'തലമുറകളുടെ രാജശില്‍പി' ഉണര്‍ത്തിയ ചില പ്രവാസ സ്മരണകള്‍
ഒന്നര പതിറ്റാണ്ടിനു മുമ്പ് നമ്മോട് വിടപറഞ്ഞ എന്‍.എം ശരീഫ് മൗലവിയെക്കുറിച്ച ഓര്‍മപ്പുസ്തകം ('തലമുറകളുടെ രാജശില്‍പി'- എഡി. പി.കെ ജമാല്‍) വായിച്ചപ്പോള്‍ പ്രവാസ ജീവിതത്തിലെ ചില സംഭവങ്ങള്‍ ഒരു തിരശ്ശീലയിലെന്ന പോലെ മനസ്സില്‍ തെളിഞ്ഞുവന്നു.
ശരീഫ് മൗലവിയുടെ ഒരു കുവൈത്ത് സന്ദര്‍ശന വേളയില്‍ പരേതനായ കെ.എം രിയാലു സാഹിബും ഈയുള്ളവനും താമസിച്ചിരുന്ന ഖാദിസിയ്യയിലായിരുന്നു അദ്ദേഹത്തിന് താമസസൗകര്യം ചെയ്തത്. ഒരു ദിവസം ഔഖാഫ് മന്ത്രാലയത്തില്‍നിന്ന് ഇസ്‌ലാമിക കാര്യ മേധാവിയുമായുള്ള അഭിമുഖം കഴിഞ്ഞ് സഫാത്തിലെത്തിയ മൗലവി താമസസ്ഥലത്തേക്ക് മടങ്ങാനായി അബ്ദുല്ലാ മുബാറക് മസ്ജിദ് റൗണ്ട് എബൗട്ടില്‍ ടാക്‌സിക്കായി കാത്തുനില്‍ക്കുകയായിരുന്നു. പെട്ടെന്ന് ഒരു കാര്‍ മൗലവിയുടെ മുന്നില്‍ വന്നു നിന്നു. വണ്ടിയോടിച്ച കുവൈത്തി സലാം ചൊല്ലി മൗലവിയോട് ചോദിച്ചു:
'ഹള്‌റത്തക്, വൈന്‍ തബീ റൂഹ്, യാ ശൈഖ്?'
'ഇലല്‍ ഖാദിസിയ്യ'- മൗലവി പറഞ്ഞു.
'തഫള്ളല്‍ യാ ശൈഖ്, ഉവദ്ദീ ഹള്‌റത്തക്്, ഇന്‍ശാ അല്ലാഹ്.' മൗലവി വണ്ടിയില്‍ കയറി. കുവൈത്തി മൗലവിക്ക് സ്വയം പരിചയപ്പെടുത്തി; 'അബ്ദുല്‍ മുഹ്‌സിന്‍ ജസ്സാര്‍.' കുവൈത്തി മൗലവിയോട് ചോദിച്ചു: 'ഇന്നലെ കുവൈത്ത് ടി.വിയുടെ അഭിമുഖത്തില്‍ വന്നത് താങ്കള്‍ തന്നെയല്ലേ. ടി.വിയില്‍ കണ്ട അതേ വേഷവിധാനങ്ങള്‍ ആയതുകൊണ്ട് എനിക്ക് താങ്കളെ എളുപ്പം തിരിച്ചറിയാനായി.' തുടര്‍ന്ന് രണ്ടു പേരും പല വിഷയങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. ആ സംഭാഷണത്തില്‍ ഇന്ത്യയുടെ പൊതുവായ അവസ്ഥ, ഇന്ത്യന്‍ മുസ്‌ലിംകള്‍, ഇന്ത്യയിലെ ഇസ്‌ലാമിക ചലനങ്ങള്‍... എല്ലാം ചര്‍ച്ചാ വിഷയമായി. ഖാദിസിയ്യയിലെത്തിയ മൗലവി കാറില്‍നിന്ന് ഇറങ്ങാനിരിക്കുകയായിരുന്നു. അപ്പോഴാണ് കുവൈത്തി മൗലവിയോട് ഒരു ചോദ്യം ഉന്നയിച്ചത്; 'ശൈഖിന്റെ നാട്ടില്‍ പള്ളി ആവശ്യമുള്ള സ്ഥലങ്ങളുണ്ടോ?' മൗലവി പറഞ്ഞു: 'തീര്‍ച്ചയായും ഉണ്ട്. പള്ളി അത്യാവശ്യമായ എത്രയോ സ്ഥലങ്ങള്‍.' അബ്ദുല്‍ മുഹ്‌സിന്‍ ശരീഫ് മൗലവിയോട് പറഞ്ഞു: 'ഞങ്ങളുടെ പിതാവ് ഫഹ്ദുല്‍ ജസ്സാര്‍ മരണപ്പെട്ടുപോയി. അല്ലാഹ് യര്‍ഹംഹു. ബാപ്പയുടെ ഒരു വസ്വിയ്യത്തുണ്ടായിരുന്നു. ബാപ്പയുടെ പേരില്‍ ഒരു പള്ളി ഉണ്ടാക്കണമെന്ന്. ഞങ്ങള്‍ അനന്തരാവകാശികള്‍ അക്കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഇനി ഞങ്ങള്‍ക്ക് പള്ളിക്കുള്ള സ്ഥലം അന്വേഷിച്ചു നടക്കേണ്ടതില്ലല്ലോ. അല്‍ഹംദു ലില്ലാഹ്! ശൈഖ് നാട്ടിലെത്തിയ ഉടനെ ഒത്ത വലിപ്പമുള്ള ഒരു പള്ളി ഉണ്ടാക്കാന്‍ എത്ര ചെലവ് വരുമെന്ന് അന്വേഷിക്കുകയും അതിന്റെ പ്ലാനും എസ്റ്റിമേറ്റും അയച്ചുതരികയും വേണം.'
'തീര്‍ച്ചയായും, ഇന്‍ശാ അല്ലാഹ്.' ശരീഫ് മൗലവി സലാം പറഞ്ഞു പിരിഞ്ഞു.
ഈയുള്ളവന്‍ അന്ന് അബ്ദുല്‍ മുഹ്‌സിന്‍ ജസ്സാറിന്റെ ഓഫീസ് സെക്രട്ടറിയായി ജോലി ചെയ്തുവരികയായിരുന്നു. രണ്ടാഴ്ചയായി കാണും, അബ്ദുല്‍ മുഹ്‌സിന്‍ എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചിട്ട് പറഞ്ഞു: 'മാശാ അല്ലാഹ്, ശൈഖ് ശരീഫ് അല്‍ ഉമരിയുടെ വിവരം കിട്ടി. അഹ്മദ് ഇന്നുതന്നെ ജസ്സാര്‍ ആന്റ് റാജിഹിയില്‍ വിളിച്ച് ഏറ്റവും നല്ല റേറ്റ് വാങ്ങി ഡി.ഡി ശരിയാക്കി ശരീഫ് മൗലവിക്ക് അയച്ചുകൊടുക്കണം.'
കൊണ്ടോട്ടിയിലെ മസ്ജിദുല്‍ ഇഹ്‌സാന്റെ പിറവി അങ്ങനെയായിരുന്നു. അതിന് നിമിത്തമായ ശരീഫ് മൗലവിയുടെ കുവൈത്ത് ടി.വിയിലെ അഭിമുഖം പലതു കൊണ്ടും ശ്രദ്ധേയമായിരുന്നു. ഗള്‍ഫ് അറബ് പ്രേക്ഷകര്‍ക്ക് ഇന്ത്യന്‍ മുസ്‌ലിംകളെ സമഗ്രമായി പരിചയപ്പെടുത്തിയ ടി.വി പരിപാടി എന്ന നിലക്ക് അത് ആദ്യത്തേതായിരുന്നു എന്നു പറയാം.
ഖാദിസിയ്യയില്‍ ശരീഫ് മൗലവിയോടൊപ്പമുള്ള താമസം, സന്തോഷപ്രദവും ചിന്തനീയവുമായിരുന്നു. സംഭാഷണങ്ങള്‍ എന്നും വിവാദങ്ങളിലും സംവാദങ്ങളിലുമാണ് കലാശിക്കുക. ഒരിക്കല്‍ രാത്രിഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ രിയാലു സാഹിബിന് ഒരു സംശയം. 'മൗലവീ, തിന്നാന്‍ വേണ്ടി ആണെങ്കിലും നമ്മള്‍ മൃഗങ്ങളെ കൊല്ലുന്നത് പാപമല്ലേ.' ശരീഫ് മൗലവി പറഞ്ഞു: 'രിയാലു സാഹിബേ, എനിക്ക് നിങ്ങളുടെ ചോദ്യം വളരെ ഇഷ്ടപ്പെട്ടു. നല്ലൊരു ചോദ്യം. ആട്ടെ, ആരുടെ ഭാഗത്തുനിന്നാണ് ഈ ചോദ്യം വന്നത്?'
അതുവരെയും വാചാലനായിരുന്ന രിയാലു സാഹിബ് പെട്ടെന്ന് മൗനിയായി മാറി. 'രിയാലു സാഹിബ് പറഞ്ഞോളൂ, ചോദ്യം ആരുടെ ഭാഗത്തു നിന്നാണ്? ചോദ്യത്തിന്റെ ഉറവിടം അറിഞ്ഞാലല്ലേ നമുക്ക് ഉത്തരം പറയാനൊക്കൂ' - ശരീഫ് മൗലവി. മൗലവിയുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ പ്രയാസപ്പെടുന്ന രിയാലു സാഹിബിന്റെ നിസ്സഹായത എല്ലാവരിലും ഒരു കൂട്ടച്ചിരി ഉണര്‍ത്തി. രിയാലു സാഹിബ് എന്ത് പറയും? ചോദ്യം മൃഗങ്ങളുടെ ഭാഗത്തുനിന്നാണെന്ന് പറഞ്ഞാല്‍ താനും മൃഗങ്ങളില്‍ പെടില്ലേ എന്നതാണ് രിയാലു സാഹിബിന്റെ സംശയം. ശരീഫ് മൗലവിയുടെ നര്‍മോക്തികള്‍ ഇങ്ങനെ പോകുന്നു.
ചിരിച്ചും ചിരിപ്പിച്ചും ചിന്തിച്ചും ചിന്തിപ്പിച്ചും ജീവിതമാസകലം അകളങ്കമായ പ്രസാദാത്മകത നിലനിര്‍ത്തിയ ആ പണ്ഡിതശ്രേഷ്ഠന് സ്വര്‍ഗലോകത്ത് ഉന്നത സ്ഥാനം നല്‍കി അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ. വിദൂരമായ ഇന്ത്യാ രാജ്യത്ത് കേരള നാട്ടില്‍ ഒരു ദൈവമന്ദിരം പണിയാന്‍ സന്മനസ്സു കാണിച്ച കുവൈത്തിലെ ഫഹ്ദുല്‍ ജസ്സാര്‍ കുടുംബത്തെ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
Comments