Prabodhanm Weekly

Pages

Search

2021 നവംബര്‍ 12

3226

1443 റബീഉല്‍ ആഖിര്‍ 07

സുന്നത്ത് എന്തുകൊണ്ട് ഇസ്‌ലാമിന്റെ രണ്ടാം പ്രമാണമാകുന്നു?

അബ്ദുല്ലത്വീഫ് കൊടുവള്ളി

മുഹമ്മദ് നബി(സ)ക്ക് അവതീര്‍ണമായ സന്ദേശങ്ങളുടെ സമാഹാരമായ ഖുര്‍ആനാണ് ഇസ്‌ലാമിന്റെ പ്രഥമ പ്രമാണം. ഖുര്‍ആനൊഴികെ നബി(സ)യില്‍നിന്ന് വന്ന വിധികളും വ്യാഖ്യാനങ്ങളുമെല്ലാം സുന്നത്ത് അഥവാ ഹദീസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. അവ ഒന്നുകില്‍ അല്ലാഹുവില്‍നിന്നുള്ള വഹ്‌യാവാം, അല്ലെങ്കില്‍ നബി(സ)യില്‍നിന്നുള്ള ഇജ്തിഹാദാവാം. ഇജ്തിഹാദ് പിഴച്ചാല്‍ അദ്ദേഹം അത് തിരുത്തുന്നതായിരിക്കും. ഇതനുസരിച്ച് സുന്നത്തും വഹ്‌യ് തന്നെ. ഖുര്‍ആന്‍ ആരാധനാപൂര്‍വം പാരായണം ചെയ്യപ്പെടുന്ന വഹ്‌യായും സുന്നത്ത് ആരാധനാപൂര്‍വം പാരായണം ചെയ്യപ്പെടാത്ത വഹ്‌യായുമാണ് ഇസ്‌ലാമില്‍ പരിഗണിക്കപ്പെടുന്നത്. ഇമാം ഇബ്നു ഹസം എഴുതുന്നു: ''ഇസ്‌ലാമിക ശരീഅത്ത് വിധികളുടെ ആധാരം ഖുര്‍ആനാണ്. നബി(സ)യുടെ കല്‍പനകള്‍ അനുസരിക്കണമെന്ന് ഖുര്‍ആനില്‍ നിര്‍ദേശമുണ്ട്; 'അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന  ഉദ്ബോധനം മാത്രമാകുന്നു' (അന്നജ്മ് 4). ഇതനുസരിച്ച് ദിവ്യസന്ദേശം രണ്ടു തരമാണ്: ഒന്ന്, അമാനുഷ ഘടനയുള്ളതും പാരായണം ചെയ്യപ്പെടുന്നതുമായ ഖുര്‍ആന്‍. രണ്ട്,  ആരാധനാ ഭാവത്തോടെ പാരായണം ചെയ്യപ്പെടുന്നില്ലെങ്കിലും വായിക്കപ്പെടുന്നതും അമാനുഷ ഘടന ഇല്ലാത്തതും നിവേദകരിലൂടെ ഉദ്ധരിക്കപ്പെടുന്നതും നബി(സ)യില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നതുമായ ദിവ്യസന്ദേശം അഥവാ സുന്നത്ത്.
അല്ലാഹുവിന്റെ വചനങ്ങളെ നമുക്ക് വിശദീകരിച്ചുതരുന്നത് നബി(സ)യാണ്. നബി(സ)യുടെ ഉത്തരവാദിത്തമായി അല്ലാഹു പറയുന്നത് ഈ വിശദീകരണ ദൗത്യമാണ്. 'നിനക്ക് നാം ഉദ്ബോധനം അവതരിപ്പിച്ചുതന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും' (അന്നഹ്ല്‍ 44). ഖുര്‍ആന്‍ എന്ന പോലെ സുന്നത്തിനെയും പിന്‍പറ്റാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു. രണ്ടും തമ്മില്‍ വ്യത്യാസമില്ല'' (അല്‍ ഇഹ്കാം ഫീ ഉസ്വൂലില്‍ അഹ്കാം 1/87).
ചുരുക്കത്തില്‍, ഖുര്‍ആനും സുന്നത്തും പരസ്പരപൂരകങ്ങളായ നിയമാവിഷ്‌കാര സ്രോതസ്സുകളാണ്. സാധാരണക്കാര്‍ക്കു മാത്രമല്ല പണ്ഡിതന്മാര്‍ക്കും ഗവേഷകര്‍ക്കു പോലും ഒന്നു തള്ളി മറ്റേത് മാത്രം കൊള്ളാനാവില്ല.

ഖുര്‍ആനും സുന്നത്തും തമ്മിലെ അന്തരം

ഒന്ന്, ഖുര്‍ആനും സുന്നത്തും അല്ലാഹുവില്‍നിന്നുള്ള  ദിവ്യബോധനമാണെങ്കിലും എല്ലാ അര്‍ഥത്തിലും അവ സമമാണെന്ന് വിവക്ഷയില്ല. ഉദാഹരണമായി, ഖുര്‍ആന്‍ മുഴുവന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്. എന്നാല്‍, സുന്നത്തില്‍ അല്ലാഹുവിന്റെ വചനങ്ങളുണ്ട്. ഇവ ഖുദ്സിയായ ഹദീസ് എന്നറിയപ്പെടുന്നു. നബി(സ)യുടെ വചനങ്ങളാണ് മറ്റൊരു വക. നബി(സ)യുടെ പ്രവൃത്തികള്‍ വിശദീകരിച്ചുകൊണ്ടുള്ള സ്വഹാബികളുടെ വചനങ്ങളാണ് മൂന്നാമതൊരു തരം.
രണ്ട്,  ഖുര്‍ആന്‍ പദപരമായിത്തന്നെ അമാനുഷമാണ്. എന്നാല്‍ ഖുദ്സിയായവ ഉള്‍പ്പെടെയുള്ള ഹദീസുകള്‍ക്ക് ഖുര്‍ആന്റെ അമാനുഷികതയില്ല. ഖുര്‍ആന്‍ മുന്‍നിര്‍ത്തി പ്രതിയോഗികളെ വെല്ലുവിളിച്ചതുപോലെ സുന്നത്തിനെ മുന്‍നിര്‍ത്തി അതുപോലൊന്ന് കൊണ്ടുവരാന്‍ വെല്ലുവിളിച്ചിട്ടില്ല. അല്ലാഹു പറയുന്നു: ''നബിയേ! താങ്കള്‍ പറയുക: ഖുര്‍ആന്‍ പോലൊന്നു കൊണ്ടുവരാന്‍ മനുഷ്യരും ജിന്നുകളും ഒരുമിച്ചുകൂടിയാലും അതുപോലൊന്നുകൊണ്ടുവരാന്‍ അവര്‍ക്കു കഴിയില്ല, അവരില്‍ ചിലര്‍ മറ്റു ചിലര്‍ക്ക് സഹായികളായാലും'' (അല്‍ ഇസ്റാഅ്: 88). നബി (സ) പറയുന്നു: ''എല്ലാ നബിമാര്‍ക്കും മനുഷ്യര്‍ വിശ്വസിക്കുന്ന വേദഗ്രന്ഥത്തിനു തുല്യമായ മറ്റൊന്നു കൂടി നല്‍കപ്പെട്ടിട്ടുണ്ട്. എനിക്ക് അല്ലാഹു നല്‍കിയത് അല്ലാഹുവിങ്കല്‍നിന്നുള്ള വഹ്‌യ് ആയിരുന്നു'' (ബുഖാരി, മുസ്‌ലിം). ഭൗതികവും അമാനുഷികവുമായ ഇതര ദൃഷ്ടാന്തങ്ങളേക്കാള്‍ നബി(സ)യെ സംബന്ധിച്ചേടത്തോളം ഖുര്‍ആന്‍ തന്നെയാണ് പ്രധാനവും മഹത്തരവുമെന്നു സാരം.
മൂന്ന്, ഖുര്‍ആന്‍ പ്രതിഫല കാംക്ഷയോടെ ആരാധനാപൂര്‍വം പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥമാണ്. അതിലെ ഒരക്ഷരം പാരായണം ചെയ്താല്‍ പത്ത് പുണ്യം ലഭിക്കും. അതേസമയം സുന്നത്തിന് ആ പുണ്യം ഉണ്ടെന്ന് പറഞ്ഞിട്ടില്ല. എങ്കിലും അതിലെ ചില ദിക്റുകള്‍ക്ക് പ്രത്യേക പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹദീസ് പഠിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും പ്രയോജനകരമായ അറിവു നേടലായി പരിഗണിക്കുകയും സല്‍ക്കര്‍മമായി എണ്ണുകയും ചെയ്തിരിക്കുന്നു.
നാല്, ഖുര്‍ആന്‍ മുഴുവനും അനിഷേധ്യമാംവിധം അനവധി പരമ്പരകളിലൂടെ നമുക്ക് ലഭിച്ചിട്ടുള്ളതാണ്. അതേസമയം, സുന്നത്തില്‍ അനിഷേധ്യമാംവിധം അനേക പരമ്പരകളിലൂടെ ലഭിച്ചവയും ഏകനിവേദനങ്ങളിലൂടെ ലഭ്യമായവയും ഉണ്ട്.
അഞ്ച്, മനോഹരമായും രാഗാത്മകമായും പാരായണം ചെയ്യപ്പെടുന്നതാണ് ഖുര്‍ആന്‍. എന്നാല്‍ സുന്നത്ത് അങ്ങനെ വായിക്കാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടില്ല.
ആറ്, നമസ്‌കാരത്തില്‍ ഖുര്‍ആന്റെ അര്‍ഥം പാരായണം ചെയ്താല്‍ പോരാ. എന്നാല്‍, അര്‍ഥത്തിനോ ആശയത്തിനോ മാറ്റമില്ലാത്തവിധം ഹദീസുകള്‍ ഉദ്ധരിക്കാം. കാരണം ചില സ്ഥലങ്ങളിലൊഴികെ ഖുര്‍ആന്‍ പോലെ പദനിഷ്ഠമല്ല സുന്നത്ത്. ഉദാഹരണമായി, ഉറങ്ങും മുമ്പ് നിര്‍വഹിക്കേണ്ട ഒരു ദിക്റിലെ 'വറസൂലിക' എന്നതിനു പകരം ഒരാള്‍ 'വനബിയ്യിക' എന്നു ചൊല്ലിയത് നബി (സ) തിരുത്തുകയുണ്ടായി (ബുഖാരി 244).
ഏഴ്, റുകൂഅ് - സുജൂദ് പോലുള്ളവയില്‍ ഖുര്‍ആന്‍ ഒാതാവതല്ല. ഇതുപോലുള്ളവയില്‍ നബി(സ)യില്‍നിന്നുള്ള ദിക്റുകളാണ് ചൊല്ലേണ്ടത്.
എട്ട്, ലൈംഗിക ബന്ധത്തിലൂടെ വലിയ അശുദ്ധിയുള്ളവര്‍ക്ക് ഖുര്‍ആന്‍ പാരായണം നിഷിദ്ധമാണ്. സുന്നത്തിന് വിലക്കില്ല.
ഒമ്പത്, ഖുര്‍ആന്‍ അധ്യായങ്ങള്‍, സൂക്തങ്ങള്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ സുന്നത്തില്‍ ഹദീസ്, ഖബര്‍, അസര്‍ പോലുള്ള വിഭജനങ്ങളാണുള്ളത്.
നബി(സ)യെ അനുസരിച്ചാല്‍ അല്ലാഹുവിനെ അനുസരിച്ചു
ഇബ്നുല്‍ ഖയ്യിം (റ) എഴുതുന്നു. ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്), അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും (അന്നിസാഅ് 59) എന്ന സൂക്തം അല്ലാഹുവിനെ എന്ന പോലെ നബി(സ)യെയും അനുസരിക്കണമെന്ന് പഠിപ്പിക്കുന്നു. 'അത്വീഊ' (നിങ്ങള്‍ അനുസരിക്കുവിന്‍) എന്ന ക്രിയ ആവര്‍ത്തിച്ചത്, നബി(സ)യുടെ കല്‍പനകളെ ഖുര്‍ആന്റെ മുന്നില്‍ വെക്കാതെ സ്വതന്ത്രമായിത്തന്നെ അനുസരിക്കണമെന്ന് സൂചിപ്പിക്കാനാണ്. അതായത്, നബി(സ)യുടെ കല്‍പനകള്‍ സത്യവിശ്വാസികള്‍ നിരുപാധികം അനുസരിച്ചിരിക്കണം. കല്‍പന ഖുര്‍ആനിലുള്ളതാവട്ടെ, അല്ലാത്തതാവട്ടെ. ഖുര്‍ആനു തുല്യം ചിലതുകൂടി നബിക്ക് നല്‍കപ്പെട്ടിട്ടുണ്ട്. ആ ചിലതില്‍ സുന്നത്തുള്‍പ്പെടുന്നു. കൈകാര്യകര്‍ത്താക്കളെ പരാമര്‍ശിച്ചപ്പോള്‍ 'അത്വീഊ' എന്ന് ആവര്‍ത്തിച്ചില്ല. അതിനുപകരം അവര്‍ക്കുള്ള അനുസരണത്തെ നബി(സ)ക്കുള്ള അനുസരണത്തില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. അതായത്, കൈകാര്യകര്‍ത്താക്കള്‍ക്കുള്ള അനുസരണം നബിക്കുള്ള അനുസരണത്തിന് വിധേയമായിട്ടായിരിക്കണം എന്നര്‍ഥം. നബി(സ)യുടെ കല്‍പനകള്‍ക്ക് വിരുദ്ധമായി കല്‍പിച്ചാല്‍ അനുസരിക്കേണ്ടതില്ലെന്ന് സാരം'' (ഇഅ്ലാമുല്‍ മുവഖ്ഖിഈന്‍ 1/48).
സുന്നത്തനുസരിച്ച് പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധമായതിനാലും ഖുര്‍ആന്‍ പോലെ 'വഹ്‌യ്' ആയതിനാലും സുന്നത്ത്, ഖുര്‍ആന്റെ തൊട്ടടുത്ത് നില്‍ക്കുന്നു. ഖുര്‍ആന്‍ അടിസ്ഥാനവും സുന്നത്ത് അതിന്റെ ശാഖയുമാണ്. സുന്നത്ത് ഖുര്‍ആനെ വിശദീകരിക്കുന്നു. അടിസ്ഥാനം ശാഖയേക്കാളും, തത്ത്വം അതിന്റെ വിവരണത്തേക്കാളും കൂടുതലായി പരിഗണിക്കപ്പെടുമെന്നത് തര്‍ക്കമില്ലാത്ത കാര്യം. യമനിലേക്ക് നിയോഗിതനായ മുആദ് (റ) ഈ മുന്‍ഗണനാക്രമം എടുത്തു പറയുകയുണ്ടായല്ലോ. ഖുര്‍ആനും ഹദീസുമല്ലാത്ത ഏതു തെളിവും അന്തിമമായി അവ രണ്ടിലേക്കും മടക്കേണ്ടതാണ്.

സുന്നത്ത് പ്രമാണമാണെന്നതിന്റെ
തെളിവുകള്‍

(എ) സത്യവിശ്വാസം
ഒരാളുടെ ഇസ്‌ലാം വിശ്വാസം പൂര്‍ത്തിയാവണമെങ്കില്‍ ഇസ്‌ലാമുമായി ബന്ധപ്പെട്ട് നബി(സ)യില്‍നിന്ന് വന്നുകിട്ടിയതെല്ലാം അയാള്‍ വിശ്വസിച്ചിരിക്കണം. ''അല്ലാഹുവിന് നന്നായറിയാം, തന്റെ ദൗത്യം എവിടെയാണ് ഏല്‍പ്പിക്കേണ്ടതെന്ന്'' (അല്‍അന്‍ആം 124). ''ദൈവദൂതന്മാരുടെ മേല്‍ സ്പഷ്ടമായ പ്രബോധനമല്ലാതെ വല്ല ബാധ്യതയുമുണ്ടോ?'' (അന്നഹ്ല്‍ 35). നബിമാരുടെ സവിശേഷതയും ബാധ്യതയും മേല്‍ സൂക്തങ്ങളിലുണ്ട്. ''അല്ലാഹു അവന്റെ ദൂതന്മാരില്‍നിന്ന് അവന്‍ ഉദ്ദേശിക്കുന്നവരെ തെരഞ്ഞെടുക്കുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദുതന്മാരിലും വിശ്വസിക്കുവിന്‍'' (ആലുഇംറാന്‍ 179). മൊത്തം നബിമാരിലുള്ള വിശ്വാസത്തെക്കുറിച്ചെന്ന പോലെ മുഹമ്മദ് നബി(സ)യെക്കുറിച്ച് പ്രത്യേകം എടുത്തുപറയുന്നുണ്ട് ഖുര്‍ആന്‍. ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും, അവന്റെ ദൂതന് അവതരിപ്പിച്ച ഗ്രന്ഥത്തിലും വിശ്വസിക്കുവിന്‍'' (അന്നിസാഅ് 136). ''നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക'' (അല്‍അഅ്റാഫ് 158). അല്ലാഹുവിലും അവന്റെ ദൂതനിലുമുള്ള വിശ്വാസം എല്ലാറ്റിന്റെയും വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നബി (സ) അല്ലാഹുവിന്റെ ശരീഅത്തിന്റ വിശ്വസ്ത കൈകാര്യാധികാരിയാണ്. തനിക്ക് വഹ്‌യായി ലഭിക്കാത്തതൊന്നും അദ്ദേഹം ജനങ്ങള്‍ക്ക് കൈമാറുകയില്ല. നബി(സ)ക്ക് പാപസുരക്ഷിതത്വമുണ്ട്  എന്നതിന്റെ അര്‍ഥം, സുന്നത്തിനെ അവലംബിക്കണമെന്നും അതിനെ തെളിവായി സ്വീകരിക്കണമെന്നും അദ്ദേഹത്തെ മാതൃകയായി അംഗീകരിക്കണമെന്നുമാണ്.

(ബി) വിശുദ്ധ ഖുര്‍ആന്‍
നബി(സ)യെ അനുസരിച്ചിരിക്കണമെന്ന് ഖുര്‍ആന്‍ പല ഇടങ്ങളിലായി ഉണര്‍ത്തുന്നുണ്ട്. ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അല്ലാഹുവിലേക്കും നബി(സ)യിലേക്കും മടങ്ങണം (അന്നിസാഅ് 59). അല്ലാഹുവിലേക്ക് മടങ്ങുക എന്നാല്‍ ഖുര്‍ആനിലേക്കും, നബി(സ)യിലേക്ക് മടങ്ങുക എന്നാല്‍ സുന്നത്തിലേക്കും മടങ്ങുക എന്നാണര്‍ഥം. ''നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക, ദൂതനെയും അനുസരിക്കുക, നിങ്ങള്‍ ജാഗ്രത പുലര്‍ത്തുക'' (അല്‍മാഇദ 92). ''ദൂതനെ അനുസരിച്ചവന്‍ അല്ലാഹുവിനെ അനുസരിച്ചിരിക്കുന്നു'' (അന്നിസാഅ് 80). ''തീര്‍ച്ചയായും താങ്കളുമായി അനുസരണ പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവിനോടാണ് അനുസരണ പ്രതിജ്ഞ ചെയ്യുന്നത്'' (അല്‍ ഫത്ഹ് 10). ''ദൂതന്‍ നിങ്ങള്‍ക്ക് നല്‍കിയത് നിങ്ങള്‍ സ്വീകരിക്കുക, അദ്ദേഹം നിങ്ങളെ വിലക്കിയതില്‍നിന്ന് നിങ്ങള്‍ വിട്ടുനില്‍ക്കുക'' (ഹശ്ര്‍ 7). ''ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ് സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധി കല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല'' (അന്നിസാഅ് 65). ''നിങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ദൂതനെ അനുസരിക്കുകയും ചെയ്യുക, നിങ്ങള്‍ക്ക് കരുണ ലഭിച്ചേക്കാം'' (അന്നൂര്‍ 56).
മുകളിലെ സൂക്തങ്ങളെല്ലാം നബി(സ)യെ അനുസരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കുന്നു. അനുസരണമെന്നതിന്റെ വിവക്ഷ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് വിധേയനാവുക, തിരുചര്യ പിന്‍പറ്റുക, വിയോഗാനന്തരം പിന്‍ഗാമികള്‍ അദ്ദേഹത്തിന്റെ സന്മാര്‍ഗം അനുധാവനം ചെയ്യുക എന്നൊക്കെയാണ്.

സുന്നത്തിന്റെ പ്രാമാണികത
ഹദീസുകളില്‍

താഴെ ചേര്‍ത്തതുപോലുള്ള ഹദീസുകള്‍ നബി(സ)ക്ക് ഖുര്‍ആന്‍ മാത്രമല്ല, ഹദീസും നല്‍കപ്പെട്ടിട്ടുണ്ടെന്നും അവ രണ്ടും ഒരുപോലെ സ്വീകരിക്കണമെന്നും പഠിപ്പിക്കുന്നു.
'ഞാന്‍ നിങ്ങളില്‍ രണ്ടു കാര്യങ്ങള്‍ വിട്ടേച്ചു പോകുന്നു. അവ രണ്ടും മുറുകെ പിടിക്കുവോളം നിങ്ങള്‍ വഴിപിഴക്കില്ല തന്നെ' (മുവത്വ 2/3).
'അറിയുക! എനിക്ക് ഗ്രന്ഥവും (ഖുര്‍ആന്‍) അതിന്റെ കൂടെ അതിനു തുല്യം മറ്റൊന്നും (ഹദീസ്) നല്‍കപ്പെട്ടിരിക്കുന്നു' (അബൂദാവൂദ്) 'നിങ്ങള്‍ എന്റെ ചര്യയും സന്മാര്‍ഗചാരികളായ ഖുലഫാഉര്‍റാശിദുകളുടെ ചര്യയും പിന്‍പറ്റുക. നിങ്ങള്‍ അവയെ മുറുകെ പിടിക്കുക. നിങ്ങള്‍ അവയെ അണപ്പല്ലുകള്‍ കൊണ്ട് കടിച്ചു പിടിക്കുക' (അബൂദാവൂദ്).
സുന്നത്ത് തള്ളിക്കളഞ്ഞ് ഖുര്‍ആന്‍ മാത്രം സ്വീകരിച്ചാല്‍ മതി എന്ന് വാദിക്കുന്നവരുണ്ടാകും എന്ന് ദീര്‍ഘദര്‍ശനം ചെയ്ത നബി (സ) അതേക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നു; 'ഒരാള്‍ തന്റെ ചാരുകസേരയിലിരുന്ന് എന്റെ ഒരു ഹദീസ് ഉദ്ധരിക്കുന്നു. എന്നിട്ടയാള്‍ പറയുന്നു: നമുക്കും നിങ്ങള്‍ക്കുമിടയില്‍ വിധിപറയാന്‍ അല്ലാഹുവിന്റെ ഗ്രന്ഥമുണ്ട്. അതില്‍ ഹലാലായി കണ്ടത് നാം ഹലാലായി അംഗീകരിക്കും. അതില്‍ ഹറാമായി കണ്ടതിനെ നാം ഹറാമായി സ്വീകരിക്കും. അറിയുക! അല്ലാഹുവിന്റെ ദൂതന്‍ ഹറാമാക്കിയതും അല്ലാഹു ഹറാമാക്കിയതിന് തുല്യമായിരിക്കും' (അബൂദാവൂദ്)6.  'എന്റെ ഒരു ഹദീസ് കിട്ടിയിട്ട് ആരെങ്കിലും അത് കളവാക്കിയാല്‍ മൂന്നെണ്ണത്തെയാണയാള്‍ കളവാക്കുന്നത്. അല്ലാഹുവിനെ, അവന്റെ ദൂതനെ, പറഞ്ഞ കാര്യത്തെ' (ത്വബറാനി). പ്രമുഖ പണ്ഡിതന്‍ അയ്യൂബുസ്സഖ്തിയാനി പറയുന്നു: 'നിങ്ങള്‍ ഒരാളോട് സുന്നത്തിനെക്കുറിച്ച് പറയുമ്പോള്‍, അത് വിടൂ, ഖുര്‍ആനില്‍നിന്ന് പറയൂ എന്ന് നിങ്ങളോടൊരാള്‍ പറഞ്ഞാല്‍, അയാള്‍ പിഴച്ചവനും പിഴപ്പിക്കുന്നവനുമാണെന്ന് മനസ്സിലാക്കണം' ഇത് വിശദീകരിച്ച് ഇമാം ദഹബി എഴുതുന്നു: ''ഖുര്‍ആനും ഏക നിവേദക പരമ്പരയുള്ള ഹദീസുകളും ഉദ്ധരിക്കുമ്പോള്‍, അതു കള, ബുദ്ധിക്ക് യോജിക്കുന്നില്ല എന്നാണ് ഒരാള്‍ പറയുന്നതെങ്കില്‍, അയാള്‍ അബൂജഹ്‌ലാണെന്ന് മനസ്സിലാക്കിയാല്‍ മതി'' (സിയറു അഅ്ലാമിന്നുബലാഅ്).

സുന്നത്തിനെ മുറുകെ പിടിച്ചതിന്റെ ഉദാഹരണങ്ങള്‍

* ഹജറുല്‍ അസ്‌വദിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന ഉമര്‍ (റ) പറഞ്ഞു: 'നീ ഒരു കല്ലാണെന്ന് തീര്‍ച്ചയായും എനിക്കറിയാം. എന്റെ പ്രിയന്‍ -നബി(സ) - നിന്നെ ചുംബിക്കുകയോ തൊട്ടുമുത്തുകയോ ചെയ്യുന്നത് ഞാന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ നിന്നെ ഞാന്‍ ചുംബിക്കുകയോ തൊട്ടുമുത്തുകയോ ചെയ്യുമായിരുന്നില്ല.' 'നിങ്ങള്‍ക്ക് നബി(സ)യില്‍ ഉത്തമമായ മാതൃകയുണ്ട്' (അഹ്മദ് സ്വഹീഹായ പരമ്പരയോടെ).
* സഈദുബ്നുല്‍ മുസയ്യബ് (റ) പറയുന്നു: ഉസ്മാന്‍ (റ) ഒരിടത്തിരുന്ന് തീയില്‍ പാകം ചെയ്ത ഭക്ഷണം കൊണ്ടുവരാന്‍ പറഞ്ഞു. അദ്ദേഹം അതു തിന്നു. ശേഷം പോയി നമസ്‌കരിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു: 'ഞാന്‍ നബി (സ) ഇരിക്കുന്നതുപോലെ ഇരുന്നു; നബി (സ) തിന്ന അതേ ഭക്ഷണം കഴിച്ചു, എന്നിട്ട് നബി (സ) നമസ്‌കരിച്ചതുപോലെ നമസ്‌കരിച്ചു' (അഹ്മദ് സ്വഹീഹായ പരമ്പരയോടെ. മദീനാ പള്ളിയിലെ വുദൂ ചെയ്യാനിരിക്കുന്ന സ്ഥലത്താണ് ഉസ്മാന്‍ (റ) ഇരുന്നത് എന്നാണ് പശ്ചാത്തലത്തില്‍നിന്ന് മനസ്സിലാകുന്നത്).
* അബ്ദുഖൈറുബ്നു യസീദ് (റ), അലി(റ)യില്‍നിന്ന് ഉദ്ധരിക്കുന്നു: 'കാല്‍പാദങ്ങളുടെ അവകാശമാണ്, പുറം ഭാഗത്തേക്കാള്‍ തടവാന്‍ അര്‍ഹം എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. എന്നാല്‍, നബി(സ) പുറംഭാഗം തടവുന്നത് ഞാന്‍ കാണുകയായിരുന്നു' (അഹ്മദ് സ്വഹീഹായ നിവേദനത്തോടെ).
* മയ്യിത്ത് നമസ്‌കാരത്തില്‍ നില്‍ക്കുന്നതിനെപ്പറ്റി അലി (റ) പറയുന്നു: 'നബി (സ) നില്‍ക്കുന്നത് ഞങ്ങള്‍ കണ്ടു. അതുകൊണ്ട് ഞങ്ങള്‍ നിന്നു. അദ്ദേഹം ഇരുന്നു, അതുകൊണ്ട് ഞങ്ങള്‍ ഇരുന്നു' (അഹ്മദ് സ്വഹീഹായ പരമ്പരയോടെ).
* ഒരാള്‍ അബ്ദുല്ലാഹിബ്നു ഉമറി(റ)നോട് പറഞ്ഞു: 'യാത്രയിലെ നമസ്‌കാരത്തെക്കുറിച്ച് ഖുര്‍ആനില്‍ നാം ഒന്നും കാണുന്നില്ലല്ലോ?' ഇബ്നു ഉമര്‍: 'അല്ലാഹു മുഹമ്മദ് നബി(സ)യെ നമ്മിലേക്കയച്ചു, നമുക്ക് ഒന്നും അറിയില്ലായിരുന്നു. മുഹമ്മദ് നബി(സ) ചെയ്യുന്നതു കണ്ട് നാമും അതുപോലെ ചെയ്യുകയാണ്.' മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ: 'നാം വഴി തെറ്റിയവരായിരുന്നു. അദ്ദേഹത്തിലൂടെ അല്ലാഹു നമുക്ക് വഴി കാണിച്ചുതന്നു. അദ്ദേഹത്തെ നാം പിന്തുടരുക' (അഹ്മദ്).
* ഒരാള്‍ താബിഈയായ മുത്വര്‍റഫിനോട്, 'നിങ്ങള്‍ ഞങ്ങള്‍ക്ക് ഖുര്‍ആന്‍ മാത്രം പറഞ്ഞു തന്നാല്‍ മതി' എന്നു പറഞ്ഞപ്പോള്‍ മുത്വര്‍റഫിന്റെ പ്രതികരണം, 'ഖുര്‍ആന് പകരം മറ്റൊന്നില്ല, പക്ഷെ, നമ്മേക്കാള്‍ ഖുര്‍ആന്‍ അറിയുന്ന ആളെ- നബി(സ)യെ- നമുക്ക് വേണം' എന്നായിരുന്നു.

ഖുര്‍ആന്‍ സുന്നത്തിനെ എങ്ങനെ വിശദീകരിക്കുന്നു?

നബി(സ)യുടെ കാലത്ത് വിധികളുടെ സ്രോതസ്സ് ഖുര്‍ആനും സുന്നത്തും മാത്രമായിരുന്നു. ശരീഅത്ത് വിധികളുടെ പൊതുതത്ത്വങ്ങള്‍ ഖുര്‍ആനിലുണ്ട്. വിശ്വാസ കാര്യങ്ങള്‍, ആരാധനാനുഷ്ഠാനങ്ങള്‍, മുന്‍കാല സമൂഹങ്ങളുടെ ചരിത്രം, പൊതുമര്യാദകള്‍, മൂല്യങ്ങള്‍ മുതലായവയും ഖുര്‍ആന്‍  ഉള്‍ക്കൊള്ളുന്നു. ഇതോട് ചേര്‍ന്നുതന്നെയാണ് സുന്നത്തിന്റെയും സ്ഥാനം. ഖുര്‍ആനില്‍ അവ്യക്തമായി സൂചിപ്പിച്ചത് വ്യക്തമാക്കുക, സംഗ്രഹിച്ചു പറഞ്ഞത് വിശദീകരിക്കുക, നിരുപാധികമായി പറഞ്ഞത് സോപാധികമാക്കുക, പൊതുവായി പറഞ്ഞ കാര്യം  നിജപ്പെടുത്തുക, വിധികള്‍ വിവരിക്കുക, ലക്ഷ്യം നിര്‍ണയിക്കുക, ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടില്ലാത്ത വിഷയങ്ങളില്‍ വിധികള്‍ ആവിഷ്‌കരിക്കുക മുതലായവയാണ് സുന്നത്തിന്റെ മുഖ്യദൗത്യം.

ചില ഉദാഹരണങ്ങള്‍:
1. ഖുര്‍ആന്‍ സംക്ഷിപ്തമായി മാത്രം പരാമര്‍ശിച്ച ആരാധനാനുഷ്ഠാനങ്ങള്‍, വിധികള്‍ പോലുള്ളവ വിശദീകരിക്കുകയാണ് സുന്നത്തിന്റെ ഒരു ധര്‍മം. അല്ലാഹു സത്യവിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കിയ നമസ്‌കാരത്തിന്റെ സമയം, നിര്‍ബന്ധ ഘടകങ്ങള്‍, റക്അത്തുകളുടെ എണ്ണം മുതലായവയെല്ലാം  വിശദീകരിച്ചുതന്നത് നബി(സ)യാണ്.
'ഞാന്‍ എവ്വിധം നമസ്‌കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ, അതുപോലെ നിങ്ങള്‍ നമസ്‌കരിക്കുക' (ബുഖാരി). ഹജ്ജിന്റെ ചടങ്ങുകള്‍ നമുക്ക് ലഭിക്കുന്നത് ഹദീസില്‍നിന്നാണ്. 'നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍ നിങ്ങള്‍ എന്നില്‍നിന്ന് പഠിക്കുക' (മുസ്‌ലിം). സകാത്തിനെ സംബന്ധിച്ച മൗലികമായ ആശയങ്ങള്‍ പങ്കുവെക്കുന്ന ഖുര്‍ആന്‍ പക്ഷേ, അതിന്റെ വിശദാംശങ്ങള്‍ നല്‍കുന്നില്ല. അതിന് ഹദീസുകളെ തന്നെ ആശ്രയിക്കണം.
2. ഖുര്‍ആന്‍ പറഞ്ഞ ചില കാര്യങ്ങള്‍ നബി(സ) പ്രത്യേകം നിര്‍ണയിച്ചു പറഞ്ഞതായി കാണാം. ഉദാ: ''കള്ളന്റെയും കള്ളിയുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക'' (അല്‍മാഇദ 38). കൈയുടെ ഏതു ഭാഗമാണ് മുറിക്കേണ്ടത്, കൈപത്തിയോ, മുഴങ്കൈയോ, തോള്‍കൈയോ? അത് വിശദീകരിച്ചിരിക്കുന്നത് സുന്നത്തിലാണ്. മണികണ്ഠമാണ് മുറിക്കേണ്ടതെന്ന് സുന്നത്തില്‍ നിര്‍ണയിച്ചിരിക്കുന്നു (സുബുലുസ്സലാം പേ: 4/27,28).
3. ഖുര്‍ആനില്‍ പറഞ്ഞ കാര്യങ്ങളെ ശക്തമായി സ്ഥാപിക്കുന്നവയാണ് ചിലതരം ഹദീസുകള്‍. നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് മുതലായവയുടെ പ്രാധാന്യം എടുത്തു പറയുന്ന ഹദീസുകള്‍ ഉദാഹരണം.
4. ഖുര്‍ആനില്‍ വന്നിട്ടില്ലാത്ത വിധികളാണ് മറ്റൊരു തരം. നാടന്‍ കഴുതയുടെയും തേറ്റയുള്ള ജീവികളുടെയും മാംസം നിരോധിച്ചുകൊണ്ടുള്ള ഹദീസുകള്‍ ഉദാഹരണം. 
ഖുര്‍ആനെപോലെ നബി(സ)യും പലതും നടപ്പിലാക്കിയിരിക്കുന്നു. ഖുര്‍ആനില്‍ പ്രമാണമായി വന്നിട്ടില്ലാത്തവയിലും നബി(സ)യുടേതായ നിയമാവിഷ്‌കാരങ്ങളുണ്ട്. എല്ലാം സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം പിന്തുടരേണ്ടവ തന്നെ.
ഇതേപ്പറ്റി ഇബ്നുല്‍ ഖയ്യിം എഴുതുന്നു: ''ഖുര്‍ആനിലുപരിയായ നിയമങ്ങളെല്ലാം നബി(സ) എന്ന സ്രോതസ്സില്‍നിന്നുള്ളവയാണ്. അദ്ദേഹത്തെ വിശ്വാസികള്‍ അനുസരിച്ചിരിക്കണം, ധിക്കരിക്കാവതല്ല. അത് ഖുര്‍ആനെ മുന്‍കടന്ന് അദ്ദേഹത്തെ അനുസരിക്കലല്ല. തന്റെ ദൂതനെ അനുസരിക്കണമെന്ന അല്ലാഹുവിന്റെ തന്നെ കല്‍പനയുടെ പാലനമാണ്. ഖുര്‍ആനിലുപരിയായ മേഖലയില്‍ നബി(സ)യെ അനുസരിക്കേണ്ടതില്ലെന്നു വന്നാല്‍ അദ്ദേഹത്തെ അനുസരിക്കണമെന്നു പറഞ്ഞതിന് അര്‍ഥമില്ലെന്നു വരും. അദ്ദേഹത്തിനു മാത്രം സവിശേഷമായ അനുസരണത്തെ നിരാകരിക്കലാവും. അതായത്, ഖുര്‍ആനിലുള്ള കാര്യങ്ങളില്‍ മാത്രം അനുസരിച്ചാല്‍ മതി, അതിനപ്പുറം അനുസരിക്കേണ്ടതില്ല എന്നാണെങ്കില്‍ അദ്ദേഹത്തെ സത്യവിശ്വാസികള്‍ അനുസരിച്ചിരിക്കണമെന്ന സവിശേഷ നിര്‍ദേശത്തിന് എന്തു പ്രസക്തിയാണുണ്ടാവുക? 'ദൂതനെ ആരെങ്കിലും അനുസരിച്ചാല്‍ അയാള്‍ തീര്‍ച്ചയായും അല്ലാഹുവിനെ അനുസരിച്ചിരിക്കുന്നു' (അന്നിസാഅ് 80) എന്ന സൂക്തത്തിലെ ഊന്നല്‍ ശ്രദ്ധിക്കൂ'' (ഇഅ്ലാമുല്‍ മുവഖ്ഖിഈന്‍ 2/289).
'നിങ്ങള്‍ എന്നില്‍നിന്ന് കേള്‍ക്കുന്നവ ഖുര്‍ആനുമായി തട്ടിച്ചു നോക്കണം. ഖുര്‍ആനുമായി യോജിച്ചതാണെങ്കില്‍ ഞാനാണത് പറഞ്ഞത്. അല്ലെങ്കില്‍ ഞാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല' എന്നൊരു ഹദീസ് ഉദ്ധരിക്കപ്പെടാറുണ്ട്. ഈ ഹദീസ് നിര്‍മത വാദികളുടെ വ്യാജ സൃഷ്ടിയാണെന്ന് യഹ്‌യബ്നു മഈന്‍ വിധിയെഴുതുന്നു. ഇതേ അഭിപ്രായം അബ്ദുര്‍റഹ്മാനുബ്നു മഹ്ദിയും രേഖപ്പെടുത്തുന്നു. ഇബ്നു ഹജര്‍ എഴുതുന്നു: 'ഈ ഹദീസ് സാധുവല്ല. ഖുര്‍ആനില്‍ കാണുന്നില്ല എന്നുവെച്ച് ഹദീസ് നിഷേധിക്കാവതല്ല. നബി(സ)യെ അനുസരിക്കണമെന്നും ധിക്കരിക്കരുതെന്നുമാണ് ഖുര്‍ആനിക നിര്‍ദേശം.' 
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (49-52)

ഹദീസ്‌

റസൂലിന്റെ അഞ്ച് ഉത്കൃഷ്ട ഗുണങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്