ഊടുവഴികള്‍
അറ്റമില്ലാത്ത വഴികള്‍
അവസാനിക്കാത്ത യാത്രകളാകുന്നു
പാദങ്ങളുടെ മുറിയാത്ത സ്വപ്‌നങ്ങള്‍
ചുമലിലേറ്റുന്നവരാകുന്നു
നടത്തങ്ങളിലേക്ക് വഴിയോ
വഴികളിലേക്ക് നടത്തമോ
ചുണ്ടോടു ചുണ്ടു കോര്‍ക്കുമ്പോഴാകാം
യാത്രകളുടെ കാട്
പൂക്കാന്‍ തുടങ്ങുന്നത്
വഴിവെട്ടാന്‍
കാലുകളോളം പോന്ന
മറ്റൊരു മണ്‍വെട്ടിയുമില്ലെന്ന്
സ്‌കൂളിലേക്കിഴഞ്ഞ ഊടുവഴികള്‍
ഈറ്റക്കാടുകള്‍ക്കരികിലൂടെ
സ്‌കൂളിന്റെ പടിക്കെട്ടോളം
കുഞ്ഞുപാദങ്ങള്‍ വെട്ടിയ വഴി
ബെല്ലടിക്കുവോളം
വരാന്തയില്‍ കാത്തുനിന്നു
നാലുമണിക്ക്
പൂച്ചക്കുഞ്ഞുങ്ങളെപ്പോലെ
കാലിലുഴിഞ്ഞു
വീടിന്റെ ഉമ്മറപ്പടിയില്‍
വാലാട്ടിക്കിടന്നു
കാലനക്കം കേള്‍ക്കുവോളം
നിരതെറ്റിയ പല്ലുകള്‍ക്കിടയിലൂടെ
ഉതിര്‍ന്നുവീണ
വരിതെറ്റിയ പാട്ടിന്നിശലുകള്‍
നാലുമണിപ്പൂക്കളില്‍ വീണ് ചിതറി
അഴിഞ്ഞുപോയ പാദസരങ്ങള്‍
പൊട്ടിപ്പോയ നിക്കറിന്റെ ഹുക്ക്
പെന്‍സില്‍ പൊട്ടുകള്‍
കൊത്തംകല്ലുകള്‍
ചവച്ചു തുപ്പിയ ബബ്ള്‍ക്കം.....
ബാല്യത്തിന്റെ മണമുള്ള
എത്രയെത്ര ശേഖരങ്ങള്‍
നിറം മങ്ങാതെ
വഴിയുടെ ഓര്‍മയറകളില്‍
ഇപ്പോള്‍ ഫൈവ് ഗിയറിലിട്ട്
പായുന്നതിനിടയില്‍
ആറുവരിപ്പാതക്കടിയില്‍നിന്നുമുയരുന്നു
കാലങ്ങളോളം കാലുകള്‍
വെട്ടിയ ചെമ്മണ്‍വഴിയുടെ
ഞെരക്കം...
Comments