ഭരണനിര്‍വഹണത്തിന്റെ പ്രവാചക മാതൃക
ആത്മീയവും ആരാധനാപരവുമായ കാര്യങ്ങളില്‍ മാത്രം മാര്‍ഗദര്‍ശനം ചെയ്യുകയായിരുന്നില്ല മുഹമ്മദ് നബി (സ). മാനവ ജീവിതത്തിന്റെ സമ്പൂര്‍ണവും സര്‍വതോമുഖവുമായ പരിവര്‍ത്തനമായിരുന്നു തിരുമേനിയുടെ ആഗമനദൗത്യം. നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയെ ഉടച്ചുവാര്‍ത്ത് ഒരു നവ സമൂഹ നിര്‍മിതിക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു ആ മഹാ ജീവിതമെന്ന് പ്രവാചകന്റെ ജീവചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകും. അദ്ദേഹം ഉദ്‌ഘോഷിച്ചിരുന്ന ലാഇലാഹ ഇല്ലല്ലാഹ് എന്ന പരിശുദ്ധ വാക്യം വിശാലാര്‍ഥമുള്ള ഒരു വിപ്ലവ വാക്യമായിരുന്നു. പ്രബോധനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ അനുരഞ്ജന ശ്രമവുമായി വന്ന ഖുറൈശീ പ്രമുഖരോട് തിരുമേനി പറഞ്ഞു: ''നിങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക. എങ്കില്‍ അറബികളും അനറബികളും നിങ്ങളുടെ അധീനത്തില്‍ വരും.''
ദൈവത്തിന്റെ പരമാധികാരം അംഗീകരിച്ചുകൊണ്ടുള്ള, കൂടിയാലോചനാ സ്വഭാവത്തോടു കൂടിയ ഒരു രാഷ്ട്ര ഘടനയായിരുന്നു നബി(സ)യുടെ വിഭാവനയിലുണ്ടായിരുന്നത്. ലക്ഷ്യസാക്ഷാത്കാരത്തില്‍ പൂര്‍ണമായ ആത്മവിശ്വാസം തിരുമേനിക്കുണ്ടായിരുന്നു. ഇസ്‌ലാമും മുസ്‌ലിംകളും മക്കയില്‍ കഠിന പരീക്ഷണങ്ങള്‍ നേരിടുന്ന സന്ദര്‍ഭത്തില്‍ പോലും, വരാനിരിക്കുന്ന ക്ഷേമസമ്പൂര്‍ണമായ ഒരു വ്യവസ്ഥിതിയെക്കുറിച്ച സുവിശേഷം പ്രവാചകന്‍ തന്റെ അനുചരന്മാരെ അറിയിച്ചിരുന്നു.
പ്രവാചകശിഷ്യനായ അദിയ്യുബ്‌നു ഹാതിം പറയുന്നു: ''ഞാന്‍ പ്രവാചക സന്നിധിയിലിരിക്കെ പട്ടിണിയെച്ചൊല്ലി ആവലാതിപ്പെട്ട് ഒരാള്‍ വന്നു. പിന്നീട് കൊള്ളക്കാരെക്കുറിച്ച പരാതിയുമായി വേറൊരാളും വന്നു. അപ്പോള്‍, 'ഹീറാ എന്ന സ്ഥലം കണ്ടിട്ടുണ്ടോ?' എന്ന് നബി (സ) എന്നോട് ചോദിച്ചു. 'കണ്ടിട്ടില്ലെങ്കിലും കേട്ടിട്ടുണ്ട്' എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ തിരുമേനി പറഞ്ഞു: 'നീ കുറച്ചുകാലം കൂടി ജീവിച്ചിരിക്കുകയാണെങ്കില്‍ ഒട്ടകപ്പല്ലക്കിലേറിയ ഒരു സ്ത്രീ ഹീറായില്‍നിന്ന് നിര്‍ഭയയായി യാത്ര ചെയ്ത് വന്ന് കഅ്ബാലയം പ്രദക്ഷിണം ചെയ്യുന്നത് നിനക്ക് കാണാനാകും. അല്ലാഹു അല്ലാതെ ഒരു ശക്തിയെയും അവള്‍ക്ക് ഭയപ്പെടേണ്ടിവരില്ല. നീ പിന്നെയും ജീവിച്ചിരിക്കുകയാണെങ്കില്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ കിസ്‌റായുടെ ഭണ്ഡാരങ്ങള്‍ തുറന്നെടുക്കാന്‍ നിനക്ക് കഴിയും.' ഞാന്‍ ചോദിച്ചു: 'ഹുര്‍മുസിന്റെ മകന്‍ കിസ്‌റായുടെയോ?' നബി (സ) മറുപടി പറഞ്ഞു: 'അതേ, ഹുര്‍മുസിന്റെ പുത്രന്‍ കിസ്‌റായുടേതുതന്നെ.' അദിയ്യ് തുടരുന്നു: ഒട്ടകപ്പല്ലക്കിലേറിയ സ്ത്രീ ഹീറായില്‍നിന്ന് നിര്‍ഭയം യാത്ര ചെയ്തു വന്ന് കഅ്ബാലയം പ്രദക്ഷിണം ചെയ്യുന്നത് എന്റെ ജീവിതകാലത്തുതന്നെ എനിക്ക് കാണാന്‍ കഴിഞ്ഞു. കിസ്‌റായുടെ ഭണ്ഡാരം തുറന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു.''
ചിന്താപരമായ ഐക്യവും പരസ്പര സ്‌നേഹവുമുള്ള ഒരാദര്‍ശ സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള കഴിവാണ് ഒരു രാഷ്ട്രീയ നേതാവിനുണ്ടായിരിക്കേണ്ട പ്രാഥമിക ഗുണം. ഇക്കാര്യത്തില്‍ നബി (സ) പൂര്‍ണമായും വിജയിക്കുകയുണ്ടായി. നൂറ്റാണ്ടുകളായി പരസ്പരം പോരടിച്ചുകഴിഞ്ഞിരുന്ന ഗോത്രങ്ങളുടെ അരാജക ജീവിതത്തിന്റെ വേരറുത്ത്, ആദര്‍ശ പാശത്തില്‍ കോര്‍ത്തിണക്കിയ ഒരു മാതൃകാ രാഷ്ട്രം സ്ഥാപിക്കാന്‍ പ്രവാചകന് ഇരുപത്തിമൂന്ന് വര്‍ഷത്തെ യത്‌നം കൊണ്ട് സാധിച്ചു.
മക്കയില്‍നിന്ന് മദീനയിലേക്കുള്ള പലായനമാണ് ഇസ്‌ലാമിക രാഷ്ട്ര സ്ഥാപനത്തിന് വഴിതെളിച്ചത്. മദീനയുടെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഘടന നന്നായി പഠിച്ച ശേഷമായിരുന്നു പ്രവാചകന്റെയും അനുയായികളുടെയും അങ്ങോട്ടേക്കുള്ള പലായനം.
തികഞ്ഞ രാഷ്ട്രതന്ത്രജ്ഞന്റെ പാടവം ഹിജ്‌റാനന്തരമുള്ള നബി(സ)യുടെ ഓരോ നീക്കത്തിലും നമുക്ക് കാണാം.
മദീനയിലെ മുസ്‌ലിംകളും ജൂതന്മാരും മക്കയില്‍നിന്നുള്ള അഭയാര്‍ഥികളുമടങ്ങുന്ന പൗരസഞ്ചയത്തിന്റെ രാഷ്ട്രീയോദ്ഗ്രഥനം മുന്നില്‍ കണ്ട് ഒരു ഭരണഘടനക്ക് നബി (സ) രൂപം നല്‍കി. പ്രസ്തുത മൂന്ന് വിഭാഗങ്ങളും ഒറ്റ ജനതയായിരിക്കുമെന്നതായിരുന്നു ഭരണഘടനയിലെ പ്രഥമ ഖണ്ഡിക. മദീനക്കെതിരിലുള്ള ഗൂഢാലോചനകളെയും വൈദേശികാക്രമണങ്ങളെയും ഒറ്റക്കെട്ടായി നിന്ന് ചെറുക്കുമെന്ന് മൂന്ന് വിഭാഗവും കരാര്‍ ചെയ്തു. ജൂത ന്യൂനപക്ഷങ്ങള്‍ക്ക് പരിപൂര്‍ണമായ വിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും ഭരണഘടനയില്‍ ഉറപ്പു നല്‍കി. എല്ലാ തര്‍ക്കങ്ങളിലും അന്തിമമായ വിധിതീര്‍പ്പ് കല്‍പ്പിക്കുന്നത് പ്രവാചകനായിരിക്കുമെന്ന് അതില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ മേല്‍ക്കോയ്മ ഉറപ്പുവരുത്തുകയായിരുന്നു നബി (സ). തങ്ങള്‍ ഒപ്പുവെച്ച ഭരണഘടനക്കെതിരെ ശത്രുപക്ഷത്ത് ചേര്‍ന്ന് രാജ്യദ്രോഹ നീക്കങ്ങള്‍ നടത്തിയ ജൂത ഗോത്രങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നബി(സ)ക്ക് ഇതുവഴി സാധിച്ചു.
മുസ്‌ലിം നാമധാരികളായ കപടവിശ്വാസികളെ വളരെ സമര്‍ഥമായാണ് നബി (സ) നേരിട്ടത്. ബാഹ്യമായി ഇസ്‌ലാമിക സമൂഹത്തിന്റെ ഭാഗമായിരുന്ന അവരുമായി ഒരേറ്റുമുട്ടലിന് തിരുമേനി തുനിഞ്ഞില്ല. ആഭ്യന്തരരംഗത്ത് അത്തരം നീക്കങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് നബി(സ)ക്ക് അറിയാമായിരുന്നു.
അടിയന്തര പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുക എന്നത് സമര്‍ഥനായ ഒരു ഭരണനായകന്റെ അടയാളമാണ്. മഹത്തായ ഒട്ടേറെ മാതൃകകള്‍ നബിയുടെ മദീനാ ജീവിതത്തില്‍ നമുക്ക് കണ്ടെത്താവുന്നതാണ്. മക്കയില്‍നിന്ന് വന്ന അഭയാര്‍ഥികളുടെ പുനരധിവാസം ഉദാഹരണം.
ഭരണാധിപനും ഭരണീയരും തമ്മിലുള്ള പരസ്പര വിശ്വാസവും സ്‌നേഹവികാരങ്ങളുമാണ് ഭരണാധികാരിയെ ജനനായകനാക്കുന്നത്. നബി(സ)യും അനുചരന്മാരും തമ്മിലുണ്ടായിരുന്ന സ്‌നേഹബന്ധം അനന്യസാധാരണമായിരുന്നു.
Comments