Prabodhanm Weekly

Pages

Search

2021 ജൂണ്‍ 11

3205

1442 ശവ്വാല്‍ 30

കുടിയിറക്കപ്പെട്ടവന്റെ എഴുത്തുകള്‍

എ.പി ശംസീര്‍

'അഭയാര്‍ഥിയാക്കപ്പെടുക എന്നാല്‍ മരിക്കുക എന്നാണര്‍ഥം. സ്വന്തം പുരയിടത്തിലെ മണ്ണില്‍ നിന്ന്, സ്വദേശത്തു നിന്ന് കുടിയിറക്കപ്പെടുക എന്നത് അപരരുടെ ജീവിതത്തില്‍ മാത്രം സംഭവിക്കുന്ന ഒന്നാണെന്ന് കരുതുന്നവരുണ്ട്. 1967 - ലെ ഒരു വേനലില്‍ കുടിയിറക്കപ്പെട്ട് ഒരഭയാര്‍ഥിയാകുവോളം ഞാനും അങ്ങനെ ചിന്തിച്ചിരുന്നു.'
ഫലസ്ത്വീന്‍ കവിയും നോവലിസ്റ്റുമായ മുരീദ് അല്‍ബര്‍ഗൂസിയുടെ കവിതകളിലും  ജീവിതമെഴുത്തിലുമുടനീളം കടന്നുവരുന്നത് സ്വന്തം മണ്ണില്‍നിന്നും അന്യായമായി കുടിയിറക്കപ്പെട്ടവന്റെ തീവ്രമായ വ്യഥകളാണ്. യുദ്ധവും അധിനിവേശവും നിമിത്തം അഭയാര്‍ഥികളാക്കപ്പെടുന്നവരുടെയും ചിതറിത്തെറിച്ചു പോയവരുടെയും വൈകാരിക സംഘര്‍ഷങ്ങളെയും ജീവിത യാഥാര്‍ഥ്യങ്ങളെയും സത്യസന്ധമായി ആവിഷ്‌കരിക്കുന്ന കാവ്യാത്മകമായ ശൈലിയിലെഴുതപ്പെട്ട ആത്മകഥനമാണ് മുരീദ് അല്‍ ബര്‍ഗൂസിയുടെ 'ഞാന്‍ റാമല്ല കണ്ടു'(റഅയ്തു റാമല്ല) എന്ന കൃതി.
നീണ്ട മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം 1996 - ല്‍ മറ്റൊരു വേനലില്‍ മുരീദ് അല്‍ ബര്‍ഗൂസി ജന്മനാടായ ഫലസ്ത്വീനിലെ റാമല്ലയിലേക്ക് തിരിച്ചെത്തുന്നു. ഇരമ്പിയാര്‍ത്തു വരുന്ന തിരമാലകള്‍ പോലെ അലറി വിളിച്ചും ശാന്തമായ് തിരികെ പോയും ഗതകാലയോര്‍മകള്‍ മനോമുകുരത്തില്‍ നിലക്കാത്ത അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. അതിമനോഹരമായ കാവ്യാക്ഷരങ്ങളിലൂടെ ബര്‍ഗൂസി കിടപ്പാടം നഷ്ടപ്പെട്ടവന്റെ മനോവ്യാപാരങ്ങളും ആട്ടിയിറക്കപ്പെട്ടവന്റെ അപമാനത്തിന്റെ മുറിവുകളും സ്വത്വം കൈമോശം വന്നവന്റെ ആത്മനിന്ദാപരമായ ഭാഷണങ്ങളും ചേതോഹരമായി കോറിയിടുന്നുണ്ട് ഈ പുസ്തകത്തില്‍. ഭൂപടത്തില്‍നിന്ന് പതിയെ പതിയെ നേര്‍ത്തു നേര്‍ത്ത് ഇല്ലാതാവുന്ന ജന്മനാടിനെക്കുറിച്ച നൊമ്പരങ്ങള്‍ അയവിറക്കുമ്പോള്‍ എഴുത്തുകാരന്‍ സന്ദേഹങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും അസന്ദിഗ്ധതകളുടെയും കയങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നുണ്ട്.
ഒരു ചെറുനദിയും പാലവും പ്രധാന രൂപകങ്ങളായി, കേന്ദ്ര കഥാപാത്രങ്ങളായി എഴുത്തില്‍ കടന്നുവരുന്നു. ജോര്‍ദാനിനെയും ഫലസ്ത്വീനിനെയും വേര്‍തിരിക്കുന്ന ആ പാലം തന്റെ ചരിത്രവുമായും സ്വത്വവുമായും കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്. വിസ്മൃതിയിലാണ്ടു പോയ ഭൂതകാലവും ഗൃഹാതുരത്വത്തിന്റെ അവ്യക്തമായ നിഴലുകള്‍ പതിയുന്ന ബാല്യകൗമാരവും സുദീര്‍ഘമായ പ്രവാസം രൂപപ്പെടുത്തിയ സ്വത്വനഷ്ടവുമെല്ലാം ചേര്‍ന്ന് അസ്തിത്വം വേരോടെ പിഴുതെറിയപ്പെട്ട വെറും അന്യനെ പോല്‍ വര്‍ത്തമാന കാലത്തിന്റെ സത്യത്തിനും യാഥാര്‍ഥ്യത്തിനും മുന്നില്‍ അസ്തപ്രജ്ഞനായി പകച്ചു നില്‍ക്കുന്ന മുരീദ് അല്‍ ബര്‍ഗൂസി കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിന് ഫലസ്ത്വീന്‍  അഭയാര്‍ഥികളുടെ മാത്രമല്ല മേല്‍വിലാസം നഷ്ടപ്പെട്ട് ഭൂപടത്തില്‍നിന്ന് മാഞ്ഞുപോയ മുഴുവന്‍ നിസ്സഹായരുടെയും പ്രതിനിധിയാണ്.
പാലത്തിനു മുകളില്‍നിന്ന് നീണ്ട മുപ്പത് വേനലുകള്‍ക്കു ശേഷം നിറകണ്ണുകളോടെ റാമല്ല നോക്കിക്കാണുന്ന രംഗം എഴുത്തുകാരന്‍ ധ്യാനാത്മകമായാണ് വിവരിക്കുന്നത്. അല്‍ ജസീറ നടത്തിയ ചര്‍ച്ചയില്‍ ഇതേപ്പറ്റി ഖാലിദ് അല്‍ ഹറൂബ്, മുരീദിനോട് ഇങ്ങനെ ചോദിക്കുന്നുണ്ട്:
'പുസ്തകത്തില്‍ എന്നെ ഏറ്റവുമാകര്‍ഷിച്ചത് പാലത്തിനു മുകളില്‍ നിന്നുള്ള ആ നിമിഷമാണ്. താങ്കള്‍ പാലവുമായി സുദീര്‍ഘമായ സംഭാഷണത്തിലേര്‍പ്പെടുന്നു. അതിലെ മരപ്പലകകളോട് താങ്കള്‍ സംവദിക്കുന്നു. അതിലെ ആണികളോട് പോലും കുശലം പറയുന്നു. പാലത്തിനു താഴ്ഭാഗത്തുകൂടി ശാന്തമായി ഒഴുകുന്ന ജലകണികകളോട് മൗനത്തിന്റെ ആഴമേറിയ ഭാഷയില്‍ പരിഭവങ്ങള്‍ പറയുന്നു.'
ഇതിന് മുരീദ് അല്‍ ബര്‍ഗൂസി പറഞ്ഞ മറുപടി ഇപ്രകാരമാണ്:
'പാലം ഇവിടെ ഒരു പ്രതീകമാണ്.
കാല്‍പനികമായ ഒരു പാട് അര്‍ഥതലങ്ങളുണ്ടതിന്. ആയുസ്സിന്റെ ഒരാശയത്തില്‍നിന്ന് മറ്റൊന്നിലേക്കുള്ള സഞ്ചാരം. ഒരു ഭൂപ്രകൃതിയില്‍നിന്ന് മറ്റൊരു ഭൂപ്രകൃതിയിലേക്ക്. ഒരു ബോധത്തില്‍നിന്ന് മറ്റൊരു ബോധതലത്തിലേക്ക്. കാല്‍പനികമായ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക്. പാലം ഒരര്‍ഥത്തില്‍ ഇവിടെ ഭാവനാത്മകവും ആലങ്കാരികവുമായ ഒരു രൂപകമാണ്. ഒരെഴുത്തുകാരനെന്ന നിലക്ക് എനിക്കതാവശ്യമായിരുന്നു. ആ പാലത്തിനു ചുറ്റുമുള്ള മണ്ണും ഭൂപ്രകൃതിയും അതു നിര്‍മിക്കപ്പെട്ടതു മുതല്‍ ഈ നിമിഷം വരെയുള്ള അതിന്റെ അസ്തിത്വവുമെല്ലാം എന്റെ സ്വത്വവുമായി ചേര്‍ന്നു നില്‍ക്കുന്നുണ്ട്. തൊട്ടാല്‍ അനുഭവവേദ്യമാകുന്ന മരപ്പലക കൊണ്ടുള്ള പാലമാണത്. ഇടുങ്ങിയതും ഹ്രസ്വവുമായ ഒന്ന്. നടക്കുമ്പോള്‍ ആ പാലത്തിലെ മരപ്പലകകള്‍ കൂട്ടിയിടിക്കുന്ന, പരിഭ്രമം ജനിപ്പിക്കുന്ന ശബ്ദം കേള്‍ക്കാം. ഏതു നിമിഷവും ആ പാലം തകര്‍ന്ന് പുഴയിലേക്ക് പതിക്കാം. ആ പുഴയെക്കുറിച്ച് ഞാന്‍ വിശേഷിപ്പിച്ചത് പാര്‍ക്കിംഗ് സ്ലോട്ടില്‍ നിശ്ചലമായി കിടക്കുന്ന കാറ് പോലെ എന്നാണ്. വെള്ളം വറ്റിയ പുഴയാണ്. പാലമാകട്ടെ അങ്ങേയറ്റം പരിക്ഷീണവും. വെള്ളമില്ലാത്ത പുഴയില്‍ ബാക്കിയാകുന്നതെന്താണ്? എന്റെ കണ്ണുകളെയും ഓര്‍മകളെയും നിശ്ചലമാക്കിയ നിമിഷമായിരുന്നുവത്. ദുര്‍ബലമായ ഈ പാലത്തില്‍നിന്ന് മറുകരയിലേക്ക് ഞാന്‍ കാല്‍പാദങ്ങളെടുത്തു വെക്കുമ്പോള്‍ അത് എനിക്കേറ്റം പ്രിയപ്പെട്ട ഫലസ്ത്വീന്റെ മണ്ണിലേക്കുള്ള തിരിച്ചുപോക്കാണ്. പക്ഷേ പെട്ടെന്ന് ഞാനൊരു കാര്യം തിരിച്ചറിഞ്ഞു. ഞാന്‍ ഭൂമിശാസ്ത്രത്തിന്റെ പലതരം വികാരങ്ങളുടെ  തടവറയിലാണ്. ഈ പാലത്തിനു മുകളില്‍ നില്‍ക്കുമ്പോള്‍ എന്റെ പിന്നില്‍ ഒരു വലിയ ലേകമുണ്ട്. എന്റെ യഥാര്‍ഥ ലോകമിതാ തൊട്ടു മുന്നിലും. അവിടെ അത്യന്താധുനികമായ തോക്കുകള്‍, സയണിസ്റ്റ് പോലീസിന്റെ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പരിശോധനകള്‍. മുപ്പതു വര്‍ഷത്തെ പ്രവാസത്തിനിടയില്‍ സ്വന്തം മണ്ണിലേക്കെത്തിയപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരപമാനം നേരിടേണ്ടിവരുന്നത്.'
പാലം സുദീര്‍ഘമായ ആത്മഭാഷണത്തിന്റെയും സംവാദത്തിന്റെയും സന്ദേഹത്തിന്റെയും ആത്മസംഘര്‍ഷത്തിന്റെയും വേദിയായിത്തീരുന്നു ബര്‍ഗൂസിക്ക്. തൊട്ടു മുന്നില്‍ രണ്ടടി വെച്ചാല്‍ ചെന്നെത്താവുന്ന സ്വന്തം മണ്ണിനു മുന്നില്‍ സ്വത്വവും അസ്തിത്വവും നഷ്ടപ്പെട്ടവനെ പോലെ സ്വയം തിരസ്‌കൃതനായി, നിസ്സഹായനായി, ഉദ്വിഗ്‌നതകള്‍ പേറി ഒരു ചോദ്യചിഹ്നം പോലെ നില്‍ക്കുന്ന മുരീദ് അല്‍ ബര്‍ഗൂസി അഭയാര്‍ഥികളായ ഫലസ്ത്വീന്‍ ജനതയുടെ മാത്രമല്ല നാടുകടത്തപ്പെട്ട, കുടിയിറക്കപ്പെട്ട മുഴുവന്‍ മനുഷ്യരുടെയും പ്രതിരൂപമാണ്. സ്വന്തം മണ്ണില്‍ ചവുട്ടി നില്‍ക്കുമ്പോള്‍ പോലും ഞാന്‍ ആരാണ് എന്ന അസ്തിത്വത്തെക്കുറിച്ച അസ്വസ്ഥപ്പെടുത്തുന്ന ചോദ്യമാണ് പുസ്തകത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നത്.
1966 - ലാണ് ബര്‍ഗൂസി ഫലസ്ത്വീനില്‍നിന്ന് ഈജിപ്തിലെ കൈറോ യൂനിവേഴ്‌സിറ്റിയിലേക്ക് ഉപരിപഠനാര്‍ഥം യാത്ര തിരിക്കുന്നത്. 1967 - ലെ അറബ്-ഇസ്രയേല്‍ യുദ്ധം എന്നന്നേക്കുമായി തന്നെ മേല്‍വിലാസമില്ലാത്തവനാക്കി മാറ്റുമെന്ന് അദ്ദേഹം നിനച്ചിരുന്നില്ല. നീണ്ട മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം മണ്ണിലേക്ക് ഇസ്രയേല്‍ അധിനിവേശ സ്റ്റേറ്റിന്റെ ഔദാര്യത്തില്‍ ഹ്രസ്വകാലത്തേക്കുള്ള വിസിറ്റിംഗ് വിസയിലാണ് അദ്ദേഹം റാമല്ലയിലേക്ക് തിരികെയെത്തുന്നത്. ആ യാത്രയെ ചരിത്രവും വര്‍ത്തമാനവും ഇഴ ചേര്‍ത്ത് അവതരിപ്പിക്കുന്ന പുസ്തകമാണ് 'റാമല്ല ഞാന്‍ കണ്ടു'. മലയാളമുള്‍പ്പെടെ ലോകത്തെ വിവിധ ഭാഷകളിലേക്ക് ഈ കൃതി ഭാഷാന്തരം ചെയ്യപ്പെട്ടു. പുസ്തകത്തിലൊരിടത്തും കൃത്യമായ ഒരു പൊളിറ്റിക്കല്‍ പൊസിഷനില്‍ എഴുത്തുകാരന്‍ സ്വയം പ്രതിഷ്ഠിക്കുന്നില്ലെങ്കിലും എന്തുകൊണ്ട് ഫലസ്ത്വീന്‍ വിമോചന പോരാട്ടം എന്ന ചോദ്യത്തിന് കണ്ണീരും ചോരയും കലര്‍ന്ന മറുപടി കൂടിയാണീ പുസ്തകം. മുഴുവന്‍ ഫലസ്ത്വീനികളുടെയും മൗലികമായ രാഷ്ട്രീയത്തെത്തന്നെയാണത് പ്രതിനിധീകരിക്കുന്നത്. ഇംഗ്ലീഷില്‍നിന്ന്  മലയാളത്തിലേക്ക് ഈ പുസ്തകം പരിഭാഷപ്പെടുത്തിയത് പ്രശസ്ത കവയത്രി അനിതാ തമ്പിയാണ്. മൂലഭാഷ അറബിയാണ്. അറബി ഭാഷയില്‍ പത്തിലധികം കാവ്യ സമാഹാരങ്ങള്‍ ബര്‍ഗൂസിയുടേതായുണ്ട്. മിക്ക കവിതകളുടെയും ഇതിവൃത്തം പ്രവാസവും കുടിയിറക്കപ്പെട്ടവന്റെ വ്യഥകളും ഫലസ്ത്വീന്‍ വിമോചനത്തെക്കുറിച്ച സ്വപ്‌നങ്ങളുമാണ്. എന്നാല്‍ 'റാമല്ല ഞാന്‍ കണ്ടു' എന്ന പുസ്തകം നോവലിന്റെ ആഖ്യാന ഘടനയില്‍ കവിത നിറഞ്ഞൊഴുകുന്ന ഭാഷയില്‍ എഴുതപ്പെട്ട ആത്മകഥനമാണ്. പുസ്തകത്തെക്കുറിച്ച് എഴുത്തുകാരന്‍ ജി. പ്രമോദ് ഇങ്ങനെ കുറിക്കുന്നു:
'നിഷേധിക്കപ്പെട്ട ചരിത്രവും കാല്‍ക്കീഴില്‍നിന്ന് എടുത്തുമാറ്റപ്പെട്ട മണ്ണുമുള്ള ഒരു ഫലസ്തീനിയുടെ വേദനയുടെ സമാഹാരമാണ് 'റാമല്ല ഞാന്‍ കണ്ടു' എന്ന കൃതി. സോപ്പും ചൂടുവെള്ളവും കൊണ്ട് എണ്ണമെഴുക്കുള്ള പാത്രം കഴുകി വൃത്തിയാക്കുന്നതു പോലെ വിദ്വേഷം കൊണ്ട് മലിനമായ വാക്കുകളെ കഴുകിയെടുക്കാന്‍ കഴിയാത്തതുകൊണ്ട് അര്‍ഥത്തിന്റെ സ്ഥാനം വീണ്ടെടുക്കാനും നില നില്‍പിന് അര്‍ഥം കൊടുക്കാനും സ്വായത്തമായ ഏറ്റവും നല്ല വാക്കുകളാല്‍ ഒരു കവി എഴുതുന്ന ആത്മാവിന്റെ നൊമ്പരങ്ങള്‍. ഒരു വ്യക്തിയുടെ മാത്രം കഥയല്ലിത്. ഭൂപടത്തില്‍ നിന്നു തന്നെ തുടച്ചുമാറ്റാന്‍ ശ്രമിച്ചിട്ടും രക്തവും കണ്ണീരും ബലിയര്‍പ്പിച്ച് അതിജീവിക്കുന്നവരുടെ നിരന്തര പോരാട്ടത്തിന്റെ വര്‍ത്തമാനകാല ചരിത്രം. അവ്യക്തതകളെയും നിശ്ശബ്ദതകളെയും ചെറുക്കാന്‍ ഏറ്റവും ശക്തമായ ആയുധമായ കവിതയാല്‍ ബര്‍ഗൂസി തന്റെ സഹനസമരം തുടരുന്നു. വരാനിരിക്കുന്ന തലമുറക്കെങ്കിലും സ്വന്തം നാട്ടിലേക്ക് ചോദ്യം ചെയ്യപ്പെടാതെ, ചെക്ക് പോസ്റ്റുകളിലെ കാത്തിരിപ്പില്ലാതെ, വെടിയൊച്ചകളുടെ മുഴക്കം കേള്‍ക്കാതെ മടങ്ങിയെത്താമെന്ന പ്രതീക്ഷയില്‍'( manoramaonline 6, 02.2018 ).
കഴിഞ്ഞ ഫെബ്രുവരി 14 - നാണ് ഫലസ്ത്വീനിന്റെ പ്രിയ എഴുത്തുകാരന്‍ മുരീദ് അല്‍ ബര്‍ഗൂസി ഈ ലോകത്തോട് വിടപറഞ്ഞത്. മരിക്കുന്നതിന് കുറച്ചു ദിവസം മുമ്പ് പോലും അദ്ദേഹം എഴുതിയ ഹ്രസ്വകവിതകളില്‍ മുഴുവന്‍ നിറഞ്ഞു നിന്നത് സ്വന്തം മണ്ണിനെക്കുറിച്ച വിമോചന സ്വപ്‌നങ്ങളായിരുന്നു.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (24-26)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗപ്രവേശവും സാമൂഹിക ദൗത്യങ്ങളും
അബ്ദുര്‍റശീദ് നദ്‌വി