വഖ്ഫ് ബോര്‍ഡ് ഇസ്‌ലാമിക സംവിധാനത്തെ അട്ടിമറിക്കാന്‍ ഇടതുപക്ഷത്തിന്റെ ആസൂത്രിത ശ്രമം
കേരള വഖ്ഫ് ബോര്‍ഡിനു കീഴിലെ നിയമനങ്ങള്‍ പി.എസ്.സി വഴിയാകണമെന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ വിവാദ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ കേരള വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു.
ഇന്ത്യയില്‍ വഖ്ഫ് ബോര്‍ഡ് രൂപീകരിക്കപ്പെടുന്നത് ഏതു ഘട്ടത്തിലാണ്?
നൂറ്റാണ്ടുകളായി ഇന്ത്യയില്‍ വഖ്ഫ് സ്വത്തും സംവിധാനങ്ങളും ഉണ്ടായിരുന്നെങ്കിലും രാജ്യം സ്വാതന്ത്ര്യം നേടി ഏഴു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, 1954-ലാണ് കേന്ദ്ര വഖ്ഫ് ബോര്‍ഡ് രൂപീകരിക്കുന്നത്. ഇതിനു മുമ്പ് മുസ്‌ലിം ഭരണം നിലവിലുണ്ടായിരുന്നപ്പോള്‍ വഖ്ഫ് പരിപാലനത്തിന് അവയുടേതായ ചില സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അതൊന്നും വ്യവസ്ഥാപിതമോ കേന്ദ്രീകൃത സ്വഭാവമുള്ളതോ ആയിരുന്നില്ല. ഇന്നത്തെ ഇന്ത്യ പോലെ, ഒരു ഏകീകൃത രാജ്യം അന്ന് ഉണ്ടായിരുന്നില്ലല്ലോ. നാട്ടുരാജ്യങ്ങളായിരുന്നു പഴയ ഇന്ത്യ എന്ന് നമുക്കറിയാം. അന്ന് വിവിധ മുസ്‌ലിം വേദികള്‍ അവരുടേതായ രീതിയില്‍ വഖ്ഫ് പരിപാലിച്ചു വരികയായിരുന്നു. വഖ്ഫ് ഭൂമികളുടെ സംരക്ഷണം ഗവണ്‍മെന്റിന്റെ റൂള്‍സ് ആന്റ് റെഗുലേഷന്‍സ് പാലിച്ചുകൊണ്ട് അക്കാലത്ത് നടന്നിട്ടുണ്ടാകില്ല. അതത് പ്രാദേശിക, മഹല്ല് കമ്മിറ്റികള്‍ വഖ്ഫ് പരിപാലനം നിര്‍വഹിക്കുന്നതായിരുന്നു രീതി. പഴയ കാല വഖ്ഫ് സ്വത്തുക്കള്‍ ഏറെ ഉണ്ടല്ലോ. ബാബരി മസ്ജിദ് അത്തരമൊരു പുരാതന വഖ്ഫ് സ്വത്തായിരുന്നു.
1954-ല്‍ വഖ്ഫ് ബോര്‍ഡ് രൂപീകരിക്കാന്‍ പ്രത്യേകമായ കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നോ?
വഖ്ഫ് ബോര്‍ഡ് രൂപീകരണത്തിന് വഴിവെച്ച പ്രത്യേകമായ ഒരു കാരണം ഉള്ളതായി അറിവില്ല. സ്വാതന്ത്ര്യാനന്തരം രാജ്യത്ത് എല്ലാറ്റിനും ക്രമവും വ്യവസ്ഥയും നിയമവും ഉണ്ടായിവരുന്നതിന്റെ ഭാഗമായിരുന്നു വഖ്ഫ് ബോര്‍ഡ് രൂപീകരണം എന്നാണ് മനസ്സിലാകുന്നത്. ഇവിടെ കുറേയേറെ വഖ്ഫ് ഭൂമികളും സ്ഥാപനങ്ങളും ഉണ്ടായിരുന്നു. മത സ്ഥാപനങ്ങളായതിനാല്‍, മതനിയമങ്ങള്‍ കൃത്യമായി പാലിച്ച്, മതാത്മക സ്വഭാവത്തില്‍ പ്രവര്‍ത്തിക്കേണ്ടതുകൊണ്ട്, ഇവക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ ഒരു മതേതര ഗവണ്‍മെന്റിന് കഴിയുകയില്ല. ഓരോ മതവിഭാഗത്തിനകത്തും ഇത്തരം സംവിധാനങ്ങള്‍ ഉണ്ടാക്കി, അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണ് ഒരു മതേതര ഗവണ്‍മെന്റ് ചെയ്യേണ്ടത്. അതിനു വേണ്ടിയാണ് വഖ്ഫ് ബോര്‍ഡ് രൂപീകരിച്ചത്. വഖ്ഫ് സ്വത്തിന്റെ സംരക്ഷണമാണ് ബോര്‍ഡിന്റെ പ്രധാന ചുമതല. ഒരു വ്യക്തിയുടെ ഭൂമി അദ്ദേഹം സ്വയം സംരക്ഷിക്കും. വഖ്ഫ് സ്വത്ത് അല്ലാഹുവിന്റേതാണ്. ദൈവം നേരിട്ട് വന്ന് ഈ സ്വത്ത് സംരക്ഷിക്കില്ലല്ലോ. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് അതിന്റെ സംരക്ഷകരും കൈകാര്യകര്‍ത്താക്കളും. യഥാവിധി നോക്കി നടത്തിയില്ലെങ്കില്‍ വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോകും. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ വഖ്ഫ് സ്വത്തുക്കള്‍ വലിയ തോതില്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. 'കേരളം മാത്രമാണ് വഖ്ഫ് സംരക്ഷണത്തില്‍ മാതൃക' എന്നാണ് യു.പി.എ ഗവണ്‍മെന്റിന്റെ കാലത്ത് കേരളം സന്ദര്‍ശിച്ച ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെ.പി.സി) പറഞ്ഞത്. കേരളത്തില്‍ അന്യാധീനപ്പെട്ട ഭൂമി കുറവാണ്.
വഖ്ഫ് എന്നത് അല്ലാഹുവിനു വേണ്ടി നീക്കിവെച്ച, അല്ലെങ്കില്‍ അല്ലാഹുവിന്റെ പ്രതിഫലത്തിനു വേണ്ടി മാറ്റിവെച്ച സ്വത്താണ്. അത് ഭൂമിയോ കെട്ടിടമോ ആകാം. ഇതിന്റെ പരിപാലനം അതിന്റെ മുറപ്രകാരം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് വഖ്ഫ് ബോര്‍ഡിന്റെ ചുമതല. സൂപ്പര്‍വൈസിംഗ് അതോറിറ്റിയാണ് ബോര്‍ഡ് എന്നു പറയാം.
കേന്ദ്ര ഗവണ്‍മെന്റ് 1954-ല്‍ ഉണ്ടാക്കിയ വഖ്ഫ് ആക്ട് പ്രകാരം രൂപീകൃതമായ ഇരുപത്തിയഞ്ച് സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡുകള്‍ ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുണ്ട്. ഇവയെല്ലാം പൊതുവില്‍ സുതാര്യമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ ഘടനയും രീതിയും വഖ്ഫ് ആക്ട് വിശദീകരിക്കുന്നത് പ്രകാരമാണ്. വഖ്ഫ് ആക്ടില്‍ പിന്നീട് ഭേദഗതി വരുന്നതിനനുസരിച്ച്, വഖ്ഫ് ബോര്‍ഡിലേക്ക് മെമ്പര്‍മാരെ തെരഞ്ഞെടുക്കുന്നതില്‍ വ്യത്യാസങ്ങള്‍ വരുന്നു.
വ്യത്യസ്ത മാനദണ്ഡങ്ങള്‍ പ്രകാരം തെരഞ്ഞെടുക്കുന്ന മെമ്പര്‍മാരുടെ ഒരു പൂളാണ് വഖ്ഫ് ബോര്‍ഡ്. ഇതിനു പുറമെ നിശ്ചിത ഉദ്യോഗസ്ഥരും വഖ്ഫ് ബോര്‍ഡിനു കീഴില്‍ ജോലി ചെയ്യുന്നു. വഖ്ഫ് ബോര്‍ഡിന് മൂന്ന് വേദികളാണുള്ളത്. ഒന്ന്: വഖ്ഫ് ബോര്‍ഡ്, രണ്ട്: ട്രൈബ്യൂണല്‍, മൂന്ന്: ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. പത്തു പേരാണ് വഖ്ഫ് ബോര്‍ഡ് മെമ്പര്‍മാരായി ഉണ്ടാവുക. ഒന്ന്, നിയമസഭാ സാമാജികരുടെ പ്രാതിനിധ്യം. അതുപ്രകാരം, 13 എം.എല്‍.എമാര്‍ക്ക് ഒരു വഖ്ഫ് ബോര്‍ഡ് മെമ്പര്‍ എന്നതാണ് വ്യവസ്ഥ. ഉദാഹരണമായി, നിയമസഭയില്‍ എല്‍.ഡി.എഫിന് പതിമൂന്ന് എം.എല്‍.എമാര്‍ ഉണ്ടെങ്കില്‍, അവര്‍ക്ക് വഖ്ഫ് ബോര്‍ഡില്‍ ഒരു മെമ്പര്‍, യു.ഡി.എഫിന് പതിമൂന്ന് എം.എല്‍.എമാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വഖ്ഫ് ബോര്‍ഡില്‍ ഒരു മെമ്പര്‍ എന്ന അനുപാതത്തില്‍ അംഗത്വം ലഭിക്കും. പാര്‍ലമെന്റ് മെമ്പര്‍മാര്‍ക്ക് ഒരു പ്രതിനിധിയേ ഉണ്ടാകൂ. അത് ഭൂരിപക്ഷ അടിസ്ഥാനത്തിലായിരിക്കും. പിന്നെയുള്ള ഒരു മെമ്പര്‍ അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കും. രണ്ടു പ്രാവശ്യവും സ്ത്രീകളെയാണ് ഈ തസ്തികയില്‍ നിയമിച്ചത്. ഇതു കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ഒരു വനിതാ മെമ്പറും ഉണ്ടാകും. ഒരു ലക്ഷം വരുമാനമുള്ള വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് രണ്ട് വോട്ടവകാശം ഉണ്ടായിരിക്കും. അങ്ങനെ രണ്ട് മുതവല്ലിമാരെയും വഖ്ഫ് ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കും. ഇങ്ങനെ, മൊത്തം പത്തു പേര്‍ സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡില്‍ ഉണ്ടാകും. ഈ മെമ്പര്‍മാര്‍ ചേര്‍ന്നാണ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പിന് റവന്യൂ സെക്രട്ടറി റിട്ടേണിംഗ് ഓഫീസറായിരിക്കും.
വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തന രീതി എങ്ങനെയാണ്? ബോര്‍ഡിനു കീഴില്‍ എന്തൊക്കെ കാര്യങ്ങള്‍ വരുന്നുണ്ട്?
പള്ളികള്‍ ഉള്‍പ്പെടെ വഖ്ഫ് സ്ഥാപനങ്ങള്‍ അടക്കുന്ന ഏഴ് ശതമാനം നികുതി വിഹിതമാണ് വഖ്ഫ് ബോര്‍ഡിന്റെ വരുമാനം. വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന സംഭാവനക്ക് നികുതിയില്ല. വരിസംഖ്യ, വാടക എന്നിവക്കാണ് ഏഴ് ശതമാനം ബോര്‍ഡ് വിഹിതം ചുമത്തിയിരിക്കുന്നത്. അതില്‍നിന്ന് ഒരു ശതമാനം കേന്ദ്ര ഗവണ്‍മെന്റില്‍ അടക്കണം. ബാക്കി ആറ് ശതമാനമാണ് വഖ്ഫ് ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ശമ്പളം, കെട്ടിട വാടക, ടി.എ, ഡി.എ ഉള്‍പ്പെടെയുള്ള മറ്റു ചെലവുകള്‍ എന്നിവക്കായി ഉപയോഗിക്കുന്നത്. ഞാന്‍ ചെയര്‍മാനായി ചുമതലയേല്‍ക്കുമ്പോള്‍ നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപയായിരുന്നു ബോര്‍ഡിന്റെ വാര്‍ഷിക വരുമാനം. ഞാന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയുമ്പോള്‍ 12 കോടി രൂപ വരുമാനം ലഭിക്കുന്ന അവസ്ഥയിലേക്ക് ബോര്‍ഡിനെ വളര്‍ത്താന്‍ സാധിച്ചു. എന്റെ കഴിവു കൊണ്ടല്ല, ഉദ്യോഗസ്ഥന്മാരുടെ കാര്യക്ഷമത കൊണ്ടാണ് ഈ വരുമാന വര്‍ധനവ് നേടിയെടുക്കാന്‍ സാധിച്ചത്.
വഖ്ഫ് ബോര്‍ഡ് വിവിധ തരത്തിലുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ഗവണ്‍മെന്റില്‍നിന്ന് കിട്ടുന്ന ഗ്രാന്റാണ് വഖ്ഫ് ബോര്‍ഡ് നല്‍കുന്ന വിവിധ സഹായങ്ങള്‍ക്ക് ഉപയോഗപ്പെടുത്തേണ്ടത്. എന്നാല്‍ അര്‍ഹതപ്പെട്ട ഗ്രാന്റ് ഗവണ്‍മെന്റ് ക്യത്യമായി നല്‍കുന്നില്ല. വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ പ്രയാസപ്പെടുന്ന ജീവനക്കാര്‍ക്ക് ചികിത്സാ സഹായം, വിവാഹ സഹായം ഉള്‍പ്പെടെയുള്ളവ നല്‍കുന്നു. കിഡ്‌നി ഫെയ്‌ലിയര്‍, കാന്‍സര്‍, ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍ തുടങ്ങിയ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് 15,000 രൂപ വീതം കൊടുക്കുന്നു. വിവാഹ സഹായമായി അര്‍ഹതപ്പെട്ടവര്‍ക്ക് 10,000 നല്‍കുന്നു. പൂര്‍ണമായും കിടപ്പിലായവര്‍ക്ക് പ്രതിമാസം 1000 രൂപ കൊടുക്കുന്നു. മദ്‌റസയില്‍ ജോലിചെയ്യുന്ന / ജോലിചെയ്തിരുന്ന 60 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകള്‍ക്ക്, മറ്റു പെന്‍ഷന്‍ ഒന്നും കിട്ടുന്നില്ലെങ്കില്‍, ആയിരം രൂപ മാസാന്തം പെന്‍ഷന്‍ കൊടുക്കുന്നു. ഇതെല്ലാം പാസ്സാക്കുന്നത് വഖ്ഫ് ബോര്‍ഡിന്റെ ഭാഗമായിട്ടുള്ള സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റി (എസ്.ഡബ്ല്യു.സി) ആണ്. ബന്ധപ്പെട്ട വകുപ്പു മന്ത്രി കമ്മിറ്റിയുടെ ചെയര്‍മാനും വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ വൈസ് ചെയര്‍മാനുമാണ്. മൂന്ന് മാസത്തിലൊരിക്കല്‍ ഈ കമ്മിറ്റി യോഗം ചേരും. തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറിലായിരിക്കും യോഗം.
വഖ്ഫ് ബോര്‍ഡിന്റെ വരുമാനം പന്ത്രണ്ട് കോടിയായി എന്നു പറഞ്ഞല്ലോ. ഈ വര്‍ധനവിന്റെ വഴികള്‍ എന്തൊക്കെയായിരുന്നു?
പല രീതികളിലൂടെയായിരുന്നു അത്. വഖ്ഫുകളുടെ രജിസ്‌ട്രേഷന്‍ പതിനായിരത്തിലധികം വര്‍ധിപ്പിക്കാനായി. ഇവയില്‍നിന്ന് ഏഴ് ശതമാനം വഖ്ഫ് ബോര്‍ഡ് വിഹിതമായി വരാന്‍ തുടങ്ങി. ഒന്നുമില്ലാതെ കിടക്കുന്ന ചില വഖ്ഫ് ഭൂമികളില്‍ വരുമാനം ലഭിക്കുന്ന പുതിയ പ്രോജക്റ്റുകള്‍ ആരംഭിച്ചു. രണ്ടര കോടി രൂപയുടെ പ്രോജക്റ്റ് സമര്‍പ്പിച്ചാല്‍ രണ്ട് കോടി അഥവാ 75 ശതമാനം വരെ സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് കമ്മിറ്റി (സി.ഡബ്ല്യൂ.സി) പലിശരഹിത വായ്പ കൊടുക്കും. ഇത് ബില്‍ഡിംഗ് നിര്‍മാണത്തിനും മറ്റും ഉപയോഗിക്കാം. അതുവഴി കിട്ടുന്ന വരുമാനത്തില്‍നിന്ന് വഖ്ഫ് ബോര്‍ഡിന് നികുതി ലഭിക്കും. കൂടാതെ പല സ്ഥലങ്ങളും കൃഷിക്ക് അനുയോജ്യമായ ഭൂമിയാണ്. അവിടെ കൃഷി നടത്തും. അങ്ങനെ കൃഷിക്ക് പിന്തുണ നല്‍കുന്നതിലൂടെയും വരുമാനം വര്‍ധിക്കും.
വഖ്ഫ് ബോര്‍ഡിന് ഗവണ്‍മെന്റില്‍നിന്ന് ഗ്രാന്റ് കിട്ടുന്നുണ്ടോ?
വഖ്ഫ് ബോര്‍ഡിന് ഗവണ്‍മെന്റ് ഗ്രാന്റ് നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. പക്ഷേ, അപേക്ഷ നല്‍കുമ്പോഴൊക്കെ ഗവണ്‍മെന്റിന്റെ സാമ്പത്തിക പ്രയാസം പറയുകയല്ലാതെ, ഗ്രാന്റ് നല്‍കിയിരുന്നില്ല. ഞാന്‍ ചെയര്‍മാനായിരുന്നപ്പോള്‍ ഒരു പ്രാവശ്യം മാത്രമാണ് കിട്ടിയത്. അതിനുമുമ്പ് 45 ലക്ഷം ലഭിച്ചിരുന്നു. ഞാന്‍ ചെയര്‍മാനായിരുന്നപ്പോള്‍ 65 ലക്ഷം കിട്ടി. വഖ്ഫ് ബോര്‍ഡ് ഗ്രാന്റിന് അപേക്ഷ കൊടുക്കും. കിട്ടാത്ത മുറക്ക് ഞങ്ങള്‍ ഞങ്ങളുടെ ഫണ്ടില്‍നിന്ന് എടുത്തു താല്‍ക്കാലികമായി സഹായങ്ങള്‍ കൊടുക്കുകയും ഗ്രാന്റ്് കിട്ടുമ്പോള്‍ അത് ഞങ്ങളുടെ ഫണ്ടിലേക്ക് തിരിച്ചടക്കുകയുമാണ് ചെയ്യാറ്. ഓഫീസ് ചെലവിനുള്ള ഫണ്ടില്‍നിന്ന് സഹായ ധനത്തിനു വേണ്ടി കൂടുതല്‍ എടുക്കാന്‍ പറ്റില്ല. ഗ്രാന്റ് കിട്ടാതിരുന്നാല്‍, സഹായങ്ങള്‍ നല്‍കാന്‍ പരിമിതികളുണ്ടാകും.
വഖ്ഫ് ബോര്‍ഡിന് ഏഴ് ഓഫീസുകളുണ്ട്. എറണാകുളത്ത് മാത്രമാണ് സ്വന്തമായി ബില്‍ഡിംഗുള്ളത്. ബാക്കിയെല്ലാം വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്ട് ഭൂമി വാങ്ങിയിട്ടുണ്ട്. അവിടെ ബില്‍ഡിംഗ് എടുക്കണം. കൂടാതെ ഒരു എക്സ്റ്റന്‍ഷനും ഒരു സബ് സെന്ററുമുണ്ട്. കാസര്‍കോട്ടുകാരുടെ നിരന്തര ആവശ്യം കാരണമാണ് എക്സ്റ്റന്‍ഷന്‍ അനുവദിച്ചത്. വയനാട്ടുകാര്‍ക്കു വേണ്ടി സബ് സെന്ററും ആരംഭിച്ചു. വഖ്ഫ് ബോര്‍ഡിന് ഏഴ് ഓഫീസ് മാത്രമേ പാടുള്ളൂ. അതുകൊണ്ടാണ് എക്സ്റ്റന്‍ഷനും സബ് സെന്ററും അനുവദിക്കേണ്ടി വന്നിട്ടുള്ളത്.
കേന്ദ്ര ഗവണ്‍മെന്റിന് കൊടുക്കുന്ന ഒരു ശതമാനം അവര്‍ എന്താണ് ചെയ്യുന്നത്?
വഖ്ഫ് ആക്ട് ഉണ്ടാക്കിയത് കേന്ദ്ര ഗവണ്‍മെന്റാണ്. പക്ഷേ, ഒരു ശതമാനം വിഹിതം അവര്‍ എന്തിനാണ് ചെലവഴിക്കുന്നത് എന്ന് അറിയില്ല. കേന്ദ്ര വഖ്ഫ് ബോര്‍ഡിന് വേറെ വരുമാനം കിട്ടാന്‍ വകുപ്പില്ല. അവരുടെ കീഴില്‍ വഖ്ഫ് സ്വത്തില്ല. വഖ്ഫ് സ്ഥാപനങ്ങളില്‍നിന്ന് നികുതി കിട്ടുന്നത് സംസ്ഥാന വഖ്ഫ് ബോര്‍ഡുകള്‍ക്കാണ്.
ഇപ്പോള്‍ വഖ്ഫ് ബോര്‍ഡില്‍ നിയമനം നടക്കുന്നത് എങ്ങനെയാണ്?
വഖ്ഫ് ബോര്‍ഡ് ആക്ടില്‍ പറയുന്നതനുസരിച്ച്, ജീവനക്കാരെ നിയമിക്കേണ്ടത് വഖ്ഫ് ബോര്‍ഡാണ്. ഇരുപത്തിയഞ്ച് സംസ്ഥാനങ്ങളില്‍ ഒരു സംസ്ഥാന ഗവണ്‍മെന്റിനു പോലും നേരിട്ടുള്ള നിയമനത്തിന് അനുമതി നല്‍കിയിട്ടില്ല. ഇപ്പോള്‍ 130-ന് അടുത്ത ഉദ്യോഗസ്ഥരേ കേരള വഖ്ഫ് ബോര്‍ഡിനു കീഴിലുള്ളൂ. അതില്‍ 40 ശതമാനത്തെ മാത്രമേ നേരിട്ട് നിയമിക്കാന്‍ പറ്റൂ. ബാക്കിയൊക്കെ പ്രൊമോഷന്‍ തസ്തികയില്‍ വരുന്നവരാണ്. നേരിട്ടുള്ള ഈ നിയമനം തന്നെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്ന് ശേഖരിക്കുന്ന ലിസ്റ്റില്‍നിന്നായിരിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്ന് ലിസ്റ്റ് എടുത്ത്, അതിലെ മുസ്ലിം സമുദായാംഗങ്ങളുടെ പട്ടിക തയാറാക്കി, ഇന്റര്‍വ്യൂ ബോര്‍ഡിനെ നിയമിക്കാന്‍ ഗവണ്‍മെന്റിന് അപേക്ഷ നല്‍കും. ഗവണ്‍മെന്റ് ഒരു ഇന്റര്‍വ്യൂ അതോറിറ്റിയെ നിശ്ചയിക്കും. ആ ഇന്റര്‍വ്യൂ ബോര്‍ഡ് തെരഞ്ഞെടുത്തവരെയാണ് വഖ്ഫ് ബോര്‍ഡ് ഉദ്യോഗസ്ഥരായി നിയമിക്കുന്നത്. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍, 179 ദിവസം മാത്രമേ വഖ്ഫ് ബോര്‍ഡില്‍ ജോലിചെയ്യാന്‍ പാടുള്ളൂ. വീണ്ടും 179 ദിവസം അവര്‍ക്ക് നീട്ടിക്കൊടുക്കാം. ഇത് സ്ഥിരം നിയമനമല്ല. ആവശ്യത്തിന് സ്ഥിരം ജീവനക്കാര്‍ ഉണ്ടാകുമ്പോള്‍ മാത്രമേ പല വിഷയങ്ങളിലും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ സാധിക്കൂ. സ്ഥിരം ജീവനക്കാരുടെ കുറവ് ചില കേസുകളിലും മറ്റും വഖ്ഫ് ബോര്‍ഡിന് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. പുതുതായി ചാര്‍ജെടുത്ത ഒരാള്‍ പ്രവര്‍ത്തനങ്ങള്‍ ഒക്കെ പഠിച്ച്, പരിചയിച്ചു വരുമ്പോഴേക്കും അവര്‍ക്ക് പോകാനാകും.
ഈ നിയമനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സ്വാധീനം ഉണ്ടാകാറുണ്ടോ?
വഖ്ഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനത്തില്‍ പൊതുവെ രാഷ്ട്രീയ സ്വാധീനം ഉണ്ടാകാറില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്നുള്ള ലിസ്റ്റ് പ്രകാരമാണ് ഇന്റര്‍വ്യൂ നടക്കുക. ഇന്റര്‍വ്യൂ കഴിഞ്ഞിട്ടാണ് റാങ്ക് ലിസ്റ്റ് ബോര്‍ഡിന്റെ മുന്നിലെത്തുക. ഇതില്‍ ഒരു സ്വാധീനവും ചെലുത്താന്‍ പൊതുവെ സാധിക്കുകയില്ല. ഈ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ നിയമിക്കുക. മുന്നിലുള്ള റാങ്കുകാരന്‍ സ്വമേധയാ ഒഴിഞ്ഞാല്‍ മാത്രമേ പിന്നിലുള്ള റാങ്കുകാരനെ നിയമിക്കാന്‍ പാടുള്ളൂ.
ധാരാളം വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടിട്ടുണ്ടല്ലോ. എങ്ങനെയാണ് ഇത് സംഭവിച്ചത്?
വഖ്ഫ് സ്വത്ത് പലവിധത്തില്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. പ്രാദേശിക തലത്തില്‍ കമ്മിറ്റികള്‍ക്കും ട്രസ്റ്റുകള്‍ക്കും മറ്റും കീഴിലാണ് വഖ്ഫ് സ്വത്ത് ഉണ്ടാവുക. അവരുടെ നോട്ടക്കുറവ് കാരണം വ്യക്തികള്‍ കൈയേറിയിട്ടുണ്ടാകും. പള്ളിയുടെ സ്ഥലം റോഡും വെള്ളവും കൃഷിയും മറ്റുമില്ലാതെ കിടക്കുകയാണെങ്കില്‍ പള്ളി ഭാരവാഹികള്‍ വന്നു നോക്കില്ല. ചിലപ്പോള്‍ ആധാരവും ഉണ്ടാവില്ല. വര്‍ഷങ്ങളോളം അങ്ങനെ കിടക്കുമ്പോള്‍ തൊട്ടടുത്ത് ഭൂമിയുള്ളവര്‍ ഇതും ചേര്‍ത്ത് മതില്‍ കെട്ടാം. അങ്ങനെ അതവരുടെ ഭൂമിയായി മാറും, എന്നാല്‍ അവര്‍ക്കത് വില്‍ക്കാന്‍ പറ്റില്ല.
ഭൂപരിഷ്‌കരണം മറ്റൊരു കാരണമാണ്. 1957-ലാണ് ഭൂപരിഷ്‌കരണ നിയമം വരുന്നത്. ഭൂമി പാട്ടത്തിന് എടുത്ത, കൃഷി ചെയ്തവര്‍ക്കും താമസിച്ചിരുന്നവര്‍ക്കുമൊക്കെ പട്ടയം ലഭിച്ചു. അതിലൂടെ ആ ഭൂമി അവര്‍ക്ക് സ്വന്തമായി. ഇങ്ങനെ മഞ്ചേരി യത്തീംഖാനയുടെ വഖ്ഫ് സ്വത്തുക്കള്‍ പാട്ടത്തിന് എടുത്തിരുന്ന അലവികാക്കക്ക് ഭൂപരിഷ്‌കരണത്തിലൂടെ അത് സ്വന്തമായി. പക്ഷേ പിന്നീട് അദ്ദേഹം അത് തിരിച്ചുതന്നത് ഞാന്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെയാണ്. മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ വേണ്ടി പൊതുചടങ്ങില്‍ വെച്ച് രേഖ കൈമാറണമെന്ന് ഞാന്‍ നിര്‍ദേശിച്ചു. ആ പരിപാടിയുടെ പത്രവാര്‍ത്ത കണ്ട് കുറച്ച് ആളുകള്‍ ഭൂമി തിരിച്ചുതന്ന അനുഭവമുണ്ട്.
അന്യാധീനപ്പെട്ട വഖ്ഫ് സ്വത്ത് തിരിച്ചുപിടിക്കാന്‍ വഖ്ഫ് ബോര്‍ഡ് നിയമപരമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?
വഖ്ഫ് ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത്, മുതവല്ലിയും കമ്മിറ്റിയും ഉള്‍പ്പെടെ വഖ്ഫിന്റെ മേല്‍നോട്ടക്കാര്‍ വഖ്ഫ് ബോര്‍ഡിന് പരാതി നല്‍കുകയാണ്. വഖ്ഫ് ബോര്‍ഡ് ജുഡീഷ്യല്‍ ബോഡിയാണ്. കേസ് കേള്‍ക്കും, ആരുടെ കൈവശമാണ് ഭൂമി എന്നു അന്വേഷിക്കും, അഡ്രസ് വാങ്ങി അവര്‍ക്ക് നോട്ടീസ് അയക്കും. ചിലപ്പോള്‍ അവര്‍ ഹാജരാകും. അവര്‍ ഹാജറായില്ലെങ്കില്‍ അവര്‍ക്ക് എതിരില്‍ വിധി പുറപ്പെടുവിക്കും. ഹാജരായാല്‍, അവര്‍ക്ക് പറയാനുള്ളത് ബോധിപ്പിക്കാന്‍ അവസരം നല്‍കും. ഇത് വഖ്ഫ് സ്വത്താണെന്ന് വഖ്ഫ് ബോര്‍ഡിന് ബോധ്യപ്പെട്ടാല്‍ ഡിക്ലയര്‍ ചെയ്യും. അപ്പോള്‍ എതിര്‍ കക്ഷി ട്രൈബ്യൂണലില്‍ അപ്പീലിന് പോയേക്കാം. അല്ലെങ്കില്‍ കേസിന് പോകാം. ചിലപ്പോള്‍ കോടതി സ്റ്റേ വിധിക്കും. അപ്പോള്‍ കേസ് നീളും. ചിലപ്പോള്‍ നടപ്പിലാക്കാന്‍ ഉത്തരവിടും. അപ്പോള്‍ അത് റവന്യൂ വകുപ്പിലേക്ക് പോകും. ആ ഭൂമി ഏത് ജില്ലാ കലക്ടറുടെ കീഴിലാണോ ആ ജില്ലാ കലക്ടര്‍ക്ക് അത് തിരിച്ചുപിടിക്കാന്‍ നിര്‍ദേശം കൊടുക്കും.
കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ വഖ്ഫ് ട്രൈബ്യൂണലുകള്‍ ഉണ്ടായിരുന്നു. അത് ഒന്നായി ചുരുക്കിയതോടെ ജനങ്ങള്‍ക്ക് വലിയ പ്രയാസമുണ്ടായി. ഒന്നാക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ എണ്ണം കുറയും, വാടക കൊടുക്കുകയും വേണ്ട. എന്നാല്‍ മുതവല്ലിമാര്‍ക്ക് ചെലവ് കൂടും. ഇപ്പോള്‍ കോഴിക്കോട്ട് മാത്രമാണ് ട്രൈബ്യൂണലുള്ളത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വഖ്ഫ് ബോര്‍ഡിന്റെ കേസ് കേള്‍ക്കുക. ഇതില്‍ മുസ്ലിം, അമുസ്ലിം ജഡ്ജിമാരും ഉണ്ടാകും.
കേരളത്തില്‍ എത്ര വഖ്ഫ് സ്വത്ത് അന്യാധീനപ്പെട്ടു എന്നൊരു പഠനം വഖ്ഫ് ബോര്‍ഡ് നടത്തിയിട്ടുണ്ടോ?
അങ്ങനെ നടത്തിയിട്ടില്ല. അതത് വഖ്ഫ് കമ്മിറ്റിക്കോ മുതവല്ലിക്കോ മാത്രമേ അന്യാധീനപ്പെട്ട ഭൂമിയുണ്ടോ എന്ന് അറിയൂ. അവര്‍ പരാതിയുമായി വന്നാല്‍ മാത്രമേ വഖ്ഫ് ബോര്‍ഡിന് ഇത് മനസ്സിലാകൂ. അല്ലാതെ വഖ്ഫ് ബോര്‍ഡിന് അതിന്റെ സര്‍വേയോ ജി.പി.എസോ ഉണ്ടായിരുന്നില്ല. വഖ്ഫ് ബോര്‍ഡിന്റെ കൈയില്‍ മൊത്തം വഖ്ഫ് സ്വത്തുക്കളുടെ ഒരു ഡാറ്റയും ഇല്ല. ഞാന്‍ ചെയര്‍മാനായിരിക്കെ അതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കുകയുണ്ടായി. ഞാന്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പിരിയുമ്പോള്‍ ഇതൊരു ഓര്‍ഡറായി ഫീല്‍ഡിലേക്ക് പോയിത്തുടങ്ങിയിരുന്നു. ഇപ്പോള്‍ ജി.പി.എസ് ഡാറ്റ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. വില്ലേജ് തലത്തില്‍ സര്‍വേ നടത്തി, ജി.പി.എസ് ഡാറ്റ ശേഖരിച്ച് സ്‌കെച്ചും പ്ലാനും ഉണ്ടാക്കി വഖ്ഫ് സ്വത്തിന്റെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുന്ന പ്രക്രിയ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
വഖ്ഫ് ബോര്‍ഡില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ എത്രത്തോളം കാര്യക്ഷമത ഉള്ളവരാണ്?
നൂറ് ശതമാനം കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരാണ് വഖ്ഫ് ബോര്‍ഡിലുള്ളത്. കഴിവും പ്രാപ്തിയും നിയമപരമായ അറിവുമുണ്ട്. ഇതുവരെ അവരെക്കുറിച്ച് ആരോപണങ്ങള്‍ വന്നിട്ടില്ല.
അഴിമതി ആരോപണങ്ങള്‍ എന്തെങ്കിലും?
ഒരു ആരോപണവും ഇതുവരെ ഉണ്ടായിട്ടില്ല. എന്റെ കാലത്തിന് മുമ്പും ഉണ്ടായിട്ടില്ല. കുറച്ച് പേരല്ലേ സ്ഥിരം ജീവനക്കാരായുള്ളൂ. കുറേ പേര്‍ താല്‍ക്കാലിക ഉദ്യോഗസ്ഥരാണല്ലോ. വഖ്ഫ് ബോര്‍ഡില്‍ പ്രമോഷന്‍ വഴി എത്തിപ്പെട്ട ഉദ്യോഗസ്ഥരുമുണ്ട്. അവരൊക്കെ നല്ലവരാണ്. ഏത് ഗവണ്‍മെന്റിന്റെ കാലത്താണെങ്കിലും ഈ ഉദ്യോഗസ്ഥര്‍ക്ക് മാറ്റം വരാറില്ല.
മുസ്ലിം സമുദായത്തിലെ ഏതെങ്കിലും മത, സാംസ്‌കാരിക, രാഷ്ട്രീയ സംഘടന വഖ്ഫ് സ്വത്തുക്കള്‍ കൈയേറിയതായി ആരോപണമുണ്ടോ?
ഞാന്‍ ചെയര്‍മാനായി ഇരിക്കുന്ന സമയത്ത് ഏതെങ്കിലും മത സംഘടനയോ രാഷ്ട്രീയ സംഘടനയോ വ്യക്തിയോ വഖ്ഫ് സ്വത്ത് പിടിച്ചടക്കിയതായി ആരോപണം വന്നിട്ടില്ല. മുമ്പ് അങ്ങനെ സംഭവിച്ചതായി പരാതി ഉയര്‍ന്ന കേസില്‍ ഞാനത് കര്‍ശനമായി തിരിച്ചുപിടിച്ചിട്ടുണ്ട്. തലശ്ശേരി പാനൂര്‍ ജുമുഅത്ത് പള്ളിക്ക് റോഡ് സൈഡിലായി കുറേയേറെ കടമുറികളുണ്ടായിരുന്നു. പള്ളി കമ്മിറ്റിക്കാര്‍ എന്റെ അടുത്ത് വന്ന് പരാതിപ്പെട്ടു; ആരും കടമുറികള്‍ക്ക് വാടക നല്‍കുന്നില്ല. ഞാന്‍ അവരോട് കേസ് ഫയല്‍ ചെയ്യാന്‍ പറഞ്ഞു. എല്ലാ കടക്കാര്‍ക്കും നോട്ടീസ് അയച്ചു. റിസീവര്‍ ഭരണത്തില്‍ കൊണ്ടുവന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും എന്റെ മുന്നില്‍ വന്നു. ഞാന്‍ അവരോട് പറഞ്ഞു; 'ഇത് അല്ലാഹുവിന്റെ ഭൂമിയാണ്, ഇതില്‍ രാഷ്ട്രീയമില്ല. നിങ്ങള്‍ കൈവശപ്പെടുത്തിയാല്‍ ഞാനത് തിരിച്ചു പിടിക്കും. ഇനി നിങ്ങള്‍ക്കത് വാടകക്ക് വേണോ ഞാന്‍ ടെണ്ടര്‍ വിളിച്ചു തരും.' ഇങ്ങനെ നിയമപരമായിത്തന്നെ എല്ലാം തിരിച്ചുപിടിച്ചു.
'ഉദ്യോഗസ്ഥ തലങ്ങളില്‍ രാഷ്ട്രീയ സ്വാധീനം ചെലുത്തി ചിലര്‍ വഖ്ഫ് സ്വത്തുക്കള്‍ കൈക്കലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് പി.എസ്.സി വഴി നിയമനം വേണമെന്ന് ഞങ്ങള്‍ പറയുന്നത്' എന്നാണല്ലോ ചിലര്‍ ഉന്നയിക്കുന്ന വാദം?
വാക്കാല്‍ പറയുന്ന ആരോപണങ്ങളാണ് ഇത്. ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ്, ഏത് വ്യക്തിയാണ്, ഏത് സര്‍വേ നമ്പറിലാണ്, എവിടെയുള്ള ഭൂമിയാണ് കൈയടക്കിയത് എന്ന് രേഖാമൂലം തെളിയിക്കട്ടെ. ഇപ്പോഴുള്ള നിയമം വഴിത്തന്നെ ആ ഭൂമി തിരിച്ചുപിടിക്കാം. അതിന് പി.എസ്.സി വഴി നിയമനം നടത്തേണ്ട കാര്യമൊന്നുമില്ല. പി.എസ്.സി നിയമനം വഴി ഉദ്യോഗത്തിലെത്തുന്നവര്‍ കെടുകാര്യസ്ഥത കാണിച്ചാല്‍ നാം എന്ത് ചെയ്യും!
വഖ്ഫ് ബോര്‍ഡിന്റെ വരുമാനം വഖ്ഫ് സ്വത്ത് അല്ലേ? ശമ്പളം മുഴുവന്‍ ഇതില്‍നിന്നല്ലേ കൊടുക്കുന്നത്?
വഖ്ഫ് ബോര്‍ഡിന് ലഭിക്കുന്ന വരുമാനം മുഴുവനും വഖ്ഫ് സ്വത്തുക്കളില്‍നിന്ന് ഉള്ളതാണ്. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഒരു നയാ പൈസയും ഗവണ്‍മെന്റ് തരുന്നില്ല. ഞങ്ങള്‍ക്കുള്ള യാത്രാ ചെലവ് പോലും തരുന്നത് വഖ്ഫിന്റെ ഫണ്ടില്‍നിന്നാണ്. വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ മുഴുവനും ഇസ്‌ലാമിക വിശ്വാസപ്രകാരം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വഖ്ഫ് ചെയ്തിട്ടുള്ളതും ദീനീനിയമപ്രകാരം പ്രവര്‍ത്തിക്കുന്നവയുമാണ്. ഈ പണം ഇസ്‌ലാമിക സ്വഭാവത്തിലാണ് ചെലവഴിക്കേണ്ടത്.
വഖ്ഫ് ട്രൈബ്യൂണല്‍ ഉണ്ടാക്കാന്‍ ഗവണ്‍മെന്റിന് ഫണ്ട് കടം കൊടുത്തിരുന്നു. അങ്ങനെ നല്‍കാന്‍ വകുപ്പുണ്ടോ?
വഖ്ഫ് ബോര്‍ഡിന്റെ ഒരു അതോറിറ്റിയാണ് വഖ്ഫ് ട്രൈബ്യൂണല്‍. അത് ഉണ്ടാക്കാന്‍ ഞങ്ങള്‍ ഗവണ്‍മെന്റിനോട് റിക്വസ്റ്റ് ചെയ്തു. ഫണ്ട് ഇല്ലെന്ന് പറഞ്ഞ് ഒഴിയാന്‍ നോക്കി. ഫണ്ട് തന്നാല്‍ ആലോചിക്കാമെന്ന് പറഞ്ഞു. വകുപ്പു മന്ത്രി രേഖാമൂലം ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ്, തിരിച്ചുതരണം എന്ന വ്യവസ്ഥയോടെ ഫണ്ട് നല്‍കിയത്.
എന്തുകൊണ്ടാണ് വഖ്ഫ് ബോര്‍ഡിലേക്ക് പി.എസ്.സി വഴി നിയമനം പാടില്ല എന്ന് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി പറയുന്നത്?
വഖ്ഫ് ആക്ട് പ്രകാരം വഖ്ഫ് ബോര്‍ഡ് കൈകാര്യം ചെയ്യേണ്ടത് മുസ്ലിം വിശ്വാസികളായിരിക്കണം. മുസ്ലിം നാമധാരിയായാല്‍ പോരാ. പള്ളിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മറ്റുള്ളവര്‍ക്ക് അറിഞ്ഞുകൊള്ളണമെന്നില്ല. നിയമനം പി.എസ്.സി വഴിയായാല്‍ മതപരിഗണനകള്‍ പറ്റില്ല. നിയമപ്രകാരം മുസ്ലിം വിശ്വാസി ആയിരിക്കണം. പി.എസ്.സിക്ക് വര്‍ഗ, ജാതി, വര്‍ണ വ്യത്യാസങ്ങളില്ല. അപ്പോള്‍ വഖ്ഫ് നിയമനങ്ങള്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി നടത്താന്‍ എങ്ങനെ പി.എസ്.സിക്ക് പറ്റും? നിയമനം പി.എസ്.സിക്ക് വിട്ടാല്‍ ഒന്നും രണ്ടും റാങ്കില്‍ നിയമനം കിട്ടിയവരെ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികയിലേക്ക് വിടാതെ വഖ്ഫ് ബോര്‍ഡില്‍ തളച്ചിടും. ഇപ്പോള്‍ തന്നെ അട്ടിമറികള്‍ പലതും നടന്നിട്ടുള്ള മുസ്‌ലിം സംവരണത്തെയും ഇത് ഭാവിയില്‍ ബാധിച്ചേക്കാം.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്ന് എടുക്കുന്നവരെ പി.എസ്.സി വഴി തെരഞ്ഞെടുത്ത് സ്ഥിരം നിയമനം നടത്തിക്കൂടേ?
അത് കഴിയില്ല. വഖ്ഫ് ആക്ടില്‍ പറയുന്നത് ഇത്ര ആളുകള്‍ക്ക് മാത്രമേ സ്ഥിര നിയമനം പറ്റൂ എന്നാണ്. പ്യൂണ്‍, ക്ലര്‍ക്ക്, ഡ്രൈവര്‍ എന്നീ തസ്തികയിലേക്ക് മാത്രമേ ഡയറക്ട് നിയമനം പാടുള്ളൂ. ബാക്കിയെല്ലാം പ്രമോഷന്‍ തസ്തികകളാണ്. ഇതെല്ലാം വഖ്ഫ് ആക്ടില്‍ പറയുന്നതാണ്.
വഖ്ഫ് ആക്ട് ഉണ്ടാക്കുന്നത് കേന്ദ്ര ഗവണ്‍മെന്റ് അല്ലേ? സംസ്ഥാന ഗവണ്‍മെന്റിന് അതില്‍ റോള്‍ വല്ലതുമുണ്ടോ?
സംസ്ഥാന ഗവണ്‍മെന്റിന് അതില്‍ ഒരു റോളും ഇല്ല. സംസ്ഥാന ഗവണ്‍മെന്റ് വഖ്ഫ് ആക്ടിന്റെ ലംഘനമാണ് നടത്തുന്നത്. വഖ്ഫ് ആക്ട് തിരുത്താന്‍ കേരളത്തിന് ഒരു അവകാശവും ഇല്ല. വഖ്ഫ് ആക്ടിന്റെ ലംഘനം ഭരണഘടനാ വിരുദ്ധമാണ്. ഇത് ഞങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.
സംസ്ഥാന ഗവണ്‍മെന്റ് ശമ്പളം കൊടുക്കുന്ന എല്ലാ സ്ഥാപനങ്ങളിലും പി.എസ്.സി വഴിയല്ലല്ലോ നിയമനം നടക്കുന്നത്! പ്രത്യേകിച്ചും എയ്ഡഡ് സ്‌കൂള്‍, യുനിവേഴ്‌സിറ്റി, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ്...തുടങ്ങിയവ. ഇതൊന്നും പി.എസ്.സി വഴി നടത്താതെ, ഗവണ്‍മെന്റ് ശമ്പളം കൊടുക്കാത്ത വഖ്ഫ് ബോര്‍ഡില്‍, വര്‍ഷത്തില്‍ ഒന്നോ രണ്ടോ തസ്തിക ഒഴിവ് വരുന്നിടത്ത്, നിയമനം പി.എസ്.സി വഴി ആക്കണമെന്ന് വാശി പിടിക്കുന്നതില്‍ ദുരൂഹതയില്ലേ?
തീര്‍ച്ചയായും ദുരൂഹതയുണ്ട്. യൂനിവേഴ്‌സിറ്റി തലത്തില്‍, മന്ത്രിമാരുടെ സ്റ്റാഫില്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍, സഹകരണ മേഖലയില്‍, എയ്ഡഡ് സ്‌കൂളില്‍ ആയിരക്കണക്കിന് ജോലിക്കാരുണ്ട്. എന്തുകൊണ്ട് ആ മേഖലകളിലൊന്നും പി.എസ്.സി നിയമനം നടപ്പിലാക്കുന്നില്ല? അവിടെയൊന്നും ഗവണ്‍മെന്റിന് കാര്യക്ഷമതയും അഴിമതിമുക്തിയും ആവശ്യമില്ലേ? വഖ്ഫ് ബോര്‍ഡ് മുസ്ലിംകള്‍ക്ക് വേണ്ടിയുള്ളതാണ്, അതില്‍ തൊട്ടാല്‍ കുഴപ്പം ഉണ്ടാകില്ല, മുസ്‌ലിംകളോട് എന്ത് അനീതിയുമാകാം എന്നാണ് ഇവര്‍ കരുതുന്നത്. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ രൂപീകരിച്ച പാലോളി കമ്മിറ്റി ശിപാര്‍ശകളില്‍ വെള്ളം ചേര്‍ത്തതും പിന്നെ അതിനെ അട്ടിമറിച്ചതും നാം കണ്ടതാണ്. ആദ്യം 80:20 അനുപാതമുണ്ടാക്കി, അന്ന് പ്രശ്‌നം വേണ്ടന്നു കരുതി ആരും മിണ്ടിയില്ല. ഇപ്പോള്‍, മുസ്‌ലിംകളുടെ അവകാശം എടുത്ത് ജനസംഖ്യാനുപാതികമായി വിഭജിച്ചു. അതുപോലെ, വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടാല്‍, കുറച്ചു കഴിയുമ്പോള്‍ പലരും കോടതിയില്‍ കേസ് ഫയല്‍ ചെയ്ത്, എളുപ്പത്തില്‍ നിയമനാവകാശം നേടും. അപ്പോള്‍ വഖ്ഫ് ബോര്‍ഡ് തസ്തിക ജനറല്‍ കാറ്റഗറിയിലേക്ക് മാറും.
പി.എസ്.സിക്ക് വിടുന്നതിന് നിങ്ങള്‍ ആദ്യം അനുകൂലമായിരുന്നുവെന്ന് കെ.ടി ജലീല്‍ പറഞ്ഞുവല്ലോ?
ഞാന്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നപ്പോള്‍, മന്ത്രിയെന്ന നിലയില്‍ കെ.ടി ജലീല്‍ എസ്.ഡബ്ല്യു.സിയുടെ ചെയര്‍മാനാണ്. ആയിടക്ക് ഒരു യോഗം ചേര്‍ന്നു. ആര്‍ക്കൊക്കെ ധനസഹായം കൊടുക്കണം എന്നതിന്റെ ഒരു ലിസ്റ്റ് അപ്രൂവ് ചെയ്യലായിരുന്നു ആ മീറ്റിംഗിന്റെ ഉദ്ദേശ്യം. ആ മീറ്റിംഗില്‍ വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെ കുറിച്ച് പറയുകയുണ്ടായി. അപ്പോള്‍ ഞാന്‍ ഇങ്ങനെ പ്രതികരിച്ചു; ഒന്ന്, ഈ വിഷയം അജണ്ടയിലില്ല. രണ്ട്, ഇത് നിങ്ങളുടെ മുന്നില്‍ വരേണ്ട വിഷയമല്ല. ബോര്‍ഡിന്റെ മുന്നില്‍ വരേണ്ടതാണ്. മൂന്ന്, നിങ്ങള്‍ പാസ്സാക്കുകയാണെങ്കില്‍ ഞാന്‍ അതിനോട് വിയോജിക്കുകയാണ്.
അജണ്ടയില്‍ ഇല്ലാത്തതുകൊണ്ട് അത് രേഖപ്പെടുത്താനും മിനിറ്റ്‌സില്‍ വരാനും പാടില്ല. കൂടാതെ വഖ്ഫ് ആക്ട് പ്രകാരം കേന്ദ്ര മന്ത്രിയോ സംസ്ഥാന മന്ത്രിയോ വഖ്ഫ് ബോര്‍ഡിലെ മെമ്പര്‍മാരല്ല. അവര്‍ നയപരമായ യോഗത്തിലോ വേദിയിലോ പങ്കെടുക്കാനോ ആധ്യക്ഷം വഹിക്കാനോ പാടില്ല. അന്നത്തെ റവന്യൂ സെക്രട്ടറി ഷാജഹാനാണ് അതില്‍ ഒപ്പുവെച്ചിരിക്കുന്നത്. മിനിസ്റ്ററുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ് റിയാസ് ആണ് അതില്‍ രണ്ടാമത് ഒപ്പുവെച്ചിരിയുന്നത്. ഇത് നിയമലംഘനമാണ്. ശേഷം വകുപ്പ് മന്ത്രി എന്റെ അടുത്ത് റിക്വസ്റ്റുമായി വന്നു; പി.എസ്.സിക്ക് വിടാന്‍ ബോര്‍ഡ് അംഗീകരിച്ച് തീരുമാനം പാസ്സാക്കി കൊടുക്കണം. 'ഞാന്‍ ചെയര്‍മാനായിരിക്കുന്ന കാലത്ത് അത് നടക്കില്ലെ'ന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു. 2019 ഒകേ്ടാബറില്‍ ഞാന്‍ ഇറങ്ങിയ ശേഷം ടി.കെ ഹംസ ബോര്‍ഡ് ചെയര്‍മാനായി. ഇതേത്തുടര്‍ന്ന്, 2020 ജനുവരിയിലാണ് വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്ന തീരുമാനം ബോര്‍ഡ് അംഗീകരിച്ചത്. അതില്‍ നിലവിലുള്ള ചില മെമ്പര്‍മാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്.
Comments