Prabodhanm Weekly

Pages

Search

2021 ജൂണ്‍ 11

3205

1442 ശവ്വാല്‍ 30

ബശ്ശാറിന് ഹലേലുയ്യ പാടുന്നവര്‍

സിറിയയിലെ കശാപ്പുകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബശ്ശാറുല്‍ അസദ് യുദ്ധം ശിഥിലമാക്കുകയും 14 മില്യന്‍ ജനങ്ങള്‍ അഭയാര്‍ഥികളാവുകയും ചെയ്ത ആ നാടിന്റെ പ്രസിഡന്റായി നാലാമതും തെരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്തക്ക് മീഡിയ യാതൊരുവിധ പ്രാധാന്യവും നല്‍കുകയുണ്ടായില്ല. ഫലം എന്നേ നിശ്ചയിച്ചുറപ്പിച്ച തെരഞ്ഞെടുപ്പു നാടകം എന്നേ ഇതിനെക്കുറിച്ചൊക്കെ പറയാനാവൂ. പുറത്തു വന്ന ചില വീഡിയോ ക്ലിപ്പുകള്‍ വിശ്വസിക്കാമെങ്കില്‍ ബൂത്തിലെത്തുന്നവരുടെ പേരില്‍ വോട്ട് ചെയ്യുന്നതു വരെ ഗവണ്‍മെന്റ് നിശ്ചയിച്ച ഉദ്യോഗസ്ഥന്മാര്‍! ഈ സ്വയം പ്രഖ്യാപിത പ്രസിഡന്റ് ആരോടാണ് മത്സരിച്ചത് എന്ന് ചോദിച്ചാല്‍ അയാള്‍ തന്നെ നിശ്ചയിച്ചുകൊടുത്ത തന്റെ സ്വന്തം ശിങ്കിടികളോട്. അത്തരത്തില്‍ രണ്ടു പേരുണ്ടായിരുന്നു 'തെരഞ്ഞെടുപ്പ് ഗോദ'യില്‍. ഒരാളുടെ പേര് അബ്ദുല്ല സല്ലൂം അബ്ദുല്ല. ബശ്ശാറിന്റെ തന്നെ മന്ത്രിസഭയില്‍ മുന്‍ ഡപ്യൂട്ടി കാബിനറ്റ് മന്ത്രിയാണ്. മറ്റൊരാള്‍ അഹ് മദ് മര്‍രി എന്ന പേരുള്ള ബശ്ശാറിന്റെ സ്വന്തം ആള്‍. ഇതില്‍ ആദ്യത്തെയാള്‍ക്ക് 1.5 ശതമാനവും രണ്ടാമത്തെയാള്‍ക്ക് 3.3 ശതമാനവും വോട്ട് കിട്ടി എന്നാണ് ഔദ്യോഗിക പ്രഖ്യാപനം. 95.1 ശതമാനം വോട്ട് നേടി ബശ്ശാര്‍ ജയിച്ചതായും അറിയിക്കപ്പെട്ടു. ബശ്ശാര്‍ വേണ്ടെന്നു വെച്ചതു കൊണ്ട് മാത്രമാണ് പോള്‍ ചെയ്ത മുഴുവന്‍ വോട്ടുകളും അയാള്‍ക്ക് കിട്ടാതെ പോയത്.
ഇത്രക്ക് പരിഹാസ്യമായ തെരഞ്ഞെടുപ്പ് ആഭാസങ്ങള്‍ ഇപ്പോഴും അരങ്ങേറുന്നു എന്നത് പരിഷ്‌കൃത ലോകത്തിന് അപമാനമാണ്. പക്ഷേ തെരഞ്ഞെടുപ്പില്‍ 'തകര്‍പ്പന്‍' ജയം ജയിച്ച ബശ്ശാറിനെ അഭിനന്ദിക്കാന്‍ മേഖലയിലെ സ്വേഛാധിപതികളും ബശ്ശാറിനെ താങ്ങിനിര്‍ത്തുന്ന ഇറാനിലെയും റഷ്യയിലെയും ഏകാധിപതികളും തിക്കിത്തിരക്കി എന്നത് അതിനേക്കാള്‍ വലിയ അശ്ലീലമായി. ഇറാന്റെയും റഷ്യയുടെയും എല്ലാവിധത്തിലുമുള്ള സഹായമില്ലായിരുന്നെങ്കില്‍ ബശ്ശാറിന്റെ നിലനില്‍പ്പ് പോലും എന്നേ അപകടത്തിലാകുമായിരുന്നു. ഈ രണ്ട് കൂട്ടരുടെയും നിര്‍ലോഭമായ സൈനിക പിന്തുണ കൂടി ഉണ്ടായിട്ടും സിറിയയുടെ മൂന്നില്‍ രണ്ട് ഭാഗമേ ഇപ്പോഴും ബശ്ശാറിന്റെ നിയന്ത്രണത്തിലുള്ളൂ. നിയന്ത്രണമുള്ള പ്രദേശങ്ങളില്‍ തനിക്ക് അനഭിമതരായ ജനവിഭാഗങ്ങള്‍ക്കെതിരെ അതിക്രൂരമായ അതിക്രമങ്ങളാണ് ബശ്ശാര്‍ അഴിച്ചുവിട്ടത്. അറബ് വസന്തകാലത്ത് സിറിയയിലും അലയടിച്ച ജനകീയ പ്രക്ഷോഭങ്ങളെ അക്ഷരാര്‍ഥത്തില്‍ ചോരയില്‍ മുക്കിക്കൊല്ലുകയായിരുന്നു ബശ്ശാര്‍. അറബ് വസന്താനന്തരമുള്ള ഒരു പതിറ്റാണ്ടിനിടക്ക് പത്തു ലക്ഷം പേരെയെങ്കിലും ബശ്ശാര്‍ കൊന്നൊടുക്കിയിട്ടുണ്ടാകുമെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.
ഒരുകാലത്ത് ബശ്ശാറിനെ പുറത്താക്കിയേ അടങ്ങൂ എന്ന് വാശിപിടിച്ചിരുന്ന അമേരിക്കയും ഇസ്രയേലുമൊക്കെ ഇപ്പോള്‍ കളം മാറ്റി ചവിട്ടിയതും ഇത്തരം തെരഞ്ഞെടുപ്പാഭാസങ്ങള്‍ നടത്താന്‍ അയാള്‍ക്ക് പ്രേരണയായിട്ടുണ്ടാവാം. ബശ്ശാര്‍ പോയാല്‍ 'മതഭീകരവാദികള്‍' അധികാരത്തിലെത്തിയേക്കുമെന്നതിനാല്‍ ബശ്ശാര്‍ തന്നെ തുടരട്ടെ എന്നാണ് ഇപ്പോള്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും അപ്രഖ്യാപിത നിലപാട്. നമ്മുടെ നാട്ടിലെ ഇടതുപക്ഷക്കാര്‍ മുമ്പേതന്നെ ഈ സ്വേഛാധിപതിയുടെ ആരാധകരാണ്. കാരണം മേല്‍പ്പറഞ്ഞതു തന്നെ. പിന്നെ ബഅസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആളുമാണല്ലോ. എങ്കില്‍ പിന്നെ അയാള്‍ നടത്തുന്ന കൂട്ടക്കൊലകളും നെറികേടുകളും പൊറുക്കാവുന്നതല്ലേയുള്ളൂ. വലതുപക്ഷവും തീവ്ര വലതുപക്ഷവും ഇടതുപക്ഷവുമൊക്കെ ബശ്ശാറിനെ താങ്ങാന്‍ മത്സരിക്കുന്നതില്‍ നിന്നു തന്നെ ഇവരുടെയൊക്കെ  പൊതു ശത്രു ആരാണെന്ന് വ്യക്തമാവുന്നുണ്ട്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (24-26)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗപ്രവേശവും സാമൂഹിക ദൗത്യങ്ങളും
അബ്ദുര്‍റശീദ് നദ്‌വി