Prabodhanm Weekly

Pages

Search

2021 ജൂണ്‍ 11

3205

1442 ശവ്വാല്‍ 30

ഒരു മുത്തുമാലയുടെ കഥ

മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച പ്രശസ്ത പണ്ഡിതനാണ് ഖാദി അബൂബക്‌റു ബ്‌നു അബ്ദുല്‍ ബാഖി അന്‍സാരി. തഖ്‌വയും സുഹ്ദും (ഐഹിക സുഖസൗകര്യങ്ങളോടുള്ള വിരക്തി) കൊണ്ട് വിശ്രുതനായ വ്യക്തിത്വം. 'ത്വബഖാത്തുല്‍ ഹനാബില'യുടെ കര്‍ത്താവായ അല്ലാമാ ഇബ്‌നു റജബ്, ഖാദി അബൂബക്‌റിന്റെ ജീവിതത്തിലെ  അവിസ്മരണീയമായ ഒരു സംഭവകഥ അദ്ദേഹം തന്നെ സ്വയം പറഞ്ഞതായി ഇങ്ങനെ ഉദ്ധരിച്ചിട്ടുണ്ട്: 
ഞാന്‍ മക്കയില്‍ താമസിക്കുന്ന കാലം. പട്ടിണിയും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു ജീവിതം. ഒരിക്കല്‍ വിശപ്പ് അസഹനീയമായപ്പോള്‍ വീടു വിട്ടിറങ്ങി, എന്തെങ്കിലും വിശപ്പടക്കാന്‍ കിട്ടുമെന്ന പ്രതീക്ഷയോടെ. നടന്നു നടന്ന് കറച്ചകലെയെത്തിയപ്പോള്‍ അവിടെ ഒരു സഞ്ചി കിടക്കുന്നു. പട്ടുനൂല്‍ കൊണ്ട് ഭദ്രമായി കെട്ടിയിട്ടുണ്ട്. ഞാന്‍ ഒരു നിമിഷം ചിന്താമഗ്‌നനായി. പിന്നെ  ആ സഞ്ചിയെടുത്തു വീട്ടിലേക്ക് മടങ്ങി. ആകാംക്ഷാപൂര്‍വം അതു തുറന്നു. സുബ്ഹാനല്ലാഹ്... ഞാന്‍ അറിയാതെ പറഞ്ഞു പോയി. ഇത്രയും അനര്‍ഘമായ മുത്തുമാല ജീവിതത്തില്‍ കണ്ടിട്ടില്ല. അത്ഭുതത്തോടെ ഞാന്‍ അതിലേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു. അതിന്റെ സൗന്ദര്യവും തിളക്കവും നോക്കിക്കൊണ്ടിരിക്കെ വീണ്ടും അസഹനീയമായ വിശപ്പിന്റെ വിളി. വല്ലതും ഭക്ഷിക്കാന്‍ കിട്ടുമെന്ന പ്രതീക്ഷയോടെ പുറത്തിറങ്ങി. അങ്ങനെ അങ്ങാടിയിലെത്തിയപ്പോള്‍ ഒരു വൃദ്ധനായ മനുഷ്യന്‍ എന്തോ ഉറക്കെ വിളിച്ചു പറയുന്നതായി കണ്ടു. തേജസ്സുറ്റ മുഖം. അദ്ദേഹം അങ്ങേയറ്റം പരിഭ്രാന്തിയിലാണ്. കൈയില്‍ ഒരു സഞ്ചിയുണ്ട്. 'സഹോദരങ്ങളേ, വിലപ്പെട്ട ഒരു മാല നഷ്ടപ്പെട്ടിട്ടുണ്ട്. അത് കണ്ടെത്തി എന്നെ ഏല്‍പിക്കുന്നവനോട് ഞാന്‍ ഏറെ കടപ്പാടുള്ളവനായിരിക്കും. മാത്രമല്ല അഞ്ഞൂറു അശ്‌റഫീ നാണയങ്ങളുള്ള ഈ സഞ്ചി അവന് സമ്മാനമായി നല്‍കുകയും ചെയ്യും.'
ഈ പരസ്യപ്പെടുത്തല്‍ കേട്ടപ്പോള്‍ തന്നെ ആ മുത്തുമാല ഈ വയോധികന്റേതാണെന്ന് എനിക്ക് ബോധ്യമായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു: 'താങ്കള്‍ എന്റെ കൊച്ചു കുടിലിലേക്ക് എന്നോടൊപ്പം വന്നാലും.'
കൂടുതലൊന്നും ആലോചിക്കാതെ അയാള്‍ എന്നെ അനുഗമിച്ചു. നഷ്ടപ്പെട്ട മുത്തുമാല എന്റെ പക്കലുണ്ടെന്ന് അയാള്‍ ധരിച്ചിരിക്കാം. വീട്ടിലേക്കുള്ള വഴിയില്‍ പലതും ചിന്തിക്കുകയായിരുന്നു. അഞ്ഞൂറു അശ്‌റഫീ നാണയങ്ങള്‍. തികച്ചും ഹലാലായ സമ്പാദ്യം. വിശപ്പിന്റെ ദിനരാത്രങ്ങള്‍ക്ക് വിട. പങ്കപ്പാടിന്റെ ജീവിതത്തിനു അന്ത്യം കുറിക്കാന്‍ പോവുന്നു. അകത്തളം സന്തോഷാധിക്യത്താല്‍ ശ്വാസം മുട്ടുകയായിരുന്നു. വീട്ട് വാതിലിനു മുമ്പിലെത്തിയപ്പോഴാണ്  ചിന്തകള്‍ക്ക് വിരാമമിട്ടത്. അദ്ദേഹത്തെ വീട്ടില്‍ ഒരിടത്തിരുത്തിയ ശേഷം ഞാന്‍ ചോദിച്ചു: 'താങ്കള്‍ക്ക് നഷ്ടപ്പെട്ട സഞ്ചിയുടെ അടയാളങ്ങളെന്താണ്?'
  അദ്ദേഹം സന്തോഷത്തോടെ  ആ മാലയുടെ മുഴുവന്‍ അടയാളങ്ങളും വിസ്തരിച്ചു പറഞ്ഞു. ചെറുതും വലുതുമായ മുത്തുകളുടെ എണ്ണം, വര്‍ണം, സഞ്ചി കെട്ടിയിരുന്ന പട്ടുനൂലിന്റെ നിറം എല്ലാം വിശദമായി വര്‍ണിച്ചു.
മുത്തുമാല അദ്ദേഹത്തിന്റേതു തന്നെയെന്ന് ഞാനുമുറപ്പിച്ചു. ആ സഞ്ചി അദ്ദേഹത്തിന് കൈമാറി. വിറക്കുന്ന കൈകളാല്‍ അത് സ്വീകരിച്ചപ്പോള്‍ ആ മുഖം സന്തോഷത്താല്‍ തിളങ്ങുന്നുണ്ടായിരുന്നു. 'നിങ്ങള്‍ക്ക് അളവറ്റ നന്ദി.  വലിയ ഉപകാരമാണ്  ചെയ്തിട്ടുള്ളത്. ദൈവം അവന്റെ അദൃശ്യവും അനന്തവുമായ ഖജനാവില്‍ നിന്ന് താങ്കളുടെ സത്യസന്ധതക്ക് തക്കതായ പകരം നല്‍കട്ടെ. എന്നും ആത്മസംതൃപ്തി നല്‍കട്ടെ.' ഇത്രയും പറഞ്ഞ് കൈയിലുണ്ടായിരുന്ന സഞ്ചി എന്റെ മടിയില്‍ വെച്ചു. ഉപകാരസ്മരണയാലും കൃതജ്ഞതയാലും  അത് സ്വീകരിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു.  പാരിതോഷികം നേരത്തേ പ്രഖ്യാപിച്ചതാണല്ലോ. അത് സ്വീകരിക്കുന്നതില്‍ എന്താണ് തടസ്സം? അദ്ദേഹം തന്റെ ന്യായവാദങ്ങള്‍ നിരത്തിക്കൊണ്ടിരുന്നു.
എന്റെ മനസ്സ് പരസ്പരവിരുദ്ധ ചിന്തകളാല്‍ സംഘര്‍ഷഭരിതമായി. പട്ടിണിയും ദാരിദ്ര്യവുമായി ഞെങ്ങി ഞരുങ്ങുകയാണ്. ഹലാലും വിലപിടിച്ചതുമായ ഒരു സമ്മാനം. അത് സസന്തോഷം സ്വീകരിക്കണമെന്ന് മനസ്സ് മന്ത്രിക്കുന്നു. അടുത്ത ചോദ്യം വരുന്നു... ഇത് സ്വാര്‍ഥതയല്ലേ. സൗജന്യം സ്വീകരിക്കുന്നതെന്തിന്? അമൂല്യമായ ഈ പാരിതോഷികം പകരം വാങ്ങാന്‍ മാത്രം ഞാന്‍ എന്ത് മഹദ് കൃത്യമാണ് ചെയ്തിട്ടുള്ളത്? മാലയുടെ യഥാര്‍ഥ ഉടമസ്ഥന് അത് കൈമാറുക എന്ന ധാര്‍മിക ചുമതല നിര്‍വഹിച്ചെന്നു മാത്രം.
'താങ്കളുടെ സ്‌നേഹപ്രകടനത്തിനു നന്ദി. പാരിതോഷികം ഞാന്‍ സ്വീകരിക്കുകയില്ല. താങ്കളുടെ സ്വത്ത് അല്ലാഹുവാണ് തിരിച്ചു തന്നത്.'
ഒരുപാട് സമ്മര്‍ദം ചെലുത്തിയെങ്കിലും ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് പറഞ്ഞു: 'ഞാന്‍ നാണ്യക്കിഴി ഒരിക്കലും സ്വീകരിക്കാന്‍ തയാറല്ല. വീണു കിട്ടിയ താങ്കളുടെ മാല ഞാന്‍ താങ്കളെ ഏല്‍പിച്ചു. ഇതൊരു വിശ്വാസിയെന്ന നിലക്ക് എന്റെ ധാര്‍മിക ബാധ്യതയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞാന്‍ കുറ്റക്കാരനാകുമായിരുന്നു. പ്രതിഫലം പറ്റാന്‍ മാത്രം വലിയ കാര്യമൊന്നുമല്ല അത്.' ആ വയോധികന്‍ മാലയെടുത്ത്  യാത്ര പറഞ്ഞു വിടവാങ്ങി.
അങ്ങനെ വലിയൊരു ആത്മസംഘര്‍ഷത്തിന് അറുതിയായി. പാരിതോഷികം സ്വീകരിക്കുന്നത് ന്യായവും അനുവദനീയവുമാണെന്ന് ബോധ്യമുണ്ട്. ആത്മാഭിമാനം അനുവദിച്ചില്ല. സ്വന്തം സത്യസന്ധത ചില്ലറ നാണയത്തുട്ടുകള്‍ക്കു വേണ്ടി വില്‍ക്കാന്‍ തോന്നിയില്ല. വലിയ ഒരു പരീക്ഷണം തരണം ചെയ്തതില്‍ ആത്മനിര്‍വൃതി ആസ്വദിച്ചു. എത്ര പ്രശ്‌നങ്ങളും പ്രയാസങ്ങളുമുണ്ടെങ്കിലും ഏകനായ നാഥനോട് മാത്രമേ ചോദിക്കൂ എന്ന മനോദാര്‍ഢ്യം വിജയിച്ചു. ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ ഞാനാണെന്ന് എനിക്ക് തോന്നി.
ദൈവികശക്തി ഒരു മഹാത്ഭുതം തന്നെ. അവന്റെ ആസൂത്രണങ്ങളും തന്ത്രങ്ങളും  അപാരം. അവന്‍ അവസ്ഥാന്തരങ്ങള്‍ മാറ്റിമറിക്കുന്നു - മനുഷ്യ ഭാവനക്കും കണക്കുകൂട്ടലുകള്‍ക്കുമതീതമായ രൂപത്തില്‍. കിണറിന്റെ ഇരുട്ടറയില്‍ നിന്ന് യുസുഫിനെ അധികാരക്കസേരയില്‍ എത്തിച്ചത് അല്ലാഹുവാണ്. പരാജയമെന്ന് വിശേഷിപ്പിക്കപ്പെട്ട ഹുദൈബിയ സന്ധിയെ മക്കാവിജയമായി മാറ്റിക്കുറിച്ചവനും അവന്‍ തന്നെ. മര്‍ദിതരുടെ മദീനാ പലായനത്തിലൂടെ മക്കയിലേക്ക് വിജയഭേരി മുഴക്കി പ്രവേശിക്കാന്‍ ഉതവി നല്‍കിയതും അല്ലാഹു മാത്രം. മനുഷ്യന്‍ സഹനവും സ്ഥൈര്യവും അവലംബിച്ചു, നിരാശ്രയനായ അല്ലാഹുവില്‍ ഭരമേല്പിക്കണമെന്നു മാത്രം.
ഏതാനും ദിവസങ്ങള്‍ക്കു ശേഷം മക്കയോട് വിടപറഞ്ഞു. ലക്ഷ്യസ്ഥാനത്തെത്താന്‍ ഒരു വഞ്ചിയില്‍ കയറി. യാത്രക്കാരാല്‍ നിറഞ്ഞു കവിഞ്ഞിരുന്നു വഞ്ചി. സമുദ്ര തിരമാലകള്‍ കീറിമുറിച്ച് അത് മുന്നോട്ടു നീങ്ങി. ഓര്‍ക്കാപ്പുറത്ത് ശക്തമായ കാറ്റടിക്കാന്‍ തുടങ്ങി. തിരമാലകള്‍ക്ക് ആക്കം കൂടി. വഞ്ചി ആടിയുലഞ്ഞു. കാറ്റിലും കോളിലും പെട്ട് വഞ്ചി പിളര്‍ന്നു  പല കഷ്ണങ്ങളായി. ഇത് അവസാന യാത്രയാണെന്ന് ഞാന്‍ ഉറപ്പിച്ചു. ദൈവനിശ്ചയമാണ് ജീവിതവും മരണവും തീരുമാനിക്കുന്നത്. ഞാന്‍ ഒരു മരക്കഷ്ണത്തില്‍ അള്ളിപ്പിടിച്ചിരുന്നു. യാത്രക്കാരില്‍ മിക്ക പേരും മുങ്ങി മരിച്ചിരിക്കാം. ആ മരക്കഷ്ണം തിരമാലകള്‍ക്കിടയിലൂടെ ഒഴുകി നടന്നു, എങ്ങോട്ടാണെന്ന് അറിയാതെ. ഞാന്‍ നിസ്സഹായാവസ്ഥയില്‍ ഇരുകരങ്ങളും ഉയര്‍ത്തി സര്‍വലോകത്തിന്റെയും നാഥനോട് കേണപേക്ഷിച്ചു: പടച്ചവനേ! ഞാന്‍ എന്നും നിന്നോട് മാത്രമാണ് സഹായത്തിനായി അര്‍ഥിച്ചിട്ടുള്ളത്. എന്നെ നീ ഭീകരഭയാനകമായ ഓളങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണോ?
ദൈവിക കാരുണ്യം കനിഞ്ഞു. അവന്‍ തിരമാലകളുടെ പ്രയാണത്തില്‍ ഇടപെട്ടു. കടല്‍ ശാന്തമായി. എനിക്കും സമാധാനമായി. ഞാന്‍ ഇരുന്ന മരക്കഷ്ണം സാവധാനത്തില്‍ സഞ്ചരിച്ചു. ദിവസങ്ങള്‍ക്കു ശേഷം കര കാണാന്‍ തുടങ്ങി. ജനവാസമുള്ള പ്രദേശത്തേക്ക് അടുത്തു തുടങ്ങി. അങ്ങനെ  ആ മരക്കഷ്ണത്തിന്മേല്‍  എന്നെ സര്‍വശക്തന്‍ കരയിലെത്തിച്ചു. ഒരുപാടു ദിനങ്ങള്‍ക്കു ശേഷമാണ് മണ്ണും കരയും കാണുന്നത്. കൃതജ്ഞതാതിരേകത്താല്‍ ഞാന്‍ സാഷ്ടാംഗം ചെയ്തു. അതൊരു ദ്വീപായിരുന്നു. സസ്യ ശ്യാമളമായ  ദ്വീപ്. ഉയര്‍ന്നു നില്‍ക്കുന്ന പള്ളി മിനാരങ്ങള്‍. ഞാന്‍ അവിടെയുള്ള ഒരു പള്ളിയിലെത്തി. ഖുര്‍ആനെടുത്തു വികാരഭരിതനായി ഉച്ചത്തില്‍ അത് പാരായണം ചെയ്യാന്‍ തുടങ്ങി.
ഖുര്‍ആന്‍ പാരായണം കേട്ട ദ്വീപുനിവാസികള്‍ ഓരോരുത്തരായി അങ്ങോട്ടേക്ക് വന്നു. എന്റെ ആഗമനം അവര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. എന്റെ സാന്നിധ്യം അവര്‍ക്കെന്തോ ആത്മസായൂജ്യം നല്‍കുന്നതായി തോന്നി. അവരുടെ മുഖത്ത് എന്നോട് പ്രത്യേകമായ സ്‌നേഹവും മമതയും പ്രകടമായിരുന്നു. ദിനരാത്രങ്ങള്‍ പിന്നിടും തോറും അവരുമായി കൂടുതല്‍ അടുത്തു.
എന്റെ ഖുര്‍ആന്‍ പാരായണം അവരെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അവര്‍ ഖുര്‍ആന്‍ പഠിക്കാന്‍ താല്‍പര്യം കാണിച്ചു. ഞാന്‍ സസന്തോഷം അവരുടെ അപേക്ഷ സ്വീകരിച്ചു. ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ഒരു കേന്ദ്രം തന്നെ തുറന്നു. ദിനംപ്രതി പഠിതാക്കളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു. ദ്വീപില്‍ ഒന്നാകെ ഞാന്‍ വിശ്രുതനായി, അവരുടെ ബഹുമാനാദരവുകളാല്‍ ഞാന്‍ വീര്‍പ്പുമുട്ടി. ഖുര്‍ആന്‍ നിമിത്തമായി കിട്ടിയ ആദരവ് പലതരം പാരിതോഷികങ്ങളായി എനിക്കു ചുറ്റും കുമിഞ്ഞുകൂടി.
ഒരിക്കല്‍ പള്ളിയിലെ പഴയ ഗ്രന്ഥങ്ങള്‍ മറിച്ചു നോക്കിയപ്പോള്‍ സുന്ദരമായ കൈപ്പടയിലുള്ള ഒരു ഖുര്‍ആന്‍ പ്രതി കിട്ടി. നല്ല കൈയക്ഷരങ്ങള്‍ എനിക്ക് ഏറെ പ്രിയങ്കരമായിരുന്നു. ഞാന്‍ ആ കടലാസ്സുകള്‍ വളരെ താല്പര്യത്തോടെ സൂക്ഷിച്ചു. അതെടുത്തു മറിച്ചു നോക്കുമ്പോഴെല്ലാം ആ കലാകാരന്റെ കലാസൗകുമാര്യം മനസ്സിന് ആനന്ദം പകരും. ഒരിക്കല്‍ ഞാന്‍ സുന്ദരമായ ഖുര്‍ആന്‍ താളുകള്‍ നോക്കിയിരിക്കുന്നത് അവര്‍ കണ്ടു. എനിക്ക് ഈ കലയും അറിയാമെന്ന ഉറപ്പില്‍ കൈയെഴുത്ത് പഠിപ്പിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഞാന്‍ താല്‍പര്യത്തോടെ അതും പഠിപ്പിക്കാന്‍ തുടങ്ങി. എപ്പോഴും എനിക്കു ചുറ്റും പല തരം പഠിതാക്കള്‍... വൃദ്ധര്‍, യുവാക്കള്‍, കുട്ടികള്‍.. ചിലര്‍ ഖുര്‍ആന്‍ പഠിക്കുന്നു,  കൈയെഴുത്ത് പഠിക്കുന്നവരാണ് മറ്റു ചിലര്‍.. എന്നോടുള്ള സഹവാസത്തില്‍ ആത്മീയനിര്‍വൃതിയും സൗഭാഗ്യവും തേടുന്നവരാണ് മറ്റൊരു കൂട്ടര്‍. അജ്ഞാതനായ ഒരു ദാസന് ഇത്രയും അംഗീകാരവും പ്രശസ്തിയും നല്‍കിയ അല്ലാഹുവിന്റെ ഔദാര്യത്തെക്കുറിച്ച് ഒരുപാട് അത്ഭുതപ്പെട്ടു. എനിക്കു ചുറ്റും അവസരം കിട്ടുമ്പോഴെല്ലാം  അവര്‍ ഒത്തുകൂടി. മനശ്ശാന്തിയും സ്വസ്ഥതയും അനുഭവിച്ചു. അവരുടെ വൈവിധ്യമാര്‍ന്ന സമ്മാനങ്ങള്‍ ദൈവിക കാരുണ്യത്താല്‍ എന്നെ സമ്പന്നനാക്കി.
കാലം മുന്നോട്ടു നീങ്ങി. ഞാന്‍ ദ്വീപുവാസികളുമായി വളരെ ഇണങ്ങി ജീവിച്ചു. ഒരിക്കല്‍ അവരുടെ ഒരു പ്രതിനിധി സംഘം എന്നെ സമീപിച്ചു. ഒരു വിവാഹാലോചനയുമായാണ് അവര്‍ വന്നിരിക്കുന്നത്. അവര്‍ പറഞ്ഞു: ഞങ്ങളുടെ ദ്വീപില്‍ സാത്വികനും സദ് വൃത്തനുമായ ഒരു മഹാനുണ്ടായിരുന്നു. ഞങ്ങള്‍ക്ക് വളരെയേറെ ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. കുറച്ചു  മുമ്പ് അദ്ദേഹം മരണമടഞ്ഞു. അങ്ങേയറ്റം ദൈവഭക്തനായിരുന്നു. അദ്ദേഹത്തിന് സുന്ദരിയും സുശീലയുമായ ഒരു മകളുണ്ട്. പണ്ഡിതയുമാണ്. മതനിഷ്ഠയുള്ള വീടാണ്. താങ്കള്‍ക്ക് അനുയോജ്യമായ ഇണ തന്നെ. അവര്‍ക്കും ഏറെ താല്പര്യമായിരിക്കും ഈ ബന്ധത്തില്‍. സമ്മതമറിയിക്കുകയാണെങ്കില്‍ വിവാഹാലോചന നടത്താം.
ഞാന്‍ അവരുടെ ആവശ്യത്തിന് അനുകൂലമായോ പ്രതികൂലമായോ ഒന്നും പറഞ്ഞില്ല. ഏറെ നാളുകള്‍ അക്കാര്യത്തെക്കുറിച്ച് ആഴത്തില്‍ ആലോചിച്ചു. അതേ, ഞാന്‍ ഇപ്പോഴും യുവാവാണ്. വിവാഹം പ്രവാചക ചര്യയില്‍ പെട്ടതാണ്. ഭൗതിക വിഭവത്തിലും ഇപ്പോള്‍ സുഭിക്ഷമാണ്. ഇണയാവട്ടെ ദൈവഭക്തനായ ഒരു മഹാന്റെ മകളും. അവസാനം ഞാന്‍ സമ്മതം മൂളി. അവരുടെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല... അങ്ങനെ ഏതാനും ദിവസങ്ങള്‍ക്കകം വിവാഹം നടന്നു.
ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ എന്റെ കണ്ണുടക്കിയത് അവളുടെ കഴുത്തിലെ മുത്തുമാലയിലായിരുന്നു. ആശ്ചര്യത്തോടെ ഞാന്‍ അത് ഏറെ നേരം നോക്കിക്കൊണ്ടിരുന്നു. അവളുടെ കണ്ണഞ്ചിക്കും സൗന്ദര്യത്തേക്കാള്‍ എന്നെ വശീകരിച്ചത് ആ മാലയായിരുന്നു. വധുവടക്കമുള്ള ബന്ധുക്കളും എന്റെ നോട്ടത്തില്‍ അത്ഭുതം കൂറി. ആ മുത്തുമാല ഇവളുടെ കൈയിലെത്തിയത് എങ്ങനെ? മക്കയുടെ തെരുവീഥിയില്‍ നിന്ന് കണ്ടുകിട്ടി തിരിച്ചേല്‍പിച്ച അതേ മാല തന്നെ! മുഴുവന്‍ സംഭവ പരമ്പരയും മനോമുകുരത്തിലൂടെ കടന്നു പോയി. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
വിചിത്രമായ എന്റെ ഭാവവ്യത്യാസങ്ങള്‍ കണ്ട് ആശ്ചര്യം പൂണ്ട ജനങ്ങള്‍ ചോദിച്ചു: താങ്കള്‍ക്ക് ശാലീന സുന്ദരിയായ ഒരു ഇണയെ അല്ലാഹു നല്‍കിയിട്ടും അവളെ ഗൗനിക്കാതെ മാലയിലേക്കു തന്നെ നോക്കുന്നതെന്തുകൊണ്ടാണ്?
ആത്മസംയമനം വീണ്ടെടുത്ത് ഞാന്‍ പറഞ്ഞു തുടങ്ങി: അതൊരു നീണ്ട കഥയാണ്. ഞാന്‍ മക്കയില്‍ കഴിയുന്ന കാലം. പട്ടിണിയോടും പ്രാരാബ്ധത്തോടും മല്ലടിച്ചുള്ള ജീവിതം.അസഹനീയമായ വിശപ്പില്‍ വല്ലതും കിട്ടുമെന്ന ആശയില്‍ വീടുവിട്ടിറങ്ങി. വഴിയോരത്ത് ഒരു സഞ്ചി കിടക്കുന്നതു കണ്ടു. പട്ടുനൂല്‍ കൊണ്ട് കെട്ടിയ ആ സഞ്ചിയുമായി ഞാന്‍ വീട്ടിലേക്ക് മടങ്ങി. തുറന്നു നോക്കിയപ്പോള്‍ അമൂല്യമായ ഒരു മുത്തുമാല! അത് വീട്ടില്‍ സൂക്ഷിച്ച് വീണ്ടും പുറത്തുപോയി. അപ്പോഴതാ ഒരു വന്ദ്യവയോധികന്‍ തന്റെ മാല നഷ്ടപ്പെട്ടതായി വിളംബരം ചെയ്യുന്നു, അത് കണ്ടെത്തിക്കൊടുക്കുന്നവര്‍ക്ക് വില പിടിച്ച പാരിതോഷികം നല്‍കുമെന്നും. ഞാന്‍ അദ്ദേഹത്തെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു. മാല തിരിച്ചേല്‍പിച്ചു. പകരം അദ്ദേഹം അഞ്ഞൂറു നാണയങ്ങള്‍ അടങ്ങിയ കിഴി എനിക്ക് സമ്മാനിച്ചു. ഒരുപാട് നിര്‍ബന്ധിച്ചെങ്കിലും ഞാനത് നിരസിച്ചു. എന്റെ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ മുഖം സന്തോഷത്താല്‍ തിളങ്ങി. മനമുരുകി എനിക്കായി പ്രാര്‍ത്ഥിച്ചു: 'അല്ലാഹുവേ! ഇയാളുടെ സത്യസന്ധതക്കും വിശ്വസ്തതക്കും തക്കതായ പകരം നല്‍കി അനുഗ്രഹിക്കേണമേ.'
എന്റെ വിചിത്രവും അസാധാരണവുമായ കഥ കേള്‍ക്കാന്‍ കുടുംബത്തിലെ സ്ത്രീ പുരുഷന്മാര്‍ മുഴുവന്‍ അവിടെ ഒത്തുചേര്‍ന്നിരുന്നു. കേട്ടവരെല്ലാം സുബ് നാഹാനല്ലാഹ് എന്ന് ഉച്ചത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
'അതേ മാല തന്നെയാണത്. ആ മഹാന്‍ തന്നെയാണിപ്പോള്‍ താങ്കളുടെ ഭാര്യാപിതാവ്. അദ്ദേഹം പലപ്പോഴും ഓര്‍ത്തുകൊണ്ട് പറയാറുണ്ടായിരുന്നു; ഞാന്‍ എന്റെ ജീവിതത്തില്‍ ഇത്രയും വിശ്വസ്തനായ ഒരു വിശ്വാസിയെ അതിനു മുമ്പോ ശേഷമോ കണ്ടിട്ടില്ല. ലക്ഷങ്ങള്‍ വിലയുള്ള മുത്തുമാല എന്നെ തിരിച്ചേല്‍പിച്ചു. അതിനു പകരം പാരിതോഷികം സ്വീകരിക്കാന്‍ അയാളുടെ ആത്മാര്‍ഥതയും ആത്മാഭിമാനവും അനുവദിച്ചതുമില്ല.
അയാള്‍ സങ്കടത്തോടെ പറയുമായിരുന്നു. 'ഞാന്‍ ഒരിക്കല്‍ കൂടി അയാളുമായി സന്ധിച്ചിരുന്നെങ്കില്‍... എന്റെ മകളെ അയാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുമായിരുന്നു...' അന്ത്യയാത്രക്ക് തൊട്ടുള്ള ദിനങ്ങളില്‍ അദ്ദേഹം താങ്കളെ ധാരാളം അനുസ്മരിക്കാറുണ്ടായിരുന്നു. ഇന്ന് ഞങ്ങള്‍ ഉറപ്പിക്കുന്നു, ആ മഹാനവര്‍കളുടെ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കിയെന്ന്. ജഗന്നിയന്താവായ അല്ലാഹുവിനോട് ഞാന്‍ അളവറ്റ നന്ദിയുള്ളവനാണ്. സന്തോഷാശ്രുക്കള്‍ പൊഴിച്ച് ഞാന്‍ അവനെ പ്രണമിച്ചു.
 
(മുഹമ്മദ് യൂസുഫ് ഇസ്ലാഹിയുടെ 'റോഷന്‍ സിതാരെ' എന്ന കൃതിയില്‍ നിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുര്‍റശീദ്, അന്തമാന്‍)
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (24-26)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗപ്രവേശവും സാമൂഹിക ദൗത്യങ്ങളും
അബ്ദുര്‍റശീദ് നദ്‌വി