ല എന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ പ്രവാചകനുമായുള്ള ബന്ധം അവന്‍ മുറിച്ചുകളഞ്ഞു. അല്ലാഹു സ്വയം, സ്വന്തം ദാസന്മാര്‍ക്കും തന്റെ വേദഗ്രന്ഥത്തിനും മധ്യേ സ്ഥാപിച്ച അനിവാര്യമായ മാധ്യമത്തെയാണ് അവന്‍ മുറിച്ചുകളയുന്നത്. 'ദൈവത്തിന്റെ വേദം മതിയായിരുന്നു മനുഷ്യര്‍ക്ക്, ഒരു ദൂതന്‍ മുഖേന അത് അവതരിപ്പിച്ചുകൊണ്ട് ദൈവം വെറുതെ ഒരു വേണ്ടാവൃത്തി ചെയ്തിരിക്കുകയാണ്' എന്നു പറയുന്നതുപോലെയാണ് അവന്റെ ഈ പ്രവൃത്തി. ''അവര്‍ പറയുന്നതില്‍നിന്നെല്ലാം ഉന്നതനും പരിശുദ്ധനുമാണവന്‍.''

ജീവിതകാലത്ത് മാത്രമോ?
കിതാബും (വേദഗ്രന്ഥം) സുന്നത്തും (നബിചര്യ) തമ്മിലുള്ള അനിവാര്യ ബന്ധം സ്ഥാപിച്ചശേഷം ഇനി ആലോചിക്കാനുള്ള പ്രശ്‌നം ഇതാണ്: നബി തിരുമേനിയുടെ വിധികള്‍ അനുസരിക്കുകയും മാതൃക പിന്‍പറ്റുകയും ചെയ്യേണ്ടത് അവിടുത്തെ ജീവിത കാലത്ത് മാത്രം പരിമിതമാണോ? തിരുമേനിയുടെ ജീവിതകാലശേഷം അതിന്റെ ആവശ്യം അവശേഷിക്കുന്നില്ലേ? ഇല്ലെങ്കില്‍ ദൈവദൂതന്റെ പ്രവാചകത്വം തിരുമേനി ജീവനോടെ ഇരിക്കുന്ന കാലത്തേക്കു മാത്രം പരിമിതമായിരുന്നു എന്നാണ് വരിക. അവിടുന്ന് ഇഹലോകവാസം വെടിഞ്ഞതോടെ പ്രവാചകത്വപദവിയുടെ ബന്ധം പ്രായോഗികതലത്തില്‍ ഇഹലോകത്തുനിന്ന് മുറിച്ചു എന്നര്‍ഥം. അങ്ങനെ വരുമ്പോള്‍ പ്രവാചകത്വപദവി തന്നെയും കേവലം നിരര്‍ഥകമായി ഭവിക്കുകയാണ് ചെയ്യുക. ദൈവദൂതന്റെ ദൗത്യം അല്ലാഹുവിന്റെ വേദഗ്രന്ഥം എത്തിച്ചുകൊടുക്കുന്ന കേവലം ഒരു തപാല്‍ ശിപായിയുടേത് മാത്രമാണെങ്കില്‍, അതിലുപരിയായി മറ്റൊന്നിന്റെയും ആവശ്യകത ഉണ്ടായിരുന്നില്ല എന്നാണെങ്കില്‍ നാം പറയുക അത്തരമൊരു രൂപത്തില്‍ പ്രവാചകന്റെ ആവശ്യം തന്നെ ഇല്ല എന്നാണ്. ആ ദൗത്യം ഏതെങ്കിലും മാലാഖക്കും ചെയ്യാവുന്നതേയുള്ളൂ. എന്നല്ല, മാലാഖ വഴിയല്ലാതെയും അത് സാധിക്കുമായിരുന്നു. ഇനി വേദം എത്തിക്കുന്നതിനു പുറമെ മറ്റു ചില ആവശ്യങ്ങള്‍ ഉണ്ടെന്നു വെക്കുക. അതിനു വേണ്ടിയാണ് പ്രവാചകനെ പിന്തുടരാന്‍ കല്‍പനകള്‍ നല്‍കിയതെങ്കില്‍, മനുഷ്യരാശിയുടെ സന്മാര്‍ഗത്തിന് ഖുര്‍ആനോടൊപ്പം പ്രവാചകന്റെ നിര്‍ദേശങ്ങളുടെയും പ്രവാചകചര്യയുടെ കര്‍മമാതൃകയുടെയും ആവശ്യകത ഉണ്ടെന്നാണെങ്കില്‍ അതൊക്കെയും ഇരുപത്തിമൂന്ന്-ഇരുപത്തിനാല് വര്‍ഷങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തുന്നതിന് എന്തര്‍ഥമാണുള്ളത്? ഒരു നൂറ്റാണ്ടിന്റെ കാല്‍ഭാഗത്തിനു വേണ്ടി ഒരു പ്രവാചകന്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക. അത്രയും കാലയളവിലേക്ക് മാത്രം പ്രവാചകത്വത്തിന്റെ ഇത്രയും വലിയൊരു പദവി സൃഷ്ടിക്കുക. എന്നിട്ട് തിരുശരീരം ഇഹലോകവാസം വെടിയേണ്ട താമസം ദുന്‍യാവിന് ആവശ്യമില്ലാത്തവിധം അതുമായുള്ള ബന്ധം അറ്റുപോവുക. അതേസമയം അത് സന്മാര്‍ഗമാധ്യമമാണെന്ന് ശക്തിയുക്തം ഊന്നിപ്പറയുക. എന്താ ഒരു കുട്ടിക്കളിയാണോ ഇതൊക്കെ? യുക്തിമാനും സര്‍വശക്തനുമായ ദൈവത്തിന്റെ മഹദ് പദവിക്ക് ഭൂഷണമാണോ ഇതെല്ലാം?
ഈ ആരോപണം അല്ലാഹു തന്നെ തന്റെ വേദഗ്രന്ഥത്തില്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. മുഹമ്മദ് നബിയോട് അവന്‍ പറയുന്നു: ''താങ്കളെ നാം ലോകത്തിന് ആസകലം അനുഗ്രഹമായിട്ടല്ലാതെ അയച്ചിട്ടില്ല'' (അല്‍അമ്പിയാഅ്: 107). നബിതിരുമേനിയുടെ പ്രവാചകത്വത്തിന്റെ ഉദാരനിര്‍ഭരമായ അനുഗ്രഹം തിരുമേനിയുടെ കാലക്കാര്‍ക്ക് മാത്രം പരിമിതമായിരുന്നെങ്കില്‍ അവിടുത്തെ ലോകാനുഗ്രഹി എന്ന് വിശേഷിപ്പിക്കാന്‍ എങ്ങനെ സാധിക്കും? അവിടുന്ന് എന്നെന്നും നിലനില്‍ക്കുന്ന ഖുര്‍ആന്‍ കൊണ്ടുവന്നവനാണ്, അതിനാല്‍ സമസ്ത ലോകത്തിനുമുള്ള അനുഗ്രഹം എന്നു പറയുന്നത് അവിടുന്നല്ല ഖുര്‍ആനാണ് എന്നാണ് വാദമെങ്കില്‍ പിന്നെ, അവിടുത്തെക്കുറിച്ച് അനുഗ്രഹമെന്ന് പറയുന്നത് വെറുതെയാണ് എന്നാണ് അതിനര്‍ഥം. അതേസമയം അല്ലാഹു തആലാ ഖുര്‍ആനെക്കുറിച്ച് വേറെത്തന്നെ അനുഗ്രഹമാണെന്ന് പറഞ്ഞിട്ടുണ്ട്. അതുമായി ആഗതനായവനെക്കുറിച്ചും വേറെതന്നെയാണു അനുഗ്രഹമെന്നു പറഞ്ഞിട്ടുള്ളത്. 'താങ്കളെ നാം ജനങ്ങള്‍ക്ക് ആകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പുകാരനുമായല്ലാതെ അയച്ചിട്ടില്ല. പക്ഷേ, മിക്ക ജനങ്ങളും അറിവില്ലാത്തവരാണ്' (സബഅ് 28) എന്നു പറഞ്ഞതിലൂടെ ഖുര്‍ആന്‍ ഒരു കാര്യത്തിലേക്ക് വ്യക്തമായ സൂചന നല്‍കുന്നു. അതായത് നിയുക്തനായ കാലം തൊട്ട് അന്ത്യനാള്‍ വരെ ദൈവത്തിന്റെ ദാസന്മാരില്‍ 'ജനം' എന്ന് ആര്‍ക്കൊക്കെ പറയാമോ അവര്‍ക്കൊക്കെയും അല്ലാഹുവിങ്കല്‍നിന്നുള്ള പ്രവാചകനാണ് മുഹമ്മദ് നബി. ഒരു സവിശേഷ കാലഘട്ടത്തിലേക്കുള്ള പ്രവാചകനായിരുന്നില്ല അവിടുന്ന്. പ്രത്യുത ഏത് കാലം വരെ ഭൂമുഖത്തെ 'മനുഷ്യര്‍' വസിക്കുന്നുവോ ആ കാലം വരെ അവിടുത്തെ പ്രവാചകത്വം നിലനില്‍ക്കും. ഉപര്യുക്ത ഖുര്‍ആന്‍ സൂക്തത്തില്‍ പ്രയോഗിച്ചിരിക്കുന്നു 'ജനം' എന്ന വാക്കിന്റെ ഉദ്ദേശ്യം ഒരു പ്രത്യേക കാലഘട്ടത്തിലെ ജനമാണെന്നതിന്റെ യാതൊരു സൂചനയും പ്രസ്തുത സൂക്തത്തിലില്ല. പിന്നീടുള്ള പ്രത്യേക കാലത്തിലേക്ക് പരിമിതപ്പെടുന്ന സൂക്ഷ്മാല്‍ സൂക്ഷ്മമായ സൂചനയുമില്ല. മറിച്ച് അവിടുത്തെ പ്രവാചകത്വപദവി ശാശ്വതവും അനന്തവുമാണെന്ന വ്യാഖ്യാനത്തെ ഇതര സൂക്തങ്ങള്‍ പിന്തുണക്കുന്നുണ്ട്. തിരുമേനിയിലൂടെ അല്ലാഹു ദീന്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ''ഇന്ന് നാം നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ പൂര്‍ത്തിയാക്കിത്തരികയും എന്റെ അനുഗ്രഹം തീര്‍ത്തും നിങ്ങളില്‍ ചൊരിയുകയും ചെയ്തിരിക്കുന്നു'' (അല്‍മാഇദ: 3). അവിടുത്തോടു കൂടി പ്രവാചകത്വ പരമ്പരക്ക് സമാപനം കുറിച്ചിരിക്കുകയാണ്. ''മുഹമ്മദ് നിങ്ങളിലാരുടെയും പിതാവല്ല. പ്രത്യുത ദൈവദൂതനും അന്ത്യപ്രവാചകനുമാകുന്നു. സര്‍വജ്ഞനാകുന്നു അല്ലാഹു'' (അല്‍അഹ്‌സാബ് 40). ഇതര പ്രവാചകന്മാര്‍ക്ക് നല്‍കപ്പെട്ട വേദഗ്രന്ഥങ്ങളില്‍നിന്ന് വ്യത്യസ്തമായി അവിടുന്ന് കൊണ്ടുവന്ന വേദഗ്രന്ഥം എന്നന്നേക്കുമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ പൂര്‍വവേദങ്ങള്‍ സവിശേഷ കാലഘട്ടങ്ങളിലേക്കുള്ള മാര്‍ഗദര്‍ശനങ്ങളായിരുന്നു; ഇതാകട്ടെ ശാശ്വത മാര്‍ഗദര്‍ശകവും. ''നാമാണ് അത് അവതരിപ്പിച്ചത്. നാം തന്നെ അത് സംരക്ഷിക്കുന്നതുമാണ്'' (അല്‍ ഹിജ്ര്‍: 9).
മുഹമ്മദ് നബിയുടെ പ്രവാചക ദൗത്യം എന്നന്നേക്കുമുള്ളതാണെന്ന് ഇതില്‍നിന്ന് തെളിഞ്ഞു. അങ്ങനെ വരുമ്പോള്‍ നബിയുടെ വിധികള്‍ അനുസരിക്കുന്നത് നിര്‍ബന്ധ ബാധ്യതയാക്കുന്ന എല്ലാ ഖുര്‍ആന്‍ സൂക്തങ്ങളും വിധികളും എന്നന്നേക്കുമുള്ളതാണ്. അവിടുത്തെ അസ്തിത്വത്തെ ഉത്തമ മാതൃകയാക്കിയിരിക്കുന്നു. അവിടുത്തെ പിന്‍പറ്റുന്നത് ദൈവപ്രീതി നേടാനുള്ള വഴിയാണെന്ന് പറഞ്ഞിരിക്കുന്നു. സന്മാര്‍ഗം അവിടുത്തെ പിന്തുടരുന്നതുമായി ബന്ധിപ്പിച്ചിരിക്കുന്നു (അല്‍ബഖറ 137). ദൈവപ്രീതി നേടുകയും സന്മാര്‍ഗം പ്രാപിക്കുകയും ചെയ്യുക എന്നത് നബിയുടെ സമകാലികര്‍ക്കെന്നപോലെ ഇക്കാലത്തെ ആളുകള്‍ക്കും ആവശ്യമാണ്. അന്ത്യനാള്‍ വരെയുളള ജനത്തിനൊക്കെയും അത് വേണ്ടതുണ്ട്. ഈ രണ്ടു സംഗതികളും നബിതിരുമേനിയെ പിന്തുടരുകയും അവിടുത്തെ ജീവിതമാതൃക അനുകരിക്കുകയും ചെയ്യുന്നതില്‍ ബന്ധിതമാണെങ്കില്‍ നബിചര്യയുടെ ആ പവിത്ര മാതൃകയും വെളിപാട് ഭാഷയുടെ വക്താവിന്റെ ആ വിശുദ്ധ അനുജ്ഞകളും വിശുദ്ധ ഖുര്‍ആനോടൊപ്പം അവശേഷിക്കേണ്ടതുണ്ട്. നബിയുടെ സമകാലീനര്‍ സന്മാര്‍ഗം പ്രാപിച്ച അവ അവശേഷിക്കാത്ത പക്ഷം പിന്‍തലമുറയുടെ സന്മാര്‍ഗം അപൂര്‍ണമായി അവശേഷിക്കുകയായിരിക്കും ഫലം.
'സന്മാര്‍ഗം അപൂര്‍ണമായി അവശേഷിക്കും' എന്ന വാക്കുകള്‍ വളരെ മൃദുവായാണ് ഞാന്‍ പ്രയോഗിച്ചിരിക്കുന്നത്. വേദഗ്രന്ഥങ്ങളുടെ അവതരണവുമായി പ്രവാചകത്വത്തെ അറ്റുപോകാത്തവിധം അല്ലാഹു ബന്ധിപ്പിച്ചത് പരിഗണിക്കുമ്പോഴും ഈ വിഷയകമായി ആദിമുതല്‍ക്കേ അല്ലാഹു പാലിച്ചുപോരുന്ന മാറ്റമില്ലാത്ത നടപടിക്രമം കണക്കിലെടുക്കുമ്പോഴും ഞാന്‍ പറയേണ്ടിയിരുന്നത് ദൈവദൂതന്റെ വിധികളും പ്രവാചകമാതൃകയും അവശേഷിക്കില്ലെങ്കില്‍, പ്രവാചകജീവിതത്തിലെ ആ വിശുദ്ധ ഉറവ അടഞ്ഞുപോവുകയാണെങ്കില്‍ പിന്നെ അല്ലാഹുവിന്റെ വേദഗ്രന്ഥം മുഖേന മാത്രം ലോകത്തിന് സന്മാര്‍ഗവെളിച്ചം കിട്ടുക അസാധ്യമാകും എന്നായിരുന്നു. കാരണം, പ്രവാചകന്റെ അടയാളങ്ങള്‍ മാഞ്ഞുപോയ ശേഷം അല്ലാഹുവിന്റെ വേദഗ്രന്ഥം അവശേഷിക്കുക എന്നത് ദൈവദൂതനില്ലാതെ ദൈവത്തിന്റെ വേദഗ്രന്ഥം ഇറങ്ങുന്നതു പോലെയാകും. വേദഗ്രന്ഥം അവതരിച്ചശേഷം പ്രവാചകന്റെ അടയാളങ്ങള്‍ അവശേഷിക്കേണ്ട ആവശ്യമില്ലെങ്കില്‍ പിന്നെ അതിറങ്ങുന്നതിന് പ്രവാചകന്റെ തന്നെ ആവശ്യമില്ല. ഇത് ദൈവത്തിന്റെ യുക്തിജ്ഞാനത്തിനെതിരെയുള്ള തുറന്ന ആക്രമണമാണ്. വേദമിറങ്ങുന്നതിനോടൊപ്പം പ്രവാചകനും അനിവാര്യമാണെന്ന പക്ഷം പ്രവാചകന്റെ അടയാളങ്ങളും അവശേഷിക്കേണ്ടത് അനിവാര്യമത്രെ. പ്രവാചകന്റെ അടയാളങ്ങളുടെ അഭാവത്തില്‍ വേദഗ്രന്ഥത്തിന് മാത്രമായി സന്മാര്‍ഗം കാണിക്കാന്‍ സാധിക്കുകയില്ല. അതിന്റെ കാരണം എളുപ്പത്തില്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രവാചകന്റെ അടയാളങ്ങള്‍ തേഞ്ഞുമാഞ്ഞുപോയാല്‍ പിന്നെ, മുസ്‌ലിം ജനസമൂഹം തങ്ങളുടെ പക്കല്‍ ഐതിഹ്യങ്ങളും മിത്തുകളുമല്ലാതെ ഒന്നുമില്ലാത്ത സമുദായങ്ങളുടേതു പോലെയായിത്തീരും. നിങ്ങളുടെ വേദം ഇറങ്ങി എന്ന് പറയപ്പെടുന്ന ആ വ്യക്തിയുടെ സ്ഥിതിഗതികള്‍ എന്താണെന്ന് ഞങ്ങള്‍ക്കൊന്ന് വിശദീകരിച്ചുതരൂ, അവ പരിശോധിച്ച് അയാള്‍ ദൈവത്തിന്റെ പ്രവാചകനാകാന്‍ യോഗ്യനാണോ എന്ന് നോക്കട്ടെ എന്ന് ആളുകള്‍ പറയുമ്പോള്‍ നമുക്ക് യാതൊന്നും അവരോട് പറയാന്‍ സാധിക്കുകയില്ല. നിങ്ങളുടെ നബിയുടെ പ്രവാചകത്വം സ്ഥാപിക്കുന്ന, ഖുര്‍ആന്റെ അവകാശവാദത്തെ പിന്തുണക്കുന്ന ഖുര്‍ആന് ബാഹ്യമായ എന്ത് തെളിവാണ് നിങ്ങളുടെ അടുക്കലുള്ളതെന്ന് ജനം ചോദിക്കുമ്പോള്‍ ഒരു തെളിവും നമുക്ക് സമര്‍പ്പിക്കാനുണ്ടാവുകയില്ല. എപ്പോള്‍, ഏത് പരിതഃസ്ഥിതികളിലാണ് ഖുര്‍ആന്‍ അവതരിച്ചതെന്ന് നമുക്ക് തന്നെയും മനസ്സിലാവുകയില്ല. നബിതിരുമേനിയുടെ വ്യക്തിപ്രഭാവത്തിലും വിശുദ്ധ ജീവിതത്തിലും ആകൃഷ്ടരായി കൂട്ടംകൂട്ടമായി എങ്ങനെ ജനങ്ങള്‍ വിശ്വാസം കൈക്കൊണ്ടു? എങ്ങനെയാണ് നബിതിരുമേനി ജനങ്ങളുടെ മനഃസംസ്‌കരണം സാധിച്ചെടുത്തത്? എങ്ങനെ 'ഹിക്മത്ത്' പഠിപ്പിച്ചു? എങ്ങനെ ദിവ്യസൂക്തങ്ങളുടെ പാരായണത്തിലൂടെ സത്യജ്ഞാനപ്രകാശം പ്രസരിപ്പിച്ചു? എങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘാടനത്തിന്റെയും പരിഷ്‌കരണത്തിന്റെയും മഹാദൗത്യം നിര്‍വഹിച്ചു? മനുഷ്യബുദ്ധിക്കതീതമായ ശരീഅത്തിന്റെ സമഗ്രവും യുക്തിഭദ്രവുമായ ചട്ടങ്ങള്‍ രൂപപ്പെടുത്തിയെടുത്തു? ഇതൊന്നും തന്നെ സുന്നത്തിന്റെ അഭാവത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നില്ല. അവിടുന്ന് യഥാര്‍ഥത്തില്‍ തന്നെ അല്ലാഹുവിന്റെ പ്രവാചകനാണെന്നതിന്റെ അനിഷേധ്യ തെളിവുകളാണു താനും ഇതൊക്കെയും. മാത്രമല്ല, സുന്നത്ത്‌നിഷേധികള്‍ കടലിലെറിയേണ്ടതാണെന്ന് പറയുന്ന നിവേദക ശൃംഖലകള്‍ ഇല്ലായിരുന്നെങ്കില്‍ ഖുര്‍ആന്റെ നിവേദന ശൃംഖലയെ അത് കൊണ്ടുവന്ന പ്രവാചകനിലേക്കെത്തിക്കാന്‍ തന്നെ നമുക്ക് സാധ്യമാകുമായിരുന്നില്ല. ഖുര്‍ആന്‍ യഥാര്‍ഥത്തില്‍ അത് തന്നെയാണെന്നും പ്രവാചകന് അവതരിച്ച അതേ വാക്യങ്ങളാണ് അതിലുള്ളതെന്നുമുള്ളതിന് നമ്മുടെ പക്കല്‍ ഒരു തെളിവും ഉണ്ടാവുകയില്ല. സെന്ദ് അവസ്ത, ഗീത, വേദങ്ങള്‍, ബൗദ്ധ ഗ്രന്ഥങ്ങള്‍ എന്നിവയുടെ അതേ അവസ്ഥ തന്നെയാകുമായിരുന്നു നമ്മുടെ പക്കലുള്ള വേദഗ്രന്ഥത്തിന്റെയും അവസ്ഥ! അതുപോലെത്തന്നെ നമ്മുടെ മതജീവിതത്തിന്റെ അനുഷ്ഠാനങ്ങളും നിയമങ്ങളും അടിസ്ഥാനങ്ങളുമൊക്കെയും യാതൊരു 'സനദും' ഇല്ലാതെ അവശേഷിക്കുമായിരുന്നു. നമസ്‌കാരം, നോമ്പ്, ഹജ്ജ്, സകാത്ത് എന്നിവയുടെയൊന്നും അനുഷ്ഠാന രൂപങ്ങള്‍ നമുക്ക് പറഞ്ഞുകൊടുക്കാന്‍ സാധിക്കുമായിരുന്നില്ല. ഇതൊക്കെ പ്രവാചകന്‍ നിശ്ചയിച്ച രൂപത്തില്‍ തന്നെയാണോ എന്ന് സ്വയം മനസ്സിലാക്കാനും സാധ്യമല്ല. ഈ കര്‍മങ്ങള്‍ക്കെല്ലാം 'മുതവാതിറായ സുന്നത്ത്' (സഹസ്രാദി കണ്ണികളുള്ള നടപടിക്രമം) മതിയെന്നാണ് ഹദീസ് നിഷേധികള്‍ പറയുക. പക്ഷേ, ക്രോഡീകൃത രൂപത്തിലുള്ള നിവേദക പരമ്പരയുടെ അഭാവത്തില്‍ തലമുറതലമുറയായി കൈമാറിവന്നു എന്നതല്ലാതെ എന്ത് 'മുതവാതിറായ സുന്നത്താ'ണ് ഇതിനുള്ളത്? ഇവ്വിധം 'മുതവാതിറായ സുന്നത്തുകള്‍' ഹിന്ദുക്കളുടെയും ബൗദ്ധരുടെയും ഇതര സമുദായങ്ങളുടെയും പക്കലുമില്ലേ? ഞങ്ങളുടെ ആരാധനകളും ആചാരങ്ങളുമെല്ലാം കഴിഞ്ഞുപോയ മഹാന്മാരിലൂടെ പരമ്പരാഗതമായി സിദ്ധിച്ചതാണെന്നാണ് അവരും പറയുന്നത്. എന്നാല്‍ ഇന്ന് അവരുടെ ഈ 'മുതവാതിറായ സുന്നത്തുകളെ' കുറിച്ച്, എന്താണ് അവയുടെ അടിസ്ഥാനമെന്നും കാലക്രമത്തില്‍ എങ്ങനെയെല്ലാം മാറിമറിഞ്ഞാണ് അവ ഈ ലോകത്തിലെത്തിയിട്ടുള്ളതെന്നും ആര്‍ക്കറിയാം എന്ന് ലോകവും അവരില്‍തന്നെയുള്ള പുരോഗമനവാദികളും സംശയം പ്രകടിപ്പിക്കുന്നില്ലേ? ആചാരഭ്രമം (Ritualism) എന്ന് ഇന്ന് അവയൊക്കെ പരിഹസിക്കപ്പെടുന്നില്ലേ? ആരെങ്കിലും അവയില്‍ മാറ്റം വരുത്തി പുതുതായി ഒന്ന് ആവിഷ്‌കരിച്ചാല്‍ ഈ 'അനാചാര'ത്തിനെതിരെ പൂര്‍വപിതാക്കള്‍ നടന്നു വരുന്ന സമ്പ്രദായത്തില്‍ മാറ്റം അരുതെന്ന ന്യായമല്ലാതെ മറ്റെന്തെങ്കിലും തെളിവ് അതിനെതിരെ ഉന്നയിക്കപ്പെടാറുണ്ടോ? അപ്പോള്‍, നമ്മുടെ കാലം മുതല്‍ നബിയുടെ കാലം വരെ എല്ലാ സംഭവവങ്ങളും വാക്കുകളും എത്തിച്ചേരുന്ന, ഹദീസ്‌നിഷേധികളുടെ അഭീഷ്ടപ്രകാരമുള്ള നിവേദകശൃംഖലകള്‍ ഇല്ലാത്ത പക്ഷം, നമ്മുടെ അടുത്തും 'സത്യാന്വേഷി' സാഹിബിന്റെ ഭാഷില്‍ 'സുന്നത്ത് മുതവാതിറയായ' കര്‍മപരമ്പര മാത്രമാണ് അവശേഷിക്കുന്നതെങ്കില്‍ നമ്മുടെ മതവിശ്വാസകര്‍മങ്ങളുടെയും അവസ്ഥ ഹിന്ദുക്കളുടെയും ഇതര സമുദായങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ പോലെ കേവലം ഐതിഹ്യകഥകളായി അവശേഷിക്കുകയല്ലേ ചെയ്യുക?1 ഇത് ഇസ്‌ലാമിന്റെ ശക്തിക്കും ഭദ്രതക്കുമാണോ വഴിവെക്കുക, അതോ അടിത്തറ പൊളിക്കുന്ന ദൗര്‍ബല്യത്തിനോ? ചിന്തിച്ചു നോക്കുക.
അല്ലാഹുവിന്റെ കിതാബിനോടൊപ്പം തിരുദൂതരുടെ സുന്നത്തും നിലനില്‍ക്കേണ്ടത് ഖണ്ഡിതമായൊരു ആവശ്യവും അനിവാര്യതയുമാണെന്ന് ഈ ചര്‍ച്ചയില്‍നിന്ന് തികച്ചും വ്യക്തമാകുന്നതാണ്. 

(തുടരും)

കുറിപ്പ്
1. വിവാഹം, ഉറൂസുകള്‍, ദുഃഖാചരണം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഇന്ന് മുസ്‌ലിംകളില്‍ കാണപ്പെടുന്ന എല്ലാ ആചാരങ്ങളും ഹദീസുകളുടെ അഭാവത്തില്‍ 'സുന്നത്ത് മുതവാതിറയാക്കാന്‍ പറ്റുന്നതാണ്. ഹദീസുകള്‍ നിഷേധിക്കുന്നതോടെ ഈ 'സുന്നത്ത് മുതവാതിറ' തള്ളാന്‍ കഴിയാതെ വരികയും ചെയ്യും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 1-3
ടി.കെ ഉബൈദ്‌

ഹദീസ്‌

ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌
വഖ്ഫിന്റെ മഹത്വം