Prabodhanm Weekly

Pages

Search

2021 ജൂണ്‍ 11

3205

1442 ശവ്വാല്‍ 30

നിഷ്‌കാമകര്‍മം

ജി.കെ എടത്തനാട്ടുകര

(ജീവിതം - 21)

'പണവും ജോലിയുമൊക്കെ വാഗ്ദാനം ചെയ്താണ് മതം മാറ്റുന്നത് ' എന്ന പ്രചാരണം നേരത്തേ നാട്ടില്‍ നടന്നിരുന്നു. ആ വാദം അര്‍ഥശൂന്യമാണെന്ന് പറയാതെ പറയാന്‍ കഴിഞ്ഞു. കാരണം, ജോലിയും കൂലിയും വീടുമൊന്നും ഇല്ലാഞ്ഞിട്ടല്ലല്ലോ ഇവര്‍ മാറുന്നത്.
'എന്തു കിട്ടും' എന്നു മാത്രം ചിന്തിക്കുന്നവര്‍ക്ക് അങ്ങനെയൊക്കെ ചിന്തിക്കാനല്ലേ കഴിയൂ. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന വിശ്വാസമാകട്ടെ നിരന്തരം പറയുന്നത് എടുക്കാനല്ല, കൊടുക്കാനാണ്.     
ഖുര്‍ആനില്‍ ശ്രദ്ധേയമായി തോന്നിയ ചില കാര്യങ്ങളുണ്ട്. അതിലൊന്ന്, ഖുര്‍ആനില്‍ മനുഷ്യനോട് സമ്പാദിക്കാന്‍ പറയുന്നതായി ഒരു സ്ഥലത്ത് മാത്രമാണ് കണ്ടിട്ടുള്ളത്. അതേസമയം, ചെലവഴിക്കാന്‍ ധാരാളം സ്ഥലങ്ങളില്‍ പറയുന്നുണ്ട്.
ഒരിക്കല്‍, സി.ടി സാദിഖ് മൗലവിയുമായി സംസാരിച്ചുകൊണ്ടിരിക്കെ ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞതിന്റെ 'രഹസ്യം' അദ്ദേഹം പറഞ്ഞു തന്നു. അത് ആകര്‍ഷണീയമായി തോന്നി. അതിങ്ങനെയാണ്: മനുഷ്യന്റെ പ്രകൃതമനുസരിച്ച് സമ്പാദിക്കാന്‍ പറയേണ്ടതില്ല. പറഞ്ഞില്ലെങ്കിലും അവന്‍ അതിനു ശ്രമിക്കും. എന്നാല്‍, ചെലവഴിക്കുന്ന കാര്യത്തില്‍ മനുഷ്യന്‍ അങ്ങനെയല്ല. നിരന്തരം പറഞ്ഞാലേ ചെലവഴിക്കൂ. ഈ കാര്യത്തില്‍ മാത്രമല്ല, മറ്റു പല കാര്യങ്ങളിലും ഖുര്‍ആന്‍ മനുഷ്യന്റെ പ്രകൃതം പരിഗണിച്ചാണ് കല്‍പനകള്‍ നല്‍കിയിട്ടുള്ളത്.
മറ്റൊരുദാഹണം. മക്കളെ സംരക്ഷിക്കേണ്ട കാര്യം ഖുര്‍ആന്‍ അധികം പറഞ്ഞിട്ടില്ല. അതേ സമയം മാതാപിതാക്കളെ സംരക്ഷിക്കേണ്ട കാര്യം ധാരാളം പറഞ്ഞിട്ടുണ്ട്. മക്കളെ പോറ്റുക എന്ന പ്രവണത പക്ഷിമൃഗാദികളില്‍ പോലും പ്രകൃതിപരമായി തന്നെ ഉള്ളതാണ്.
ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കാനും വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കാനും മനുഷ്യന് കല്‍പന നല്‍കേണ്ടതില്ലല്ലോ. പ്രകൃതിപരമായ പ്രവണതകള്‍ നടപ്പാക്കാന്‍ ധാര്‍മിക ഉപദേശങ്ങളോ കല്‍പനകളോ ആവശ്യമില്ല. ബാധ്യതകള്‍ നിറവേറ്റാനാണ് ധാര്‍മികമായ ഉദ്‌ബോധനങ്ങളും കല്‍പനകളും ആവശ്യമാവുക. അതില്ലാതെ പോകുമ്പോഴാണ് മനുഷ്യ ജീവിതം തണല്‍ മരങ്ങളില്ലാത്ത മരുഭൂമി പോലെയാവുന്നത്. വൃദ്ധരും അഗതികളും അനാഥരുമൊക്കെ അധികപ്പറ്റായി മാറുന്നതപ്പോഴാണ്. ഭൗതികവാദത്തിന്റെ ഏറ്റവും വലിയ പരിമിതിയാണത്. അവിടെ ധാര്‍മി കോപദേശങ്ങള്‍ 'പഴഞ്ചനാണ്.' ദൈവകല്‍പനകള്‍ 'അന്ധവിശ്വാസ'ങ്ങളാണ്.
'മതം മാറ്റ'വുമായി ബന്ധപ്പെട്ട കാര്യമാണല്ലോ പറഞ്ഞു വന്നത്. പണം കൊടുത്താണ് മതം മാറ്റുന്നത് എന്ന് ചിലര്‍ പറയാന്‍ വേറെയും കാരണങ്ങളുണ്ട്. പൊതുവെ വിശ്വാസങ്ങളുടെയൊക്കെ  ലക്ഷ്യം ഭൗതികമായ 'കാര്യം സാധ്യം' എന്നതാണല്ലോ. നേര്‍ച്ചകളുടെയും വഴിപാടുകളുടെയുമൊക്കെ പിന്നില്‍ കാര്യസാധ്യം എന്ന മുഖ്യ 'അജണ്ട'യാണ് കാണാന്‍ കഴിയുക.
കാര്യസാധ്യത്തിനു വേണ്ടിയുള്ള 'മതം മാറ്റ'ങ്ങളും നടക്കുന്നുണ്ട്. എല്ലാ സമുദായങ്ങളില്‍ നിന്നും ഇത് നടക്കുന്നുണ്ട്. ഈ ഒരു പശ്ചാത്തലത്തില്‍ ജനം ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍ അവര്‍ കുറ്റക്കാരല്ല. ഇസ് ലാം പക്ഷേ, അങ്ങനെയല്ല. ഈ യാഥാര്‍ഥ്യം ജനത്തെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.
ഇത് പറയുമ്പോള്‍ ഓര്‍മയില്‍ വരുന്നത് 'എസ്.കെ' എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന ഷിയാസ് എന്ന സുഹൃത്തിനെയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പാണ് പാലക്കാട്ടുകാരനായ അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുന്നത്. ശംസുദ്ദീന്‍ എന്ന സുഹൃത്ത് വഴിയാണ് ഖുര്‍ആന്‍ പഠിക്കാന്‍ അവസരമുണ്ടാവുന്നത്. പിന്നീടുണ്ടായ വായനയിലൂടെയും പഠനത്തിലൂടെയുമാണ് അദ്ദേഹം ഖുര്‍ആന്റെ വെളിച്ചം കണ്ടെത്തിയത്. അങ്ങനെ ദൈവപ്രീതി ജീവിതത്തിന്റെ ലക്ഷ്യമായി മാറി.  ആ ലക്ഷ്യം വെച്ചുള്ള 'മനം മാറ്റം' ജീവിതത്തെ മാറ്റിമറിച്ചു. വേറെ ഒരു ലക്ഷ്യവും അതിന്റെ പിന്നിലില്ല. ആ ലക്ഷ്യം നേടാന്‍ എന്തിനും തയാറായ ഒരു വിശ്വാസിയായി അദ്ദേഹം. ഭാര്യയോടും മക്കളോടുമുള്ള മാനുഷികമായ എല്ലാ  കടപ്പാടുകളും നിര്‍വഹിച്ചുകൊണ്ടുതന്നെ പരലോകത്തിനു വേണ്ടി ജീവിക്കുന്ന ഒരാളായി അദ്ദേഹം മാറി.
    തന്റെ സമ്പാദ്യത്തിന്റെ ഒരു വിഹിതമായ നാല്‍പത് സെന്റ് സ്ഥലം പാവപ്പെട്ട നാല് പേര്‍ക്ക് വീടു വക്കാന്‍ വീതിച്ചു കൊടുത്തത് ഈയിടെയാണ്. ഒരു 'കോടീശ്വരനല്ല' ഇത് ചെയ്യുന്നത്. ഒരു സാധാരണ മനുഷ്യനാണ്. അതിനു കാരണമാകട്ടെ വിശുദ്ധ ഖുര്‍ആനും പ്രവാചകനും. ഭൗതിക ലോകത്തെ കാര്യസാധ്യത്തിനു വേണ്ടിയുള്ള മതപരിവര്‍ത്തനവും ഇതും തമ്മിലെന്ത് ബന്ധം? ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍!
ഇത്തരം ചെയ്തികളുടെ പ്രേരണ യുക്തിയുമായി ബന്ധപ്പെട്ടല്ല കിടക്കുന്നത്; ഭക്തിയുമായി ബന്ധപ്പെട്ടാണ്. ശരിയായ ദൈവഭക്തിക്കു മാത്രം സാധ്യമാകുന്ന കാര്യമാണത്.
ഇങ്ങനെ, ശരിയായ ദൈവഭക്തി മാത്രം കാരണമായി, ആരോരുമറിയാതെ, സമ്പാദ്യം ചെലവഴിച്ച് 'മത്സരിക്കുന്ന' ധാരാളം പേരുണ്ട് മുസ്ലിം സമൂഹത്തില്‍. അതിനുള്ള യഥാര്‍ഥ പ്രേരണ, വിശുദ്ധ ഖുര്‍ആനിലെ രണ്ടാം അധ്യായം ഇരുനൂറ്റി എഴുപത്തിരണ്ടാം സൂക്തത്തില്‍ കാണാം:
'... ദൈവത്തിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചാണ് നിങ്ങള്‍ ചെലവഴിക്കുന്നത്. നിങ്ങള്‍ ചെലവഴിക്കുന്നതെന്തായാലും ദൈവം നിങ്ങള്‍ക്കതു പരിപൂര്‍ണമായി നല്‍കും. നിങ്ങളോടൊട്ടും അനീതി കാണിക്കുകയില്ല.'
വിശുദ്ധ ഖുര്‍ആനിന്റെ ഈ ഒരു സ്വാധീനമാണ്, എന്തൊക്കെ ജീര്‍ണതകളുണ്ടെങ്കിലും, കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുസ് ലിം സമൂഹം മുന്‍പന്തിയില്‍ നില്‍ക്കാന്‍ കാരണമാകുന്നത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.
ഒരു ചര്‍ച്ചക്കിടയില്‍ ഇത് പറഞ്ഞപ്പോള്‍ ഒരു സഹോദരന്റെ പ്രതികരണം ഇങ്ങനെ:
'സ്വര്‍ഗത്തിലെ സുഖ സൗകര്യങ്ങള്‍ പ്രതീക്ഷിച്ചല്ലേ നിങ്ങള്‍ ഇതൊക്കെ ചെയ്യുന്നത്? ഞങ്ങളുടെ വിശ്വാസം പഠിപ്പിക്കുന്നത് നിഷ്‌കാമ കര്‍മം ചെയ്യാനാണ്.'
ഒന്നും പ്രതീക്ഷിക്കാതെയുള്ള കര്‍മമാണ് 'നിഷ്‌കാമ കര്‍മം.' പ്രത്യക്ഷത്തില്‍, വളരെ മഹത്തരമെന്ന് തോന്നുന്ന ആശയം. അതേ സമയം, മനുഷ്യപ്രകൃതമനുസരിച്ച് അങ്ങനെ 'മഹത്തര'മായ കര്‍മം അസാധ്യമാണെന്നതല്ലേ വസ്തുത? കാരണം, ഏതോ തരത്തില്‍ മനസ്സിന് 'സംതൃപ്തി' ലഭിക്കാത്ത ഒരു കര്‍മവും മനുഷ്യന്‍ ചെയ്യുകയില്ല; നിര്‍ബന്ധിതാവസ്ഥയിലല്ലാതെ. 'സംതൃപ്തി' അല്ലെങ്കില്‍  'നിര്‍ബന്ധിതാവസ്ഥ' എന്നീ രണ്ട് കാരണങ്ങളാലാണ് സാധാരണ ഗതിയില്‍ മനുഷ്യന്‍ സേവനം ചെയ്യുന്നത്. മൂന്നാമത്തേത്, 'ദൈവ പ്രീതി' യാണ്.
'സംതൃപ്തി' എന്നത് യഥാര്‍ഥത്തില്‍ ഒരു 'കാമ'മാണല്ലോ. നിര്‍ബന്ധിതാവസ്ഥയിലാകട്ടെ, മനുഷ്യന്‍ സ്വാഭാവികമായും ഒഴിഞ്ഞു മാറുകയാണ് ചെയ്യുക. അങ്ങനെ വരുമ്പോള്‍ തനിക്കിഷ്ടമില്ലാത്ത ഒരാള്‍, സഹായത്തിന് അര്‍ഹനാണെങ്കിലും സഹായിക്കാന്‍ മനുഷ്യന്‍ മടിക്കും. പക്ഷപാതിത്വത്തിനുള്ള പല കാരണങ്ങളിലൊന്നാണത്. ഇത് മനുഷ്യനിലെ ജന്മസഹജമായ ഒരു ദൗര്‍ബല്യമാണ്.
വിശുദ്ധ ഖുര്‍ആന്‍ ഈ ദൗര്‍ബല്യത്തെ തിരുത്തിയ ഒരു സംഭവം വായിച്ചപ്പോള്‍ അത്ഭുതം തോന്നി.
പ്രവാചകന്റെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളായ അബൂബക്ര്‍ സിദ്ദീഖ് ഒരു ബന്ധുവിന് നല്‍കിയിരുന്ന സഹായം നിര്‍ത്തലാക്കിയതായി പ്രഖ്യാപിച്ചു. കാരണം, അയാള്‍ പ്രവാചക പത്‌നി ആഇശയെ സംബന്ധിച്ച് അപവാദ പ്രചാരണം നടത്തിയിരുന്നു. ആഇശ, അബൂബക്‌റിന്റെ മകള്‍ കൂടിയാണ്. ഇതില്‍ കുപിതനായാണ് സഹായം നിര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചത്. പക്ഷേ, ദിവ്യവെളിപാട് അതനുവദിച്ചില്ല. ഖുര്‍ആനിലെ ഇരുപത്തിനാലാം അധ്യായം ഇരുപത്തിരണ്ടാം സൂക്തത്തില്‍ അതു കാണാം:
'നിങ്ങളില്‍ ദൈവാനുഗ്രഹവും സാമ്പത്തിക കഴിവുമുള്ളവര്‍, തങ്ങളുടെ കുടുംബക്കാര്‍ക്കും അഗതികള്‍ക്കും ദൈവത്തിന്റെ മാര്‍ഗത്തില്‍ നാടുവെടിഞ്ഞ് പലായനം ചെയ്തെത്തിയവര്‍ക്കും സഹായം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പു നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. ദൈവം നിങ്ങള്‍ക്ക് പൊറുത്തു തരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? ദൈവം ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.'
ഈ ദിവ്യവെളിപാട് ലഭിച്ച ശേഷം അബൂബക്ര്‍ കൂടുതല്‍ സഹായം ചെയ്തു തുടങ്ങി എന്നാണ് ചരിത്രം. പ്രവാചകന്റെ വേറെയും ചില അനുയായികള്‍ ഇതിനു ശേഷം തങ്ങളുടെ ഇത്തരം നിലപാടുകള്‍ തിരുത്തിയതായി പറയുന്നുണ്ട്.
'തന്നിഷ്ടങ്ങള്‍' അര്‍ഹതയെ പരിഗണിക്കുന്നിടത്ത് തടസ്സങ്ങളുണ്ടാക്കും. അത് സ്വാഭാവികമാണല്ലോ. എന്നാല്‍, വിശുദ്ധ ഖുര്‍ആന്‍ തന്നിഷ്ടങ്ങള്‍ക്കിടം നല്‍കുന്നില്ല. തനിക്കിഷ്ടമില്ലെങ്കിലും അര്‍ഹതയുള്ളവര്‍ക്ക് നല്‍കണം എന്നാണ് ദൈവകല്പന. 'ദൈവപ്രീതി' ലക്ഷ്യമായാലേ അത് സാധ്യമാകൂ. അതിനാല്‍, ഭൗതികമായി ഒന്നും പ്രതീക്ഷിക്കാതെ, ദൈവപ്രീതി മാത്രം പ്രതീക്ഷിച്ച് കര്‍മം ചെയ്യാനുള്ള ഖുര്‍ആനിന്റെ ഈ അധ്യാപനമാണ് യഥാര്‍ഥത്തില്‍ 'നിഷ്‌കാമ കര്‍മം.'
ഏതായാലും ജ്യേഷ്ഠന്നും കുടുംബത്തിനും മാറിത്താമസിക്കാനുള്ള സ്ഥലം അന്വേഷിച്ചു തുടങ്ങി. പല സ്ഥലങ്ങളും നോക്കി. പള്ളിക്കും പള്ളിക്കൂടത്തിനുമാണ് പ്രഥമ പരിഗണന നല്‍കിയത്. ഒടുവില്‍, കെ.ടി അബ്ദുര്‍റഹീം സാഹിബുമായും ശാന്തപുരം മഹല്ലിലെ കിഴക്കെ പള്ളിക്കത്തുള്ള യൂസുഫ് മാഷുമായും സംസാരിച്ചു. സ്ഥലമായാലും വീടായാലും സ്വന്തമായി കാശ് മുടക്കി വേണം വാങ്ങാന്‍ എന്ന കാര്യത്തില്‍ ജ്യേഷ്ഠന് നിര്‍ബന്ധമുണ്ടായിരുന്നു.
ദൈവാനുഗ്രഹത്താല്‍, ആഗ്രഹിച്ച പോലെത്തന്നെയുള്ള ഒരു നാട്ടില്‍, ആഗ്രഹിച്ച പോലെത്തന്നെയുള്ള ഒരു നാട്ടുകാരുള്ളിടത്ത്, ആഗ്രഹിച്ച പോലെത്തന്നെയുള്ള സ്ഥലം കണ്ടെത്തി. കണ്ടെത്തിയതല്ല, ദൈവം കൊണ്ടെത്തിച്ചതാണവിടെ. കെ.ടി അബ്ദുര്‍റഹീം സാഹിബും യൂസുഫ് മാഷും വഴിയാണത് നടന്നത്. അബ്ദുര്‍റഹീം സാഹിബിന്റെ മകന്‍ സ്വാലിഹ് സാഹിബിന്റെ സ്ഥലമായിരുന്നു അത്. 

(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (24-26)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗപ്രവേശവും സാമൂഹിക ദൗത്യങ്ങളും
അബ്ദുര്‍റശീദ് നദ്‌വി