ഭീകരതാ വ്യവഹാരങ്ങളെ ചോദ്യം ചെയ്യാനുള്ള ധീരത
9/11-ലെ സംഭവങ്ങളും അതിനെ തുടര്‍ന്ന് നടന്ന ആക്രമണങ്ങളും അടുത്ത കാലത്തായി ഐ.എസിന്റെ പൈശാചിക പ്രവൃത്തികളും ആഗോള മുസ്‌ലിം സമുദായത്തെ, പ്രത്യേകിച്ച് പല രാജ്യങ്ങളിലും ന്യൂനപക്ഷമായി കഴിയുന്നവരെ, പലവിധ ചോദ്യങ്ങള്‍ക്കും നിരന്തരം ഉത്തരം നല്‍കേണ്ടിവരുന്ന അവസ്ഥയിലേക്ക് തള്ളിയിരിക്കുകയാണ്. വിദൂരമായ നാടുകളില്‍ അവരുമായി യാതൊരു ബന്ധവുമില്ലാത്ത സംഘങ്ങള്‍ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ഇത്തരം സമ്മര്‍ദങ്ങള്‍ 'അപലപിച്ചുകൊണ്ടേയിരിക്കുന്ന രാഷ്ട്രീയ'ത്തിലേക്ക് നേതാക്കന്മാരെയും സംഘടനകളെയും കൊണ്ടെത്തിച്ചിട്ടുണ്ട്. ഐ.എസിന്റെ ചെയ്തികളെ പരസ്യമായി അപലപിക്കാത്തേടത്തോളം കാലം ഏതൊരു മുസ്‌ലിമും അവരുടെ പ്രവര്‍ത്തനങ്ങളില്‍ വേദനിക്കുന്നില്ലെന്നും അതുകൊണ്ട് അവരുടെ ആശയങ്ങളെ പിന്തുണക്കുന്നവനായിരിക്കുമെന്നുമുള്ള യുക്തിയാണ് ഇവിടെ നിലനില്‍ക്കുന്നത്. മുസ്‌ലിമല്ലാത്ത ഒരാളുടെ വേദനയും വിഷമവും പരസ്യമായ അപലപനങ്ങളില്ലാതെ തന്നെ അംഗീകരിക്കപ്പെടുകയും ചെയ്യും. സര്‍ക്കാരുകളുമായി കൈകോര്‍ത്ത് അവരുടെ ഫണ്ടുകള്‍ ഉപയോഗിച്ച് മുസ്‌ലിം യുവതയെ ഭീകരവത്കരണത്തില്‍നിന്ന് രക്ഷിച്ചെടുക്കാന്‍ ഒരുമ്പെട്ടിറങ്ങുന്ന മുസ്‌ലിം പണ്ഡിതരും സംഘടനകളും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇസ്‌ലാമിസ്റ്റുകളും ഇസ്‌ലാമിസ്റ്റ് പ്രസിദ്ധീകരണങ്ങളുമാണ് ഭീകരവത്കരണത്തിലേക്ക് നയിക്കുന്നതെന്നും ഉമ്മത്തിനെ രക്ഷിക്കാന്‍ പരിഷ്‌കരണ നടപടികള്‍ ആവശ്യമാണെന്നുമുള്ള തിരക്കഥയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. മതത്തെയും ഹിംസയെയും കുറിച്ച് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ആന്തരികവത്കരിക്കപ്പെട്ടതിന്റെ അടയാളമാണിത്. ഇതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുസ്‌ലിം മതനേതാക്കളും സംഘടനകളും തീവ്രവാദത്തെക്കുറിച്ചുള്ള പാശ്ചാത്യ കാഴ്ചപ്പാടുകളെ വിമര്‍ശനങ്ങളില്ലാതെ സ്വീകരിക്കുകയാണ് ചെയ്യുന്നത്.
മറ്റു രീതികളിലുള്ള രാഷ്ട്രീയ അക്രമങ്ങളില്‍നിന്ന് ഭീകരതയെ വേറിട്ടു കാണാനുള്ള പ്രവണത നിശിതമായി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. 'ഭീകരതാ നിരൂപണ പഠനങ്ങള്‍' എന്ന ആധുനിക പഠനമേഖല, ഭീകരതയുടെ വ്യക്തമല്ലാത്ത നിര്‍വചനങ്ങളെയും ഈ മേഖലയിലെ യാഥാസ്ഥിതിക പണ്ഡിതന്മാരുടെ അമിത സ്വാധീനത്തെയും ഭീകരവേട്ടയുടെ ഫലപ്രാപ്തിയില്ലായ്മയെയും ദേശീയതയുടെ മഹത്വവത്കരണത്തെയും 'ശത്രു'വിനെ മുന്‍നിര്‍ത്തിയുള്ള പിശാചുവല്‍ക്കരണത്തെയും ചോദ്യം ചെയ്യുന്നുണ്ട്. അതിനേക്കാള്‍ പ്രധാനമായി തീവ്രവാദത്തെക്കുറിച്ചുള്ള ഭരണകൂട കേന്ദ്രീകൃത കാഴ്ചപ്പാടും തീവ്രവാദത്തിന്റെ കാരണങ്ങളെയും സ്വഭാവങ്ങളെയും കുറിച്ച വളരെ പരിമിതമായ അവരുടെ ധാരണകളും ആഖ്യാനങ്ങളും കൂടി ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. ഇത്തരം കാഴ്ചപ്പാടുകള്‍ സര്‍ക്കാര്‍ തലത്തിലും സ്ഥാപനതലത്തിലും പൊതുവായി അംഗീകരിക്കപ്പെടുകയും ഔദ്യോഗിക നയങ്ങളെയും തീവ്രവാദത്തെ പൊതുജനം വീക്ഷിക്കുന്ന രീതിയെയും സ്വാധീനിക്കുകയും ചെയ്യുന്നു. 'ഡിസിപ്ലിനിംഗ് ടെറര്‍: ഹൗ എക്‌സ്പര്‍ട്ട്‌സ് ഇന്‍വെന്റ്ഡ് ടെററിസം' എന്ന തന്റെ പുസ്തകത്തില്‍ ലിസ സ്റ്റാംപ്‌നിസ്‌കി ചില പ്രത്യേക രാഷ്ട്രീയ അക്രമങ്ങളെ ആധികാരികമായി മനസ്സിലാക്കാന്‍ ഉപയോഗിക്കുന്ന ഒരു ആശയമായി ഭീകരത മാറിയതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ചില സ്വഭാവത്തിലുള്ള രാഷ്ട്രീയ അക്രമങ്ങളെ മാത്രം 'ഭീകരത' ആയി മുദ്രകുത്തുന്ന പ്രവണതയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്ന് അഭിമുഖങ്ങളും മുന്‍കാലരേഖകളും വെച്ച് അവര്‍ വാദിക്കുന്നു. ന്യായമായ കാരണങ്ങളില്ലാതെ സഹജമായ ദുഷ്ടത മൂലമാണ് തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നതെന്ന ആശയം മുസ്‌ലിംകളെ രക്തദാഹികളും അവിവേകികളും ആയി കണക്കാക്കുന്ന ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങളില്‍നിന്ന് കടമെടുത്തതാണ്. 1972-ല്‍ മ്യൂനിക്കില്‍ നടന്ന ബ്ലാക്ക് സെപ്റ്റംബര്‍ സംഭവത്തോടനുബന്ധിച്ച് 'ഭീകരത' എന്ന മുദ്ര വളരെ പെട്ടെന്ന് അറബ് ജനതക്ക് ചാര്‍ത്തിക്കൊടുത്തതു തന്നെ ഓറിയന്റലിസവും കലാപ പഠനങ്ങളും കണ്ടുമുട്ടുന്നയിടത്തു നിന്നാണ് ഈ കഥയുടെ ആഖ്യാനങ്ങള്‍ നടന്നതെന്ന് സൂചിപ്പിക്കുന്നുണ്ട്. തീവ്രവാദത്തെക്കുറിച്ചുള്ള പൊതുസങ്കല്‍പങ്ങള്‍ വാര്‍ത്തെടുക്കുന്നതില്‍ വിദഗ്ധര്‍ക്കുള്ള പങ്കിനെക്കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ട്. ഈ വിഷയത്തില്‍ വൈദഗ്ധ്യമുണ്ടെന്ന് പറയുന്നവരുടെ എണ്ണം നാടകീയമായി വര്‍ധിച്ചുവെന്നു മാത്രമല്ല, ഒരു സാമൂഹിക ശൃംഖല രൂപപ്പെടുകയും ചെയ്തിട്ടുണ്ട്; ഒരേ സ്വഭാവത്തിലുള്ള വേദികളിലേക്ക് ഒരേ സംഘം വിദഗ്ധര്‍ ക്ഷണിക്കപ്പെടുന്നതിലൂടെ 'തീവ്രവാദ വിദഗ്ധരുടെ മാഫിയ' രൂപപ്പെടുകയാണുണ്ടായത്.
സര്‍ക്കാരുകളും വിദഗ്ധരും ചില സന്ദര്‍ഭങ്ങളില്‍ മുസ്‌ലിം പണ്ഡിതന്മാരും ചിന്തകരും, മുസ്‌ലിം യുവതയുടെ ഭീകരവത്കരണം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുമ്പോഴും മേല്‍ സൂചിപ്പിച്ചതു പോലുള്ള പഠനങ്ങളെയോ അനുഭവഭാഷ്യങ്ങളെയോ കണക്കിലെടുക്കുന്നില്ല. 9/11, ഐ.എസിന്റെ വളര്‍ച്ച എന്നിവയെ തുടര്‍ന്ന് ഭീകരവത്കരണം എന്ന മിത്തിന് വ്യാപകമായ ശ്രദ്ധ ലഭിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ ചില തീവ്രമായ വ്യാഖ്യാനങ്ങള്‍ക്ക്- ഇസ്‌ലാമിസം, സലഫിസം എന്നൊക്കെ പൊതുവായി നിര്‍വചിക്കപ്പെടുന്നവ- മുസ്‌ലിംകളുടെ മനസ്സിനെ പിടിച്ചെടുക്കാനും അവരെ തീവ്രവാദികളായി പരിവര്‍ത്തനം ചെയ്യിക്കാനുമുള്ള ശക്തിയുണ്ടെന്ന ധാരണയില്‍നിന്നാണ് പല അവലോകന വിദഗ്ധരും ആരംഭിക്കുന്നത്. ഇത്തരം ചിന്താധാരകള്‍ എങ്ങനെയാണ് മുസ്‌ലിംകളുടെ ഇടയില്‍ വേരുപിടിക്കുന്നത് എന്ന് കണ്ടുപിടിക്കുകയാണ് പിന്നെ അവരുടെ മുന്നിലുള്ള വെല്ലുവിളി. മുസ്‌ലിംകളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്ന 'കണ്‍വേയര്‍ ബെല്‍ട്ടുകള്‍' പോലെയാണ് ഇത്തരം ആശയങ്ങളെ അവര്‍ കാണുന്നത്. അതായത് തീവ്ര നിലപാടുകള്‍ സ്വീകരിക്കുകയും അതിനുള്ള വായനകള്‍ നടത്തുകയും ചെയ്‌തൊരാള്‍ വൈകാതെ തീവ്രവാദിയാകുമെന്ന്. എന്നാല്‍ ഈ പ്രക്രിയ കുറേക്കൂടി സങ്കീര്‍ണമാണെന്നും അടുത്ത കാലത്തുണ്ടായ ഏതെങ്കിലും പ്രയാസകരമായ അനുഭവങ്ങളടക്കം മാനസികമായ കാരണങ്ങള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവാം എന്നുമാണ് മറ്റു ചിലര്‍ വാദിക്കുന്നത്. വിശദീകരണങ്ങളില്‍ എന്തൊക്കെ വ്യത്യസ്തതകള്‍ ഉണ്ടായാലും ഇതിനൊക്കെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന ധാരണ ഒന്നു തന്നെയാണ്; ഒരാളെ തീവ്രവാദിയാക്കുന്നതില്‍ മതപരമായ പ്രത്യയശാസ്ത്രങ്ങള്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട് എന്നതു തന്നെ.
തീവ്രവാദത്തിന്റെ കാരണങ്ങളെക്കുറിച്ച ഔദ്യോഗിക ആഖ്യാനങ്ങള്‍ സ്വീകരിച്ചതിന്റെ ഫലമായി നിരവധി നയങ്ങള്‍ നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. ഭീകരവത്കരണത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ വേണ്ടി മുസ്‌ലിംകളുടെ രാഷ്ട്രീയ, മത ജീവിതങ്ങള്‍ നിരീക്ഷണത്തിനിരയാക്കുക, ഭരണകൂടത്തോട് അഭിപ്രായഭിന്നത പ്രകടിപ്പിക്കുന്നവരെ കുറ്റവാളികളാക്കാന്‍ വേണ്ടി ഭീകരവിരുദ്ധ നിയമങ്ങള്‍ പ്രയോഗിക്കുക, തീവ്രവാദ സ്വാധീനം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന വിദേശ പൗരന്മാരെ രാജ്യത്തേക്ക് കടന്നുവരാന്‍ അനുവദിക്കാതിരിക്കുക, ഭീകരവത്കരണത്തിനെതിരെയുള്ള സന്ദേശം എന്ന നിലക്ക് ഗവണ്‍മെന്റുകള്‍ തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം നേതാക്കള്‍ക്ക് മാത്രം ധനസഹായം നല്‍കുക, തീവ്രപക്ഷക്കാരാണെന്ന് കരുതപ്പെടുന്ന മുസ്‌ലിം വ്യക്തികള്‍ക്കും ധര്‍മസ്ഥാപനങ്ങള്‍ക്കും മേല്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, ദേശീയ ആദര്‍ശങ്ങളോട് മുസ്‌ലിംകള്‍ക്കുള്ള കൂറ് പരസ്യമായി പ്രഖ്യാപിക്കാന്‍ സാമൂഹിക സമ്മര്‍ദം സൃഷ്ടിച്ചുകൊണ്ടിരിക്കുക മുതലായ കാര്യങ്ങള്‍ ഇതില്‍ പെടും. എന്നാല്‍ ഭീകരവത്കരണത്തെക്കുറിച്ച ഇത്തരം കാഴ്ചപ്പാടുകള്‍ക്ക് കാര്യമായ അടിത്തറയില്ലെന്നും ഇതിനെക്കുറിച്ച പഠനങ്ങള്‍ പലപ്പോഴും അപര്യാപ്തമാണെന്നും, സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെയും വിദഗ്ധരുടെയും മുന്‍ധാരണകളുടെ സ്വാധീനത്തോടെ നടക്കുന്നതാണെന്നും പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു.
2010-ല്‍ അമേരിക്കന്‍ സെനറ്റില്‍ പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനായ സ്‌കോട്ട് ആട്രാന്‍ നടത്തിയ അവതരണത്തില്‍, തീവ്രവാദത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ മതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടാവാമെങ്കിലും അവരെ അടിസ്ഥാനപരമായി തീവ്രവാദികളാക്കുന്നത് മതമല്ല എന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. നിലവിലുള്ള ഏതെങ്കിലും ശക്തികേന്ദ്രത്തോട് പൊരുതിനില്‍ക്കുന്ന സാഹസത്തിനു വേണ്ടി സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹമാണ് അവരെ നയിക്കുന്നത്. ഡെമോസ് എന്ന സംഘടനക്കു വേണ്ടി ജേമി ബാര്‍ട്ട്‌ലെറ്റും സഹപ്രവര്‍ത്തകും ചേര്‍ന്ന് 2010-ല്‍ നടത്തിയ 'ദി എഡ്ജ് ഓഫ് വയലന്‍സ്' എന്ന പഠനത്തില്‍ യൂറോപ്പിലെ 58 ഭീകരവാദികളുടെയും കാനഡയിലെ തീവ്രവാദവുമായി ബന്ധമില്ലാത്ത 28 തീവ്രപക്ഷക്കാരുടെയും കേസുകള്‍ താരതമ്യം ചെയ്യുകയും പാശ്ചാത്യ രാജ്യങ്ങളില്‍ ചില യുവാക്കളെ അല്‍ഖാഇദ സ്വാധീനിക്കുന്ന ഏതാണ്ട് അതേ രീതിയില്‍ തന്നെയാണ് മറ്റു തീവ്രപക്ഷ സംഘടനകളും ആളുകളെ സ്വാധീനിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. മനസ്സില്‍ നിരാശയും ക്രോധവും പേറുന്ന യുവാക്കളാണ് ഇങ്ങനെ സ്വാധീനിക്കപ്പെടുന്നവരില്‍ അധികവും. ഇങ്ങനെ നോക്കിയാല്‍ പലരെയും തീവ്രവാദത്തിലേക്ക് നയിക്കുന്നതില്‍ ഇസ്‌ലാമിസത്തിനുള്ളത് ആകസ്മികമായ പങ്കാണെന്ന് നമുക്ക് മനസ്സിലാക്കാം; ആ പ്രവണത അടിസ്ഥാനപരമായി അതിലുള്ളതല്ല. 'തീവ്ര' ഇസ്‌ലാമിനെ (അതിനെ എങ്ങനെയൊക്കെ നിര്‍വചിച്ചാലും) ഒരാള്‍ പിന്തുടരുന്നു എന്നതുകൊണ്ട് അയാള്‍ തീവ്രവാദത്തിലേര്‍പ്പടണം എന്ന് ഉറപ്പാകുന്നില്ല. മതത്തിന്റെ പിന്തിരിപ്പന്‍ വ്യാഖ്യാനങ്ങളെ പല കാരണങ്ങള്‍ പറഞ്ഞും വിമര്‍ശിക്കാം; എന്നാല്‍ മതവിശ്വാസം ഒരാളെ യാന്ത്രികമായി തീവ്രവാദത്തിലേക്ക് നയിക്കും എന്ന വാദം അതില്‍പെടുന്നില്ല. യൂറോപ്പിലെ മുസ്‌ലിംകളെ ആധികാരികമായ പല പഠനങ്ങള്‍ക്കും വിധേയമാക്കിയിട്ടുള്ള ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞനായ ഒലിവിയര്‍ റോയ് ഇതേ അഭിപ്രായം പങ്കിടുന്നുണ്ട്. ഹിംസയോടുള്ള താല്‍പര്യത്തിനും തീവ്രമായ മത ആശയങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അന്തരം ഏറക്കുറെ ഇല്ലാതാക്കിക്കൊണ്ടാണ് ഔദ്യോഗിക നിലപാടുകള്‍ രൂപം പ്രാപിക്കുന്നത്. എന്നാല്‍ 'ഭീകരവത്കരണം എന്ന പ്രക്രിയക്ക് മതാചാരങ്ങളുമായി വലിയ ബന്ധമില്ല. സലഫിസം പോലെയുള്ള തീവ്രവീക്ഷണങ്ങള്‍ ഹിംസയിലേക്ക് നയിക്കണമെന്നുമില്ല' എന്ന് റോയ് വാദിക്കുന്നു. 'തീവ്രവാദത്തിലേക്കുള്ള ചാട്ടം' മതത്താല്‍ പ്രേരിതമാകുന്നതിനു പകരം 'തീവ്ര ഇടതുപക്ഷം പോലെയുള്ള മറ്റു ഭിന്ന രാഷ്ട്രീയ ധാരകളുമായും പെരുമാറ്റരീതികളുമായും' പല ഗുണങ്ങളും പങ്കിടുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു. ചില ഭീകരസംഘടനകള്‍ തങ്ങളുടെ ആഖ്യാനങ്ങള്‍ മുന്നോട്ടു വെക്കാന്‍ വേണ്ടി സലഫിസം പോലെയുള്ള വിചാരധാരകളെ ഉപയോഗപ്പെടുത്തുമെങ്കിലും മതം തന്നെയാണ് ഹിംസയിലേക്ക് നയിക്കുന്നത് എന്നതിന് ഇത് തെളിവല്ല. തങ്ങളുടെ വാക്കുകള്‍ക്ക് നിയമസാധുത തോന്നിക്കാന്‍ വേണ്ടി ഇവര്‍ മതസിദ്ധാന്തങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒരു സംഘത്തെ ഒരുമിച്ചുകൊണ്ടുവരാന്‍ ഉപയോഗിക്കപ്പെടുന്ന ആശയം എന്ന റോള്‍ ആണ് ഇവിടെ മതത്തിനുള്ളത്. തീവ്രവാദത്തിന്റെ തന്നെ അടിസ്ഥാന കാരണമായി മതത്തെ കാണാനാവില്ല.
സമാനമായി, അരുണ്‍ കുന്‍ദ്‌നാനിയുടെ 'എ ഡെകേഡ് ലോസ്റ്റ്: റീ തിങ്കിംഗ് റാഡിക്കലൈസേഷന്‍ ആന്റ് എക്‌സ്ട്രീമിസം' എന്ന പുസ്തകത്തില്‍, ഭീകരവത്കരണത്തെക്കുറിച്ച മുഖ്യധാരാ ആഖ്യാനങ്ങളെ അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍, വിവേചനപരമായി പെരുമാറുകയോ വിചാരിച്ചതിന് നേര്‍വിരുദ്ധമായ ഫലങ്ങള്‍ നല്‍കുകയോ ചെയ്യുന്നുണ്ടെന്ന് സമര്‍ഥിക്കുന്നു. ഭീകരവാദം എന്നത് ഭരണകൂടവും ഭരണകൂടേതര കഥാപാത്രങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമാണെന്നും തീവ്ര മതനിലപാടുകള്‍ക്ക് ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി പരസ്പരബന്ധമില്ലെന്നും മനസ്സിലാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഒരാളെ അക്രമത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ സങ്കീര്‍ണമാണ്. തീവ്രം എന്ന് കരുതപ്പെടുന്ന ആശയങ്ങള്‍ പിന്തുടരുന്നതുകൊണ്ടു മാത്രം അവര്‍ തീവ്രവാദത്തിലേക്ക് നയിക്കപ്പെടുന്നില്ല. ഭീകരവാദത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരൊറ്റ കാരണം മാത്രമാണെന്ന വാദത്തെ പിന്തുണക്കാന്‍ അധികം തെളിവുകളില്ലെന്നും അദ്ദേഹം പറയുന്നു. തീവ്ര ചിന്താഗതികളെ നിയന്ത്രിക്കുകയും കുറ്റവത്കരിക്കുകയും ചെയ്യുന്നതിനു പകരം, അക്രമത്തില്‍ ഉള്‍പ്പെടുകയോ അതിന് പ്രചോദനമാവുകയോ ചെയ്‌തേക്കാം എന്ന് കാരണസഹിതം സംശയിക്കാവുന്ന വ്യക്തികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യേണ്ടത്. പൊതുയിടങ്ങളില്‍ പ്രകടിപ്പിക്കാവുന്ന ആശയങ്ങളെ നിയന്ത്രിക്കുന്നതിനു പകരം അവ തുറന്നു പറയാന്‍ അനുവദിക്കുന്നതാണ് അക്രമ പ്രവണതകളെ തടയുന്നതില്‍ കൂടുതല്‍ ഫലപ്രദം എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇത്തരം പഠനങ്ങളെ കണ്ടില്ലെന്നു നടിച്ച് തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പഴി സൗകര്യപൂര്‍വം ഇസ്‌ലാമിസ്റ്റ് കൂട്ടായ്മകള്‍ക്കു മീതെ മാത്രം കൊണ്ടുവെക്കാനാണ് മുസ്‌ലിം പണ്ഡിതന്മാരിലെ ഒരു വിഭാഗം ശ്രമിക്കുന്നത്. മുസ്‌ലിംകള്‍ പരസ്പരം പഴി ചാരുന്നതു മാത്രമല്ല ഇവിടെ പ്രശ്‌നം. മുസ്‌ലിം സമുദായത്തിന് സ്വയംനിയന്ത്രണം ആവശ്യമുണ്ടെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ ഇത്തരം ആഖ്യാനങ്ങള്‍ക്ക് ശക്തിയുള്ളതിനാല്‍ ഈ പ്രവണതകള്‍ അത്യന്തം അപകടകരമാണ്. ഇത്തരത്തിലുള്ള സ്വയം നിയന്ത്രണങ്ങള്‍ മുസ്‌ലിം സമുദായത്തിന് എന്തൊക്കെ ആവാം, എന്തൊക്കെ ആയിക്കൂടാ എന്ന തീരുമാനത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കും. ലോകത്തിന്റെ പല കോണുകളില്‍ ന്യായമായ കാരണങ്ങള്‍ക്കു വേണ്ടി നടക്കുന്ന മുസ്‌ലിം ചെറുത്തുനില്‍പ്പുകള്‍ക്കു ലഭിക്കേണ്ട പിന്തുണ പോലും ഇല്ലാതാക്കിക്കളയാന്‍ ഇത്തരം സ്വയംനിയന്ത്രണങ്ങള്‍ക്ക് സാധിക്കും. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നടക്കുന്ന എല്ലാ തരത്തിലുമുള്ള മുസ്‌ലിം രാഷ്ട്രീയ ആവിഷ്‌കാരങ്ങളെയും ഒറ്റപ്പെടുത്താനോ ഇക്കാര്യങ്ങളില്‍ കൂട്ടമൗനം പാലിക്കാനോ മുസ്‌ലിം രാഷ്ട്രീയ ഇടപെടലുകളെ വിവാദവത്കരിക്കാനോ ഒക്കെ സമുദായത്തെ പാകപ്പെടുത്തുകയാണ് യഥാര്‍ഥത്തില്‍ ഇത്തരം സ്വയംനിയന്ത്രണങ്ങള്‍.
ആഗോള ഭീകരവേട്ടയുടെ ഏറ്റവും ഗുരുതരമായ അനന്തരഫലങ്ങളിലൊന്നാണ്, മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയ മേഖലയിലുള്ള സ്വയംനിര്‍ണയാവകാശത്തെ ഇല്ലായ്മ ചെയ്യാനുള്ള ഇത്തരം ശ്രമങ്ങള്‍. 'ഭീകരവാദ പ്രതിരോധ' നയങ്ങള്‍ സത്യത്തില്‍ അരാഷ്ട്രീയവത്കരണത്തിനു വേണ്ടിയുള്ള നീക്കങ്ങളാണ്. നമ്മള്‍ ആഗോള ഭീകരവേട്ടയുടെ മൂന്നാം ദശകത്തിലേക്ക് കടക്കുന്ന ഈ വേളയില്‍ മുസ്‌ലിം സമുദായത്തിനു മുന്നില്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്: ഒന്ന്, തീവ്രവാദവുമായി ബന്ധപ്പെട്ട് ഇത്രയും കാലം നിലനിന്നിരുന്ന ഔദ്യോഗിക ആഖ്യാനങ്ങളെ തുടര്‍ന്നും സ്വീകരിച്ചു പോരുക; അല്ലെങ്കില്‍, ദേശീയ, ആഗോള തലങ്ങളില്‍ ഭീകരവേട്ടയുടെ ഭാഗമായി വരുന്ന ചര്‍ച്ചകളിലെയും നയങ്ങളിലെയും ഭാഷയെയും ആശയങ്ങളെയും നിരന്തരം ചോദ്യം ചെയ്യുന്ന ഇസ്‌ലാമിസ്റ്റ് പാരമ്പര്യത്തെ പുനരുദ്ധരിക്കുക. പാശ്ചാത്യം എന്ന ആശയത്തെ പുതിയ രൂപത്തില്‍ വിഭാവന ചെയ്തുകൊണ്ട്, മുസ്‌ലിംകളുടെ വംശീയവത്കരണത്തിലും ഇസ്‌ലാമോഫോബിയയിലും ഊന്നിയും ഇസ്‌ലാമും ഹിംസയും തമ്മില്‍ ബന്ധം സ്ഥാപിച്ചെടുത്തും ഭീകരവത്കരണത്തെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ മെനഞ്ഞുമാണ് മുസ്‌ലിംകളെക്കുറിച്ചുള്ള ദേശീയ, അന്തര്‍ദേശീയ ബിംബങ്ങള്‍ പാകപ്പെടുത്തിയിട്ടുള്ളത് എന്ന് നമ്മള്‍ കണ്ടതാണ്. മുസ്‌ലിംകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയും അവരെ നിശ്ശബ്ദരാക്കുന്നതില്‍ പങ്കു വഹിക്കുകയും ചെയ്യുന്ന ഇത്തരം കാഴ്ചപ്പാടുകളെ നമ്മുടെ കൂടി വ്യവഹാരങ്ങളുടെ ഭാഗമാക്കുന്നതിനു പകരം ഇതിനെതിരെ ധൈര്യപൂര്‍വം ശബ്ദമുയര്‍ത്തുകയാണ് വേണ്ടത്. ഇത്തരം അടിത്തറകളെ വലിച്ചു താഴെയിട്ടാല്‍ മാത്രമേ നിലം പാകപ്പെടുത്താനും നല്ലൊരു മുസ്‌ലിം ഭാവിയെക്കുറിച്ച് ആലോചിച്ചു തുടങ്ങാനും സാധിക്കൂ.
(അവസാനിച്ചു)
വിവ: സയാന്‍ ആസിഫ്
Comments