ഇസ്ലാമിന്റെ മഹിത സന്ദേശവുമായി ജനങ്ങളിലേക്ക്
പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു മനുഷ്യരുടെ ഐഹികവും പാരത്രികവുമായ വിജയത്തിനുള്ള മാര്‍ഗമായി തന്റെ ദൂതന്മാര് വഴി നല്കിയ സന്മാര്ഗമാണ് ഇസ്ലാം. മനുഷ്യജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും അല്ലാഹുവിന് സമ്പൂര്‍ണമായി സമര്‍പ്പിക്കാനും അവന്റെ നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കാനും മനുഷ്യനോട് ആവശ്യപ്പെടുന്നുണ്ട് ഇസ്ലാം. അത് മുഴുജീവിതത്തിനും വെളിച്ചം പകരുന്ന മാര്‍ഗദര്‍ശനമാണ്. അതിന്റെ പ്രായോഗിക മാതൃകയായി അന്ത്യപ്രവാചകന് മുഹമ്മദ് നബി(സ)യുടെ ജീവിതം നമ്മുടെ മുന്നിലുണ്ട്. ഇക്കാര്യത്തില്‍ നമുക്ക് യാതൊരുവിധ സംശയവുമില്ല. ഇതിനെ അടിസ്ഥാനപ്പെടുത്തി നാം ചരിത്രത്തെയും സമകാലിക സംഭവങ്ങളെയും ഭാവിയെയും വിലയിരുത്തുന്നു. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണ്. അത് വ്യക്തിയും കുടുംബവും സമൂഹവും രാജ്യവും ലോകവുമൊക്കെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും പ്രസന്നമായ ഭാവിയിലേക്ക് നയിക്കാനും പര്യാപ്തമാണെന്ന അടിയുറച്ച വിശ്വാസവും നമുക്കുണ്ട്. ഈ ആശയം ജനസമൂഹത്തിനു മുന്നില്‍ സമര്‍പ്പിക്കുകയാണ് ജമാഅത്തെ ഇസ്ലാമി നാളിതുവരെ ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 75 വര്‍ഷം ഈ ദൗത്യമാണ് ജമാഅത്തെ ഇസ്ലാമി നിര്‍വഹിച്ചത്. രാജ്യത്തെ സഹജീവികളായ മനുഷ്യര്‍ക്കു മുന്നില്‍ ഇത് നാം സമര്‍പ്പിക്കുന്നു. അതിനെ സംബന്ധിച്ച് പഠിക്കാനും പരിശോധിക്കാനും നാം ആവശ്യപ്പെടുന്നു. വിശ്വാസത്തിന്റെ ഭാഗമെന്ന നിലക്കും ജീവിക്കുന്ന നാടിനോടും നാട്ടുകാരോടുമുള്ള ഗുണകാംക്ഷ എന്ന നിലക്കുമാണ് നമ്മള് ഈ ദൗത്യനിര്‍വഹണത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
ഈ മാര്‍ഗത്തില്‍ സഞ്ചരിച്ച പ്രവാചകന്മാര് പലതരം പരീക്ഷണങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. പ്രവാചകന്മാരുടെ പാത പിന്തുടരുന്ന നാമും ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. രാജ്യദ്രോഹികള്‍, തീവ്രവാദികള്‍, ഭീകരവാദികള്‍, മതരാഷ്ട്രവാദികള്‍... ഇങ്ങനെ നീണ്ടുപോകുന്നു വിമര്‍ശനങ്ങള്‍. പഴികേട്ടതിലൊന്നും നമുക്കൊട്ടും പരിഭവമില്ല. പ്രവാചകന്മാരുടെ വഴിയേ നാമും സഞ്ചരിക്കുന്നു എന്നുറപ്പാവുന്നതില് അഭിമാനവുമുണ്ട്. തങ്ങളുടെ ഇഹപര ജീവിതം സന്തോഷകരമാക്കുന്ന ഈ സന്മാര്ഗത്തെ രാജ്യത്തെ നമ്മുടെ സഹോദരീസഹോദരന്മാര് ശത്രുതയോടെയും സംശയത്തോടെയും നോക്കിക്കാണാന്‍ ഇടവരുന്നു എന്നത് ദുഃഖകരമാണ്.
സാമ്രാജ്യത്വവും സയണിസവും തീവ്ര വലതുപക്ഷ വിഭാഗങ്ങളും ഇസ്ലാമിനെതിരെ ശക്തമായ പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ ലോകത്താകമാനം ഇസ്ലാമിനും മുസ്ലിംകള്ക്കുമെതിരെ വെറുപ്പ് ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന് സമാധാനത്തെയും നീതിയെയും കുറിച്ച ഉത്കൃഷ്ട പാഠങ്ങള്‍ പകര്‍ന്നു നല്കിയ ഇസ്ലാമിനെ പൈശാചികവല്‍ക്കരിച്ച് ഹിംസയുടെയും അസഹിഷ്ണുതയുടെയും മതമാണെന്ന ബോധനിര്‍മിതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനു വേണ്ടി ഇസ്ലാമിന്റെ സാങ്കേതിക സംജ്ഞകളെയും ചിഹ്നങ്ങളെയും തെറ്റായി വ്യാഖ്യാനിക്കുന്നു. സമുദായത്തില്‍നിന്ന് ചിലരെ വിലയ്ക്കെടുത്തും പോറ്റി വളര്‍ത്തിയും ഇസ്ലാമിന്റെ മുഖത്തെ വികൃതമാക്കാന്‍ ശ്രമിക്കുന്നു. ദേശീയ തലത്തില്‍, ഇസ്ലാം- മുസ്ലിം വിരുദ്ധതയിലും വിദ്വേഷത്തിലുമാണ് സംഘ് പരിവാര്‍ നിലനില്ക്കുന്നതു തന്നെ. തീര്‍ത്തും ജനവിരുദ്ധമായ നടപടികള്‍ തുടരുമ്പോഴും അധികാരത്തില്‍ തുടരാന്‍ അവര്‍ക്ക് സാധിക്കുന്നത് ആഗോള, ദേശീയ തലത്തില്‍ നിലനില്‍ക്കുന്ന ഇസ്ലാംവിരുദ്ധതയുടെ ബലത്തിലാണ്.
കേരളത്തിലേക്ക് വരുമ്പോള്‍ ഇസ്ലാമിനും മുസ്ലിംകള്ക്കുമെതിരെ സംഘ് പരിവാറിനോടൊപ്പം കമ്യൂണിസ്റ്റുകളും ലിബറലുകളും നാസ്തികരും ഫെമിനിസ്റ്റുകളും ചേര്‍ന്ന ഒരു മുന്നണി രൂപപ്പെട്ടതായി കാണാവുന്നതാണ്. സാമുദായിക സൗഹാര്‍ദവും ഐക്യവും നിലനിന്നിരുന്ന കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണവും വിഭാഗീയതയും വളര്‍ത്തി അധികാരം നേടാനും അതിന്റെ തുടര്‍ച്ച ഉറപ്പുവരുത്താനുമുള്ള ശ്രമമാണ് നടന്നത്. നേരത്തേ തന്നെ ഇസ്ലാംവിരോധമുള്ള ചിലരും ഉത്സാഹത്തോടെ അതില്‍ പങ്കാളികളായി. മറ്റു ചിലര്‍ ഇസ്ലാമിനെതിരെ ആക്രമണം നടത്തുന്നത് ജമാഅത്തെ ഇസ്ലാമിയെ മുന്നില്‍നിര്‍ത്തിക്കൊണ്ടാണ്. ഞങ്ങള്‍ ഇസ്ലാമിനെതിരല്ല, പക്ഷേ ജമാഅത്തെ ഇസ്ലാമിയെ അംഗീകരിക്കാനാവില്ല എന്നാണവര്‍ പറയുക. പക്ഷേ, അവരുന്നയിക്കുന്ന കാര്യങ്ങളൊക്കെയും ഇസ്ലാംവിരുദ്ധമാണ് താനും. മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായ ഉണര്‍വുകളെ പൈശാചികവല്‍ക്കരിക്കുന്നു. ആ ഉണര്‍വുകളെ തീവ്രവാദത്തോടും ഭീകരവാദത്തോടും ചേര്‍ത്തുവെച്ച് പ്രചാരണം നടത്തുന്നു.
എന്നാല്‍ ഇത്തരം സാമൂഹിക സാഹചര്യങ്ങള്‍ക്കൊക്കെ ഒരു മറുവശമുണ്ട്. ഇസ്ലാം, വിശുദ്ധ ഖുര്‍ആന്‍, മുഹമ്മദ് നബി, മുസ്ലിം സമുദായം, ഇസ്ലാമിക പ്രസ്ഥാനം എന്നിവയെ കുറിച്ചൊക്കെ അറിയാനുള്ള അഭിവാഞ്ഛ സമൂഹത്തില്‍ വര്‍ധിച്ചുവരുന്നു എന്നതാണത്. വിമര്‍ശനങ്ങളും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും അതിരുകള്‍ ലംഘിക്കുമ്പോള്‍ എന്താണ് യാഥാര്ഥ്യമെന്നറിയാന് ആഗ്രഹിക്കുന്ന സത്യാന്വേഷികളുടെ എണ്ണം കൂടുമെന്നത് വസ്തുതയാണ്. ഇസ്ലാമിക ചരിത്രത്തില്‍ ധാരാളം അനുഭവങ്ങള്‍ അത്തരത്തിലുണ്ട്. ഇസ്ലാമിനെതിരെ നടന്ന കുപ്രചാരണങ്ങളൊക്കെയും അതത് കാലത്ത് ഇസ്ലാമിന്റെ വമ്പിച്ച പ്രചാരണത്തിന് കാരണമായിട്ടുണ്ടെന്നതാണ് ചരിത്രം. മുഹമ്മദ് നബി(സ)യുടെ ജീവിതം തന്നെ അതിന്റെ വലിയ സാക്ഷ്യപത്രമാണ്.
അതിനാല്‍ നാം ഇറങ്ങുകയാണ്; സമൂഹത്തിലേക്ക്, മനുഷ്യ ഹൃദയങ്ങളിലേക്ക്- അവരോട് സ്നേഹപൂര്‍വം സംവദിക്കാന്‍. കഴിഞ്ഞ കുറേ കാലമായി ഇസ്ലാമിനെയും ഇസ്ലാമിക പ്രസ്ഥാനത്തെയും അസ്ഥാനത്ത് വിമര്‍ശിക്കുകയും ക്രൂശിക്കുകയും ചെയ്തുപോരുന്നവരുണ്ട്. അതില്‍ മതത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവരുണ്ട്, രാഷ്ട്രീയ പ്രസ്ഥാനങ്ങളുണ്ട്, മാധ്യമങ്ങളുണ്ട്, ബുദ്ധിജീവികളും എഴുത്തുകാരും പ്രഭാഷകരുമുണ്ട്. അവര്‍ക്ക് അവരുടേതായ താല്പര്യമുണ്ടായിരിക്കാം. പക്ഷേ, അവര്‍ സൃഷ്ടിച്ച പുകമറക്കകത്തുനിന്ന് സത്യത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവരണം. എന്താണ് നമ്മുടെ കൈയിലുള്ള സന്ദേശമെന്ന് ദൂരെ നിന്നല്ല, അടുത്തു നിന്ന്; ശത്രുക്കളില്നിന്നല്ല, നമ്മില്‍നിന്ന് അവര്‍ അറിയണം, അനുഭവിക്കണം. 'ഇസ്ലാം ആശയസംവാദത്തിന്റെ സൗഹൃദ നാളുകള്‍' എന്ന കാമ്പയിനിലൂടെ നാം ഉദ്ദേശിക്കുന്നത് അതാണ്.
ഇസ്ലാമിനെതിരെ പരമ്പരാഗതമായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ തന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്കെതിരെയും പുതിയ ആരോപണങ്ങളൊന്നുമില്ല. പഴയവയുടെ ആവര്‍ത്തനമാണ് അവയും. ഏതോ കാരണത്താല്‍ ഇസ്ലാമിനോട്, ജമാഅത്തെ ഇസ്ലാമിയോട് ഉണ്ടായിത്തീര്‍ന്ന പക കരഞ്ഞുതീര്‍ക്കുക മാത്രമാണവര്‍. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത അരികുവെട്ടിയ ഉദ്ധരണികള്‍, സ്വന്തം മനോവിലാസങ്ങള്‍, അര്‍ധസത്യങ്ങള്‍, കെട്ടുകഥകള്‍... ഇതിനപ്പുറമൊന്നും ഈ വിമര്‍ശനങ്ങള്‍ സഞ്ചരിച്ചിട്ടില്ല. പക്ഷേ അത്തരം പ്രചാരണങ്ങളുടെ വ്യാപ്തി വല്ലാതെ വര്‍ധിച്ചിരിക്കുന്നു. പുതിയ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കള്ളപ്രചാരണങ്ങള്‍ സകല ദിക്കിലുമെത്തിക്കുന്നത്. ഇതു കാരണം വലിയ തെറ്റിദ്ധാരണയുണ്ട് സമൂഹത്തില്‍ എന്നത് യാഥാര്‍ഥ്യമാണ്.
അതിനാല്‍ ഒാരോ പ്രവര്‍ത്തകനും രംഗത്തിറങ്ങുക. ഇത് ഇസ്ലാമിന്റെയും ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും പ്രചാരണകാലമാണ്. നാളിതുവരെ ഉണ്ടായിട്ടുള്ള ഇസ്ലാംവിമര്‍ശനങ്ങളെ സംബന്ധിച്ച നല്ല ധാരണയോടെയാവണം സമൂഹത്തെ അഭിമുഖീകരിക്കേണ്ടത്. നമുക്കാരെയും തോല്പിക്കാനില്ല. അവരും നമ്മളും കൈകള്‍ കോര്‍ത്തു പിടിച്ച് മുന്നോട്ട് സഞ്ചരിക്കണം എന്നാണ് നമ്മുടെ ആഗ്രഹം. നമ്മുടെ വാക്കുകള്‍ കൊണ്ട്, നാം കൈമാറുന്ന ലഘുലേഖകളിലൂടെ, നമ്മുടെ സമ്പര്‍ക്കങ്ങളിലൂടെ, നാമൊന്നിച്ചുള്ള ഇരുത്തത്തിലൂടെ, പ്രാര്‍ഥനയിലൂടെ സത്യത്തിന്റെയും സമാധാനത്തിന്റെയും ശീതളഛായയിലേക്ക് ഒരാളെത്തിച്ചേരുന്നുവെങ്കില് അതില്പരം സൗഭാഗ്യമെന്താണ്.
നമ്മുടെ രാജ്യമൊന്നാകെ വര്‍ഗീയതയിലേക്കും ധ്രുവീകരണത്തിലേക്കും നീങ്ങിയപ്പോഴും പരസ്പരസ്നേഹത്തിന്റെ തുരുത്തായി ഇക്കാലമത്രയും കേരളമുണ്ടായിരുന്നു. പക്ഷേ, രാഷ്ട്രീയ ലാഭങ്ങള്‍ക്കായി മതസമൂഹങ്ങള്‍ക്കിടയിലെ ഐക്യവും ധാരണയും തകര്‍ക്കാനും അവരെ പരസ്പരം ശത്രുക്കളാക്കാനുമുള്ള അണിയറ നീക്കങ്ങള്‍ നടന്നുവരുന്നു. അതിന്റെ അലോസരങ്ങള്‍ സമൂഹത്തില്‍ കാണാനാകുന്നുണ്ട്. സാമുദായിക സൗഹാര്‍ദവും മാനുഷികമായ ആദാനപ്രദാനങ്ങളും നന്മകളും വിടരുന്ന നാടായി കേരളത്തെ മാറ്റാനും നമ്മുടെ കാമ്പയിന് ലക്ഷ്യമിടുന്നു.
Comments