Prabodhanm Weekly

Pages

Search

2021 നവംബര്‍ 12

3226

1443 റബീഉല്‍ ആഖിര്‍ 07

അധാര്‍മികത എന്ന അര്‍ബുദം

എ.ആര്‍

തിരുവനന്തപുരം പേരൂര്‍ക്കടയിലെ ദത്ത് പുത്രന്‍ ഇഷ്യു നിയമസഭക്കകത്തും പുറത്തും കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ വരികള്‍ കുറിക്കുന്നത്. വിവാദപരമായ പരാതിയിലെ കൊച്ചു കുഞ്ഞ് ആരുടേതാണ്, അവന്റെ സംരക്ഷണാവകാശം ആര്‍ക്കു ലഭിക്കണം എന്നൊക്കെ ബന്ധപ്പെട്ട കോടതി തീരുമാനിക്കട്ടെ. ഇതുസംബന്ധമായി കേരളത്തിലെ മുഖ്യ ഭരണകക്ഷിയുടെ സംഘടനാപരമായ നടപടികള്‍ ഏതുവരെ എന്നതും രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വിട്ടു നല്‍കാം. എന്നാല്‍ പ്രമാദവും ഏറെ വൈകാരികവുമായ ഈ സംഭവത്തിന്റെ ധാര്‍മികവും സദാചാരപരവുമായ മാനങ്ങള്‍ പൊതുസമൂഹത്തിന്റെ ചര്‍ച്ചക്ക് വിധേയമാക്കാതിരിക്കാനാവില്ല. എസ്.എഫ്.ഐയുടെ പ്രാദേശിക നേതാവായ അജിത്ത് വിവാഹിതയായ ഒരു മുസ്‌ലിം സ്ത്രീയുമായി അടുപ്പത്തിലായി, അവള്‍ ബന്ധം വേര്‍പ്പെടുത്തി അജിത്തിനോടൊപ്പം താമസിച്ചുവരവെ താഴ്ന്ന ജാതിക്കാരനായ അയാളുമായി എസ്.എഫ്.ഐകാരി തന്നെയായ അനുപമ എന്ന നായര്‍ യുവതി ബന്ധം സ്ഥാപിക്കുന്നു; സ്വകാര്യ ആശുപത്രിയില്‍ വെച്ച് അവള്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നു. അനുപമയുടെ പിതാവും സി.പി.എമ്മിന്റെ പ്രാദേശിക നേതാവുമായ ജയചന്ദ്രന്‍ മകളുടെ പുത്രനെ അപമാനഭാരമോര്‍ത്ത് രായ്ക്കുരാമാനം എടുത്തുമാറ്റി സംസ്ഥാന ശിശുക്ഷേമ സമിതിയെ ഏല്‍പിക്കുന്നു. ഡി.വൈ.എഫ്.ഐ നേതാവ് ഷിജു ഖാന്‍ ജനറല്‍ സെക്രട്ടറിയായ സമിതി ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി രേഖകള്‍ തിരുത്തി അമ്മത്തൊട്ടിലില്‍നിന്ന് കണ്ടെത്തിയതായി കാണിച്ച് ദത്തെടുക്കാന്‍ തല്‍പരരായ ആന്ധ്രയിലെ ഒരു കുടുംബത്തിന് കൈമാറുന്നു; തങ്ങളുടെ കുഞ്ഞിനെ തങ്ങള്‍ക്കു തന്നെ ലഭിക്കണമെന്നാവശ്യപ്പെട്ട് സ്വന്തം പിതാവിനും മാതാവിനുമെതിരെ മാര്‍ക്‌സിസ്റ്റ് യുവതീയുവാക്കള്‍ കോടതിയെ സമീപിക്കുന്നു; അതേത്തുടര്‍ന്ന് ദത്ത് കൈകാര്യ കോടതി നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കുന്നു. ഇത്രയുമാണ് നടന്നേടത്തോളം സംഭവഗതികള്‍. ഇതിലേറ്റവും ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെടുന്നത് കുട്ടിയുടെ അവകാശം സംബന്ധിച്ച പ്രശ്‌നമാണ്. പെറ്റമ്മക്കാണ്, പോറ്റമ്മക്കല്ല കുഞ്ഞിന്റെ മേല്‍ അവകാശമെന്ന് സ്ഥാപിക്കാനാണ് സര്‍വശ്രമങ്ങളും. ഒരുപരിധിവരെ അത് ന്യായവുമാണ്. എന്നാല്‍ ഈ പതനത്തിലേക്ക് സംഭവഗതികളെത്തിച്ചത് ആര്, എന്തുകൊണ്ട് എന്നത് വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. വിവാഹിതയായ ഒരു യുവതിയുമായി സ്ഥാപിക്കുന്ന അവിഹിത ബന്ധം, അവളെ വിവാഹമോചനത്തിന് നിര്‍ബന്ധിക്കല്‍, അവളെ സ്വന്തമാക്കിയിരിക്കെ മറ്റൊരു യുവതിയുമായി ബന്ധം സ്ഥാപിക്കല്‍, ഗര്‍ഭിണിയായ അവള്‍ ആശുപത്രിയില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കല്‍, ആ കുഞ്ഞിന് പ്രാഥമികാവകാശമായ അമ്മയുടെ മുലപ്പാല്‍ പോലും നിഷേധിക്കല്‍, യുവതിയുടെ അഛനമ്മമാര്‍ തന്ത്രപരമായി നാടുകടത്തി ഈ കുഞ്ഞിനെ പെറ്റമ്മക്ക് എന്നന്നേക്കുമായി നഷ്ടപ്പെടുത്താന്‍ ദത്താവകാശ നിയമം ദുരുപയോഗപ്പെടുത്തല്‍, സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനമായ ശിശുക്ഷേമ സമിതി അതിന് കൂട്ടുനില്‍ക്കല്‍, ഈ പ്രക്രിയക്ക് പുരോഗമന വിപ്ലവ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന സംഘടനയുടെ നേതാവ് കൂടിയായ ജനറല്‍ സെക്രട്ടറി ഒത്താശ ചെയ്യല്‍ തുടങ്ങി മാനവികമായോ നീതിയുടെ പ്രാഥമിക താല്‍പര്യമനുസരിച്ചോ ന്യായീകരണമില്ലാത്ത ചെയ്തികളാണ് ദത്ത് കേസിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിഛായ പാതാളത്തോളം തകര്‍ന്നപ്പോള്‍ സാംസ്‌കാരിക മന്ത്രിയുടെ കൈകഴുകല്‍ ശ്രമമാണ് ഏറെ ലജ്ജാകരം. '19-ാം വയസ്സില്‍ ഊഷ്മളമായ അവരുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്‌നങ്ങളാകും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക. പക്ഷേ എങ്ങോട്ടാണ് പോയത്. ഇരട്ടി പ്രായമുള്ള വിവാഹിതനും രണ്ടു മൂന്ന് കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നത്. കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികളുണ്ടാവുക. എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതും പോരാഞ്ഞ് വളരെ ചെറുപ്പമായ കുട്ടിയെ വീണ്ടും പ്രേമിക്കുക. ആ കുട്ടിക്കും കുട്ടിയുണ്ടാക്കി കൊടുക്കുക. ചോദ്യം ചെയ്ത പിതാവ് ജയിലിലേക്കു പോവുക...' (മാധ്യമം 31 ഒക്‌ടോബര്‍ 2021). ഇത്രയും ധര്‍മരോഷം പ്രകടിപ്പിച്ച മന്ത്രി സജി ചെറിയാന്‍ കേരള യൂനിവേഴ്‌സിറ്റിയുടെ കാര്യവട്ടം കാമ്പസില്‍ സമം പദ്ധതിയുടെ ഉദ്ഘാടനം ചെയ്തുകൊണ്ട് തുടര്‍ന്നു പറഞ്ഞതോ? ടൂറിസത്തിന്റെ ഭാഗമായി മയക്കുമരുന്നിനും സെക്‌സിനും പ്രോത്സാഹനം നല്‍കുന്ന സ്‌പെയ്‌നിന്റെ മാതൃക പിന്‍പറ്റാനും!
രാഷ്ട്രീയമോ പാര്‍ട്ടിപരമോ ആയ താല്‍പര്യങ്ങള്‍ക്കതീതമായി കേവലം മാനുഷികവും ധാര്‍മികവുമായ കാഴ്ചപ്പാടിലൂടെ വിലയിരുത്തുമ്പോള്‍ പ്രബുദ്ധ കേരളത്തിലെ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലും കാമ്പസുകളിലും ശക്തിപ്പെട്ടുവരുന്ന ലഹരി-മയക്കുമരുന്ന് വ്യാപനത്തിന്റെയും പുരോഗമനത്തിന്റെ പേരിലെ അരാജകത്വ പ്രവണതകളുടെയും സ്വാഭാവിക പ്രത്യാഘാതങ്ങളാണ് ഈ സ്ഥിതിവിശേഷത്തിന്റെ പിന്നിലെന്ന് ബോധ്യപ്പെടും. ഈ ഒക്‌ടോബര്‍ 27-ന് ഒരു ലഹരിമരുന്ന് കേസില്‍ സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ച കാര്യം കേരളത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ലഹരിമരുന്ന് കേസുകളില്‍ പ്രതികളാവുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുകയാണെന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചിരിക്കുന്നത്. അടുത്ത കാലത്താണ് ഈ പ്രവണത കൂടുന്നതെന്നും 25 വയസ്സ് വരെയുള്ള പെണ്‍കുട്ടികളാണ് ഇവരിലേറെയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. പതിനഞ്ചുകാരന്‍ കോളേജ് വിദ്യാര്‍ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതും അവള്‍ വഴിയിലെ വീട്ടില്‍ അഭയം തേടിയതും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മലപ്പുറം ജില്ലയില്‍ നടന്ന സംഭവമാണ്. പാലായിലെ ബിഷപ്പ് 'നാര്‍ക്കോട്ടിക് ജിഹാദ്' പ്രയോഗം നടത്തിയത് വന്‍പ്രതിഷേധത്തിന് വഴിവെച്ചപ്പോള്‍ വൈകിയാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ചില വസ്തുതകള്‍ വെളിപ്പെടുത്തുകയുണ്ടായി. സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിലെ പ്രതികളില്‍ ഒന്നാം സ്ഥാനത്ത് ഭൂരിപക്ഷ സമുദായക്കാരും രണ്ടാം സ്ഥാനത്ത് മുസ്‌ലിംകളും മൂന്നാം സ്ഥാനത്ത് ക്രൈസ്തവരുമാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഒരു പ്രത്യേക സമുദായം മതത്തില്‍ ആളെക്കൂട്ടാന്‍ ലഹരിമരുന്നുകള്‍ ആസൂത്രിതമായി ഉപയോഗിക്കുന്ന സംഭവമേ ഇല്ലെന്ന് വ്യക്തമാക്കുകയായിരുന്നു മുഖ്യമന്ത്രി. അതോടെ തദ്വിഷയകമായ ദുഷ്പ്രചാരണങ്ങള്‍ക്ക് ഒരളവോളം തടയിടപ്പെട്ടുവെന്നത് ആശ്വാസകരം തന്നെ. പക്ഷേ, മതവുമായോ ജിഹാദുമായോ ബന്ധമില്ലെങ്കിലും കേരളം നേരിടുന്ന പൊതുവിപത്താണ് ലഹരിപദാര്‍ഥങ്ങളുടെ ദ്രുതഗതിയിലുള്ള വ്യാപനമെന്നത് നിസ്സാരമായി കാണേണ്ടതല്ല. പാല ബിഷപ്പിന്റെ പ്രസ്താവന വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ പശ്ചാത്തലത്തില്‍ ഈ ലേഖകന്‍ കേവലം രണ്ടു മാസത്തെ മാധ്യമങ്ങള്‍ പരതി നാര്‍ക്കോട്ടിക് കേസുകളിലെ പ്രതികളുടെ സമുദായം തിരിച്ചുള്ള കണക്ക് പരിശോധിച്ചപ്പോള്‍ ഫലം ഞെട്ടിപ്പിക്കുന്നതാണ്. 
ബാല്യത്തിലേ മതപഠനവും ആഴ്ച തോറുമുള്ള നിര്‍ബന്ധ ഉദ്‌ബോധനങ്ങളും കാക്കത്തൊള്ളായിരം വഅ്‌ളുകളും നിരന്തരം നടക്കുന്ന ഒരു സമുദായത്തില്‍ സാമ്പത്തിക കുറ്റങ്ങളും ലൈംഗിക ചൂഷണവും മയക്കുമരുന്ന് വില്‍പനയും ഉപയോഗവും ജനസംഖ്യാനുപാതത്തെ കവച്ചുവെക്കുന്ന വിധം വ്യാപകമാകുന്നത് എന്തുകൊണ്ടെന്ന് സമുദായത്തിലെ മത-സാംസ്‌കാരിക സംഘടനകളും രാഷ്ട്രീയ കൂട്ടായ്മകളും സഗൗരവം ആലോചിക്കേണ്ട സമയം വൈകി. ഇത്തരം കേസുകള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച ചില മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ പോലും എടുത്തുകാട്ടാന്‍ കഴിയും. പ്രവാസജീവിതം തുറന്നുതന്ന വികാസത്തിന്റെയും പുരോഗതിയുടെയും സദ്ഫലങ്ങള്‍ ഒട്ടും കുറച്ചു കാണാനാവില്ല എന്നതോടൊപ്പം തന്നെ കൗമാരക്കാരിലും യുവാക്കളിലും ഗള്‍ഫ് പണം ചെലുത്തിയ നിഷേധാത്മക സ്വാധീനം കണ്ടില്ലെന്നുവെക്കാനുമാവില്ല. പതിറ്റാണ്ട് മുമ്പ് കേരളത്തില്‍ മുസ്‌ലിം സംഘടനകളുടെ പൊതുവായ സൗഹൃദവേദി സജീവമായിരുന്നപ്പോള്‍ ഭിന്നതകള്‍ മാറ്റിവെച്ച് തിന്മകള്‍ക്കെതിരെ യോജിച്ച ബോധവല്‍ക്കരണത്തിന് രൂപരേഖ തയാറാക്കി കൂട്ടായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചിരുന്നതാണ്. അത് നടന്നില്ല; സൗഹൃദവേദിയും കഥാവശേഷമായി. മാറിയ സാഹചര്യത്തില്‍ സ്വന്തമായോ കൂട്ടായോ ധാര്‍മിക-സദാചാര ബോധവല്‍ക്കരണത്തിനും വിനാശകരമായ ആശയപ്രചാരണങ്ങളുടെ പ്രതിരോധത്തിനും സമുദായ സംഘടനകളും പണ്ഡിതന്മാരും നേതാക്കളും രംഗത്തിറങ്ങേണ്ടത് സത്വര പ്രാധാന്യമര്‍ഹിക്കുന്നതാണ്. അതോടൊപ്പം സമൂഹത്തെ ആമൂലാഗ്രം ഗ്രസിച്ചുകൊണ്ടിരിക്കുന്ന അധാര്‍മികതയെന്ന അര്‍ബുദത്തെ കരിച്ചുകളയാനുള്ള പ്രായോഗിക നടപടികള്‍, സഹകരിക്കാന്‍ തയാറുള്ള സര്‍വരെയും പങ്കെടുപ്പിച്ചുകൊണ്ട് സ്വീകരിച്ചാലല്ലാതെ കേരളത്തിന്റെ പ്രതിഛായ രക്ഷിച്ചെടുക്കാനാവില്ല. സമീപകാലത്തായി കുടില്‍ തൊട്ട് കൊട്ടാരം വരെ പിടിയിലൊതുക്കിയ സാമൂഹിക മാധ്യമങ്ങളുടെ പോസിറ്റീവും നെഗറ്റീവുമായ പങ്ക് ഇക്കാര്യത്തില്‍ നിര്‍ണായകമാണു താനും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (49-52)

ഹദീസ്‌

റസൂലിന്റെ അഞ്ച് ഉത്കൃഷ്ട ഗുണങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്