സ്‌കോളര്‍ഷിപ്പിന്റെ എണ്‍പതും ഇസ്‌ലാമോഫോബിയയുടെ നൂറും
'മുസ്ലിം സമുദായത്തെ വഷളായി ചിത്രീകരിക്കാനും അവര്‍ സമാധാന ഭഞ്ജകരും ഭീകരരുമാണെന്ന് വരുത്താനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും വ്യാപകമായി നടന്നു വരുന്നു. 1991 -നു ശേഷം ഇസ്ലാമോഫോബിയ എന്ന പേരില്‍ സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ വിളിക്കുന്ന പുതിയ പ്രതിഭാസത്തിന്റെ കേരളീയ പതിപ്പുകള്‍ നമുക്ക് കാണാം. സാമ്രാജ്യത്വ ശക്തികളുടെ കൈകള്‍ ഈ പ്രചാരണങ്ങള്‍ക്കു പിന്നില്‍ ശക്തമായി നിലകൊള്ളുന്നു. ആപല്‍ക്കരമായ ഈ പ്രചാരണത്തെ ചെറുക്കേണ്ടതുണ്ട്. മുസ്ലിം വിരുദ്ധമായ മാധ്യമ പ്രചാരണം തടയുന്നതിനുള്ള നടപടികള്‍ ആവശ്യമാണ്. വിദ്വേഷജനകമായ പ്രസംഗങ്ങള്‍, ലേഖനങ്ങള്‍ എന്നിവ തടയാന്‍ നിയമനിര്‍മാണം വഴി സാധിക്കണം. എല്ലാ മതവിഭാഗങ്ങള്‍ക്കും സംരക്ഷണം ലഭിക്കേണ്ടതുണ്ട്.'
2008-ല്‍ കേരളാ സര്‍ക്കാര്‍ അംഗീകരിച്ച പാലോളി മുഹമ്മദ് കുട്ടി ചെയര്‍മാനായ കമ്മിറ്റിയുടെ നിര്‍ദേശങ്ങളിലെ സാമൂഹിക സുരക്ഷിതത്വം എന്ന തലക്കെട്ടിനു താഴെയുള്ള എട്ടാമത്തെ ശിപാര്‍ശയാണ് മുകളില്‍ കൊടുത്തത്. വിധിവൈപരീത്യം എന്നൊക്കെ പറയും പോലെ 13 വര്‍ഷങ്ങള്‍ക്കു ശേഷം അതേ പാലോളിക്കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ കേരളത്തില്‍ ഇസ്ലാം വിരുദ്ധതയുടെ ആധാരമായിരിക്കുന്നു! സംഘ് പരിവാര്‍ തുടങ്ങുകയും ക്രിസ്ത്യന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുകയും കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി സാമൂഹിക ബന്ധങ്ങളെ വഷളാക്കുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട ക്രിസ്ത്യന്‍ ആരോപണങ്ങള്‍. സ്‌കോളര്‍ഷിപ്പുകളിലെ 80:20 എന്ന മുസ്ലിം, ക്രിസ്ത്യന്‍ അനുപാതം റദ്ദാക്കിയ മെയ് 28-ലെ കേരളാ ഹൈക്കോടതി വിധിയോടെ വിവാദം അടുത്ത തലത്തിലെത്തിയിരിക്കുകയാണ്.
നാള്‍വഴികളെ കുറിച്ചല്‍പം
മുസ്ലിം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥകളെ അഭിമുഖീകരിക്കാന്‍ പദ്ധതികളും പരിപാടികളും ആവിഷ്‌കരിക്കുന്നതിന് അവരുടെ സാമൂഹിക വിദ്യാഭ്യാസ സാമ്പത്തികാവസ്ഥകളെക്കുറിച്ച് ആധികാരിക വിവരങ്ങളുടെ കമ്മിയുണ്ട് എന്നതിനാലാണ് 2005 മാര്‍ച്ച് 9-ന് സച്ചാര്‍ കമ്മിറ്റി നിയമിതമാകുന്നത്. വളരെ ശ്രമകരമായ പഠനങ്ങള്‍ക്കു ശേഷം 2006 നവംബര്‍ 17-ന് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് സ്വാതന്ത്ര്യത്തിന്റെ അറുപത് വര്‍ഷത്തിനു ശേഷവുമുള്ള ഇന്ത്യന്‍ മുസ്ലിംകളുടെ ദൈന്യസ്ഥിതി വരച്ചുകാട്ടി. തങ്ങളുടെ പ്രാതിനിധ്യക്കമ്മിയെയും പിന്നാക്കാവസ്ഥയെയും കുറിച്ച് മുസ്ലിംകള്‍ പറയാറുണ്ടായിരുന്നെങ്കിലും ഇത്ര ഭീകരമാണ് സ്ഥിതികള്‍ എന്ന് റിപ്പോര്‍ട്ടിലൂടെയാണ് രാജ്യമറിയുന്നത്. ഈ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി സ്‌കോളര്‍ഷിപ്പുകള്‍, ഹോസ്റ്റലുകള്‍, മദ്‌റസാ വിദ്യാഭ്യാസ നവീകരണം, മുസ്ലിം കേന്ദ്രീകൃത ജില്ലകളില്‍ സവിശേഷ പദ്ധതികള്‍ തുടങ്ങിയ ബഹുമുഖ പരിപാടികള്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഈ ശിപാര്‍ശകള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി 2007 ഒക്‌ടോബര്‍ 15-ന് നിയമിച്ച കമ്മിറ്റിയാണ് പാലോളി കമ്മിറ്റി. അദ്ദേഹത്തിനു പുറമെ ടി.കെ ഹംസ, കെ.ഇ ഇസ്മാഈല്‍, കെ.ടി ജലീല്‍, ഒ. അബ്ദുര്‍റഹ്മാന്‍, ഡോ. ഫസല്‍ ഗഫൂര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, ടി.കെ വില്‍സണ്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, അഹമ്മദ് കുഞ്ഞി, എ.എ അസീസ് എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍.
2008 ഫെബ്രുവരി 21-ന് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും 6.5.2008-ലെ പൊതു ഭരണ വകുപ്പിന്റെ 148/08 ഉത്തരവ് പ്രകാരം സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു.
കമ്മിറ്റി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട പത്ത് പ്രശ്‌നങ്ങളെ പ്രത്യേകമായി ചൂണ്ടിക്കാണിച്ചിരുന്നു. ന്യൂനപക്ഷ വകുപ്പ്, ഇതിന് മുന്നോടിയായി സെക്രട്ടേറിയറ്റില്‍ ന്യൂനപക്ഷ സെല്‍, മദ്‌റസാധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും, മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയായിരുന്നു ഇതില്‍ മുഖ്യം. ഇവയില്‍ പെണ്‍കുട്ടികളുടെ സ്‌കോളര്‍ഷിപ്പ്, മദ്‌റസാധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും, മത്സര പരീക്ഷകള്‍ക്കുള്ള കോച്ചിംഗ് സെന്റര്‍ എന്നിവ ആരംഭിക്കുന്നതിനായി 16.8.2008-ല്‍ പൊതുഭരണ വകുപ്പിന്റെ 278/ 2008 ഉത്തരവ് ഇറങ്ങുകയുമുണ്ടായി.
മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുണ്ടാക്കിയ സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങളുടെ കേരളത്തിലെ നടപ്പിലാക്കലിന്റെ രീതിയും മുന്‍ഗണനയും നിശ്ചയിക്കാനായിരുന്നു പാലോളി കമ്മിറ്റി എന്നതിനാല്‍ അതിന്റെ ഗുണഭോക്താക്കള്‍ മുസ്ലിംകള്‍ മാത്രമായിരുന്നു. എന്നാല്‍ പദ്ധതികള്‍ നടപ്പാക്കപ്പെടുന്നത് ന്യൂനപക്ഷ സെല്ലിനു കീഴിലായതിനാല്‍ സ്‌കോളര്‍ഷിപ്പ്, കോച്ചിംഗ് സെന്റര്‍ എന്നിവയില്‍ പിന്നാക്കക്കാരായ മുസ്ലിമേതര ന്യൂനപക്ഷങ്ങളെക്കൂടി പങ്കാളികളാക്കണമെന്ന് ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ട എം.എല്‍.എമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ആകെ നല്‍കുന്ന സ്‌കോളര്‍ഷിപ്പ് / സ്റ്റൈപ്പന്റ് എന്നിവയുടെ 20 ശതമാനം ലത്തീന്‍ കത്തോലിക്കാ, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ 22.02.2011-ന് ഗവണ്‍മെന്റ് ഉത്തരവിറക്കി. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ്, സ്റ്റൈപ്പന്റ് എന്നിവയുടെ എണ്ണം യഥാക്രമം 5000, 2000 എന്നിവയായിത്തന്നെ തുടരും എന്നും ഉത്തരവ് പറഞ്ഞു. അതായത് മുസ്ലിം പെണ്‍കുട്ടികളുടെ എണ്ണം അതേപടി നിലനിര്‍ത്തി, അതിന്റെ 20 ശതമാനം എണ്ണം വേറെ തന്നെ പിന്നാക്ക ക്രിസ്ത്യാനികള്‍ക്ക് നല്‍കി. എന്നാല്‍ 8.05.2015-ന് ഇറക്കിയ 3426, 3427 നമ്പറുകളിലുള്ള ഉത്തരവുകളിലൂടെ ITC, CA തുടങ്ങിയ കോഴ്‌സുകളിലെ ഫീസ് റീ ഇമ്പേഴ്‌സ്‌മെന്റ് ആനുകൂല്യം മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ 80:20 അനുപാതത്തില്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് പ്രഖ്യാപിക്കപ്പെട്ട ന്യൂനപക്ഷ വകുപ്പിനു കീഴിലെ മറ്റു സ്‌കോളര്‍ഷിപ്പുകളിലും ഈ അനുപാതം തന്നെ തുടര്‍ന്നു വരികയായിരുന്നു. 2021 മെയ് 21-ന്റെ വിധിയിലൂടെ കേരളാ ഹൈക്കോടതി 6.5.2008, 22.02.2011, 8.5.2015 എന്നീ തീയതികളിലെ ഉത്തരവുകളെ റദ്ദാക്കി 80:20 വിഭജനം ഭരണഘടനാ വിരുദ്ധമാണെന്നും അതിനാല്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പുകള്‍ വ്യത്യസ്ത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ജനസംഖ്യാനുപാതികമായി വിഭജിക്കണമെന്നും ഉത്തരവിറക്കിയിരിക്കുന്നു.
ആവര്‍ത്തിച്ച നുണകള്‍; നിഷേധിക്കപ്പെട്ട നീതി
സംഭവങ്ങളുടെ ക്രമം ഇങ്ങനെയാണ്: മുസ്ലിം പിന്നാക്കാവസ്ഥ പഠിക്കാന്‍ സച്ചാര്‍ കമ്മിറ്റിയും അതിന്റെ കേരളത്തിലെ നടപ്പാക്കല്‍ നിര്‍ണയിക്കാന്‍ പാലോളി കമ്മിറ്റിയും വരുന്നു; ഇതിനനുസൃതമായി 2008 മുതല്‍ 2011 വരെ മുസ്ലിംകള്‍ക്ക് മാത്രം ആനുകൂല്യം നല്‍കുന്നു; 2011-ല്‍ മുസ്ലിം സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം കുറക്കാതെ പിന്നാക്ക ക്രിസ്ത്യാനികള്‍ക്ക് 20 ശതമാനം വിഹിതം നല്‍കുന്നു; 2015 -ലെത്തുമ്പോള്‍ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ 80:20 അനുപാതത്തില്‍ മുസ്ലിം - ക്രിസ്ത്യന്‍ വിഭജനം നടത്തുന്നു; അതോടെ മുന്നാക്ക ക്രിസ്ത്യാനികള്‍ കൂടി 20 ശതമാനത്തില്‍ പങ്കാളിയാകുന്നു; തുടര്‍ന്ന്, ഇത് ന്യൂനപക്ഷ പദ്ധതിയാണെന്നും അതിനാല്‍ ജനസംഖ്യാനുപാതികമായി വിഭജിക്കണമെന്നുമുള്ള നരേറ്റീവ് സംഘ് പരിവാര്‍ പിന്തുണയോടെ സൃഷ്ടിക്കുന്നു; ന്യൂനപക്ഷ വകുപ്പിനെതിരില്‍ നടന്ന നുണ പ്രചാരണങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നു; അവസാനം കോടതി വിധി വരുന്നു.
സംസ്‌കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധത്തിലുള്ള വംശവെറി നിറഞ്ഞ നുണ പ്രചാരണത്തിലൂടെയാണ് ഇവ്വിധമൊരു കോടതിവിധി സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വെബ്‌സൈറ്റിലൂടെ ചെറുതായൊന്ന് കണ്ണോടിച്ചാല്‍ തന്നെ, വസ്തുതകള്‍ക്കു വിരുദ്ധമായ കാര്യങ്ങള്‍ പരമസത്യം കണക്കെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായി പ്രചരിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കാം. വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നില്‍ നില്‍ക്കുന്ന ക്രിസ്ത്യന്‍ സമൂഹത്തിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പെരും നുണകള്‍ തടസ്സങ്ങളില്ലാതെ പെയ്തിറങ്ങി. ന്യൂനപക്ഷ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം മുസ്ലിം വിദ്വേഷം വമിപ്പിക്കുന്ന നുണപ്രചാരണങ്ങള്‍ പരസ്യമായി നടത്തി. ഇവയുടെ കുത്തൊഴുക്കില്‍ പെട്ട് ബഹുമാന്യ സഭാ പിതാക്കന്മാര്‍ പോലും ദൗര്‍ഭാഗ്യകരമായ പ്രചാരണങ്ങളില്‍ പങ്കാളികളായി. ഉത്തരവാദപ്പെട്ട സഭാ സമിതികള്‍ക്കു പുറമെ പെരുന്തോട്ടം പിതാവ്, സേവ്യര്‍ ഖാന്‍, പുത്തന്‍പുരയ്ക്കലച്ചന്‍ എന്നിവരൊക്കെ മദ്‌റസാ ക്ഷേമനിധിയും ലൗ ജിഹാദും ഒക്കെ കത്തിച്ച് മുസ്ലിം വിരുദ്ധ പ്രചാരണത്തിന്റെ മുന്നില്‍ നിന്നത് സങ്കടത്തോടെയും ഞെട്ടലോടെയുമാണ് മുസ്ലിം സമൂഹം കണ്ടത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ന്യൂനപക്ഷ വകുപ്പ് സംബന്ധിച്ച ക്രിസ്ത്യന്‍ പരാതികള്‍ ചര്‍ച്ചയായ ഒരു ടി.വി. പരിപാടിയില്‍, വസ്തുതകള്‍ നിരത്തി ആരോപണങ്ങള്‍ ശരിയല്ലെന്ന് പറഞ്ഞപ്പോള്‍, കാര്യമൊക്കെ താങ്കള്‍ പറഞ്ഞതു പോലെയാണെങ്കിലും അങ്ങനെയൊരു തോന്നല്‍ നിലനില്‍ക്കുന്നു എന്നാണ് സാമൂഹിക നിരീക്ഷകനായ അഡ്വ. ജയശങ്കര്‍ പറഞ്ഞത്. നവോത്ഥാന മൂല്യങ്ങളെ കുറിച്ച് അഭിമാനം കൊള്ളുന്ന കേരളത്തിന് മുസ്ലിംകളെ കുറിച്ചാവുമ്പോള്‍ യാഥാര്‍ഥ്യങ്ങളേക്കാള്‍ അടിസ്ഥാനരഹിത തോന്നലുകളാണ് പഥ്യം എന്നു തന്നെയാണ് ഇപ്പറഞ്ഞതിനര്‍ഥം.
ഇടത് സര്‍ക്കാറിന്റെ ദുരൂഹ മൗനം
മുസ്ലിം സമൂഹം ന്യൂനപക്ഷ വകുപ്പിന്റെ പദ്ധതികള്‍ വഴി പൊതു ഖജനാവ് അടിച്ചുമാറ്റുന്നു എന്ന നുണ സാമൂഹിക ബന്ധങ്ങളെ വഷളാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ അതിന് ഉത്തരം നല്‍കേണ്ടത് സര്‍ക്കാറായിരുന്നു. പക്ഷേ സര്‍ക്കാറിനു പകരം മുസ്ലിം സമുദായമായിരുന്നു മറുപടികള്‍ നല്‍കിക്കൊണ്ടിരുന്നത്. അതേറ്റെടുക്കാന്‍ മുസ്ലിം സമൂഹത്തിന് പുറത്ത് ഒരാളുമുണ്ടായുമില്ല. അതേസമയം സ്ഥിതിഗതികള്‍ വഷളാവും മുമ്പ് സത്യാവസ്ഥ ഒന്ന് പറയൂ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി പിണറായിയോ വകുപ്പ് കൈകാര്യം ചെയ്ത കെ.ടി ജലീലോ ഒരക്ഷരം മിണ്ടിയില്ല. കിട്ടാവുന്നേടത്തോളം ക്രിസ്ത്യന്‍ വോട്ടുകള്‍ ഇങ്ങ് പോരട്ടെ എന്ന രാഷ്ട്രീയക്കണ്ണ് മാത്രമായിരുന്നു അതിനു കാരണം. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അതിന്റെ ഗുണഫലം സി.പി.എം മുന്നണിക്ക് കിട്ടുകയും ചെയ്തു. മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ മുഖ്യമന്ത്രിയും 'സത്യധാര'യിലെ ഇന്റര്‍വ്യൂവില്‍ കെ.ടി ജലീലും സമുദായം ഒന്നും അന്യായമായി നേടിയിട്ടില്ലെന്ന് പറഞ്ഞുവെങ്കിലും, പക്ഷേ ഒരിക്കലും പൊതു സമൂഹത്തിന് മുന്നില്‍ വന്ന് അവരീ സത്യം പറഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പും സ്ഥാന വിഭജനങ്ങളുമൊക്കെ കഴിഞ്ഞ് വിശദീകരണവുമായി ഇപ്പോള്‍ മുന്‍ മന്ത്രി രംഗത്തു വന്നിരിക്കുന്നു. ന്യൂനപക്ഷ വകുപ്പ് കെ.ടി ജലീലിനു കീഴില്‍ മുസ്ലിം ന്യൂനപക്ഷ വകുപ്പായിരിക്കുന്നു എന്ന് ആക്ഷേപിക്കപ്പെട്ടപ്പോള്‍ ഒരു ദുര്‍ബല പ്രതിരോധം പോലും ജലീലില്‍നിന്നോ പിണറായിയില്‍നിന്നോ പാര്‍ട്ടിയില്‍നിന്നോ ഉണ്ടായില്ല. ഫലമോ, പൊതുഫണ്ട് അടിച്ചുമാറ്റുന്ന കുതന്ത്രക്കാരെന്ന നിലയില്‍ പൊതു സമൂഹത്തിന്റെ മുമ്പില്‍ മുസ്ലിം സമൂഹത്തിന്റെ അഭിമാനം ക്ഷതപ്പെട്ടു.
പ്രതിപക്ഷത്തു നിന്നും വിഷയത്തില്‍ ഗവണ്‍മെന്റിനു മേല്‍ ഒരു സമ്മര്‍ദവും ഉണ്ടായില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് ക്രിസ്ത്യന്‍ വോട്ട് ബാങ്കിനെയോര്‍ത്ത് മൗനം പാലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ മുസ്ലിം ലീഗും ക്രിസ്ത്യന്‍ സമൂഹത്തിന്റെ പരാതികള്‍ പരിഹരിക്കും എന്ന വഴുവഴുക്കന്‍ നിലപാടാണെടുത്തത്.
പേര് വിളിക്കാന്‍ മടിക്കുന്ന മുസ്ലിം പ്രശ്‌നം
മുസ്ലിം പ്രശ്‌നത്തെ അതായിത്തന്നെ വിളിക്കാന്‍ ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തിനുള്ള മടിയുടെയും പ്രയാസത്തിന്റെയും സൃഷ്ടിയാണ് കോടതിവിധിയോടെ സങ്കീര്‍ണമായി നില്‍ക്കുന്ന ഈ പ്രശ്‌നം. മുസ്ലിമെന്നതിനെ ന്യൂനപക്ഷമെന്ന് വിളിച്ച് പദ്ധതിയുടെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുന്നത് പദ്ധതി നടപ്പാക്കലിന്റെ ഘട്ടത്തില്‍ കേന്ദ്രത്തില്‍ നിന്നു തന്നെ ആരംഭിച്ചിരുന്നു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുസ്ലിംകള്‍ക്ക് എന്ന് പറഞ്ഞു നല്‍കിയ ശിപാര്‍ശകളൊക്കെ, നടപ്പിലാക്കല്‍ ഘട്ടത്തിലെത്തിയപ്പോള്‍ ന്യൂനപക്ഷ പദ്ധതികളായി. സച്ചാര്‍ നിര്‍ദേശങ്ങളുടെയും അതുപ്രകാരം പുനഃക്രമീകരിക്കപ്പെട്ട പ്രധാനമന്ത്രിയുടെ 15 ഇന പദ്ധതിയുടെയും അടിസ്ഥാനത്തിലാണ് പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീന്‍സ് തുടങ്ങിയ സ്‌കോളര്‍ഷിപ്പുകളും മൗലാനാ ആസാദ് നാഷ്‌നല്‍ ഫെലോഷിപ്പും ഉണ്ടാകുന്നത്. പക്ഷേ, പദ്ധതിയുടെ നടപ്പിലാക്കല്‍ ഘട്ടത്തില്‍ മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുണ്ടാക്കിയ ഓരോ പദ്ധതിയും ന്യൂനപക്ഷ പദ്ധതികളാക്കി മാറ്റി ഓരോ സംസ്ഥാനത്തെയും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായി വിഭജിച്ചു. അങ്ങനെയാണ് പട്ടിക ജാതിക്കാരേക്കാള്‍ ഏറെ പിന്നില്‍ നില്‍ക്കുന്നു എന്ന് സച്ചാര്‍ കണ്ടെത്തിയ മുസ്ലിംകളോടൊപ്പം, വിദ്യാഭ്യാസപരമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ക്രിസ്ത്യന്‍ സമുദായം ആനുപാതികമായി ആനുകൂല്യം നേടിയത്. ഇതിലെ അര്‍ഥശൂന്യതയും പൊതുഫണ്ടിന്റെ ദുരുപയോഗവും സൂചിപ്പിച്ച് Muslims by any other name എന്ന പേരില്‍ 2011-ല്‍ തന്നെ ദേശീയ ഉപദേശക സമിതി അംഗമായിരുന്ന സബാ നഖ് വി 'ദ ഹിന്ദു' പത്രത്തില്‍ ഒരു ലേഖനമെഴുതിയിരുന്നു.
കേരളത്തില്‍ വളരെ വ്യക്തമായി മുസ്ലിംകള്‍ക്കു വേണ്ടി എന്നു പറഞ്ഞ് ശിപാര്‍ശ ചെയ്യപ്പെട്ട പദ്ധതികളെ പലപ്പോഴും ന്യൂനപക്ഷ പദ്ധതി എന്ന് വിളിച്ചത് മറയാക്കിയാണ് മറ്റു സമൂഹങ്ങള്‍ ഗുണഭോക്തൃ ലിസ്റ്റില്‍ കയറിപ്പറ്റിയത്. ലത്തീന്‍ കത്തോലിക്കരും പരിവര്‍ത്തിതരും പിന്നാക്ക സമൂഹങ്ങളാണെന്നത് യാഥാര്‍ഥ്യമാണെങ്കിലും അവര്‍ക്ക് വേണ്ട ക്ഷേമ പദ്ധതികള്‍ സച്ചാര്‍ -പാലോളിയാനന്തര നടപടികളിലായിരുന്നില്ല വേണ്ടത്. മാത്രമല്ല, 2015-ലെ ഉത്തരവില്‍ ന്യൂനപക്ഷങ്ങള്‍ എന്ന് പൊതുവായിപ്പറഞ്ഞതോടെ മുന്നാക്ക ക്രിസ്ത്യാനികള്‍ കൂടി 20 ശതമാനത്തിന്റെ അവകാശികളാവുകയും പദ്ധതിലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുകയും ചെയ്തു.
പാലോളിക്കമ്മിറ്റി പ്രത്യേകമായിത്തന്നെ മുസ്ലിം പിന്നാക്കാവസ്ഥക്ക് പരിഹാരം നിര്‍ദേശിക്കാനുള്ളതാണെന്നും ന്യൂനപക്ഷങ്ങള്‍ക്ക് പൊതുവിലുള്ളതല്ലെന്നും അതിന്റെ ആദ്യ സിറ്റിംഗില്‍ തന്നെ പാലോളി കമ്മിറ്റി അംഗമായിരുന്ന കെ.ഇ ഇസ്മാഈലിന്റെ സംശയത്തിന് മറുപടിയായി പറഞ്ഞിരുന്നതായി കമ്മിറ്റിയംഗമായിരുന്ന ഒ. അബ്ദുര്‍റഹ്മാനും ഡോ. ഫസല്‍ ഗഫൂറും പ്രസ്താവിച്ചിട്ടുണ്ട്. മാത്രമല്ല, അടിയന്തരമായി ചെയ്യേണ്ട പത്തോളം ഭരണനടപടികള്‍ നിര്‍ദേശിച്ച ശേഷം പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: 'ജ. രജീന്ദര്‍ സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ കേരളത്തിലെ സാഹചര്യങ്ങളില്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച് മേല്‍ സൂചിപ്പിച്ച നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതു വഴി കേരളത്തിലെ പിന്നാക്ക-ന്യൂനപക്ഷ മുസ്ലിം ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങളില്‍ ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കമ്മിറ്റി പ്രതീക്ഷിക്കുന്നു.' ഇപ്രകാരം കൃത്യമായും മുസ്ലിം ന്യൂനപക്ഷത്തിനു വേണ്ടി ആവിഷ്‌കരിക്കപ്പെട്ട പദ്ധതിയാണ് ന്യൂനപക്ഷങ്ങള്‍ക്ക് പൊതുവായുള്ള പദ്ധതിയായി മാറുന്നതും അത് അവകാശനിഷേധ ഹേതുകമാവുന്നതും.
പ്രശ്‌നത്തെ സങ്കീര്‍ണമാക്കുന്ന കോടതിവിധി
കോടതിവിധി നിരവധി പുതിയ സങ്കീര്‍ണ പ്രശ്‌നങ്ങളുയര്‍ത്തുന്നുണ്ട്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സവിശേഷമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാനത്തിന് പറ്റുമെങ്കിലും ന്യൂനപക്ഷത്തിനുള്ള പദ്ധതികളില്‍ വിവേചനം പാടില്ല എന്നതാണ് കോടതിവിധിയുടെ അടിസ്ഥാനം.
ശരിക്കും ഈ പദ്ധതികള്‍ ന്യൂനപക്ഷത്തിനുള്ളതായിരുന്നില്ലെന്നും മുസ്ലിംകള്‍ക്ക് മാത്രമുള്ളതാണെന്നതുമാണ് അടിസ്ഥാന വിഷയം.
പാലോളി റിപ്പോര്‍ട്ടിന്റെ ഭരണ നടപടികള്‍ എന്ന ഒമ്പതാം ഖണ്ഡികയിലെ ഒന്നും രണ്ടും പോയന്റുകള്‍ വായിച്ചാല്‍ അത് വ്യക്തമാകും. സംസ്ഥാനത്ത് ഒരു ന്യൂനപക്ഷ വകുപ്പിന് രൂപം നല്‍കുമെന്ന് പറയുന്ന ഒന്നാം വകുപ്പിന് ശേഷം രണ്ടാമത്തേതില്‍ പറയുന്നത് ഇങ്ങനെയാണ്: 'മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട അടിയന്തര നടപടികളുടെ ഭാഗമായി വകുപ്പ് രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ന്യൂനപക്ഷ സെല്‍ രൂപീകരിക്കുക.'
മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനായി എന്ന് പ്രത്യേകം പറഞ്ഞ് ഇപ്രകാരം രൂപം കൊടുത്ത ന്യൂനപക്ഷ സെല്ലാണ് ഇപ്പോള്‍ കോടതി റദ്ദാക്കിയ 2008-ലെ പ്രധാനമായ ഉത്തരവിറക്കിയിരിക്കുന്നത് എന്നിരിക്കെ പദ്ധതികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായി വീതം വെക്കേണ്ടതാണെന്ന് കോടതി പറയുന്നതെങ്ങനെ? ഈ വിഷയം വേണ്ട രീതിയില്‍ കോടതി മുമ്പാകെ ധരിപ്പിക്കപ്പെട്ടില്ലെന്നാണോ?
രസകരമായ വസ്തുത, നേരത്തേ മറ്റു പല വകുപ്പുകളുടെ കീഴില്‍ ഒരു പിന്നാക്ക സമുദായമെന്ന രീതിയില്‍ മുസ്ലിംകള്‍ അനുഭവിച്ചുകൊണ്ടിരുന്ന പല പദ്ധതികളും പാലോളി ശിപാര്‍ശയെ തുടര്‍ന്ന് ഫലപ്രദമായ നടപടികള്‍ക്കായി ന്യൂനപക്ഷ വകുപ്പിനു കീഴില്‍ കൊണ്ടുവന്ന് ഏകീകരിക്കുകയായിരുന്നു. നടപടികളുടെ കാലതാമസം ഒഴിവാക്കാനാണിത് എന്നു പറഞ്ഞ് സദുദ്ദേശ്യത്തില്‍ കൊണ്ടുവന്ന ഈ മാറ്റം ഇപ്പോള്‍ മുസ്ലിം സമൂഹത്തിന് കെണിയായി മാറിയിരിക്കുകയാണ്.
ഇനി, ജനസംഖ്യാനുപാതിക വിതരണം വേണം എന്നതാണ് ന്യായമെങ്കില്‍ അത് ന്യൂനപക്ഷ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പില്‍ മാത്രം മതിയാവുന്നതെങ്ങനെ? കോടതിവിധിയുടെ സ്പിരിറ്റ് അനുസരിച്ച്, ജാതി, സമുദായം തിരിച്ച് വ്യത്യസ്ത വകുപ്പുകള്‍ക്കു കീഴില്‍ നല്‍കപ്പെടുന്ന മുഴുവന്‍ ക്ഷേമ പദ്ധതികളും ഗുണഭോക്തൃ ജാതി സമുദായങ്ങളുടെ ജനസംഖ്യാ പ്രാതിനിധ്യത്തിനനുസരിച്ച് വിതരണം ചെയ്യപ്പെടേണ്ടതാണ്. അതിന് വേണ്ട പഠനം നടത്തി കണക്കുകള്‍ പുറത്തു വിടുകയും സുതാര്യമാക്കുകയും വേണം.
അടുത്തതായി, 'സമുന്നതി'ക്കു കീഴില്‍ മുന്നാക്ക ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന കോടികളുടെ പദ്ധതികളുണ്ട്. അതിന് സമാനമായി മുസ്ലിംകള്‍ക്കും ജനസംഖ്യാനുപാതികമായ പദ്ധതികള്‍ നടപ്പിലാക്കണ്ടേ?
മതപരിവര്‍ത്തിതര്‍ക്ക് ആനുകൂല്യമെന്നത് കേരളത്തിലെ ക്രൈസ്തവ സമൂഹം മാത്രം പതിറ്റാണ്ടുകളായി അനുഭവിക്കുന്ന കോടികളുടെ ആനുകൂല്യമാണ്. സമാനമായ രീതിയില്‍ പട്ടിക വിഭാഗങ്ങളില്‍ നിന്ന് പരിവര്‍ത്തിതരായ മുസ്ലിംകള്‍ക്കും പദ്ധതികള്‍ വേണ്ടതില്ലേ? ഇത് രംഗനാഥ മിശ്ര കമീഷന്‍ ശിപാര്‍ശ ചെയ്തിട്ടുള്ളതുമാണ്. ഇസ്ലാമില്‍ ജാതിയില്ലല്ലോ എന്ന ചോദ്യമൊന്നും വേണ്ട. മുസ്ലിം പിന്നാക്കാവസ്ഥക്കുള്ളില്‍ തന്നെ അശ്‌റഫ് - അജ്‌ലഫ് വ്യത്യാസമുണ്ടെന്ന് സച്ചാര്‍ കമ്മിറ്റി തന്നെ പറഞ്ഞിട്ടുള്ളതാണ്.
ഇവയേക്കാളൊക്കെ അതിഗുരുതര പ്രശ്‌നം മറ്റൊന്നാണ്. സ്‌കോളര്‍ഷിപ്പുകളിലെ 80:20 അനുപാതം കോടതി റദ്ദാക്കി എന്ന് മാത്രമാണ് വിധിയെ പറ്റി പൊതുവെ മനസ്സിലാക്കപ്പെട്ടത്. ഇത് ശരിയല്ല. കോടതി റദ്ദാക്കിയ മൂന്ന് ഉത്തരവുകളില്‍ ഒന്ന് 16.8.2008-നുള്ള പൊതുഭരണ (ന്യൂനപക്ഷ സെല്‍) വകുപ്പിന്റെ 278/2008 ഉത്തരവാണ്. സ്‌കോളര്‍ഷിപ്പ്, കോച്ചിംഗ് സെന്റര്‍, മദ്‌റസാധ്യാപക ക്ഷേമനിധിയും സ്‌കോളര്‍ഷിപ്പും തുടങ്ങിയ പാലോളി കമ്മിറ്റിയെ തുടര്‍ന്ന് ഇപ്പോഴും നടപ്പിലുള്ള പദ്ധതികളുടെയും അടിസ്ഥാനം ഈ ഉത്തരവാണ്. അത് റദ്ദാക്കുന്നതോടെ ന്യൂനപക്ഷ വകുപ്പ് ഇപ്പോള്‍ നടത്തിവരുന്ന മദ്‌റസാ ക്ഷേമ നിധിയടക്കമുള്ള എല്ലാ പദ്ധതികളും റദ്ദാക്കിയിരിക്കുന്നു എന്നര്‍ഥം.
ചെയ്യാനുള്ളത് സര്‍ക്കാറിനു തന്നെ
മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്ത ന്യൂനപക്ഷ വകുപ്പ് തന്നെയാണ് ഇതിന് പരിഹാരം ചെയ്യേണ്ടത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളം മൗനം പാലിച്ച് പ്രശ്‌നം ഇത്രയും വഷളാക്കിയതില്‍ സര്‍ക്കാറിന് പങ്കുണ്ട്. ആ തെറ്റ് ഇനിയെങ്കിലും തിരുത്തിയേ പറ്റൂ. മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തത് മുസ്ലിം സമുദായം ആ വകുപ്പ് നീതിയുക്തമായി കൈകാര്യം ചെയ്തില്ല എന്ന ആരോപണത്തിന് കിട്ടിയ പൊതു അംഗീകാരമാണെന്ന വിഷമം സമുദായത്തിനുണ്ട്. അപ്പോഴും നുണ പ്രചാരണങ്ങളുടെ സത്യാവസ്ഥ ഇനിയെങ്കിലും പുറത്തു വരുമല്ലോ എന്ന സമാധാനത്തിലാണ് ആ ഏറ്റെടുക്കലിനെ മുസ്ലിം സംഘടനകള്‍ സ്വാഗതം ചെയ്തത്. ഇപ്പോള്‍ കോടതി വിധിയുടെ പശ്ചാത്തലത്തിലും മുസ്ലിം സമുദായത്തിന്റെ വിശ്വാസം തനിക്കുണ്ടെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി നീതിപൂര്‍വം പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്ന് അവര്‍ കരുതുന്നു. പുതിയ അക്കാദമിക വര്‍ഷം തുടങ്ങിക്കഴിഞ്ഞു. സ്‌കോളര്‍ഷിപ്പുകളുടെയും സ്‌റ്റൈപ്പന്റുകളുടെയും വിതരണവും മദ്‌റസാധ്യാപക ക്ഷേമനിധിയുടെ വിതരണവും മുടങ്ങാതിരിക്കണമെങ്കില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടേ പറ്റൂ.
ഇവയൊന്നും കൂടാതെ, ഗവണ്‍മെന്റിന് ചെയ്യാവുന്ന ഒരു കാര്യം മുഴുവന്‍ സ്‌കോളര്‍ഷിപ്പുകളും ഒരൊറ്റ കുടക്കീഴില്‍ കൊണ്ടു വന്ന് മുന്‍ഗണനാ വിഭാഗങ്ങളെ പരിഗണിച്ചു തന്നെ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാന്‍ നിയമനിര്‍മാണം നടത്തുക എന്നതാണ്. കേന്ദ്രത്തില്‍ വ്യത്യസ്ത മന്ത്രാലയങ്ങള്‍ക്കു കീഴിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ നാഷ്‌നല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിനു(NSP) കീഴില്‍ ഏകോപിപ്പിച്ച് വിതരണം ചെയ്യുന്നതു വഴി കൂടുതല്‍ സുതാര്യതയുണ്ടെന്നാണ് കേന്ദ്ര ഗവണ്‍മെന്റ് പറയുന്നത്. കേരളത്തിലും അത് ചെയ്യാന്‍ സര്‍ക്കാറിന് എന്താണ് തടസ്സം?
മുസ്ലിം സമുദായം ചെയ്യേണ്ടത്
കൃത്യമായി മുസ്ലിം സമൂഹത്തിനു വേണ്ടി മാത്രമായി ഉദ്ദേശിക്കപ്പെട്ട പദ്ധതികളില്‍ മറ്റുള്ളവര്‍ക്ക് വിഹിതം നല്‍കിയപ്പോള്‍ അന്യായമാണെന്ന് പറയുന്നതിനു പകരം, ക്ഷേമപദ്ധതികള്‍ മുസ്ലിംകള്‍ക്കായി നടപ്പിലാക്കാനുള്ള ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രയാസമായി മനസ്സിലാക്കി തൃപ്തരാവുകയാണ് മുസ്ലിംകള്‍ ചെയ്തത്. ഇത് തെറ്റായിപ്പോയി എന്നൊരു വിചാരം ഇപ്പോള്‍ സമുദായത്തിലുണ്ടാവാം. അങ്ങനെ കരുതേണ്ടതില്ല. പങ്കുവെപ്പിന്റെ അടിസ്ഥാന ഭാവം സ്വായത്തമാക്കിയും ഒരു സമൂഹത്തിന്റെ നല്ല മനസ്സിന്റെ അടയാളമാണത്. അതേസമയം, ഭാവിയില്‍ വൈകാരികതക്കപ്പുറം ഇത്തരം വിട്ടുവീഴ്ചകളുടെ രാഷ്ട്രീയ ശരികളെ കുറിച്ച ആലോചനകള്‍ക്ക് കൂടി ഈ അനുഭവം വഴി വെക്കണം.
ഇപ്പോള്‍ കോടതി പറയുന്നത് ന്യൂനപക്ഷാവകാശങ്ങളില്‍ വിവേചനം പാടില്ലെന്നാണ്. ന്യൂനപക്ഷം എന്ന നിലയിലായിരുന്നില്ല, ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സാമൂഹിക - മത വിഭാഗം (Socio - Religious Community) എന്ന നിലയിലാണ് സച്ചാറിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം മുസ്ലിംകള്‍ക്ക് പദ്ധതികള്‍ വന്നത് എന്ന് പറയാനും അത് നടപ്പിലാക്കിക്കാനും കഴിയാതെ പോയതിനാല്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മുസ്ലിംകളുടെ വിഹിതം ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ക്രിസ്ത്യന്‍ വിഭാഗവുമായി പങ്കു വെക്കുന്ന നില വന്നു. ഇപ്പോള്‍ അത് ജനസംഖ്യാനുപാതികമായി പങ്കു വെക്കണമെന്നുമായി. അതിനാല്‍ മുസ്ലിം പ്രശ്‌നങ്ങളെ അതായിത്തന്നെ കണ്ട് അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള രാഷ്ട്രീയ ഇഛാശക്തി മുസ്ലിംകള്‍ കാണിക്കണം. മറ്റുള്ളവരുടെ അവകാശങ്ങളെ കവരാതെ, അവരെ ഉള്‍ക്കൊണ്ടു തന്നെ പ്രശ്‌നങ്ങളുയര്‍ത്താനുള്ള കഴിവ് മുസ്ലിം സമൂഹത്തിന്റെ സാംസ്‌കാരിക പരിസരത്ത് എപ്പോഴുമുളളതാണ്. അതിനെ പുതിയ സാഹചര്യത്തില്‍ ഉപയോഗപ്പെടുത്താനുള്ള പ്രത്യുല്‍പന്നമതിത്വമാണ് സമുദായ നേതൃത്വത്തില്‍നിന്നും പ്രതീക്ഷിക്കുന്നത്.
കോടതിവിധി ഒരാശ്വസമായ, വെറും 13 കോടി രൂപയുടെ കാര്യത്തിന് എന്തിന് വെറുതെ അടി കൂടണം എന്ന് വിചാരിക്കുന്ന ചിലരുണ്ട്. ഇത് കേവലം കുറച്ച് സംഖ്യയുടെ പ്രശ്‌നമല്ലെന്നും ഒരു പിന്നാക്ക വിഭാഗത്തിന് വെച്ച വിഹിതത്തില്‍ നിന്ന് യാദൃഛികമായി കിട്ടിയ ഒരു കൂട്ടര്‍, നുണകള്‍ പറഞ്ഞ് കൂടുതല്‍ അവകാശത്തിനു വേണ്ടി ബഹളം വെച്ച് നേടിയെടുക്കുന്നതിലടങ്ങിയ അവകാശനിഷേധത്തിന്റെ പ്രശ്‌നമാണിതെന്നും മനസ്സിലാക്കേണ്ടതുണ്ട്. ഇനി ഇതുകൊണ്ട് പ്രശ്‌നം പരിഹരിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി; ലൗ ജിഹാദ് പോലുള്ള കൂടിയ ഇനങ്ങള്‍ വരാനിരിക്കുന്നേയുള്ളൂ.
മോദിയുടെ രണ്ടാം വരവോടെ പറ്റിയ അവസരമെന്നു കണ്ട് മുസ്ലിംകളുടെ സാമൂഹികാവകാശങ്ങളെ നിഷേധിക്കാനിറങ്ങിയവരോടാണ് സമരം ചെയ്യാനുള്ളത്. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഓഫീസുകളെയും നിയമവാഴ്ചാ സംവിധാനങ്ങളെയുമൊക്കെ വരിഞ്ഞു നില്‍ക്കുന്ന വംശീയ മുന്‍വിധികളുള്ള ഉദ്യോഗസ്ഥ സന്നാഹത്തിന്റെ പിന്തുണ കൂടി അവര്‍ക്കുണ്ട്. അതിനാല്‍, മുഖ്യമന്ത്രിയുടെ ഭരണപാടവത്തെ സംബന്ധിച്ച പ്രതീക്ഷയില്‍ മാത്രം മുന്നോട്ട് പോകാന്‍ പറ്റുന്ന സാഹചര്യമല്ല ഉള്ളത്.
ഔദാര്യമായി ഒന്നും വേണ്ട എന്നതോടൊപ്പം തന്നെ, സാമൂഹിക വിഭവങ്ങളുടെ വിതരണം പ്രചാരണത്തിന്റെയും തോന്നലുകളുടെയും അടിസ്ഥാനത്തിലല്ല വിതരണം ചെയ്യേണ്ടത് എന്നത് ഒരു നിലപാടായി ഉയര്‍ത്തണം. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനായുള്ള ശ്രമങ്ങളെ ബഹളം കൂട്ടി തോല്‍പിക്കുന്നത് ഇതാദ്യമല്ല. മുമ്പ് ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാമിലെ സ്‌കൂളുകളുടെ വിഷയത്തിലും ഇന്ദിരാ ആവാസ് യോജനയുടെ പദ്ധതിയിലുമൊക്കെ ഇത് നാം കണ്ടതാണ്. ഇനിയും അത് തുടര്‍ന്നേക്കും. അതിനാല്‍, കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ വിഭാഗത്തിനുമുള്ള പങ്കാളിത്തം പഠിച്ചതിനു ശേഷം അതിലെ ഓരോരുത്തരുടെയും വിഹിതങ്ങള്‍ പുനര്‍നിര്‍ണയിക്കാന്‍ സമുദായത്തിന്റെ ഭാഗത്തു നിന്ന് രാഷ്ട്രീയ - സാമൂഹിക സമ്മര്‍ദങ്ങളുണ്ടാവണം.
അതേ, നമുക്ക് കോടതി പറഞ്ഞേടത്തു നിന്ന് തുടങ്ങാം. ന്യൂനപക്ഷ പദ്ധതികള്‍ മാത്രമല്ല, സര്‍ക്കാര്‍ പണം നല്‍കുന്ന എല്ലാ പദ്ധതികളും ജനസംഖ്യാനുപാതികമായി വീതിക്കാം. പക്ഷേ അതിനാദ്യം വേണ്ടത് ഓരോ സാമൂഹിക വിഭാഗവും നേടിയത് എന്ത് എന്ന കൃത്യമായ കണക്കാണ്. ആ കണക്കിന്റെ അടിസ്ഥാനത്തില്‍ നമുക്ക് മുഴുവന്‍ മേഖലകളിലെയും വിഭവ വിതരണത്തെ പുനര്‍നിര്‍ണയം ചെയ്യണം. അല്ലാത്ത പക്ഷം വ്യാജാരോപണങ്ങളുടെ പ്രവാഹത്തില്‍ സാമൂഹിക ബന്ധങ്ങളുടെ കെട്ടുറപ്പ് പൂര്‍ണമായും തകര്‍ന്നുപോകും.
Comments