Prabodhanm Weekly

Pages

Search

2021 ജൂണ്‍ 11

3205

1442 ശവ്വാല്‍ 30

ആ മനുഷ്യര്‍ക്ക് ലഗൂണിന്റെ തെളിമ

യു.എസ് അഫ്‌സല്‍

2016 സെപ്റ്റംബര്‍ ഒന്നിന് ലക്ഷദ്വീപിലെ കടമത്ത് ദ്വീപിലുള്ള കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെന്റര്‍ അറബിക് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറായി എത്തിച്ചേരുമ്പോഴാണ് ഞാന്‍ ആദ്യമായി ലക്ഷദ്വീപ് കാണുന്നത്. അറബിക്, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്  എന്നീ പി.ജി ഡിപ്പാര്‍ട്ട്‌മെന്റുകളാണ് ആ സെന്ററിലുള്ളത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് നടത്തിയ ഗവേഷണ യാത്രയുടെ ഭാഗമായതോടെ ബാക്കിയുള്ള ദ്വീപുകളും കാണാനുള്ള അവസരം ലഭിച്ചു.
ലക്ഷദ്വീപില്‍ 36 ദ്വീപുകളാണുള്ളത്. അവയില്‍ പത്ത് ദ്വീപുകളിലാണ് ജനവാസമുള്ളത്. ആള്‍ത്താമസമില്ലാത്ത 'ബംഗാരം' ദ്വീപ് അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമാണ്. 1964 മുതല്‍ കവരത്തിയാണ് ലക്ഷദ്വീപിന്റെ തലസ്ഥാനം. 2011-ലെ സെന്‍സസ് പ്രകാരം കവരത്തി ദ്വീപിലാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത്. ഏറ്റവും കുറവ് ബിത്ര ദ്വീപിലും. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ളത് അമിനി ദ്വീപിലാണ്. ഏറ്റവും കുറവ് കടമത്ത് ദ്വീപിലും. ഏകദേശം എഴുപതിനായിരത്തോളം ആളുകളാണ് നിലവില്‍ ലക്ഷദ്വീപിലുള്ളത്. നൂറ് ശതമാനം മുസ്ലിംകള്‍ സ്ഥിര താമസക്കാരായ പ്രദേശം. 1956-ലാണ് കേന്ദ്രഭരണ പ്രദേശമാകുന്നത്. 'ലാകഡീവ് മിനിക്കോയ് ആന്റ് അമിന്‍ ദിവി ഐലന്റ്‌സ്' എന്നായിരുന്നു ആദ്യ പേര്. 1971 - ല്‍ ലക്ഷദ്വീപ് എന്ന പേര് സ്വീകരിച്ചു. മിനിക്കോയ് ഒഴികെ ബാക്കി എല്ലാ ദ്വീപുകളിലും ദ്വീപ് മലയാളമായ 'ജസരി'യാണ് സംസാര ഭാഷ. എല്ലാ ദ്വീപുകളും തെക്കു വടക്കായി കിടക്കുമ്പോള്‍ ആന്ത്രോത്ത് ദ്വീപ് കിഴക്കു പടിഞ്ഞാറായി കിടക്കുന്നു. എല്ലാ ദ്വീപുകളിലെയും പ്രധാന ഉപജീവന മാര്‍ഗം മത്സ്യവും തേങ്ങയുമാണ്. ചൂര മത്സ്യമാണ് ദ്വീപുകാര്‍ കൂടുതലായി ഉപയോഗിക്കുന്നത്. ചൂര ഉണക്കി 'മാസ്സാ'ക്കിയും തേങ്ങ ഉണക്കി കൊപ്രയാക്കിയും അവര്‍ കരയിലേക്ക് കയറ്റിയയക്കുന്നു. കുറേ പേര്‍ക്ക് ഗവണ്‍മെന്റ് ജോലിയുമുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആള്‍ത്താമസമുള്ള പത്തു ദ്വീപുകളും ആള്‍ത്താമസമില്ലാത്ത ഒമ്പത് ദ്വീപുകളും സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. ഇവിടത്തെ ഓരോ ദ്വീപും വ്യത്യസ്തമാണ്. ഓരോ ദ്വീപിലെയും  ജനങ്ങളുടെ സംസാര ഭാഷയില്‍ പോലും ചെറിയ ചെറിയ വ്യത്യാസങ്ങള്‍ കാണാം. 'ഡോലിപ്പാട്ട്' ഇവരുടെ കലാരൂപമാണ്.
കടമത്ത്
ജോലി കടമത്ത് ദ്വീപിലായതുകൊണ്ട് അവിടെയാണ് താമസം. 11 കിലോമീറ്റര്‍ നീളമുള്ള ദ്വീപിന് 500 മീറ്ററില്‍ താഴെ മാത്രമാണ് വീതിയുള്ളത്. വീതി കുറവായതിനാല്‍ തെക്കു വടക്കായി കിടക്കുന്ന ദ്വീപിന്റെ ഇരു ഭാഗത്തെ കടലും ഒരുമിച്ച് കാണാവുന്ന സ്ഥലങ്ങളുമുണ്ട്. കടമത്ത് ദ്വീപിലെ 'ചാളകാട്' എന്ന വീടിന് പിറകില്‍നിന്നും ലഭിച്ച സി.ഇ ഒന്ന്, രണ്ട് നൂറ്റാണ്ടുകളിലെ റോമന്‍ നാണയങ്ങള്‍ അഗത്തി ദ്വീപിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ആ കാലത്തും ദ്വീപിലേക്ക് സഞ്ചാരികള്‍ വന്നിരുന്നു എന്നതിനുള്ള തെളിവാണത്.
ദ്വീപിലെ വീടുകള്‍ക്ക് ചുറ്റുമതില്‍ കാണുന്നത് വളരെ കുറവാണ്. പാമ്പ്, നായ എന്നിവയൊന്നും ഈ ദ്വീപിലില്ല. ആയതിനാല്‍ ആടിനും കോഴിക്കും  താറാവിനും ഭയമില്ലാതെ കഴിയാം. കടമത്ത് ദ്വീപിന്റെ തെക്കുംതല(തെക്കേയറ്റം)യാണ് ഏറെ ആകര്‍ഷണീയം. കാലാവസ്ഥക്കനുസരിച്ച് പടിഞ്ഞാട്ടും കിഴക്കോട്ടും മാറിക്കൊണ്ടിരിക്കുന്ന പഞ്ചാരമണല്‍ കൊണ്ടുള്ള സുന്ദരമായ ബീച്ചാണ് തെക്കുംതലയിലേത്. അവിടെ ടൂറിസത്തിന്റെ ഭാഗമായി ഒരുക്കിയ സ്‌കൂബ ഡൈവിംഗ് ചെയ്യുന്നതിന് നിരവധി വിദേശികളാണ് വരുന്നത്. ദ്വീപിന്റെ പടിഞ്ഞാറ് ഭാഗം സുന്ദരമായ ലഗൂണാണ്. അഴകുള്ള മത്സ്യങ്ങള്‍, പവിഴപ്പുറ്റുകള്‍ എന്നിവയാല്‍ സമൃദ്ധം.

അമിനി
കടമത്ത് ദ്വീപില്‍നിന്ന് ഒരു മണിക്കൂര്‍ കടലിലൂടെ തെക്കു ഭാഗത്തേക്ക് ബോട്ടില്‍ സഞ്ചരിച്ചാല്‍ അമിനിയിലെത്താം. ചരിത്രമുറങ്ങുന്ന ദ്വീപാണ് അമിനി. ഇസ്ലാമിക പ്രബോധനത്തിനായി അമിനിയിലെത്തിയ ഉബൈദുല്ല തങ്ങള്‍  വഴി 'ഫിസിയ' എന്ന സ്ത്രീ ആദ്യമായി ഇസ്ലാം സ്വീകരിച്ചു. 'ഹമീദത്ത് ബീ' എന്ന പുതിയ  പേര് സ്വീകരിച്ച അവരെ ഉബൈദുല്ല തങ്ങള്‍ വിവാഹം കഴിക്കുകയും ആന്ത്രോത്ത് ദ്വീപിലേക്ക് മതപ്രബോധനത്തിനായി പോവുകയും ചെയ്തു. അവിടെ അവര്‍ നിര്‍മിച്ച വലിയ ജുമാ മസ്ജിദാണ് ലക്ഷദ്വീപിലെ ആദ്യത്തെ മുസ്ലിം പള്ളി. രണ്ടു പേരുടെയും ഖബ്‌റുകള്‍ പള്ളിയോട് ചേര്‍ന്നു കാണാം.
പോര്‍ച്ചുഗീസുകാരുടെ ആക്രമണം ശക്തമായപ്പോള്‍ ഖാദി അബൂബക്കറിന്റെ നേതൃത്വത്തില്‍ അവരെ അമിനിയിലെ ഒരു പള്ളിയുടെ പരിസരത്തേക്ക് വിളിച്ചു വരുത്തുകയും ഭക്ഷണത്തില്‍ പാമ്പിന്‍ വിഷം നല്‍കി അവരെ കൊല്ലുകയും ചെയ്തു. ആ പള്ളി 'പാമ്പിന്‍ പള്ളി' എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് രക്തസാക്ഷിയായ അമിനിക്കാരന്‍ 'ശഹീദ് ജവാന്‍ മുത്തുക്കോയ'യുടെ പേരിലാണ് ലക്ഷദ്വീപിലെ ആദ്യ ഹൈസ്‌കൂളായ അമിനിയിലെ സ്‌കൂള്‍ അറിയപ്പെടുന്നത്.

ആന്ത്രോത്ത്
ആന്ത്രോത്ത് ദ്വീപിനെ മേച്ചേരി, ചെമ്മച്ചേരി, ഇടച്ചേരി, കീച്ചേരി, ഫണ്ടാത്ത് എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. ദ്വീപിലെ കുന്നുകള്‍ പലതും നികത്തിയപ്പോള്‍ ബുദ്ധ പ്രതിമകള്‍ ലഭിച്ചിരുന്നു. അവ അഗത്തിയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ബുദ്ധമതം ദ്വീപിലുണ്ടായിരുന്നു എന്നതിന് തെളിവാണത്. ബേപ്പൂരിനോട് ഏറ്റവും അടുത്ത് കിടക്കുന്ന ദ്വീപാണ് ആന്ത്രോത്ത്. ഒരു ലൈറ്റ് ഹൗസ് അവിടെയുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പി.എം.എസ്.സി.യു.സി സെന്ററും അവിടെയുണ്ട്. ലക്ഷദ്വീപിന്റെ എം.പി, പി.പി മുഹമ്മദ് ഫൈസല്‍ ആന്ത്രോത്ത് ദ്വീപുകാരനാണ്.

കവരത്തി
ലക്ഷദ്വീപിന്റെ തലസ്ഥാനമാണ് കവരത്തി. അതിനാല്‍ തന്നെ പ്രധാനപ്പെട്ട എല്ലാ ഓഫീസുകളും കവരത്തിയിലാണ്. അവിടത്തെ ഫിഷറീസിന്റെ മ്യൂസിയത്തില്‍ പലയിനം മത്സ്യങ്ങളുടെ ശേഖരമുണ്ട്. കടമത്ത് ദ്വീപിന്റെ അടുത്ത് നിന്ന് ലഭിച്ച തിമിംഗലത്തിന്റെ പൂര്‍ണ അസ്ഥികൂടം ഇവിടെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. കവരത്തി ദ്വീപിലെ ഉജ്‌റ പള്ളി വളരെ പ്രശസ്തമാണ്. അതിലെ കൊത്തുപണികള്‍ ആരെയും ആകര്‍ഷിക്കും. പാട്ടെഴുത്തുകാരനും കഥാകാരനുമായ യു.സി.കെ തങ്ങള്‍ ഈ ദ്വീപുകാരനാണ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ബി.എഡ് സെന്ററും ഇവിടെയുണ്ട്.
കവരത്തി ദ്വീപില്‍ നിന്നും തെക്കു ഭാഗത്തേക്ക് അഞ്ച് മണിക്കൂര്‍ ബോട്ടിന് സഞ്ചരിച്ചാല്‍ സുന്ദരമായ രണ്ട് ദ്വീപുകള്‍ കാണാം. സുഹലി വലിയകര, സുഹലി ചെറിയകര. ഇവ രണ്ടും ഉള്ളത് ഒരു ലഗൂണിനകത്താണ്. ഞാന്‍ കണ്ട ദ്വീപുകളില്‍ ഏറ്റവും മനോഹരമായി തോന്നിയത് സുഹലി ചെറിയ കരയാണ്. ചുറ്റും മനോഹരമായ അടിത്തട്ട് വ്യക്തമായി കാണാന്‍ കഴിയുന്ന ലഗൂണ്‍. നിരവധി വര്‍ണ മത്സ്യങ്ങളും പവിഴപ്പുറ്റുകളും അതിലുണ്ട്.

കല്‍പ്പേനി
കൊച്ചിയില്‍നിന്ന് ഏറ്റവും അടുത്തുള്ള ദ്വീപാണ് കല്‍പ്പേനി. ലക്ഷദ്വീപിലെ ഏക ബനിയന്‍ ഫാക്ടറിയുള്ളത് അവിടെയാണ്.  ഓഖി ചുഴലിക്കാറ്റില്‍ ദ്വീപിന് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. അതിനടുത്തായി കോടിത്തല, ചെറിയം, തിലാകം-1, തിലാകം 2, പിട്ടി എന്നീ സുന്ദര ദ്വീപുകള്‍ കാണാം. ടൂറിസ്റ്റ് ദ്വീപാണ് കല്‍പ്പേനി. കോടിത്തലയില്‍ ഒരു തെങ്ങ് മാത്രമാണുള്ളത്. തിലാകം -3, പിട്ടി-2 എന്നീ ദ്വീപുകള്‍ ഒലിച്ചുപോയിട്ടുണ്ട്.

മിനിക്കോയ്
17-ാം നൂറ്റാണ്ടില്‍ ലക്ഷദ്വീപിലേക്ക് ചേര്‍ക്കപ്പെട്ട മാലിദ്വീപിന്റെ ഭാഗമായിരുന്ന ദ്വീപാണ് മിനിക്കോയ്. ഭാഷ, വേഷം തുടങ്ങിയ കാര്യങ്ങളില്‍ മാലിദ്വീപിനോടാണ് അവര്‍ക്ക് ചേര്‍ച്ച. 'മലിക്കു' എന്നായിരുന്നു ആദ്യ പേര്. മാലിദ്വീപിന്റെ ഭാഷയായ ദ്വിവേഹിയാണ് ഇവരുടെയും ഭാഷ. 'ലിപസ്' എന്ന പ്രത്യേക വസ്ത്രമാണ് ഇവിടത്തെ സ്ത്രീകള്‍ ധരിക്കുന്നത്. ബാണ്ടി ഡാന്‍സ്, ലാവാ ഡാന്‍സ്  എന്നിവ ഇവരുടെ കലാരൂപങ്ങളാണ്. വര്‍ഷാവസാനം ജഹാതോണി എന്ന വള്ളംകളി മത്സരവും ഇവര്‍ നടത്താറുണ്ട്.
ദ്വീപിന്റെ തെക്കു ഭാഗത്തായി ഗവണ്‍മെന്റ് ഓഫീസുകളും മധ്യഭാഗത്തായി ജനവാസമുള്ള 11 വില്ലേജുകളും കാണാം. ഓരോ വില്ലേജിനും ഒരു മൂപ്പനും (ബൊഡുക്കാക്ക) ഒരു മൂപ്പത്തിയും (ബൊഡുതാത്ത) ഉണ്ടാകും. അവരുടെ കല്‍പന അനുസരിക്കാന്‍ ഓരോ വില്ലേജ് നിവാസികളും ബാധ്യസ്ഥരാണ്. വൈദേശികാക്രമണത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ചെറിയ ഗുഹകളും ദ്വീപിന്റെ കിഴക്കു ഭാഗത്ത് കാണാം. ലക്ഷദ്വീപിലെ ഏറ്റവും വലിയ ലൈറ്റ് ഹൗസ് മിനിക്കോയിയിലാണ്. ടൂറിസ്റ്റ് ദ്വീപുകളിലൊന്നാണിത്. ഈ ദ്വീപിന്റെ തെക്കു ഭാഗത്തായി ജനവാസമില്ലാത്ത 'വിരിംഗിലി' എന്ന മറ്റൊരു ദ്വീപും കാണാം. ശാസ്ത്രജ്ഞനായ പത്മശ്രീ അലി മണിക്ഫാന്‍ മിനിക്കോയ് ദ്വീപുകാരനാണ്.

അഗത്തി
ലക്ഷദ്വീപിന്റെ കവാടമെന്നാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. ലക്ഷദ്വീപ് സമൂഹത്തിലെ പടിഞ്ഞാറേ അറ്റത്തുള്ള ദ്വീപായതിനാലാണ് ആ പേര് ലഭിച്ചത്. ലക്ഷദ്വീപിലെ ഏക എയര്‍പോര്‍ട്ടുള്ളത് ഇവിടെയാണ്. മ്യൂസിയം, ഹോസ്പിറ്റല്‍ എന്നിവയുമുണ്ട്. അഗത്തിയുടെ തെക്കു ഭാഗത്തായി 'കല്‍പ്പിട്ടി' എന്ന ദ്വീപ് കാണാം. അവിടേക്ക് വേലിയിറക്ക സമയത്ത് മാത്രമാണ് പോകാന്‍ നല്ലത്. അല്ലാത്ത സമയത്ത് പോയ രണ്ട് ഡോക്ടര്‍മാര്‍ കടലില്‍ ഒലിച്ചുപോയിട്ടുണ്ട്. അഗത്തിയും കല്‍പ്പിട്ടിയും ഒരു ലഗൂണിനകത്താണുള്ളത്. പത്മശ്രീ റഹ്മത്ത് ബീഗം അഗത്തിക്കാരിയാണ്.
അഗത്തി ദ്വീപിന്റെ വടക്കായി അതിമനോഹരമായ ബംഗാരം ദ്വീപ് കാണാം. സ്ഫടിക സമാനമായ വെള്ളവും ലഗൂണുമാണ് അതിന്റെ സവിശേഷത.  അന്താരാഷ്ട്ര ടൂറിസ്റ്റ് ദ്വീപായ ബംഗാരത്തില്‍നിന്ന് ബോട്ടില്‍ വടക്കു ഭാഗത്തേക്ക് പോയാല്‍ ജനവാസമില്ലാത്ത 'തിണ്ണകര' ദ്വീപിലെത്താം. ആ യാത്രയില്‍ നിരവധി കടലാമകളുടെ ഓട്ടപ്പന്തയം കാണാന്‍ സാധിക്കും. തിണ്ണകരക്ക് വടക്കായി 'വലിയ പറളി', 'ചെറിയ പറളി' എന്നീ ദ്വീപുകളുണ്ട്. അതിനടുത്തുണ്ടായിരുന്ന 'പറളി' എന്ന മറ്റൊരു ദ്വീപ് കടലെടുത്തു പോയി.

കില്‍ത്താന്‍
ലക്ഷദ്വീപിലെ 'ചെറിയ പൊന്നാനി' എന്നാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. ഒരുപാട് എഴുത്തുകാരും ഗായകരുമുള്ള നാടാണ് കില്‍ത്താന്‍. എഴുത്തുകാരായ ഡോ. എം. മുല്ലക്കോയ, ചമയം ഖാജാ ഹുസൈന്‍, ഇസ്മത്ത് ഹുസൈന്‍, കെ. ബാഹിര്‍ എന്നിവര്‍ ഈ ദ്വീപുകാരാണ്. ലക്ഷദ്വീപില്‍നിന്നുള്ള ആദ്യ നോവലായ കോലോടം, മസ്റ്റിക് മമ്പന്‍ കോയ എന്നീ കൃതികള്‍ ഇസ്മത്ത് ഹുസൈന്‍ എഴുതിയതാണ്. ഡോ. എം. മുല്ലക്കോയയുടെ ഗ്രന്ഥങ്ങളാണ് ലക്ഷദ്വീപിലെ നാടോടിക്കഥകള്‍,  ലക്ഷദ്വീപിലെ രാക്കഥകള്‍, ലക്ഷദ്വീപിലെ നാടന്‍ പാട്ടുകള്‍ തുടങ്ങിയവ. കെ. ബാഹിറിന്റേതാണ് കിളുത്തനിലെ കാവ്യ പ്രപഞ്ചം, തായ്‌നേരിയില്‍ ഒരു ലക്ഷദ്വീപ് എന്നീ കൃതികള്‍. ലക്ഷദ്വീപിലെ നാടന്‍ കളികളും ആചാരങ്ങളും, അറബിക്കടലിലെ കഥാ ഗാനങ്ങള്‍ എന്നീ ഗ്രന്ഥങ്ങള്‍ ചമയം ഖാജാ ഹുസൈന്റേതാണ്. 
മംഗലാപുരത്തു നിന്ന് ഏറ്റവും അടുത്തുള്ള ദ്വീപാണ് കില്‍ത്താന്‍. ലക്ഷദ്വീപിലെ രണ്ടാമത്തെ ഏറ്റവും വലിയ ലൈറ്റ് ഹൗസാണ് ഇവിടെയുള്ളത്. കടമത്ത് ദ്വീപില്‍ ബോട്ടില്‍ യാത്ര ചെയ്യുകയാണെങ്കില്‍ കില്‍ത്താന്‍ അടുക്കാറാകുമ്പോള്‍ പല വലുപ്പത്തിലുള്ള വെളുത്ത ഡോള്‍ഫിനുകളെ കാണാം. 

ചെത്‌ലത്ത്
പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പട നയിച്ച 'ആശിഅലി'യുടെ മഖ്ബറയുള്ളത് ഈ ദ്വീപിലാണ്. ബോട്ട് നിര്‍മാണത്തില്‍ വിദഗ്ധരാണ് ചെത്‌ലത്തുകാര്‍. കപ്പല്‍ തകര്‍ന്ന് ചെത്‌ലത്ത് ദ്വീപില്‍ മരണപ്പെട്ട ബ്രിട്ടീഷുകാരനായ 'പ്രീംറോസി'ന്റെ ശവകുടീരവും ഇവിടെ കാണാം.

ബിത്ര
ജനവാസമുള്ള ദ്വീപുകളില്‍ ഏറ്റവും ചെറിയ ദ്വീപ്. ഇതിനാണ് ഏറ്റവും വലിയ ലഗൂണുള്ളത്. നടന്നാല്‍ പത്ത് മിനിറ്റ് കൊണ്ട് ദ്വീപ് ചുറ്റിവരാം. വാഹനങ്ങളായി ഉള്ളത് ബാറ്ററിയില്‍ ഓടുന്ന നാല് ചക്രമുള്ള ഒരു വണ്ടിയും രണ്ട് സൈക്കിള്‍, ചരക്കുകള്‍ പൊക്കിവെക്കുന്നതിനുള്ള ചെറിയൊരു ക്രൈന്‍ എന്നിവ മാത്രം. ആഴമുള്ള ലഗൂണാണ് ഇവിടെയുള്ളത്. അതിനാല്‍ തന്നെ വലിയ മത്സ്യങ്ങള്‍ ഒരുപാട് ലഭിക്കും. ആകെ 400 പേര്‍ മാത്രമേ ഈ ദ്വീപിലുള്ളൂ. എട്ടാം ക്ലാസ്സ് വരെയുള്ള ഒരു സ്‌കൂള്‍ അവിടെയുണ്ട്; അധികമാരും ചെല്ലാത്ത ഇടമായതിനാല്‍ ഞങ്ങളെ കണ്ടപ്പോള്‍ വലിയ സന്തോഷമായിരുന്നു അവിടത്തെ കുട്ടികള്‍ക്ക്. വല്ലപ്പോള്‍ മാത്രമാണ് അവിടേക്ക് കപ്പല്‍ സര്‍വീസ് ഉള്ളത്. ലക്ഷദ്വീപില്‍ ഏറ്റവും കൂടുതല്‍ സ്പീഡ് ഇന്റര്‍നെറ്റ് കിട്ടുന്നത് ബിത്രയിലാണ്. കാരണം ഉപയോഗിക്കാന്‍ ആള്‍ കുറവാണല്ലോ. ഇപ്പോള്‍ ചെത്‌ലത്ത് ദ്വീപില്‍ താമസിക്കുന്ന ചാളകാട് ബിത്ര എന്ന എഴുത്തുകാരന്‍ ബിത്ര ദ്വീപുകാരനാണ്.
ലക്ഷദ്വീപില്‍നിന്ന് പോരേണ്ടിവന്നാലും വീണ്ടും വീണ്ടും ആ ദ്വീപുകള്‍ നമ്മെ മാടിവിളിച്ചുകൊണ്ടിരിക്കുന്നു. അവിടത്തെ ലഗൂണിന്റെ തെളിമയാണ് ദ്വീപ് നിവാസികളുടെ സ്വഭാവത്തിനും. 

(അസിസ്റ്റന്റ് പ്രഫസര്‍, അറബിക് വിഭാഗം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെന്റര്‍ കടമത്ത്, ലക്ഷദ്വീപ്)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (24-26)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗപ്രവേശവും സാമൂഹിക ദൗത്യങ്ങളും
അബ്ദുര്‍റശീദ് നദ്‌വി