സയ്യിദ് ഹുസൈന്‍ തങ്ങള്‍
മലപ്പുറം മമ്പാട് സയ്യിദ് ഹുസൈന്‍ തങ്ങള്‍ അല്ലാഹുവിലേക്ക് യാത്രയായി. സുദീര്‍ഘമായ കാലം ഇസ്ലാമിക പ്രസ്ഥാനത്തിനു വേണ്ടി സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
ഏറെക്കാലം യു.എ.ഇയിലായതിനാല്‍ മുഖ്യപ്രവര്‍ത്തന മേഖലയും അവിടെയായിരുന്നു. മലയാളികള്‍ക്കിടയില്‍ പ്രസ്ഥാന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചതില്‍ നേതൃപരമായ പങ്കു വഹിച്ചവരില്‍ ഹൈദറലി ശാന്തപുരം, യൂനുസ് മൗലവി, അന്തമാന്‍ റശീദ് സാഹിബ് തുടങ്ങിയവരോടൊപ്പം ഹുസൈന്‍ തങ്ങളുമുണ്ടായിരുന്നു. യു.എ.ഇയിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാവുന്നതും ചടുലമാവുന്നതും മര്‍ഹൂം കെ.ടി അബ്ദുര്‍റഹീം സാഹിബ് അവിടെ എത്തുന്നതോടുകൂടിയാണ്. എന്നാല്‍ കെ.ടിയെ യു.എ.ഇയിലെത്തിച്ചാല്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് അത് വലിയ ഗുണമായിരിക്കുമെന്ന് മനസ്സിലാക്കി, അതിനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതില്‍ ഹുസൈന്‍ തങ്ങളും മുന്‍പന്തിയിലുണ്ടായിരുന്നു. കെ.ടിക്കു ശേഷം യു.എ.ഇയിലെ പ്രസ്ഥാന ചുമതല കെ.എന്‍ അബ്ദുല്ല മൗലവിക്കായിരുന്നു. തുടര്‍ന്ന് അഖില യു.എ.ഇയുടെ പ്രസിഡന്റായി ചുമതല വഹിച്ചത് തങ്ങളാണ്. അദ്ദേഹത്തെ പോലെ അദ്ദേഹത്തിന്റെ ഭാര്യ സൈനബും വനിതാരംഗത്തെ പ്രവര്‍ത്തനങ്ങളിലെ നേതൃപരമായ സാന്നിധ്യമായിരുന്നു.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോഴും പ്രാദേശികമായി പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഒറ്റ വാക്കില്‍ അദ്ദേഹത്തെ 'മുത്തഖി' എന്ന് വിശേഷിപ്പിക്കാം. എല്ലാ മേഖലകളിലും അല്ലാഹുവിനെ സൂക്ഷിക്കുന്നതില്‍ വലിയ കാര്‍ക്കശ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രായമായി, ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവിച്ചപ്പോഴും ജമാഅത്ത് നമസ്‌കാരത്തിന് പള്ളിയിലെത്തുന്നതില്‍ ഒരു വീഴ്ചയും സംഭവിച്ചില്ല. വീട്ടില്‍ നിന്ന് ഒരല്‍പം ദൂരമുണ്ട് പള്ളിയിലേക്ക്. മെയിന്‍ റോഡിലൂടെ വേച്ചു വേച്ച് പള്ളിയിലേക്ക് നടന്നുപോകുന്നത് അതിലൂടെ കടന്നുപോകുമ്പോള്‍ പലതവണ കണ്ടിട്ടുണ്ട്. സാമ്പത്തിക ജീവിതത്തിലും അദ്ദേഹം അതീവ നിഷ്ഠയുള്ള വ്യക്തിത്വമായിരുന്നു. നല്ല സ്വഭാവവും പെരുമാറ്റവും അദ്ദേഹവുമായി ബന്ധപ്പെടുന്നവര്‍ അനുഭവിച്ചിട്ടുണ്ടാവും.
മക്കളുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ എല്ലാമെല്ലാം പ്രസ്ഥാനവും പ്രസ്ഥാന പ്രവര്‍ത്തകരുമായിരുന്നു. കലവറയില്ലാതെ പ്രസ്ഥാനത്തിനു വേണ്ടി തന്റെ സമ്പത്ത് ചെലവഴിച്ചു. മരണത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വീട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍ ഓര്‍മക്കുറവുണ്ട്, സംസാരത്തില്‍ വ്യക്തതക്കുറവുണ്ട്; എങ്കിലും അദ്ദേഹം സ്വന്തം പ്രയാസങ്ങളെ കുറിച്ച് ചോദിക്കാതെ പറഞ്ഞതേയില്ല. അന്വേഷിച്ചതും സംസാരിച്ചതും പ്രസ്ഥാന പ്രവര്‍ത്തനങ്ങളെ കുറിച്ചും പ്രവര്‍ത്തകരെ കുറിച്ചും നേതാക്കളെക്കുറിച്ചും, പ്രസ്ഥാനം അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ചും അതിനുള്ള പരിഹാരത്തെ കുറിച്ചും.
യൂസുഫ് സാഹിബ്, അല്‍ ജാമിഅ
ഏല്‍പ്പിക്കുന്ന ഏതു ഉത്തരവാദിത്തവും വളരെ ഭംഗിയായി ആത്മാര്‍ഥതയോടെ നിര്‍വഹിച്ച ശാന്തപുരം അല്‍ജാമിഅയിലെ ജീവനക്കാരനായിരുന്നു യൂസുഫ് സാഹിബ്. കാന്റീന്‍ നടത്തിപ്പ്, പോസ്റ്റാഫീസ് തപാല്‍ എടുക്കല്‍, ദിനപത്രങ്ങള്‍ സ്വീകരിക്കല്‍, ഗസ്റ്റ് പരിചരണം, സ്റ്റോര്‍ കീപ്പിംഗ്, സ്ഥാപനവുമായി ബന്ധപ്പെട്ട സന്ദേശങ്ങളുമായി കോഴിക്കോട് ഹിറാ സെന്ററിലും വെള്ളിമാട്കുന്ന് ഐ.എസ്.ടി കേന്ദ്രത്തിലും മറ്റും പോയി വരവ് തുടങ്ങി സ്ഥാപനവുമായി ബന്ധപ്പെട്ട എന്തു സേവനത്തിനും അദ്ദേഹം തയാറായിരുന്നു. ഏറ്റവുമൊടുവില്‍ അല്‍ ജാമിഅക്കു വേണ്ടി പലയിടങ്ങളില്‍ നിന്നായി സംഭാവനയായി ലഭിച്ച തുക സ്ഥാപനത്തില്‍ എത്തിക്കുന്ന ജോലിയാണ് മുഖ്യമായും ചെയ്തിരുന്നത്. ടി.കെ അബ്ദുല്ല സാഹിബിനെപ്പോലുള്ള മുതിര്‍ന്ന ജമാഅത്ത് നേതാക്കള്‍ സ്ഥാപനത്തില്‍ വരുമ്പോള്‍ അവര്‍ക്ക് എല്ലാവിധ സേവനങ്ങളും ചെയ്തു കൊടുക്കാന്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടാവും.
സാമ്പത്തികമായി നല്ല നിലയില്‍ ജീവിച്ചു പോന്നിരുന്ന കോട്ടയത്തുകാരനായ അദ്ദേഹം ആദര്‍ശമാറ്റത്തെത്തുടര്‍ന്ന് ഭാര്യയെയും മൂന്ന് മക്കളെയും വിട്ടുപോരാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. തനിക്കേല്‍ക്കേണ്ടി വന്ന മാനസികവും മറ്റുമായ പീഡനങ്ങളെക്കുറിച്ച് അദ്ദേഹം ഇടക്കിടെ പറയാറുണ്ടായിരുന്നു. പ്രസ്ഥാന രംഗത്തും സജീവമായിരുന്നു. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ മുന്നിലുണ്ടാവും. ഇസ്ലാമിക സാഹിത്യങ്ങള്‍ വായിക്കുന്നതിലും നല്ല താല്‍പ്പര്യമായിരുന്നു. നാട്ടുകാരുമായി വളരെ ഊഷ്മളമായ ബന്ധം അദ്ദേഹം നിലനിര്‍ത്തി.
ആദര്‍ശ മാറ്റത്തിനു ശേഷം പെരുമ്പിലാവില്‍ നിന്ന് വിവാഹം കഴിച്ചിരുന്നെങ്കിലും ആ ദാമ്പത്യ ജീവിതം കൂടുതല്‍ മുന്നോട്ട് പോയില്ല. പിന്നെ ശാന്തപുരത്തെത്തി സി.കെ കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍ വലമ്പൂരിന്റെ പെങ്ങളെ വിവാഹം കഴിച്ച് അല്‍ജാമിഅ ഹോസ്റ്റലിനു സമീപം വീട് വെക്കുകയായിരുന്നു. വളരെ സന്തോഷകരമായ കുടുംബ ജീവിതമായിരുന്നു; ഒരു മകളുമുണ്ട്.
തനിക്ക് പഴയ കാലങ്ങളില്‍ നഷ്ടപ്പെട്ട ഇബാദത്തുകള്‍ക്ക് പകരമെന്നോണം നിര്‍ബന്ധ കര്‍മങ്ങള്‍ക്കു പുറമെ സുന്നത്തായ കാര്യങ്ങള്‍ ശീലമാക്കിയിരുന്നു. നമസ്‌കാരം പള്ളിയില്‍ ജമാഅത്തായി തന്നെ നമസ്‌കരിക്കാന്‍ ഏറെ താല്‍പര്യം കാണിച്ചു.
കോവിഡ് ബാധിതനായി പിന്നീട് നെഗറ്റീവ് ആയെങ്കിലും ഏറെ വൈകാതെ അദ്ദേഹം അല്ലാഹുവിങ്കലേക്ക് യാത്ര തിരിക്കുകയായിരുന്നു.
എ.കെ ഖാലിദ്, ശാന്തപുരം
Comments