വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021 - '22 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍ എജുക്കേഷന്‍ ഗ്രാന്റ് (8 മുതല്‍ 10 വരെ ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്ക്), ഹയര്‍ എജുക്കേഷന്‍ ഗ്രാന്റ് (പ്ലസ് വണ്‍ മുതല്‍ പി.ജി വരെ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക്) എന്നിവക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈനായി ഡിസംബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്: www.labourwelfarefund.in. ഹയര്‍ എജുക്കേഷന്‍ ഗ്രാന്റിന് കോഴ്‌സിന്റെ ഒന്നാം വര്‍ഷത്തില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
NAARM ഡിപ്ലോമ കോഴ്‌സുകള്‍
നാഷ്‌നല്‍ അക്കാദമി ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് മാനേജ്മെന്റ് (എന്‍.എ.എ.ആര്‍.എം) പി.ജി ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ സയന്‍സ് / ലൈഫ് സയന്‍സ് / ഫിസിക്കല്‍ സയന്‍സ്/ അഗ്രിക്കള്‍ച്ചര്‍ / മാനേജ്മെന്റ്/ എഞ്ചിനീയറിംഗ്/ നിയമം എന്നിവയില്‍ പി.ജി അല്ലെങ്കില്‍ മേല്‍ വിഷയങ്ങളില്‍ ഡിഗ്രിയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന ഒരു വര്‍ഷത്തെ ഡിസ്റ്റന്‍സ് പ്രോഗ്രാമായ പി.ജി ഡിപ്ലോമ ഇന്‍ ടെക്‌നോളജി മാനേജ്മെന്റ് ഇന്‍ അഗ്രിക്കള്‍ച്ചര്‍ (DTM), ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാവുന്ന ഡിപ്ലോമ ഇന്‍ എജുക്കേഷന്‍ ടെക്‌നോളജി മാനേജ്‌മെന്റ് (DETM) എന്നീ കോഴ്‌സുകള്‍ക്കാണ് അപേക്ഷ വിളിച്ചത്. യൂനിവേഴ്‌സിറ്റി ഓഫ് ഹൈദറാബാദുമായി ചേര്‍ന്നാണ് കോഴ്‌സ് നടത്തുന്നത്. ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷ സമര്‍പ്പിക്കാവുന്ന അവസാന തീയതി ഡിസംബര്‍ 15 ആണ്. വിശദവിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം https://naarm.org.in/home/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
CSEET ജനുവരിയില്‍
2022 ജനുവരിയില്‍ നടക്കുന്ന കമ്പനി സെക്രട്ടറി എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റിന് (CSEET) ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. പ്ലസ്ടു യോഗ്യത നേടിയവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. www.icsi.edu എന്ന വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ സര്‍വീസസ് എന്ന ലിങ്കിലൂടെ ഡിസംബര്‍ 15 വരെയാണ് അപേക്ഷ നല്‍കാന്‍ അവസരം. സി.എസ് യോഗ്യത പി.ജിക്ക് തത്തുല്യമാക്കി യു.ജി.സി അംഗീകരിച്ചിട്ടുണ്ട്.
ലൈബ്രറി സയന്‍സ് കോഴ്‌സ്
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി 6 മാസത്തെ ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി / തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പൂരിപ്പിച്ച അപേക്ഷാ ഫോം അനുബന്ധ രേഖകള്‍ സഹിതം സ്റ്റേറ്റ് ലൈബ്രേറിയന്‍, സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, പാളയം, തിരുവനന്തപുരം - 33 എന്ന വിലാസത്തില്‍ നവംബര്‍ 20-ന് അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം. രണ്ടു മാസത്തെ തൊഴില്‍ പരിശീലനവും കൂടി ചേര്‍ന്നതാണ് കോഴ്‌സ് കാലയളവ്. പരിശീലന കാലയളവില്‍ സ്റ്റൈപ്പന്റും ലഭിക്കും. കോഴ്‌സ് ഫീസ് 650 രൂപ മാത്രം. പ്രോസ്‌പെക്ടസ്സും അപേക്ഷാ ഫോമും www.statelibrary.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ആകെ 41 സീറ്റിലേക്കാണ് അഡ്മിഷന്‍.
ആസ്പയര്‍ സ്‌കോളര്‍ഷിപ്പ്
കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന് നവംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ഥികള്‍ക്കും എം.ഫില്‍, പി.എച്ച്.ഡി വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. അപേക്ഷകര്‍ ഒന്നാം വര്‍ഷത്തില്‍ 75 ശതമാനം ഹാജര്‍ നിലയും, അടിസ്ഥാന കോഴ്‌സിന് (ഡിഗ്രി/പി.ജി) 55 ശതമാനം മാര്‍ക്കും നേടിയിരിക്കണം. അപേക്ഷ നവംബര്‍ 17-നകം സ്ഥാപന മേധാവി അപ്രൂവ് ചെയ്തു എന്ന് ഉറപ്പു വരുത്തണം. വിവരങ്ങള്‍ക്ക് www.dcescholarship.kerala.gov.in എന്ന വെബ്‌സൈറ്റ് കാണുക.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്
സ്‌കോളര്‍ഷിപ്പുകള്‍
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ഐ.ടി.ഐ വിദ്യാര്‍ഥികള്‍ക്കുള്ള ഫീ റീ ഇമ്പേഴ്‌സ്‌മെന്റ് സ്‌കീം (നവംബര്‍ 25 വരെ അപേക്ഷ നല്‍കാം), സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ നഴ്‌സിംഗ് ഡിപ്ലോമ/ പാരാ മെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കുള്ള മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് (നവംബര്‍ 20), സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കുള്ള എ.പി.ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ് (നവംബര്‍ 25) എന്നിവക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. http://www.minoritywelfare.kerala.gov.in/ എന്ന വെബ്‌സൈറ്റിലെ scholarships എന്ന ലിങ്കില്‍ കയറി ഓണ്‍ലൈനായിട്ടാണ് അപേക്ഷ നല്‍കേണ്ടത്. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹെല്‍പ്പ് ഡെസ്‌ക്ക്: 0471 2300524.
NISD-യില്‍ ഇന്റേണ്‍ഷിപ്പിന് അവസരം
നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഡിഫന്‍സ് (NISD) ഇന്റേണ്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷ നല്‍കാം. ഓരോ മാസവും 25-ാം തീയതി വരെ ലഭിക്കുന്ന അപേക്ഷകള്‍ തുടര്‍ മാസത്തെ ഇന്റേണ്‍ഷിപ്പിനായി പരിഗണിക്കും. ഡിഗ്രി/പി.ജി യോഗ്യത നേടിയവര്‍, പഠിച്ചുകൊണ്ടിരിക്കുന്നവര്‍, റിസര്‍ച്ച് സ്‌കോളര്‍മാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://nisd.gov.in/internship.html.
Comments