Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 17

3231

1443 ജമാദുല്‍ അവ്വല്‍ 12

വഖ്ഫ്: ചരിത്രത്തിലെ ശോഭന ചിത്രങ്ങള്‍

മഹ്മൂദ് ഖാലിദ്

ഹിജ്‌റ എട്ടാം നൂറ്റാണ്ടില്‍ മംലൂകുകളുടെ ഭരണത്തിനു കീഴിലുണ്ടായ ദമസ്‌കസിലെ വഖ്ഫ് സംരംഭങ്ങളെ നേരില്‍ കണ്ട പ്രമുഖ സഞ്ചാരി ഇബ്‌നു ബത്തൂത്ത ഇങ്ങനെ കുറിക്കുന്നു: ''ദമസ്‌കസിലെ വഖ്ഫ് സംവിധാനങ്ങള്‍ ബാങ്കുകളിലോ പണമിടപാട് സ്ഥാപനങ്ങളിലോ പരിമിതമായിരുന്നില്ല. ഹജ്ജ് ചെയ്യാന്‍ സാമ്പത്തികമായും ശാരീരികമായും അശക്തരായവര്‍ക്ക് സൗകര്യമൊരുക്കുക, സാമ്പത്തിക ശേഷിയില്ലാത്ത വിവാഹപ്രായമെത്തിയ പെണ്‍കുട്ടികള്‍ക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്തി വിവാഹം കഴിപ്പിക്കുക, തടവുകാരെ മോചിപ്പിക്കുക, വഴിയാത്രക്കാര്‍ക്ക് ഭക്ഷണം, വസ്ത്രം, പാഥേയം മുതലായ സൗകര്യങ്ങളൊരുക്കുക തുടങ്ങിയ സംരംഭങ്ങള്‍ക്കെല്ലാം അക്കാലത്ത് പ്രത്യേകം വഖ്ഫ് സംവിധാനങ്ങളുണ്ടായിരുന്നു. മാത്രമല്ല റോഡുകളുടെ നിര്‍മാണത്തിനും ഇരു വശങ്ങളിലുമുള്ള നടപ്പാതകളുടെ സൗന്ദര്യവത്കരണത്തിനുമെല്ലാം വഖ്ഫ് സംരംഭങ്ങളുണ്ടായിരുന്നു. ഇവ കൂടാതെ ചാരിറ്റിക്കു വേണ്ടി മാത്രമായുള്ള വഖ്ഫുകള്‍ വേറെയുമുണ്ട്.''
ഇബ്‌നു ബത്തൂത്ത പാത്രങ്ങളുടെ വഖ്ഫിനെക്കുറിച്ച് രസകരമായ ഒരു കഥ പറയുന്നുണ്ട്: ''ഒരിക്കല്‍ ഞാന്‍ ദമസ്‌കസിലെ ഇടവഴികളിലൂടെ നടന്നു പോവുകയായിരുന്നു. അപ്പോള്‍ മംലൂക് വംശത്തില്‍ പെട്ട ഒരു കുട്ടിയെ കണ്ടു. അവന്റെ കൈയില്‍ ഒരു ചൈനീസ് നിര്‍മിത പാത്രമുണ്ടായിരുന്നു. പിഞ്ഞാണ മാതൃകയിലുള്ള ആ പാത്രം അവിചാരിതമായി അവന്റെ കൈയില്‍നിന്ന് നിലത്തേക്ക് വീണ് ഉടഞ്ഞു. ഇതു കണ്ട് ജനം തടിച്ചുകൂടി. ചുറ്റും കൂടി നിന്നവര്‍ ആ കുട്ടിയോട് ആ പാത്രത്തിന്റെ കഷ്ണങ്ങള്‍ ശേഖരിച്ച് അത് വഖ്ഫ് ചെയ്ത ഉടമയെ ഏല്‍പിക്കാന്‍ പറഞ്ഞു. കുട്ടി പാത്രാവശിഷ്ടങ്ങള്‍ ഉടമയെ ഏല്‍പിച്ചപ്പോള്‍ അദ്ദേഹം അതുപോലൊന്ന് തിരികെ നല്‍കി. ഇത് മനോഹരമായ ഒരു സല്‍പ്രവൃത്തിയാണ്.''
വഖ്ഫ് ചെയ്യപ്പെട്ട ആശുപത്രികളുടെ കാര്യത്തില്‍ അക്കാലത്ത് സര്‍ഗാത്മകമായ ചുവടുവെപ്പുകളായിരുന്നു മുസ്‌ലിം സമൂഹത്തിന്റേത്. വഖ്ഫിനെക്കുറിച്ച് പരാമര്‍ശിക്കുന്ന രേഖകളില്‍ ആശുപത്രികളില്‍ ഓരോ രോഗികള്‍ക്കും അടച്ചുറപ്പുള്ള പ്രത്യേകം പ്രത്യേകം പാത്രങ്ങളില്‍ മാത്രമേ ഭക്ഷണം നല്‍കാവൂ എന്ന നിബന്ധനകളുണ്ടായിരുന്നു. ഒരു രോഗിയുടെ പാത്രത്തില്‍നിന്ന് മറ്റൊരു രോഗി ഭക്ഷണം കഴിക്കാന്‍ ഇടവരരുത്.
ഉറക്കക്കുറവുള്ള രോഗികള്‍ക്ക് പ്രത്യേകം സജ്ജമാക്കിയ ഹാളുകളുണ്ടായിരുന്നു. ഉറക്കം കിട്ടാന്‍ അവര്‍ക്കവിടെ പാട്ടുകള്‍ കേള്‍ക്കാനും കഥകള്‍ ആസ്വദിക്കാനുമുള്ള സൗകര്യങ്ങളുണ്ടായിരുന്നു. ഈജിപ്തില്‍ ഫ്രഞ്ച് അധിനിവേശം സംഭവിക്കുന്നതു വരെ ഇത് തുടര്‍ന്നിരുന്നതായി ഫ്രഞ്ച് ചരിത്രകാരന്മാര്‍ തന്നെ രേഖപ്പെടുത്തുന്നുണ്ട്.
ഉസ്മാനിയ ഭരണകാലത്ത് വിചിത്രവും എന്നാല്‍ വളരെ ഉപകാരപ്രദവുമായ ഒരു വഖ്ഫ് സംരംഭത്തെക്കുറിച്ച് ഡോ. മുസ്ത്വഫ സിബാഈ  പറയുന്നു: ''ശാമിലെ ട്രിപ്പോളി നഗരത്തില്‍ വിചിത്രമായ ഒരു വഖ്ഫിനെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. ദിനേന ആശുപത്രികള്‍ സന്ദര്‍ശിക്കുകയും രോഗികളോട് അവരുടെ ചാരത്തിരുന്ന് പ്രസന്നവദരരായി സംസാരിക്കുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന രണ്ട് പേര്‍ക്ക് പ്രത്യേകമായി ഒരു തുക തൊഴില്‍ വേതനമായി മാറ്റിവെക്കപ്പെട്ടിരുന്നു.''
ഇസ്‌ലാമിക നാഗരികത രൂപപ്പെടുത്തിയ ജീവകാരുണ്യത്തിലധിഷ്ഠിതമായ വഖ്ഫ് സംവിധാനത്തിന്റെ ഗുണഭോക്താക്കള്‍ മനുഷ്യരില്‍ പരിമിതപ്പെട്ടിരുന്നില്ല.  മൃഗങ്ങളെ ചികിത്സിക്കുന്നതിനും പരിപാലിക്കുന്നതിനുമായി പ്രത്യേകം വഖ്ഫുകളുണ്ടായിരുന്നു. രോഗം ബാധിച്ചതും പ്രായമേറിയതുമായ മൃഗങ്ങളുടെ പരിപാലനത്തിനും ചികിത്സക്കുമായി പ്രത്യേകം വഖ്ഫുകളുണ്ടായിരുന്നു. ദമസ്‌കസിലെ അത്തരം ചില വഖ്ഫ് സംവിധാനങ്ങള്‍ പില്‍ക്കാലത്ത് ഫുട്‌ബോള്‍ മൈതാനങ്ങളായിത്തീര്‍ന്നു. പൂച്ചകള്‍ക്ക് ഭക്ഷണം കഴിക്കാനും ഉറങ്ങാനുമായി വഖ്ഫ് ചെയ്യപ്പെട്ട പ്രത്യേക ഇടങ്ങള്‍ അക്കാലത്തുണ്ടായിരുന്നു.
ഉസ്മാനീ ഭരണകാലത്ത് പബ്ലിക് ലൈബ്രറികളും സ്‌കൂളുകളും ധാരാളമായി വഖ്ഫ് ചെയ്യപ്പെട്ടു. സമ്പന്നരും ദരിദ്രരും ഒരുപോലെ വിദ്യ അഭ്യസിക്കുന്ന വഖ്ഫ് ചെയ്യപ്പെട്ട കലാലയങ്ങളായിരുന്നു ഏറെയും. മഗ്‌നേസ്യയിലെ സുല്‍ത്താന്‍ മുറാദ് സ്‌കൂള്‍, കോണ്‍സ്റ്റാന്റിനോപ്പിളിലെ സുല്‍ത്താന്‍ സലീം സ്‌കൂള്‍, സുല്‍ത്താന്‍ അഹ്മദ് സ്‌കൂള്‍, മക്കയിലെ സുല്‍ത്താന്‍ മുറാദിയ്യ സ്‌കൂള്‍, സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് സ്‌കൂള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്.
അക്കാലത്ത് അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലെത്തിച്ചേരുന്ന അധ്യാപകരുടെ യാത്ര സുഗമമാക്കുന്നതിനും അവരുടെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ ആയാസരഹിതമാക്കുന്നതിനും അവര്‍ യാത്ര ചെയ്യാന്‍ ഉപയോഗിച്ചിരുന്ന കോവര്‍ കഴുതകളും അവയുടെ ചെലവുകളും വഖ്ഫില്‍ വകയിരുത്തിയിരുന്നു.
ഉസ്മാനിയാ ഖിലാഫത്തിന്റെ കീഴില്‍ ദരിദ്രര്‍ക്ക് വിവാഹാഘോഷ വേളകളില്‍  സവിശേഷമായി ധരിക്കാനുള്ള ആഭരണങ്ങളും വിവാഹവേദികള്‍ അലങ്കരിക്കാനുള്ള വസ്തുക്കളും ഉപകരണങ്ങളും ഉപാധികളും വഖ്ഫ് ചെയ്യപ്പെട്ട വസ്തുക്കളില്‍നിന്ന് വായ്പയായി നല്‍കിപ്പോന്നിരുന്നു. വിവാഹാഘോഷങ്ങളെല്ലാം കഴിഞ്ഞ് സൗകര്യം പോലെ അവ മടക്കിക്കൊടുത്താല്‍ മതി. അവ വഖ്ഫ് സ്വത്തായതിനാലും പ്രത്യേകിച്ച് വാടക നല്‍കേണ്ടാത്തതിനാലും ദരിദ്രര്‍ക്ക് ആ സംവിധാനം വലിയ ആശ്വാസമായിരുന്നു.
മധ്യകാല സ്‌പെയിനില്‍ കത്തോലിക്കരുടെ പീഡനം തീര്‍ത്ത നരകയാതനയില്‍നിന്ന് രക്ഷപ്പെട്ട് അഭയാര്‍ഥികളായെത്തിയ അന്തലൂസ്യക്കാരെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും മൊറോക്കോയില്‍ വഖ്ഫ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
വിവ: എ.പി ശംസീര്‍
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 1-3
ടി.കെ ഉബൈദ്‌

ഹദീസ്‌

ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌
വഖ്ഫിന്റെ മഹത്വം