Prabodhanm Weekly

Pages

Search

2021 നവംബര്‍ 12

3226

1443 റബീഉല്‍ ആഖിര്‍ 07

ആശയസംവാദത്തിന്റെ  സൗഹൃദ നാളുകളില്‍  ഇസ്‌ലാം ഇസ്‌ലാമിനെ പറ്റി പറയുന്നു.....

അബ്ദുല്‍ഹകീം നദ്‌വി

ഇത് സത്യാനന്തര കാലമാണ്. ആടിനെ പട്ടിയാക്കി പിന്നീട് പേപ്പട്ടിയെന്നാരോപിച്ച് തല്ലിക്കൊല്ലുന്ന കാലം കഴിഞ്ഞിരിക്കുന്നു. ആടിനെ ആടെന്ന് പറഞ്ഞ് തന്നെ തല്ലിക്കൊല്ലാന്‍ കഴിയുന്ന കാലമാണ് സത്യാനന്തര കാലം. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയോടെ സാമ്രാജ്യത്വത്തിന് മുന്നിലുണ്ടായിരുന്ന ചുവപ്പു ഭീഷണി (Red Menace) അവസാനിക്കുകയും പകരം പുതിയൊരു പച്ച ഭീഷണി (Green Menace)ശക്തിപ്പെടുകയും ചെയ്തുവെന്നാണ് സാധാരണ പറയാറുള്ളത്. 2001 സെപ്റ്റംബര്‍ പതിനൊന്നിനു ശേഷമാണ് ഈ 'ഭീഷണി' വലിയ തോതില്‍ ചര്‍ച്ചയായി തുടങ്ങിയത്. അതിനെ തുടര്‍ന്ന്  ആഗോള സമാധാനത്തിന് ഏക ഭീഷണി ഇസ്‌ലാം മാത്രമാണെന്ന പ്രചാരണം കനം വെച്ചു. മുസ്‌ലിം സമൂഹവും അവരുടെ ഇസ്‌ലാമിക ജീവിതവും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയവും തീവ്രവാദത്തിന്റെയും ഭീകരതയുടെയും പര്യായമായി മാറി. ഇന്നിപ്പോള്‍ പാശ്ചാത്യ-പൗരസ്ത്യ വ്യത്യാസമില്ലാതെ, സമ്പന്ന രാജ്യങ്ങളിലും ദരിദ്ര രാഷ്ട്രങ്ങളിലും ഒന്നാം ലോക രാജ്യങ്ങള്‍ മുതല്‍ മൂന്നാം ലോക രാജ്യങ്ങളില്‍ വരെയും ഇസ്‌ലാംഭീതി തിടം വെച്ചുകഴിഞ്ഞിരിക്കുന്നു. ആഗോളതലത്തില്‍ സാമ്രാജ്യത്വ ശക്തികളും സയണിസ്റ്റുകളും തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളും ചേര്‍ന്നാണ് ഇസ്‌ലാംഭീതിയുടെ കയറ്റുമതിയും ഇറക്കുമതിയും നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയില്‍ സംഘ് പരിവാര്‍ രാഷ്ട്രീയം പടുത്തുയര്‍ത്തിയിരിക്കുന്നതു തന്നെ ഇസ്‌ലാംവിരുദ്ധതയുടെ  തറപ്പുറത്താണ്. ദേശസ്നേഹവും ദേശക്കൂറും നിരന്തരം തെളിയിക്കേണ്ടവരാണ് ഇന്ത്യയില്‍ മുസ്‌ലിം സമൂഹം. അവര്‍ രാജ്യദ്രോഹികളും കലാപകാരികളുമാണെന്ന ധാരണ വ്യാപകമായി ഇന്ത്യന്‍ മണ്ണില്‍ പ്രചരിപ്പിക്കുന്നതില്‍ നാള്‍ക്കുനാള്‍ അവര്‍ മുന്നേറുകയാണ്. അധികാരക്കസേരകള്‍ താങ്ങിനിര്‍ത്താന്‍ ഇസ്‌ലാമിനോടും മുസ്‌ലിം സമൂഹത്തോടുമുള്ള വെറുപ്പും വിദ്വേഷവുമല്ലാതെ മറ്റൊന്നും അവരുടെ ആവനാഴികളില്ല. ജനദ്രോഹ ഭരണത്തിന്റെ ഏറ്റവും ഭീകര പതിപ്പായി മോദി-അമിത്ഷാ സര്‍ക്കാര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അവര്‍ പ്രതീക്ഷയിലാണ്. കാരണം മറ്റൊന്നുമല്ല. മുസ്‌ലിംവിരുദ്ധത മാര്‍ക്കറ്റ് ചെയ്ത് വന്‍ലാഭം കൊയ്യാന്‍ ഇനിയും സാധിക്കുമെന്നതിലാണ് അവരുടെ പ്രതീക്ഷ. അടുത്തെത്തിയ യു.പി തെരഞ്ഞെടുപ്പിലും അവരുടെ ആത്മവിശ്വാസം ഇതൊന്ന് മാത്രമാണ്. ചുരുക്കത്തില്‍ ഇന്ത്യയില്‍ ഇസ്‌ലാംവിരുദ്ധത ഭരണകൂടത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ പ്രവര്‍ത്തനവും ഭരണപ്രക്രിയയുമായി മാറിയ ഇക്കാലത്ത് നമ്മുടെ നാടും നാള്‍ക്കുനാള്‍ ഇസ്‌ലാമോഫോബിക്കായിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിലേക്ക് വന്നാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി സങ്കീര്‍ണമാണ്. മലയാള മനസ്സിനെ ഇസ്‌ലാംവിരുദ്ധമാക്കുന്നതില്‍ സംഘ് പരിവാര്‍ മാത്രമല്ല മുന്‍പന്തിയിലുള്ളത്. കമ്യൂണിസ്റ്റുകള്‍, ലിബറലുകള്‍, നാസ്തികര്‍, ഫെമിനിസ്റ്റുകള്‍, തീവ്ര ക്രൈസ്തവ വിഭാഗങ്ങള്‍ തുടങ്ങി പലരും ഒന്നിച്ചണിനിരക്കുന്ന പ്ലാറ്റ്ഫോമാണ് മലയാളമണ്ണില്‍ രൂപപ്പെട്ടിരിക്കുന്നത്. അഥവാ, കേരളത്തില്‍ സംഘ് പരിവാറിന് പണി വളരെ എളുപ്പമാണ്. വലിയ തോതില്‍ ശാരീരിക അധ്വാനമോ ബൗദ്ധിക ശ്രമങ്ങളോ ഇല്ലാതെ തന്നെ കാര്യങ്ങള്‍ എളുപ്പത്തിലാക്കുന്നതിന് സാക്ഷാല്‍ കമ്യൂണിസ്റ്റുകള്‍ മുതല്‍ തീവ്ര ക്രൈസ്തവ വിഭാഗങ്ങള്‍ വരെ കഠിനാധ്വാനത്തിലാണ്! പരസ്പരം ശത്രുക്കളായവര്‍ പോലും ഇസ്‌ലാമിനെതിരില്‍ ഒന്നാകുന്ന കാഴ്ച കൗതുകമുളവാക്കുന്നതാണ്, അതിലുപരി ഞെട്ടലും അസ്വസ്ഥതയുമുണ്ടാക്കുന്നതാണ്.
'അവര്‍ യുദ്ധത്തിന്റെ തീനാളങ്ങള്‍ കത്തിക്കുകയും ഭൂമിയില്‍ നാശം പരത്താന്‍ ശ്രമിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാഹുവാകട്ടെ, ആ തീനാളങ്ങള്‍ ഊതിക്കെടുത്തുന്നു. നാശമുണ്ടാക്കുന്നവരെ അല്ലാഹു അശേഷം ഇഷ്ടപ്പെടുന്നില്ല തന്നെ' (അല്‍മാഇദ 64) എന്ന ഖുര്‍ആന്‍ വാക്യത്തെ ഓര്‍മിപ്പിക്കുംവിധം പല കോണുകളില്‍നിന്നായി ഇസ്‌ലാമിനെതിരെ വാളോങ്ങുകയാണ്.
അനുരഞ്ജന ശ്രമങ്ങളിലൂടെ പരിഹരിക്കാന്‍ സാധിക്കും വിധമല്ല കാര്യങ്ങള്‍ പുരോഗമിക്കുന്നത്. 'കഴിയുമെങ്കില്‍, നിങ്ങളെ സ്വമതത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതുവരെ അവര്‍ യുദ്ധം ചെയ്തുകൊണ്ടേയിരിക്കും' (അല്‍ബഖറ 217) എന്ന നിലയിലേക്ക് കാര്യങ്ങളെത്തുന്നു.
'താങ്കള്‍ അവരുടെ മാര്‍ഗം പിന്‍പറ്റാന്‍ തയാറാകാത്തിടത്തോളം ജൂത- ക്രൈസ്തവ വിഭാഗങ്ങള്‍ ഒരിക്കലും താങ്കളുടെ കാര്യത്തില്‍ സംതൃപ്തരാകുന്നതല്ല' എന്ന നബിയെ അഭിസംബോധന ചെയ്യുന്ന ഖുര്‍ആന്‍ സൂക്തം വെളിച്ചം വീശുന്നതും ഇതിലേക്ക് തന്നെയാണ്. 'വിശ്വസിച്ചുകഴിഞ്ഞ നിങ്ങളെ എവ്വിധമെങ്കിലും സത്യനിഷേധത്തിലേക്കു മടക്കണമെന്നല്ലോ വേദക്കാരില്‍ അധിക പക്ഷവും ആഗ്രഹിക്കുന്നത്. സത്യം തെളിഞ്ഞുകഴിഞ്ഞിട്ടും സ്വന്തം മനസ്സിലെ അസൂയ നിമിത്തം അവര്‍ അങ്ങനെ കാംക്ഷിക്കുന്നു. അല്ലാഹു അവന്റേതായ തീരുമാനം നടപ്പാക്കുവോളം നിങ്ങളവരോട് വിട്ടുവീഴ്ചയും സൗമനസ്യവും കാണിക്കുവിന്‍; അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാണെന്ന് സമാശ്വസിക്കുവിന്‍' (അല്‍ബഖറ 107) എന്ന് ഉണര്‍ത്തിക്കൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം  എന്ന് പറഞ്ഞുതരുന്നത്.
ഒന്നിനു പിറകെ മറ്റൊന്നായി, ഇടതടവില്ലാതെ തൊടുത്തുവിടുന്ന ഇത്തരം ഇസ്‌ലാംവിമര്‍ശനങ്ങള്‍ സാമൂഹിക മണ്ഡലങ്ങളില്‍ കനത്ത പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാമോഫോബിയ ഉല്‍പാദിപ്പിക്കുന്ന പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, സിനിമകള്‍, പുസ്തകങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍, ചാനല്‍ ചര്‍ച്ചകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തുടങ്ങി പല വഴികളിലൂടെയും സാമൂഹികാന്തരീക്ഷം നിരന്തരം മലിനവും വിഷലിപ്തവുമായിക്കൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിനോട് ഗുണകാംക്ഷ വെച്ചുപുലര്‍ത്തുന്നവരുടെ മനസ്സുകളില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കാനും ഇസ്‌ലാംവിരുദ്ധമനസ്സുകളെ കൂടുതല്‍ മലീമസമാക്കാനും ഈ പ്രചാരണങ്ങള്‍ കാരണമാകുന്നുണ്ട്. അതോടൊപ്പം മുസ്‌ലിം മനസ്സുകളില്‍ ഭീതി ജനിപ്പിക്കാനും അവരുടെ ജീവിതത്തില്‍ കൂടുതല്‍ ഇരുട്ട് വീഴ്ത്താനും ഈ പ്രചാരണയുദ്ധം വലിയ തോതില്‍ സഹായകമാകുന്നുമുണ്ട്. 
മുസ്‌ലിം മനസ്സുകളില്‍ ഭയമുല്‍പാദിപ്പിക്കുന്ന സംഭവങ്ങളാണ് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നത്. അസമിലെ  കുടിയൊഴിപ്പിക്കലും അതിനെ തുടര്‍ന്ന് പോലീസ് വെടിവെച്ചുകൊന്ന ഗ്രാമീണനായ മുസ്‌ലിമിന്റെ ശരീരത്തില്‍ ചാടിവീണ് ചവിട്ടുകയും ഇടിക്കുകയും ചെയ്ത ഫോട്ടോഗ്രാഫറും ഒരു ശരാശരി മുസ്‌ലിമിന്റെ ഹൃദയത്തില്‍ ആശങ്കയും ഭീതിയുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കും മസ്ജിദുകള്‍ക്കുമെതിരെ ഭരണകൂട പിന്തുണയോടെ നടന്ന വംശീയാക്രമണവും ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന ഫാഷിസ്റ്റ് തന്ത്രത്തിന്റെ ഭാഗമാണ്. കേരളത്തില്‍ വ്യാജപ്രചാരണം നടത്തി വര്‍ഗീയത ഇളക്കിവിട്ട് സംഘര്‍ഷമുണ്ടാക്കാനുള്ള സംഘ് പരിവാര്‍ ശ്രമങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുന്നു.  നോണ്‍ ഹലാല്‍ ഫുഡ് എന്ന ബോര്‍ഡ് വെച്ചതിന് 'ജിഹാദികള്‍' അക്രമിച്ചു എന്ന വ്യാജപ്രചാരണം സംഘ് പാളയം ഏറ്റെടുത്ത് പ്രചരിപ്പിച്ചത് ഈ ഇനത്തിലെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്.  ഇതിന്റെ പിറകില്‍ ചരടുകള്‍ വലിച്ച സംഘ് പരിവാര്‍ പ്രവര്‍ത്തകയുള്‍പ്പെടെയുള്ളവരുടെ നിഗൂഢമായ അജണ്ടകള്‍ തുറന്നുകാണിക്കാന്‍ പോലീസുകാര്‍ തയാറായതുകൊണ്ട് മാത്രമാണ് ഈ കുടിലതന്ത്രം പരാജയപ്പെട്ടത്. പറഞ്ഞുവന്നത് മുസ്‌ലിംസമൂഹത്തിനിടയില്‍ വലിയ തോതില്‍ ഭയമുല്‍പാദിപ്പിക്കാനുള്ള ശ്രമങ്ങളാണ് ചുറ്റുപാടും നടന്നുകൊണ്ടിരിക്കുന്നത്  എന്നാണ്. മുസ്ലിം സമുദായം ഭീതിയിലാണ്. അവരുടെ നിലനില്‍പ്പ് അപകടപ്പെടുന്നുവെന്ന ആശങ്ക മുമ്പെങ്ങുമില്ലാത്ത വിധം അവര്‍ക്കിടയില്‍ വ്യാപകമാണ്. മുസ്ലിം സമുദായത്തിനിടയില്‍ ഭീതിയും നിരാശയും ശക്തിപ്പെടുത്തുക എന്നതു തന്നെയാണ് ഇസ്ലാമിനെതിരെ വെറുപ്പുല്‍പാദിപ്പിക്കുന്നവരുടെ യഥാര്‍ഥ ലക്ഷ്യം. അതില്‍ അവര്‍ ഫലം കൊയ്യുന്നുവെന്ന പ്രതീതി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ അനന്തരഫലമെന്നോണം മുസ്ലിം സമൂഹത്തിനകത്തെ ചിലരെ ഒരു തരം അപകര്‍ഷ ബോധം പിടികൂടിക്കൊണ്ടിരിക്കുകയാണ്. മാപ്പുസാക്ഷിത്വത്തിന്റെ സ്വരവും ക്ഷമാപണ മനസ്സും മുസ്ലിം സമൂഹത്തിനിടയില്‍ കാണപ്പെടുന്നു. ഇത് രണ്ട് രൂപത്തിലാണ് മുസ്ലിം സമൂഹത്തില്‍ പ്രതിഫലനങ്ങളുണ്ടാക്കുന്നത്: ഒന്ന്, ഇസ്ലാമിന്റെ വിശ്വാസ സംഹിതകളോടും അടിസ്ഥാനങ്ങളോടും ഏറ്റുമുട്ടുന്ന പ്രവണതകളായി ഇത് രൂപാന്തരം പ്രാപിക്കുന്നു. ഹദീസ് നിഷേധം, സര്‍വമത സത്യവാദം, മതനവീകരണ വാദം, ശരീഅത്ത് പരിഷ്‌കരണ വാദം തുടങ്ങി പല രൂപത്തിലുമാണ് ഇത്തരം ആദര്‍ശ വ്യതിചലനങ്ങളും വിശ്വാസ ദൗര്‍ബല്യങ്ങളും മുസ്ലിം സമുദായത്തിനകത്ത് പ്രകടമാകുന്നത്. രണ്ടാമതായി, ഈ അപകര്‍ഷ ബോധം വളര്‍ന്ന് ഇസ്ലാമിന്റെ ആദര്‍ശ സംഹിതകളോടും മൂല്യ സങ്കല്‍പ്പങ്ങളോടും പ്രത്യക്ഷത്തില്‍ തന്നെ ഏറ്റുമുട്ടുന്ന കമ്യൂണിസം, ലിബറലിസം, നാസ്തികത തുടങ്ങിയ ഭൗതിക ചിന്താധാരകളിലേക്കും മറ്റും കൂടുമാറുന്ന പ്രവണതകളും പ്രകടമായിക്കൊണ്ടിരിക്കുന്നുണ്ട്.
ഇസ്‌ലാംവിമര്‍ശനങ്ങളുടെ ഈ പെരുമഴക്കാലത്ത് യഥാര്‍ഥ ഇസ്‌ലാമിനെ പറ്റി ജനഹൃദയങ്ങളോട് സംസാരിക്കാനാണ് ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്. നേരിന്റെ വഴിയിലൂടെ സഞ്ചരിച്ച്, വിജയത്തിന്റെ സോപാനങ്ങളിലെത്താന്‍ മനുഷ്യസമൂഹത്തിന്  മുമ്പാകെ തുറന്നുവെച്ച മനോഹരമായ ദര്‍ശനമാണല്ലോ ഇസ്‌ലാം. അത് ഒരേസമയം മോക്ഷവും വിമോചനവുമാണ്. വിശ്വാസവും കര്‍മവുമാണ്. ആത്മീയതയും ജീവിതവുമാണ്. നീതിയും ധര്‍മവുമാണ്. സത്യവും മൂല്യവുമാണ്. രാജ്യനന്മയും ജനപക്ഷ രാഷ്ട്രീയവുമാണ്. സാമ്പത്തികക്രമവും സാമൂഹിക നന്മയുമാണ്. സംസ്‌കാരവും നാഗരിതകതയുമാണ്. സ്നേഹവും സാഹോദര്യവുമാണ്. സൗഹൃദവും കരുണയുമാണ്. രക്ഷയും സമാധാനവുമാണ്. മനുഷ്യത്വത്തിന് നിരക്കാത്ത ഒന്നുമില്ല അതില്‍. പ്രകൃതിക്കിണങ്ങാത്ത ഒന്നും ഇസ്‌ലാം പറയുന്നുമില്ല. മനുഷ്യവിമോചനമാണ് അതിന്റെ കാതല്‍. നീതിയാണ് അതിന്റെ അകക്കാമ്പ്. സമാധാനവും സ്വസ്ഥതയുമാണ് അതിന്റെ മുദ്രാവാക്യം. സൗഹൃദവും സഹവര്‍ത്തിത്വവുമാണ് അതിന്റെ പച്ചപ്പ്. സ്നേഹവും കാരുണ്യവുമാണ് അതിന്റെ തെളിച്ചം. സമത്വവും സാഹോദര്യവുമാണ് അതിന്റെ സ്വഭാവം. ഇരുട്ടുകളകറ്റുക എന്നതാണ് ദൗത്യം. നാടൊട്ടാകെ പ്രകാശശോഭയാല്‍ മനോഹരമാക്കുക എന്നതാണ് അതിന്റെ കാഴ്ചപ്പാട്.
എന്നിട്ടും ഇസ്‌ലാമിനെതിരെ ദുഷ്പ്രചാരണങ്ങള്‍ പൊടിപൊടിക്കുകയാണ്. അതിന്റെ മേല്‍ ഭീകരവാദത്തിന്റെ ചാപ്പ ചാര്‍ത്തുകയാണ്. തീവ്രവാദത്തിന്റെ ഉറവയാണെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. അത് സമാധാനവിരുദ്ധവും അക്രമപരവുമാണെന്ന പൊതുബോധം വളര്‍ത്താനുള്ള നിരന്തര ശ്രമങ്ങള്‍ നടക്കുകയാണ്. സാംസ്‌കാരികവിരുദ്ധവും അപരിഷ്‌കൃതവുമെന്ന ലേബല്‍ ചാര്‍ത്താന്‍ കഠിനാധ്വാനം ചെയ്യുകയാണ്. സ്വാതന്ത്ര്യത്തിനും നീതിക്കും എതിരാണെന്ന ധാരണ പരത്തുകയാണ്. സ്ത്രീകള്‍ക്കും  കുട്ടികള്‍ക്കും എതിരും മനുഷ്യത്വരഹിതവുമെന്ന ആരോപണം ശക്തിപ്പെടുത്തുകയാണ്.
ഇതിന്റെ കാരണം മറ്റൊന്നുമല്ല. ഇസ്‌ലാം യഥാര്‍ഥ ഇസ്‌ലാമായി നിലനിനില്‍ക്കുന്നത് വെളിച്ചമിഷ്ടപ്പെടാത്തവര്‍ക്ക് പ്രഹരമാണ്. അത് ഇരുട്ടിനെ പ്രണയിക്കുന്നവരുടെ ഉറക്കം കെടുത്തും. അനീതിയുടെ പ്രണേതാക്കള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും. വെറുപ്പിന്റെ രാഷ്ട്രീയം വിതച്ച് അധികാരം കൊയ്തെടുക്കാന്‍ ശ്രമിക്കുന്നവരോട് അതിന് രാജിയാകാനാകില്ല. ജനങ്ങള്‍ക്കിടയില്‍ വിഭജനത്തിന്റെ കന്മതിലുകള്‍ തീര്‍ത്ത് അധികാരം നുണയുന്നവരോട് അരുത് പറയാതിരിക്കാനുമാകില്ല. അസമത്വങ്ങളും ഉച്ചനീചത്വങ്ങളും നിലനിര്‍ത്തി ജനങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങളുടെ അവിശുദ്ധ താല്‍പര്യങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഇസ്‌ലാം മുന്‍പന്തിയിലുണ്ടാകും. ജീവിതം സുഖിക്കാനും ആസ്വദിക്കാനും മാത്രമുള്ളതാണെന്ന അതിരുകളില്ലാത്ത സ്വാതന്ത്ര്യവാദത്തെ അംഗീകരിക്കാന്‍ ഇസ്‌ലാമിനാകില്ല.    തന്റെ സ്വാതന്ത്ര്യം അന്യന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാത്തിടത്തോളം മാത്രമേ പാടുള്ളൂ എന്ന് ഇസ്‌ലാമിന് നിര്‍ബന്ധമുണ്ട്. നീതിനിഷേധിക്കപ്പെടുന്നവരുടെ നിറവും വലിപ്പവും അടുപ്പവുമൊന്നും പരിഗണിക്കാതെ നീതിയുടെ പക്ഷത്ത് നില്‍ക്കാനാണ് ഇസ്‌ലാമിന്റെ ആഹ്വാനം. സ്ത്രീകള്‍ വില്‍പ്പനച്ചരക്കാവുന്ന കമ്പോളതാല്‍പര്യത്തോടൊപ്പം നില്‍ക്കാന്‍ ഇസ്‌ലാമിന് സാധ്യമല്ല.  ആണ്‍പെണ്‍ സൃഷ്ടിപ്പുകളുടെ ശരീരപ്രകൃതവും അവകാശബാധ്യതകളും പരിഗണിക്കാതെ പ്രകൃതിവിരുദ്ധമായ ലിബറല്‍ വാദങ്ങള്‍ക്ക് കുടപിടിച്ചുകൊടുക്കാനും ഇസ്‌ലാമിനാകില്ല.
ഇസ്‌ലാമിനോളം മനോഹരമാണ് ഇസ്‌ലാമിന്റെ ജിഹാദ്. പക്ഷേ ഇന്ന് ജിഹാദ് എന്ന പദം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഇസ്‌ലാംഭീതിയുടെ ഏറ്റവും പ്രധാന ടൂളാണ് ജിഹാദ്. അപര വിദ്വേഷത്തിന്റെയും ശത്രുസംഹാരത്തിന്റെയും പ്രതീകമായി ആ പദം ഏറെ അപരവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. സ്നേഹവും കാരുണ്യവും സമരവും സേവനവും വിപ്ലവവും വിമോചനവും എല്ലാം ചേര്‍ന്ന ഈ ആശയം എത്ര മനോഹരമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ധാരാളമായി പറയുന്നുണ്ട്.
ജിഹാദ് സമം വിശുദ്ധ യുദ്ധം എന്ന സമവാക്യം രൂപപ്പെടുത്തിയ ഇസ്‌ലാംവിരോധികള്‍ ഈ മനോഹര പദത്തെ എക്കാലത്തും വക്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇരുപത്തിമൂന്ന് വര്‍ഷം ദൈവദൂതനായി ജീവിച്ച പുണ്യറസൂലിന്റെ ജീവിതമാണ് ജിഹാദിന്റെ കര്‍മസാക്ഷ്യം. സത്യവും നീതിയും ധര്‍മവും സമാധാനവും പുലരുന്ന നല്ല ലോകത്തെ കിനാവ് കാണുന്നവരുടെ പ്രതീക്ഷയുടെ പേരാണ് ജിഹാദ്. മാനവികത അന്യമായ ഒരു ജനതയുടെ അറിവും ബോധവുമുണര്‍ത്തി ഒരു സമൂല സാമൂഹിക വിപ്ലവത്തിന് അവരെ സജ്ജരാക്കിയ ആശയത്തിന്റെ പേരാണ് ജിഹാദ്. മനുഷ്യസമൂഹത്തിന്റെ ആകമാനം ജീവന്‍, സ്വത്ത്, ബുദ്ധി, വംശം, വിശ്വാസം എന്നിവയുടെ സംരക്ഷണമാണ് ജിഹാദിന്റെ ആത്മാവ്.
ഇസ്‌ലാം ഒരു ഐഡിയോളജിയാണ്. അതുകൊണ്ടുതന്നെ അത് ജനഹൃദയങ്ങളോടാണ് സംവദിക്കുന്നത്; ശരീരങ്ങളോടല്ല. ഹൃദയങ്ങളിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ക്കേ ഫലമുണ്ടാകൂ. ഇത് ഏതൊരു ഐഡിയോളജിക്കും ബാധകവുമാണ്. നിര്‍ബന്ധ മതപരിവര്‍ത്തനം എന്നൊന്നില്ല. അത് സാധ്യവുമല്ല. കാരണം മനസ്സാണല്ലോ മാറേണ്ടത്. ഒരു നിര്‍ബന്ധങ്ങള്‍ക്കും മനസ്സില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കാന്‍ സാധ്യമല്ലല്ലോ. ജിഹാദും മതപരിവര്‍ത്തനവും ചേര്‍ത്തുവെച്ചാണ് ഇന്ന് ഇസ്‌ലാംവിരുദ്ധത ആഘോഷിക്കപ്പെടുന്നത്. സത്യത്തെ കണ്ടെത്താന്‍ ഒരാള്‍ തീരുമാനിച്ചാല്‍ അതില്‍നിന്നും പിന്തിരിപ്പിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല. മറിച്ചും അസാധ്യമാണ്. പ്രകോപനവും പ്രലോഭനവുമല്ല മനസ്സുകളെ പരിവര്‍ത്തിപ്പിക്കുന്നത്. കാര്യങ്ങള്‍ വ്യക്തതയോടെ ബോധ്യപ്പെടുമ്പോള്‍ മാത്രമേ അത് സംഭവിക്കൂ. അത് തികച്ചും സ്വതന്ത്രവും വ്യക്തിപരവുമാണു താനും. ആദര്‍ശമാറ്റങ്ങള്‍ ആരെതിര്‍ത്താലും ഏതൊരു സമൂഹത്തിലും സംഭവിച്ചുകൊണ്ടിരിക്കും. അത് ഏതെങ്കിലും ഒരു പ്രത്യേക ദര്‍ശനത്തിന്റെയോ മതത്തിന്റെയോ മാത്രം സവിശേഷതയല്ല താനും.
പറഞ്ഞുവന്നത് ഇസ്‌ലാംവിരുദ്ധ മനോഭാവങ്ങളെ പറ്റിയാണ്. ഇസ്‌ലാമിനെതിരെ ഉറഞ്ഞുതുള്ളുന്നവര്‍ പരമാവധി സാമൂഹിക മണ്ഡലത്തെ ഇസ്‌ലാമോഫോബിക്കാക്കി മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിനവര്‍ക്ക് സാധിക്കുകയില്ല. കാരണം ഇസ്‌ലാമിനെ സത്യസന്ധമായി മനസ്സിലാക്കിയ എത്രയോ പേര്‍ ജീവിക്കുന്ന നാടാണിത്. ഇസ്‌ലാമിന്റെ തണലും തലോടലും ലഭിച്ചവര്‍ നമുക്കു ചുറ്റും ധാരാളമുണ്ട്. അയല്‍പക്കമായി, സഹപാഠിയായി, സഹപ്രവര്‍ത്തകനായി, സഹയാത്രികനായി നാം ഒന്നിച്ച് ജീവിക്കുന്നവരാണ്. ജീവിതത്തില്‍ നന്മ മാത്രം ചെയ്യാനും നല്ലത് മാത്രം പറയാനും പഠിപ്പിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം. അതിന് വിരുദ്ധമായി വല്ലതും മുസ്‌ലിം സമുദായത്തിനകത്ത് കാണേണ്ടിവന്നാല്‍ അതിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിനല്ല; ആ വ്യക്തികള്‍ക്ക് മാത്രമാണ്.
വൈജ്ഞാനിക രംഗത്ത് വലിയ മുന്നേറ്റമാണ് മുസ്‌ലിം സമൂഹം നടത്തുന്നത്. അതുപോലും ഇസ്‌ലാംവിരുദ്ധതയുല്‍പാദിപ്പിക്കാനുള്ള ഉപകരണമാക്കാനുള്ള ശ്രമങ്ങള്‍ നമുക്ക് ചുറ്റും എമ്പാടും നടക്കുന്നുണ്ട്.
ഇസ്‌ലാം വംശീയതയുടെ പേരല്ല. സമുദായത്തിന്റേതുമല്ല. അതൊരു സാമൂഹിക യാഥാര്‍ഥ്യമാണ്. ഇസ്‌ലാമാണ് ശരിയെന്ന് ഇസ്‌ലാം മനസ്സിലാക്കുന്നു. ഒരേസമയം കുറേ ശരികളുണ്ടാകുന്നതും ശരിയല്ലല്ലോ. പക്ഷേ മറ്റു പലരും ശരിയാണെന്ന് മനസ്സിലാക്കുന്നതിനു നേരെ കലാപമുണ്ടാക്കുകയില്ല ഇസ്‌ലാം. അവര്‍ ശരിയാണെന്ന് മനസ്സിലാക്കുന്ന സിദ്ധാന്തങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അവര്‍ക്ക് വകവെച്ചുനല്‍കും. അതാണല്ലോ യഥാര്‍ഥ ജനാധിപത്യത്തിന്റെ അടിത്തറയാകേണ്ടത്. ഒരാള്‍ ശരിയെന്ന് മനസ്സിലാക്കിയതില്‍ ഉറച്ചുനില്‍ക്കാന്‍ ഓരോരുത്തര്‍ക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. അത് വകവെച്ചുനല്‍കുകയാണ് വേണ്ടത്.
വൈവിധ്യങ്ങളുടെ സന്തുലിതത്വമാണ് ഈ പ്രപഞ്ചത്തിന്റെ സൗന്ദര്യം. ആ സന്തുലിതത്വം തകരാതെ സംരക്ഷിക്കുക എന്ന ബാധ്യതയാണ് ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന് നിര്‍വഹിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം. വൈവിധ്യങ്ങള്‍ തകര്‍ത്ത് ഏകാത്മക സാമൂഹിക ഘടന സ്വപ്‌നം കാണുന്ന പലരും നമുക്കിടയിലുണ്ട്. ഇസ്‌ലാം അത്തരക്കാരുടെ പേരുകള്‍ എഴുതിവെച്ച കള്ളികോളങ്ങളില്‍ വരവ് വെക്കാവുന്ന ഒരു ദര്‍ശനമല്ല. വൈവിധ്യങ്ങള്‍ ദൈവിക ദൃഷ്ടാന്തമാണെന്നും അത് തകരാതിരിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കണമെന്നും ആഹ്വാനം ചെയ്യുന്ന ഒരു ദര്‍ശനത്തിനും അതിന്റെ വക്താക്കള്‍ക്കും വൈവിധ്യങ്ങള്‍ തകര്‍ക്കാനുമാവുകയില്ല.
ഇസ്‌ലാമിനെതിരായ ഈ കടന്നുകയറ്റങ്ങള്‍ മുസ്‌ലിംസമൂഹത്തെ അസ്വസ്ഥപ്പെടുത്തേണ്ടതുമില്ല. കാരണം ഇത് ആദ്യത്തേതല്ല;  അവസാനത്തേതുമായിരിക്കില്ല. ചരിത്രത്തിന്റെ താളുകള്‍ മറിച്ചാല്‍ പലപ്പോഴായി സംഭവിച്ചതിന്റെ തുടര്‍ച്ച മാത്രമാണിതെന്നു കാണാം. മണ്ണിനും വിണ്ണിനുമിടയിലുള്ള ഓരോ കണികക്കും ഇസ്‌ലാമിനെ പറ്റി ധാരാളം പറയാനുണ്ട്. ഇസ്‌ലാമിന്റെ നാഗരിക ഔന്നത്യത്തിന്റെയും സാംസ്‌കാരിക മഹത്വത്തിന്റെയും വിജ്ഞാന വിസ്ഫോടനത്തിന്റെയും മനോഹരമായ ധാരാളം അധ്യായങ്ങളാല്‍ സമ്പന്നമാണ് ലോകത്തിന്റെ ചരിത്രപുസ്തകങ്ങള്‍. അതിനാല്‍ തന്നെ നിരാശപ്പെടേണ്ട യാതൊന്നുമില്ല.
പ്രതിസന്ധികള്‍ മറികടക്കാനുള്ളതാണ്; പകച്ചുനില്‍ക്കാനുള്ളതാകരുത്, ഉറച്ചുനില്‍കാനുള്ളതാകണം. വ്യതിചലിക്കാനും വഴിയറിയാതെ പതറിപ്പോകാനുമാകരുത്. ഒരുവശത്ത് പ്രതിസന്ധികള്‍ കനം വെച്ചേക്കാം. അതേസമയം മറുവശത്ത് ആശ്വാസത്തിന്റെ തെളിനീരുറവ പൊട്ടിയൊഴുകുന്നുണ്ടാകും. പ്രതിസന്ധികളെ എങ്ങനെ മറികടക്കണമെന്ന് ഇസ്‌ലാം തന്നെ പറഞ്ഞുതരുന്നുണ്ട്. അഥവാ ഇസ്‌ലാമിനോടൊപ്പമുള്ള യാത്രയാണ് യഥാര്‍ഥ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം.
പ്രതിസന്ധികള്‍ നിറഞ്ഞ കാലത്ത് പുതുവഴികള്‍ തേടിപ്പോകുന്ന ചിലരെങ്കിലും നമ്മുടെ കൂട്ടത്തിലുണ്ട്. ഇസ്‌ലാം പ്രശ്നമാണെന്നും പരിഹാരമല്ലെന്നുമുള്ള കല്ലുവെച്ച നുണപ്രചാരണങ്ങള്‍ക്കിടയില്‍ അപകര്‍ഷബോധം പിടികൂടിയവരാണവര്‍. തിരുദൂതരുടെ സന്ദേശങ്ങള്‍ ഈ കാലത്തിനനുയോജ്യമല്ലെന്ന വാദമുന്നയിക്കുന്നവരും തലപൊക്കിത്തുടങ്ങുന്നുണ്ട്. ഇസ്‌ലാം മാത്രമാണ് ശരിയെന്ന് പറയുന്നത് ഈ കാലത്ത് വംശീയതയാണ് ഉല്‍പാദിപ്പിക്കുന്നതെന്ന് പറഞ്ഞു നടക്കുന്നവരുണ്ട്. അതിനു വേണ്ടി അവര്‍ ഖുര്‍ആന്‍ പോലും ദുര്‍വ്യാഖ്യാനിക്കുന്നു. ശരീഅത്ത് പുതിയ കാലത്തിനനുയോജ്യമല്ലെന്നും അത് പൊളിച്ചെഴുതേണ്ടതുണ്ടെന്നും നവീകരിക്കണമെന്നും പറഞ്ഞ് രംഗത്തു വരുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇവരൊന്നും സത്യത്തില്‍ ഇസ്‌ലാമിനെ രക്ഷിക്കുകയല്ല, മറിച്ച് ഇസ്‌ലാമിനെ വിഴുങ്ങാന്‍ കാത്തിരിക്കുന്നവരുടെ വായ്മുഖത്ത് അതിനെ കൊണ്ടുപോയി വെക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാര്‍ ആരെയാണ് സഹായിക്കുന്നതെന്നും ഇവരെ സഹായിക്കുന്നവര്‍ ആരൊക്കെയാണെന്നും പകല്‍ വെളിച്ചം പോലെ വ്യക്തവുമാണ്.
ഒരുകാര്യം കൂടി പറയേണ്ടതുണ്ട്. ഇസ്‌ലാംവിമര്‍ശനങ്ങള്‍ എല്ലാവരും ഒളിച്ചുകടത്തുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ മുതുകില്‍ കെട്ടിവെച്ചാണ്. അതൊരു സൗകര്യമായി കമ്യൂണിസ്റ്റുകള്‍ മുതല്‍ നാസ്തികര്‍ വരെ ഉപയോഗിക്കുന്നുണ്ട്. മുസ്‌ലിംസമുദായത്തിന്റെ എതിര്‍പ്പുകള്‍ മറികടക്കാന്‍ ഏറ്റവും നല്ല ഉപായമായി ഇവരൊക്കെയും കാണുന്ന മാര്‍ഗം കൂടിയാണിത്. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ മുസ്‌ലിംസമുദായം എതിര്‍ക്കില്ലെന്നും ഒരുവേള അവരുടെ പിന്തുണ കിട്ടുമെന്നും ഇക്കൂട്ടര്‍ കണക്കുകൂട്ടുന്നുണ്ട്. മതരാഷ്ട്രവാദം, തീവ്രവാദം തുടങ്ങിയ പലതും ഈ ഇനത്തില്‍ മാറിമാറി ഉപയോഗിക്കാറുണ്ട്. ഞങ്ങള്‍ ഇസ്‌ലാമിനെയല്ല, ഇസ്‌ലാമിലെ ഒരു വിഭാഗം തീവ്രവാദികളെയാണ് എതിര്‍ക്കുന്നതെന്ന് കമ്യൂണിസ്റ്റുകള്‍ മുതല്‍ മതമേലധ്യക്ഷന്മാര്‍ വരെ പറയുന്നത് ജമാഅത്തെ ഇസ്‌ലാമിയെ ഉന്നംവെച്ചുകൊണ്ടാണ്.
ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയില്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല. സ്വതന്ത്ര ഇന്ത്യയോളം പഴക്കം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്കുണ്ട്. ജമാഅത്തെ ഇസ്‌ലാമി ഒരു തുറന്ന പുസ്തകമാണ്.  ഈ നാടിനോടൊപ്പം സഞ്ചരിച്ച പാരമ്പര്യമാണ് ജമാഅത്തിനുള്ളത്. ഏഴു പതിറ്റാണ്ടുകള്‍ക്കുമപ്പുറം നീണ്ട ചരിത്രമുള്ള ഈ പ്രസ്ഥാനത്തിന്റെ നാള്‍വഴികള്‍ ചരിത്രരേഖയായി നമുക്ക് മുന്നിലുണ്ട്. പെരും കൊള്ളകളുടെയും നിഷ്ഠുര കൊലപാതകങ്ങളുടെയും പൈശാചിക സ്ത്രീപീഡനങ്ങളുടെയും എമ്പാടും കഥകള്‍ പറയാനുള്ളവരാണ് മത രാഷ്ട്രീയകൂട്ടങ്ങള്‍. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തില്‍ അങ്ങനെയൊരധ്യായം ഒരാള്‍ക്കും കണ്ടെത്താനാവുകയില്ല. 
ഇത്രയും പറഞ്ഞത് ഇസ്‌ലാമിനെ പറ്റിയാണ്, ഇസ്‌ലാമിനെ സത്യസന്ധമായി പ്രതിനിധീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയെ പറ്റിയാണ്. പറഞ്ഞതത്രയും സത്യസന്ധവും വസ്തുതതയുമാണെന്നതില്‍ തര്‍ക്കമില്ല.  ഇത് പ്രവാചകന്മാരുടെ പ്രബോധനപ്രവര്‍ത്തനങ്ങളുടെ വര്‍ത്തമാനകാല തുടര്‍ച്ചയാണ്. സത്യസന്ദേശം ജനങ്ങളിലേക്കെത്തിക്കുക എന്ന ആ കാലഘട്ടത്തിന്റെ ദൗത്യം ഏറ്റെടുത്തവരായിരുന്നു പ്രവാചകന്മാര്‍. അതിന്റെ പേരില്‍ ധാരാളം പ്രതിസന്ധികള്‍ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. വെല്ലുവിളികള്‍ ഒന്നിനു പിറകെ മറ്റൊന്നായി കടന്നുവന്നിട്ടുണ്ട്. പരീക്ഷണങ്ങളുടെ തീച്ചൂളകളില്‍ അവര്‍ കടഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  എന്നിട്ടും തങ്ങളില്‍ അര്‍പ്പിതമായ ഉത്തരവാദിത്തങ്ങളില്‍നിന്ന് അവര്‍ പിന്മാറിയിട്ടില്ല. ഭയം അവരെ പിടികൂടിയിട്ടില്ല. നിരാശ ബാധിച്ചിട്ടുമില്ല. ദൗര്‍ബല്യം തൊട്ടുതീണ്ടിയിട്ടില്ല. ഖുര്‍ആന്‍ പറയുന്നു; ''ഇതിനു മുമ്പ് എത്രയോ പ്രവാചകന്മാര്‍ കടന്നുപോയിരിക്കുന്നു. നിരവധി ഭക്തന്മാര്‍ അവരോടൊപ്പം യുദ്ധം ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നേരിടേണ്ടിവന്ന വിപത്തുകളെച്ചൊല്ലി അവര്‍ മനസ്സിടിഞ്ഞവരായിട്ടില്ല. ദൗര്‍ബല്യം കാണിച്ചിട്ടുമില്ല. (അസത്യത്തിനു മുന്നില്‍) തലകുനിച്ചിട്ടുമില്ല. ഈ വിധമുള്ള സഹനശീലരെ അല്ലാഹു സ്‌നേഹിക്കുന്നു'' (ആലുഇംറാന്‍ 146).
ഗുണകാംക്ഷയും ആത്മാര്‍ഥതയുമായിരുന്നു പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങളുടെ ശക്തിസ്രോതസ്സ്. നൂറ്റാണ്ടുകള്‍ നീണ്ട പ്രബോധനപ്രവര്‍ത്തനങ്ങളുടെ സ്വാധീനം സ്വപത്നിയിലും മക്കളിലും പോലും ചെലുത്താന്‍ നൂഹ് പ്രവാചകന് സാധിച്ചില്ല. എന്നിട്ടും അദ്ദേഹം തന്റെ ജനതയോട് പറഞ്ഞത് ഇപ്രകാരമായിരുന്നു: ''എന്റെ നാഥന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരുന്നു. ഞാന്‍ നിങ്ങള്‍ക്ക് ഗുണം കാംക്ഷിക്കുകയുമാകുന്നു. നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത പലതും അല്ലാഹുവിങ്കല്‍നിന്ന് ഞാന്‍ അറിയുന്നുണ്ട്'' (അല്‍അഅ്റാഫ് 62). മുഴുവന്‍ പ്രവാചകന്മാരുടെയും മുഖമുദ്ര ഈ നസ്വീഹത്തായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. നാം സംസാരിക്കുന്നത് ഹൃദയങ്ങളോടാണ്, നാം ചികിത്സിക്കുന്നത് രോഗത്തെയാണ്. സംഭാഷണങ്ങളും സംവാദങ്ങളും ഏറ്റവും ഉയര്‍ന്ന നിലവാരത്തിലായിരിക്കണമെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നത് അതുകൊണ്ടാണ്.
'ഇസ്‌ലാം, ആശയസംവാദത്തിന്റെ സൗഹൃദനാളുകള്‍' എന്നാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം നടത്തുന്ന ഈ പ്രചാരണ പരിപാടികളുടെ തലക്കെട്ട് തന്നെ. മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കേണ്ട സൗഹൃദാന്തരീക്ഷം തകര്‍ക്കപ്പെടരുതെന്നും അതിന്റെ സന്തുലിതത്വം സംരക്ഷിക്കപ്പെടണമെന്നും നിര്‍ബന്ധമുള്ളവരാണ് ഈ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, ആത്മാര്‍ഥതയാണ് ഈ കാമ്പയിനിന്റെ ചാലകശക്തി. അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവുമാണ് പ്രചോദനം. സ്വര്‍ഗലബ്ധിയും നരകമോചനവുമാണ് ശക്തിസ്രോതസ്സ്. ഇത് ശത്രുക്കളെ സൃഷ്ടിക്കാനുള്ള കാമ്പയിനല്ല, ശത്രുതകളകറ്റാനുള്ള കാമ്പയിനാണ്. തിന്മകളും അസത്യങ്ങളും തേരു തെളിക്കുന്ന ഇക്കാലത്ത് നന്മയും സത്യവും പുലരുന്ന നല്ല നാളേക്കു വേണ്ടിയുള്ള കരുതിവെപ്പാണ് ഈ കാമ്പയിന്‍. ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്: ''നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉത്കൃഷ്ടമായ നന്മ കൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാ ഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല'' (ഫുസ്സ്വിലത്ത് 34-35).
2021 നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ നടക്കുന്ന പ്രചാരണ പരിപാടികളുടെ  ഭാഗമായി വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്. നവംബര്‍ 12-ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനി എറണാകുളം ടൗണ്‍ ഹാളില്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. കമ്യൂണിസം, ലിബറലിസം, നാസ്തികത, ഫെമിനിസം, ഹദീസ് നിഷേധ പ്രവണതകള്‍, സര്‍വമത സത്യവാദം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍, ചര്‍ച്ചകള്‍, ടേബ്ള്‍ ടോക്കുകള്‍ എന്നിവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കും. കാമ്പയിനിന്റെ ഭാഗമായി നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ പരിപാടി സംവാദ സദസ്സുകളായിരിക്കും. ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും സംബന്ധിച്ച് നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിമര്‍ശനങ്ങളെയും തെറ്റിദ്ധരിപ്പിക്കലുകളെയും അഭിമുഖീകരിക്കുന്ന സംവാദങ്ങളാണ് ഈ പരിപാടി. തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനും ആശയ വ്യക്തത വരുത്താനും സഹായമാകുന്ന ഈ പരിപാടിയിലേക്ക് ധാരാളം പേര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇസ്‌ലാമിക പ്രസ്ഥാനം നിര്‍വഹിക്കുന്ന ഈ ചരിത്രദൗത്യം കേരളത്തിന്റെ ഇസ്‌ലാമിക നവോത്ഥാന ചരിത്രത്തിന്റെ തിളക്കമുള്ള അധ്യായങ്ങളിലൊന്നായി അടയാളപ്പെടുത്തണമെന്നാണ് നാം ആഗ്രഹിക്കുന്നത്. മുസ്‌ലിം സമൂഹത്തിന് ഇസ്‌ലാമിനെ അപകര്‍ഷ ബോധമില്ലാതെ, ആത്മാഭിമാനത്തോടെ നെഞ്ചേറ്റാന്‍ ഈ കാമ്പയിന്‍ സഹായകമാകാതിരിക്കില്ല. അറിവില്ലായ്മയും തെറ്റിദ്ധരിപ്പിക്കലും കാരണം സത്യസന്ദേശത്തെ അവഗണിക്കുകയോ അതില്‍നിന്ന് വഴുതിപ്പോവുകയോ ചെയ്തവര്‍ക്ക് ഈ കാമ്പയിന്‍ പുനരാലോചനക്ക് നിമിത്തമായേക്കും. ഈ കാമ്പയിന്‍ ഉറങ്ങുന്നവനെ ഉണര്‍ത്താനുള്ളതാണ്. അവര്‍ക്ക് വെളിച്ചമേകാനാണ്. വഴികാണിച്ചുകൊടുക്കാനാണ്, ഇനിയങ്ങോട്ട് വഴിതെറ്റാതിരിക്കാന്‍ ദിശാബോധം നല്‍കാനാണ്. ഉറക്കം നടിക്കുന്നവരെ നമുക്ക് ഉണര്‍ത്താനായില്ലെന്നു വന്നേക്കാം. പക്ഷേ, കുറേയധികം പേര്‍ ഉറങ്ങുന്നവര്‍ തന്നെയാണ്. വെളിച്ചം ലഭിക്കാതെ പോയവരാണ്. അവരിലേക്ക് നാം ആത്മവിശ്വാസത്തോടെ ഇറങ്ങുക. അല്ലാഹുവിന്റെ സഹായത്താല്‍ നമുക്ക് വിജയിക്കാനാകും, തീര്‍ച്ച. 

(ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം സംഘടിപ്പിക്കുന്ന 'ഇസ്‌ലാം ആശയസംവാദത്തിന്റെ സൗഹൃദ നാളുകള്‍' കാമ്പയിന്റെ കണ്‍വീനറാണ് ലേഖകന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (49-52)

ഹദീസ്‌

റസൂലിന്റെ അഞ്ച് ഉത്കൃഷ്ട ഗുണങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്